അഞ്ച് വർഷം പഠിച്ചും പലതവണ പരീക്ഷ എഴുതിയും സ്വന്തമാക്കിയ ഡ്രൈവിങ് ലൈസൻസ്!

driving-test
Representative Image. Photo Credit : Shutterstock.com
SHARE

പഞ്ചവത്സരപദ്ധതി (കഥ)

ഈ പേര് കേട്ട് എന്തോ രാഷ്ട്രീയ സാമൂഹ്യ വിഷയം കൈകാര്യം ചെയ്യുകയാണ് എന്ന് തെറ്റിദ്ധരിക്കേണ്ട..

അങ്ങനെയുള്ള കടുംകൈ ഒന്നും ഞാൻ ചെയ്യില്ല.. എങ്കിൽ പിന്നെ ഇതെന്താണ്  എന്നല്ലേ?? ചുമ്മാ.. നിങ്ങൾക്ക് അത്ര പറയാൻ പറ്റിയ ഒന്നുമില്ല.. പക്ഷേ എന്നെ സംബന്ധിച്ച് ഇമ്മിണി ബല്യ ഒന്ന് തന്നെ.. ഡ്രൈവിംഗ് ലൈസൻസ്..

ഓ, അത് കഴിഞ്ഞവർഷം ഇറങ്ങിയ ഒരു സിനിമ അല്ലേ? നല്ലത് ആയിരുന്നു. എന്നും   പറഞ്ഞ് പോകാൻ വരട്ടെ.. ഇത് ഞാൻ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി നേടിയെടുത്ത എന്റെ സ്വന്തം driving license നേ പറ്റിയാണ്...

പതിനഞ്ച് വർഷങ്ങൾ മുമ്പാണ്, UAEൽ എത്തിയത്. കൃത്യമായി

പറഞ്ഞാല് 2006 ജൂൺ മാസത്തിൽ. മദ്ധ്യ കിഴക്കൻ ഏഷ്യ യിലെ ഏറ്റവും നല്ല രാഷ്ട്രം എന്ന് തന്നെ പറയാം.. ഭൂമിയിൽ സ്വർഗമുണ്ടെങ്കിൽ അത് ഈ രാഷ്ട്രം ആയിരിക്കും എന്ന് തോന്നിക്കും വിധേനയുള്ള അടിസ്ഥാന സൗകര്യങ്ങൾ, ഒപ്പം സൗഹാർദ്ദവും, സഹിഷ്ണുതയും സാഹോദര്യവും സമാധാനവും നിറഞ്ഞ ഒരു നല്ല നാട്.. UAEയിലെ ഗ്രീൻ സിറ്റി എന്നറിയപ്പെടുന്ന അൽ ഐൻ എന്ന സ്ഥലത്താണ് ഞാൻ ജോലി ചെയ്യുന്ന ആശുപത്രി. എനിക്ക് മുമ്പ് ഇവിടെ എത്തിയ എന്റെ കെട്ടിയോന്റെ ജോലി ആണെങ്കിൽ അബുദാബിയിലും. ഈ രണ്ട് സ്ഥലങ്ങളും തമ്മിൽ 150 കിലോ മീറ്റർ ദൂരമുണ്ട്. സ്വാഭാവികമായും ഒരുമിച്ചു തമാസിക്കണമെങ്കിൽ ആരെങ്കിലും യാത്ര ചെയ്തേ മതിയാവൂ. അത് കൊണ്ട് തന്നെ എന്റെ ഭർത്താവ് ആ ദൗത്യം ഏറ്റെടുത്തു. 

അങ്ങിനെ ഞങ്ങൾ അൽഐൻ നഗര മധ്യത്തിൽ തന്നെയുള്ള ഒരു വാടക വീട്ടിൽ താമസിക്കാൻ ആരംഭിച്ചു. ഏതൊരു സാധാരണ പ്രവാസിയേയും പോലെ, ആദ്യ ദിവസങ്ങളിൽ ഞാനും എന്റെ നല്ല പാതിയും കൂടി, നിറം പിടപ്പിച്ച സ്വപ്നങ്ങൾ നെയ്തു കൂട്ടി. ഇതിനിടയിൽ എന്റെ പ്രിയ ഭർത്താവ് ഡ്രൈവിംഗ് ടെസ്റ്റ് ആദ്യ അവസരത്തിൽ തന്നെ വിജയിച്ചു ഞങ്ങളുടെ പ്രഥമ ശകടം  ആ നവംബറിൽ സ്വന്തമാക്കുകയും ചെയ്തു.. എനിക്കു ജോലി ഉള്ളപ്പോൾ ഭർത്താവ് എന്നെ രാവിലെ ആശുപത്രിയിൽ  വിടും, തിരിച്ച് വരുമ്പോൾ ഞങ്ങൾ ഒന്നിച്ച് വീട്ടിലേക്ക് മടങ്ങും.. ദിവസങ്ങൾ കാറ്റും കോളും കൂടാതെ കടന്നു പോകുന്നു.. ഏകദേശം ഒരു മാസം കഴിഞ്ഞ് കാണും.

ഒരു ദിവസം വളരെ തിരക്കേറിയ ഒരു ജോലിക്ക് ശേഷം, ഭർത്താവ് മേടിച്ച് വന്ന ശവർമയും കഴിച്ചു വീട്ടിലേക്ക് മടങ്ങുമ്പോൾ, അങ്ങേരു എന്നോടു പറഞ്ഞു.. ‘‘എടീ, ഞാൻ ആലോചിക്കുകായിരുന്നു, നിനക്ക് ഒരു ഡ്രൈവിംഗ് ലൈസൻസ് എടുത്താൽ എന്താണെന്ന്??. ശവർമ കഴിക്കുന്ന തിരക്കിലും ഫ്എം ഇലെ ഉച്ചത്തിലുള്ള പാട്ട് കൊണ്ടും ഇദ്ദേഹം പറഞ്ഞത് എനിക്ക് ശരിയായി മനസ്സിലായില്ല .. ‘‘നിങൾ എന്താ പറഞ്ഞേ?’’  ‘‘നീ ഡ്രൈവിങ് ലൈസൻസ് എടുക്കാൻ..’’ റേഡിയോ ഓഫ് ചെയ്ത് കൊണ്ട് എന്റെ പ്രിയതമൻ ഉച്ചത്തിൽ പറഞ്ഞു. ‘‘യ്യോ, ഞാനോ, ലൈസൻസോ??’’ 

‘‘അതെന്താ, നിനക്ക് ലൈസൻസ് എടുത്താൽ??’’ പുള്ളിക്കാരന് വീണ്ടും ചോദിച്ചത് കേട്ട് ഞാൻ ശരിക്കും ഞെട്ടി..ഒരു സൈക്കിൾ  പോലും ഓടിച്ചിട്ടില്ലത്ത ഞാൻ ഡ്രൈവിങ്, കൊള്ളാം, ഈ പുള്ളി പതിവില്ലാതെ വേറെ വല്ലതും കുടിച്ചോ വാ? ഞാൻ വിചാരിച്ചു.. വണ്ടിയിൽ ഇരുന്ന്, ഷവർമയുടെ ബാക്കി കഴിച്ചു കൊണ്ട്, ഞാനോർത്തു..ഒ രു toy car പോലും ഇതുവരേക്ക് ഞാൻ ഓടിച്ച് നോക്കീട്ടില്ല.. പിന്നെയല്ലേ ഡ്രൈവിംഗ് ലൈസൻസ്?? ആകെയുള്ള മുൻകാല പരിചയം അമ്മ ഉപേക്ഷിച്ചു കളഞ്ഞ കാലിയായ ഉജാല കുപ്പി തുളയിട്ട് ഒരു കോല് അതിലൂടെ കടത്തിവിട്ട് അതിന്റെ രണ്ട് വശത്തായി തേഞ്ഞു തീർന്ന റബ്ബർ ചെരുപ്പുകൾ വട്ടത്തിൽ മുറിചുണ്ടാക്കിയ ചക്രങ്ങളും വച്ച്  നമ്മൾ തന്നെ സൃഷ്ടിക്കുന്ന പേരിടാത്ത വണ്ടി ഓടിച്ചതാണ്. ഓ.. അത്  മാത്രം അല്ല, കവുങ്ങിൻ പാളയിൽ കയറി ചമ്രം പടഞ്ഞിരുക്കും.. വേറൊരാൾ സ്പീഡിൽ വലിക്കും.. നല്ല roller coaster effect ആണ് കേട്ടോ ഈ സവാരിക്ക്.. മുറ്റത്തെ ചരൽ മണൽ ഉരസി ആസനത്തിലെ തൊലി പോയിട്ടുള്ള നീറ്റൽ അനുഭവപ്പെടുമ്പോൾ മാത്രമാണ് ലംബോർഗിനി ഉപേക്ഷിക്കേണ്ട സമയം അതിക്രമിച്ചു എന്ന് മനസ്സിലാവൂ. ഇതൊക്കെ പറയുമ്പോ പുതു തലമുറ വിചാരിക്കും hey, കവുങ്ങിൻ പാള, what is that എന്ന്?  അതിപ്പോ എന്ത് പറഞ്ഞാലും നിങ്ങൾക്ക് മനസ്സിൽ ആവില്ല.. ആ roller coaster സവാരി നടത്താതെ.. മേൽ പറഞ്ഞ  കായിക പരിപാടികളിൽ പങ്കെടുത്തിട്ടുള്ള ഓൾഡ് ജനറേഷൻ, ആ ഗതകാല സ്മരണകൾ അയവിറക്കി, ‘അതൊക്കെ ഒരു കാലം.’ എന്നും പറഞ്ഞു ഒരു ദീർഘ നിശ്വാസവും വിട്ടിരിക്കുകയായിരിക്കും.

അങ്ങനെ ഞങ്ങൾ വീട്ടിൽ എത്തി. ‘ഒരു ചായ കുടിക്കാം’ എന്നും പറഞ്ഞു അടുക്കളയിൽ ഗ്യാസ് സ്റ്റൗ കത്തിച്ച് ചായ വെച്ച ഞാൻ സ്വപ്നം കാണാൻ തുടങ്ങി.. രണ്ട് മിനിട്ട് കൊണ്ട് എനിക്ക് ലൈസൻസും കിട്ടി പുതിയ മെഴ്സീഡിസ് ബെൻസും  ഓടിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് പുറകിൽ നിന്നും വിളി കേട്ടത്.. ‘നീ ഇത് എന്തോർത്ത് നിൽക്കുവ?’ ‘അയ്യോ,.. ഇടിച്ചു..’ ‘എന്ത്?.’ ‘അയ്യോ , നമ്മുടെ ബെൻസ് കാർ..’ ‘എന്ത്? ബെന്സോ?’ ‘ഓ എന്റെ മനുഷ്യ, സ്വപ്നങ്ങൾ കാണണം, വല്യ മലയോളം കണ്ടാലേ ഒരു ചെറിയ കുന്നോളം കിട്ടൂ..’ അങ്ങനെയാണ്  പറയുന്നത്.  ‘ഗ്യാസ് നിർത്തെടി.. അല്ലെങ്കിൽ ബെൻസ് മേടിക്കാൻ നമ്മൾ രണ്ടാളും കാണില്ല..’

‘ശ്ശോ.. ചായ തിളച്ച് പോയി.. ആ ഉളളത് കുടിക്കാം’.. ഗ്യാസ് ഓഫ് ചെയ്തു ഞാൻ പറഞ്ഞു.. പിന്നെ, നാളെ മുതൽ രണ്ട് ദിവസം എനിക്ക് ഓഫ് ആണ്, എന്നാല് ഞാൻ പോയി ലൈസൻസ് file തുടങ്ങാം അല്ലേ?. അതേ, ആദ്യം നീ പോയി file തുടങ്ങൂ.. ബാക്കി പിന്നിട് നോക്കാം..

പിറ്റേന്ന് രാവിലെ തന്നെ മുറൂറിൽ (പോലീസ് സ്റ്റേഷൻ) പോയി , പോലീസ് സ്റ്റേഷനോ? എന്ന് പറഞ്ഞ് കണ്ണ് തള്ളണ്ട.. എന്ന് വച്ചാൽ traffic department ആണ്. സ്ത്രീകളുടെ വിഭാഗത്തിൽ പോയി file തുടങ്ങി. 6 മാസത്തിനുള്ളിൽ പൂർത്തിയാക്കി ഇല്ലെങ്കിൽ 50 ദിർഹം കൊടുത്ത് പുതുക്കണം, ലേഡി ഓഫീസർ card തന്നുകൊണ്ട്  അറബിയിൽ പറഞ്ഞു.. ‘6മാസം..അതിനുള്ളിൽ ലൈസൻസ് എടുക്കണം, വണ്ടിയും മേടിക്കണം’. വീട്ടിലേക്ക് മടങ്ങുന്ന വഴിക്ക് ടാക്സിയിൽ ഇരുന്ന് ഞാൻ പിന്നെയും ദിവാസ്വപ്നം കണ്ട് തുടങ്ങി..അടുത്ത മൂന്നോ നാലോ മാസം അത് കഴിഞ്ഞാൽ..ഞാനും വണ്ടി ഓടിക്കും.. എന്ത് നല്ല സ്വപ്നം..

File തുടങ്ങിയാൽ പിന്നെ മൂന്ന് ദിവസത്തെ theory class ഉണ്ട്. അത് പൂർത്തിയായി കഴിഞ്ഞു എഴുത്ത് പരീക്ഷ.. പിന്നീട് simulation, parking test, അത് കഴിഞ്ഞ് road test ഇതൊക്കെയാണ് സാധാരണ process.

ഞാനും വിചാരിച്ച പോലെ ഫയൽ തുടങ്ങി. .വേറെ പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല.. രണ്ട് മൂന്നു മാസം കഴിഞ്ഞ് കാണും, ‘നീ പോയി ഡ്രൈവിങ് ക്ലാസ്സ് ജോയിൻ ചെയ്യൂ..’ എന്റഎ ഭർത്താവിന്റഎ നിർദേശം.. ‘അതിന് മൂന്നു ദിവസം ഓഫ് കിട്ടണ്ടെ.. ആ നോക്കട്ടെ, അടുത്ത മാസത്തേക്ക് മൂന്ന് off request ചെയ്യാം. എന്നിട്ട് പോയേക്കാം.’

മാസത്തിന്റെ ആദ്യ ആഴ്ച തന്നെ മൂന്നു ദിവസം ഓഫ്  ഉള്ള ദിവസങ്ങളിൽ എമിറേറ്റ്സ് ഡ്രൈവിംഗ് സ്കൂളിൽ theory ക്ലാസ്സ് book ചെയ്തു.. മൂന്നാം ദിവസം എഴുത്ത് പരീക്ഷ .. ഫലം വന്നപ്പോൾ 100% വിജയം.. ഓ  ഇതൊക്കെ പുല്ല്  എന്ന് വിചാരിച്ച് driving ക്ലാസ്സ് തുടങ്ങാമെന്ന് കരുതി. ഓഫും ഡ്യൂട്ടിയും അഡ്ജസ്റ്റ് ചെയ്തു ക്ലാസ്സ് book ചെയ്തു വന്നപ്പോൾ ആദ്യത്തെ 6 മാസം കഴിഞ്ഞ് file പുതുക്കേണ്ടി വന്നു. 

ആദ്യത്തെ ക്ലാസ്സ് simulation ആണ്. Nursing വിദ്യാഭാസത്തിനിടയിലും ജോലി സ്ഥലങ്ങളിൽ നടത്തുന്ന തുടർ വിദ്യാഭ്യാസ പഠനങ്ങൾക്കും simulation method ഒരുപാട് പരിചിതമാണ്..

പക്ഷേ, ഡ്രൈവിംഗ് simulation എന്താണോ ഉദ്ദേശിക്കുന്നത് എന്ന് തലേ രാത്രി മുഴുവൻ ആലോചിച്ചു.. പണ്ട് പത്രത്തിൽ എവിടെയോ കണ്ട പരസ്യമാണ് പെട്ടെന്ന് ഓർമയിൽ വന്നത്.. ഓൺലൈൻ നീന്തൽ പരിശീലനം...അങ്ങിനെ എന്തെങ്കിലും ആണോ ആവോ? ആ എന്തിങ്കിലും ആകട്ടെ.. പോയി നോക്കാം.

പിറ്റേന്നു ബുക്ക് ചെയ്തത് അനുസരിച്ച് ഡ്രൈവിംഗ് സ്കൂളിൽ എത്തി. Simulation ക്ലാസ്സ്, തുടങ്ങിയപ്പോൾ ആണ് മനസ്സിലായത്  ഗെയിം കളിക്കാൻ ആണെന്ന്.

ഞാൻ simulation കാർ ഓടിക്കാൻ തുടങ്ങി.. ദൈവാധീനം കൊണ്ട്, എന്റെ കാർ, റോഡിലേക്ക് കയറിയതെ ഇല്ല. മരുഭൂമിയിലും, വെള്ളത്തിലും എന്ന് വേണ്ട എതിരെ വന്ന സകല വണ്ടികളെയും ഇടിച്ച് തെറിപ്പിച്ച്... ഒന്നും പറയണ്ട.. എന്റെ മലയാളി മാഷ്   ഇത് കണ്ട് ഭയപ്പെട്ട് ‘‘ഓ.. ഇത് ഞാൻ കൊറേ കഷ്ടപ്പെടും’’ എന്ന് ആത്മഗതം  ചെയ്യുന്നത് ഞാനും കേട്ടു.. എന്റെ കളിയുടെ ഭീകരത അദ്ദേഹം കൂടുതൽ ഒന്നും പറയാതെ തന്നെ എനിക്ക് വെളിപ്പെട്ടു..

പിന്നീട് അങ്ങോട്ട്, ഓഫ് കിട്ടുന്ന മുറക്ക് ഞാൻ driving ക്ലാസ്സ് ബുക്ക് ചെയ്തു.. ഏകദേശം 45 മിനിറ്റോളം നീണ്ട് നിൽക്കുന്ന ഒരു ക്ലാസ്സ്, 16 ക്ലാസ്സുകൾ.. അത് മുഴുവനും ഡ്രൈവിങ്  സ്കൂളിന്റെ കോമ്പൗണ്ടിൽ തന്നെയാണ്.. നഴ്സിംഗ് കോളജിൽ പഠിച്ചിരുന്നപ്പോൾ പണ്ടൊരു ഡ്രൈവർ ഞങ്ങൾക്ക് ബസ്സ് ഓടിക്കുന്നതിന്റെ ബാലപാഠങ്ങൾ പറഞ്ഞ് തന്നത് ഓർമ വന്നു. ABC, accelerator, break, clutch ഇത് മൂന്നും പഠിച്ചാൽ ഡ്രൈവിങ് കഴിഞ്ഞു എന്നാണ് അദ്ദേഹം പറഞ്ഞത്. ABC ക്കാണ്(airway, breathing and circulation) ആതുര ശുശ്രൂഷയിലും മുൻഗണന.അല്ലെങ്കിലും ABC തന്നെ  എല്ലായിടത്തും പ്രശ്നക്കാരൻ. 

പഴയ ഡ്രൈവർ പറഞ്ഞ ഓർമ  അനുസരിച്ച് എന്റെ മാഷിനോട് ABC യുടെ  കാര്യം ഞാനും പറഞ്ഞു. ‘‘സംഭവം ഒക്കെ ശരി തന്നെ, പക്ഷേ നിങ്ങള് C പഠിക്കില്ല, clutch’’ ‘‘അതെന്താ മാഷേ ?’’ അദ്ദേഹം എന്നെ നോക്കി. പറഞ്ഞു...  ‘‘ഒന്നുമില്ല.. നിങ്ങൾ ചേർന്നിരിക്കുന്നത് Automatic ആണ് manual അല്ല...’’ അത് കൊണ്ട് , ABC മാറുമോ? ആ ..എന്തരോ എന്തോ? ഉളളത് ഒക്കെ പഠിപ്പിച്ചാൽ മതി.. സിലബസിൽ ഇല്ലാത്തത് പഠിച്ചിട്ട് കാര്യമില്ലല്ലോ??

വിവിധ തരത്തിലുളള Parking കളും basic skills ഒക്കെ മാത്രമാണ് ഈ അവസരത്തിൽ പഠിപ്പിക്കുന്നത്. പുറകിലെ ഓറഞ്ച് pole കണ്ടോ? മാഷ് ചോദിച്ചത് കേട്ട് സീറ്റ് ബെൽറ്റ് ഊരി വിശാലമായി, സീറ്റിൽ നിന്നും തിരിഞ്ഞ് പുറകിലേക്ക് നോക്കിയ എന്നെ മാഷ് വളരെ ദയനീയമായി നോക്കി ഇപ്രകാരം പറഞ്ഞു ‘‘ആ , ഇങ്ങനെ നോക്കാൻ ആണെങ്കിൽ പിന്നെ വണ്ടി ഓടിക്കേണ്ടതായി വരില്ല.. അതേ, central mirror വച്ചിരിക്കുന്നത് പുറകിൽ ഉള്ളത് കാണാൻ ആണ് . അതിലൂടെ നോക്കിയാൽ മതി..’’ ‘‘ശരിയാ കേട്ടോ വളരെ നന്നായി കാണാം’’ പുറകിലെ pole കണ്ട സന്തോഷത്തിൽ ഞാൻ പറഞ്ഞു. ‘‘ഇനി  സൈഡിലെ pole, അത് നോക്കൂ ..’’ സൈഡിൽ ഉള്ള pole തപ്പി, door തുറന്ന് ഞാൻ പുറത്തേക്ക് പോകാൻ തുടങ്ങി. ‘‘താൻ ഇത് എവിടെ പോകുവാ’’  ‘‘pole നോക്കാൻ’’ എന്റെ മറുപടി കേട്ട് പുള്ളിക്കാരൻ നിശബ്ദനായി.. 

എന്ത് സംഭവിക്കാൻ ഇരുന്ന നേരമാണോ ഇത് പോലൊരു മാരണം തന്റെ തലയിൽ ആയത് എന്നായിരിക്കും മാഷ്  വിചാരിചിട്ടുണ്ടാവുക.. താടിക്ക് കൈയ്യും കൊടുത്ത് അന്തം വിട്ടിരിക്കുന്ന മാഷിനോട് ഞാൻ ചോദിച്ചു..‘എന്ത് പറ്റി മാഷേ?’ ഇതിൽ കൂടുതൽ ഇനി എന്ത് പറ്റാൻ എന്ന് പറയാൻ വന്ന മാഷ് പക്ഷേ ‘ഒന്നുമില്ല’ എന്ന് എന്നോട് പറഞ്ഞു. മുമ്പിലും പുറകിലും വശങ്ങളിലും എല്ലാം ഓറഞ്ച് pole കണ്ട് എനിക്കാണെങ്കിൽ ആകെ മൊത്തം ‘confusion തീർക്കണമേ’ എന്ന് പാട്ട് പാടാൻ തോന്നി. എങ്ങിനെയൊക്കെ യൊ parking test pass ആയി. പിന്നെയ്.. ഒരു രഹസ്യം പറയാം.. ആരോടും പറയല്ലേ.. അന്നു reverse parking ചെയ്ത തിന് ശേഷം പിന്നിട് ഒരിക്കൽ പോലും ഞാൻ reverse park ചെയ്തിട്ടില്ല.. 

Parking test ജയിച്ചു കഴിഞ്ഞാൽ റോഡിൽ പരിശീലനം തുടങ്ങും. പിന്നെയും ഡ്യൂട്ടിയും ക്ലാസ്സും ഒക്കെ അഡ്ജസ്റ്റ് ചെയ്തു വന്നപ്പോൾ അടുത്ത് 6 മാസം കഴിഞ്ഞു. റോഡ് പരിശീലനം തുടങ്ങി, ആദ്യമായി വണ്ടിയുമായി റോഡിലേക്ക് ഇറങ്ങിയതും എനിക്ക് ചങ്കിടിപ്പ് കൂടി.. കൈ കാലുകൾ വിറക്കുന്നു... വണ്ടി ഓടിക്കുമ്പോൾ എന്റെ മനസ്സിൽ ഓർമ വരുന്നത് ആശുപത്രിയിൽ head injury യും poly trauma യും road traffic accident  വന്നു അഡ്മിറ്റ് ആയ രോഗികളെ ആണ്. മാതാവേ..ഈ പണി എനിക്കു പറ്റുമെന്ന് തോന്നുന്നില്ല. ക്ളാസ് കഴിഞ്ഞ് വീട്ടിൽ എത്തിയാൽ രാത്രി ഉറക്കമില്ല.. craniectomy കഴിഞ്ഞ് OR fridge ഇൽ വച്ചിരിക്കുന്ന  തലയോട്ടിയും, operation പ്രതീക്ഷിച്ച് ബോധമില്ലാതെ കിടക്കുന്ന ഞാനുമൊക്കെയാണ് ഉറക്കമില്ലാത്ത രാത്രികൾ എനിക്കു സമ്മാനിച്ചത്. വണ്ടി റോഡിലേക്ക് ഇറക്കി ഏതെങ്കിലും ട്രക്കോ, ബസോ മറ്റോ സൈഡിലോ മുമ്പിലോ കണ്ട് പോയാൽ പിന്നെ ഞാൻ കണ്ണ് മുറുക്കെ അടച്ച് പിടിക്കും..

എങ്ങിനെ ഒക്കെയോ എന്റെ ക്ലാസ്സ് കഴിഞ്ഞു. ഞാൻ road ടെസ്റ്റിന് date എടുത്തു. ടെസ്റ്റ് ദിവസം അടുത്ത് വരുന്നത് അനുസരിച്ച് എനിക്കു വിശപ്പില്ല, ദാഹമില്ല ആകെ ഒരു മരവിപ്പ്.. പരീക്ഷ ദിവസം രാവിലെ ഡ്രൈവിംഗ് സ്കൂളിൽ എത്തി. 15, 16 പേരുണ്ട് എന്റെ കൂടെ ടെസ്റ്റിന്. ടെസ്റ്റ് നടത്തുന്നത് പോലീസ് ആണ്. ഒരു പരീക്ഷാർത്ഥി ആ കാർ ഓടിച്ച് പോകും. പിന്നാലെ ബസിൽ ബാക്കി പരീക്ഷാർത്ഥികൾ ഇവരെ അനുഗമിക്കും. മൂന്നോ നാലോ മിനിറ്റ് വണ്ടി ഓടിച്ച് കഴിഞ്ഞ് പോലീസ് നിർത്താൻ പറയും. അപ്പോൾ അടുത്തയാൾ വണ്ടിയിൽ കയറി ഓടിക്കും. അങ്ങനെ എന്റെ അവസരം എത്തി. പേടിച്ച് വിറച്ച് ഞാൻ വണ്ടിയിൽ കയറി. പോലീസ് എന്നോടു മുമ്പോട്ട് പോയി വലത്തോട്ട് എടുക്കാൻ പറഞ്ഞു. വലത് വശത്ത് വളരെ തിരക്കേറിയ ഒരു റോഡ് ആണ്. 3 വരി റോഡിൽ  മുഴുവൻ വണ്ടികൾ തിങ്ങി നിറഞ്ഞിരുന്നു.

അതും വലിയ ട്രെക്കും ലോറിയും മറ്റും. ഞാൻ  ബ്രേക്കിൽ നിന്ന് കാലു മാറ്റുന്നില്ല.. പോലീസ്  അറബിയിൽ എന്നോടു എന്തൊക്കെയോ പറയുന്നു. ഇങ്ങനെയാണോ വണ്ടി ഓടിക്കുന്നത്? എന്നാണ് പറയുന്നത് എന്ന് മനസ്സിലാക്കാൻ അറബി അറിയണം എന്നില്ലല്ലോ. ഒരു മിനിറ്റ് കഴിഞ്ഞപ്പോ തന്നെ അദ്ദേഹം പറഞ്ഞു സൈഡിൽ നിർത്തിക്കോ എന്ന്. അങ്ങനെ, Driving licence എന്ന എന്റെ സ്വപ്നം  ഒരു ബാലി കേറാമല ആയി മാറി. 

വീട്ടിൽ എത്തി ഭർത്താവിനോട് ഇത് പറഞ്ഞപ്പോൾ അദ്ദേഹം ഒരു ഭാവ വ്യത്യസവും കൂടാതെ എന്നോടു പറഞ്ഞു, ‘‘അത് കുഴപ്പമില്ല.. ഇത് ഞാൻ പ്രതീക്ഷിച്ചിരുന്നു.. നീ അടുത്ത ക്ലാസ്സ് ബുക്ക് ചെയ്യൂ..’’ പിന്നെയും ക്ലാസ്സുകൾ.. അതിന് ശേഷം അടുത്ത ടെസ്റ്റ് date എടുത്ത് റെഡി ആയി ഇരിക്കുമ്പോഴാണ് ഞങ്ങളുടെ ആദ്യത്തെ കണ്മണി എന്റെ ഉദരത്തിൽ മൊട്ടിട്ടു എന്ന് മനസ്സിലാകുന്നത്.. ‘‘ആ ഇനി ഡ്രൈവിങ് ടെസ്റ്റും വേണ്ട, ക്ലാസ്സും വേണ്ട.’’ ഇതൊക്കെ കഴിഞ്ഞിട്ട് മതി. അതോടെ ഡ്രൈവിംഗ് തൽക്കാലം നിർത്തി വച്ചു. 

പിന്നീട് ഒന്നര വർഷത്തിന് ശേഷം മോൾക്ക് നാലോ അഞ്ചോ മാസം പ്രായം ആയപ്പോൾ എന്റെ ഭർത്താവ് ഡ്രൈവിംഗ് പഠനം പുനരാരംഭിക്കാന്‍ എന്നോട് ആവശ്യപ്പെട്ടു..

വീണ്ടും പഠനം.. ഈ സമയത്ത് വേറൊരു അധ്യാപകൻ ആണ് പഠിപ്പിക്കാൻ എത്തിയത്. രസികൻ ആയ ഇദ്ദേഹം എന്റെ ഡ്രൈവിങ് പാടവം കണ്ട് എന്നോടു പറഞ്ഞു.. ‘‘എങ്ങിനെ എങ്കിലും ഇതൊന്ന് വിജയിച്ചു ലൈസൻസ് എടുക്കൂ, എന്നിട്ട് നമുക്കത് frame ചെയ്ത് വീട്ടിൽ വക്കാം, ഒരു  ഓർമക്കായ്’’ എന്ന്. കുറച്ച്  ക്ലാസ്സുകൾക്കു ശേഷം ഒരു ദിവസം ടെസ്റ്റ്  ചെയ്തു.. പക്ഷേ നാസ്തി ഫലം..

വളരെ നിരാശയോടെ വീട്ടിൽ വന്നു ഭർത്താവിനെ വിളിച്ചപ്പോൾ അദ്ദേഹം പിന്നെയും എന്നെ ഞെട്ടി്ച്ച് കൊണ്ട് ഇപ്രകാരം പറഞ്ഞു, ‘‘അതൊന്നും വല്യ കാര്യമില്ല..നീ ഒന്നു കൂടി ക്ലാസ്സ് ബുക്ക് ചെയ്യ്, എന്നിട്ട് അടുത്ത ടെസ്റ്റ് date എടുക്കൂ.. സന്തോഷപൂർവ്വം പിന്നെയും ക്ലാസ്സിൽ പോയി തുടങ്ങി, ടെസ്റ്റ് date എടുത്ത് വീണ്ടും  ടെസ്റ്റ് നടത്തി. തോൽവികൾ ഏറ്റുവാങ്ങാൻ ചന്തുവിന്റെ അല്ല എന്റെ ജീവിതം പിന്നെയും ബാക്കി .. ഒരു നല്ല കാര്യം എന്നുള്ളത് തെറ്റുകളുടെ എണ്ണത്തിൽ സംഭവിക്കുന്ന കുറവാണ്. അത് കൊണ്ട് തന്നെ അടുത്ത ടെസ്റ്റ് date എടുത്ത് ടെസ്റ്റിന് പോകാൻ ആവേശ ഭരിതയായി കാത്തിരുന്ന ഞാൻ ഒന്നു പനിയും ചുമയും പിടിച്ച് ആശുപത്രിയിൽ എത്തിയപ്പോൾ ഒരു  സത്യം മനസ്സിലായി.. ഞങ്ങളുടെ കുടുംബത്തിൽ അടുത്ത അതിഥി എത്താൻ പോകുന്നു.. അതോടെ ഡ്രൈവിംഗ് പഠനത്തിന് വീണ്ടും നീണ്ട ഇടവേള.. 

സമയവും കാലവും ആരെയും കാത്ത് നിൽക്കാറില്ല എന്നല്ലേ.. മോന് ആറ്, ഏഴ് മാസം ആയപ്പോൾ എന്റെ ഭർത്താവ് വീണ്ടും ലൈസൻസ് വിഷയം എടുത്തിട്ടു. ‘‘ആ ഇത്രയുമോക്കെ ആയില്ലേ, നീ ഇനി വീണ്ടും പോയി ഡ്രൈവിംഗ് ക്ലാസ്സ് തുടങ്ങൂ.’’ ‘‘ഓ, ഈ മനുഷ്യന് ഇത് എന്തിൻ്റെ കേടാണ്, മനസമാധാനത്തോടെ ജീവിക്കാനും തരില്ല.’’ എന്തായാലും കേട്ടിയോന്റെ സന്തോഷത്തിന് ഞാൻ പിന്നെയും ഡ്രൈവിങ്  ക്ലാസ്സിന് ചേർന്നു.. ഈ തവണ വേറെ ഒരു മാഷ് ആണ് പഠിപ്പിക്കുന്നത്. ‘‘ദൂരേക്ക് നോക്കൂ , അപ്പോൾ വണ്ടി നേരെ ഓടിക്കാൻ പറ്റും..’’ 

ഞാൻ ദൂരേക്ക് നോക്കി മനസ്സിൽ വിചാരിച്ചു , എന്ത് ഭംഗി.. നല്ല മരുഭൂമി..  വണ്ടി നേരെ ആയോ എന്തോ? നാലോ അഞ്ചോ ക്ലാസ്സിന് ശേഷം വീണ്ടും ഡ്രൈവിങ് ടെസ്റ്റ്.. ദൈവത്തിന്റെ കാരുണ്യം.. ഈ തവണ ഒരു തെറ്റ് മാത്രേ പോലീസ് എഴുതി തന്നുള്ളു. അങ്ങനെ വീണ്ടും രണ്ട് ക്ലാസ്സ് കഴിഞ്ഞു, പരീക്ഷക്ക് date എടുത്ത് കാത്തിരുന്നു.. ഒരു ലക്ഷ്യം മാത്രേ അപ്പോ എനിക്ക് ഉണ്ടായിരുന്നുള്ളൂ. അടുത്ത കുഞ്ഞിനെ എങ്കിലും തന്നെ വണ്ടി ഓടിച്ച് vaccination കൊണ്ട് പോണം. എന്തായാലും, ഈ തവണ ഭാഗ്യം എന്റെ കൂടെ ആയിരുന്നു. ടെസ്റ്റ് passed.. അപ്പൊ തന്നെ പോലീസ് സ്റ്റേഷനിൽ പോയി ലൈസൻസ് മേടിച്ച്, സന്തോഷമായി വീട്ടിൽ എത്തി. അങ്ങനെ 2006 ഡിസംബറിൽ തുടങ്ങിയ സംരംഭം  2011 മാർച്ചിൽ അവസാനിച്ചു.. പഞ്ചവത്സര പദ്ധതി...ഏറ്റം കൂടുതൽ സന്തോഷം എന്റെ നല്ല പാതിക്ക്.. ഇനിയും ഇതിന്റെ പേരിൽ പൈസ മുടക്കണ്ടല്ലോ എന്ന് ഓർത്തയിരിക്കണം. 

ലൈസൻസ് കിട്ടി കഴിഞ്ഞ് പിന്നെ എവിടെ പോയാലും ഭർത്താവ് എന്നെക്കൊണ്ട് വണ്ടി ഓടിപ്പിക്കും. പോരാഞ്ഞ് , ആരാ നിന്നെ പഠിപ്പിച്ചത്, ആരാണോ ഇവൾക്ക് ലൈസൻസ് കൊടുത്തത്, എന്നിങ്ങനെയുള്ള കുറ്റപ്പെടുത്തലുകളും.. എന്തായാലും ഒരു വർഷം കഴിഞ്ഞ് അങ്ങേര് എനിക്ക് ഒരു പുതിയ കാർ മേടിച്ച് തന്ന് കേട്ടോ.. പിന്നെ എന്റെ ആഗ്രഹവും പൂർത്തിയായി.. അടുത്ത കുഞ്ഞിനെ ഞാൻ എന്റെ സ്വന്തം വാഹനത്തിൽ ഡ്രൈവ് ചെയ്താണ്  പ്രതിരോധ കുത്തിവെപ്പ് എടുക്കാൻ പോയത്.. അത് മാത്രമല്ല,  ബെൻസ് ഇല്ലെങ്കിലും ഉള്ള കാറിൽ രാവിലെ റേഡിയോയിലെ പാട്ടും കേട്ട് ,വഴിയിലെ വർണാഭമായ ചെടികളും പൂക്കളും കണ്ടങ്ങനെ വണ്ടി ഓടിക്കാൻ എന്തൊരു സുഖമാണെന്നോ??  

ഒരിക്കലും പോയിട്ടില്ലാത്ത സ്ഥലങ്ങളില് ഗൂഗിൾ ആന്റിയുടെ നിർദേശങ്ങൾ പാലിച്ച് പോകുന്നതിനിടെ, ഒരു പരീക്ഷണം എന്നോണം മറ്റൊരു വഴിയിൽ കയറി നോക്കുന്നതും, അതിൽ പരിഭവിച്ചു മിണ്ടാതിരിക്കുന്ന ഗൂഗിൾ ആന്റിയോട്, മലയാളിയോട് കളിക്കല്ലെ, എന്ന് മനസ്സിൽ പറഞ്ഞ്, വായിലാണ് വഴി എന്ന് കാരണവന്മാർ പറഞ്ഞ് തന്ന ആപ്തവാക്യം പാലിച്ച്, പണ്ട് സാഗർ കോട്ടപ്പുറം പോയത് പോലെ കാണുന്നവരോടൊക്കെ  ചോദിച്ചു ചോദിച്ചു അവസാനം, ലക്ഷ്യ സ്ഥാനത്ത് എത്തി കഴിയുമ്പോൾ, you reached your destination safely എന്ന് പറയുന്ന ഗൂഗിൾ ആന്റിക്ക് നന്ദി പറയുന്നത് എന്നിങ്ങനെ  മനോഹരമായ എത്രയെത്ര ഓർമകൾ!!

ആനന്ദ ലബ്ധിക്കിനിയെന്തു വേണം??

പിന്നെ എനിക്ക് സാധിക്കുമെങ്കിൽ നിങൾക്കും സാധിക്കും കേട്ടോ!!

English Summary: Writers Blog - Memoir written by Molamma Mathew 

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;