ADVERTISEMENT

ആതിരാ മാർട്ടിമോണി (കഥ)

നഗരത്തിലെ തിരക്കേറിയ റോഡ് മുറിച്ചു കടന്ന് അയാൾ ഒരു കെട്ടിടത്തിന് മുന്നിൽ നിന്നു. താഴത്തെ നിലയിൽ പലചരക്ക് വിൽക്കുന്ന പീടികകൾ, വർക്ക് ഷോപ്പ്, മുടി വെട്ടുകട മുതലായവയാണ് ഉള്ളത്. മുടിവെട്ടു കടയുടേയും പലചരക്ക് പീടികകളുടേയും ഇടയിലൂടെ മുകൾ നിലയിലേക്ക് പോകാൻ ഇടുങ്ങിയ ഒരു ഗോവണി കാണാം. ഗോവണിക്ക് നേരെ ഒരു ചൂണ്ടു പലകയുണ്ട്. അതിൽ എഴുതിയിരിക്കുന്നു ‘ആതിരാ മാർട്ടിമോണി’.

‘ഇത് തന്നെ’ സ്വയം മന്ത്രിച്ചു കൊണ്ട് അയാൾ ഗോവണി കയറി.

 

മുകളിലത്തെ മുറിയിൽ കമ്പ്യൂട്ടറിന് പിന്നിലായി ഒരു പെൺകുട്ടി ഇരിക്കുന്നു. ഗോവണി കയറി വന്ന ആളെ കണ്ട് ലിപ്സ്റ്റിക്ക് ഇട്ട ചുണ്ടുകൾ വിടർത്തി അവൾ പുഞ്ചിരിച്ചു.

പെൺകുട്ടി: ‘‘വെൽക്കം ടു ആതിര മാർട്ടിമോണി’’

 

നമ്മളുടെ ആളുടെ പേര് സുകേശൻ നായർ എന്നാണ്. ‘സുകു എന്നാണ് നാട്ടിൽ അറിയപ്പെടുന്നത്. കെ.പി. നമ്പൂതിരിയൂടെ മാർക്കറ്റിങ് എക്സികൂട്ടിവായി ജോലി ചെയ്യുന്നു. മാർക്കറ്റിങ് എക്സികൂട്ടീവ് എന്ന പേര് മാത്രമേ ഉള്ളൂ. രാവിലെ ബാഗും തൂക്കി ഉള്ള കടക്കാരുടെ മുൻപിൽ സാധനം വാങ്ങാൻ വേണ്ടി യാചിക്കലാണ് പണി. രണ്ട് പെങ്ങൻമാരെ കെട്ടിക്കാൻ നടന്ന് പ്രായം 38 കഴിഞ്ഞത് അറിഞ്ഞില്ല. പെങ്ങൻമാർക്കെല്ലാം ഒാഹരി കൊടുത്ത ശേഷം ആകെ ഉള്ളത് 5 സെന്റ് പുരയിടവും വയസായ ഒരു അമ്മയുമാണ്. വയസ് കൂടിയകാരണം കല്യാണാലോചനകൾ ഒന്നും ശരിയാകുന്നില്ല. അങ്ങനെയാണ് പത്രപരസ്യം കണ്ട് ഇവിടെ എത്തിയത്.

 

നാൾ, ജാതകം ഇത്യാദി വിവരങ്ങൾ എല്ലാം നൽകി കഴിഞ്ഞപ്പോൾ ക്യാബിനിൽ ഇരുന്ന പെൺകുട്ടി പറഞ്ഞു. ‘‘ഇപ്പോൾ ഞങ്ങളുടെ ആറുമാസത്തെ ഫീസായ 1500 അടയ്ക്കുക. വിവാഹ ശേഷം സ്ത്രീധനത്തിൻെറ 15 ശതമാനം കമ്മീഷനായി അടയ്ക്കേണ്ടി വരും’’

 

പൈസ അടച്ച് പുറത്ത് ഇറങ്ങുമ്പോൾ അയാൾ ചിന്തിച്ചു. ‘‘ജീവിത ചിലവ് ഓരോ ദിവസവും കൂടുന്നു പക്ഷേ വരുമാനം അതേ അവസ്ഥയിൽ തന്നെ. അതിന് ഇടയിൽ ഒരു വിവാഹം സാധാരണക്കാരന് സ്വപ്നം തന്നെ.’’

 

അങ്ങനെ ഇരിക്കെ, അയാൾ ഒരു ശനിയാഴ്ച വൈകുന്നേരം ഓഫീസിൽ എത്തി മിച്ചം ഉള്ള പ്രൊഡക്റ്റുകൾ വെക്കുകയായിരുന്നു. അപ്പോഴാണ് മൊബൈൽ റിംഗ് ചെയ്തത്. ഫോൺ എടുത്തതും അങ്ങേ തലയ്ക്കൽ നിന്ന് ഒരു പെൺ സ്വരം ‘‘ഹലോ ഇത് ആതിര മാർട്ടിമോണിയിൽ നിന്നാണ്. ഒരു കൂട്ടർക്ക് താല്പര്യം ഉണ്ട്. നാളെ അവിടെ പെണ്ണ് കാണാൻ ചെല്ലാമോ?. ഫോട്ടോയും ഡീറ്റയിൽസും വാട്ട്സാപ്പിൽ അയയ്ക്കാം’’. അയാൾ ‘‘ഓക്കെ’’ പറഞ്ഞ് ഫോൺ കട്ട് ചെയ്തു.

 

ഫോൺ വച്ച ശേഷം പല വിചാരങ്ങൾ അയാളിലൂടെ കടന്ന് പോയി. ഇതിന് മുമ്പ് നടത്തിയ പെണ്ണ് കാണലുകൾ അതിലെ ദുരനുഭവങ്ങൾ. താൻ കഷണ്ടി ആയതാണ് മിക്കവരും ഒരു കുറ്റമായി കണ്ടെത്തിയത്. ഇതും അങ്ങനെ ആകുമോ?.

 

പെട്ടന്ന് കൂട്ടുകാരൻ സുരേഷിന്റെ ഉപദേശം ഓർമ്മവന്നു ‘‘മച്ചാനെ പെണ്ണ് കാണാൻ പോകുമ്പോൾ ഒരു വിഗ് വാങ്ങി വയ്ക്ക് കല്യാണം കഴിഞ്ഞാൽ പിന്നെ അതൊരു പ്രശ്നം അല്ല.’’ പിന്നെ ഇങ്ങനെ വിഗ് വച്ച് നടത്തി വിജയിച്ച കല്യാണങ്ങളെ കുറിച്ചും വിംഗും ബ്യൂട്ടീപാർലറും കൂടി നടത്തുന്ന കടയെ കുറിച്ചും അവൻ വാതോരാതെ സംസാരിച്ചതും എല്ലാം മനസ്സിലൂടെ കടന്ന്പോയി.

 

അയാൾ സാധനങ്ങൾ വച്ച് സ്റ്റോർ റൂം പൂട്ടി പുറത്തിറങ്ങി. ബൈക്ക് സ്റ്റാർട്ട് ചെയ്ത് NH വഴി യാത്ര ആരംഭിച്ചു. പാത ഓരത്തെ തട്ടുകടകൾ ശബ്ദായമാനമാണ്. തട്ടു കടയിൽ ഉണ്ടാക്കുന്ന ഓംലറ്റിന്റെ ഗന്ധം അയാളുടെ നാവിൽ തുപ്പലൂറിച്ചു. അയാൾ അങ്ങനെ പുറത്ത് നിന്ന് ആഹാരം കഴിക്കാറില്ല കാരണം സാമ്പത്തിക പ്രശ്നം തന്നെ. ആരെങ്കിലും പുറത്ത് നിന്ന് കഴിക്കാൻ വിളിച്ചാൽ അവരെ ഉപദേശിക്കും. ‘‘പുറത്തെ ആഹാരം ശരീരത്തിന് കേടാണ്. അവരത് എങ്ങനെയാ ഉണ്ടാക്കുന്നത് എന്ന് നമ്മൾക്ക് അറിയാമോ?.’’

 

അതുകാരണം ഇപ്പോൾ കൂട്ടത്തിൽ ജോലി ചെയ്യുന്നവർ ആരും അയാളെ ഭക്ഷണത്തിന് ക്ഷണിക്കാറില്ല. ഹൈവേയിൽ നിന്ന് അയാളുടെ വാഹനം ഇട റോഡിലേക്ക് കയറി. ഇപ്പോൾ പോസ്റ്റുകളിൽ കത്തുന്ന വൈദ്യുത ദീപങ്ങളുടെ മങ്ങിയ പ്രകാശം മാത്രം. പെട്ടന്നാണ് ഒരു പ്രാണി കണ്ണിൽ ആടിച്ചത്. അയാൾ പ്രാകി കൊണ്ട് കണ്ണ് തിരുമിയ ശേഷം ഹെൽമറ്റിന്റെ ഗ്ലാസ് കവർ താത്തി വച്ചു. അവസാനം പൂഴി റോഡിലൂടെ ഉരുണ്ട് വാഹന ചക്രങ്ങൾ മണ്ണിൽ തൊട്ട് നിന്നു.

 

അയാൾ വീട്ടിലെ കതകിൽ മുട്ടി. അമ്മ വന്ന് വാതിൽ തുറന്നു. സ്വന്തം ബെഡ്റൂമിലെത്തിയ അയാൾക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി. വസ്ത്രത്തിന്റെ നീരാളി പിടുത്തത്തിൽ നിന്ന് സ്വയം മോചിതനായി ഒരു തോർത്തും ചുറ്റി കുളിമുറി ലക്ഷ്യം ആക്കി നടന്നു. കുളി കഴിഞ്ഞ് എത്തിയ അയാളെ കാത്ത് റേഷൻ അരിയുടെ വെന്ത് കുറുകിയ കഞ്ഞിയും കണ്ണിമാങ്ങാ അച്ചാറും ഒരു പപ്പടവും മേശ പുറത്ത് വിശ്രമിക്കുന്നുണ്ടായിരുന്നു. അയാൾ കഞ്ഞി കുടിക്കുന്നതിനിടയിൽ ഈ മാസത്തെ കറന്റ് ബില്ല് വന്നതും കഴിഞ്ഞ മാസത്തെ പറ്റ് പലചരക്ക് കടക്കാരന് കൊടുക്കാനുള്ളതും അമ്മ ഓർമ്മിപ്പിച്ചു. അയാൾ എല്ലാം മൂളി കേട്ടു.

 

കഞ്ഞികുടിച്ച് മുറിയിൽ എത്തിയതും മൊബയിൽ ഡാറ്റ ഓൺ ആക്കി. എവിടെ നിന്നൊ കുറെ നോട്ടിഫിക്കേഷനുകൾ പറന്നെത്തി. അതിനിടയിൽ നിന്ന് മാട്രിമോണിക്കാരുടെ മെസേജ് തപ്പിയെടുത്തു. വിവരവും ഫോട്ടോയും അയച്ചിട്ടുണ്ട്. ഫോട്ടോ ഇത്തിരി പഴയതാണ് എന്ന് തോന്നുന്നു. പ്രായം 36 ആണ് എങ്കിലും 28 ഏ തോന്നത്തുള്ളു. വെളുത്ത് തടിച്ച ഒരു സുന്ദരി. നല്ല നീളമുള്ള മുടി മുഖത്തിന് ആകെ കൂടി ചന്തം വർദ്ധിപ്പിക്കുന്നു. കുറെ നേരം കൂടി ഫോണിൽ കുത്തികളിച്ച ശേഷം അയാൾ ഉറങ്ങാൻ കിടന്നു.

 

കിടന്നു കുറെ നേരം കഴിഞ്ഞിട്ടും അയാൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. നാളത്തെ പെണ്ണ് കാണലും മുന്നനുഭവങ്ങളും മനസിനെ അലട്ടി കൊണ്ടിരുന്നു. അവസാനം എപ്പോഴോ ഉറങ്ങി പോയി.

 

പിറ്റേന്ന് അയാൾ എഴുന്നേറ്റത് ചില ഉറച്ച തീരുമാനങ്ങളും ആയിട്ട് ആയിരുന്നു. പതിവില്ലാതെ രാവിലെ ഉടുത്തൊരുങ്ങി നിൽക്കുന്ന അയാളെ കണ്ട് അമ്മ ചോദിച്ചു: ‘‘ഇന്ന് ഞായറാഴ്ചയല്ലേ നിനക്ക് പോണോ?’’. ‘‘കൂട്ടുകാരനെ കാണാൻ പോണു’’ എന്ന് പറഞ്ഞ് കൊണ്ട് അയാൾ ബൈക്ക് സ്റ്റാർട്ട് ചെയ്തു.

 

ഇടവഴിയിൽ നിന്ന് കയറി NH ലൂടെ സഞ്ചരിച്ച് അയാളുടെ വാഹനം ചെന്ന് നിന്നത് ‘‘വിഗ് & ബ്യൂട്ടീപാർലർ’’ എന്ന് എഴുതിയ ഗ്ലാസ്മറയിട്ട കെട്ടിടത്തിന് മുൻപിലാണ്. ബ്യൂട്ടീപാർലർകാരൻ ഫ്രീക്കൻ അപ്പോൾ കട തുറന്നതെ ഉണ്ടായിരുന്നുള്ളു. ഫ്രീക്കനോട് അയാൾ തന്റെ ആവശ്യം അറിയിച്ചു. ഏകദേശം ആരമണിക്കൂർ നീണ്ട ഒരു സൗന്ദര്യ യുദ്ധത്തിന് ശേഷം അയാൾ പുറത്ത് ഇറങ്ങിയത് തലമുടിയുള്ള ഒരു 32 കാരൻ സുന്ദരനായാണ്.

 

അവിടെ നിന്ന് പെണ്ണിന്റെ വീട്ടിലെത്തിയ അയാളെ പെണ്ണിന്റെ ബന്ധുക്കൾ സ്വീകരിച്ചിരുത്തി. ചായ തട്ടു മായെത്തിയ പെണ്ണിനെ കണ്ട് അയാളുടെ കണ്ണുകൾ വിടർന്നു. ഇത്തിരി തടി ഉണ്ടെങ്കിലും മുട്ടോളം മുടിയും കൊച്ചരിപ്പല്ലുകളും ഉള്ള ഒരു സുന്ദരിയാണ് പെണ്ണ്. അവിടെ ഇരുന്ന ഒരു കാർന്നോർ ചോദിച്ചു ‘‘രണ്ടാൾക്കും പരസ്പരം ഇഷ്ടായോ?’’ അയാൾ തലയാട്ടി, പെണ്ണ് ഒരു പുഞ്ചിരി തൂകി.

 

തിരിച്ചെത്തിയ അയാൾ അമ്മയോടും പെങ്ങൻമാരോടും വിവരം പറഞ്ഞു. പിന്നെല്ലാം പെട്ടന്നായിരുന്നു. ബന്ധുക്കൾ അങ്ങോട്ടും ഇങ്ങോട്ടും പോയി കണ്ടു. അങ്ങനെ ആ മഹാസുദിനം എത്തി അയാൾ പെണ്ണിന്റെ കഴുത്തിൽ താലിചാർത്തി. അയാൾക്ക് അപ്പോൾ ലോകം കീഴടക്കിയതായി തോന്നി. 3 ലക്ഷം രൂപ ലോണെടുത്തതിൽ നിന്ന് അവസാനം ചില്ലിയും കൊടുത്ത് ടാക്സിക്കാരനെ പറഞ്ഞ് അയയ്ക്കുമ്പോൾ ഒരു ജേതാവിന്റെ ഭാവമായിരുന്നു അയാളുടെ മനസ്സിൽ.

 

അവസാനം അവർ രണ്ടാളും പരസ്പരം മണിയറയിൽ ഒരുമിച്ചു. പരസ്പരം അറിയാൻ പറ്റിയ സമയം. മനസിന്റെ ഒരു കോണിൽ എന്തോ ആയാളെ അലട്ടിയിരുന്നു. ഇനി അത് അവളോട് പറയണ്ട സമയമായി. അയാൾ അവളോട് പറഞ്ഞു.

 

അയാൾ: ‘‘മോളെ ഞാൻ നിന്നോട് ഒരു കാര്യം പറഞ്ഞാൽ നീ എന്നോട് പിണങ്ങുമോ?.’’

 

അവൾ: ‘‘സുകേട്ടൻ എന്തായാലും എന്നോട് പറ. ഞാൻ ഒരിക്കലും ഏട്ടനോട് പിണങ്ങില്ല’’

 

അവൾ അത് പറഞ്ഞ് തീർന്നതും. അയാൾ തന്റെ തലയിലെ വിഗ് ഊരിമാറ്റി. ഒരു നിമിഷം അയാളെ ഒരു അന്താളിപ്പോടെ നോക്കിയ ശേഷം അവൾ പുഞ്ചിരിച്ചു.

 

അയാൾ: ‘‘സുധയ്ക്ക് ഞാൻ കഷണ്ടി ആയതു കാരണം എന്നോട് ഇഷ്ടകുറവുണ്ടോ?’’

 

അവൾ: ‘‘ഈ സൗന്ദര്യത്തിൽ എന്തിരിക്കുന്നു ചേട്ടായി. എനിക്ക് ഒരു പ്രശ്നവും ഇല്ല.’’

 

അയാളുടെ മനസ്സിൽ ആഹ്ളാദം തിരതല്ലി. കൂട്ടുകാരൻ സുരേഷിനും വിഗ് വച്ച് തന്ന ഫ്രീക്കനും മനസ്സാൽ നന്ദി പറഞ്ഞു.

 

അവളെ പ്രേമ പാരവശ്യത്തോടെ നോക്കുന്ന അയാളെ നോക്കി അവൾ മൊഴിഞ്ഞു.

 

അവൾ: ‘‘ചേട്ടായി എനിക്കും ചിലത് പറയാനുണ്ട്’’

 

അതിനു ശേഷം അവൾ തന്റെ തലയിൽ കുത്തിയിരുന്ന കുറെ ക്ലിപ്പുകൾ ഊരി മാറ്റി. അവളുടെ തലയിൽ നിന്ന് ആ സുന്ദരമായ കാർകൂന്തൽ ഒരു പാളി പോലെ ഊരിമാറി. പകരം മിനുസമാർന്ന ഒരു മൊട്ടതല പ്രത്യക്ഷപ്പെട്ടു. തുടർന്ന് അവൾ തന്റെ വായിൽ കൈയ്യിട്ട് തന്റെ പല്ലുകളിൽ പിടിച്ച് വലിച്ച് അതും ഊരി എടുത്തു.

 

ഇതെല്ലാം കണ്ട് ഏതോ വിസ്മയലോകത്ത് അകപ്പെട്ട് നിന്ന ആയാളെ നോക്കി പല്ലില്ലാത്ത മോണകാട്ടി അവൾ ചിരിച്ചു. അവളുടെ മൊട്ടതല ടൂബ് ലൈറ്റിന്റെ വെളിച്ചത്തിൽ വെട്ടി തിളങ്ങി.

 

English Summary: Writers Blog -Athira Matrimony, Malayalam Short Story                               

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com