ADVERTISEMENT

സമ്പാദ്യം (കഥ)

സഹോദരിയുടെ വീട്ടിൽ പിറന്നാളാഘോഷത്തിന് വന്നതാണ്. നാളെ പോകാമെന്നു നിർബന്ധിച്ചതിനാൽ ഇന്ന് ഇവിടെ തങ്ങി. കുറെ നാളായി ഇവിടേക്ക് വന്നിട്ട് അതുകൊണ്ടാണ് നിർബന്ധിച്ചപ്പോൾ നിന്നത്. ഞാനൊഴിച്ചു വന്നവരെല്ലാം സന്ധ്യക്ക്‌ മുൻപ് മടങ്ങി. ആളൊഴിഞ്ഞപ്പോൾ കുറച്ചുനേരം പെങ്ങൾ അടുത്ത് വന്നിരുന്നു പരാതികളും പരിഭവങ്ങളും അയവിറക്കാൻ തുടങ്ങി. എല്ലാം നേരെത്തെ അറിയാവുന്നതുകൊണ്ട് നിസ്സംഗതയോടെ കേട്ടിരുന്നു. പിന്നെ എല്ലാവരും കൂടിയിരുന്നു ടീവി കണ്ടു. താമസിയാതെ അത്താഴവും കഴിച്ച് ഓരോരുത്തരും കിടക്കാനൊരുങ്ങി. 

ഞാനും അളിയനും ആ സെറ്റിയിൽ ഇത്തിരിനേരം ഇരുന്നു വർത്തമാനം പറഞ്ഞു. അയാൾ പിന്നെ എഴുന്നേറ്റു പോയി, ഞാൻ ഓരോന്നും കണ്ടും കേട്ടും  ആലോചിച്ചും അങ്ങനെയിരുന്നു, പാതിമയക്കത്തിൽ. സെറ്റിയിലങ്ങനെ ചാരികിടന്നു മയങ്ങിയപ്പോൾ മനോമുകുരത്തിൽ തന്റെ അളിയൻ തെളിഞ്ഞു വന്നു

അയാൾ അടുക്കള പരിശോധിക്കുകയാണ്. രാത്രി 10.15 മണി. എന്നും അങ്ങനെയാണ്. അയാളുടെ സ്വന്തം ബംഗ്ലാവ്. അത് സൂക്ഷിക്കേണ്ടതല്ലേ? ഓർമ വെച്ച നാള് മുതൽ   അയാൾ എല്ലാം സൂക്ഷിക്കുന്നു.

 

പഠിക്കാൻ പോയിരുന്നപ്പോൾ കിട്ടിയിരുന്ന ബെസ് ടിക്കറ്റ്കുറേക്കാലം  അയാളുടെ മേശയിൽ അടുക്കി വെച്ചിരുന്നു. യാതൊരു ആവശ്യമില്ലാത്തതും അയാൾ സൂക്ഷിക്കും ,.കളയില്ല .ആവശ്യക്കാർക്ക് ആർകെങ്കിലും കൊടുക്കുമോ അതുമില്ല. ‘‘അവർക്കു ദൈവം കൊടുക്കുന്ന ഇല്ലായ്മയാണ്. അതിനു ഞാൻ എന്ത് വേണം? എനിക്ക് ദൈവം തന്നത് എനിക്ക് അനുഭവിക്കാനാണ്. അത് ആർക്കും കൊടുക്കാൻ പാടില്ല.’’ ഇതാണയാളുടെ തത്വശാസ്ത്രം. 

 

അയാൾക്കു ഒരു അലമാരയുണ്ട്. ഓർമവെച്ചനാൾ മുതൽ അയാൾ ഉപയോഗിച്ച എല്ലാം അതിലുണ്ട്. മുപ്പതു വർഷമായി അതിന്റെ താക്കോൽ അയാൾ ആരും കാണാതെ സൂക്ഷിക്കുന്നു അതിൽ ഉപയോഗമുള്ള എന്തെങ്കിലും നാളിതുവരെ എടുത്തു കണ്ടിട്ടില്ല. ഇടക്ക് അയാൾ തുറന്നു നോക്കി നിർവൃതി കൊള്ളുമെന്നുപറയുന്നു. ഭേദപ്പെട്ട മാസശമ്പളമുള്ള ജോലിയുണ്ട്. കൃത്യമായി ജോലിക്കുപോകുകയും കിട്ടുന്ന വരുമാനംകൊണ്ട് അത്യാവശ്യചെലവുകളും ചെയ്യും. പത്തുപ്രാവശ്യമെങ്കിലും എഴുതിക്കൂട്ടി കണക്കു തിട്ടപ്പെടുത്തും. കണിശക്കാരനാണ്. ‘എനിക്ക് ആരുടെയും ഒന്നും വേണ്ട,എന്നിൽ നിന്ന് ആരും ഒന്നും പ്രതീക്ഷിക്കണ്ട’. ഇതാണയാളുടെ ആപ്തവാക്യം. 

 

അറുത്ത കൈക്കു ഉപ്പു തേക്കാത്ത അയാളെ അവൾ ഒരുകണക്കിന് സഹിച്ചാണ്  ജീവിക്കുന്നത്. ബുദ്ധിയില്ലാത്തതിന് കുശുമ്പുബുദ്ധി കൂടും എന്നാണല്ലോ?. പൂച്ച കണ്ണടച്ച് പാലുകുടിക്കുന്നതുപോലെ അവളുടെ എല്ലാ ഔദാര്യവും സ്വീകരിച്ചിട്ട് ‘‘നിന്റെ ഇവിടെ ഒന്നുമില്ല എല്ലാം എന്റെ’’ എന്ന് അയാൾ അരക്കിട്ടുറപ്പിച്ചു  പറയും.മ ല്ലനായതുകൊണ്ട് അവൾ എതിർക്കാറില്ല. സ്വന്തമായി ജോലിയും വരുമാനവും അവൾക്കു ഉള്ളതുകൊണ്ട് ഭാഗ്യമായി. കഴിഞ്ഞുകൂടിപ്പോകാം പറ്റും .അയാളുടെ വീട് നിറച്ചു  ഉപയോഗരഹിതമായ  ഇലക്ട്രിക്കൽ  ഉപകരണങ്ങളാണ് .ആക്രിക്കാർ  വന്നാൽ ഓടിച്ചുവിടും .ഭാര്യ എടുത്തു കൊടുക്കാതിരിക്കാൻ അയാൾ അടയാളം വെക്കും . .അടുക്കളയിൽ പണിയെടുക്കുന്നതിന്റെ പുറകിൽചെന്ന് അയാൾ ചെക്കിങ് നടത്തും .എന്തെങ്കിലും പാഴാകുന്നുണ്ടോ എന്നറിയാൻ .അയാൾ എല്ലാം പൊന്നുപോലെ സൂക്ഷിക്കുകയാണ്. അയാൾക്കു ലാഭം മാത്രം മതി. വീടിന്റെ  ഗേറ്റു എപ്പോഴും അടഞ്ഞു കിടക്കുന്നതിനാൽ ഭാഗ്യത്തിന് ആരും വരാറില്ല. ഭിക്ഷക്കാർ വന്നാൽ ആട്ടിയോടിക്കും .പൈസയുണ്ടെങ്കിൽ ജീവിക്കാം. ‘ധർമ്മികത’  യാതൊരു കാര്യവുമില്ലാത്തപൊള്ളയായ വാക്കാണ് അയാൾക്ക്. അത് പറയാതെ പറഞ്ഞു മക്കളെയും പഠിപ്പിക്കുന്നുണ്ട്. 

അയാളെക്കുറിച്ച് ഓരോന്ന് ഓർത്തോർത്തു മയങ്ങുന്നതിനിടയിൽ അടുക്കളയിൽ എന്തോ ശബ്ദം കേട്ട് മയക്കത്തിൽ നിന്നും ഉണർന്നു ഇന്നയാളുടെ അറുപതാം പിറന്നാളായിരുന്നു. കുറച്ചുപേരെ ക്ഷണിച്ചിരുന്നുയെങ്കിലും അയാളുടെ വീട്ടുകാർ മാത്രമേ ഉണ്ടായുള്ളൂ. എവിടെ ആര് എന്തിനുക്ഷണിച്ചാലും അയാൾ അവിടെയെത്തുന്നതാണ്. സംഭാവന കൊടുക്കുന്ന പതിവില്ലെങ്കിലും സദ്യയുണ്ടു വീട്ടുകാരെ സന്തോഷിപ്പിക്കും. പിന്നെ എന്താണാവോ ആൾക്കാർ വരാതിരുന്നത്? 

അയാൾ ബാക്കിവന്ന ഭക്ഷണം എല്ലാം എടുത്തു സൂക്ഷിച്ചു വെച്ചു. പിന്നീട് വാതിലും ഗേറ്റും പലവട്ടം പരിശോധിച്ചു കിടക്കാൻ പോയി. അയാൾ സൂക്ഷിക്കുകയാണ്. എന്തിനെന്നറിയില്ല. അവൾ അവളുടേതായ കാര്യങ്ങൾ ചെയ്തു ജീവിതം തള്ളിനീക്കുന്നു. അയാൾ യാതൊരു ജീവജാലങ്ങളെ അടുപ്പിക്കാതെയും  സാധനങ്ങൾ സൂക്ഷിച്ചും ഗേറ്റും വാതിലും അടച്ചു പൂട്ടിയിട്ടും തന്റെ സമ്പാദ്യം നോക്കിനടത്തി ആത്മസായൂജ്യം നേടുന്നു മറ്റുള്ളവർക്കു അയാൾ സംതൃപ്തി കൊടുക്കുന്നില്ലെങ്കിലും ,സ്വയം സംതൃപ്തനാണ്. ഇങ്ങനെയൊക്കെയാണെങ്കിലും അയാൾ പുറമെ മാന്യനാണ്. ആർക്കും ശരീരം കൊണ്ട് സഹായിക്കും .പണം തൊടീക്കില്ലെന്നുമാത്രം. അധികം സംസാരിക്കാത്ത അയാൾ ദേഷ്യം വന്നാൽ ഹീനഭാഷയിൽ പ്രാകുകയും തെറിയഭിഷേകം നടത്തുകയും ചെയ്യും. ഭീരുവായ അയാൾ ഭാര്യയോടാണ് യഥാർഥ രൂപം കാണിക്കുന്നത്. 

 

ഇയാൾ പ്രാകി പലരും തട്ടിപോയിട്ടുണ്ടെന്നു സംസാരമുണ്ട്, ശരിയായിരിക്കാം. അധികം സംസാരിക്കാത്തവരുടെ വാക്കുകൾക്കു ശക്തികൂടുതലായിരിക്കും . അതാലോചിച്ചപോൾ പെട്ടെന്ന് പേടിതോന്നി. സഹോദരി കിടക്കാനുള്ള സൗകര്യം ലിവിങ് റൂമിൽ നേരത്തെതന്നെ ഒരുക്കിയിട്ടുണ്ടായിരുന്നു എല്ലാം ഓർത്തു ഒരു ദീർഘശ്വാസവും വിട്ടു ഞാനും ഉറങ്ങാൻ പോയി. എല്ലാമുണ്ടായിട്ടും ഒന്നുമില്ലാതെ കഴിയുന്ന സഹോദരിയുടെ വിധിയോർത്തും ആരോടും സംസർഗ്ഗമില്ലാതെ തന്റെ ബംഗ്ലാവിൽ അടച്ചുപ്പൂട്ടി ‘സമ്പാദ്യം’ നോക്കി ആത്മസായൂജ്യമടയുന്ന അയാളെയോർത്തും ഇതിനിടയിൽപെട്ട് എങ്ങനെയൊക്കെയോ ജീവിച്ചുപോകുന്ന ആ മക്കളെയോർത്തും കിടന്നു, പെട്ടെന്ന് ഉറക്കത്തിലേക്കു ഊർന്നുപോയി. കുറച്ചുനാളും കൂടി അയാൾക്ക് ഇതെല്ലാം സൂക്ഷിക്കാൻ പറ്റും. ഇതെല്ലാം എവിടെ ഉപേക്ഷിച്ചു ഇയാൾ ശരീരം വിടും?  ആത്മ സംതൃപ്തിയുടെ വിവിധ ഭാവങ്ങൾ !  

 

English Summary: Sambadhyam, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com