കന്ന് കച്ചവടത്തിലെ കള്ളത്തരങ്ങൾ...

farmer-with-his-cattle
Representative Image. Photo Credit : Jahangir Alam Onuchcha / Shutterstock.com
SHARE

കന്ന് കച്ചവടം (കഥ)

കുറെ ദിവസം ആയി ഒരു കഥ എഴുതിയിട്ട്. എഴുത്തുകാരന്റെ നൈസർഗിക കഴിവൊന്നും ആദ്യമേ ഇല്ല. സ്കൂൾ ഗ്രൂപ്പിൽ ആണെങ്കിലോ പുതിയ കഥ ഒന്നും ഇല്ലേ എന്നു ചോദിച്ചു കൊണ്ടിരിക്കുന്നു. അങ്ങനെ ഇരിക്കുമ്പോൾ ഒരു ദിവസം വീടിനടുത്തുള്ള കടവരെ പോയി അവിടെ സ്ഥലത്തെ പ്രധാന ദിവ്യന്മാർ ഒക്കെ ഇരിപ്പുണ്ട്. കുറച്ചു സമയം അവരുടെ കൂട്ടത്തിൽ ഇരുന്നു.

‘‘ഇപ്പൊ കുറെ ദിവസം ആയി അപ്പുക്കുട്ടി ചേപ്പനെ കാണാറില്ലല്ലോ’’ ചായക്കടയുടെ വരാന്തയിൽ ഇരുന്നു ചാമി പറഞ്ഞു.

‘‘അന്റെ ചങ്ങായി അല്ലെ ഒന്നു അതുവരെ പോയിക്കൂടെ’’

അബുകാക്ക ചോദിച്ചു

‘‘മൂപ്പര് ഇപ്പൊ പണ്ടത്തെ പോലെ ഒന്നും അല്ല പേരകുട്ടിക്ക് പണി കിട്ടീതല്ലേ പുറത്തേക്ക് പോകാൻ മക്കൾ സമ്മതിക്കണ്ടാവില്ല.’’

ശരിയാണ് അപ്പുകുട്ടിയുടെ പേരക്കുട്ടി അമലിന് ആറു മാസം മുൻപ് ബാങ്കിൽ ജോലി കിട്ടിയിരുന്നു.

രണ്ടു മൂന്ന് മാസങ്ങൾ മുൻപ് വരെ ഞങ്ങളുടെ നാട്ടിൽ മിക്ക വീടുകളിലും പാൽ കൊടുത്തിരുന്നത് അപ്പുക്കുട്ടി ആയിരുന്നു. നിലവിൽ ഉണ്ടായിരുന്ന പശുവിനു പാൽ വറ്റിയപ്പോൾ പിന്നെ പുതിയ പശുവിനെ വാങ്ങുക ഉണ്ടായില്ല.

മൂപ്പർ പാൽ കച്ചവടം നിർത്തിയത് കാരണം ആർക്കും വലിയ വിഷമം ഒന്നും തോന്നിയില്ല. പാലിൽ വെള്ളം ആണ് കൂടുതൽ എന്നൊരു പരാതി നാട്ടിൽ പൊതുവെ ഉണ്ടായിരുന്നു.

‘‘അതിനു ഞാൻ ഇപ്പൊ എന്താ ചെയ്യാ പയ്യ്‌ വെള്ളം കൂടുതൽ കുടിച്ചാൽ പാല് കൊഴുപ്പ് കുറയും. എന്നു വെച്ചു ഒരു പാവം മിണ്ടാപ്രാണിക്ക് വെള്ളം കൊടുക്കാതിരിക്കാൻ പറ്റോ.’’ അതാണ് മൂപ്പരുടെ മറുപടി.

ഏതായാലും മൂപ്പരെ കാണാത്ത വിഷമം കൂട്ടുകാരനായ ചാമിക്ക്  ആയിരുന്നു കൂടുതൽ. പെട്ടന്നാണ് ഷാപ്പിലെ ചെത്തുകാരൻ ആയ ദേവന്റെ സ്കൂട്ടറിന് പിന്നിൽ ഇരുന്ന് ആള് കടയിലേക്ക് വന്നത്.

‘‘ചേപ്പനെ കാണാതെ ആയപ്പോൾ ഇനി ഇപ്പൊ കുഴിക്ക് കുഴിക്കാൻ വരുമ്പളെ കാണു ന്നാ നിരീച്ചത്’’

‘‘ചെലക്കണ്ട നായെ ഇജ്ജ്’’

മരിക്കുന്ന കാര്യം കേട്ടപ്പോൾ ചൂടായ മൂപ്പർ ചാമിയെ ആഞ്ഞു ആട്ടി.

‘‘അല്ല ഇങ്ങക്ക് ഇപ്പൊ പേരകുട്ടിക്ക് പണി ഒക്കെ കിട്ടി. പയ്യിനെ വിറ്റു സുഖിച്ചിരിക്കല്ലേ. ഷാപ്പിൽ പോയി കുടിക്കണ്ട എന്നും പറഞ്ഞു ഫോറിൻ കൊണ്ടുവന്നു തരലാ ന്നാ കേട്ടത്’’

‘‘ഏതു നോണച്ചി ആണ് ഇതൊക്കെ പറഞ്ഞത്. തുള്ളി നുണഞ്ഞിട്ടു എത്ര ദിവസം ആയി.’’

‘‘ഇന്നാളു ഇങ്ങളെ വീട്ടിൽ വന്ന തോമസേട്ടൻ ഇങ്ങളു കട്ടൻ ചായ കുടിച്ച ഗ്ലാസ്സിനു മണം വേറെ ആയിരുന്നന്നാണല്ലോ പറഞ്ഞതു’’

‘‘ന്നാലെ അന്റെ കാര്യം ന്റെ ചാമൃ ശിവന്റെ നായിനെ പോലെ ആണല്ലോ ഞാൻ രാവിലെ ബടെ നിക്കുമ്പോ നായ ബടെ ണ്ട്. ഞാൻ ബസ്സ് കയറി കല്യാണം കൂടാൻ എടത്തോർത്ത് അമ്പലത്തിന്റെ അവിടെ എത്തിയപ്പോ അബടെ ണ്ട് നായ. ഇജ്ജ് അറിയാത്ത കാര്യം ഒന്നും ഇല്ലല്ലോ’’

‘‘ഇപ്പൊ  പൊറത്തക്കൊന്നും ഇറങ്ങാൻ മക്കള് സമ്മതിക്കൂല. അല്ല ഇക്കോട്ട് വയ്യെനും.’’

‘‘എങ്ങനെ വയിക്കും പണ്ട് കന്ന് കച്ചവടം ണ്ടായിരുന്നപ്പോ എന്തൊക്കെ കള്ളത്തരാ ഇങ്ങള് സുലൈമാന്റെ ഒപ്പരം കൂടെ ചെയ്തത്’’

‘‘അങ്ങനെ എല്ലാരെ ഒന്നും ചെയ്തിട്ടില്ല പിന്നെ ചേലോർക്കൊക്കെ, അല്ല ഓലെ സ്വഭാവവും അതുപോലെന്നെ ആർന്നു’’

‘‘അപ്പൊ ഇങ്ങള് ആ മങ്കടയിലെ ഉമ്മകുട്ടീനെ പറ്റിച്ചതോ.’’

‘‘അതു സുലൈമാനു ഓളെ അങ്ങളെനോടുള്ള ദേഷ്യം കൊണ്ടല്ലേ’’

അതെന്താ സംഭവം എന്തെങ്കിലും കഥക്ക് ഉള്ള വകുപ്പ് കിട്ടുമോ എന്നറിയാൻ വെറുതെ ഒരു ചോദ്യം ഇട്ടു നോക്കി ഞാൻ

‘‘അതേ കൊറേ കാലം മുൻപാ മ്മടെ മാനൂന്റെ വീട്ടിൽ ഒരു പയ്യുണ്ടായിരുന്നു കുട്ടി പ്രസവത്തിലെ ചത്തു. പിന്നെ തള്ള ചത്ത ഒരു മൂരികുട്ടിയെ ചുളി വിലക്ക് കിട്ടി. അതിനെ രണ്ടിനേം കൂടെ ആ ഉമ്മകുട്ടിക്ക് വിറ്റു’’ അപ്പുക്കുട്ടി മുഴുമിക്കുന്നതിനു മുൻപ് ചാമി പറഞ്ഞു തുടങ്ങി

‘‘കച്ചോടം കഴിഞ്ഞു പോവുമ്പോൾ അടുത്ത പറമ്പിൽ വേലി കെട്ടി നിക്കണ ഞാൻ കഷ്ടകാലത്തിന് ഇയാളെ കണ്ടു ലോഹ്യം പറഞ്ഞു. അപ്പൊതന്നെ ന്നോട് പറഞ്ഞു ഇതിനെ ഇനി ഞാൻ തന്നെ  തിരിച്ചും വാങ്ങേണ്ടി വരും ന്നു.’’

ഒരിറക്കു ചായ കുടിച്ചു ചാമി കൂട്ടിച്ചേർത്തു ‘‘പിന്നീട് ആ ഉമ്മകുട്ടി എന്നും ഇയാളുടെ വീട് ചോദിച്ചു എന്റെ അടുത്തു വരും. അതിനു ശേഷം ഞാൻ ആ വഴിക്ക് പണിക്കെ പോയിട്ടില്ല.’’

‘‘അനക്ക് അങ്ങനെ തന്നെ വേണം’’

‘‘അപ്പൊ ചേപ്പാ ങ്ങള് കുമാരൻ നായർക്ക് മച്ചി പയ്യിനെ വിറ്റതോ’’

‘‘അനക്ക് അറിയൂലെ ആ ശാന്ത ഓളെ മോളുടെ ഓപ്പറേഷന് പൈസ ഇല്ലാതെ നടന്നിരുന്നത്. ഓളുടെ അടുത്തു വിക്കാനാണെങ്കിൽ ആകെ ഈ പയ്യെ ണ്ടായിരുന്നുള്ളൂ. ആ സമയത്താണ് കുമാരൻ നായർ ഒരു പയ്യിനെ വേണം എന്നു പറഞ്ഞത്. പ്രസവിക്കാൻ ആയ ഒന്നു കൈവശം ണ്ടെന്നു പറഞ്ഞപ്പോൾ അതു മതിന്ന് മൂപ്പർ. ഞാൻ എന്തു ചെയ്തു പോകുന്ന വഴിക്ക് കണ്ട തൂവ ഒക്കെ പറച്ചു പശുവിന്റെ മുലയിലും അകിടിലും ഒക്കെ തേച്ചു. നായരു പയ്യിന്റെ അകിടു നോക്കിയപ്പോൾ തൂവ തേച്ച അകിട് വീർത്തു വന്നിരുന്നു. ചൊറിഞ്ഞു ഗതി കെട്ട പയ്യാണെങ്കിലോ നായര് അകിട് പിടിച്ചു നോക്കിയപ്പോൾ ചൊറിച്ചിൽ കാരണം അനങ്ങാതെ നിന്നും കൊടുത്തു.’’

‘‘നാലും ങ്ങള് നായരെ പറ്റിച്ചില്ലേ?’’ ചാമി വിടാൻ ഉള്ള ഭാവം ഇല്ല.

‘‘അനക്ക് എന്തിന്റെ കേടാ അയാളുടെ അടുത്തു പൂത്ത കാശുണ്ട് പോരത്തെന് അറുത്ത കൈക്ക് ഉപ്പും തേക്കില്ല. അതോണ്ട് ആ പാവം പെണ്ണിന്റെ ഓപ്പറേഷൻ നടന്നില്ലേ.’’

‘‘അപ്പൊ ങ്ങള് ഹസ്സനാജിക്കു മേക്കപ്പ് ചെയ്യിച്ചു പോത്തിനെ വിറ്റതോ. അതിനെ പൂട്ടാൻ ഞാൻ ഇടങ്ങാറയ  ഇടങ്ങാറു’’

‘‘അതോ അയാൾക്ക് ഏതു കന്നിനെ കാണിച്ചാലും തൃപ്തി ആവൂല. കൊമ്പു മിനുസം ഇല്ല. കോളമ്പു നിറം ഇല്ല എന്നൊക്കെ പറഞ്ഞു മടക്കും. അവസാനം മ്മടെ മാധവന്റെ അടുത്തു ഒരു കള്ളത്തി പോത്ത് ണ്ടായിരുന്നു പൂട്ടാൻ പറ്റില്ല. നുകം  കഴുത്തിൽ കെട്ടിയാൽ അപ്പൊ കണ്ടത്തിൽ കിടക്കും. അതിന്റെ കൊമ്പു കുപ്പിച്ചില് കൊണ്ടു നല്ലോണം രാകി മിനുക്കി കുളമ്പിൽ ചെറുതായി കരിഓയിൽ പുരട്ടി മിനുക്കി. ഏതായാലും ഹാജ്യാർക്ക് പോത്തിനെ പെരുത്ത് ഇഷ്ടായി നല്ലോം കാശും കിട്ടി.’’

സംസാരം ഇത്രയും ആയപ്പോഴേക്കും ദേവൻ സ്കൂട്ടറിൽ തിരിച്ചു വന്നു അപ്പുക്കുട്ടി അതിൽ കയറി പോവുകയും ചെയ്തു.

ഏതായാലും കന്ന് കച്ചവടത്തിന്റെ കുറെ ടെക്നിക്കുകൾ മനസ്സിലാക്കിയ ഞാൻ വീണ്ടും അപ്പുകുട്ടിയുടെ വരവും പ്രതീക്ഷിച്ചു ചായക്കടയിൽ ഇപ്പോൾ സ്ഥിരം സന്ദർശകൻ ആയി മാറി ..

English Summary: Kannu Kachavadam, Malayalam short story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;