ADVERTISEMENT

കോവിഡിനും എനിക്കും ശേഷം... (കഥ)

കോവിഡ് മഹാമാരി പഠിപ്പിച്ചുതന്ന പലകാര്യങ്ങളിൽ ഒന്നാണ് മുടിവെട്ടൽ അത്ര വലിയ കാര്യമല്ല എന്നത്. താടിയും മുടിയും നീട്ടിവളർത്തി രൂപപരിണാമം വരുത്തിയ പലരും അത് ലാഭാകരമായി തോന്നിയതിനാലാവും ഇപ്പോളും മാറ്റം വരുത്താതെ തുടരുന്നത്. ലോക്ക് ഡൗൺ കാലത്ത് സ്വയം (ഭാര്യയുടെ സഹായത്തോടെ) മുടിവെട്ടി ഒടുവിൽ മൊട്ടയടിക്കേണ്ടി വന്ന ചില സുഹൃത്തുക്കളെ വേണമെങ്കിൽ ഞാൻ പരിചയപ്പെടുത്തിത്തരാം. പക്ഷേ ലോക് ഡൗൺ മാറിയപ്പോളേക്കും അവരെല്ലാം തികഞ്ഞ ബാർബർമാരായി മാറിക്കഴിഞ്ഞിരുന്നു. മുടി സ്വയം വെട്ടാനുള്ള എന്റെ കഴിവിൽ എനിക്കുതന്നെ നല്ല മതിപ്പുണ്ടെങ്കിലും കോവിഡ് കാലത്ത് ബാർബർ സുഹൃത്തുക്കൾക്ക് ഒരു ദുരിതാശ്വാസമാകുമല്ലോ എന്നു കരുതിയാണ് ബാർബർഷോപ്പിലേക്ക് പോയത്.  

 

വായനശാലയും ക്ലബും കഴിഞ്ഞാൽ പിന്നെ ഏറ്റവും കൂടുതൽ ചർച്ചകൾ നടക്കുന്നത് ബാർബർ ഷോപ്പുകളിലാണ്. ഒരു പക്ഷേ പത്രങ്ങൾ വായിക്കപ്പെടുന്നതിന്റെ കണക്കെടുത്താലും വായനശാലയെക്കാൾ മുൻപിലായിരിക്കും ബാർബർഷോപ്പ്. കോവിഡ് കാരണം ഈയിടെ അല്പം മാറ്റങ്ങൾ വന്നിരിക്കാം. പക്ഷേ എന്തുവിഷയത്തേക്കുറിച്ചും ‘താത്വികമായ അവലോകനം’ നടത്താൻ ബാർബർ സുഹൃത്തുക്കൾ എപ്പോളും തയാറാണ്, നാട്ടിലായാലും ഇങ്ങു ദുബായിലായാലും.

 

ഇന്ന് ആളുകൾ കുറവായിരിക്കും എന്നു കരുതിയെങ്കിലും പ്രതീക്ഷിച്ചതിലും തിരക്കുണ്ടായിരുന്നു. കുറച്ചു നേരം കാത്തുനിൽക്കാതെ നിവൃത്തിയില്ല. ഇരിക്കാനുള്ള സൗകര്യമോ വായിക്കാൻ പത്രമോ ഇല്ല, കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമല്ലോ. ബാർബർഷോപ്പിന് മുന്നിലെ വരാന്തയിൽ നിൽക്കുമ്പോൾ തുള്ളിച്ചാടി ബഹളം വെച്ചോടിവരുന്ന രണ്ടുകുട്ടികളെ കണ്ടു. അവർക്ക് പിന്നാലെ പതുക്കെ അവരുടെ അമ്മയും. കുട്ടികൾ നല്ല സന്തോഷത്തിലായിരുന്നു. എന്നോട് ‘ഹായ്’ പറഞ്ഞശേഷം ബാർബർഷോപ്പിലെ മുക്കിലും മൂലയിലും അവർ ഓടിനടന്ന് കണ്ണിൽക്കണ്ടതെല്ലാം തട്ടിമുട്ടി ശബ്ദം ഉണ്ടാക്കിക്കൊണ്ടിരുന്നു. കറങ്ങുന്ന കസേരകളിലെല്ലാം ആളുണ്ടെന്നറിഞ്ഞപ്പോൾ അല്പം സന്തോഷം കുറഞ്ഞെങ്കിലും അതു കാണിക്കാതെ ഉച്ചത്തിൽ പാട്ടുപാടിക്കൊണ്ട് അവർ പുറത്തേക്കു വന്നു. ബാർബർഷോപ്പിലെ കറങ്ങുന്ന ഇരിപ്പിടം എനിക്കും പണ്ടേ ഇഷ്ടമാണ്. ചെറുപ്പത്തിൽ രവിയേട്ടന്റെയടുത്താണ് പോവാറ്. അവിടുത്തെ കറങ്ങുന്ന ചുവന്ന കസേരയിൽ ഇരിക്കുമ്പോൾ ഒരു സിംഹാസനത്തിലിരിക്കുന്ന പ്രതീതിയാണ്. അതുപോലൊന്നു വീട്ടിലുണ്ടായിരുന്നെങ്കിൽ എന്നു പണ്ടൊക്കെ ആഗ്രഹിച്ചിരുന്നു.

 

കാത്തുനിൽക്കാൻ തുടങ്ങിയിട്ട് ഏറെ നേരമായി. ഒരാൾ സുന്ദരനായി പുറത്തേക്കിറങ്ങിയപ്പോൾ ഞാൻ വരാന്തയിൽ നിന്ന് വേഗം അകത്തുകയറി. ബാർബർ ഞാൻ സ്ഥിരം കാണുന്നവനാണ്, ഹാരിഫ്. ‘‘ഒരുമിനിറ്റ്, ഞാൻ ഈ സീറ്റൊന്ന് സാനിറ്റൈസ് ചെയ്യട്ടെ.’’ അവൻ പെട്ടന്ന് അതെല്ലാം ചെയ്ത്  പുതിയ ഗ്ലൗസിട്ടു മുടിയിലൂടെ തലങ്ങും വിലങ്ങും കയ്യോടിച്ചുകൊണ്ടു പറഞ്ഞു. ‘‘ഉള്ള് തീരെ ഇല്ലല്ലോ? അധികം എടുക്കണ്ടല്ലോ അല്ലെ?’’ ഞാൻ തലയാട്ടി. കഴിഞ്ഞ പത്തിരുപതുവർഷങ്ങളായി കേൾക്കുന്നതാണ്. കുശലാന്വേഷണങ്ങളിൽ തുടങ്ങി വളരെ വേഗം തന്നെയവൻ കോവിഡിലേക്ക് കടന്നു. കോവിഡുകാരണമുള്ള അധിക ചിലവുകൾ, സാനിറ്റൈസേഷൻ, മാസ്ക്, ഗ്ലൗവ്സ്, അങ്ങനെ പലതും. മുൻപ് ഇതെല്ലാം ഒരു ബുദ്ധിമുട്ടായി തോന്നിയിരുന്നു എന്നവൻ പറഞ്ഞു.

 

‘‘ഓരോ തല ‘ഫിനിഷ്’ ചെയ്തുകഴിയുമ്പോളും കൈകൾ വിയർത്തുനാശമാകും.’’ സ്വാതന്ത്ര്യം നഷ്ടപെടുന്നതിനാൽ ഗ്ലൗസ്സിനുള്ളിൽ തുടരാൻ വിരലുകൾക്ക് താല്പര്യമില്ലാതായിക്കാണും. പഴയ സുന്ദരകാലങ്ങളെയോർത്ത് അവയെല്ലാം വിഷാദരോഗത്തിന് അടിമപ്പെട്ടുതുടങ്ങിയിട്ടുണ്ടാവും.

 

‘‘പക്ഷേ ഇപ്പോൾ ഇതു വളരെ നല്ലതായി തോന്നുന്നു. ഏതു തരക്കാരാണ് വന്നിരിക്കുന്നതെന്ന് പറയാൻ പറ്റില്ലല്ലോ.’’ കസ്റ്റമേഴ്‌സിനെക്കാൾ ഇതിന്റെ ഗുണം ബാർബർമാർക്കാണെന്ന് അവൻ പറഞ്ഞു. ഭാവിയിൽ ഈ മാനദണ്ഡങ്ങളൊക്കെ തുടർന്നാലോ എന്നാലോചിക്കുകയാണത്രേ അവർ.

 

മുൻപ് പറഞ്ഞകുട്ടികൾ ഒരു സീറ്റ്‌ കിട്ടിയ സന്തോഷത്തിൽ ബഹളം വെക്കാൻ തുടങ്ങി. അമ്മ കണ്ണുകൾ കൊണ്ട് അവരെ ദേഷ്യപ്പെട്ടുകൊണ്ടിരുന്നു.

 

കോവിഡ് അവലോകനങ്ങൾക്കിടയിൽ ഹാരിഫ് വളരെ സ്വകാര്യമായി എന്നോട് പറഞ്ഞു. ‘‘നിങ്ങൾക്കറിയാമോ ഈ കുട്ടികളെ? ഇവരുടെ അച്ഛൻ രണ്ടു മൂന്ന് മാസങ്ങൾക്ക് മുൻപ് കോവിഡ് വന്നു മരിച്ചതാണ്.’’ എനിക്ക് അതിശയം തോന്നി. അവൻ തുടർന്നു, ‘‘അയാൾ ആയിരുന്നു മുൻപൊക്കെ കുട്ടികളുമായി വന്നിരുന്നത്. നല്ല ആരോഗ്യമുള്ളയാൾ. പക്ഷേ എന്തുപറയാൻ, കോവിഡ് കൊണ്ടുപോയി. അയാൾ ഒരുപാട് സംസാരിക്കുമായിരുന്നു. വാഗ്വാദങ്ങളും പൊട്ടിച്ചിരികളും എല്ലാമായി കുറെ നേരം ഇവിടെ ചിലവഴിക്കും. ഒടുവിൽ ഭാര്യയുടെ ഫോൺവിളി വരണം തിരിച്ചു പോവാൻ’’ ബാർബർഷോപ്പിലുള്ളവർക്കെല്ലാം അയാൾ സുപരിചിതനും നല്ല സുഹൃത്തുമായിരുന്നു. ചർച്ചകളിലെ സജീവപങ്കാളി.

 

ഇങ്ങനെയൊരാളെപ്പറ്റി ഞാൻ കേട്ടിരുന്നെങ്കിലും അയാളുടെ കുടുംബത്തേക്കുറിച്ച് ഞാൻ അധികമൊന്നും ചിന്തിച്ചിരുന്നില്ല.

 

‘‘അയാൾ ഉള്ളപ്പോൾ കുട്ടികൾ ഭയങ്കരവികൃതികളായിരുന്നു’’, അവൻ തുടർന്നു. ‘‘ഇപ്പൊ ഇരിക്കുന്നവനില്ലേ, അവനാണ് മൂത്തവൻ. പലപ്പോഴും പാതിവെട്ടിക്കഴിയുമ്പോളേക്കും അവൻ പ്രശ്നമാക്കും. പിന്നെ അയാളവനെ വരാന്തയിലെല്ലാം കളിപ്പിച്ച് വീണ്ടും കൊണ്ടിരുത്തും. പക്ഷേ ഇപ്പൊ കുട്ടികൾ അത്ര പ്രശ്നക്കാരല്ല, അവർ അമ്മ പറയുന്നത് കേട്ട് അടങ്ങിയിരിക്കും.’’

 

അവരുടെ കുഞ്ഞുമനസ്സിലും ജീവിതത്തിലെ പെട്ടന്നുള്ള മാറ്റം, സ്വയം നിയന്ത്രിക്കാനുള്ള തോന്നൽ ഉണ്ടാക്കിയിരിക്കണം.  

 

അവൻ തുടർന്നു, ‘‘അയാളുടെ ഭാര്യക്ക് ജോലിയുള്ളതുകൊണ്ട് അവർ കുഴപ്പമില്ലാതെ ജീവിച്ചു പോകുന്നു. അവർ പെട്ടന്ന് തന്നെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നു. ഇപ്പോൾ അവർ എല്ലാം മറന്നു തുടങ്ങിയെന്നു തോന്നുന്നു. കുട്ടികൾ സന്തോഷവന്മാരായിരിക്കുന്നു. പക്ഷേ ഓരോ തവണ അവർ വരുമ്പോളും എന്റെ ഉള്ളിൽ ഒരു വിങ്ങലാണ്, ഞാനറിയാതെ എന്റെ കണ്ണുകൾ അയാളെ തിരയും. പലപ്പോഴും പഴയകാര്യങ്ങളോർത്ത് എന്റെ കണ്ണു നിറയാറുണ്ട്’’ അവന്റെ ഇടറിയ സ്വരം മാസ്കിനുള്ളിൽ തടഞ്ഞുനിന്നു.

 

മുടിവെട്ടിക്കഴിഞ്ഞിട്ട് കുറച്ചു നേരമായി. വെറുതെ കത്രിക കൊണ്ട് അങ്ങിങ്ങ് സ്പർശിച്ച് ഒരു ശില്പിയെപ്പോലെ അവൻ എന്റെ തലയുടെ ‘ഫൈനൽ ടച്ച്’ നടത്തുകയാണ്. പുറത്ത് കാത്തുനിൽക്കുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്നു. മാസ്ക് വച്ചിരുന്നെങ്കിലും അവരുടെ മുഖഭാവം മാറി വരുന്നത് എനിക്ക് ഊഹിക്കാമായിരുന്നു.

 

യാഥാർഥ്യമുൾക്കൊണ്ടുകൊണ്ട് ജീവിതത്തിലേക്ക് ഇത്രവേഗം അവർ തിരിച്ചുവന്നതോർത്ത് എനിക്കതിശയം തോന്നി. അതിനവർക്കു കരുത്തുനൽകിയത് രണ്ടു കാര്യങ്ങളാവാം. ഒന്ന്, ഇനിയുള്ള ജീവിതത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം തന്റേത് മാത്രമാണെന്ന തിരിച്ചറിവ്. രണ്ടാമത്തേത്, ജോലിത്തിരക്കുകൾ. നമ്മുടെ കാടുകയറിയ ചിന്തകളാണ് പലപ്പോഴും അബദ്ധങ്ങളിൽ കൊണ്ടെത്തിക്കുന്നത്. ജോലിയുടെ തിരക്ക് അവരുടെ അനാവശ്യചിന്തകളെ മാറ്റിനിർത്തിയിട്ടുണ്ടാവാം. 

 

ഹാരിഫ് താത്വിക അവലോകനത്തിലേക്ക് കടന്നു. ‘‘നമ്മൾ കരുതും, നമ്മുടെ മരണം ഒരു തീരാദുഃഖമായിരിക്കും എല്ലാവർക്കും എന്ന്. വാസ്തവത്തിൽ അങ്ങനെയൊരു തീരാദുഃഖമുണ്ടോ? വേർപാടിന്റെ ആദ്യദിനങ്ങളിൽ അതുണ്ടാവും. അത് മറികടക്കുന്നവർക്ക് പിന്നീടുണ്ടാവുക ഓരോ ഓർമ്മകൾ അയവിറക്കുമ്പോൾ അതല്ലെങ്കിൽ ഭർത്താവുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്ന എന്തെങ്കിലും സാഹചര്യം ഉണ്ടാവുമ്പോൾ.’’

 

പുറത്ത് കാത്തുനിൽക്കുന്നവരുടെ എണ്ണം കൂടി വന്നതുകൊണ്ടാവാം അവൻ നിർത്തി, എന്റെ തല തിരികെയേല്പിച്ചു. കാശുകൊടുത്ത ശേഷം ഞാൻ പതുക്കെ വീട്ടിലേക്കുനടന്നു. മനസ്സിൽ നിറയെ ആ കുട്ടികളെ കുറിച്ചുള്ള ചിന്തകളായിരുന്നു.

 

അവൻ പറഞ്ഞത് പൂർണ്ണമായും സത്യമാണെന്ന് എനിക്ക് തോന്നി. ഞാനില്ലാതാവുമ്പോൾ എന്റെ ഭാര്യയും കുഞ്ഞുമക്കളും എങ്ങനെ ജീവിക്കും എന്നതിനെപറ്റി ഇടക്കെപ്പോളൊക്കെയോ ഞാനും ചിന്തിച്ചിട്ടുണ്ട്. ചിലപ്പോൾ ചെറിയ നെഞ്ചുവേദന തോന്നുമ്പോൾ (വെറും ഗ്യാസാണ് എന്നറിയാമെങ്കിലും). പിന്നെ ചിലപ്പോൾ കുടുംബത്തോടൊപ്പമല്ലാത്ത വിമാനയാത്രകളിൽ. പക്ഷേ അതു കൂടെക്കൂടെ ഓർമ്മിപ്പിക്കാറുള്ളത് ഇൻഷുറൻസ് ഏജന്റാണ് (ഈയിടെയായി ഞാൻ അത്തരം ഫോൺവിളികളിൽ വീഴാറില്ല). അപ്പോളൊക്കെ മക്കളുടെ ഞാനില്ലാത്ത ഭാവി ജീവിതത്തേക്കുറിച്ചോർത്ത് എന്റെ കണ്ണുനിറയാറുണ്ട്. എന്നെയോർത്ത്, ആ നല്ലകാലങ്ങളെയോർത്ത് ദുഃഖിച്ച്, ഉത്തരവാദിത്വങ്ങളെല്ലാം സ്വന്തം തലയിൽ വച്ച് ദിവസങ്ങൾ തള്ളിനീക്കുന്ന ഭാര്യ!

 

അതൊന്നും അത്ര വലിയ പ്രശ്നമേയല്ല എന്നെനിക്കപ്പോൾ തോന്നി. കുട്ടികളുടെ സങ്കടങ്ങൾക്ക് ആയുസ്സ് വളരെ കുറവാണ്. അവർക്കുവേണ്ടി നമുക്ക് ചെയ്യാവുന്നത്, നല്ല വിദ്യാഭ്യാസത്തിനായുള്ള ചിലവുകളെല്ലാം മുൻകൂട്ടി കണ്ട് അതുറപ്പുവരുത്തുക എന്നുള്ളതാണ്. പ്രായപൂർത്തിയായി ഒരു ജോലി കണ്ടെത്തുന്നതോടെ അവരും അവരുടെ ജീവിതത്തിരക്കുകൾക്കൊപ്പം ഒഴുകിത്തുടങ്ങും. ഭാര്യക്ക് കാര്യങ്ങൾ അങ്ങനെ പെട്ടന്ന് മറക്കാൻ കഴിഞ്ഞെന്ന് വരില്ല. ജോലിയുണ്ടായിരുന്നെങ്കിൽ ഒരു പക്ഷേ അയാളുടെ ഭാര്യയെപ്പോലെ തിരക്കുകളിൽ അഭയം തേടാം. സുസ്ഥിരമായ ഒരു ജോലിയുടെ ആവശ്യകത ആൺപെൺ വ്യത്യാസമില്ലാതെ മക്കളെയും പറഞ്ഞു പഠിപ്പിക്കേണ്ടിയിരിക്കുന്നു. സ്വയം പ്രാപ്തിയെന്നതിനുപരി ജോലിനൽകുന്ന ആത്മവിശ്വാസം അവർ അനുഭവിച്ചറിയണം.

 

വീടെത്തിയതറിഞ്ഞില്ല, വാതിൽ തുറന്നയുടനെ ഭാര്യ ചോദിച്ചു ‘‘മുടി ഒരുപാടങ്ങുകുറച്ചല്ലോ, എന്തുപറ്റി?’’

 

മറുപടി പറയാതെ ഞാൻ മാസ്കിനകത്തൊളിച്ചു.

 

English Summary: Covidinum enikkum sesham, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com