‘അവൻ പരീക്ഷ എഴുതാൻ പാടില്ല, എഴുതിയാൽ അവന് ഫസ്റ്റ് കിട്ടും’ മകനുവേണ്ടി അധ്യാപികയായ അമ്മ ചെയ്തത്

school-students
Representative Image. Photo Credit : Alona Cherniakhova / Shutterstock.com
SHARE

പുത്രസ്നേഹം (കഥ)

സുമിത്രേ താനതൊന്നും ചെയ്യാൻ നിക്കണ്ട.. രമേശനോട് പറഞ്ഞിട്ടുണ്ട്  ആളെ വിടാൻ..

എത്ര നാളായി മാഷേ വീട് അടച്ചുപൂട്ടി കിടക്കാൻ തുടങ്ങിയിട്ട്.. പെരുമാറുമ്പോൾ ഒരിണക്കം കിട്ടണമെങ്കിൽ എന്റെ കൈ ഒന്ന് ചെല്ലണം  എല്ലായിടത്തും..

പണ്ടത്തെ പ്രായമല്ല നമ്മൾ.. സീനിയർ സിറ്റിസൺസാ..

അതൊക്കെ ശരീരത്തിനല്ലേ മാഷേ.. മനസ്സ് വിചാരിച്ചാൽ എത്താൻ പറ്റാത്തിടമുണ്ടോ..

ഉവ്വ്.. മനസുംകൊണ്ട് ഓടി നടന്ന് എവിടെയെങ്കിലും ഉരുണ്ട് വീണട്ട് വേണം ആ  പിള്ളേരുടെ സമാധാനം കളയാൻ..

അല്ലാ.. ആരോ വരുന്നുണ്ടല്ലോ..

മാഷേ.. എപ്പോൾ എത്തി..

ചിരിച്ചു കൊണ്ട് ഒരു ചെറുപ്പക്കാരൻ അടുത്തേക്ക് വന്നു.

രണ്ടാളും നോക്കി ചിരിച്ചെങ്കിലും അവരുടെ മുഖഭാവത്തിൽ വ്യക്തമായിരുന്നു ആളെ മനസിലായില്ലെന്ന്. അത്‌ വന്ന ആൾക്കും മനസ്സിലായി.

എന്നെ മനസിലായില്ലേ മാഷേ.. ടീച്ചറമ്മേ... ഞാൻ ഉണ്ണി.. രണ്ടാളും എന്നെ പഠിപ്പിച്ചീട്ടുണ്ട്... വിവേകിന്റെ ക്ലാസ്സിലായിരുന്നു ഞാനും..

സുമിത്രയുടെ ഉള്ളിലൊരു വെള്ളിടി വെട്ടി ഉണ്ണി എന്ന പേര് കേട്ടപ്പോൾ.

ഉണ്ണിയോ...

എത്ര കാലായെടാ കണ്ടീട്ട്... താടീം മീശേം ഒക്കെ വച്ചപ്പോൾ മനസ്സിലായില്ല.. പക്ഷേ പണ്ടത്തെ മുഖത്തിന്‌ ഒട്ടും മങ്ങലേറ്റിട്ടില്ല മനസ്സിൽ.. വാ കയറി ഇരിക്ക്..

ഉണ്ണി ചെരുപ്പൂരി വരാന്തയിലേക്ക് കയറി ഇളന്തിണ്ണയിൽ ഇരുന്നു.

മാഷൊക്കെ എപ്പോഴാ എത്തിയെ? ഞാനെന്നും ഇതുവഴി പോകുമ്പോൾ ഒന്നിങ്ങോട്ട് നോക്കാൻ മറക്കാറില്ല.. എത്ര കേറിയിറങ്ങിയ വീടാ..

ഇന്ന് വെളുപ്പോടെയാണ് എത്തിയത്.. ഇനി ഇവിടെ തന്നെ ഉണ്ടാകും..

സന്തോഷം.. പിന്നെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ?

ഈ വയസ്സന്മാർക്കെന്ത് വിശേഷം ഉണ്ണീ..

അത്‌ കൊള്ളാം.. ഇതാര് പറഞ്ഞു വയസ്സായെന്ന്?

പിന്നെ... വിവേകിന്റെ വിശേഷം എന്താ?

അവനിപ്പോ അമേരിക്കയിലാ. ടെക്‌നോപാർക്കിലെ ഒരു കമ്പനീൽ ആയിരുന്നു.. അവര് വിട്ടതാ... ഇപ്പോൾ ഒന്നര വർഷമായി..

കല്യാണം കഴിഞ്ഞല്ലേ.. രമേശേട്ടൻ പറഞ്ഞു.

ഉവ്വ്.. ഒരു മോളുമുണ്ട്.. മൂന്ന് വയസ്സ്.. ഇന്നലെ അമ്മയും മോളും അവന്റെ അടുത്തേക്ക് പോയി.. അവരെ യാത്ര ആക്കീട്ടാ ഞങ്ങൾ ഇങ്ങോട്ട് പൊന്നെ.. ഇനി ഇവിടെ സ്വസ്ഥം..

ആഹാ.. അത്‌ നന്നായി.. ഞങ്ങളെപ്പോഴും പറയും നിങ്ങൾ കൂടി വേണമായിരുന്നു ഇവിടെയെന്ന്..

അതൊക്കെ പോട്ടെ.. ഉണ്ണീടെ വിശേഷങ്ങൾ എന്താണ്?

നന്നായി പോകുന്നു മാഷേ.. നമ്മുടെ പണ്ടത്തെ പരിപാടി.. കൃഷി തന്നെ മെയിൻ... പിന്നെ  ഒരു ട്യൂഷൻ സെന്റർ നടത്തുന്നുണ്ട്.. ഒപ്പം പി എസ് സി കോച്ചിങ്ങും...

നന്നായല്ലോ അത്‌... പഠിച്ചോ നീ പിന്നെ.. ഒരു വിവരോം അറിയാൻ കഴിഞ്ഞില്ല.. ആരോടും പറയാതെ പൊയ്ക്കളഞ്ഞില്ലേ നിങ്ങൾ..

ഉണ്ണി സുമിത്രയെ ചിരിച്ചുകൊണ്ട് നോക്കി.

അവർ വിഷമത്തോടെ അകത്തേക്ക് നടന്നു. പക്ഷേ ഉണ്ണിയുടെ മറുപിടി കേൾക്കാൻ ആഗ്രഹിച്ചിട്ടെന്നപോലെ വാതിലിന്റെ മറവിൽ നിന്നു.

ഈശ്വരാനുഗ്രഹം കൊണ്ട് അതിന് കഴിഞ്ഞു മാഷേ.. അന്ന് അമ്മ എന്നേം കൂട്ടി പോയില്ലായിരുന്നെങ്കിൽ ഇന്ന് ഞാനുണ്ടാകുമായിരുന്നില്ല..

അമ്മയുടെ നാട്ടിലേക്കാ ഞങ്ങൾ അന്ന് രാത്രിക്ക് രാത്രി പോയത്.. ഒരു ഒളിച്ചോട്ടംന്ന് തന്നെ പറയാം. കുറച്ച് ദിവസം വലിയമ്മാവന്റെ വീട്ടിൽ താമസിച്ചു. അവർക്കൊരു ബാധ്യത പോലെ തോന്നിയപ്പോൾ അമ്മയ്ക്ക് വീതം കിട്ടിയ മണ്ണിൽ ഒറ്റദിവസം കൊണ്ട് ഒരു ഓല മേഞ്ഞ വീടുണ്ടാക്കി അങ്ങോട്ട് മാറി.

മണ്ണിലിറങ്ങാൻ മടിയില്ലാത്തവന് എവിടെ ചെന്നാലും അന്നം മുട്ടില്ല മാഷേ.. കൂലിപ്പണിക്ക് തന്നെ ഇറങ്ങി.. കുറച്ച് കഴിഞ്ഞപ്പോൾ പറമ്പിൽ കൃഷി ചെയ്ത് തുടങ്ങി.. എന്തിനും ഏതിനും ഒപ്പമുണ്ടായിരുന്നെന്റെ അമ്മ.. ഞാനിന്ന് എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കിൽ അത്‌ ആ പുണ്യത്തിന്റെ സുകൃതമാണ്...

നാല് വർഷത്തിനപ്പുറം ഞാൻ വീണ്ടും പുസ്‌തകം തുറന്നു. എസ് എസ് എൽ സി എഴുതി. അന്നും കിട്ടി ഡിസ്റ്റിങ്ങ്ഷൻ മാർക്ക്. പിന്നെ പാരലൽ കോളേജിൽ ചേർന്നു. ആഗ്രഹിച്ചപോലെ സയൻസ് ഒന്നും പഠിയ്ക്കാൻ പറ്റിയില്ല. അച്ഛനപ്പോഴേക്കും വയ്യാതായി. ഞങ്ങളെ തേടി വന്നു. കൂടെ കൂട്ടി.

പ്രീ ഡിഗ്രി കഴിഞ്ഞപ്പോൾ ഇങ്ങോട്ട് വന്നു. പണിയുടെ ഇടയിൽക്കൂടിയൊക്കെ പഠിച്ചു എം എ വരെ എത്തിച്ചു. അതിനിടയിൽ വീട്ടിലെടുത്തിരുന്ന ട്യൂഷൻ ഒന്നുകൂടി വിപുലീകരിച്ച് ഒരു ട്യൂഷൻ സെന്റർ  ആക്കി. നന്നായി പോകുന്നുണ്ടിപ്പോൾ... അച്ഛൻ രണ്ട് വർഷം മുൻപ് മരിച്ചു. ഒരുപാട് കുറ്റബോധമുണ്ടായിരുന്നു എന്നോടുണ്ടായിരുന്ന പെരുമാറ്റത്തിൽ..

മ്മ്.. എന്തായാലും കുറേ വിഷമിച്ചെങ്കിലും തളരാതെ എല്ലാം നേടിയെടുത്തല്ലോ. സന്തോഷായി...

നിങ്ങളെ ഒന്ന് കാണാൻ എത്ര ആഗ്രഹിച്ചിരുന്നെന്നറിയോ.. ഇപ്പോഴെങ്കിലും നടന്നല്ലോ അത്‌.. ആൽത്തറയിൽ കൂടുമ്പോൾ മാഷിന്റെ കവിതാലാപനത്തെ പറ്റി പറയാത്ത ദിവസങ്ങൾ കുറവാണ്..

വേറെ തിരക്കും കാര്യങ്ങളുമൊന്നുമില്ലല്ലോ ഇനി.. അപ്പോ വൈകുന്നേരം അമ്പലത്തിലോട്ടിറങ്ങ് രണ്ട് പേരും കൂടി. അവിടെ ആൽത്തറയിൽ കൂടാം ഇനിയുള്ള വൈകുന്നേരങ്ങൾ..

അതെന്താപ്പോ അവിടെ..

പണ്ടും നിങ്ങളെല്ലാവരും കൂടുമായിരുന്നില്ലേ വൈകുന്നേരങ്ങളിൽ.. പിന്നെ അതെന്നാ നിന്നു പോയതെന്നറിയില്ല.

ഞാൻ തിരിച്ചു വരുമ്പോൾ ആൽത്തറ ശൂന്യമായിരുന്നു. എങ്കിലും ഞാനെന്നും ചെന്നിരിക്കും.

ഒരു ദിവസം അവടിരിക്കുമ്പോൾ തോന്നിയൊരു തോന്നലിൽ  ഗംഗാധരൻ മാഷെ പോയിക്കണ്ടു. ആൾ ചാടിയിറങ്ങി. റിട്ടയേർഡ് ആയതോടെ വീട്ടിൽത്തന്നെ  ചുരുണ്ട് കൂടി ഇരിക്കുകയായിരുന്നു.

പിന്നെ രവി മാഷും ചെറിയാൻ മാഷും വില്ലേജ് ഓഫീസർ ആയിരുന്ന മധു സാറും ജലജ ടീച്ചറും തടി മില്ലിലെ വിനോദേട്ടനുമൊക്കെയായി ജീവിത സായാഹ്നം ആഘോഷിക്കുന്ന ഇരുപത് പേരോളം പേർ അക്ഷര ശ്ലോകവും കഥ പറച്ചിലുമൊക്കെയായി രാത്രി  എട്ടുമണിവരെ അവിടെക്കൂടും.. ഇതൊക്കെ കേൾക്കാനായി കുറേ നാട്ടുകാരും വരും. അതിൽ ഇന്നത്തെ ചില ന്യൂജനറേഷൻ പിള്ളേരുമുണ്ട് കേട്ടോ...

മാഷിന്റെ കവിത കേട്ടിട്ട് വർഷങ്ങളായി.. ഇന്നെന്തായാലും ഒരു പിടി പിടിക്കണം കേട്ടോ മാഷേ..

എന്താ കഥ.. എത്ര നാളായി ഞാൻ കവിത ചൊല്ലീട്ടെന്നറിയോ.. മറവിയുമുണ്ട് ഒട്ടും മോശമല്ലാത്ത രീതിയിൽ..

അതിനൊക്കെയുള്ള മറുമരുന്നായിട്ടാ മാഷേ അങ്ങോട്ടിറങ്ങാൻ പറഞ്ഞത്..

ഞങ്ങളുടെ ക്ലാസ്സിലുണ്ടായിരുന്ന രതീഷിന്റെ അച്ഛനില്ലേ ഇരവി ചേട്ടൻ..

പുള്ളി ഷുഗറാണ് പ്രഷറാണ് എനിക്ക് വയ്യേ എന്നും പറഞ്ഞു നടന്നിരുന്ന ആളാ.. രതീഷാ എന്നെ വിളിച്ചു പറഞ്ഞേ ആളെക്കൂടി കൂട്ടാൻ.. പിടിച്ച പിടിയാലേ കൊണ്ട് പോയി രണ്ട് മൂന്ന് ദിവസം.. ഇപ്പോൾ 

പുലി പോലെ ഓടി നടക്കുന്നുണ്ട്..

എന്നാ ഞാനിറങ്ങട്ടെ...

അപ്പോൾ വൈകുന്നേരം കാണാം. ടീച്ചറോട് പറഞ്ഞേക്ക്‌ട്ടോ..

ഹാ.. പോവായോ.. ഒരു ചായ പോലും തന്നില്ല..

പാചകം ഒന്നും തുടങ്ങീട്ടില്ല.. എല്ലാം സെറ്റ് ചെയ്യുന്നേ ഉളളൂ.. എന്നാലും..

ഓ.. അതാണോ ഇത്ര കാര്യം.. ടീച്ചറുടെ ഭക്ഷണം കേറിയിറങ്ങി കുറേ  കഴിച്ചീട്ടുള്ളതല്ലേ.. നിങ്ങളിവിടുണ്ടല്ലോ.. ഇനീം വരാം..

പിന്നേ.. എന്താവശ്യമുണ്ടെങ്കിലും വിളിക്കണം കേട്ടോ.. ഇതാ നമ്പർ.. എങ്കിൽ ശരി..

ഉണ്ണി പോക്കറ്റിൽ നിന്നും വിസിറ്റിങ് കാർഡ് എടുത്ത് കൊടുത്തുകൊണ്ടിറങ്ങി.

സുമിത്രേ.. താനെന്താ ഉണ്ണി വന്നപ്പോൾ അകത്തേക്ക് പോയ്‌കളഞ്ഞത്...

എന്ത് പറയും മാഷേ ഞാനവനോട്...

അവനൊരു മാറ്റോം ഇല്ലെടോ..

അല്ലെങ്കിലും ഉണ്ണിയല്ല.. ഞാനല്ലേ മാറിപ്പോയത്...

ഓർമ്മകളുടെ വേലിയേറ്റത്തിൽ ആടിയുലഞ്ഞ മനസ്സോടെ സുമിത്ര പറഞ്ഞു

സ്കൂളിൽ ചേർന്നപ്പോൾ മുതലുള്ള കൂട്ടുകാരായിരുന്നു വിവേകും ഉണ്ണിയും.. മിടുമിടുക്കൻമാരായിരുന്നു. ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും മാറി മാറി പങ്കിട്ടു. ശാസ്ത്രമേളയിലൊക്കെ ഉണ്ണി ചെയ്യുന്ന പ്രൊജക്റ്റ്‌കൾ കണ്ട് എല്ലാവരും അത്‍ഭുതപ്പെട്ടു നിൽക്കുമായിരുന്നു. നല്ല ഭാവിയുള്ള കുട്ടിയായിരുന്നു. താനായീട്ട് എല്ലാം തകർത്തു.

ഒഴിവ് ദിവസങ്ങളിലൊക്കെ ഉണ്ണി ഇവിടെ ആയിരിക്കും. ഉണ്ണിയുടെ അച്ഛന് അവനെയോ അവൻ പഠിക്കുന്നതോ  ഇഷ്ടമായിരുന്നില്ല. പണിക്ക് പോയി കാശുണ്ടാക്കാൻ പറഞ്ഞു എപ്പോഴും ഉപദ്രവമായിരുന്നു. കൂപ്പിലെ പണിക്കാരനായിരുന്ന അയാൾ ആഴ്ചയിലൊരിക്കലായിരുന്നു വന്നിരുന്നത്. അപ്പോഴൊക്കെയും അവൻ അഭയം തേടിയിരുന്നത് ഇവിടെയായിരുന്നു. അമ്മയും അവനും കൂടി കൃഷിപ്പണി ചെയ്തായിരുന്നു വരുമാനം കണ്ടെത്തിയിരുന്നത്..

വിവേകിന്റെയും ഉണ്ണിയുടേയും സൗഹൃദം എല്ലാവർക്കും ഇഷ്ടമായിരുന്നു. തനിക്കും മാഷിനും അവനും മകനെപ്പോലെ തന്നെ ആയിരുന്നു.തന്നെ അവൻ ടീച്ചറമ്മേന്ന് തികച്ചു വിളിയ്ക്കില്ലായിരുന്നു.

എട്ടാം ക്ലാസ്സ്‌ മുതലാണ് വിവേകിൽ മാറ്റങ്ങൾ വന്ന് തുടങ്ങിയത്. ആദ്യം ഉണ്ണിയെയാണ്  താനും മാഷും കൂടുതൽ സ്നേഹിക്കുന്നതെന്ന് പറഞ്ഞായിരുന്നു പ്രശ്നം.

ഉണ്ണിയോട് പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും വീട്ടിൽ ബഹളമായിരുന്നു. ഉണ്ണിയെ എന്തെങ്കിലും കാര്യത്തിന് പ്രശംസിച്ചാലോ, ചിരിച്ചു സംസാരിച്ചാലോ അന്നത്തെ ദിവസം അവൻ  പ്രശ്നങ്ങളുണ്ടാക്കും. മാഷ് വഴക്ക് പറയാൻ തുടങ്ങിയതിൽ പിന്നെ തന്റടുത്തായി ബഹളങ്ങൾ. വീട്ടിലെ സന്തോഷമെല്ലാം പൊയ്പ്പോയത് പോലെയായി. വിവേകിന് എന്ത് ചെയ്താലും ദേഷ്യമായിരുന്നു. പഠനത്തിലും അവൻ പുറകോട്ട് പോയി.

ഇതൊന്നും അറിയാതെ ഉണ്ണി എത്ര സ്നേഹത്തോടെയാണ് പെരുമാറിയിരുന്നത്. എന്നിട്ടും മകന്റെ സന്തോഷത്തിന് വേണ്ടി പതുക്കെ താൻ അവനിൽ നിന്നും അകന്ന് നിന്നു. മാഷ് പക്ഷേ അവനെ എപ്പോഴും ചേർത്ത് പിടിച്ചിരുന്നു.

കുറച്ച് നാൾ കഴിഞ്ഞപ്പോൾ വിവേക് പുതിയ ആവശ്യവുമായി വീണ്ടും വന്നു.

അന്ന് ഉണ്ണിയായിരുന്നു എല്ലാ പരീക്ഷകളിലും ഒന്നാമൻ. ഇനി അവൻ ഒന്നാമനാകരുതെന്നായിരുന്നു പുതിയ ആവശ്യം. മാർക്ക്‌ കുറച്ചിടണമെന്ന്. അതെങ്ങിനെ സാധിക്കാനാണ്. ഉണ്ണി നന്നായി പഠിച്ചാൽ മാർക്ക്‌ കിട്ടുകതന്നെ ചെയ്യുമെന്ന് പറഞ്ഞതൊന്നും അവൻ ചെവി കൊണ്ടില്ല. പക്ഷേ അക്കാര്യത്തിൽ താൻ ഒട്ടും വിട്ട് കൊടുക്കാതിരുന്നത് കൊണ്ട് വിവേക് രക്ഷയില്ലാതെ പ്രശ്നം അവസാനിപ്പിച്ചു.

അവൻ വീണ്ടും നന്നായി പഠിയ്ക്കാൻ തുടങ്ങി. എങ്കിലും ഒന്നോ രണ്ടോ മാർക്കിന് ഉണ്ണി തന്നെയായിരുന്നു മുന്നിൽ.

അന്ന് അവർ പത്താം ക്ലാസ്സിലായിരുന്നു. സെക്കന്റ്‌ ടേമിന്റെ പരീക്ഷയ്ക്ക് കുറച്ചു ദിവസം മുൻപ് അവൻ വീണ്ടും പുതിയ കാര്യവുമായി വന്നു. ഉണ്ണി എസ് എസ് എൽ സി പരീക്ഷ എഴുതാൻ പാടില്ലെന്ന്.. അവൻ എഴുതിയാൽ ഫസ്റ്റ് അവനായിരിക്കുമെന്ന്  തനിക്കതിൽ ഒന്നും ചെയ്യാനാവില്ലെന്ന് പറഞ്ഞതിൽ പിന്നെ രണ്ട് ദിവസം മിണ്ടിയില്ല അവൻ. അത് തന്നെ ഒരുപാട് വേദനിപ്പിച്ചു. ആകെയുള്ള മകനല്ലേ പുത്രസ്നേഹം സ്വാർത്ഥതയായി പതുക്കെ എന്നിലും നിറഞ്ഞു. എന്താണ് വേണ്ടതെന്ന ചോദ്യവുമായി ചെന്നപ്പോൾ, എല്ലാം ചെയ്തോളാം ഒരു സപ്പോർട്ട് മതിയെന്നാണവൻ പറഞ്ഞത്.

അവരുടെ ക്ലാസ്സ്‌ ടീച്ചർ താനായിരുന്നത് കൊണ്ട് എന്നും ഫസ്റ്റ് പീരിയഡ് തന്റെ ആയിരിക്കും. അറ്റെൻഡൻസ് എടുത്ത് കഴിഞ്ഞപ്പോൾ വിവേക് എഴുന്നേറ്റ് നിന്ന് പരീക്ഷ ഫീസ് കൊണ്ട് വന്നത് കാണുന്നില്ല എന്ന് പറഞ്ഞു. ബാഗിലും ബുക്കിനുള്ളിലുമൊക്കെ നോക്കാൻ പറഞ്ഞു. എല്ലായിടത്തും നോക്കിയിട്ടും കണ്ടില്ല. അവന്റെ പോക്കറ്റിലും ഇരിക്കുന്നിടത്തുമൊക്കെ നോക്കിയെങ്കിലും കിട്ടിയില്ല. എല്ലാവരുടെയും ബാഗ് പരിശോധിക്കണമെന്ന് അവൻ ആവശ്യപ്പെട്ടപ്പോൾ അപകടം മണത്തു.

വിചാരിച്ചത് പോലെ ഉണ്ണിയുടെ ബാഗിൽ നിന്നും പൈസ കണ്ടെടുത്തു. ഞെട്ടി തെറിച്ചു നിന്ന ഉണ്ണിയെ താൻ കുറേ വഴക്ക് പറഞ്ഞു. അവനോട് ഓരോന്ന് ചോദിക്കുമ്പോഴും താൻ അവന്റെ മുഖത്ത് നോക്കിയിരുന്നില്ല.  ഹെഡ് മാസ്റ്ററിന്റെ ഓഫീസിലേക്ക് കൊണ്ട് പോയി. അവൻ ആവുന്നതും പറയുന്നുണ്ടായിരുന്നു. അവൻ എടുത്തില്ലെന്ന്. പക്ഷേ എത്ര നല്ലവനാണെങ്കിലും ഒരു ചെറിയ തെറ്റ് കണ്ടാൽ അത്‌ ആഘോഷിക്കപ്പെടുമല്ലോ.. അതുപോലെ ഇതും ആ ഗണത്തിൽപ്പെട്ടു.

വീട്ടിൽ നിന്നും ആളെ കൊണ്ട് വരാൻ പറഞ്ഞ്  വിടുമ്പോൾ ഉണ്ണി തന്നെ ദയനീയതയോടെ നോക്കിയ നോട്ടം... അതിന്റെ ഓർമ്മയിൽ കാലങ്ങളോളം കുറ്റബോധത്തിന്റെ തീച്ചൂളയിൽ കിടന്ന് വെന്തുരുകിയിട്ടുണ്ട്.

അന്ന് ഉച്ചയ്ക്ക് ക്ലാസ്സിലെ വിനീത് തന്റെ അടുത്ത് വന്ന്  പറഞ്ഞിരുന്നു. വിവേക് ഉണ്ണിയുടെ ബാഗിൽ പൈസ വെയ്ക്കുന്നത് കണ്ടെന്ന്. എന്നാൽ ആരോടും പറയരുതെന്നും പറഞ്ഞാൽ പരീക്ഷ എഴുതില്ലെന്നുമുള്ള കർശന നിർദേശത്തോടെയാണ് പുത്രസ്നേഹത്താൽ അന്ധയായി പോയ താൻ ആ കുട്ടിയെ പറഞ്ഞു വിട്ടത്. സ്കൂളിൽ എല്ലാവരും അറിഞ്ഞ കാര്യം ആ ചെറിയ ഗ്രാമത്തിൽ നിറയാൻ പ്രയാസമുണ്ടായില്ല. ഉണ്ണിയുടെ അവസ്ഥ അറിയുന്നവർ ഗതികേട് കൊണ്ട് ചെയ്തതായിരിക്കുമെന്ന് വിശ്വസിച്ചു.

അന്ന് ഉണ്ണിയുടെ അച്ഛൻ വരുന്ന ദിവസമായിരുന്നു. പക്ഷേ രാത്രി ആയീട്ടും അവൻ വീട്ടിലേക്ക് വന്നില്ല.

ജില്ലാ ഓഫീസിൽ  പോയിരുന്ന മാഷ് ഉണ്ണി വന്നില്ലേ എന്നും ചോദിച്ചാണ് കയറി വന്നത്. വിവരങ്ങൾ പറഞ്ഞപ്പോൾ അദ്ദേഹം അതൊന്നും വിശ്വസിച്ചുമില്ല തന്നെ കുറേ ശകാരിക്കുകയും ചെയ്തു.

അപ്പോൾ തന്നെ മാഷ് ഉണ്ണിയുടെ വീട്ടിലേക്കിറങ്ങി. വീടിനടുത്തെത്തിയപ്പോഴേ കരച്ചിലും ബഹളവുമൊക്കെ കേട്ടു. കവലയിൽ നിന്നും വിവരങ്ങളറിഞ്ഞ ഉണ്ണിയുടെ അച്ഛൻ അവനെ വല്ലാതെ ഉപദ്രവിച്ചു. മാഷ് ചെല്ലുമ്പോൾ കെട്ടിയിട്ട് തല്ലുകയായിരുന്നു അവനെ. തടയാൻ ചെല്ലുന്ന അവന്റെ അമ്മയെയും തല്ലുന്നുണ്ടായിരുന്നു. കുറച്ച് ആളുകൾ അവിടവിടായി നിൽക്കുന്നുണ്ടായിരുന്നെങ്കിലും ആരും പ്രതികരിച്ചില്ല. തടയാൻ ചെന്ന മാഷിനേയും ഉപദ്രവിച്ചെങ്കിലും പിടിച്ചു മാറ്റാൻ കഴിഞ്ഞു. പക്ഷേ എത്ര വിളിച്ചീട്ടും ഉണ്ണി വീട്ടിലേക്ക് വരാൻ കൂട്ടാക്കിയില്ല.

വീട്ടിൽ വന്ന് സങ്കടം പറഞ്ഞ മാഷ് കരയുകയായിരുന്നു. പിന്നെ തനിക്കും പിടിച്ചു നിൽക്കാനായില്ല എല്ലാം തുറന്ന് പറഞ്ഞു. അന്ന് ആദ്യമായി മാഷ് വിവേകിനെ തല്ലി. അവനെ വല്ലാതെ നിർബന്ധിച്ചപ്പോഴാണ് വിവരങ്ങൾ തുറന്ന് പറയുന്നത്.

എട്ടാം ക്ലാസ്സിൽ പുതിയതായി വന്ന കുട്ടിയായിരുന്നു ദിലീപ്. അവനായിരുന്നു ഇതിനെല്ലാം പിന്നിൽ. അവന് അവരോടൊപ്പം കൂട്ട് കൂടണമെന്നുണ്ടായിരുന്നെങ്കിലും അല്പം അടിപിടിയുമായി നടക്കുന്ന അവനോട് അവർക്ക് താല്പര്യമില്ലായിരുന്നു. അത്‌ ദിലീപിലുണ്ടാക്കിയ ദേഷ്യമാണ് ഇവിടെ വരെ  എത്തിയത്.

ആദ്യം ഉണ്ണിയെ തെറ്റിദ്ധരിപ്പിക്കാൻ നോക്കിയെങ്കിലും നടന്നില്ല. പക്ഷേ വിവേകിന്റെ അടുത്ത് അത്‌ വിജയിച്ചു. തനിക്കും മാഷിനും ഉണ്ണിയോടാണ്  സ്നേഹക്കൂടുതൽ എന്നൊക്കെ  വ്യാജമായ തെളിവ് സഹിതം പറഞ്ഞു കൊടുത്തു വിശ്വസിപ്പിച്ചു. ഈ പ്രശ്നങ്ങൾക്കെല്ലാം കാരണം അതായിരുന്നു.

പിറ്റേ ദിവസം ചെന്ന് ഉണ്ണിയോട് മാപ്പ് പറയണമെന്നും പറഞ്ഞാണ് കിടന്നത്. പക്ഷേ അതിരാവിലെ അവിടെ ചെന്നെങ്കിലും ഉണ്ണിയേയും അമ്മയേയും കാണാനായില്ല.

പിന്നെ ഇതുവരെ മനസ്സറിഞ്ഞു സന്തോഷിച്ചീട്ടില്ല. വിദ്യ പകർന്ന് നൽകേണ്ട താൻ തന്നെ അത്‌ മുടക്കിയല്ലോ എന്ന ചിന്ത കൊണ്ടാണ് മാഷ് റിട്ടയേർഡായപ്പോൾ താൻ   രാജി വെച്ചതും  വിവേക് പഠിക്കുന്ന കോളേജിനടുത്തേക്ക് താമസം മാറ്റിയതും. ഉണ്ണിയെ പറ്റി മോശമായൊരു വാർത്ത കേൾക്കുമോ എന്നൊരു ഭയം കൊണ്ട് ഈ നാട്ടിലുള്ള ആരുമായും ബന്ധം സൂക്ഷിച്ചില്ല.വിവേകും പിന്നൊരിയ്ക്കലും ഉണ്ണിയെ പറ്റി പറഞ്ഞു കെട്ടീട്ടില്ല. മാഷ് മാത്രം  വീടിന്റെ കാര്യങ്ങൾക്കായി രമേശനെ വിളിക്കുമായിരുന്നു.ഇവിടേക്ക് വരാനുള്ള മടികൊണ്ടായിരുന്നു വിവേകിന്റെ വിവാഹം പോലും അവിടെ വച്ചു നടത്തിയത്.

ഒരിയ്ക്കലും കാണരുതേ എന്നും, എന്നാൽ അപ്പോൾ തന്നെ, ഒന്ന് കണ്ട് ചെയ്തു പോയ തെറ്റിന് മാപ്പിരക്കണമെന്നും മാറ്റി ചിന്തിക്കുമായിരുന്ന മുഖമാണ് ഇന്ന് മുന്നിൽ  കണ്ടത്.

പക്ഷേ കണ്ടപ്പോൾ ഒന്നിനും കഴിഞ്ഞുമില്ല.

സംസാരിക്കണം ഉണ്ണിയോട്...

എങ്കിലേ ഇനിയുള്ള ജീവിതത്തിലെങ്കിലും അല്പം സ്വസ്ഥത കിട്ടൂ.

വൈകുന്നേരം ക്ഷേത്രത്തിൽ നിന്നും തൊഴുതിറങ്ങുമ്പോൾ  കണ്ടു ആൽത്തറയിലെ സൗഹൃദ കൂട്ടം.

എല്ലാവരോടും പരിചയം പുതുക്കി സംസാരിച്ചു കഴിഞ്ഞപ്പോൾ മനസ്സിനൊരു സന്തോഷം തോന്നി. മാഷിനോട് പറഞ്ഞുകൊണ്ട് ആൽത്തറയിൽ നിന്നും കുറച്ച് നീങ്ങി നിന്ന് ആരോടോ സംസാരിച്ചു കൊണ്ട് നിന്ന   ഉണ്ണിയുടെ അടുത്തേക്ക് നടന്നു.

ഉണ്ണീ..

ആ..ടീച്ചറമ്മേ.. 

ഉണ്ണി തിരിഞ്ഞു നോക്കി.

എങ്ങിനെയുണ്ട് ആൽത്തറ മേളം?..

എന്ന് ചോദിച്ചുകൊണ്ട് ടീച്ചറുടെ നേരെ തിരിഞ്ഞു. അതിനിടയിൽ സംസാരിച്ചു നിന്ന ആളുമായി കൈ കൊടുത്ത് പിരിഞ്ഞു.

നല്ല കാര്യം ഉണ്ണി.. പ്രായമാകുമ്പോൾ ആർക്കും വേണ്ടാതെ ഒരു  മൂലയിലൊതുങ്ങി പോകുന്നവരെ ഏറ്റവും മുന്നിൽ കൊണ്ട് വന്ന് നിറുത്തിയില്ലേ.. എത്ര അഭിനന്ദിച്ചാലും മതിയാകില്ല..

പ്രായമായവർ മൂലയിൽ ഒതുങ്ങേണ്ടവരല്ല ടീച്ചറേ.. അവരാണ് യുവത്വത്തിന്റെ സമ്പത്ത്.. അവർ പകർന്ന് തരുന്ന അനുഭവങ്ങളുടെ സമ്പത്ത് വേറെ ആർക്കും നൽകാൻ കഴിയില്ല...

പിന്നെ.. ഉണ്ണീ.. ഞാൻ..

വേണ്ട ടീച്ചറമ്മേ.. എനിക്കറിയാം...എന്താ  പറഞ്ഞു വരുന്നതെന്ന്.. അതെല്ലാം കാലം മായ്ച്ചു കളഞ്ഞ കാര്യങ്ങളാണ്.. അതൊന്നും ഇനി പൊടി തട്ടിയെടുക്കണ്ട നമുക്ക്..

അങ്ങനെയല്ല ഉണ്ണീ.. ഇത്രയും കാലം ഞാനനുഭവിച്ച കുറ്റബോധത്തിന്റെ നീറ്റൽ.. അതിനിയും താങ്ങാൻ വയ്യ.. നിന്നോട് ചെയ്തതെല്ലാം ഇനിയും ഞാൻ ഏറ്റുപറഞ്ഞില്ലെങ്കിൽ..

ടീച്ചറമ്മേ .. എനിക്ക് എല്ലാം അറിയാം.. വിനീത് പറഞ്ഞിരുന്നു എല്ലാം..

എനിക്ക് നിങ്ങളോടുള്ള സ്നേഹത്തിന് ഒരുകാലത്തും ഒരു കുറവും വന്നീട്ടില്ല..

ഞാനൊന്ന് നിവർന്നു നിന്നതിൽ പിന്നെ നിങ്ങളെ എല്ലാവരേയും കോൺടാക്ട് ചെയ്യാൻ ശ്രമിച്ചിരുന്നു. വിവേകിനെ ഒരുപാട് തവണ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചു. അവൻ അകന്ന് നിൽക്കുകയായിരുന്നു. എന്നോട് മാത്രമല്ല ഈ നാട്ടിലെ ആരുമായും അവനൊരു ബന്ധത്തിന് ശ്രമിച്ചില്ല.. പിന്നെ അവന്റെ സന്തോഷം അതാണെങ്കിൽ അങ്ങനെ ആയിക്കോട്ടെ എന്ന് വെച്ചു. രമേശേട്ടനിൽ നിന്നുമാണ് പിന്നെ വിവരങ്ങളറിഞ്ഞത്..

എനിക്കിതാണ് വിധിച്ചത്.. അതിൽ അല്പം പോലും നിരാശയുമില്ല.. സന്തോഷം മാത്രം..

മാപ്പെന്ന് പറയാൻ പോലുമുള്ള അർഹത എനിക്കില്ലാതായി പോയല്ലോ കുട്ടീ..

എന്താ ടീച്ചറമ്മേ  ഇത്.. ഞാനെല്ലാം മറന്നു.. ഇനി ഇതിനെ പറ്റി ചിന്തിച്ചു മനസ്സ് വിഷമിപ്പിക്കരുത്..

നമുക്ക്‌ എല്ലാവർക്കും കൂടി  സന്തോഷത്തോടെ ഇവിടെയങ്ങ്  കൂടാമെന്നേ...

ഇനി അമേരിക്കക്കെങ്ങാൻ പൊയ്ക്കളയോ..

ഉണ്ണി ടീച്ചറെ ചേർത്തു പിടിച്ചു കൊണ്ട് ചോദിച്ചു

ഇല്ലേയില്ല... ഇനി ഇവിടെത്തന്നെ കൂടണമെന്ന് നിനച്ചാ വന്നത്. അത്‌ അങ്ങനെ തന്നെ.. ഞങ്ങൾ ഒറ്റക്കാവൂല്ലേന്ന വിഷമമായിരുന്നു വിവേകിനും ഭാര്യക്കും. ഇനി വിളിക്കുമ്പോൾ പറയാം വിളിച്ചാ വിളിപ്പുറത്തായി ഉണ്ണിയും കൂടെ  ഒരുപാട് പേരും ഉണ്ടെന്ന്..

അത്രയേ ഉള്ളൂ.. ടീച്ചറമ്മ വാ.. മാഷിന്റെ കവിത ഇപ്പോ കഴിയും. കുറേ നാളായില്ലേ അതൊന്ന് ആസ്വദിച്ചീട്ട്..

അവർ ആൽത്തറയിലേക്ക് നടക്കുമ്പോൾ മാഷ് ലയിച്ചിരുന്ന് ചൊല്ലുകയായിരുന്നു

‘‘നിനയ്ക്കണം പുത്രരിൽ മീതെയായും

കനത്ത വാത്സല്യമൊടിക്കുലീനനെ;

നിനക്കു ഗർഭപ്രസവാദിപീഡയാൽ

മനം കലങ്ങാതെ ലഭിച്ച കുഞ്ഞിവൻ’’

കവിത വരികൾ - വള്ളത്തോൾ നാരായണ മേനോന്റെ ശിഷ്യനും മകനും എന്ന കൃതിയിൽ  നിന്നും

English Summary: Puthrasneham, Malayalam short story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA
;