‘നീയെന്നെ മറക്കുമോ? മറ്റൊരു വിവാഹം കഴിക്കുമോ?’ വേർപിരിയും മുൻപ് ഒന്നിച്ച് ഒരു ദിനം

kerala-couple
Representative Image. Photo Credit : AJP / Shutterstock.com
SHARE

ആമി (കഥ)

കണ്ണേട്ടാ....

ഈ കടല് കാണാൻ എന്തൊരു രസം ആണല്ലേ...

അവൾ ജനാലരികിലേക്ക് ഒന്നൂടെ ചേർന്ന് നിന്ന് പുറത്തേക്ക് കൈയിട്ട് കൊണ്ട് അവനോട് ചോദിച്ചു.

അവൻ നിശബ്ദമായി നിൽക്കുന്നത് കണ്ട് അവൾ വീണ്ടും പറഞ്ഞു.

ഈ കടല് പോലെയാണ് എനിക്ക് കണ്ണേട്ടനോടുള്ള പ്രണയം...

അത് പറയുമ്പോൾ അവളുടെ ചുണ്ടിൽ വേദന നിറഞ്ഞൊരു പുഞ്ചിരി ഉണ്ടായിരുന്നു. അത് കാൺകെ അയാളുടെ ഉള്ളിൽ കുറ്റബോധം തിങ്ങി.

കണ്ണേട്ടന് ഏത് നിറമാണ് കൂടുതൽ ഇഷ്ടം???

അയാൾക്ക് മറുപടി പറയണം എന്നുണ്ട്. പക്ഷേ തൊണ്ടയിൽ അക്ഷരങ്ങൾ കുരുങ്ങിനിൽക്കുകയാണ്.

അറിയാം... എനിക്കറിയാം ചന്ദനനിറം അല്ലെ....

പക്ഷേ എനിക്ക് നീലയാണ്....

ഈ ആകാശം പോലെ.... ഈ കടൽ പോലെ....

എന്റെ പ്രണയം പോലെ......

അവൾ ശാന്തമായി പറഞ്ഞു. അവൻ അവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി. എന്ത് പറയണം എന്ന് അവനറിയില്ലായിരുന്നു.

പെട്ടന്ന് വെള്ളിക്കെട്ട് പോലെ നീങ്ങുന്ന പഞ്ഞി മേഘങ്ങൾക്കിടയിലേയ്ക്ക് കരിമേഘങ്ങൾ അധിനിവേശം നടത്തിതുടങ്ങി. ഉരുണ്ടു കൂടുന്ന മേഘ സങ്കലനങ്ങളിൽ വ്യത്യസ്ത ചിത്രങ്ങൾ വരയ്ക്കുന്നു. മഴയുടെ രസതന്ത്രത്തിന്റെ കൂട്ടുകൾ പാകപ്പെടുത്തുന്ന തിരക്കിലാണ് ആകാശം.

മഴ പെയ്യും എന്നു തോന്നുന്നു...

അവൾ വീണ്ടും ശാന്തമായി പറഞ്ഞു. ഈ മഴ നമ്മുക്ക് വേണ്ടി പെയ്യുന്നത് ആവും അല്ലെ കണ്ണേട്ട... ഞാൻ മുൻപെങ്ങോ വായിച്ചിട്ടുണ്ട് ഓരോ മഴയും ഓരോരുത്തർക്ക് വേണ്ടി പെയ്യുന്നതാണെന്ന്... അങ്ങനെയെങ്കിൽ ഇത് നമ്മുക്ക് വേണ്ടിയാവും.. തീർച്ച... അവൾ വീണ്ടും മഴയിലേക്ക് കണ്ണുകൾ നട്ടു. ഇനി പെയ്യുന്ന മഴ നമുക്കുള്ളത് ആവില്ലല്ലോ കണ്ണേട്ടാ.. പക്ഷേ മഴ പെയ്യുമ്പോൾ എന്നും കണ്ണേട്ടൻ എന്നെ ഓർക്കണം...

എന്നെ മാത്രം...

ആമി...

അയാൾ ഇടർച്ചയോടെ വിളിക്കുമ്പോൾ അവളുടെ കണ്ണിൽ അന്നേരം കൊണ്ട് തന്നെ ഒരു മഴവെള്ള പാച്ചിൽ ഉറവയെടുത്തിരുന്നു.

ശാന്തമായ ആ കണ്ണുകളിലും കുറ്റിരോമങ്ങളിലും അവളുടെ കണ്ണുകൾ ഉടക്കിനിന്നു. നീയെന്നെ സ്നേഹിക്കേണ്ടയിരുന്നു ആമി... അയാൾ  പതർച്ചയോടെ പറഞ്ഞൊപ്പിച്ചു. അയാളുടെ  വാക്കുകളിൽ ദുഃഖം നന്നേ നിഴലിച്ചിരുന്നു.

സ്നേഹിച്ചുപോയില്ലേ കണ്ണേട്ട....

അവളുടെ കവിൾതടങ്ങളെ നനയിച്ചുകൊണ്ട് നീർച്ചാലുകൾ ഒഴുകിയിറങ്ങി. 

ഈ സ്നേഹം എനിക്കൊരു വേദനയാവുകയാണ്... അയാൾ എങ്ങോട്ടെന്നില്ലാതെ മിഴികൾ പായിച്ചുകൊണ്ട് പറഞ്ഞു.

ബാധ്യതയെന്ന് പറയൂ കണ്ണേട്ട..

ആമി.....

അയാളുടെ നിസഹായവസ്ഥ ആ ശബ്ദത്തിൽ പ്രകടമായിരുന്നു.

എനിക്ക് വേണ്ടി ആദ്യമായി ഈ ചുണ്ടുകൾ ചുംബനചൂട് നൽകിയത് ഇതുപോലെ ഒരു മഴയിൽ ആയിരുന്നു.

അന്നെനോട് പറഞ്ഞത് ഓർമയുണ്ടോ.......

അയാൾ ഉണ്ടെന്ന് വെറുതെ തലയാട്ടി... 

ഒന്ന് പറയാമോ കണ്ണേട്ട.... ഒരിക്കൽ കൂടി..

അവസാനമായി....

ഇനി ആ വാക്കുകൾ എനിക്ക് വേണ്ടി ആയിരിക്കില്ലല്ലോ...ഈ ചുണ്ടുകൾ എനിക്ക് അവകാശപെട്ടത് ആവില്ലല്ലോ...

അയാൾ അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി...

അയാൾ അവൾ പുറത്തേക്ക് നീട്ടിവച്ചിരിക്കുന്ന കൈവെള്ളയിലേക്ക് തന്റെ കൈകൾ കൂടെ ചേർത്ത് വച്ചു.

അവൾ അതിശയത്തോടെ അവനെ നോക്കി. പറയും എന്നു പ്രതീക്ഷിച്ചില്ലായിരിക്കും.

പക്ഷേ എന്നെ തിരക്കി ഇത്രയും ദൂരം വന്ന ആമിക്ക് ഈ സന്തോഷം പോലും നൽകാൻ കഴിഞ്ഞില്ല എങ്കിൽ താൻ ആമിയുടെ കണ്ണേട്ടൻ ആണെന്ന് പറയുന്നതിൽ അർത്ഥമില്ല.

ഈ മഴയേക്കാൾ സൗന്ദര്യമാണ് ആമി നിനക്ക്...

പ്രണയത്തിന് ഒരു സമവാക്യമുണ്ടെങ്കിൽ അത് നീയാണ് ആമി... പ്രണയത്തിനൊരു രുചിയുണ്ടെങ്കിൽ അത് നിന്റെ അധരങ്ങളാണ്.

ആമിയോളം ഞാൻ സ്നേഹിക്കുന്ന ഒന്നും ഈ ലോകത്തില്ല.

അവന്റെ വാക്കുകളിൽ പ്രണയം നിറഞ്ഞു നിന്നു.

ഒരു കൊച്ചുകുട്ടിയുടെ ആഹ്ലാദമായിരുന്നു പിന്നീട് അവളുടെ മുഖത്ത്. അവന്റെ കണ്ണുകളിലും മുഖത്തുമായി അവളുടെ മിഴികൾ ഓടി നടന്നു.

ഒരുനിമിഷം അവൻ ഒന്ന് ചേർത്ത് പിടിച്ചിരുന്നുവെങ്കിൽ എന്നവൾ മോഹിച്ചുപോയി. അതറിഞ്ഞുവെന്ന പോലെ അവൻ അവളെ ഒരു കയ്യാൽ തന്റെ നെഞ്ചിലെക്ക് പിടിച്ചിട്ടു. അവളുടെ കൈകൾ അവന്റെ നെഞ്ചിനെ അള്ളിപിടിച്ചു.

കണ്ണേട്ടാ.....

ഉം.....

ഒരാഗ്രഹം കൂടെയുണ്ട് എനിക്ക്.....

എന്താ....

എനിക്ക് കരിവള വാങ്ങി തരാമോ??? എന്നിട്ട് അന്നത്തെ പോലെ ഈ മഴയിൽ വച്ച് ഇട്ട് തരാമോ...

അയാൾ അവളെ അടർത്തിമാറ്റി വേദനയോടെ നോക്കി.

നിനക്ക് അതെല്ലാം ഇപ്പോഴും ഓർമ്മയുണ്ടോ ആമി...

അവൾ അതിന് മറുപടിയായി ഒന്ന് ചിരിച്ചു. വേദന കലർന്ന ചിരി...

ആ വേദനക്ക് പിന്നിലെ കാരണം താൻ ആണെന്ന് ഓർത്തപ്പോൾ അവന്റെ ഉള്ളം വീണ്ടും വിങ്ങി.

കണ്ണേട്ടനോളം ഓർമയുള്ളയൊന്നും ഇനി എന്റെ ജീവിതത്തിൽ ഉണ്ടാവില്ല. കണ്ണേട്ടൻ എനിക്ക് ആദ്യമായി സമ്മാനിച്ച ആ പുസ്തകം പോലെ തന്നെയായി പോയല്ലോ നമ്മുടെ ജീവിതം...

വിരഹം കൊണ്ട് പ്രണയത്തെ വ്യഖ്യാനിച്ചവർ....

ആദ്യമായി അവൾക്ക് നൽകിയത് ഒരു പുസ്തകമായിരുന്നു. വിരഹത്താൽ ബന്ധിപ്പിച്ച ഒരു പ്രണയം. അത് വാങ്ങി ലൈബ്രറിയിൽ നിന്നും നാണിച്ചോടി പോയ ആമിയെ അയാൾ ഇന്നലെ കണ്ടെന്ന് പോലെ ഓർത്തു.

അവൾ അവനോട് ഒന്നൂടെ ചേർന്ന് നിന്നു. അവന്റെ കൈകൾ യാന്ത്രികമായി അവളെ ചുറ്റിപിടിച്ചു. അവളുടെ മുടിയിഴകൾ അവന്റെ കഴുത്തിൽ കുസൃതി കാട്ടി തുടങ്ങിയിരുന്നു.

ഒരുനിമിഷം അവന്റെ കണ്ണുകൾ അവളുടെ നിറഞ്ഞ കണ്ണുകളിലും വിതുമ്പുന്ന ചുണ്ടുകളിലും എത്തി.

പെട്ടന്നാണ് അയാളുടെ ഫോണ് ശബ്ദിച്ചത്. അയാൾ ഫോൺ എടുത്തു അവളുടെ മുഖത്തേക്ക് നിസഹായതയോടെ നോക്കി.

ഭാമ ആവും അല്ലെ.....

അയാൾ അതെയെന്ന് തലയാട്ടി.

അവിടെ താലി എടുക്കാൻ പോകുകയാണ്. കൂടെ വരാൻ പറഞ്ഞുള്ള വിളിയാണ്...

മറക്കെല്ലേ ... ഇന്നത്തെ ദിവസം എനിക്കാണ് ഒരു പകലും രാത്രിയും... നാളെ പുലരുമ്പോൾ പൊയ്ക്കോളൂ....

മറന്നിട്ടില്ല......

കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ കണ്ണേട്ടന്റെ താലി ഭാമ സ്വന്തമാക്കും അല്ലെ...

പിന്നെ എനിക്ക് ഒരു അവകാശവും ഇല്ല. ഭാമയുടേത് മാത്രമായി മാറും അല്ലെ... പഴയ ഏതോ ഒരു കളികൂട്ടുകാരി എന്നതിന് അപ്പുറത്തെക്ക് ഒരു ബന്ധവും ഇല്ല. ആമിയുടെ കണ്ണേട്ടൻ പിന്നീടില്ല. ഭാമയുടെ നന്ദൻ മാത്രം.....

അവൾ ചിരിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു. പിന്നീട് ആ ചിരിയിൽ കണ്ണീരിന്റെ ചൂട് കലർന്നപ്പോൾ അവൻ അറിയാതെ തന്നെ അവളെ ചേർത്ത്പിടിച്ചു.

ഭാമ ആമിയാവുകയില്ല. ആമി ഭാമയും....

ജീവിതത്തിൽ ആദ്യം എന്ന വാക്കിന്റെ വലിയ വിലയാണ്. അത് പോലെ എന്റെ ആദ്യമാണ് നിയെപ്പോഴും. എന്റെ ആദ്യപ്രണയം..

ആദ്യ ചുംബനം...

നിന്നോളം ഭാമ വരില്ല ആമി... നന്ദന്റെ ജീവിശ്വാസം നിലക്കും വരെ ആമിയുടെ സ്ഥാനം ആമിക്കുള്ളത് ആവും... അതിൽ ഒരു ഭാമയും വരില്ല...

ഇതെന്റെ ഉറപ്പ്...

അവൾ ചിരിച്ചു...

വെറുതെ...കുറെ കഴിയുമ്പോൾ ഭാമ കണ്ണേട്ടന്റെ മനസിൽ നിന്നും ആമിയെ തുടച്ചുമാറ്റും. ഭാമയോളം പിന്നീട് ആമിക്ക് സ്ഥാനം ഇല്ലാതാവും...

പക്ഷേ അതിനുള്ള അർഹതയെ എനിക്കുള്ളൂ...

എന്നെ എന്നും ഓർക്കണം കണ്ണേട്ടാ... ഈ ആകാശം കാണുമ്പോൾ...ഈ മഴ കാണുമ്പോൾ...

ഈ കടൽ കാണുമ്പോൾ...

നിന്നെ ഓർക്കാതിരിക്കാൻ എനിക്കാവുമോ ആമി...

എന്റെ ചുറ്റും നിയല്ലേ....

ഞാൻ ഒന്ന് ചോദിക്കട്ടെ ആമി....‌ നീയെന്നെ മറക്കുമോ?, മറ്റൊരു വിവാഹം കഴിക്കുമോ?

പിന്നില്ലാതെ. കണ്ണേട്ടനു ഭാമയെ കല്യാണം കഴിക്കാമെന്ന് ഉണ്ടെങ്കിൽ പിന്നെ എനിക്ക് എന്തുകൊണ്ട് ആയിക്കൂട...

എന്റെ ജീവിതത്തിലും വരും ഭാമയെ പോലെ ഒരാൾ...

കുസൃതിയോടെ അവൾ ചിരിച്ചു....

ആ മറുപടിയിലെ കള്ളം അവനു തന്നെ അറിയാമായിരുന്നു. അവൾ വിവാഹം കഴിക്കില്ല. ആമിക്ക് മറ്റൊരാളെ പ്രണയിക്കാൻ ആവില്ല. പക്ഷേ എന്തുകൊണ്ട് കണ്ണന് കഴിഞ്ഞു...

ഒറ്റ ഉത്തരം....

ആമി കണ്ണനെ കണ്ടെത്താൻ വൈകിപ്പോയി. കണ്ണൻ ആമിയെയും...

കണ്ണേട്ട... നമ്മുക്ക് ഒന്ന് പുറത്തേക്ക് ഇറങ്ങാം. കണ്ണേട്ടന്റെ കൈകളിൽ തൂങ്ങി ഈ മഴ നനഞ്ഞു കടൽതീരത്തൂടെ നടക്കാൻ ഒരു മോഹം.

വേണോ... ആളുകൾ ഉണ്ടാകും

പിന്നെ... ഇന്നൊരു ദിവസം എനിക്ക് വേണ്ടി മാറ്റിവച്ചത് അല്ലെ....

എനിക്ക് വേണ്ടി മാത്രം... അവിടെ പരിമിതികൾ വേണ്ട... ഇന്നൊരു ദിവസം ഞാൻ കണ്ണേട്ടന്റെ ഭാര്യ ആമിയായികൊള്ളട്ടെ. ആളുകൾ അങ്ങനെ ചിന്തിക്കുകയെങ്കിലും...

അയാൾ പുറത്തെ മഴയിലേക്ക് കണ്ണുകൾ നട്ടു. അവൾ ആഗ്രഹത്തോടെ അവന്റെ കൈകളിൽ പിടിച്ചു.

ആവാം... അയാൾ പതിയെ പറഞ്ഞു.

അവന്റെ കയ്യിൽ തൂങ്ങി ആ കടൽ തീരത്തെ മഴ നനയുമ്പോൾ അവൾക്ക് വല്ലാത്തൊരു ആഹ്ലാദമായിരുന്നു. അവന്റെ നിർബന്ധത്തിന് വഴങ്ങി വഴിയരികിലെ ചായക്കടയിലേക്ക് കയറി നിൽക്കുമ്പോൾ അവന്റെ കണ്ണിൽ അവളോടുള്ള പ്രണയം തിങ്ങിനിറഞ്ഞു. അവളുടെ നീണ്ട മുടിയിഴകളിൽ നിന്നും വെള്ള തുള്ളികൾ അവന്റെ മുഖത്തേക്ക് ഉറ്റുവീണു. നനഞ്ഞ മാറിൽ ഒട്ടി കിടക്കുന്ന നീല സാരിയിലേക്ക് അവന്റെ കണ്ണുകൾ നീണ്ടു..

അവൻ അവളെ ഗാഡമായി ചുംബിക്കുമ്പോൾ അവിടെ ഭാമയോ വിവാഹമോ ഒന്നുമില്ലായിരുന്നു.

ആമിയുടെ ചുണ്ടുകളുടെ രുചി മാത്രം....

ആവോളം നുണഞ്ഞിട്ടും മതിയാവാതെ അവൻ വീണ്ടും അവളെ ചുംബിച്ചുകൊണ്ടേയിരുന്നു. നാവുകൾ തമ്മിൽ കെട്ടുപിണഞ്ഞു ഇണനാഗങ്ങളെ പോലെ അവർ പരസ്‌പരം പ്രണയിച്ചു.

പെട്ടെന്ന് അവൻ എന്തോ ഓർത്തെന്ന പോലെ  അവളിൽ നിന്നുംവിട്ട് മാറി .ഒരുനിമിഷം അവൻ ചെയ്തത് ഓർത്തു അവന്റെ മനസ് വേദനിച്ചു. ശ്വാസം എടുക്കാൻ കഷ്ടപ്പെടുന്നതിനിടയിൽ അവൾ  തികഞ്ഞ ചിരിയോടെ  പറഞ്ഞു.

പഴയ അതേ രുചി.. ഈ രുചി ഒരിക്കലും എന്നിൽ നിന്നും മായതിരിക്കട്ടെ..  

ആമി.. ഞാൻ....പെട്ടെന്ന്...

അവൻ വാക്കുകൾക്കായി പരതി.

അവസാനമായി... ഇത് ഞാൻ ആഗ്രഹിച്ചിരുന്നു...

ഈ മഴ നനയുമ്പോൾ എന്റെ മനസിൽ ഇതും ഒരു ആഗ്രഹമായിരുന്നു.

തിരിച്ചു നടക്കും വഴി അവൻ അവൾക്ക് കരിവളകൾ വാങ്ങി. അവൾ ആഗ്രഹിച്ചത് പോലെ ആ മഴയിൽ തന്നെ ഇട്ട് കൊടുത്തു. മനസ് ഒരിക്കലും നമ്മുടെ കയ്യിൽ നിൽക്കില്ല എന്നു പറയുന്നത് എത്ര ശരിയാണ്. വേണ്ടെന്ന് വിചാരിച്ചിട്ടും ആ വളകൾ അവൾക്ക് അണിയിക്കുമ്പോൾ അവന്റെ ചുണ്ടുകൾ അവളുടെ കൈത്തണ്ടയിൽ അമർന്നു. അപ്പോഴും അവളുടെ ചുണ്ടിൽ നിറഞ്ഞ ചിരി ആയിരുന്നു. പ്രതീക്ഷിച്ചെന്ന പോലെ....

രാത്രിയിൽ വീണ്ടും അവൾ ചോദിച്ചു..

മറക്കുമോ എന്നെ.....

അവൾക്ക് വേദനിക്കാത്ത ഒരു മറുപടി കൊടുക്കാതിരിക്കാൻ അവൻ ശ്രമിച്ചു.

രാത്രിയിൽ ആകാശത്തേക്ക് കണ്ണുനട്ടിരിക്കുമ്പോൾ അവനോടായി അവൾ ചോദിച്ചു.

പേടിയുണ്ടോ കണ്ണേട്ടന്?

ശാന്തമായിരുന്നു ആ ചോദ്യം.

എന്തിന്?

അയാൾ സംശയത്തോടെ ചോദിച്ചു. ഈ രാത്രിയിൽ അരുതാത്തത്  എന്തെങ്കിലും നടക്കുമോ എന്നു ഭയമുണ്ടോ ?

ആമിയെ എനിക്ക് ഭയമോ... ആമിയെ എനിക്ക് അറിയാവുന്നിടത്തോളം ആർക്കറിയാം... ഈ രാത്രി എന്റെ നെഞ്ചിൽ തലവച്ചുറങ്ങണം. അടുത്ത ജന്മം വരെ ഓർക്കാൻ ഒരു നല്ല രാത്രി... അതിൽ കൂടുതൽ ഒന്നും ആമി ആഗ്രഹിക്കില്ല....

അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

ആമി വെറുതെ ചിരിച്ചു.പിന്നീട് അവന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു.

അപ്പോഴും മഴ തോർന്നില്ലായിരിന്നു. തണുപ്പ് അവളെ മൂടാൻ തുടങ്ങിയപ്പോൾ അവൻ അവളെ തന്റെ മാറോട് അടക്കിപിടിച്ചു. അവളെ നാളെ പിരിയണമല്ലോ എന്നോർത്ത് അവന്റെ ഹൃദയമിടിപ്പ് ഏറി.

പതിയെ ഉറക്കത്തിന്റെ ആഴങ്ങളിലേക്ക് പോകുമ്പോൾ അവന്റെ മുന്നിൽ പഴയ കുസൃതിനിറഞ്ഞ പ്രണയകാലം നിറഞ്ഞു വന്നു.

കുതിച്ചൊഴുകുന്ന പുഴയിൽ പെട്ട് പോയ പനിനീർദളം പോലെ അവനിൽ നിന്ന് മോചിതയാവാനാവാതെ ദിശയറിയാതെ അവളുടെ മനസ്സ് ഒഴുകിക്കൊണ്ടിരുന്നു. ആദ്യമായാണ് അവൻ അരികിൽ ഉണ്ടായിട്ടും പുറത്തെ ഈ മഴ താൻ ആസ്വദിക്കാതെ പോകുന്നതെന്ന് അവളോർത്തു..

അത്രമേൽ സ്നേഹിച്ചിട്ടും അപരിചിതർ ആവുകയാണല്ലോ.....

ഈ മഴ തോരാതെ ഇരുന്നെങ്കിൽ....

ഈ മാറിന്റെ ചൂട് എന്നിൽ നിന്നും വിട്ട് അകലാതിരുന്നെങ്കിൽ....

ഈ രാത്രി പുലരാതെ ഇരുന്നെങ്കിൽ...

English Summary: Writers Blog - Aami, Malayalam Short Story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA
;