ADVERTISEMENT

ഊന്നുവടി (കഥ)

മറ്റു മക്കളെക്കാൾ താനാണ് പ്രായമായ അച്ഛനെ നോക്കാൻ ഉണ്ടാവു എന്ന കണക്കുകൂട്ടലിൽ ആയിരുന്നു ഇളയമകൻ. വളരെ ഊർജസ്വലനായിരുന്ന അച്ഛന് കുറേശ്ശേ കുറേശ്ശേ പ്രായത്തിന്റെ അവശതകൾ കണ്ടു തുടങ്ങി. അച്ഛന്റെ ഓരോ ചലനവും സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടിരുന്നു മകൻ. അച്ഛന് ഈയിടെയായി പ്രഷർ അല്പം കൂടുതൽ ആണ്. ഷുഗറും ഒപ്പമുണ്ട്. സുഹൃത്തിന്റെ അച്ഛന് അറ്റാക്ക് വന്നു പ്രൈവറ്റ് ഹോസ്പിറ്റലിലെ ചികിത്സ കഴിഞ്ഞപ്പോൾ 2 ലക്ഷം ചിലവായി. അന്ന് മുതൽ തുടങ്ങിയ വേവലാതിയാണ് മകന്. അച്ഛന് എന്തെങ്കിലും വന്നാൽ ചികിൽത്സിക്കാൻ പൈസ വേണം. തന്റെ ശമ്പളത്തിൽ നിന്ന് ഒരു ഭാഗവും അച്ഛന്റെ പെൻഷൻ കാശും സ്വരുക്കൂട്ടി വെച്ചു. അച്ഛനാണെങ്കിൽ പ്രത്യേകിച്ചു അസുഖം ഒന്നുമില്ല. ആശ്വാസം. 

 

പക്ഷേ നടത്തത്തിൽ അല്പം ശ്രദ്ധകുറവ് ഉണ്ട്. കൊച്ചു കുട്ടികൾ പിച്ച വെച്ച് നടക്കുന്നത് പോലെ ഒരു നടത്തം.  ചില സമയത്ത് ഇപ്പോൾ വീഴുമെന്നു തോന്നിപോകും. അച്ഛനൊരു ഊന്നുവടി വേണം..! ‘അച്ഛാ അച്ഛനൊരു ഊന്നുവടി കൊണ്ടുവരട്ടെ. അത് പിടിച്ചു നടന്നാൽ ഇങ്ങനെ വീഴാൻ പോവില്ല’ മകൻ ഒരിക്കൽ അച്ഛനോട് ചോദിച്ചു. ‘പ്ഫാ നായെ.. എനിക്കല്ല ഊന്നുവടി വേണ്ടത്. നീ തന്നെ അതും പിടിച്ചു നടന്നോ’ ഒരു അലർച്ചയോടെ അച്ഛൻ മറുപടി പറഞ്ഞു. നടക്കാൻ വയ്യെങ്കിലും നാവിനൊരു കുഴപ്പവുമില്ല എന്നു മകൻ മനസ്സിൽ ഓർത്തു. 

 

സത്യത്തിൽ വീടിനുള്ളിൽ മാത്രമാണ് ആ പിച്ച പിച്ച നടത്തം. വീടിന് പുറത്തു കടന്നാൽ മാന്യനായി നടക്കും അച്ഛൻ. ആളുകൾ കണ്ടാൽ മോശം അല്ലേ. മകന്റെ മുന്നിൽ മാത്രം ആവലാതിയും അവശതയും. 

അങ്ങനെ ഇരിക്കുമ്പോഴാണ് ഊന്നുവടിയുമായി മകന്റെ വരവ്. ജീവൻ പോയാലും അച്ഛൻ വടിയും കുത്തി നടക്കില്ല എന്ന പിടിവാശി. അതൊക്കെ മോശമാണ് എന്ന ഭാവം. അങ്ങനെ ഊന്നുവടി ആളില്ലാ നാഥനായി ഒരു മൂലയിൽ കിടന്നു. വല്ല പൂച്ചയേയോ നായയെയോ ഓടിക്കാൻ മാത്രം ആ വടി അച്ഛൻ ഉപയോഗിച്ചു. അച്ഛൻ വടിയും പിടിച്ചു നടക്കുന്നത് കാണാൻ മറ്റു മക്കൾക്കൊന്നും ഇഷ്ടമല്ല. അച്ഛൻ എവിടെയെങ്കിലും വീണുപോയാൽ താനേ ഉണ്ടാവു എന്നാണ് മകന്റെ ചിന്ത. 

 

എന്നാൽ മകന്റെ കണക്കു കൂട്ടലുകൾ തെറ്റിച്ച് ഒരിക്കൽ പോലും ആ ഊന്നുവടി ഉപയോഗിക്കാതെ അച്ഛൻ യാത്രയായി.. അച്ഛൻ പറഞ്ഞത് പോലെ അത് തനിക്കു ഉപകരിക്കുമെന്നു കരുതിയാവണം മകൻ ഇന്നും ആ ഊന്നുവടി സൂക്ഷിക്കുന്നു.

 

English Summary: Writers Blog - Unnuvadi, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com