ഇന്നലെകൾ ആവർത്തിക്കപ്പെടുമ്പോൾ! (കഥ)
കഞ്ഞിക്കിണ്ണം. തെക്കൻ കാറ്റിന്റെ ഊക്കിൽ താഴെവീണ് കിടക്കുന്ന ‘പ്ലായിലസ്പൂണ്’. തെക്കേടത്തെ കുളത്തില് ചാടിച്ചത്ത ജാനകിടെ വീർത്ത വയറും, ഉന്തിയകണ്ണും കാണാൻ കുളത്തിന് ചുറ്റും മിനിഞ്ഞാന്ന് തടിച്ചുകൂട്യ പോലെ ഇന്ന് ഉറുമ്പിൻ കൂട്ടം കഞ്ഞികിണ്ണത്തിന് ചുറ്റും നിന്ന് ഉള്ളിലേക്ക് എത്തിനോക്കുന്നു!
‘‘അല്ല, അപ്പുവാമേ... ഇന്നും കഞ്ഞികുടിക്കാൻ അങ്ങട് ബുദ്ധി തെളിഞ്ഞില്ലാന്ന്ണ്ടോ?’’ ശേഖരൻ അപ്പുമാമയോടായി ചോദിച്ചു.
‘‘ശേഖര.. നെന്റെ ബുദ്ധിക്ക തെളിച്ചല്ല്യായ്മ.. കഞ്ഞി ഒക്കെ എപ്പണ്ട് ഞാൻ കുടിച്ട്ട്’’
അപ്പുമാമക്ക് ഉച്ചകഞ്ഞിക്ക് ശേഷം മരുന്ന് കൊടുക്കാൻ വന്നതാണ് ശേഖരൻ. എന്നത്തെയുംപോലെ ഇന്നും കാറ്റ് കഞ്ഞി കുടിച്ചു!
ഈടെയായി അപ്പുമാമക്ക് എല്ലാം ഒരു തോന്നലാണ്! ഉച്ചകഞ്ഞി കുടിച്ചതായും, ഉച്ചമയക്കത്തീന്നെണീറ്റ് ‘‘ന്റെ മുഖേരി ഇങ്ങട് കാട്ടിക്ക’’ന്നും പറഞ്ഞ് നട്ടുച്ചക്ക് പല്ല് കറുപ്പിക്കലും! ‘‘ആഹ്.. ഇന്നേ ജാനു വന്നിരുന്നു!’’ എന്ന് ഒരു ചെറുപുഞ്ചിരിയിൽ പൊതിഞ്ഞ നാണത്തോടെ ശേഖരനോട് പറയുന്നതും ഒക്കെ ശീലമില്ലാത്ത പതിവായി. ബാക്കി പറഞ്ഞത് ഒക്കെ ശേഖരൻ കേട്ട് നിക്വെങ്കിലും അവസാനം പറഞ്ഞത് ‘‘ജാനു വന്നിരുന്നു!’’ എന്ന് പറയുമ്പോ ‘‘ഐശേരി.. ഇതിപ്പോ നല്ല കുത്തായി, നാല് മാസം മുന്നേ മരിച്ച അപ്പുമാമെടെ ഭാര്യ ജാനുവേടത്തി എങ്ങനെണപ്പ മുന്നില് വര?!’’ എന്നും മുറുമുറുത്തോണ്ട് ശേഖരൻ കോലായിലോട്ട് കേറും. ഇജ്ജാതി ശീലമില്ലാത്ത പതിവില്ല്യായ്മകൾ ശേഖരന് മനസ്സിലാക്കാൻ ഈ അവസാനം പറഞ്ഞത് വേണ്ടി വന്നു!
‘‘അതേയ് അപ്പുമാമക്കെ അൽഷിമെഴ്സ’’ എന്ന് വരുന്നോരോടൊക്കെ മുന്നേ പറഞ്ഞു വെക്കും.. ഓരോ പിച്ചും പേയും കേട്ട് അന്തം വിടേണ്ടല്ലോ അവര് എന്ന് കരുതും.
‘‘ഒരായിരം വട്ടം പറയണം കഞ്ഞി നേരത്തിനും കാലത്തിനും കുടിക്കണംന്ന് അല്ലേൽ കഞ്ഞി ആറുംന്ന്, എന്താ അപ്പുമാമേ ഇങ്ങനെ?’’
‘‘ശേഖരോ.. ഞാൻ കുടിച്ചു..ജാനുനോട് ഞാനിപ്പോ പറഞ്ഞെ ഒള്ളു.. ഇന്നത്തെ കഞ്ഞി കുടിച്ട്ട് നാക്കിന്റെ തുമ്പത്തെ തൊലി ഒക്കെ പൊള്ളി പോയീന്ന് ’’
‘‘അത് അപ്പുവാമ ഇന്നലെ കുടിച്ചതല്ലേ?’’ എന്നും പറഞ്ഞ് ശേഖരൻ കഞ്ഞി മോഴൊനും കുടിചൂന്ന് നിജം വരുത്തി, മരുന്നും വായിലേക്ക് വെക്കും ഒരു മോന്ത വെള്ളോം കയ്യില് പിടിപ്പിക്കും.
കരിമ്പനകൂട്ടങ്ങൾക്കിടയിൽ സൂര്യൻ ഒളിച്ചു കളിക്കാൻ തുടങ്ങി. അതുംകണ്ട് അപ്പുമാമ, മുക്കാഭാഗവും ചിതലരിച്ച ഒരു പഴയ ഡയറിൽ വിറക്കുന്ന കൈ കൊണ്ട്, ഓരോന്ന് പിറുപിറുതോണ്ട് ഏതാണ്ട് ഒക്കെ കുത്തികുറിക്കും. എന്നിട്ട് അതും നെഞ്ചത്ത് വെച്ച് ഒരു മയക്കം ആണ്.
നേരം ഇരുട്ടി. ശേഖരൻ അപ്പുമാമേ തിരഞ്ഞോണ്ട് കോലയിലെത്തി. അപ്പുമാമേ മെല്ലെ മുറിയിലോട്ട് കൊണ്ടേ കിടത്തി. തിരിച്ചു വന്നപ്പോ ആണ് അനാഥമായി അവടെ അതാ ഡയറി മേലോട്ട് നോക്കി ചുരുണ്ട് കൂടി മയങ്ങുന്നു.
‘‘പ്രിയപ്പെട്ട ജാനു,
ഇന്നും കഞ്ഞികുടിക്കാൻ മറന്നു. അച്ഛൻ വന്നു പറഞ്ഞപ്പോ ആണ് കഞ്ഞി കുടിച്ചേ. ഒരു പൊട്ടുപോലെന്തോ അച്ഛൻ വായിലോട്ട് ഇട്ടു തരും ഒരു മോന്ത വെള്ളോം കയ്യിലോട്ട് വെക്കും. നീ നാളെ സ്കൂളിന്റെ മുന്നിലെ പീടികക്കടുത്ത് കാത്തുനിക്കും എന്ന് വിശ്വസിക്കുന്നു!
എന്ന്,
നിന്റെ സ്വന്തം അപ്പുഏട്ടൻ.
25|6|1935’’
‘‘1935!’’. കത്ത് വായിച്ച ശേഷം ശേഖരൻ കുറച്ചു നേരം അനങ്ങാതെ നിന്നു. ഇന്ന് 23|1|2020. 1935 ഇൽ നിന്നും 2020 ലേക്ക് തിരിച്ചെത്താൻ എത്രയോ ഇന്നലെകൾ ആവർത്തിക്കേണ്ടിയിരിക്കുന്നു! ശേഖരേട്ടൻ മയങ്ങിപോയ അപ്പുമാമെടെ തലക്കിലേഭാഗത്തായി ആ ഡയറി മെല്ലെ വെച്ച്കൊണ്ട്, കോലായിലേക്ക് മെല്ലെ നടന്ന് നീങ്ങി.
English Summary: Innalakal Avarthikkappedumbol, Malayalam Short Story