ADVERTISEMENT

എന്റെ മോൻ വരും... (കഥ)

പട്ടാളത്തിൽ നിന്നും പെൻഷൻ ആയതിനു ശേഷം ജോസഫ് എവിടെയും സ്ഥിരമായി ജോലിയിൽ നിന്നിരുന്നില്ല. പലസ്ഥലങ്ങളിലും പല ജോലികളും ചെയ്തു മടുക്കുമ്പോൾ തന്റെ ബുള്ളറ്റിൽ അയാൾ പുതിയ ഒരു സ്ഥലത്തേക്ക് യാത്ര തുടരും. അങ്ങനെ ആണ് അയാൾ ആ പട്ടണത്തിലും എത്തി ചേർന്നത്. അവിടെ ഒരു പ്രൈവറ്റ് സെക്യൂരിറ്റി സ്ഥാപനത്തിൽ ട്രെയിനർ ആയിട്ട്.

 

രണ്ടു മൂന്നു ദിവസം അടുത്തുള്ള ഒരു ലോഡിജിലും പിന്നീട് ഒരാഴ്ച്ച ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മുകൾ നിലയിലും ഒക്കെ താമസിച്ചതിനു ശേഷം ആണ് സ്ഥാപനത്തിന്റെ മുതലാളിയുടെ തന്നെ ശ്രമഫലമായി  നഗരത്തിന്റെ തിരക്കുകളിൽ നിന്നും ഒഴിഞ്ഞ ഒരു ഭാഗത്ത് അയാൾക്ക് ചെറിയതെങ്കിലും വൃത്തിയുള്ള ഒരു വീട് വാടകക്ക് കിട്ടിയത്. വീടും പരിസരവും ഒക്കേ അയാൾക്ക് ഇഷ്ടപ്പെട്ടു. ചുറ്റുമതിൽ ഇല്ലാതെ തുറന്നു കിടക്കുന്ന പറമ്പാണ്‌ എന്നൊരു ദോഷം മാത്രമേ ഉള്ളു. അത് അയാൾക്ക് ഒരു പ്രശ്നം ആയി തോന്നിയതും ഇല്ല. മുതലാളിയുടെ തന്നെ താല്പര്യത്തോടെ അയാൾക്ക് അത്യാവശ്യം വേണ്ട ഫർണിച്ചറുകളും ഭക്ഷണം പാകം ചെയ്യാനുള്ള സംവിധനങ്ങളും ഉണ്ടാവുകയും ചെയ്തെങ്കിലും അയാൾ വല്ലപ്പോഴും മാത്രമേ പാചകം ചെയ്യാറുള്ളൂ. അധികവും ഹോട്ടലുകളിൽ നിന്നു തന്നെ ആയിരുന്നു ഭക്ഷണം.

 

ഒരു ദിവസം രാത്രി പതിവിലും അല്പം വൈകി വീട്ടിൽ എത്തി തന്റെ ബുള്ളറ്റ് കാർപോർച്ചിൽ നിർത്തിയ അയാൾ പെട്ടന്ന് മൂലയിൽ ഒരു രൂപം ഇരിക്കുന്നത് കണ്ടു ഞെട്ടി പോയി. രണ്ടാമത് ഒന്നു കൂടെ സൂക്ഷിച്ചു നോക്കിയപ്പോൾ ആണ് അതൊരു പിച്ചക്കാരി ആണെന്ന് മുഷിഞ്ഞു കീറിയ വസ്ത്രങ്ങളിൽ നിന്നും അയാൾക്ക് മനസ്സിലായത്.

 

അയാൾക്ക് പെട്ടന്ന് ദേഷ്യം വന്നു ‘ഇറങ്ങി പോ നാശമേ’ എന്നലറിക്കൊണ്ടു അയാൾ അവരുടെ നേരെ തിരിഞ്ഞു. അയാളുടെ അലർച്ച കേട്ട് ആ രൂപം വിറച്ചു വിറച്ചു പതുക്കെ എഴുനേറ്റ് നടന്നു നീങ്ങി. എന്തോ പിറു പിറുത്തു കൊണ്ട്. എന്റെ മോൻ അവൻ വരും എന്നെ അന്വേഷിച്ചു വരും എന്ന് പറയുന്നതായിട്ടാണ് അയാൾക്ക് തോന്നിയത്. ഏതായാലും അവർ റോഡിലൂടെ നടന്നു നീങ്ങുന്നത് സ്ട്രീറ്റ് ലൈറ്റിന്റെ മങ്ങിയ വെളിച്ചത്തിൽ അയാൾ കണ്ടു. വീടിന് ചുറ്റുമതിലും ഗെയ്റ്റും ഇല്ലാത്തത്തിൽ അയാൾക്ക് അപ്പൊ വിഷമം തോന്നി.

 

കുറച്ചു ദിവസങ്ങൾക്ക് ശേഷം മഴയുള്ള ഒരു രാത്രിയിൽ അയാൾ വീട്ടിൽ എത്തിയപ്പോൾ ഒരുമൂലയിൽ വീണ്ടും ആ രൂപം കൂനിക്കൂടി ഇരിക്കുന്നുണ്ടായിരുന്നു. അയാൾക്ക് ദേഷ്യം വന്നെങ്കിലും കോരിച്ചൊരിയുന്ന മഴയിലേക്ക് അവരെ ഇറക്കി വിടാൻ തോന്നിയില്ല. പക്ഷേ അയാളെ കണ്ട ഭയന്ന് ആ രൂപം മെല്ലെ എഴുന്നേറ്റു മഴയിലേക്ക് ഇറങ്ങി പോകാൻ തുടങ്ങിയപ്പോൾ അയാൾ പെട്ടന്ന് തന്നെ ഒന്നും മിണ്ടാതെ അകത്തേക്ക് കയറി പോയി.

 

നല്ല കാറ്റും മഴയും തണുപ്പും ഉണ്ടായിരുന്നെങ്കിലും അന്ന് അയാൾക്ക് പെട്ടന്ന് ഉറക്കം വന്നില്ല. ഒരുപാട്  നാളുകൾക്ക് ശേഷം അയാൾ തന്റെ അമ്മയെ കുറിച്ചു ഓർത്തു. ‘‘ജോസൂട്ടി മോനെ ഒന്ന് നിന്നെടാ മഴയത്ത് ഇറങ്ങി നടക്കല്ലേ പനി  പിടിക്കും മോനെ’’ എന്നു അമ്മ ശാസിക്കുന്നതായി അയാൾക്ക് തോന്നി.

 

ചെറുപ്പത്തിലേ അപ്പൻ മരിച്ച അയാളെയും രണ്ട് അനിയത്തിമാരെയും ഒരുപാട് കഷ്ടപെട്ടാണ് അവർ വളർത്തി വലുതാക്കിയത്. തനിക്ക് പട്ടാളത്തിൽ ജോലി കിട്ടുന്നത് വരെ അമ്മ കൂലിപ്പണിക്ക് പോയിരുന്നു. തനിക്ക് ജോലി കിട്ടിയതിനു ശേഷവും ഇടക്കിടക്ക് താൻ അറിയാതെ പണിക്ക് പോകുമായിരുന്നു. അവനു ഒരു ജോലി കിട്ടി എന്നതൊക്കെ ശരിയാണ്. എന്ന് വച്ചു താഴെ ഉള്ള രണ്ടു പെണ്ണുങ്ങളെ കെട്ടിച്ചു വിടാൻ അവൻ ഒറ്റക്ക് കഷ്ടപെട്ടാലൊന്നും പോര എന്നായിരുന്നു ന്യായം. ഏതായാലും രണ്ടു പേരുടെയും ശ്രമഫലമായി അനിയത്തിമാരുടെ കല്യാണങ്ങൾ ഭംഗിയായി കഴിഞ്ഞു. അങ്ങിനെ ഇരിക്കെ താൻ അതിർത്തിയിൽ ആയിരുന്ന സമയത്ത് ഒരു ദിവസം രാത്രി ഉറങ്ങാൻ കിടന്ന അമ്മ പിന്നീട് ഉണർന്നില്ല. അതിർത്തി സംഘർഷങ്ങളുടെ സമയം ആയതു കൊണ്ട്  അവസാനമായി വന്നു കണ്ട് അമ്മക്ക് ഒരു അന്ത്യചുംബനം കൊടുക്കാൻ ഉള്ള വിധി പോലും തനിക്ക് ഉണ്ടായില്ല.

 

അമ്മയുടെ മരണ ശേഷം ആകെ ഉണ്ടായിരുന്ന വീടും സ്ഥലവും രണ്ടു അനിയത്തിയർക്കും ആയി വീതിച്ചു കൊടുത്തതിനു ശേഷം തുടങ്ങിയതാണ് തന്റെ ഈ അലഞ്ഞു തിരിഞ്ഞുള്ള ജീവിതം. അതിപ്പോ തനിക്ക് ഒരു ലഹരി ആയി മാറിയത് പോലെ തോന്നാൻ തുടങ്ങിയിരിക്കുന്നു.

 

ഇതിനിടക്ക് എപ്പോളോ ഉറങ്ങിപ്പോയ ജോസഫ് ശക്തമായ ഒരു ഇടി ശബ്ദം കേട്ടു ഞെട്ടിയുണർന്നു. പെട്ടന്ന് മോനെ മോനെ എന്നു ആരോ വിളിക്കുന്നതായി തോന്നിയ അയാൾ വാതിൽ തുറന്നു പുറത്തിറങ്ങി നോക്കിയപ്പോൾ ഇടിമിന്നൽ പേടിച്ചത് കാരണം ആണെന്ന് തോന്നുന്നു തന്റെ ബുള്ളറ്റിനു അരികിൽ വിറച്ചു കൊണ്ടു കൂനിക്കൂടി ഇരിക്കുന്ന ആ സ്ത്രീ രൂപത്തിനോട് അയാൾക്ക് സഹതാപം തോന്നി. അകത്തു പോയി  ഒരു കാർഡ്ബോർഡ് പെട്ടി കീറിയ ഷീറ്റും ഒരു പഴയ ലുങ്കിയും പുറത്തോട്ട് ഇട്ടു ഇവിടെ കിടന്നോ എന്നയാൾ അവരോടു പറഞ്ഞു. ഭയത്തോടെ പതുക്കെ പതുക്കെ അവർ  എന്റെ മകൻ അവൻ വരും എന്ന് പിറുപിറുത്തു കൊണ്ട് അവിടെ കിടക്കാൻ ശ്രമിക്കുന്നത് കണ്ടുകൊണ്ടു അയാൾ അകത്തു കയറി വാതിൽ അടച്ചു.

പിറ്റേന്ന് രാവിലെ അയാൾ ഉറക്കമുണർന്നു നോക്കിയപ്പോൾ അവർ പുറത്തു ഉണ്ടായിരുന്നില്ല. കാർപോർച്ചിന്റെ ഒരു മൂലയിൽ ആ ഷീറ്റും തുണിയും വൃത്തിയായി മടക്കി വെച്ചിട്ടുണ്ടായിരുന്നു.

 

അന്ന് വൈകിട്ട് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു പുറത്തിറങ്ങാൻ തുടങ്ങുമ്പോൾ അയാൾക്ക് എന്തോ ആ അമ്മയെ ഓർമ്മവന്നു. അവർക്കുള്ള ഭക്ഷണവും കയ്യിൽ കരുതി അയാൾ വീട്ടിൽ എത്തിയപ്പോൾ അവർ അവിടെ ഉണ്ടായിരുന്നില്ല. പിന്നീട് രാത്രി എപ്പോഴോ പുറത്തു നിന്ന് ഒരു ശബ്ദം കേട്ടു പുറത്തിറങ്ങിയ അയാൾ ഷീറ്റ് വിരിച്ചു കിടക്കാൻ ശ്രമിക്കുന്ന അവരെ കണ്ട് അകത്തു പോയി കൊണ്ടുവന്ന ഭക്ഷണ പൊതി അവരുടെ മുന്നിൽ വെച്ചു. നിങ്ങൾക്ക് കഴിക്കാൻ കൊണ്ടുവന്നതാണ് എന്നു പറഞ്ഞപ്പോൾ അവർ മടിച്ചു മടിച്ചു അടുത്തുവന്നു പൊതി മെല്ലെ കയ്യിൽ എടുത്തു. പിന്നീട് എന്തോ ഓർത്തിട്ടെന്ന പോലെ പുറത്തുള്ള പൈപ്പ് തുറന്ന് കൈ കഴുകി വന്നു സാവധാനം ഭക്ഷണം കഴിക്കുന്നത് കണ്ടു കൊണ്ടു അയാൾ അകത്തേക്ക് കയറിപ്പോയി. അപ്പോഴും അവർ എന്റെ മകൻ അവൻ വരും വരും എന്ന് മന്ത്രിച്ചു കൊണ്ടിരുന്നു. 

 

പിറ്റേന്ന് രാവിലെയും അയാൾ ഉണർന്ന് പുറത്തിറങ്ങിയപ്പോൾ അവർ ഉണ്ടായിരുന്നില്ല. അന്ന് തിരിച്ചു വരുമ്പോൾ  ഭക്ഷണത്തിന് പുറമെ അവർക്കുവേണ്ടി വസ്ത്രവും വാങ്ങിയിരുന്നു. അന്നും അയാൾ എത്തിയപ്പോൾ അവർ ഉണ്ടായിരുന്നില്ല. പക്ഷേ വീടിന്റെ മുറ്റത്തു ഉണ്ടായിരുന്ന ചപ്പു ചവറുകൾ ഒക്കെ ആരോ വൃത്തിയാക്കി ഇട്ടിരുന്നു.

 

അന്ന് രാത്രി കുറെ വൈകിയും അവരെ കാത്തിരുന്നു മടുത്ത അയാൾ ഭക്ഷണവും വസ്ത്രങ്ങളും പുറത്തു വെച്ചു പോയി കിടന്നു. പിറ്റേന്ന് രാവിലെ അയാൾ ഉണർന്നു വന്നപ്പോൾ ഭക്ഷണപൊതി അവിടെ ഉണ്ടായിരുന്നില്ല പക്ഷേ വസ്ത്രം അവിടെ തന്നെ ഉണ്ടായിരുന്നു. അന്ന് പുറത്തുപോകുമ്പോൾ അയാൾ ഒരു കുപ്പിയിൽ അല്പം വെളിച്ചെണ്ണയും ഒരു സോപ്പും കൂടെ പുറത്തു വെച്ചു.

 

അന്ന് രാത്രി അയാൾ വന്നു നോക്കുമ്പോൾ അവർ വീടിന്റെ മുന്നിലെ ചാരുപടിയിൽ ഇരിക്കുന്നുണ്ടായിരുന്നു. കുളിച്ചു വൃത്തിയായി അയാൾ വെച്ചുപോയ വസ്ത്രവും ധരിച്ചു കൊണ്ട്. ഒറ്റനോട്ടത്തിൽ അയാൾക്ക് അവരെ മനസ്സിലായില്ല. മെലിഞ്ഞു ക്ഷീണിച്ചതെങ്കിലും നല്ല ഐശ്വര്യം ഉള്ള ഒരമ്മ. അയാളെ കണ്ട് അവർ പുലമ്പി ‘‘മോനെ എവിടെ ആയിരുന്നു മോനെ നീ. അമ്മ നിന്നെ കാണാതെ ആകെ പേടിച്ചു’’

 

അവർക്ക് എന്തോ മാനസിക പ്രശ്നം ഉണ്ടെന്ന് ജോസഫിന് മനസ്സിലായി.

അടുത്തു ചെന്നു മുട്ടുകുത്തി ഇരുന്ന് ജോസഫിനെ നോക്കി അവർ വീണ്ടും എന്റെ മോൻ വരും, അവൻ എന്നെ തിരക്കി വരും എന്ന് മന്ത്രിച്ചു കൊണ്ടേ ഇരുന്നു.

അയാൾ പെട്ടന്ന് അവരുടെ കൈ പിടിച്ചു വീട്ടിനുള്ളിലേക്ക് കയറി പോയി. അയാൾ  അവരോടു പലതും ചോദിച്ചെങ്കിലും അവർ മറുപടി ഒന്നും പറഞ്ഞില്ല. എന്റെ മോൻ വരും എന്ന് തന്നെ പുലമ്പി കൊണ്ടിരുന്നു. ആയാൾ കൊണ്ടുവന്ന ഭക്ഷണം അവർ കഴിച്ചു കൊണ്ടിരിക്കെ രണ്ടാമത്തെ റൂമിൽ അവർക്ക് കിടക്കാനുള്ള കാര്യങ്ങൾ അയാൾ ശരിയാക്കി വെച്ചു.

 

ഭക്ഷണം കഴിഞ്ഞു മൂലയിൽ പോയി ഇരുന്ന അവരെ ‘അമ്മ വരു ഇന്ന് മുതൽ ഇവിടെ കിടന്നാൽ മതി’ എന്നു പറഞ്ഞ് അയാൾ റൂമിൽ കൊണ്ടുപോയി ആക്കി. അതു അവർക്ക് മനസ്സിലായോ എന്തോ.

 

പിറ്റേന്ന് രാവിലെ അയാൾ നേരത്തെ തന്നെ എണീറ്റു. അവർ ഉണർന്നു വരുന്നതിനു മുൻപ് തന്നെ കാപ്പി ഉണ്ടാക്കി അവർക്ക് ഒരു ഗ്ലാസ് കൊണ്ടുപോയി കൊടുത്തു. ഒന്നും മിണ്ടാതെ അവർ അത് വാങ്ങി കുടിച്ചു. അന്ന് പോകുന്നതിനു മുൻപ് അവർക്ക് കഴിക്കുന്നതിനു വേണ്ടി കഞ്ഞിയും കറിയും ഉണ്ടാക്കി വെച്ചു. പോകുന്നതിനു മുൻപ് അവരെ അടുക്കളയിൽ കൊണ്ടുപോയി കഞ്ഞിയും കറിയും കാണിച്ചു കൊടുത്തു പറഞ്ഞു ‘‘ഇതു അമ്മക്ക് കഴിക്കാൻ ആണ്. വിശക്കുമ്പോൾ എടുത്തു കഴിച്ചോളൂ. അമ്മ പുറത്തോട്ടൊന്നും പോകരുത്.’’

അവർക്ക് മനസ്സിലായോ എന്തോ, അപ്പോഴും എന്റെ മോൻ വരും എന്ന് പുലമ്പി കൊണ്ടിരുന്നു.

 

ഏതായാലും അന്ന് അയാൾ തിരിച്ചു വന്നപ്പോൾ അവർ വീട്ടിൽ തന്നെ ഉണ്ടായിരുന്നു.

അയാൾ അവരോടു പലതും സംസാരിക്കാൻ ശ്രമിച്ചെങ്കിലും അവർ തിരിച്ച് ഒന്നും പറയുക ഉണ്ടായില്ല.

 

ഇതൊരു വയ്യവേലി ആകുമോ എന്നു ജോസഫിന് ഭയം തോന്നാൻ തുടങ്ങി.

അന്നൊരു ദിവസം തിരിച്ചു വരുമ്പോഴേ അയാൾക്ക് ചെറിയ പനി ഉണ്ടായിരുന്നു. രാത്രി പനി കൂടി അയാൾ വിറച്ചു പനിക്കാൻ തുടങ്ങി.

 

പിന്നീട് എപ്പോഴോ തന്റെ അമ്മ അരികിൽ വന്നിരുന്നു നെറ്റി തടവി തരുന്നതായി അയാൾക്ക് തോന്നി. ഞെട്ടി ഉണർന്ന് കണ്ണു തുറന്നു നോക്കിയ അയാൾ തന്റെ അടുത്തു ഇരുന്നു നെറ്റിയിൽ തടവി കൊണ്ടിരുന്ന അവരെ ആണ് കണ്ടത്.

മോന് പനി, പനിന്നവർ പുലമ്പി കൊണ്ടിരുന്നിരുന്നു. പെട്ടന്ന് തന്നെ അകത്തു പോയി അവർ തുളസി ഇട്ടു തിളപ്പിച്ച ഒരു ഗ്ലാസ് കാപ്പി അയാളുടെ കയ്യിൽ കൊണ്ടു വന്നു കൊടുത്തു. മോന് പനി മോന് പനി എന്നു പുലമ്പി കൊണ്ടു.

 

ആ കാപ്പി കുടിച്ചു അയാൾ അടുത്തിരുന്നിരുന്ന അവരുടെ കയ്യിൽ ഒരു കൊച്ചു കുട്ടി എന്ന പോലെ പിടിച്ചു ചുരുണ്ടു കൂടി കിടന്നു. അവർ അയാളുടെ ശിരസ്സിൽ സ്നേഹത്തോടെ തലോടികൊണ്ടേ ഇരുന്നു.

 

ഉച്ച ആയപ്പോഴേക്കും അയാളുടെ പനി അല്പം കുറഞ്ഞിരുന്നു. അപ്പോഴേക്കും അവർ കഞ്ഞി ഉണ്ടാക്കിയിരുന്നു. അതു കഴിച്ചപ്പോൾ അയാൾക്ക് അല്പം ആശ്വാസം തോന്നി. എന്നാൽ അപ്പോഴും അവർ മോന് പനി. അവൻ വരും എന്നെ കൊണ്ട് പോകാൻ എന്നു മാത്രം പറഞ്ഞു കൊണ്ടിരുന്നു.

 

പനി മാറി ജോലിക്ക് പോയി തിരിച്ചു വരുന്ന വഴിക്ക് അയാൾ അവർക്ക് വേണ്ടി ഒരു നിലവിളക്കും കൃഷ്ണന്റെ ഒരു ഫോട്ടോയും വാങ്ങി കൊണ്ടുവന്നു. അതു കൊടുത്തപ്പോൾ അവരുടെ മുഖത്ത് ഒരു തിളക്കം തോന്നിയെങ്കിലും എന്റെ മോൻ വരും എന്ന് തന്നെ പുലമ്പി കൊണ്ടിരുന്നു.

 

അതിന് ഇടയിൽ ഒരു ഞായറാഴ്ച്ച പള്ളിയിൽ അച്ഛനോട് സംസാരിക്കുന്നതിന്  ഇടയിൽ ഈ കാര്യം പറഞ്ഞ ജോസഫിനോട് നല്ല ഒരു ഡോക്ടറെ കാണിക്കാൻ അച്ഛൻ പറയുകയും അദ്ദേഹത്തിന്റെ കൂട്ടുകാരൻ ആയ ഡോക്ടർ ഹനീഫയോട് വിളിച്ചു പറയുകയും ചെയ്തു. ഡോക്ടർ പറഞ്ഞ ദിവസം അവരെയും കൊണ്ടു പോയി  കാണിച്ചു. വിശദമായ പരിശോധനകൾക്ക് ശേഷം ഡോക്ടർ ഹനീഫ പറഞ്ഞു. ഇവർക്ക് എന്തെങ്കിലും മാനസിക രോഗം ആണെന്ന് തോന്നുന്നില്ല. ഓർമ തകരാർ ആണ് പ്രശ്നം എന്നു തോന്നുന്നു. അവരുടെ പേരോ സ്ഥലമോ ഒന്നും അവർക്ക് ഓർത്തെടുക്കാൻ കഴിയുന്നില്ല. 

 

പിന്നെ മോൻ വരും കൊണ്ടു പോകും എന്നത് അവരുടെ മനസ്സിൽ കിടക്കുന്ന അവസാന ഓർമയുടെ ബാക്കി ആവാം. ചിലപ്പോൾ മകന്റെ കൂടെ  എവിടേക്കെങ്കിലും പോകുന്നതിന് ഇടയിൽ കൂട്ടം തെറ്റി പോയതാവാം അല്ലെങ്കിൽ അയാൾ എവിടെയെങ്കിലും ഉപേക്ഷിച്ചു പോയതും ആവാം. ഏതായാലും ഞാൻ കുറച്ചു മരുന്നുകൾ എഴുതി തരാം. എന്തെങ്കിലും വ്യത്യാസം ഉണ്ടാവുമോ എന്നു നോക്കാം.

ഒന്നു രണ്ടു മാസം മരുന്ന് കഴിച്ചെങ്കിലും അവർക്ക് വലിയ വ്യത്യാസം ഒന്നും ഉണ്ടായില്ല.

ഇതിന് ഇടയിൽ ഡോക്ടറും അച്ഛനും ഒക്കെ അയാളോട് അവരെ പള്ളി തന്നെ നടത്തുന്ന അനാഥാലയത്തിൽ ഏല്പിക്കുന്നതാണ് നല്ലത് എന്ന് ഉപദേശിച്ചു. ഇനി അവരുടെ അവസ്‌ഥ ഇതിലും മോശമായാൽ അയാൾക്ക് അവരെ നോക്കുന്നത് എത്രമാത്രം ബുദ്ധിമുട്ടവും എന്ന് അവരുടെ സംസാരത്തിൽ നിന്നും മനസ്സിലായ അയാൾ അവരെ പള്ളിയുടെ അനാഥാലയത്തിൽ എത്തിച്ചു.

 

അവിടെ ആക്കി യാത്ര പറയുമ്പോൾ അവർ അയാളുടെ മുഖത്ത് നോക്കി ഒന്നു പുഞ്ചിരിച്ചു. നീയും എന്നെ ഉപേക്ഷിച്ചു പോവുക ആണ് അല്ലെ മോനെ എന്നു അവർ ചോദിക്കുന്ന പോലെ അയാൾക്ക് തോന്നി.

 

അന്ന് രാത്രി ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിന് ഇടക്ക് താൻ ജീവിതത്തിൽ വല്ലാതെ ഒറ്റപ്പെട്ടത് പോലെ അയാൾക്ക് തോന്നി. രാത്രി എപ്പോഴോ ഒന്നു മയങ്ങിയ അയാൾ അയാളുടെ അമ്മയെ സ്വപ്നം കണ്ടു ഞെട്ടി ഉണർന്നു. ശവപ്പെട്ടിയിൽ കിടന്ന് അമ്മ അയാളോട് ചോദിച്ചു എനിക്ക് നിന്റെ അന്ത്യചുംബനം കിട്ടിയില്ലല്ലോ മോനെ എന്ന്.

 

പിറ്റേന്ന് രാവിലെ തന്നെ അയാൾ അനാഥാലയത്തിൽ പോയി അവരെ കൂട്ടി കൊണ്ടു വരുന്നതിന്നായി. വീണ്ടും ഉപദേശിക്കാൻ തുനിഞ്ഞ അച്ഛനോട് അയാൾ പറഞ്ഞു

ഫാദർ എനിക്ക് എന്റെ സ്വന്തം അമ്മയെ അവസാന കാലത്ത് കൂട്ടിരിക്കാനോ ശുശ്രൂഷിക്കാനോ കഴിഞ്ഞില്ല പകരം കർത്താവായി കൊണ്ടുതന്നതാ ഈ അമ്മയെ അവസാനം വരെ ഞാൻ നോക്കികൊള്ളാം. അവരെ ചേർത്തു പിടിച്ചു അയാൾ തന്റെ വാടക വീട്ടിലേക്ക് നടക്കാൻ തുടങ്ങി.

 

ഇനി ഒരു പക്ഷേ നാളെ അയാളും ആ അമ്മയുടെ മകനെ തേടി അലഞ്ഞേക്കാം 

കാരണം ആ അമ്മ അബദ്ധത്തിൽ അയാളുടെ കൈ വിട്ടു പോയതാണെങ്കിൽ അമ്മയെ തേടി അലയുന്ന ആ മകന്റെ ജീവിതം തിരിച്ചു കൊടുക്കാൻ.

അല്ലെങ്കിൽ ഇനി ഈ അമ്മയെ മറ്റാർക്കും താൻ വിട്ടു കൊടുക്കേണ്ടി വരില്ല എന്ന് ഉറപ്പിക്കാൻ......

 

അപ്പോഴും ആ അമ്മ അതൊന്നും അറിയാതെ ‘‘എന്റെ മോൻ  വരും എന്നെ കൂട്ടി കൊണ്ടുപോകും’’ എന്നു മന്ത്രിച്ചുകൊണ്ടിരുന്നു...

 

English Summary: Writers Blog - Ente mon varum, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com