ADVERTISEMENT

കാമുകിമാർ (കഥ) 

അങ്ങനെയിരിക്കുമ്പോ... പെട്ടെന്നൊരൂസം ‘ഠക്കനേ’ ന്നാണ് അവളൊരു കാമുകിയാവുന്നത്...

 

ആ നിമിഷം തന്നെയാണ്‌ അവളൊരു എഴുത്തുകാരിയാവുന്നതും!

 

ജോഗ്രഫി പീരീഡ് മോൻസി സാറ് ചോദ്യം ചോദിച്ചിട്ട് ഉത്തരം പറയാതെ എഴുന്നേറ്റു നിന്ന് അച്ചാലും മുച്ചാലും അടി കൊണ്ടവനോട്... ആകാശം മുട്ടെ ഉയരമുള്ള ആ കറുത്ത ഏണിചെക്കനോട്, ആ നിമിഷം - ആ ഒറ്റ നിമിഷം കൊണ്ട് അവൾക്ക് പ്രേമം തോന്നി പോലും!

 

അയ്യോന്റമ്മേ!

ഒറ്റ പരീക്ഷക്കും ജയിക്കാത്ത... ഒറ്റ ദിവസം വിടാതെ ടീച്ചറുമ്മാരുടെ അടി കൊള്ളുന്ന...

തോറ്റു തോറ്റു തൊപ്പിയിട്ടു പഠിക്കുന്നവനോട് പ്രേമോ? നിനക്ക് വല്ല പ്രാന്തും ഉണ്ടോട്യേ? - എന്ന് ചോദിച്ചപ്പോ...

 

‘‘അടി കൊള്ളാൻ അവൻ കുനിഞ്ഞു നിന്നത് നീ കണ്ടോ?? എന്ത് പൊക്കാ ല്ലേ... എന്ത് രസാല്ലേ..’’ എന്ന് മറുപടി പറഞ്ഞപ്പോ... ആ പെണ്ണിന്റെ കറുത്ത കവിളുകൾ തുടുത്തു തുടുത്തു കരിനീല നിറമായി മാറി. ഒളിച്ചു മറച്ചൊരു ചിരി അവളുടെ കണ്ണിലൂടെ കടന്ന് പോയി.. സത്യായിട്ടും ഞാൻ കണ്ടതാണ്!

 

ഒരു മനുഷ്യന് പ്രണയമുണ്ടാകാൻ ഇന്നോളം കേട്ടിട്ടുള്ളതിൽ വെച്ചു ഏറ്റവും മോശവും വിചിത്രവുമായ കാരണം പറഞ്ഞ ആ നിമിഷം... ആ നിമിഷമാണ് അവള് ശെരിക്കും ഒരു പ്രാന്തിയാകുന്നത് - അല്ല! അവളൊരു പ്രാന്തിയാണെന്നു ഞാൻ തിരിച്ചറിയുന്നത്!

 

പിന്നീടെപ്പോഴോ മുഖം തെളിഞ്ഞ്.. മുടി വളർന്ന്.. കണ്ണുകൾ വിടർന്ന്.. ഞങ്ങള് രണ്ടാളും ഒത്ത പെണ്ണുങ്ങളായ കാലത്ത്... ഒരൂസം കവലക്കൽ കൂടി കൈലിമുണ്ടുടുത്ത്, ബൈക്ക് ഓടിച്ചു വരുന്ന അയാളെ ദൂരെന്ന് കണ്ട ദിവസം ‘ടപ്പ് ടപ്പ്’ എന്നുള്ള ഒച്ച കേട്ടപ്പോളാണ് ഈ പെണ്ണിന്റെ ഉള്ളിൽ ഇത്ര ഉച്ചത്തിൽ മിടിക്കുന്ന ഒരു ഹൃദയമുണ്ടെന്നു ഞാൻ അറിഞ്ഞത്. അന്ന് തന്നെയാണ് അവള് വയസറിയിച്ചത് !

ദേ... ഞാൻ ഒരു തികഞ്ഞ പെണ്ണാണെന്ന് അവൾ ലോകത്തോട് വിളിച്ചറിയിച്ചത്! 

 

പിന്നീടെപ്പോഴോ... അയാളെ സ്വപ്നം കണ്ടെഴുന്നേറ്റ ഒരു ദിവസം.. വെളുപ്പാങ്കാലം രണ്ട് മണി നേരത്താണ് അവളൊരു വെള്ളക്കടലാസ് നിറയെ.... നിറയെ... നിറയെ..

പറന്ന് പൊങ്ങുന്ന പൂമ്പാറ്റകളെ വരക്കുന്നത്. അങ്ങനെയാണ് അവളൊരു ചിത്രകാരിയാകുന്നതും! 

 

കൊല്ലമൊട്ടു കഴിഞ്ഞ് എനിക്കും അവൾക്കും കെട്ടുപ്രായമായ കാലത്ത്

‘‘അല്ല പുല്ലേ.. നിനക്കിത് അവനോടു പറയണ്ടേ? നിനക്കവനെ കെട്ടി കൂടെ പൊറുക്കണ്ടേ?’’ എന്ന് ചോദിച്ചപ്പോ ലവള് പറയാ..

‘‘ഒന്ന് പോയേടി... എനിക്കവന്റെ പിള്ളാരേം പ്രസവിക്കണ്ട! എനിക്കവന് കഞ്ഞി വെച്ചു കൊടുക്കേം വേണ്ട...’’ ന്ന്! 

 

അതും പറഞ്ഞ് പറഞ്ഞ് അന്ന് അവള് ഉറക്കെ ചിരിച്ച ഒരു ചിരി... കണ്ണ് നിറയെ വെള്ളം നിറച്ച്, 

നെഞ്ചിലെ തീയെല്ലാം എന്റെ മുന്നിലേക്ക് കുടഞ്ഞിട്ട് അവൾടെ ഒടുക്കത്തെ ഒരു ചിരി.

 

അന്നാദ്യമായിട്ടാണ് കല്യാണം കഴിക്കണ്ടാത്ത.. ഒന്നിച്ചു വിരുന്നിനു പോകേണ്ടാത്ത.. ഉടലു പകുത്തെടുക്കേണ്ടാത്ത.. ലക്ഷ്യങ്ങൾ ഒന്നുമില്ലാത്ത.. തീർത്തും ഉപയോഗശൂന്യമായ ഒരു പ്രണയത്തെ അടുത്ത് കണ്ടു ഞാൻ തരിച്ചു നിൽക്കുന്നത്...

 

അങ്ങനെ ആ ഒടുക്കത്തെ കൊലച്ചിരിയുടെ അവസാനമാണ് എന്റെ കൂട്ടുകാരി ശെരിക്കും ഒരു യക്ഷിയായി മാറുന്നത്. അന്നാണ് അവള് മരിച്ചത്! ഉടലിന്റെ ഭാരങ്ങൾ എല്ലാം അവള് അഴിച്ചു വെച്ചത്!

 

പിന്നെ കുറച്ചു നാള് കഴിഞ്ഞ് എന്റെ കല്യാണതലേന്നാണ് ഞാൻ അവളെ കാണുന്നത്..

ഒരു പൂമ്പാറ്റയെ പോലെ പറന്ന് പറന്ന് അവളെന്റെ മുന്നിലേക്ക് ഇറങ്ങുന്നത്.

‘‘ടീ .. കല്യാണപെണ്ണേ.’’ എന്നും വിളിച്ചു നുള്ളുന്നത്...

ഇത്രനാളും കാണാതിരുന്നതിന്റെ അകലമൊന്നും ഇല്ലാതെ ഏതാണ്ടൊക്കെ തോന്ന്യാസം എന്റെ ചെവിയിൽ പറഞ്ഞ് അടക്കി ചിരിക്കുന്നത്.

 

ന്നാലും എന്തിനാടി നീ മരിച്ചേ?- ന്നല്ലാതെ ഞാൻ വേറെന്തു ചോദിക്കാനാണ് എന്റെ പ്രിയപ്പെട്ട എഴുത്തുകാരിയോട് ..

 

നിന്നെ ഒന്ന് കാണാൻ വരാൻ എനിക്ക് പറ്റിയില്ലാ ട്യേ.. എനിക്ക് നല്ല ബോധം പോലും ഉണ്ടായില്ലല്ലോ - എന്നൊക്കെയല്ലാതെ വേറെ എന്ത് പറയാനാണ് ഞാൻ എന്റെ പ്രാന്തിപെണ്ണിനോട്...

 

എന്റെ ആവലാതി പറച്ചിലൊക്കെ ചിരിച്ചു തള്ളി അന്ന്... അവളെന്നോട് പറഞ്ഞു...

‘‘ചുമ്മാതങ് ജീവിച്ചു മരിച്ചാ മതിയോ പെണ്ണെ?

മുറ്റമടിച്ചും, പെര തുടച്ചും, പെറ്റും പോറ്റിയും, കഞ്ഞി വെച്ചും അലക്കിപെറുക്കിയും, വിളമ്പി ഊട്ടിയും

ഇങ്ങനങ്ങു ജീവിച്ചാ മതിയൊ?

ഒരിക്കലെങ്കിലും കാണണ്ടേ? അറിയണ്ടേ? നമ്മള് സ്നേഹിക്കുന്നൊരാള് നമ്മളെ സ്നേഹിക്കുന്നത്?

നമുക്ക് വേണ്ടി പൊള്ളി പിടയുന്നത്? കണ്ണീരടക്കാൻ കൈ ചുരുട്ടി പിടിക്കുന്നത്?

എന്നെ കാണാൻ അയാള് വന്നിരുന്നെട്യേ..

ആരും കാണാതെ... അറിയാതെ..

ഒളിച്ചും മറച്ചും ഭയന്നും... അയാള് എനിക്ക് വേണ്ടി ഒന്ന് കരഞ്ഞെടി.. എന്തൊരു ലഹരിയാണ് പെണ്ണെ.. ആ കാഴ്ച! 

 

ഹാ... അതിനാടി ഞാൻ അങ്ങ് മരിച്ചു കളഞ്ഞത്! അതിന് മാത്രാടി ഞാൻ അങ്ങ് മരിച്ചു കളഞ്ഞത്!

 

എന്നും പറഞ്ഞവള് പൊട്ടിചിരിച്ചപ്പോഴാണ്... എനിക്കും അവളെ പോലെ അങ്ങ് മരിക്കാൻ കൊതിയായത്!

 

എന്റെ മരണത്തിന്റെ അന്ന് ഒളിച്ചു കരയേണ്ടി വരുന്നൊരാളെ എനിക്കറിയാമല്ലോ എന്ന് ഞാൻ ഓർത്തത്.. ആ കാഴ്ചയുടെ ലഹരിയെ കുറിച്ച് പറഞ്ഞ് ഞങ്ങള് രണ്ടാളും ചേർന്ന് പൊട്ടിച്ചിരിച്ചത്.

 

അന്നാണ് ഞാൻ ‘‘ഠക്കനേ’’ ന്നൊരു കാമുകിയാവുന്നത്.. ആ നിമിഷം തന്നെയാണ് ഞാൻ ഒരു എഴുത്തുകാരിയാവുന്നതും!

 

English Summary: Kamukimar, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com