ADVERTISEMENT

എന്തരോ എന്തോ (കഥ)

രണ്ടെണ്ണം അടിച്ചിട്ടിരുന്നപ്പോൾ ആണ് ശിവന് ആ തോന്നൽ വന്നത് രാത്രി 11 മണിക്ക് പോയി ഉള്ളിവടയും കട്ടൻചായയും കുടിക്കണം. അടിച്ചത് അവൻ ആണെങ്കിലും പച്ചയ്ക്കിരിക്കുന്ന ഞങ്ങൾ അതങ്ങ് ഏറ്റെടുത്തു.

നടന്നു പോകാവുന്ന ദൂരമേയുള്ളൂ നന്ദനം മെസ്സിലേക്ക്. അപ്പോളത്തെ വർത്തമാനം പറച്ചിൽ കേട്ടാൽ മദ്യം തൊടാതെ ഇരിക്കുന്ന വിഷ്ണുവും ഞാനും ഫുൾ ഫിറ്റും ശിവൻ ഞങ്ങളെ നിയന്ത്രിക്കുന്ന ആളും ആണെന്നെ പറയു. എന്താണെന്നറിയില്ല ടച്ചിങ്സ് കഴിച്ചാൽ അപ്പോൾ വിഷ്ണുവും ഞാനും ഫിറ്റാകും. പിന്നെ ആകാശത്തിന്റെ കീഴിൽ ഉള്ളതൊക്കെ ചർച്ചാ വിഷയം ആകും.  

ചിലപ്പോൾ സിംഗപ്പൂരിൽ പോയി ബിസിനസ്സ് ചെയ്ത് കിട്ടുന്ന ലാഭം എങ്ങനെ വീതിക്കാം എന്നതാകും മൂന്നു മണിക്കൂർ ചർച്ച. അല്ലെങ്കിൽ മോഹൻലാലിനെ വച്ച് ഒരു സിനിമ എടുത്തു, നൂറാം ദിവസം എവിടെ വച്ച് വിജയം ആഘോഷിക്കണമെന്ന് ആകും. മറ്റു ചിലപ്പോൾ കമ്പനിക്കുള്ളിൽ പശുവിനെ വളർത്തി എങ്ങിനെ ലാഭം ഉണ്ടാക്കാം എന്നതാകും വിഷയം. ചർച്ചയുടെ വിഷയം എപ്പോളും സാന്ദർഭികവും ദിവാ സ്വപ്നങ്ങളിലൂടെയും ഉള്ളതാവും. ഈ ചർച്ചയൊക്കെ ആരെങ്കിലും കേട്ടാൽ ഞങ്ങൾ 3 പേരും ഒരമ്മ പെറ്റ കുടിയന്മാരാണെന്നെ തോന്നു. 

ചായക്കടയിൽ എത്തി നോക്കുമ്പോൾ മോഹനേട്ടൻ കട അടയ്ക്കാനുള്ള തത്രപ്പാടിൽ ആണ്. ഉള്ളിവടയും കട്ടൻ ചായയും കുടിക്കണം എന്ന ആഗ്രഹം ശിവൻ തന്നെ അദ്ദേഹത്തോട് പറഞ്ഞു. ഉള്ളിവട ഉണ്ടാകില്ല എന്നാലും ചായ ഉണ്ടാക്കി തരാം എന്നും പറഞ്ഞു മോഹനേട്ടൻ അടുക്കളയിലെ മുരളിയേട്ടനോടായി പറഞ്ഞു “പിള്ളേർക്ക് ഒരു 3 ചായ കൊടുത്തേരെ എന്നിട്ടു കട അടച്ചിട്ടു പോരെ”. നിമിഷ നേരം കൊണ്ട് 3 ആവി പറക്കണ ചായ മുന്നിലെത്തി കൂട്ടത്തിൽ മുരളിയേട്ടന്റെ നിഷ്കളങ്കമായ ചിരിയും. ഞങ്ങൾ ഇറങ്ങിയിട്ട് വേണം പുള്ളിക്കിനി കട അടയ്ക്കാൻ.

രാവിലെ കേട്ട ഒരു വാർത്തയിൽ പിടിച്ചു തന്നെ ആയിരുന്നു അന്നത്തെ ഞങ്ങളുടെ സംഭാഷണവും. ഏകദേശം ഞങ്ങളുടെ പ്രായമുള്ള, ഓഫീസിൽ ജോലി ചെയ്യുന്ന ഒരാൾ രാവിലെ ഹാർട്ടറ്റാക്കായി മരിച്ചിരിക്കുന്നു. എല്ലാ ദിവസവും ഇനി എക്സർസൈസ് ചെയ്യണമെന്നും ഇരുന്ന ഇരുപ്പിൽ തന്നെ ജോലി ചെയ്യുന്നത് കൊണ്ടാണ് ഇങ്ങനത്തെ അസുഖങ്ങൾ ഈ ചെറിയ പ്രായത്തിൽ വരുന്നതെന്നുമൊക്കെ ഉള്ള വിലയിരുത്തലുകളിലൂടെ ഞങ്ങൾ കത്തി കേറുക ആണ്. 

ഇടയ്ക്കിടക്ക് മുരളിയേട്ടനോട് ബുദ്ധിമുട്ടാകുന്നില്ലല്ലോ എന്നും ശിവൻ ചോദിക്കുന്നുണ്ട്. ‘‘മക്കൾ സാവകാശം കുടിച്ചോളൂ” എന്നും പറഞ്ഞ് അന്നത്തെ പത്രത്തിൽ കണ്ണോടിക്കുകയാണ് അദ്ദേഹം. പൂന്താനത്തിന്റെ ജ്ഞാനപ്പാനയിലെ വരികളിലൂടെയും, ഗീതയുടെയും ഒക്കെ ആയി ഞങ്ങളുടെ സംസാരം. അവസാനം ഞങ്ങൾ എത്തി ചേർന്നത് ഒരേ ആശയത്തിലേക്കാണ്; ‘മാസം കിട്ടുന്ന ശമ്പളം അടിച്ചു പൊളിക്കുക’ കുറെ സമ്പാദിച്ചിട്ടും ലോൺ എടുത്തു വീട് വച്ചിട്ടൊന്നും ഒരു കാര്യവുമില്ല. നാളെ എന്തെങ്കിലും പറ്റി പെട്ടെന്ന് മരിച്ചാൽ കുറെ സമ്പാദ്യം ഉണ്ടാക്കി വച്ചിട്ട് എന്ത് പ്രയോജനം, IT കമ്പനി ആയതു കൊണ്ട് ഗ്രൂപ്പ്‌ ലൈഫ് ഇൻഷുറൻസ് കിടിലൻ ആണ്, എന്തെങ്കിലും പറ്റിയാലും വീട്ടുകാരെ അത് ബാധിക്കില്ല..

അതുകൊണ്ടു ജീവിക്കുന്നിടത്തോളം കാലം പുലി ആയി ജീവിക്കണം. വീട്, ഫ്ലാറ്റ്, സ്ഥലം എന്നുള്ള ആശയങ്ങൾ ഒന്നും വേണ്ട. കുറെ വിദേശ രാജ്യങ്ങളിൽ യാത്ര ചെയ്യണം, പറ്റുമെങ്കിൽ ചൊവ്വയിലേക്കുള്ള അടുത്ത ട്രിപ്പിന് ബുക്ക് ചെയ്യണം,ഹാർലി ഡേവിഡ്സൺ വാങ്ങണം , എന്തിനേറെ ദാസനും വിജയനും പറയുന്ന പോലെ അങ്ങ് സുഖിക്കണം..

ഇടയ്ക്ക് ഒന്ന് പാളി നോക്കിയപ്പോൾ മുരളിയേട്ടൻ ഞങ്ങളെ നോക്കി ചിരിച്ചു കൊണ്ടിരിക്കുക ആണ്. ഞങ്ങൾ നോക്കുന്നത് കണ്ടപ്പോൾ അദ്ദേഹം അടുത്തേക്ക് വന്നു. എന്നിട്ടു പറഞ്ഞു ‘മക്കളെ എനിക്കിപ്പോൾ പ്രായം 73, നിങ്ങളുടെ പ്രായത്തിൽ ആലപ്പുഴയിൽ വീതം കിട്ടിയ 10 ഏക്കറോളം സ്ഥലവും വീടും ഉണ്ടായിരുന്നു, അങ്ങിനെ ഇരുന്നപ്പോൾ ആണ് ബോട്ട് മുങ്ങി അവിടെ അടുത്ത് കുറച്ചു ചെറുപ്പക്കാർ മരിക്കുന്നത്.

അന്ന്, ഞങ്ങൾക്ക് ഇപ്പോൾ തോന്നിയ ആശയം അദ്ദേഹത്തിനും തോന്നിയത്രേ, ഈ സ്ഥലവും വീടും കെട്ടി പിടിച്ചോണ്ടിരുന്നിട്ടു എന്ത് കാര്യം , എങ്ങാനും പെട്ടെന്ന് മരിച്ചാൽ... പിന്നൊന്നും നോക്കിയില്ല സ്ഥലവും വീടും ഒക്കെ വിറ്റു ലാവിഷായങ്ങു ജീവിച്ചു. പക്ഷേ എന്ത് ചെയ്യാൻ കൂട്ടത്തിലുണ്ടായിരുന്ന കൂട്ടുകാരെ ഒക്കെ ഈശ്വരൻ വിളിച്ചിട്ടും പുള്ളിയെ മാത്രം ഇപ്പോളും ഈശ്വരന് വേണ്ടത്രേ. അദ്ദേഹത്തിന്റെ വാക്കുകളിൽ പറഞ്ഞാൽ ഇന്ന് വെറും ഓട്ടകാലണ. ഹോട്ടലിൽ ജോലി ചെയ്യുന്നത് കൊണ്ട് ജീവിച്ചു പോകുന്നു. 

അതുകൊണ്ടു മക്കൾ ഇപ്പോൾ തീരുമാനിച്ചതൊക്കെ വിട്ടേക്ക്, ജനനവും മരണവുമൊക്കെ ഈശ്വരന്റെ കയ്യിൽ ആണ്. അന്നന്ന് സമാധാനത്തോടെ ജീവിക്കാൻ പറ്റുമെങ്കിൽ അത്രത്തോളം പുണ്യം വേറെ ഇല്ല. ആകാവുന്ന കാലത്തു എന്തെങ്കിലും കുറച്ചൊക്കെ വയസ്സാൻകാലത്തേക്കും മാറ്റി വക്കണം. എന്റെ ഗതി നിങ്ങൾക്ക് വരരുത്. അത് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞിരുന്നു. അത് വരെ കത്തി കേറി നിന്ന ഞങ്ങൾക്ക് പിന്നെ വാക്കുകൾ ഉണ്ടായിരുന്നില്ല.

കുറെ പിശുക്കി, ലുബ്ദിച്ചു ജീവിച്ചു എന്തെങ്കിലും സമ്പാദിച്ചു വയ്ക്കണം എന്ന് വച്ചാൽ പെട്ടെന്നായിരിക്കും മുകളിൽ നിന്നും വിളി വരിക... ഇനി അടിച്ചു പൊളിച്ചു ഒന്നും ഉണ്ടാക്കി വച്ചില്ലെങ്കിലോ ഒരു 100 വയസ്സ് വരെ ഇവിടങ്ങിനെ കിടക്കും.... എന്തരോ എന്തോ...

Enlish Summary: Entharo Entho, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com