ADVERTISEMENT

‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ കണ്ടപ്പോൾ എനിക്ക് തോന്നിയ കാര്യങ്ങളിവിടെ കുറിക്കാമെന്നു തോന്നി. ഒരുപാട് നാളിനു ശേഷം ഒരു നല്ല സിനിമ കണ്ടു. ജീവിതത്തോട് ഒരുപാട് അടുത്ത് നിൽക്കുന്നൊരു സിനിമ. OTT റിലീസ് ആവേണ്ടിയിരുന്ന സിനിമയല്ലിത്. ജീവിതത്തോട് ഒരു സിനിമ എന്ന നിലയിൽ കുറച്ചൊക്കെ അതിശയോക്തി ഉണ്ടെങ്കിലും കുറേ കാര്യങ്ങളൊക്കെ ശരിക്കും ഒരു 90% സ്ത്രീകളുടെയും ജീവിതത്തിൽ ഒരിക്കലെങ്കിലും നടന്നിട്ടുള്ളകാര്യങ്ങളായായിരിക്കും .അപ്പോഴും 10% അതിഭാഗ്യമുള്ള ആൾക്കാരും ഉണ്ടാവും, അവരെ ഈ കൂട്ടത്തിൽ പെടുത്തുന്നില്ല. 

 

ഞാൻ പറയുന്നത് സാധാരണക്കാരെ മാത്രം ഉദ്ദേശിച്ചാണ്. സ്വന്തം വീട്ടിൽ ഒരു പെൺകുട്ടി ആ വീട്ടിലെ രാജകുമാരി ഒന്നും അല്ലെങ്കിലും, വല്യ കുഴപ്പൊന്നും ഇല്ലാതെയാവും ജീവിച്ചു പോരുന്നത്. കല്യാണത്തോടെ അതെല്ലാം ഏറെക്കുറെ അവസാനിക്കുവാണ്. പിന്നെയൊരു കാര്യം, ന്തൊക്കെയായാലും ഞങ്ങൾ സ്ത്രീകൾക്ക് കഴിയുന്ന ഒരു കാര്യമുണ്ട്, എവിടെ എത്തിപ്പെട്ടാലും ആ സാഹചര്യവുമായി പെട്ടെന്ന് തന്നെ പൊരുത്തപ്പെടാനുള്ള കഴിവ്.  പണ്ടത്തെ പെൺകുട്ടിയോളെ ഒക്കെ ആ ഒരു തരത്തിൽ ആണല്ലോ വളർത്തിക്കൊണ്ട് വന്നത്.

 

എന്റെ ഓർമയിൽ ഉള്ളൊരു കാര്യമാണ്, 1999 –ൽ ആണ്, ന്റെ ഒരു കസിന്റെ കല്യാണം ആയിരുന്നു, കല്യാണത്തിന് മുമ്പ് മാമൻ ചേച്ചിക്ക് കൊടുത്തൊരു ഉപദേശം ഉണ്ട്, ‘‘ന്റെ മോനു അവിടെ ഒട്ടും പറ്റില്ലെന്ന് കണ്ടാൽ അപ്പൊ മോൻ ഇങ്ങോട്ട് പോന്നേക്കണം. ഇവിടെ ഈ അച്ഛൻ ഉണ്ട്’’ അന്നത് കേട്ട് മുതിർന്നവർ മൂക്ക് ചുളിച്ചു. പക്ഷേ മാമൻ ആയിരുന്നു ശരി എന്ന് എനിക്കിപ്പോൾ മനസ്സിലാവുന്നു.

 

ഇനി നമുക്ക് സിനിമയിലേക്ക് വരാം. ഞാൻ പറയുന്നത് ന്റെ യും എനിക്കറിയാവുന്ന, എന്റെ ചുറ്റുമുള്ളവരുടെയും അനുഭവങ്ങളാണ്.. ഇന്നും വാഷിങ് മിഷനിൽ ഡ്രസ്സ്‌ അലക്കാൻ ഇഷ്ടമില്ലാത്ത ധാരാളം വീടുകൾ ഉണ്ട്. അവർക്കൊക്കെ പറയാൻ കൊറേ ന്യായങ്ങളും ഉണ്ട്. കൂടുന്ന കറന്റ്‌ ബിൽ മുതൽ നല്ലോണം വൃത്തിയാവുന്നില്ല എന്ന കാരണം വരെ, അപൂർവ്വം ചിലയിടത്തു പെണ്ണുങ്ങൾക്ക് വീട്ടിലെന്താ പണി എന്നും കേട്ടിട്ടുണ്ട്.

 

പെങ്കുട്ടികളായാൽ എല്ലാ പണിയും അറിയണമെന്ന് പറയുന്ന അമ്മമാർ തന്നെ, ന്റെ മോനെക്കൊണ്ട് ഞാൻ ഒന്നും ചെയ്യിപ്പിച്ചിട്ടില്ല എന്ന് അഭിമാനത്തോടെ പറയുന്നതും കേട്ടിട്ടുണ്ട്. 

 

എന്റെ വീട്ടിൽ ഞാൻ ഇഷ്ടമുള്ളത് ചെയ്യും എന്ന് പറയുന്നത് മുതൽ, ഞാനിങ്ങിനെയാ പഠിച്ചത്, എനിക്ക് മാറാൻ പറ്റില്ല എന്നും, ആ സമയം നീ നിന്റെ വീട്ടിൽ പഠിച്ചത് അവിടെ വച്ചിട്ട് വന്നാൽ മതി എന്ന ഡയലോഗും.

 

സിറ്റികളിലെ കാര്യമല്ല, ഇന്നും നാട്ടിൻപുറങ്ങളിൽ എത്ര വീടുകളിൽ കുക്കറിൽ  ചോറ് വയ്ക്കുന്നുണ്ട്? വളരെ കുറച്ചു വീടുകളിൽ ഉണ്ടെങ്കിൽ ആയി. (സത്യം പറഞ്ഞാൽ അത് എനിക്കും ഇഷ്ടല്ല ട്ടോ)

 

ഇന്നും എത്രയോ വീടുകളിൽ, ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാൻ അനുവാദമില്ലാത്ത അല്ലെങ്കിൽ സ്വന്തം ഇഷ്ടങ്ങളൊക്കെ മറ്റുള്ളവർക്കായി മാറ്റിവയ്ക്കപ്പെട്ട എത്രയോ സ്ത്രീജന്മങ്ങളുണ്ട്? 

എന്റെ അഭിപ്രായത്തിൽ മറ്റുള്ളവർ വേണ്ട എന്ന് പറയുമ്പോൾ അത് അനുസരിക്കുന്നത് midday freedom എന്ന ഷോർട്ഫിലിമിൽ പറയുന്നപോലെ, അവരെ respect n love ചെയ്യുന്നതുകൊണ്ട് മാത്രമല്ല.. മറ്റുള്ളോർക്ക് ഇഷ്ടമില്ലാത്തത് ചെയ്താലുണ്ടാവാനിടയുള്ള അതിഭീകരമായ സമാധാനമില്ലായ്മ ഒഴിവാക്കാൻ കൂടിയാണ്.

 

ഇങ്ങിനെ ന്തൊക്കെയുണ്ടായാലും, പണിയെല്ലാം കഴിഞ്ഞു രാത്രി ഒന്ന് നടുനിവർത്താൻ ചെല്ലുമ്പോൾ, സാരമില്ല പോട്ടെ, ന്ത്‌ വന്നാലും നിനക്ക് ഞാനില്ലേ? എന്ന കെട്ടിയോന്റെ ഒരൊറ്റ വാക്ക് മതി ഞാനുൾപ്പെടെയുള്ള ഭൂരിഭാഗം പെണ്ണുങ്ങൾക്കും.

 

ഒരാൾക്ക് ഒരുപാട് സന്തോഷം തരുന്ന ഒന്ന്,  അത് മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ലെങ്കിൽ അവരത് ചെയ്യുന്നതിൽ നിന്നും എന്തിന് അവരെ തടയണം.?

 

ഇതൊക്ക കേൾക്കുമ്പോൾ ഞാനൊരു ഫെമിനിച്ചി ആണല്ലേ എന്നൊരു ചിന്ത ചിലർക്കൊക്കെ തോന്നാൻ സാധ്യതയുണ്ട്.. അതിനിപ്പോ ന്താ കൊഴപ്പം സത്യത്തിൽ ഈ ഫെമിനിസം ന്നു വച്ചാൽ ന്താ?  പണ്ടത്തെ സിനിമകളിൽ മലയാളികൾ കണ്ടു ശീലിച്ച (മിക്കവാറും സുകുമാരി മാം ആവും) ചുണ്ടുകളിൽ ചായം തേച്ചു മുടി ബോബ് ചെയ്തു സ്ലീവ്‌ലെസ് ബ്ലൗസും ധരിച്ചു ഭർത്താക്കന്മാരെക്കൊണ്ട് അടുക്കളപ്പണിയും ചെയ്യിച്ച കൊച്ചമ്മമാർക്കാണല്ലോ നമ്മുടെ മനസ്സുകളിൽ ഫെമിനിച്ചി എന്നൊരു ധാരണയുള്ളത്. എന്നാൽ എന്റെ മനസ്സിൽ  സ്ത്രീകൾക്ക് വേണ്ടി നിലകൊണ്ടതിൽ ഒന്നാംസ്ഥാനം എന്നും സുഗതകുമാരി ടീച്ചർക്ക് ആണ്. ന്തുകൊണ്ടാണാവോ അതുപോലെയുള്ള ഫെമിനിസ്റ്റ്കളെ സിനിമകളിൽ കാണിക്കാത്തത് (ഇനി ഉണ്ടാവോ ന്തോ?  ഞാൻ കാണാത്തത് ആവോ?)

 

പണ്ട് വായിച്ച ഒരു ടീച്ചറിന്റെ ലേഖനം ഓർമ വരുന്നു. ഏത് ബുക്കിൽ ആണെന്നോ എന്തു സാഹചര്യത്തിൽ ആണെന്നോ ഓർമയില്ല. അതൊരു റേപ് കേസുമായി ബന്ധപ്പെട്ടു ടീച്ചർ പറഞ്ഞതായിരുന്നു. ‘‘എന്റെ മകൾക്കാണ് അങ്ങിനെ പറ്റിയതെങ്കിൽ അവൾക്ക് ഡെറ്റോൾ എടുത്തു കൊടുത്ത് പോയി കുളിച്ചു വരാൻ പറയും’’ എന്ന് ടീച്ചർ പറഞ്ഞത് ആ കുട്ടിയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും കുറച്ചു ഡെറ്റോൾ വെള്ളത്തിൽ കുളിച്ചാൽ തീരുന്ന കാര്യമേ ഉള്ളുവെന്നും അവൾക്ക് ധൈര്യം കൊടുത്തതായിരുന്നു.. എന്നാൽ പിറ്റേ ദിവസ്സം അതിനു മറുപടി വന്നതിങ്ങനെ ‘‘ടീച്ചർ ന്തായാലും ഡെറ്റോൾ കമ്പനിക്കാർക്ക് നല്ലൊരു പരസ്യം ഒപ്പിച്ചു കൊടുത്തു’’ എന്ന്.. ഒരു കാര്യം രണ്ട് വ്യത്യസ്ത വ്യക്തികൾ എങ്ങിനെ എടുക്കുന്നു എന്നതിനുദാഹരണം ആണിത് അപ്പോൾ ന്ത്‌ ചെയ്താലും അതിനു രണ്ട് വശമുണ്ടാവും.

 

ഇനി നമുക്ക് നമ്മുടെ വിഷയത്തിലേക്ക് വരാം. 

ഞാൻ പറഞ്ഞു വരുന്നത് The Great Indian Kitchen എന്നത് അതിഭീകരമായ ഒരു  സിനിമയൊന്നുമായി എനിക്ക് തോന്നിയില്ല, എങ്കിലും അതിലുള്ള കൊറേ കാര്യങ്ങൾ കൊറച്ചു ആളുകളെയെങ്കിലും ചിന്തിപ്പിച്ചിട്ടുണ്ടെങ്കിൽ അതൊരു നല്ല കാര്യമല്ലേ?

 

ന്റെ കൂട്ടുകാരി രശ്മി ഇന്ന് വിളിച്ചപ്പോൾ പറഞ്ഞു, അവളുടെ കസിൻ ഈ സിനിമ കണ്ടതിനു ശേഷം വീട്ടിൽ അമ്മയെ സഹായിക്കാൻ കൂടി ത്തുടങ്ങി എന്ന്. എത്ര നാളേക്കാണ് എന്നൊന്നും അറിഞ്ഞൂടാ, എന്നാലും അതൊരു നല്ല മാറ്റമാണ്.

 

ഈ സിനിമയുടെ അവസാനത്തിൽ നായിക ആ ചുറ്റുപാടിൽ നിന്നും രക്ഷപ്പെടുന്നുണ്ട്.

എന്നാൽ പുതിയൊരു പെൺകുട്ടി അവളുടെ സ്ഥാനത്തു വരുന്നുമുണ്ട്.

ഒന്നും മാറുന്നില്ല എന്നാണ് അതിൽ നിന്നും തോന്നുന്നത് ഒരു ബുദ്ധിമുട്ടിൽ നിന്നും നമ്മളുമാത്രം രക്ഷപ്പെട്ടാൽ പോരല്ലോ? മറ്റുള്ളവരും അതിൽ അകപ്പെടാതെ നോക്കേണ്ടേ? 

 

അതിനെന്തു ചെയ്യണമെന്ന് ആലോചിക്കണം. അതിനുള്ളത് വീട്ടിൽ നിന്നുതന്നെ തുടങ്ങാം. ആൺകുട്ടിയെയും പെൺകുട്ടിയെയും ഒരുപോലെ വളർത്താം നമുക്ക്. നല്ലൊരു നാളെ വരുമെന്ന് പ്രത്യാശിക്കാം. ഇതെല്ലാം അതിനൊരു തുടക്കമാവട്ടെ.

 

English Summary: The great Indian kitchen is a different experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com