ADVERTISEMENT

സമർപ്പണം (കഥ)

താൻ പലനാൾ കൊതിച്ചിരുന്ന യാത്ര, മേധാവി ‌നൽകിയ ആകസ്‌മിക ദൗത്യമായി പരിണമിച്ചു, വിജു അതിനെ ഒരു ബഹുമതിയായി കരുതിയിരുന്നു. അതൊരു ഔദ്യോഗിക സഞ്ചാരമെങ്കിലും വളരെ വ്യക്തിപരമായി സമീപിക്കാൻ തീരുമാനിച്ച്, സ്ഥാനപ്രതാപം മാറ്റിവെച്ച് മാനസികമായി ഗ്രാമീണ കുപ്പായമണിഞ്ഞു. വിജുവിന്റെ മനസ്സ് പതിവിലേറെ ഉൻമേഷത്തിൽ ആഹ്ലാദത്തിന്റെ കൊടുമുടി കയറിത്തുടങ്ങി 

സർക്കാർ മുദ്ര പതിച്ച ആ വെളുത്ത എസ് യു വി യുടെ വാതിൽക്കൽ, തേച്ചുമിനുക്കി സൂര്യവെളിച്ചത്തിൽ കണ്ണഞ്ചിക്കുന്ന വെണ്മയുടെ കേന്ദ്രീയമായ കുപ്പായമണിഞ്ഞ ആധുനിക സാരഥി, പുറകിലെ ഡോർ തുറന്ന് നിന്നു.  

 

സഞ്ചാരമധ്യേ നിരീക്ഷിക്കാൻ ചില ഫയലുകളും ദിനപ്പത്രങ്ങളും ഉള്ളടക്കി ബജറ്റ് അവതരണത്തിനൊത്ത റെക്സിൻ ബ്രീഫ് കേസ് പിൻ സീറ്റിൽ ദ്രുതഗതിയിലൊതുക്കി സഹായി. സ്വാഗതത്താൽ സല്യൂട്ട് സ്വീകരിച്ച്, സ്ഥാനമുറപ്പിച്ച വിജുവിനെയും സഹായിയെയും വഹിച്ച വാഹനം സാവധാനം സർക്കാർ വളപ്പുകടന്ന്‌, പട്ടണത്തിൽ ചലിച്ചു, കോൺക്രീറ്റ് കുടീരങ്ങൾക്ക്‌ വിടപറഞ്ഞ്‌ പ്രകൃതി സൗന്ദര്യം തുളുമ്പുന്ന അന്തരീക്ഷമധ്യേ ഹൈവേയിൽ നീങ്ങി.  

 

വലത്ത് ദൂരെ നീണ്ടുനിൽക്കുന്ന പര്‍വ്വതനിര, പഞ്ഞുകട്ടകളായ് അന്തരീക്ഷത്തിൽ നീന്തി മുകളിലൂടെ ശിഖരങ്ങൾ തലോടി, വളരെ ചൂടാണോ എന്ന് ചോദിച്ചവണ്ണം, ചുവടിലേക്ക് അതിവേഗം നീങ്ങുന്ന നിഴലുകൾ സമ്മാനിച്ച മേഘക്കൂട്ടങ്ങൾ, അവ വിജുവിന്റെ കാറിനോട് മത്സരിച്ച് നീങ്ങിയതായൊരു തോന്നൽ.

 

എത്ര മനോഹരമായ  പച്ച പിടിച്ച ചുറ്റുപാട്, പരശുവിന്റെ നാടെന്ന് ഉണരുംവിധം രമണീയക്കാഴ്ച്ചകൾ ഹൈവേക്ക്‌ ഇരുവശത്തും. പല തരത്തിൽ വിളറിയ പടുകൂറ്റൻ പച്ചപ്പുതപ്പുകളായ് വിരിച്ച നെൽപ്പാടങ്ങൾ, നെടുകെ രണ്ടു ഭാഗത്തെയും സിബ്ബാൽ  

കൂട്ടിപ്പൂട്ടിയതായ് ദൂരെ ദൂരെ നീണ്ടുനിൽക്കുന്ന റയിൽവേ ട്രാക്ക്, ആ ട്രാക്കിനും കുറുകെ തൊടാതെ ഉയരത്തിൽ കടന്ന്‌ റിബണായി ചുരുള്‍ നിവർത്തിയ റോഡിൽ, വരച്ച മൂന്നിലൊന്നായ നടു മുറി ലൈനിലൂടെ  കളിവണ്ടിയായ് വാഹനം ചലിച്ചുകൊണ്ടിരുന്നു. ഹൈവേയെങ്കിലും വളഞ്ഞുപുളഞ്ഞതും, ക്രമേണ കയറ്റവും ഇറക്കവുമായ റോഡ്, സമതലപ്രദേശമെത്തുമ്പോൾ ഇടയ്ക്കിടെ കാണുന്ന കൊച്ചു ഗ്രാമങ്ങൾ. അത് വിജുവിന്റെ സ്ഥിര യാത്രാമാര്‍ഗ്ഗമെങ്കിലും അതിന്റെ ഭംഗിയാസ്വദിച്ചത്‌ അന്നാണ്. 

 

മുമ്പോട്ടു നീങ്ങിയപ്പോൾ രമ്യക്കാഴച്ചകളുടെ അടുത്ത അധ്യായമെന്നപോലെ വാഴത്തോട്ടങ്ങൾ, വണ്ണിച്ച്‌ ചുവന്നു തടിച്ചുയർന്ന ചേവ്വാഴ തോപ്പുകൾ, അവയേവം ഏറെ സുചിത്രമാണ്. ബാല്യകാല പുഴക്കടവ് യാത്രകളിൽ, വാഴകളുടെ വലിപ്പമറിയാൻ പതിവായി വെള്ളച്ചാല് കടന്ന്‌ ചുവട്ടരുകിലെത്തി ഓരോന്നായി കെട്ടിപിടിച്ചിരുന്ന ദൃശ്യം വിജുവിന്റെ കൺമുൻപിലെത്തി. കൃഷി കുടുംബത്തിലല്ല താൻ ജനിച്ചതെങ്കിലും, സസ്യലതാതദികളോടുള്ള കമ്പത്തിന് തുടക്കം കുറിച്ചത് അവിടന്നാവും. വീട്ടിൽ സൗകര്യമില്ല, പറ്റുന്നിടത്ത് സൗകര്യമൊരുക്കുക എന്നാലോചിച്ച് മുമ്പോട്ടു നീങ്ങി. സ്കൂൾ കഴിഞ്ഞാൽ താൻ മിക്ക സമയവും ചെലവിടുന്ന ക്രൈസ്തവപ്പള്ളിയിലെ പ്രവർത്തനങ്ങളിൽ  പ്രസരിപ്പോടെ മുൻനിരയിൽ നിന്നിരുന്നതും, പള്ളിപ്പരിസരത്ത് തന്റെ നേതൃത്വത്തിൽ പത്ത് വാഴക്കന്നുകൾ നട്ടു പിടിച്ചതും, പിന്നെ ചുവടു നോക്കലും വെള്ളമൊഴിക്കലും വൈകുന്നേരങ്ങളിൽ പതിവാക്കിയത് ഓർമ്മയിലെത്തി.  

 

ഡ്രൈവർ ആക്സിലറേറ്റർ ചവിട്ടിയമർത്തി മുമ്പോട്ടു ഇരമ്പിപ്പായാൻ  ഒരുമ്പെട്ടപ്പോൾ, വിജു ഓർമ്മയുടെ കാലചക്രത്തെ പുറകോട്ട് ചുറ്റി പ്രൈമറി സ്കൂൾ കാലത്തെത്തി.

 

ചുറുചുറുക്കനും വിവേകിയുമായ ഏഴു വയസുകാരനായിരുന്നു വിജു. ദിവസവും സ്കൂളിലേക്കു പോകുന്നത് അരമണിക്കൂർ നടന്നായിരുന്നു. രണ്ടു ചേട്ടന്മാരോടും ചേച്ചിയോടുമുള്ള സ്കൂൾ നടത്തം ഉല്ലാസയാത്രയായിരുന്നു വിജുവിന്.  ഉടനീളം നിരനിരയായ് നിഴൽനൽകി നിന്നിരുന്ന വാഗമരങ്ങൾ, നിഴൽ ചവിട്ടി കുട്ടിക്കഥകളും ജനറൽ നോളഡ്‌ജും കേട്ടു നടക്കും. കുട്ടൻ  വിജു, ആ മൂത്തവരോട് സമാനമായി വിഷയങ്ങൾ പങ്കുവെക്കുമായിരുന്നു, പലതും തന്റെ സങ്കൽപ്പത്താൽ മെനഞ്ഞുണ്ടാക്കിയതും  വീട്ടിലെ  മർഫി റേഡിയോവിൽ കേട്ടതും. വളഞ്ഞുതിരിഞ്ഞു നീങ്ങിയ ആ റോഡ്, സ്കൂളിന്റെ അര കിലോമീറ്ററിന് മുമ്പേ  നേരായി നീണ്ടത് വിജുവിനെ വളരെ ആകർഷിച്ചു. സ്കൂൾ മുറ്റത്ത് വ്യത്യസ്തമായി വളർന്നുയർന്നിരുന്ന മൂന്ന് അംബാല ചെമ്പക മരങ്ങൾ,  അപ്പരിസരത്തെ സസ്യവർഗത്തിൽനിന്ന് ഒറ്റപ്പെട്ടതിനാലാവാം ആ സ്ഥലം ഒറ്റാമരം എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. ധാരാളമായ് പൂക്കുന്ന വെൺപ്പൂക്കൾ കൊഴിഞ്ഞു മുറ്റം നിറയ്ക്കുന്നത്, തങ്ങളെ സ്‌കൂളിലേക്കു സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സങ്കൽപ്പിച്ച് സന്തോഷിക്കുമായിരുന്നു വിജു.

 

ക്ലാസ് തുടങ്ങും മുമ്പേയും ഇടവേളകളിലും ഒരു കൊച്ചു പുഷ്പാസ്വാദകനായി വിജുവിനെ ചെമ്പക മരച്ചുവട്ടിൽ കാണാം. ആസ്വാദനം പൂക്കളെ മാത്രമല്ല പൂക്കളായ് പുഞ്ചിരിയോടെ സ്കൂളെത്തുന്ന കൊച്ചു കൊച്ചു കൂട്ടുകാരെയും, കൂട്ടുകാരികളെയും. അതിൽ ഓർമ്മയിൽ നിന്നതിലൊന്ന് ദൃഢഗാത്രനായ ഒരച്ഛൻ മാലാഖമാരായി  ഉടുത്തണിഞ്ഞ തന്റെ ഇരു കുട്ടികളെയും സൈക്കിളിൽ മുമ്പും പിമ്പുമായിരുത്തി ദിവസേന സ്കൂളിൽ വിടുന്നത്. 

 

വർഷാവർഷം മഴക്കാലം തുടങ്ങും മുമ്പേ ഓലമേഞ്ഞ മേൽകൂര പൊളിച്ച് പുതുക്കി കെട്ടിടം സുരക്ഷിതമാക്കുന്നത് പതിവായിരുന്നു. ആ വർഷവും സർക്കാർ അനുവദിച്ച സഹായനിധി തികയാഞ്ഞതാൽ ഓരോ കുട്ടികളിൽനിന്നും അഞ്ച് രൂപ ശേഖരിക്കാൻ നിർബന്ധിതരായി. 

ദിവസവും സന്തോഷത്തോടെത്തുന്ന വിജുവിന്‌, പിരിവിന്റെയന്ന് തന്റെ ദരിദ്രസ്ഥിതിബോധം കഴുത്തിനെ ഞെക്കി ഉൻമേഷം കെടുത്തി. അഞ്ച്‌ രൂപ! എപ്പോൾ താൻ വിങ്ങിക്കരയുമെന്നു അറിയില്ല. ബാലാസാർ പേരുചൊല്ലി വിളിച്ച്‌ വസൂലാക്കികൊണ്ടിരുന്നു, ഊഴം എത്തിയ വിജു  മുൻപിലെത്തിയെങ്കിലും, വാക്കുകൾ വരാൻ വിസമ്മതിച്ചു, അടക്കിയ വിഷാദം പൊട്ടി നീർച്ചാലുകളായി രണ്ടു കവിളത്തും ഒഴുകി. ആ കണ്ണീരിന്റെ പിന്നിൽ ഭയത്തേക്കാൾ പ്രാപ്‌തിയില്ലായ്മയുടെയും മനക്ലേശത്തിൻെറയും മൂർദ്ധന്യതയാണെന്നത് ബാലാക്ക് അനുമാനിക്കാൻ കഴിഞ്ഞു. 

 

കരയേണ്ട കാര്യംപറ, എല്ലാം നമക്ക് ശരിയാക്കാം. സാറേ ഞാന്‍ അമ്മയോട് സ്കൂൾ ഓലകെട്ടാൻ രൂപ ചോദിച്ചു, എന്ന് പറയുംമുമ്പേ വീണ്ടും കണ്ണീർ ധാരധാരയായൊഴുകി, വിജുവിനെ തന്നോടടുപ്പിച്ച ബാലാ, ഹയ്യേ എന്തിനു കരയുന്നു നമുക്ക് എല്ലാം ശരിയാക്കാം, അമ്മ എന്തുപറഞ്ഞു? എന്ന് സമാധാനിപ്പിച്ച ബാലാക്ക് കിട്ടിയ മറുപടി ഒരു നിമിഷം മൂകതയിലാഴ്ത്തി. അമ്മ പറഞ്ഞു, അടുപ്പു കത്തിക്കാൻ വിറകു വാങ്ങിക്കാൻ പോലും കാശില്ലാത്തപ്പോ എങ്ങനെ ഓലകെട്ടാൻ കാശുകൊടുക്കാൻ പറ്റും, പിന്നെയും വിങ്ങൽ തുടർന്നു. ഇത് കേട്ട ബാലയുടെ മനസ്സ് വിചിന്തനം ചെയ്തു, ദൈവമേ, നന്നായി പഠിക്കുന്ന ഈ കുഞ്ഞിന്റെ വീട്ടിൽ   ധനസ്ഥിതി ഇത്ര മോശമോ, പിഞ്ചു മനസ്സിൽ ഇത്ര വേദനയോ, ഇത് തുടർന്നാൽ കുട്ടിയുടെ പഠിത്തവും വളർച്ചയും ബാധിക്കും, അത് നടന്നുകൂടാ, ഞാൻ സഹായിച്ചേപറ്റൂ എന്ന് ബാലാ  മനസ്സുറച്ച് തീരുമാനമൊന്നെടുത്തു.  

 

അന്നേവരെ പേരുചൊല്ലി വിളിച്ച ബാലാ, മോൻ പോയിരിക്ക് ഞാൻ നോക്കിക്കോളാം എന്ന് ആശ്വസിപ്പിച്ചു,  പിരിവുപട്ടികയിൽ വിജുവിന്റെ പേരിൽ വരവുവെച്ചു. അന്നുമുതൽ വിജുവിന്റെ സ്കൂൾ ചെലവുകൾ ബാലയുടേതായി. ബ്രഹ്മചാരിയായ ബാലായുടെ മനസ്സിൽ ചെറിയൊരു കരുണയുടെ മുളപൊട്ടി, അന്ന് തുടങ്ങിയതാണ് സാമ്പത്തിക ദൗർബല്യപ്പെട്ട കുട്ടികൾക്കുള്ള സഹായസേവനം, അത് ഇന്നും തുടരുകയാണ്, അതിനു വിത്തിട്ട വിജുവോടു തനിക്കു കടപ്പാടുള്ളതായും ബാലാ കരുതിയിരുന്നു. വിജുവും സാറിനെ  അനുഗമിക്കാൻ തുടങ്ങി. സാറായാൽ സ്കൂളിലെ കുട്ടികളെ സഹായിക്കാം, എന്നാൽ ധാരാളം പേർക്ക് സേവനം ചെയ്യാൻ എന്താവണമെന്നു ചോതിക്കവേ ബാലാ  നൽകിയ മറുപടിയാണ് വിജുവിനു വഴിതെളിച്ചതും, ഇന്നത്തെ നിലയിലെത്തിച്ചതും.  പ്രൈമറി പഠിത്തം കഴിഞ്ഞ്‌ സ്കൂൾ മാറിയതോടെ,  തെക്കോട്ടെ സ്കൂളിലേക്കുള്ള രണ്ടു കിലോമീറ്റർ യാത്ര വടക്കോട്ടായി. അങ്ങനെ  വർഷങ്ങൾ പിന്നിട്ടു…

 

വിജുവിന്റെ വാഹനം തൊട്ടിപ്പാലത്തിന്റെ താഴേ ചീറിപ്പാഞ്ഞു, ത്രീത്വപള്ളി വളവും കഴിഞ്ഞ്,  മേലോട്ടുയരുന്ന എൻ ഹച്ചിലൂടെ നീങ്ങി ഒറ്റാമരത്തെത്തി, സ്കൂളിന്റെ മുൻപിൽ.  

 

കാറിൽ നിന്നിറങ്ങിയതും  വിജുവിന്റെ മനസ്സ് നിറഞ്ഞു, പുറത്തെ അലങ്കാരങ്ങളും ഫ്ളക്സ് ബോർഡും അതിൽ തന്റെ സ്കൂളിലെ പുതിയ കെട്ടിട ഉദ്‌ഘാടനത്തിനു സബ് കളക്ടറായ താൻ എത്തുന്നതായി എഴുതപ്പെട്ടിരിക്കുന്നു, എത്ര പുളകാങ്കിത നിമിഷം. സ്കൂൾ വളരെ മാറിയിരിക്കുന്നതിൽ ഇരട്ടിപ്പ് സന്തോഷം, എച്ച്‌ എം ബാലാസാറാണ്, സ്വാഗതം ചെയ്തു ചന്ദനമാല സ്വീകരിച്ച് മുമ്പോട്ടു നീങ്ങുമ്പോൾ സാറിനെയൊന്നു താണുവണങ്ങണമെന്നു തോന്നി, പക്ഷേ തന്റെ പദവിക്കു അത് ശരിയല്ലെന്ന് തോന്നിയെങ്കിലും അതിനൊരവസരം ഒരുങ്ങുമെന്ന്‌ വിശ്വസിച്ചു. സാറിന്റെ വിസ്താര മുറിയിൽ ചെറിയൊരു കോഫി കുടി, അത് കഴിഞ്ഞാണ് ഉദ്‌ഘാടന ചടങ്ങ്.   

 

കോഫി കുടിക്കുന്നതിനിടയ്ക്കു വിജു തന്റെ സഹായിയെനോക്കി, സഹായി വിജുവിന്റെ പെട്ടിതുറന്ന് പുസ്തക വലിപ്പമുള്ള ഒരു ഗിഫ്റ്റ് പാക്കെടുത്ത് കൊടുത്തു. അതുവാങ്ങിയ വിജു ബാലായോട് , ‘സാറേ സാറിനൊരു ഗിഫ്റ്റുണ്ട് എന്റെ വകയായി’, ‘എനിക്കോ’ എന്ന് വിസ്‌മയ പൂർവ്വം ചോദിച്ച്‌, ബഹുമാനത്തോടെ നൽകിയ വിജുവിൽ നിന്നും ബാലാ വാങ്ങി. ‘സാറ് തുറന്നു നോക്കുക’ ആകാംഷയിൽ തുറന്ന ബാലാ അതിലെ കവിതാവരികൾ വായിച്ചു.

 

സമർപ്പണം

 

അഞ്ചുരൂപയിൽ തുടങ്ങിയ സ്‌നേഹം, 

അചഞ്ചല ഗുരു സ്നേഹം.

അങ്ങെനിക്ക് വഴികാട്ടിയ സ്‌നേഹം, 

പൈതൃക ദിവ്യ സ്നേഹം.

 

പരസ്നേഹമെൻ നെഞ്ചിൽ വിതച്ചത്,

ചെയ്തുകാണിച്ചു അന്നെനിക്ക്.

കുഞ്ഞെന്നിൽ അങ്ങന്ന് വിതച്ചതിന്ന്, 

പന്തലിച്ചു നിൽക്കുന്നിതാ. 

 

വിളമ്പുമ്പോൾ വളരുമൊരു പാഠം,  

എനിക്കന്ന് അരുളിയങ്ങു.

ഞാനുമത് ഗ്രഹിച്ചു വളരുന്നിതാ,

അങ്ങേയ്ക്കായി എന്നും.

 

അങ്ങെൻ മുന്നിലിന്നും തുടരുന്നു, 

ദിവ്യ ശിഷ്യ സേവനം.    

ഞാനിതാ അങ്ങാൽ വളരുന്നൊരു, 

പ്രിയ ജന സേവകനായ്. 

 

നീണാൾ വാഴുക മാഷേ നന്നായ്, 

ലക്ഷ്യമെന്നും തെളിക്കാൻ. 

തുടരട്ടെ  താങ്കളിൻ  പരസ്നേഹ, 

സേവനമിന്നും എന്നും.  

 

എന്ന് 

സ്നേഹപൂർവ്വം  

വിജു സെബാസ്റ്റ്യൻ. I A S

സബ് കളക്ടർ 

 

ബാലാ വിജുവിനെ നോക്കി, ആ വിജുവാണോ ഈ വിജു സെബാസ്റ്റ്യൻ? എന്ന് നയനങ്ങളാൽ ചോദിച്ചു, വിജുവും മിഴികൾ നനയവേ  മറുപടി പറഞ്ഞു, ‘അതെ, സാറിന്റെ വിജുതന്നെയാണ് ഈ വിജു സെബാസ്ററ്യൻ, ഐ എസ്’. ബാലായുടെ കണ്ണുകൾ നിറഞ്ഞു, മന്ദമായി വിജുവിനടുത്തെത്തി ഇരു കാരങ്ങളാലും മാറോടണച്ച് കെട്ടിപ്പുണർന്നു.

 

English Summary: Writers Blog - Samarppanam, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com