ADVERTISEMENT

ആ രാത്രിയിൽ... അന്ന്... (കഥ)

‘‘സത്യനായകാ... മുക്തിദായകാ..’’

വട്ടക്കുഴി സണ്ണിച്ചേട്ടൻ പാടുകയാണ്. നാട്ടിലെ പ്രധാന പാട്ടുകാരനാണ് സണ്ണിച്ചേട്ടൻ..

അദ്ദേഹത്തിന്റെ സ്വരമാധുരി ആസ്വാദകഹൃദയങ്ങളിൽ കുളിർമഴ പെയ്യിക്കുകയാണ്..

കുറച്ചു വർഷങ്ങൾക്ക് മുൻപാണ്.. ഇടവകപ്പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ചുള്ള ഗാനമേളയാണ് നടന്നുകൊണ്ടിരിക്കുന്നത്. നാട്ടിലെ പ്രധാന ഗായകരെല്ലാം പിന്നണിയിൽ റെഡിയാണ്. സണ്ണിച്ചേട്ടനാണ് അതിൽ മൂപ്പൻ.. അതുകൊണ്ടുതന്നെ പ്രധാനഗായകനും അങ്ങേര് തന്നെ... അതിശയോക്തിയല്ല.. ഇന്നത്തെ രീതിയിൽ പറഞ്ഞാൽ ഒരു കിടിലൻ സിങ്ങർ ആണ് സണ്ണിച്ചേട്ടൻ..

 

അദ്ദേഹത്തിന്റെ സന്തതസഹചാരികളാണ് ഞാനും അരുണും..

നിറഞ്ഞ സദസ്സ്.. സ്റ്റേജിന്റെ മുൻപിൽ ഒത്ത നടുക്ക് നിന്നും രണ്ടു കയറുകൾ കെട്ടി സ്ത്രീകൾക്കും പുരുഷന്മാർക്കും ഉള്ള സ്ഥലം വേർതിരിച്ചിരിക്കുന്നു.

നടുവിൽ ഒരു കസേരയിട്ട് വികാരിയച്ചൻ ഇരിക്കുന്നു... പണ്ടൊക്കെ പരിപാടി കാണാൻ ഈ വിശാലമായ ഗ്രൗണ്ടിൽ ഇരിക്കുമ്പോൾ ചന്തിയിൽ നല്ല ഉരുളൻ കല്ല് കൊണ്ട് വേദനിക്കുമ്പോൾ അച്ചന്മാരെ അസൂയയോടെ നോക്കാറുണ്ട്... വലുതാവുമ്പോൾ ഒരു പള്ളീലച്ചനാകണമെന്നു ആഗ്രഹിച്ചതിന്റെ കാരണം ചിലപ്പോൾ ഇതായിരിക്കാം...

അച്ചന്റെ കസേരയിലുള്ള ആ ഇരിപ്പ് അത്രമേൽ മോഹിപ്പിച്ചിട്ടുണ്ട്..

പിന്നീടെപ്പോഴോ ആ ആഗ്രഹമൊക്കെ പോയി..

 

അച്ചനിരിക്കുന്നതിനു തൊട്ടു പുറകിൽ ആളുകൾക്കിടയിൽ ഞാനും അരുണും തിരുകിക്കയറി ഇരുന്നു. അവിടെത്തന്നെയിരിക്കാൻ കാരണമുണ്ട് കേട്ടോ..

ഗാനമേളക്ക് തൊട്ടുമുൻപ് ചെറിയൊരു കോമഡി പരിപാടി ഉണ്ടായിരുന്നു.. അതിലെ പ്രധാന കഥാപാത്രമായി  ഞാൻ നിറഞ്ഞാടിയത് കുറച്ചു സമയം മുൻപാണ്. കോമഡി അവതരിപ്പിക്കുന്നതിനിടയിൽ സ്റ്റേജിൽ നിന്നും ഇടയ്ക്കിടയ്ക്ക് പാളി വീഴുന്ന വെളിച്ചത്തിൽ സദസ്സിനിടയിൽ ഞാനൊരു മനോഹര കാഴ്ച കണ്ടു..

വെട്ടിത്തിളങ്ങുന്ന കുറെ മാൻപേട കണ്ണുകൾ..

ചിരിവസന്തത്തിൽ വിരിഞ്ഞുനിൽക്കുന്ന കുറെ മുല്ല മൊട്ടുകൾ..

പെൺപൂവുകൾ നിറഞ്ഞു നിൽക്കുന്ന ചെറിയൊരു ഉദ്യാനം..

 

അപ്പോഴേ മനസ്സിൽ ഉറപ്പിച്ചു ഗാനമേള തുടങ്ങുമ്പോൾ അതിനടുത്തു തന്നെ ഇരിപ്പുറപ്പിക്കണം എന്ന്. എന്റെ പ്രകടനം കണ്ട് അത്ഭുതപ്പെട്ട മാൻപേട കണ്ണുകൾ അസൂയയോടെ എന്നെ നോക്കും.. അതിൽ പുളകം കൊണ്ട് അങ്ങനെ ഇരിക്കണം. എന്റെ ചിന്തകളിൽ കുളിരുകോരി.. എന്റെ കണക്കുകൂട്ടൽ പിഴച്ചില്ല.. ആളുകൾക്കിടയിലേക്ക് നുഴഞ്ഞു കയറുന്നതിനിടയിൽ പെൺകുട്ടികൾ എന്നെ നോക്കുന്നത് ഞാൻ കണ്ടു. അവർ പരസ്പരം എന്തൊക്കെയോ പിറുപിറുക്കുന്നു.. ചിരിക്കുന്നു..

 

‘‘എന്നെക്കുറിച്ചായിരിക്കും’’

പുരുഷന്മാരുടെ ഇടയിൽ നിന്നും കുറച്ചു പിള്ളേർ വിളിച്ചു പറഞ്ഞു..

‘‘ചേട്ടായീ കലക്കീട്ടോ..’’

‘‘ഓ....’’ ഞാൻ തലകുലുക്കി..

അഭിനന്ദനങ്ങൾ തുടരുന്നതിനിടയിൽ ഗാനമേള തുടങ്ങി..

പെൺമണികൾ എല്ലാം സ്റ്റേജിലേക്ക് മിഴിയൂന്നി.. പാട്ടു തുടങ്ങിയത് മുതൽ ശ്രദ്ധ മുഴുവൻ അവിടെയാണ്..

‘‘ഛെ..നാശം,. ഈ ഗാനമേള കണ്ടുപിടിച്ചവനെ എന്റെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ?’’ 

പാട്ടുകൾ ആസ്വാദക ഹൃദയങ്ങളെ കീഴടക്കുമ്പോൾ എന്നെ മാത്രം അത്  അസ്വസ്ഥപ്പെടുത്തി..

 

‘‘അടുത്തതായി വട്ടക്കുടി സണ്ണി പാടുന്നു.. ദേവസഭാതലം എന്ന ഹിറ്റ് ഗാനം.’’

വേദിയിൽ നിന്നും അനൗൺസ്‌മെന്റ്.. വലിയ ഹർഷാരവം മുഴക്കി സദസ്സ് ഒന്ന് ഇളകിയിരുന്നു. .ഒപ്പം ഞാനും.

‘‘ഡാ..മര്യാദക്ക് അവിടിരുന്നു ഗാനമേള കണ്ടിട്ട് വീട്ടിപോയ്ക്കോണം..’’

ഏതു പാട്ടിനും തുള്ളാൻ നിന്ന കുറച്ചു ചെറുപ്പക്കാരുടെ നേരെ പള്ളിപ്പുറത്തു പാപ്പു ചേട്ടൻ കണ്ണുരുട്ടി..

 

പാപ്പു ചേട്ടൻ കുറച്ചു ദേഷ്യക്കാരനാണ്. ഇന്ന് വരെ പള്ളിയ്ക്കകത്തു ഒരു കാര്യത്തിനു പോലും  കേറിയതായി ആർക്കും അറിയില്ല. എന്നാലും പള്ളിക്കു പുറത്തുവച്ചു നടത്തുന്ന എല്ലാ പരിപാടിക്കും പാപ്പു ചേട്ടന്റെ ഒരു നിയന്ത്രണം എപ്പോഴും ഉണ്ടാവും.. പെരുന്നാളിന് പ്രദക്ഷിണം ഇറങ്ങിക്കഴിഞ്ഞാൽ പിന്നെ പൂർണ നിയന്ത്രണം പാപ്പു ചേട്ടൻ സ്വയം അങ്ങ് ഏറ്റെടുക്കും.. വീട്ടുപേര് പള്ളിപ്പുറത്ത് എന്നായതുകൊണ്ടായിരിക്കും പള്ളിക്കു പുറത്തു നടക്കുന്ന കാര്യങ്ങളിൽ മാത്രം ഇടപെടുന്നത്‌.

 

എന്തായാലും ചെറുക്കൻമ്മാർ പെട്ടെന്ന് നിശ്ശബ്ദരായി..

നമ്മുടെ സ്വന്തം സണ്ണിച്ചേട്ടനാണ് ദേവസഭാതലം പാടുന്നത്.. ഇത് കലക്കും..

ഞാൻ ഒന്ന് മുരടനക്കി കണ്ഠശുദ്ധി വരുത്തി.. അതങ്ങനെയാണ് നമുക്ക് ഇഷ്ടമുള്ളവർ പാടാൻ തുടങ്ങുമ്പോൾ നമ്മളും അറിയാതെ മുരടനക്കും, കണ്ഠശുദ്ധി വരുത്തും.. അവർക്കുവേണ്ടിയുള്ള ഒരു കരുതൽ ആണത്..

ഇത്തവണ പെൺപിള്ളേരുടെ ശ്രദ്ധ ആകർഷിക്കണം...

പാട്ടു തുടങ്ങിയതേ ഞാൻ പെട്ടെന്ന്‌ ഹിസ് ഹൈനസ് അബ്ദുള്ളയിലെ മോഹൻലാൽ ആയി മാറി..

 

കണ്ണടച്ചിരുന്ന് തലയിളക്കി ഹമ്മിങ്‌ പാടി..

ഇടയ്ക്കു പെൺ സുന്ദരികൾക്കിടയിലേക്ക് ഓട്ടക്കണ്ണെറിഞ്ഞു നോക്കി..

‘‘ഇല്ല.. ഒരു രക്ഷയുമില്ല.. മൈൻഡ് ചെയ്യുന്നില്ല..’’

പിന്നീട് പാട്ടിന്റെ സംഗതികളിൽ പാതി മിഴിയടച്ച്, തലയിളക്കി, അന്തരീക്ഷത്തിൽ കൈ കറക്കി, ഇടയ്ക്കു തുടയിൽ അടിച്ചു താളം പിടിച്ചു ഉറക്കെ പാടിക്കൊണ്ടേയിരുന്നു...

ഇപ്പോൾ എന്നെ കണ്ടാൽ പാട്ടിന്റെ എബിസിഡി അറിയാത്ത ഞാൻ ആണ് പാടുന്നതെന്നു തോന്നും.. സണ്ണിച്ചേട്ടൻ ഒന്നും ഒന്നുമല്ല..

പക്ഷേ തലകുത്തി മറിഞ്ഞിട്ടും ഒരു കാര്യവുമില്ല.. പെൺപിള്ളേരുടെ ശ്രദ്ധ മുഴുവൻ ഗാനമേളയിലാണ്..

 

ലോകത്തുള്ള പാട്ടുകാരോട് മുഴുവൻ എനിക്ക് അടങ്ങാത്ത അസൂയ തോന്നി..

“ഓ.. പാവം പാട്ടുകാരെ എന്തിനു പറയണം.. കോമഡി സെൻസ് ഇല്ലാത്ത മരമാക്രികളായല്ലോ ഈ പെണ്ണുങ്ങൾ..”

ഓർത്തപ്പോൾ സങ്കടവും ദേഷ്യവും ഒക്കെ വന്നു.

 

‘‘കല മാത്രം പോരഡ . .കുറച്ചൊരു കോലവും വേണം.’’ പണ്ട് അരുൺ എന്നെ കളിയാക്കി പറഞ്ഞത് ഓർമ്മ  വന്നു.. തെണ്ടി.. കുറച്ചു ഗ്ലാമറും, പണവും ഉള്ളതിന്റെ അഹങ്കാരം ആണ്.. സങ്കടം കൊണ്ട് ഞാൻ തല കുനിച്ചിരുന്നു..

സമയം കടന്നു പോയിക്കൊണ്ടിരുന്നു.. ആരൊക്കെയോ അരങ്ങിൽ സംഗീതവിസ്മയം തീർക്കുകയാണ്..

 

‘‘എടാ ഗാനമേള കഴിഞ്ഞു എഴുന്നേൽക്ക്’’

മറ്റേതോ ലോകത്തായിരുന്ന എന്നെ അരുണിന്റെ വാക്കുകൾ ഉണർത്തി..

നേരം പാതിരാ കഴിഞ്ഞു. എല്ലാവരും വീടുകളിലേക്ക് മടങ്ങാനുള്ള തിരക്കിലാണ്..

ഞങ്ങളും എഴുന്നേറ്റു.. എനിക്കരികിലിരുന്ന മാന്മിഴിക്കണ്ണികൾ നടന്നു പോകുന്നത് അകലെ പള്ളിയുടെ അലങ്കാരദീപങ്ങളുടെ വെളിച്ചത്തിൽ ഞാൻ കണ്ടു..

സണ്ണിച്ചേട്ടന്റെ പാട്ടിനെപ്പറ്റിയായിരിക്കും ആ തരുണീമണികൾ സംസാരിച്ചുകൊണ്ടുപോകുന്നത്.. എന്റെ കോമഡിയെപ്പറ്റി ഒരുത്തിയും ഒന്നും സംസാരിക്കാൻ വഴിയില്ല..

‘‘കോമഡി സെൻസ് ഇല്ലാത്ത മരഭൂതങ്ങൾ..ത്ഫൂ..‘‘

 

ഞങ്ങൾ നടന്നു സ്റ്റേജിനടുത്തു ചെന്നു. പോകുന്നവരുടെയെല്ലാം പ്രശംസകൾ ഏറ്റുവാങ്ങി വിജയശ്രീലാളിതരായി ഞെളിഞ്ഞു നിൽക്കുകയാണ് സണ്ണിച്ചേട്ടനും, ഗായകസംഘവും..

‘‘ചേട്ടാ വീട്ടിൽ  പോകണ്ടേ..?’’ അതുകണ്ടു സഹിക്കാതെ ഞാൻ സണ്ണിച്ചേട്ടനോട് ചോദിച്ചു..

‘‘ഓ.എന്താ ഇത്ര തിരക്ക്..? കുറച്ചു കഴിയട്ടെ..’’ ആശംസാപ്രവാഹത്തിന്റെ ലഹരി തലയ്ക്കു പിടിച്ച സണ്ണിച്ചേട്ടൻ നയം വ്യക്തമാക്കി..

 

‘‘എടാ മക്കളെ പോയിട്ട് നേരത്തെ ഇങ്ങു വരണം കേട്ടോ.. സ്റ്റേജും, തോരണവും എല്ലാം അഴിക്കണം..’’ കൈക്കാരൻ പീരപ്പറമ്പിൽ പാപ്പച്ചൻ ചേട്ടൻ പറഞ്ഞു..

‘‘ഓ..വരാം ചേട്ടാ..’’ ഞാൻ പറഞ്ഞു.

നല്ല മനുഷ്യനാണ്.. നമ്മുടെ പള്ളിക്കു വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.. ഓലക്കുടിലായിരുന്ന ഷെഡിൽ നിന്നും, ഇപ്പോൾ പണിതുകൊണ്ടിരിക്കുന്ന വലിയ ദേവാലയത്തിലേക്ക് എത്തിച്ചതിൽ ഇവരെപ്പോലുള്ള കുറെ നല്ല മനുഷ്യരുടെ കഠിനാധ്വാനം ഉണ്ട്..

 

ഏകദേശം ഒരു മണി കഴിഞ്ഞു അവിടെ നിന്നും ഇറങ്ങുമ്പോൾ.. പള്ളിയുടെ മുഖവാരത്തെ അലങ്കാരദീപങ്ങൾ അപ്പോഴും പ്രകാശം ചൊരിഞ്ഞുകൊണ്ടിരുന്നു..

പള്ളിയുടെ മുന്നിലൂടെ കടന്ന് താഴേക്കിറങ്ങുന്നതിനിടയിൽ തുറന്നു കിടന്ന ആനവാതിലിലൂടെ ഞാൻ അൾത്താരക്ക് സമീപം വച്ചിരുന്ന മാതാവിന്റെ രൂപത്തിലേക്ക് ഒന്ന് നോക്കി..

മാതാവിന്റെ മുഖത്തു ഒരു ശോക ഭാവം.. എന്താണാവോ?

‘‘എന്നാലും മാതാവേ ഈ കോമഡിക്കാരനെ ആരും മൈൻഡ് ചെയ്തില്ലാട്ടോ’’

എന്റെ പരാതി ഞാൻ മാതാവിനോട് ഒന്ന് സൂചിപ്പിച്ചു..

 

‘‘ഒന്ന് പോടാപ്പാ.. നിന്റെ ഒരു ചീഞ്ഞ കോമഡി.. എന്റെ പെരുന്നാളിന് വന്നിട്ട് നീ എനിക്കെന്താ തന്നത്..? ഒന്ന് മിണ്ടുകയെങ്കിലും ചെയ്‌തോ..? നീയെന്നല്ല ആരും ചെയ്തില്ല.. ചെണ്ടയും ബാന്റും പാട്ടും കോമഡിയും പെരുന്നാൾ പൊതിയുമൊക്കെയായി എല്ലാവരും വീട്ടിൽ പോയി.. എനിക്ക് മാത്രമല്ല.. എന്റെ മോനും അക്കാര്യത്തിൽ ഇത്തിരി പരിഭവം ഉണ്ട് കേട്ടോ’’

 

ദൈവമേ..പട പേടിച്ചു പന്തളത്തു ചെന്നപ്പോൾ അവിടെ പന്തം കൊളുത്തിപ്പട എന്ന് പറഞ്ഞതുപോലെയായി.. ഒരു ചെറിയ പരാതി പറഞ്ഞതാ...ഒരു പരിഭവത്തിന്റെ ചാക്കുകെട്ട് അഴിച്ചു മാതാവ് മുന്നിലേക്കിട്ടു.. മാതാവ് പറഞ്ഞതിലും കാര്യമുണ്ട്.. ബാഹ്യമോടികൾ മാത്രമായി പെരുന്നാളുകൾ ഇന്ന് മാറിക്കഴിഞ്ഞു..

 

‘‘എടാ.. നീ എന്നാ നോക്കിക്കൊണ്ടു നിൽക്കുവാ..’’ അരുൺ ആണ്..

‘‘ആ..  വരുന്നു..’’ മാതാവിനോട് യാത്ര പറഞ്ഞ് ഞാൻ അവരോടൊപ്പം നടന്നു..

‘‘മാതാവ് പറഞ്ഞത് ഇവരോട് പറയണോ ..? വേണ്ട. ഉറക്കം തലയ്ക്കു പിടിച്ചു പിച്ചും പേയും പറയുകയാണെന്ന് പറഞ്ഞ് അവർ ചിരിക്കും.’’

നടക്കല്ലുകൾ ഇറങ്ങി ഞങ്ങൾ പള്ളിയുടെ മുൻപിലുള്ള മൺറോഡിലൂടെ നടന്നു..

വെച്ചുകാണി കടക്കാർ അവരുടെ സാധനങ്ങൾ എല്ലാം പൊതിഞ്ഞു കെട്ടുന്ന തിരക്കിലാണ്..

 

ചിലർ എല്ലാം കഴിഞ്ഞു കിടന്ന് കൂർക്കം വലിച്ചുറങ്ങുന്നു..

തണുത്ത ആകാശത്ത് ചന്ദ്രൻ ഒരു തേങ്ങാപ്പൂള് പോലെ നിന്ന് ചിരിച്ചു..

മരങ്ങൾക്കിടയിലൂടെ ഒഴുകിവരുന്ന നിലാവിന് പോലും ജനുവരിയുടെ കുളിര്.

നിലാവും, നിഴലും ചിത്രം വരച്ച മൺവഴിയിലൂടെ ഞാനും അരുണും സണ്ണിച്ചേട്ടനും നടന്നു...

 

റോഡരികിൽ വലിയ മൺതിട്ടയ്ക്ക് മുകളിലുള്ള കപ്യാർ ബോബി ചേട്ടന്റെ വീട്ടിൽ ഒരു വെളിച്ചം കാണാം..

‘‘ഇവര് ഇതുവരെ കിടന്നില്ലേ?’’ ഞാൻ മനസ്സിലോർത്തു..

പെട്ടെന്ന് ചക്കാന്തിരി ജോസിന്റെ വീട്ടിലെ പട്ടി വലിയ ശബ്‌ദത്തിൽ ഓരിയിട്ടു.. ശരിക്കും നടുങ്ങിപ്പോയി.. അരുൺ പേടിച്ചു എന്നെക്കേറി വട്ടം പിടിച്ചു.

അതുകണ്ടു സണ്ണി ചേട്ടൻ കുലുങ്ങി ചിരിച്ചു..

‘‘പ്രേതം ഇറങ്ങുന്ന സമയമാ.. സൂക്ഷിച്ചോ..’’ സണ്ണിച്ചേട്ടൻ മുന്നറിയിപ്പ് നൽകി.

‘‘പ്രേതത്തെ പേടിയുണ്ടോ?’’ സണ്ണിച്ചേട്ടൻ ചോദിച്ചു..

‘‘ഓ..എന്ന പേടിക്കാനാ..’’ ഞാൻ തട്ടിവിട്ടു..

‘‘ചെറിയ പേടിയുണ്ട്.’’ അരുൺ പറഞ്ഞു..

‘‘എന്തിനാ പേടിക്കുന്നത്..? നേരിൽ കണ്ടു കഴിയുമ്പോൾ ഈ പേടിയൊക്കെ അങ്ങ് മാറും..’’

‘‘അപ്പൊ സണ്ണി ചേട്ടൻ കണ്ടിട്ടുണ്ടോ..?’’ അരുണിന് ആകാംഷ..

‘‘പിന്നെ എത്ര തവണ..’’ സണ്ണി ചേട്ടൻ പ്രേതകഥകളുടെ കെട്ടഴിച്ചു..

മുറുക്കാൻ ചോദിച്ചെത്തിയ യക്ഷിയുടെ,വഴി തെറ്റിച്ചു കൊണ്ടുപോയ അദൃശ്യശക്തിയുടെ.., കൂടെ വീട്ടിൽ വന്നു വീട്ടിലെ മൂരിക്കിടാവിനെ കഴുത്തു ഞെരിച്ചു കൊന്ന ആന മറുതയുടെ.. അങ്ങനെ കഥകൾ നീണ്ടു പോയി..

ശരിക്കും പേടിപ്പെടുത്തിയത് മറ്റൊരു കഥയാണ്..

 

ഒരിക്കൽ സണ്ണിച്ചേട്ടൻ രാത്രിയിൽ വിജനമായ സ്ഥലത്ത്‌  കൂടി ഒറ്റക്ക് നടന്നുപോവുകയായിരുന്നു... പെട്ടെന്ന് തൊട്ടു മുൻപിൽ ഒരു വെള്ള സാരി ഉടുത്ത സ്ത്രീ നടന്നു പോകുന്നു.. പുറകിൽ നിന്ന് നോക്കിയപ്പോഴേ സണ്ണിച്ചേട്ടന് മനസ്സിലായി; തന്റെ മുന്നിലൂടെ നടക്കുന്നത് ഒരു അപ്സരകന്യകയാണെന്ന്.., ഒരു മാദകത്തിടമ്പാണെന്ന്.. ഒരു നിമിഷം തന്റെ ഭാര്യ സിജിയെപ്പോലും സണ്ണി ചേട്ടൻ മറന്നു. ആ സ്ത്രീയുടെ അടുത്തേക്ക് ഓടിയടുത്തു.. പക്ഷേ താൻ ഓടുന്നതിനേക്കാൾ വേഗത്തിൽ അവൾ മുന്നോട്ടു പോകുന്നു.. ഒരു വളവു എത്തിയതും പെട്ടെന്ന് ആ സ്ത്രീ അപ്രത്യക്ഷയായി. അയാൾ ചുറ്റും നോക്കി.. ആരുമില്ല.. കുറ്റാക്കൂരിരുട്ട്.. ഒരു നിമിഷം.. തൊട്ടടുത്ത് നിന്നിരുന്ന പാലമരം കൊടുംകാറ്റ് അടിച്ചതുപോലെ കുലുങ്ങുന്നു.. അപ്പോൾ സണ്ണി ചേട്ടന് കാര്യം പിടികിട്ടി.. കുറച്ചു മുൻപ് കണ്ട സ്ത്രീ ഒരു യക്ഷിയായിരുന്നു എന്ന്..

 

സത്യം പറഞ്ഞാൽ ഈ കഥ കേട്ടപ്പോൾ പാലമരം പോലെ എന്റെ മേലും ഒന്ന് വിറകൊണ്ടു..

 

പോകുന്ന വഴി മുഴുവൻ മരക്കാടുകളാണ്.. എപ്പോഴാണ് ഒരു കുലുക്കം കേൾക്കുക എന്ന് പറയാൻ പറ്റില്ല.. പാലമരം മാത്രമാണോ അവരുടെ താവളം..?ആർക്കറിയാം..

ഞാൻ പതുക്കെ അരുണിന്റെ മുഖത്തേക്ക് നോക്കി.. നിലാവെളിച്ചത്തിൽ ഞാൻ കണ്ടു.. പേടിച്ചു മരവിച്ചിരിക്കുന്ന അവന്റെ മുഖം. മരവിച്ച കാലുകൾ വലിച്ചു വച്ച് ഞാനും അരുണും നടന്നു.. മരച്ചില്ലകൾ തുളച്ചിറങ്ങുന്ന നിലാത്തൂണുകൾ വികൃതമായ മനുഷ്യരൂപങ്ങളെ ഓർമ്മപ്പെടുത്തി.. സണ്ണിച്ചേട്ടൻ ഒരു മൂളിപ്പാട്ടും പാടി നടന്നു..

‘നിഴലായ്‌ ഒഴുകിവരുന്നൂ ഞാൻ..’

ഈ സമയത്തു പാടാൻ പറ്റിയ പാട്ടു തന്നെ..

‘‘എന്റമ്മോ.......!!’’ പെട്ടെന്ന് അലറിക്കരഞ്ഞു കൊണ്ട് അരുൺ ഒരു മീറ്റർ മുന്നോട്ടു ചാടി.

‘‘അയ്യോ...@#$’’ സകല യക്ഷികളെയും കണ്ടിട്ടും പേടിക്കാത്ത സണ്ണി ചേട്ടൻ അലറിക്കരഞ്ഞു..

 

ശബ്‌ദം പോലുമില്ലാതെ ഞാൻ മരവിച്ചു നിന്നു.. ശരീരമാസകലം ഒരു ചൂട്.. ഭാരമില്ലാത്ത അവസ്ഥ.. പെട്ടെന്ന് മരക്കൂട്ടങ്ങൾക്കിടയിലെ അരണ്ട നിലാവെളിച്ചത്തിൽ ഞങ്ങൾ ആ കാഴ്ച കണ്ടു..

 

അരുൺ എടുത്തു ചാടിയതിന്റെ കാരണം അപ്പോഴാണ് ഞങ്ങൾക്ക്‌ മനസ്സിലായത്..

ഒരു മനുഷ്യൻ നടുറോഡിൽ അനക്കമില്ലാതെ കിടക്കുന്നു.. എന്റെ അടിവയറ്റിൽ നിന്നും ഒരു ആന്തൽ .. അരുൺ നിന്ന് കിതക്കുകയാണ്.. സംയമനം വീണ്ടെടുത്ത സണ്ണിച്ചേട്ടൻ കുനിഞ്ഞുനിന്ന് ആ കിടക്കുന്ന മനുഷ്യന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി..

പിന്നെ പെട്ടെന്ന് നിവർന്നു.. കൈ കാട്ടി ഞങ്ങളെ അടുത്തേക്ക് വിളിച്ചു..

ആ അരണ്ട വെളിച്ചത്തിലും ഞങ്ങൾക്ക് സണ്ണി ചേട്ടന്റെ ഓരോ ചലനങ്ങളും കാണാമായിരുന്നു.. അടുത്ത് ചെന്ന ഞങ്ങളോട് പതിഞ്ഞ ശബ്‌ദത്തിൽ പറഞ്ഞു..‘‘നമ്മുടെ പൊന്നപ്പൻ ചേട്ടനാ ഇത്..’’

‘‘ദൈവമേ..അനക്കമുണ്ടോ..?’’ അരുൺ ചോദിച്ചു..

കള്ളുകുടിയൻ ആണെങ്കിലും ഇന്ന് വരെ വഴിയിൽ കിടന്നതായി കേട്ടിട്ടില്ല.. ഇതിപ്പോ..?

‘‘ജസ്റ്റ് വെയിറ്റ്..’’ സണ്ണിച്ചേട്ടൻ നിലത്തു കുത്തിയിരുന്നു..

‘പേടിച്ചു പണ്ടാരമടങ്ങി ഇരിക്കുമ്പോഴാ ഇങ്ങേരുടെ ഒരു കൂറ ഇംഗ്ലീഷ്...ജസ്റ്റ് വെയിറ്റ്..’ ഞാൻ മനസ്സിലോർത്തു..

 

നിലത്തു കിടക്കുന്ന പൊന്നപ്പൻ ചേട്ടന്റെ കൈത്തണ്ടയിൽ പിടിച്ചു ‘പൾസ്’ നോക്കുകയാണ് സണ്ണി ചേട്ടൻ.. ആ ഇരിപ്പ് ഒരു ഡോക്ടറുടെ എല്ലാ മാനറിസങ്ങളോടും കൂടിയാണ്.. മുഖത്തെ ഭാവം കാണുമ്പോൾ തന്നെ അറിയാം. എന്തോ പന്തികേടുണ്ട്..

‘‘എന്താ സണ്ണി ചേട്ടാ..?’’ ജിജ്ഞാസയോടെ ഞാൻ ചോദിച്ചു..

പൊന്നപ്പൻ ചേട്ടന്റെ കൈ വിട്ട് എഴുന്നേറ്റുകൊണ്ട് സണ്ണിച്ചേട്ടൻ പറഞ്ഞു..

‘‘നോ..രക്ഷ.. ആള് പോയി..’’

ആരും ഒന്നും മിണ്ടുന്നില്ല. ആർക്കും ശബ്‌ദം പുറത്തു വന്നില്ല എന്ന് പറയുന്നതാവും ശരി..

 

പെട്ടെന്ന് എന്തോ ഓർത്തിട്ടെന്നപോലെ സണ്ണി ചേട്ടൻ ഞങ്ങളുടെ കയ്യിൽ കയറി പിടിച്ചു..

‘‘വാ..പോകാം..’’ ഒന്നും പറയാതെ യാന്ത്രികമായി ഞങ്ങൾ സണ്ണി ചേട്ടനൊപ്പം നടന്നു..

ഒരു നൂറ്റമ്പത് മീറ്റർ നടന്നു കാണും.. മൗനം കീറിമുറിച്ച് സണ്ണിച്ചേട്ടന്റെ ശബ്‌ദം.

‘‘ഇത് പ്രശ്നമാവും..’’

‘‘എന്ത്?’’ ഞാൻ ചോദിച്ചു..

‘‘പൊന്നപ്പൻ ചേട്ടന്റെ മരണത്തിനു നമ്മളെ സംശയിക്കാം..’’

‘‘അതിനു നമ്മൾ എന്ത് ചെയ്തിട്ടാ?.. നമ്മൾ ഇത് കണ്ട വിവരം ആർക്കും അറിയത്തുമില്ല..’’

അരുണിന്റെ ചിന്താഗതി തന്നെയായിരുന്നു എനിക്കും..

‘‘നമ്മൾ ഒന്നും ചെയ്തിട്ടില്ല.. പക്ഷേ നാളെ പോലീസ് നായ വന്നാൽ പണികിട്ടും..’’

അതൊരു വലിയ അറിവായിരുന്നു..

‘‘എന്റെ വിരലടയാളം പുള്ളിടെ കയ്യിൽ പതിഞ്ഞിട്ടുണ്ട്.. ഞാൻ കുടുങ്ങിയാൽ നിങ്ങളും കുടുങ്ങും..’’

‘‘ദൈവമേ പെട്ടല്ലോ..ഇനിയെന്ത് ചെയ്യും..?’’

 

ഈ ചെറിയ സമയത്തിനുള്ളിൽ ഇത്രയും കാര്യങ്ങൾ ചിന്തിച്ചു കൂട്ടിയ സണ്ണിച്ചേട്ടന് ഇതിനു ഒരു പരിഹാരം കാണാൻ തീർച്ചയായും കഴിയും.. ഞാൻ സണ്ണിച്ചേട്ടന്റെ മുഖത്തേക്ക് നോക്കി.. അതെ അദ്ദേഹം കടുത്ത ആലോചനയിലാണ്..

‘‘ഉണ്ട് വഴിയുണ്ട്..’’ 

‘‘എന്ത് വഴി..’’ പ്രതീക്ഷയോടെ ഞങ്ങൾ സണ്ണി ചേട്ടനെ നോക്കി..

‘‘നടന്ന കാര്യങ്ങൾ ഇപ്പോൾ തന്നെ ആരോടെങ്കിലും പറയണം...’’

‘‘ഈ രാത്രിയിൽ ആരോട് പറയാൻ.?’’ അരുണിന് സംശയം..

‘‘പറഞ്ഞേ തീരു.. അല്ലെങ്കിൽ..’’ സണ്ണിച്ചേട്ടൻ തീർത്തു പറഞ്ഞു..

കുറച്ചു ദൂരം കൂടി മുന്നോട്ട് നടന്നപ്പോൾ റോഡിനു താഴെ കള്ളാട്ടിൽ മോഹനേട്ടന്റെ വീട് ഉണ്ട്..

 

‘‘മോഹനേട്ടനോട് പറഞ്ഞാലോ..?’’ ഞാൻ ചോദിച്ചു..

‘‘ആ അതാ നല്ലത്’’ അരുൺ സപ്പോർട്ട് ചെയ്തു.

സണ്ണി ചേട്ടനും എതിരഭിപ്രായം ഇല്ലായിരുന്നു. കാരണം വളരെ നല്ലൊരു മനുഷ്യനാണ് മോഹനേട്ടൻ.. പുരുഷ വർഗ്ഗം മുഴുവനും മോഹനേട്ടന് കൂട്ടുകാരാണ്. ആരെക്കണ്ടാലും ‘കൂട്ടുകാരാ’ എന്നാണ് വിളിക്കാറ് പതിവ്..

 

കുത്തുകല്ലുകൾ ഇറങ്ങി ഞങ്ങൾ മൂന്നുപേരും മോഹനേട്ടന്റെ വീടിന്റെ മുറ്റത്തെത്തി..

‘‘മോഹനേട്ടാ..മോഹനേട്ടാ..’’ സണ്ണിച്ചേട്ടൻ പതുക്കെ വിളിച്ചു..

‘‘ആരാ കൂട്ടുകാരാ..?’’ അകത്തുനിന്നും മോഹനേട്ടന്റെ ശബ്‌ദം..

‘‘ഞാനാ വട്ടക്കുഴി സണ്ണി..’’

‘‘എന്താ കൂട്ടുകാരാ.. ഈ രാത്രിയിൽ?’’ ചോദിച്ചുകൊണ്ട് തന്നെ മോഹനേട്ടൻ കതകു തുറന്നു..

മുറ്റത്തു ഞങ്ങളെ മൂന്നു പേരെയും കണ്ടപ്പോൾ മോഹനേട്ടന്റെ മുഖത്ത് തെല്ലൊരു അമ്പരപ്പ്..

‘‘അതെ..നമ്മുടെ പൊന്നപ്പൻ ചേട്ടൻ മരിച്ചു പോയി..’’ സണ്ണി ചേട്ടനാണ് പറഞ്ഞത്.

‘‘ങേ..എപ്പോ..നിങ്ങളോട് ആരാ പറഞ്ഞത്..?’’

‘‘ഞങ്ങൾ കണ്ടു വഴിയിൽ മരിച്ചു കിടക്കുന്നു..’’ അരുൺ ഇടയ്ക്കു കയറി പറഞ്ഞു..

മോഹനേട്ടൻ ഒന്ന് ചിരിച്ചു.. എന്നിട്ടു ഉമ്മറത്ത് കിടന്ന കസേരയിൽ ഒന്ന് ഇരുന്നു..

‘‘എന്റെ പൊന്നു കൂട്ടുകാരാ.. അങ്ങേരു വെള്ളമടിച്ചു വീലൂരി കിടക്കുന്നതാ.. കുറച്ചു കഴിഞ്ഞു കെട്ടെറങ്ങുമ്പോൾ എഴുന്നേറ്റു പൊക്കോളും.. നിങ്ങള് വീട്ടിൽ പോകാൻ നോക്ക്.’’

 

ഞാൻ സണ്ണിച്ചേട്ടനെ നോക്കി..തന്റെ കണ്ടെത്തൽ ശരിയാണെന്ന രീതിയിൽ ഉറച്ചു നിൽക്കുകയാണ് സണ്ണിച്ചേട്ടൻ.

‘‘എന്നാ ശരി മോഹനേട്ടാ.. നാലാമതൊരാൾ ഇതറിയണം എന്ന് തോന്നി.. അത് കൊണ്ട് പറഞ്ഞതാ..’’

‘‘പേടിക്കാതെ പോയിക്കിടന്നുറങ്ങു മക്കളെ..’’ പേടിച്ചു നിന്ന എന്നെയും അരുണിനെയും ആശ്വസിപ്പിക്കാൻ ആണെന്ന് തോന്നുന്നു മോഹനേട്ടൻ ‘മക്കളേ’ എന്ന് വിളിച്ചത്..

ഒരു പരിധി വരെ ആ വാക്കുകൾ ഞങ്ങളെ ആശ്വസിപ്പിച്ചു..

‘‘ഇനി പേടിക്കാനില്ല..’’ വീണ്ടും നടക്കുന്നതിനിടയിൽ സണ്ണിച്ചേട്ടൻ പറഞ്ഞു..

ആലപ്പാട്ട്‌ വളവിനടുത്തുള്ള ഞാവൽ മരത്തിന്റെ അരികിലൂടെ ഞങ്ങൾ നടന്നു.. വളവ് തിരിഞ്ഞാൽ ആദ്യത്തെ വീട് സണ്ണിച്ചേട്ടന്റെയാണ്..

 

‘‘എന്നാ നിങ്ങള് വിട്ടോ..’’ വീടെത്തിയപ്പോൾ സണ്ണിച്ചേട്ടൻ പറഞ്ഞു..

‘‘സിജീ..സിജീ..’’ മുന്നോട്ട് നടക്കുന്നതിനിടയിൽ ഞങ്ങൾ കേട്ടു.. വളരെ ഭവ്യതയോടെ സണ്ണിച്ചേട്ടൻ ഭാര്യയെ വിളിക്കുന്നത്..

കള്ളിയങ്കാട്ട് നീലിയെ വരെ വരച്ച വരയിൽ നിർത്തിയിട്ടുള്ള സണ്ണിച്ചേട്ടൻ ഭാര്യയെ വിളിക്കുന്നതിന്റെ ഭവ്യത കണ്ടപ്പോൾ ഞങ്ങൾക്ക് അത്ഭുതം..

മുൻപോട്ടു പോകുംതോറും സണ്ണിച്ചേട്ടന്റെ ശബ്‌ദം.. നേർത്തു നേർത്തു ഇല്ലാതായി.

തൊട്ടടുത്ത കവലയിൽ നിന്നും ഞങ്ങൾ രണ്ടായി പിരിയും..

അരുണിന് കുറച്ചു ദൂരം പോകണം..

 

‘‘എടാ എനിക്ക് തന്നെ പോകാൻ പേടിയാ..’’ കവലയിലെത്തിയപ്പോൾ അരുൺ പറഞ്ഞു..

‘‘ങേ.. അതിനിപ്പോ എന്ത് ചെയ്യും.. എനിക്കാണെങ്കിൽ ഉറക്കം വന്നിട്ട് വയ്യാ..’’ പേടിയുള്ള കാര്യം ഞാൻ മറച്ചു വച്ചു.. അവന്റെ മുൻപിൽ ഞാൻ കുറച്ചു ധൈര്യം ഒക്കെ ഉള്ളവനാണ്..

‘‘ഒരു കാര്യം ചെയ്യൂ.. നന്മ നിറഞ്ഞ മറിയമേ.. എന്ന പ്രാർത്ഥന ചൊല്ലിക്കൊണ്ടു ഒരൊറ്റ ഓട്ടം.. ഒന്നും പേടിക്കാനില്ല..’’ ഞാനൊരു പരിഹാരം പറഞ്ഞു കൊടുത്തു.   

‘‘ഞാൻ വീട്ടിൽ ചെല്ലുന്നതു വരെ നീ ഇവിടെ നിക്കണം..’’

‘‘ഓക്കേ.. ധൈര്യമായി പോടാ..’’

 

അവൻ പ്രാർത്ഥനയും ചൊല്ലിക്കൊണ്ട് വേഗത്തിൽ ഒരോട്ടം വെച്ച് കൊടുത്തു  ..

അവൻ അവിടെ നിന്ന് പോയതേ ഞാനും തിരിഞ്ഞ് ഒരൊറ്റ ഓട്ടമായിരുന്നു..

വീട്ടിൽ ചെന്ന് കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു.. ഉറക്കം വരുന്നില്ല..

അനക്കമില്ലാതെ പൊന്നപ്പൻ ചേട്ടൻ.. ,യക്ഷി..,ആനമറുത..,പ്രേതം.. ഇടയ്ക്ക് ആശ്വാസമായി മോഹനേട്ടൻ..

അസ്വസ്ഥതകളുടെ തിരകളിൽ കിടന്നാടി എപ്പോഴോ ഉറക്കത്തിന്റെ ആഴങ്ങളിലേക്ക് താഴ്ന്നു പോയി..

 

‘‘എടാ എഴുന്നേക്കുന്നില്ലേ.. പള്ളിയിൽ പോകണ്ടേ..’’ അമ്മയുടെ വിളി കേട്ടാണ് കണ്ണ് തുറന്നത്.. പെട്ടെന്ന് റെഡിയായി ഇറങ്ങാൻ തുടങ്ങുമ്പോ അമ്മ പറഞ്ഞു..

‘‘അരുൺ ഇന്ന് വരുന്നില്ലെന്ന് പാല് മേടിക്കാൻ പോയ ചന്ദ്രികയോട് പറഞ്ഞുവിട്ടു. അവനെന്തോ പനിയാണെന്ന്’’

‘‘ഉം..’’ തലകുലുക്കി ഞാൻ ഇറങ്ങി നടന്നു..

 

സണ്ണിച്ചേട്ടൻ രാവിലെ റബ്ബർ വെട്ടാൻ പോയി കാണും.. നടക്കുന്നതിനിടയിൽ ഞാൻ ചുറ്റും നോക്കി.. ആരെങ്കിലും എന്തെങ്കിലും പറയുന്നുണ്ടോ..? പൊന്നപ്പൻ ചേട്ടന്റെ മരണം  ആളുകൾ അറിഞ്ഞു കാണുമോ ആവോ..?

ഇല്ല.. ആരും അറിഞ്ഞിട്ടില്ല..

 

നെയ്ക്കുത്തനാൽ തോട് കഴിഞ്ഞുള്ള ഇറക്കം ഇറങ്ങിയാൽ സേട്ടുവിന്റെ ചായക്കടയാണ്. അവിടെ എന്താണെങ്കിലും ഇതൊരു സംസാര വിഷയം ആയിക്കാണും..

രാത്രിയിൽ ആ വഴി നടന്നവരെക്കുറിച്ച് ആളുകൾ സംശയം പ്രകടിപ്പിക്കും..

‘‘ഇല്ല ഞങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല.. പിന്നെന്തിന് പേടിക്കണം.’’

ഞാൻ കൂടുതൽ വേഗത്തിൽ മുന്നോട്ടു നടന്നു. സേട്ടുവിന്റെ ചായക്കടയുടെ തൊട്ടടുത്തെത്തിയപ്പോൾ തന്നെ ആളുകളുടെ വർത്തമാനം കേൾക്കാം..

ചായക്കടയുടെ മുന്നിലൂടെ നടക്കുമ്പോൾ ആരെങ്കിലും എന്നെ സംശയത്തോടെ നോക്കുന്നുണ്ടാകുമോ എന്നോർത്ത് ഞാൻ ഭയപ്പെട്ടു.

അങ്ങോട്ട് നോക്കാൻ ഒരു പേടി..

 

“അല്ല..അത് ശരിയല്ല.. നോക്കാതിരുന്നാളാണ്‌ ആളുകൾ സംശയിക്കുക..”

‘‘ധൈര്യമായി നോക്കുക..” രണ്ടും കല്പിച്ചു ഞാൻ സേട്ടുവിന്റെ ചായക്കടയിലേക്ക് നോക്കി..

‘‘ങേ..’’ പെട്ടെന്നൊരു ശബ്‌ദം ഉള്ളിൽ നിന്നും പുറത്തേക്കു വന്നു..

വരാന്തയിലെ ബെഞ്ചിൽ ഇരുന്ന് പൊന്നപ്പൻ ചേട്ടൻ ചായ കുടിക്കുന്നു...

കാലുകൾ രണ്ടും പിരിച്ചു വച്ച്, കൈമുട്ടുകൾ തുടയിൽ കുത്തി, രണ്ടു കൈകൊണ്ടും ഗ്ലാസിൽ ചേർത്ത് പിടിച്ച്, ഊതി.. ഊതി ചായ കുടിക്കുന്ന പൊന്നപ്പൻ ചേട്ടനെ ഞാൻ നോക്കി നിന്ന് പോയി..

 

ഒരു മനുഷ്യൻ ചായ കുടിക്കുന്നത് കണ്ട് ഒരാൾ ഇത്രയധികം സന്തോഷിക്കുന്നത് ലോകത്തിൽ ആദ്യമായിരിക്കും. തലേദിവസത്തെ മോഹനേട്ടന്റെ വാക്കുകൾ ഒരു കുളിർ മഴ പോലെ വീണ്ടും എന്നിലേക്ക് പെയ്തിറങ്ങി..

‘അതെ ..പൊന്നപ്പൻ ചേട്ടൻ മരിച്ചിട്ടില്ല...’

‘‘ങേ..അപ്പോൾ തലേദിവസം ഞങ്ങൾ കണ്ടത്..? സണ്ണി ചേട്ടന്റെ പരിശോധന.. പൾസ്.. മാങ്ങാത്തൊലി..’’

ഇപ്പൊ അങ്ങേരെ എന്റെ കയ്യിൽ കിട്ടിയാൽ അങ്ങേരുടെ തല ഞാൻ തല്ലിപ്പൊളിച്ചേനെ..

‘‘ഡോക്ടർ.സണ്ണി..ത്ഫൂ... റബ്ബർ വെട്ടുകാരൻ പെട്ടെന്ന് ഡോക്ടർ ആയാൽ ഇങ്ങനിരിക്കും..’’

 

ചായക്കടയുടെ മുന്നിൽ വായും പൊളിച്ചു നിൽക്കുന്ന എന്നെ ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങി എന്ന് തോന്നിയപ്പോൾ ഞാൻ വേഗത്തിൽ മുൻപോട്ടു നടന്നു..

ആരുമില്ലാത്തിടത്ത് എത്തിയപ്പോൾ ദീർഘമായി ഒന്ന് നിശ്വസിച്ചു.. പിന്നെ പരിസരബോധമില്ലാതെ തുള്ളിച്ചാടി.. പള്ളിയിലേക്ക് നടക്കുന്നതിനിടയിൽ ഞാൻ ഓർത്തു.. അരുൺ ഇപ്പോഴും പനിച്ചു വിറച്ചു കിടക്കുകയാവുമോ?..,

സണ്ണി ചേട്ടൻ വെട്ടുന്ന റബ്ബറിന്റെ അവസ്ഥ ഇന്ന് എന്താകുമോ എന്തോ..?

 

English Summary: Writers Blog - Aa Rathriyil Annu, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com