മരണത്തെ മുഖാമുഖം കണ്ട ദിവസങ്ങൾ, ജീവിതത്തിലേക്ക് എന്നെ തിരിച്ചുകൊണ്ടുവന്ന ആ അജ്ഞാത

Hospital
Representative Image. Photo Credit: Mongkolchon Akesin / Shutterstock
SHARE

എന്നോടൊപ്പം സഞ്ചരിച്ച അജ്ഞാതനായ ഒരാൾ (അനുഭവക്കുറിപ്പ്)

കൊറോണ ബാധിച്ച് അശ്രദ്ധനായി പോയ ഒരാളുടെ അനുഭവ കുറിപ്പ് മാത്രമാണിത്. വ്യക്തിപരമായ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവക്കുന്നതിനോട് വലിയ താല്പര്യം ഇല്ലങ്കിലും ഞാൻ കടന്നുപോയ ജീവിതത്തിനും മരണത്തിനും ഇടയിലുള്ള വിവിധ ഘട്ടങ്ങൾ എനിക്ക് തന്നെ അവിശ്വസിനീയമായി ഇപ്പോൾ തോന്നുന്നതു കൊണ്ട് കുറിക്കുന്നു.

കൊറോണ എന്ന ദുഷ്ട്ടന്റെ കടന്നുകയറ്റം ഏതാണ്ട് നവംമ്പർ മൂന്നാം തിയതിയോടുകൂടി ആണെന്ന് കരുതുന്നു. യൂറോപ്പിൽ ഇലപൊഴിയും കാലത്തിന്റെ  തുടക്കം. തുടക്കം  ശ്രീമതി   ഗീതയിൽ നിന്നാണ്. തൊണ്ടവേദന ചുമ തുടങ്ങിയ  ലക്ഷണവുമായി ഗീത മെല്ലെ   ബെഡ്റൂമിലേക്ക് മാത്രമായി പിൻവലിഞ്ഞു തുടങ്ങി. സംഗതി അത്ര പന്തി അല്ല എന്ന് അടുത്ത ദിവസം മാത്രമാണ് തോന്നിയത്. പിള്ളേരുടെ നിർബന്ധം മൂലം കൊറോണ ടെസ്റ്റ് നടത്താൻ തീരുമാനിച്ചു അപ്പോയിമെന്റ് എടുത്ത് അതിവേഗ ടെസ്റ്റ് നടത്തി. പോസിറ്റീവ് എന്ന് തീർച്ചപ്പെടുത്തി. തിരിച്ചു വീട്ടിലെത്തുമ്പോൾ പുള്ളി ഏകദേശം പരിപൂർണ അവശതയിൽ എത്തി. 

അതെ ലക്ഷണങ്ങള്‍ ഉള്ള ഞാൻ ഒരു ടെസ്റ്റിനും തയാറായില്ല, അതിന്റെ ആവശ്യവും തോന്നിയില്ല ഏകദേശം ഉറപ്പാക്കിയിരുന്നു കൊറോണ എന്നെയും ആക്രമിച്ചു തുടങ്ങിയിരുന്നു എന്ന്, രുചി മണം ഇവ എന്നെ വിട്ടു പോയി. ശബ്ദവ്യത്യാസവും ക്ഷീണവും അതിഥികളായി എത്തി. മൂന്ന് നാലു ദിവസത്തിനുള്ളിൽ ശത്രു എന്നെ കീഴ്പ്പെടുത്തി കഴിഞ്ഞിരുന്നു. വിശ്രമം അത്ര എളുപ്പമായിരുന്നില്ല പാരസെറ്റമോളും വേദനസംഹാരികളും ചുരുങ്ങിയ സമയം ആശ്വാസം നൽകി. അത് ഒരു പരിധിവരെ ഗുണകരമായില്ല. ശത്രു വളരെ വേഗം ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞിരുന്നു. എങ്കിലും കീഴടങ്ങാൻ ഞാൻ തയാറായിരുന്നില്ല. 

ശ്വാസതടസ്സവും നടക്കുവാനുള്ള ബുദ്ധിമുട്ടും മനസിലാക്കിയ മകൻ അരുൺ ആശുപത്രി ഹെൽപ്‌ലൈൻ നമ്പറിൽ വിളിച്ചു. ഏകദേശം പത്തുമിനിറ്റ് സമയം കൊണ്ട്  ആംബുലൻസ് എത്തി, അപ്പോഴേക്കും ഞാൻ വീണു കഴിഞ്ഞിരുന്നു. ശ്വാസം ഒട്ടും  ലഭിക്കുന്നില്ല, ഓക്സിജന്റെ അളവ് താഴ്ന്നിരിക്കുന്നു. (ഓക്സിമീറ്റർ കാണിക്കുന്നത് 63 വേണ്ടത് 90) വീട്ടുമുറ്റത്തു തന്നെ ആംബുലൻസിനുള്ളിൽ ചികിത്സ തുടങ്ങി. ഓക്സിജൻ മാസ്കും മറ്റു കേബിളുകളും ശരീരത്തിൽ ഘടിപ്പിക്കപ്പെട്ടു, മാസ്കിനുള്ളിൽ കൂടി തണുത്ത ഓക്സിജൻ   ശരീരത്തിലെത്തി തുടങ്ങി. ഏകദേശം പത്തുമിനുറ്റുസമയം. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റപ്പെട്ടു. ഓക്സിജൻ ഇത്രവിലപ്പെട്ടതാണെന്നു മനസ്സിലാക്കി തുടങ്ങി. ശരീരം ഓക്സിജൻ സ്വയംസ്വികരിക്കുന്നില്ല ശരീരത്തിന്റെ പലഭാഗങ്ങളിലും ചെറിയ വാട്ടർ ടാപ്പുപോലെ എന്തെക്കൊയോ ഘടിപ്പിക്കപ്പെട്ടിരിക്കുന്നു,. പലവലുപ്പത്തിലുള്ള സിറിഞ്ചുകളിൽ രക്തം പകർന്നു ലാബിലേക്ക്  കൊടുത്തിരിക്കുന്നു.. ലങ്സിന്റെ എക്സറേ, ലാബ് റിപ്പോർട്ട് ഇവക്ക് അധികനേരം കാത്തിരിക്കേണ്ടിവന്നില്ല. ലാബിൽ നിന്ന് റിസൾട്ട്   വന്നിരിക്കുന്നു കോവിഡിനൊപ്പം കടുത്ത നിമോണിയ പിടിക്കപ്പെട്ടിരിക്കുന്നു (ശ്വാസകോശം സ്പോഞ്ചു പോലെയാണ്..)

ശ്വാസകോശം ആന്റിബയോട്ടിക്കുകൾ ഏൽക്കാത്ത സാഹചര്യത്തിലേക്ക് എത്തിയിരിക്കുന്നു, ആന്റിബയോട്ടിക്കുകൾ സ്വീകരിച്ചുവരുവാനുള്ള സാവകാശം ഇനി ഇല്ല. ഇനി ഒരു പരീക്ഷണത്തിന് മാത്രമേ സമയമുള്ളൂ ശക്തനായ കോർട്ടിസോൺ എന്ന മാരക യോദ്ധാവിനെ ശരീരത്തിലേക്ക് കടത്തിവിടുക, വളെരെ അപകടകരവും ദീർഘകാല പാർശ്വ ഫലങ്ങൾക്ക് സാധ്യതയുള്ളതുമായ അതിഭീകരൻ, ശരീരത്തിലെ കൊള്ളാവുന്ന കിഡ്‌നി   ഹൃദയം ഇവയെ അക്രമിച്ചേക്കാം. ഡോക്ടർ മുന്നറിയുപ്പു തന്നു എന്തും പ്രതീക്ഷിക്കാം. ഇതല്ലാതെ മറ്റൊരു വഴിയും ഇല്ല. സമ്മതം ഒപ്പിട്ടു കൊടുത്തു വളരെ വേഗം ആദ്യ പോരാളി ശരീരത്തിലെത്തി, തത്കാലം കൊറോണയെ സ്വൈര്യ വിഹാരത്തിനുവിട്ടു നിമോണിയക്ക്   എതിരെ ഉള്ള പോരാട്ടം തുടങ്ങി.

കൊറോണ രോഗികൾക്കായി ഉള്ള  മുറികൾ ഒന്നും തത്ക്കാലം ഒഴിവില്ല. ഭാഗ്യവശാൽ അന്ന് കൊറോണ രോഗികളെ അഡ്മിറ്റ് ചെയ്യുന്ന വാർഡിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ   ചേച്ചിയുടെ മകൾ ആയിരുന്നു. അങ്ങനെ ഒരു പ്രൈവറ്റ് റൂമിലേക്ക് മാറ്റപ്പെട്ടു. ഏഴാം നിലയിലാണ് എന്റെ  മുറി. വീൽ ചെയറിൽ കയറ്റി മുറിയിലേക്ക്  മാറ്റപ്പെട്ടു. ഇപ്പോൾ ഈ മുറിയിൽ ഞാൻ മാത്രമേ ഉള്ളു. വല്ലാത്ത ഏകാന്തത. ടെലിവിഷൻ ചാനലിൽ കറന്റ് ന്യൂസ് കണ്ടിട്ട് ഒത്തിരികാലമായി, ചാനൽ കണ്ടുപിടിച്ചു ന്യൂസ് ശ്രദ്ധിച്ചു കിടന്നു. കൊറോണയുടെ ദിവസവും ഉയർന്നുവരുന്ന സ്റ്റാറ്റിസ്റ്റിക്‌സ്, മരണ സംഖ്യയിലുള്ള വർദ്ധനവ്, കോവിഡ് വാക്‌സിൻ ജനുവരി മുതൽ വന്നേക്കാം, ജോലി നഷ്ടപ്പെട്ടവർ, ടൂറിസം ഹോട്ടൽ മേഖലയിലുള്ളവർക്കുള്ള സർക്കാർ സഹായങ്ങൾ ഇവയെക്കാണു വാർത്തകൾ.

വീണ്ടും ബോറടിച്ചുതുടങ്ങി, ഇപ്പോൾ ഓക്സിജൻ മാസ്ക് എപ്പോഴുമാവശ്യമില്ല. ആവശ്യം ഉള്ളപ്പോൾ സ്വയം ഓൺ ചെയ്‌തു ഉപയോഗിക്കാവുന്ന രീതിയിലേക്ക് മാറ്റിയിരിക്കുന്നു.

ബെഡിൽ നിന്ന് എണിറ്റു ജനാലക്കലെത്തി. ജനലിനപ്പുറം ഒരു കൊച്ചു തോട്. തോടിന് അക്കരെ ചെറിയൊരുനടപ്പാത, അതിൽക്കൂടി ഒറ്റക്കും കൈകോർത്തും പ്രണയിച്ചും ആൾക്കാർ സായാഹ്ന സവാരി നടത്തുന്നു യൂറോപ്പിൽ മഞ്ഞുകാലം വരവറിയിച്ചുതുടങ്ങുന്നു. ജനലിനപ്പുറം  മരങ്ങളിലെ  ഇലകൾ സ്വര്‍ണ്ണനിറത്തിലെത്തി പെയ്തു കൊഴിഞ്ഞു തുടങ്ങി. ഏറിയാൽ രണ്ടാഴ്ച, ഇലകളെല്ലാം കൊഴിഞ്ഞു മരങ്ങളിൽ ഉണങ്ങിയ ചില്ലകൾ മാത്രമാകും. ജനാലകൾക്കിപ്പുറം ഞാൻ ഒറ്റക്കാണ്.

നാട്ടിൽ ജിവിച്ചിരുന്ന കൗമാരയൗവന കാലങ്ങൾ. കുസൃതിയും ആഘോഷങ്ങളും, പ്രണയവും ആയി ഉല്ലസിച്ചു നടന്ന നാളുകൾ, പിന്നീട് എപ്പോഴെക്കെയോ  എവിടെയൊക്കെയോ നഷ്ട്ടപെട്ടുപോയ കൂട്ടുകാർ, പിന്നീട് വീണ്ടും കണ്ടുമുട്ടിയവർ എല്ലാം ഒരു അടുക്കും ചിട്ടയും ഇല്ലാതെ മനസ്സിൽക്കൂടി കടന്നുപോകുന്നു. മുറിക്കുള്ളിൽ നിശബ്ദത മാത്രമാണ് ഇപ്പോൾ കൂട്ടിനുള്ളത്.

എപ്പോളോ ഉറങ്ങിത്തുടങ്ങി. ഉറക്കത്തിലെപ്പോളോ വീണ്ടും ശ്വാസ തടസം പോലെ. വല്ലാത്ത അസ്വസ്ഥത പയ്യെപ്പയ്യെ ശ്വാസം ഇടവിട്ട് ഇടവിട്ട് നിലച്ചുതുടങ്ങുന്നു,ഹൃദയമിടിപ്പ് വളരെ വേഗത്തിലും ഇടവിട്ട് നിലച്ചും അനുഭവപ്പെട്ടു തുടങ്ങുന്നു, നെഞ്ചിൽ നിന്നോ വയറ്റിൽനിന്നോ അറിയില്ല എക്കിൾ എടുത്തു തുടങ്ങുന്നു. അകത്തുള്ള പ്രാണൻ ഇങ്ങെനയാണോ വെളിയിലേക്കു രക്ഷപെട്ടു പോകുക? ശരീരം വല്ലാതെ വിയർത്തു തുടങ്ങി. ദാഹം ശക്തമായി തുടങ്ങി നാക്കും ചുണ്ടും വരണ്ടു, ഇപ്പോൾ വേണ്ടത് അല്പം വെള്ളമാണ് എന്ന് ഞാൻ തിരിച്ചറിഞ്ഞു. ഇനി ഒട്ടുംപിടിച്ചുനിൽക്കാനാവില്ല, കൈ എത്തും ദൂരത്തു എമർജൻസി കാൾ ബട്ടൺ ഉണ്ട്, ഒന്ന് അമർത്തുകയേ വേണ്ടു സഹായത്തിന് ആരെങ്കിലും എത്തും. പക്ഷേ കയ്യെത്തുന്നില്ല, ശരീരം അനങ്ങുന്നില്ല. പയ്യെപ്പയ്യെ കാഴ്ച മങ്ങി പൂർണമായും അന്ധകാരം. എന്തോ ഒന്ന്  ശരീരത്തിൽനിന്ന് അകന്നുപോകുന്നപോലെ.

എഴുന്നേൽക്കുവാനുള്ള  ശ്രമമോ അതോ ആരോ കുലുക്കിയുണർത്തിയ പോലെ ഒരുതോന്നൽ. ശരീരം ഒന്ന് പിടഞ്ഞു, ഹൃദയം വീണ്ടുമിടിച്ചുതുടങ്ങിയിരിക്കുന്നു, കിടന്നിരുന്ന തലയിണയും ബെഡും  പൂർണമായി നനഞ്ഞു കുതിർന്നുകിടക്കുന്നു. ഇനി ഉറങ്ങാനാവില്ല . അലാറം കൊടുത്താൽ ആരെങ്കിലും വന്നു ബെഡ് മാറ്റിതരും. വേണ്ട  എന്ന് തിരുമാനിച്ചു. രണ്ടാം തലയിണകണ്ടുപിടിച്ചു  പുതിയ ഒരു ഷീറ്റും കണ്ടുപിടിച്ചു, ബെഡ്‌റൂം ലൈറ്റ് ഓൺചെയ്തു വീണ്ടും കിടന്നു. ഒരുവിധം അരണ്ട വെളിച്ചത്തിൽ  ഉറങ്ങാനാവുന്നില്ല, നേരം ഏകദേശം വെളുപ്പിനെ രണ്ടുമണി  ആയിക്കാണും എങ്ങും യാതൊരു അനക്കവും ഇല്ല വെളിയിൽ  മഞ്ഞുപെയ്തുതുടങ്ങിയില്ല, തണുപ്പ് മൈനസ് രണ്ടിൽ എത്തി. ജനലിനപ്പുറം സ്ട്രീറ്റ്ലാമ്പിന്റെ തീ പിടിപ്പിച്ച വെളിച്ചത്തിൽ ഇലകൾക്ക് സ്വർണ്ണനിറം. നടവഴികൾ ശൂന്യമാണ്. എല്ലാം തണുത്തുറഞ്ഞു നിൽക്കുന്നു. ഇതാണോ ബ്രഹ്മമുഹൂർത്തം ? ഇപ്പോഴാണ് എനിക്ക് അൽപ്പം മുൻപ് സംഭവിച്ചെതെന്തെന്നു ചിന്തിച്ചു തുടങ്ങിയത്. ഇങ്ങനെയാണോ പ്രാണൻ ശരീരം ഉപേക്ഷിക്കുന്നത്?

ഒട്ടും ഭയം തോന്നുന്നില്ല, മരണം അടുക്കുമ്പോൾ മരിച്ചു പോയ നമ്മുടെ പ്രിയപ്പെട്ടവർ ആരെങ്കിലും ആത്മാവായി അടുക്കലെത്തും എന്നുകേട്ടിട്ടുണ്ട്, മറ്റാർക്കും കാണാനാവില്ല .. അപ്പച്ചൻ മരിക്കുമ്പോൾ അപ്പച്ചന്റെ ചേട്ടനും അമ്മയും കറിയാച്ചൻ അങ്കിളും സന്ദർശകരായി വന്നിരുന്നു അത്രേ. അതാണ് അപ്പോൾ ഓർമവന്നത്. അരണ്ട വെളിച്ചത്തിൽ ചുറ്റും നോക്കി അങ്ങനെ ആരും മുറിയിൽ വന്നിട്ടില്ല (ഓ.. അവരെക്കെ മരിച്ചത് ഇന്ത്യയിൽവെച്ച് അല്ലെ ഇവിടെ എങ്ങനെ വരാനാ?)

ഒട്ടും ഭയം തോന്നുന്നില്ല, വീണ്ടും എപ്പോഴൊ ഉറങ്ങിപ്പോയി. പുതിയതായി മാറിയിട്ട തലയിണയും ബെഡ്ഷീറ്റും വീണ്ടും വിയർത്തു നനഞ്ഞു കുതിർന്നിരുന്നു, ശ്വാസമെടുക്കുവാൻ വീണ്ടും ആയാസപ്പെടേണ്ടിരിക്കുന്നു. നെഞ്ചിടിപ്പ് വളരെ നേർത്തു നേർത്തു വരുന്നു. കാഴ്ച വല്ലാതെ മങ്ങി, ചുറ്റും മൂടൽമഞ്ഞുപോലെ, ഏതോ ആഴത്തിലേക്ക് മുങ്ങി താഴുന്നപോലെ. പെട്ടെന്ന് ആരോ വീണ്ടും കുലുക്കി വിളിക്കുന്നു, ഇപ്പോൾ ശ്വാസവും   ഹൃദയമിടിപ്പും കാഴ്ചയും പൂർവ്വസ്ഥിതിയിലേക്കു തിരിച്ചെത്തി തുടങ്ങിരിക്കുന്നു. ചുറ്റുംനോക്കി ആരെയും കാണുന്നില്ല. മുറിയിൽ ഞാൻ മാത്രമേയുള്ളു ആരാണ് എന്നെ കുലുക്കിയുണർത്തിയ അജ്ഞാത?

ഇനി ഉറങ്ങേണ്ട എന്ന് തീരുമാനിച്ചു, കട്ടിലിൽ നിന്ന് എഴുന്നേറ്റു കസേരയിലേക്ക് ഇരിപ്പുറപ്പിച്ചു. ജനാലക്കപ്പുറം നഗരം ഉറങ്ങുകയാണ്. ഏകദേശം ആറുമണിയോടടുത്തു നേഴ്‌സ് മുറിൽ വന്നു ലൈറ്റിടുമ്പോൾ ഞാൻ കസേരയിൽ  ഇരിക്കുകയാണ്. അവർ ചോദിച്ചു എന്തുപറ്റി?, ബെഡ്ഷീറ്റ് നനഞ്ഞതും രാത്രിയിൽ ഉണ്ടായതും അവരോടു വിവരിച്ചു. അവർ പെട്ടെന്ന് മടങ്ങിപ്പോയി പുതിയ ബെഡ്ഷീറ്റും തലയിണയും കൊണ്ടുവന്നു. അല്പം സമയം കഴിഞ്ഞപ്പോൾ ഡ്യൂട്ടിഡോക്ടറും കാഡിയാക് മെഷിനും എത്തി. ഹൃദയ പരിശോധനയും രക്ത പരിശോധനയും വേഗം നടന്നു. ഷുഗറിന്റെ കൗണ്ട് അപകടകരമായി നാന്നൂറ്റി എൺപതു  കടന്നിരിക്കുന്നു. മറ്റു കുഴപ്പങ്ങൾ ഒന്നും കാണുന്നില്ല. ഓരോ രണ്ടുമണിക്കൂർ ഇടവിട്ടു ഇൻസുലിൻ കുത്തിവെപ്പുതുടങ്ങി. അങ്ങനെ രണ്ടാം ദിവസമായപ്പോൾ ഷുഗർ ഇരുന്നൂറ്റി എൺപതിലേക്ക് എത്തി. മറ്റു പ്രശ്നങ്ങൾ ഒന്നുമില്ല, വീട്ടിലേക്കു മൂന്നാം നാൾ മടങ്ങാം.

അങ്ങെനെ മൂന്നാം നാൾ എത്തി വീട്ടിലേക്കു മടങ്ങാൻ ഞാൻ തയാറെടുത്തു. ബാഗ് എല്ലാം പാക്ക് ചെയ്തു. മൂന്ന് ദിവസമായി  ലാപ്ടോപ്പ് ബാഗിലുണ്ട് ബോറടിക്കുമ്പോൾ എന്തെങ്കിലും കാണുവാൻ മോൻ കൊടുത്തുവിട്ടതാണ്. ഇനിയും കുറേക്കൂടി  കാത്തിരിക്കണം ഡിസ്ചാർജ് കിട്ടുവാൻ. ലാപ്ടോപ്പ് തുറന്നു യൂട്യൂബിൽ പരതിതുടങ്ങുമ്പോൾ പിന്നിൽ നിന്നൊരു വിളി, മിസ്റ്റർ കൂട്ടുമ്മേൽ .. നിങ്ങൾക്ക് ഒരു നിർഭാഗ്യമായ വാർത്തയുണ്ട്. നിങ്ങളെ ഡിസ്ചാർജ് ചെയ്യുവാനാകില്ല മാത്രമല്ല നിങ്ങളെ പ്രൈവറ്റ് റൂമിൽ നിന്ന് കോവിഡ് വാർഡിലേക്ക് മാറ്റേണ്ടിരിക്കുന്നു. നിങ്ങളോടൊപ്പം ഒരു കോവിഡ് രോഗി കൂടി ഉണ്ടാകും. നിങ്ങൾ കോവിഡിന്റെ അപകടകരമായ സോണിൽ തന്നെ ആണ്.

പ്രതീക്ഷകൾ നഷ്ടപ്പെട്ടു അങ്ങനെ ഞാൻ കോവിഡ് വാർഡിലെത്തി. തൊട്ടടുത്ത ബെഡിൽ പ്രായം പോലും തിരിച്ചറിയാൻ വായ്യാത്തവിധം മെലിഞ്ഞു ഉണങ്ങിയ ഒരു മനുഷ്യൻ. ഒരുമാസത്തിലേറെ കോവിഡ് ബാധിച്ചു മരണം മാത്രം പ്രതീക്ഷിച്ച് ആ ബെഡിൽ  കിടക്കുന്നു അസഹ്യമായ ഡിസൈൻഫെക്‌ഷൻ ലിക്വിഡിന്റെ മണം ആണ് ആ മുറിക്ക്. വല്ലാത്ത ഒരു   ദുഃഖം നിറഞ്ഞ അന്തരീക്ഷം, മരണത്തിന്റെ മണം. ഇടയ്ക്കിടെ വന്നു പോകുന്ന നേഴ്‌സ്‌മാർ. എന്തൊക്കെയോ പരിശോധനകൾ നടക്കുന്നു. ഓക്സിജൻ മാസ്ക് കണ്ട്രോൾ ചെയ്യുന്നു. നേഴ്‌സുമാർ മുറിവിട്ടുപോകുമ്പോൾ അസ്വസ്‌തതയോടെ മാസ്ക് അയാൾ എടുത്തുമാറ്റുന്നു മാസ്കിൽനിന്നു  ഓക്സിജൻ പുറത്തേക്കുപോകുന്ന ചെറിയ ശീൽക്കാരശബ്ദം മിക്കവാറും കേൾക്കാം. ശ്വാസം മുട്ടൽ തുടങ്ങുമ്പോൾ അയാൾ ബെൽ കൊടുത്തു വീണ്ടും നേഴ്സുമാരെ വിളിക്കുന്നു. ഇവിടെ നിന്ന് പുറത്തുകടന്നെ പറ്റു. മരണത്തിന്റെ സാംമ്പ്രാണിതിരികൾ എവിടെയോ പുകയുന്ന മണം എനിക്ക് കിട്ടിത്തുടങ്ങി. 

വീട്ടിലേക്കുമടങ്ങിയെ പറ്റു. അവിടെ കുട്ടികളും ഭാര്യയും  ഇപ്പോൾ  ഉറക്കമിയിരിക്കും. നേരം പുലരുമ്പോൾ അവർക്കായി എന്ത് വർത്തയായിരിക്കുമോ കാത്തിരിക്കുന്നത് . മരണത്തേക്കാൾ ഭയപ്പെടുത്തുന്നത് മരണത്തിന്റെ മണമാണ്. ഇവിടെ നിന്ന് പുറത്തു കടന്നേപറ്റൂ. ഒട്ടും ഉറങ്ങിയില്ല നേരം വെളുത്തുതുടങ്ങി.. ആദ്യ റൗണ്ടിൽ വന്ന നേഴ്സിനോട് പറഞ്ഞു, എനിക്ക് വീട്ടിൽപോയേപറ്റൂ. അവർ ഒന്ന് സ്നേഹപൂർവം നോക്കികൊണ്ട്   പറഞ്ഞു . ഞാൻ ഡോക്ടറോടുപറയാം. അരമണിക്കൂറിനുശേഷം ഡോക്ടർ വന്നു ചോദിച്ചു എന്താണ്  പ്രശ്നമെന്ന്. ഞാൻ പറഞ്ഞു ഈ മുറിയിൽ എനിക്ക് ഇനി പറ്റില്ല എന്ന് , കാര്യങ്ങൾ ഞാൻ മനസ്സിലാക്കി എന്ന് ഡോക്ടർക്കും മനസിലായി. നിർഭാഗ്യവശാൽ മുറികൾ മറ്റൊന്നും ഇല്ല, അതുകൊണ്ടു സാഹചര്യം മനസ്സിലാക്കി സഹകരിക്കണം എന്നായി ഡോക്ടർ. ഇല്ല എന്ന് കട്ടായം ഞാൻ, എനിക്ക് വീട്ടിൽ പോയേപറ്റൂ, 

ബ്രെക്ക്ഫാസ്റ്റ് കഴിഞ്ഞു ഷുഗർ ലെവൽ നോക്കട്ടെ കുറഞ്ഞാൽ നാളെ കുറെ പരിശോധനകൾ പ്ലാൻ ചെയ്തിട്ടുണ്ട് അത് കഴിഞ്ഞു പോകാമെന്നായി ഡോക്ടർ. ഇല്ല ഇനി ബ്രേക്‌ഫാസ്‌റ്റ് വീട്ടിൽ ചെന്നേ ഉള്ളു എന്ന് ഞാനും. ഡോക്റ്ററുടെ കണ്ണുകളിലെ   ദേഷ്യത്തെ എനിക്ക് കാണാം അയാൾ ഒന്നും പറയാതെ മടങ്ങി. നേഴ്സ് എത്തി ഷുഗർ കണ്ട്രോൾ നടത്തി വലിയ കുറവുകൾ  ഇല്ല, അല്പനേരത്തിനു ശേഷം ബ്രേക്‌ഫാസ്റ്റ് എത്തി. ഒരുകാരണവശാലും കഴിക്കില്ലന്നു  ഞാനും. ഏകദേശം  ഒരുമണിക്കൂറിനുശേഷം   ബ്രേക്ക് ഫാസ്റ്റ് തിരിച്ചുപോയി. അൽപ്പം കഴിഞ്ഞു  ഡോക്ടർ എത്തി അയാൾ പറഞ്ഞു മിസ്റ്റർ  കൂട്ടമ്മേൽ നിങ്ങൾ നിങ്ങളുടെ ബ്രെക്ക്ഫാസ്റ്റ് കഴിക്കാതെ എന്തിനാണ് പിടിവാശികാണിക്കുന്നത്, നിങ്ങൾ നിങ്ങളുടെ സ്വന്തം  റിസ്കിൽ ഡിസ്ചാർജ് വാങ്ങുന്നു എന്ന് ഒപ്പിട്ടു നൽകുക. 

ഞാൻ  സന്തോഷപൂർവം സമ്മതിച്ചു. പിന്നെ കാര്യങ്ങൾ വേഗത്തിലായി ഞാൻ വീട്ടിലേക്കു വിളിച്ചു ആരെങ്കിലും വന്നു കൂട്ടികൊണ്ടുപോകണം ഏകദേശം പന്ത്രണ്ടുമണിയോടെ ഉച്ച ഭക്ഷണം എത്തി. സമരം വിജയിച്ചതിനാൽ  ഭക്ഷണം  കഴിക്കാൻ  തീരുമാനിച്ചു. നല്ല വിശപ്പുമുണ്ട് ഭക്ഷണത്തിന്റെ മൂടി തുറന്നു നോക്കുമ്പോൾ അതിൽ ചെറിയ ഒരു കാർഡ് , കൂടെ രണ്ടു മൂന്ന് ഉരുളക്കിഴങ്ങും കുറച്ചു സോസും ഒരു ചെറിയ ഇറച്ചി കഷണവും . കാർഡിൽ ഇങ്ങെനെ ഒരു കുറിപ്പും  ഡയബെറ്റിക്കെർ  ഫുഡ് 

ഏകദേശം ഒരുമണിക്കൂർ സമയത്തിനുള്ളിൽ ടെലിഫോണിൽ വിളി വന്നു മോൾ കാറുമായി   വെളിയിൽ കാത്തിരിക്കുന്നു, ഹോസ്പിറ്റലിലേക്ക് വരുവാൻ അനുവാദമില്ല, ലിഫ്റ്റിൽ കയറി   ഇറങ്ങുമ്പോൾ അഞ്ചുകിലോപോലുമില്ലാത്ത ബാഗിന് വല്ലാത്ത ഭാരം. ഏകദേശം പതിനഞ്ചു മിനിറ്റ്. വീട്ടിലെത്തി. വല്ലാത്ത  ആശ്വാസം. കണ്ണാടിക്കുമുമ്പിലെത്തി താടിയും മീശയും പ്രാകൃതമായിരിക്കുന്നു. പല്ലുതേച്ചിട്ടും  കുളിച്ചിട്ടും ദിവസങ്ങൾ പലതായിരിക്കുന്നു. ശരീരത്തിന്റെ ഭാരം തൊണ്ണൂറ്റിഒന്നിൽ നിന്ന് എൺപത്തി ഒന്നിലേക്ക് എത്തി എന്നതാണ് കൊറോണയുടെ ഒരു പ്രയോജനം. വല്ലാത്ത വിശപ്പ്. അടുക്കളയിൽ കുക്കിംഗ്  ഒന്നും കുറേദിവസമായി നടക്കുന്നില്ല. അവിടവിടെ ഉണങ്ങിയ പാത്രങ്ങളും  തണുത്ത സൂപ്പും ഇരിപ്പുണ്ട് ..  

ആരെങ്കിലും അല്പം ഉണക്കമീൻ  വറുത്തതും ചെറുപയറും പപ്പടവും കഞ്ഞിയും ഉണ്ടാക്കി തന്നിരുന്നെങ്കില്‍ എന്ന് വല്ലാതെ ആശിച്ചു. അപ്പോഴാണ് ഗീത പറയുന്നത്   ചെറുപയറുകറിയും ആപ്പിൾ അച്ചാറിട്ടതും ചേച്ചി കൊടുത്തു വിട്ടത്‌ ഇരിപ്പുണ്ടെന്നു .   വിശപ്പുണ്ടെങ്കിലും  കഴിക്കുവാനാകുന്നില്ല. ശ്വാസതടസ്സവും  ചുമയും  ഇടക്കിടെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. ഡിസിൻഫെക്‌ഷനിങ്  മരുന്നിന്റെ  മണത്തിനൊപ്പം ഇരുണ്ടുകറുത്ത ചോരയും, ചോരയുടെ മണവും എല്ലായിടത്തും അനുഭവപ്പെടുന്നു, ചെവിക്കുള്ളിൽ നിന്ന് ചോര വെളിലേക്കുവരുന്നു എന്നൊരുതോന്നൽ, നോക്കിയിട്ട് ഒന്നും കാണുന്നില്ല. 

ഞാൻ എന്റെ സ്വകാര്യ മുറിയിലേക്ക് ഉറക്കം മാറ്റി. ഏകദേശം സന്ധ്യമയങ്ങും നേരം .ഉറക്കത്തിൽ വീണ്ടും ചെവിയിൽ  നിന്നുചോരവരുന്നു എന്നൊരു തോന്നൽ വിരൽ  ചെവിയിൽ കടത്തി നോക്കി, ഇല്ല ചോര വരുന്നില്ല. എന്നാൽ വിരലുകളിൽ ചോരയുടെ മണം. ഇനി ഉറങ്ങാനാവില്ല കുറേ നേരം കംപ്യൂട്ടറിനു മുന്നിലിരുന്നു. പത്രം ,ഫേസ്ബുക്   ഇവയിലൊന്നും താല്പര്യമില്ല,ചോരയുടെ  മണം കൈയിൽ  നിന്നുമാറുന്നില്ല. എന്റെ കൂടെ കോവിഡ് വാർഡിലുണ്ടായിരുന്ന ആൾ ജീവിച്ചിരിപ്പുണ്ടാകുമോ ആവോ? വാഷ് ബേസിനിൽ പോയി കൈ കഴുകി, കൈയിൽ നിന്ന് ചോരയുടെ മണം മാറുന്നില്ല. വീണ്ടും മുറിയിലെത്തി   പുതപ്പിനുള്ളിലേക്കു ചുരുണ്ടുകൂടി, ചെവിയിൽ നിന്ന് വീണ്ടും ചോര ഒലിച്ചിറങ്ങുന്നു, ,കറുത്ത ഇരുണ്ട  ചോര, മയക്കത്തിൽ എനിക്ക് ചോരയുടെ മണവും നിറവും  അനുഭവപ്പെടുന്നു.. ‍‍

ഉറക്കത്തിൽ  ഞാൻ നിലവിളിച്ചു എന്ന് തോന്നുന്നു. മോനും  ഗീതയും ശബ്ദം കേട്ട് ഓടി വന്നു... അല്പനേരം ഉണർന്നിരുന്നശേഷം വീണ്ടും പുതപ്പിനുള്ളിലേക്കു ചുരുണ്ടുകൂടി  പയ്യെ ഉറങ്ങിത്തുടങ്ങി, ഉറക്കത്തിനിടയിൽ ആരോ എന്നോടൊപ്പം പുതപ്പിനുള്ളിലേക്ക് കൂട്ടിനുവന്നു. ചെറിയ ചൂടും നേർത്ത ശ്വാസവും  എന്റെ നെറ്റിയിൽ അനുഭവപ്പെടുന്നുണ്ട് .പിന്നീട് എന്റെ നെറ്റിയിൽ തഴുകുന്നു, ചുരുണ്ട നേർത്തമുടി എന്റെ മുഖത്തിൽ തഴുകുന്നു   .മുടി മുക്കിനുമുൻപിൽ പലതവണ തഴുകിയെത്തിയപ്പോൾ. പയ്യെ പയ്യെ  ഞാനുണർന്നു . ഇപ്പോൾ എന്നോടൊപ്പം ആരുമില്ല .., ചോരയുടെ  മണമില്ല. ഒത്തിരി ആശ്വാസം തോന്നുന്നു .കോവിഡ് വിട്ടകന്നു എന്ന് തോന്നുന്നു ആരാണ് എന്നോടൊപ്പം  പുതപ്പിനുള്ളിൽ ഉണ്ടായിരുന്നത് .  

മുകളിലെ മുറിയിലെത്തി ഗീത സുഖമായി ഉറങ്ങുന്നു. പയ്യെ വിളിച്ചുണർത്തി ചോദിച്ചു താൻ താഴവന്ന് എന്റെയടുത്തു കിടന്നോ എന്ന്? ഇല്ല . എന്താ എന്ന് ചോദിച്ചു? ഞാൻ പറഞ്ഞു ആരോ എന്റെയൊപ്പം പുതപ്പിനുള്ളിൽ ഉണ്ടായിരുന്നു എന്ന് എനിക്ക് തോന്നി. അത്രതന്നെ . അതെ അതെന്റെ തോന്നലായിരിക്കാം.. പക്ഷേ ഞാൻ വിശ്വസിക്കുന്നു വീട്ടിൽ നിന്ന് ആംബുലൻസ്  കയറിയതുമുതൽ ആശുപത്രി  കിടക്കയിൽ നിലച്ചു പോയ എന്നെ കുലുക്കിയുണർത്തിയതും വീട്ടിലെത്തിയ എന്നെ തഴുകി ഉണർത്തിയതും എന്നോടൊപ്പം ഉണ്ടായിരുന്ന ആരോ ആണ്. ആരായിരിക്കും ആ അജ്ഞാത ?

English Summary: Aniyan joseph koottummel sharing his covid experience

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;