ADVERTISEMENT

മിലി (കഥ)

രണ്ടു ദിവസമായിട്ടു അമ്മു മോളെ കാണുന്നില്ലല്ലോ. എവിടെ പോയോ എന്തോ. പക്ഷേ മോളുടെ അമ്മയും അച്ഛനും അച്ഛമ്മയും ഒക്കെ വീട്ടിൽ ഉണ്ട്. അവർ ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും ധൃതിയിൽ പോകുകയും വരികയും ഒക്കെ ആണ്. വേറെ പലരും വരികയും പോവുകയും ഒക്കെ ചെയ്യുന്നുണ്ട്. സാദാരണ അമ്മുമോൾ വീട്ടിൽ ഉണ്ടാവാത്ത സമയത്ത് അമ്മുമോളുടെ അമ്മയും ഉണ്ടാവാറില്ല. പക്ഷേ ഇപ്പൊ അവരും വീട്ടിൽ ഉണ്ട്. എന്തോ സംഭവിച്ചിട്ടുണ്ട്. എല്ലാവരും വളരെ വിഷമത്തിൽ ആണ്. അല്ലെങ്കിൽ സുധിയേട്ടൻ രാവിലെയും വൈകുന്നേരവും ഒക്കെ വന്നു തന്റെ പുറത്തും കഴുത്തിലും ഒക്കെ തലോടി പുന്നാരം പറയാറുള്ളതാണ്. 

 

ഇപ്പൊ താൻ ഇവിടെ ഉണ്ടെന്നുള്ള ഭാവം കൂടെ കാണിക്കുന്നില്ല.

അമ്മുമോൾ ഉണ്ടെങ്കിൽ രാവിലെ മുതലേ തന്റെ പിറകിൽ ആയിരിക്കും. അവൾക്ക് പാലുകുടിക്കാനും ചോറ് ഉണ്ണാനും എന്തിനു രാത്രി ഉറങ്ങാനും വരെ താൻ അടുത്തു വേണം. തനിക്കും അങ്ങിനെ തന്നെ അവളെ കാണാതെ ഒരു ദിവസം തള്ളിനീക്കാൻ വലിയ പാടാണ്. അവളെയും കൊണ്ടു അഞ്ജുചേച്ചി അവരുടെ വീട്ടിൽ പോയാൽ തിരിച്ചു വരുന്നത് വരെ ഒരു സമാധാനവും ഇല്ല. അവരുടെ കാറ് വരുന്നുണ്ടോ എന്നറിയാൻ ഗെയിറ്റിലേക്ക് നോക്കി ഇരുന്നു സമയം തള്ളി നീക്കും.

സാധാരണ സുമ ചേച്ചിയും ഭർത്താവും വരുന്ന സമയത്തു മാത്രമേ തന്നെ കൂട്ടിൽ പൂട്ടി ഇടാറുള്ളൂ. 

 

സുമചേച്ചിയുടെ ഭർത്താവിന് പട്ടികൾ അലർജി ആണത്രെ. അതുകൊണ്ടു മൂപ്പർ വീട്ടിലുള്ള ദിവസങ്ങളിൽ തനിക്കു കാരാഗ്രഹവാസം ആണ് പതിവ്. മിനിങ്ങാന്ന് വൈകുന്നേരം അവർ വീട്ടിൽ വന്ന ദിവസം തന്നെ കൂട്ടിൽ അടച്ചതാണ്. അതിനു ശേഷം കൂട്ടിൽ രണ്ടു മൂന്നു പ്രാവശ്യം ചോറു കൊണ്ടുവന്നു തന്നത് ജോലിക്കാരി മീന ആണ്. അതും പതിവില്ലാത്തതാണ്. സുധിയേട്ടന്റെ അമ്മയോ അഞ്ജു ചേച്ചിയോ അല്ലെങ്കിൽ സുധിയേട്ടനോ ഒക്കെ ആണ് ചോറു തരാറ്. 

 

സുധിയേട്ടന്റെ അച്ഛൻ മരിക്കുന്നത് വരെയും രാത്രി അദ്ദേഹം ആയിരുന്നു തനിക്ക് ചോറു തന്നിരുന്നത്. ചോറു കൊണ്ടുവന്നു തന്നാൽ താൻ അതു കഴിച്ചു കഴിയുന്നത് വരെ അടുത്തിരുന്നു വർത്തമാനം പറഞ്ഞു കൊണ്ടേ ഇരിക്കും. അവസാനം താൻ പാത്രം നക്കി തുടച്ചു വെക്കുമ്പോൾ കുടിക്കാനുള്ള വെള്ളവും ഒഴിച്ചു തന്നെ പോകു.

 

ഇപ്പോഴും നല്ല ഓർമ്മ ഉണ്ട് അമ്മുകുട്ടിയുടെ അമ്മ അവളെ പ്രസവിച്ച ശേഷം വീട്ടിൽ വന്ന സമയത്ത് അവൾ എല്ലായിപ്പോഴും അദ്ദേഹത്തിന്റെ കയ്യിൽ തന്നെ ആയിരുന്നു. അവളെയും എടുത്തു അദ്ദേഹം പുറത്തോട്ടിറങ്ങുമ്പോൾ താനും പിറകെ കൂടും. അങ്ങിനെ അവൾ മുട്ടു കുത്തി നടക്കാൻ തുടങ്ങിയ സമയം മുതലേ തന്റെ പിറകെ ഓടുമായിരുന്നു. തന്റെ ചെവിയിൽ പിടിച്ചു കൊണ്ട് കൂടെ ആണ് അവൾ പിച്ചവെച്ചു നടക്കാൻ തുടങ്ങിയത്. കുറച്ചു കൂടെ വലുതായപ്പോൾ തന്റെ പുറത്തു കയറി ആന കളിക്കുന്നത് അവളുടെ ദിനചര്യ ആയിരുന്നു. അവളെ പുറത്തു കയറ്റി നടക്കുന്നത് തനിക്കും വലിയ സന്തോഷം ആയിരുന്നു. അമ്മ അച്ഛൻ എന്നൊക്കെ വിളിക്കാൻ തുടങ്ങുന്നതിനു മുന്നെ തന്നെ അവൾ എന്നോട് സംസാരിക്കാൻ തുടങ്ങിയിരുന്നു. താൻ അവളോടും. തങ്ങൾ വർത്തമാനം തുടങ്ങിയാൽ ആ വീടു മുഴുവൻ നിശബ്ദമായി തങ്ങളെ ശ്രദ്ദിക്കുമായിരുന്നു.

 

സ്നേഹത്തിന്റെ ഭാഷ എന്നു അതിനെ ആദ്യം വിളിച്ചതു സുധിയേട്ടന്റെ അമ്മ ആയിരുന്നു. മുത്തശ്ശനെ കണ്ടിട്ടല്ലേ പേരക്കുട്ടി പഠിക്കുന്നത് എന്ന് അഞ്ജു ചേച്ചി കളിയാക്കുമ്പോൾ ഞാൻ ഒന്നും അല്ല നിന്റെ കെട്ടിയവൻ തന്നെ ആണ് ആദ്യം അവളോട്‌ സംസാരിക്കാൻ തുടങ്ങിയത് എന്ന് അദ്ദേഹം തിരിച്ചടിക്കുമായിരുന്നു. അങ്ങനെ ഒരു ദിവസം രാത്രി തനിക്ക് ചോറു തന്നു വീട്ടിലേക്ക് കയറിപ്പോയ അച്ഛനെ പിന്നെ താൻ കണ്ടിട്ടേ ഇല്ല. പിന്നീട് കുറെ ദിവസം വീട്ടിൽ നിറയെ ആൾക്കാർ ആയിരുന്നു. അതുപോലെ തന്നെ ഇപ്പോഴും കുറെ ആൾക്കാർ ഉണ്ട് വീട്ടിൽ.

 

എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട്. പൊലീസ് ജീപ്പ് ഒന്നു രണ്ടു പ്രാവശ്യം വീട്ടിൽ വന്നു പോകുന്നതു കണ്ടു. പൊലീസുകാർ വീടിനു ചുറ്റും നടന്നു നോക്കുന്നതും കണ്ടു. അതിനു ശേഷം ഒരു ജീപ്പിൽ പൊലീസുകാർ തന്റെ കൂട്ടത്തിൽ പെട്ട ഒരാളുമായി വന്നു. അതും വീടിനു ചുറ്റും നടന്നതിന് ശേഷം പിറക് വശത്തോട്ടു പോകുന്നത് കണ്ടു. അന്നത്തെ ദിവസവും അങ്ങിനെ കഴിഞ്ഞു പോയി. പിറ്റേന്ന് രാവിലെ സുമ ചേച്ചി ആണ് തന്റെ കൂടുവരെ വന്നു നോക്കി അയ്യോ മിലിയെ ഇതുവരെ കൂട്ടിൽ നിന്നും വിട്ടില്ലേ അവൾ കൂടു ആകെ വൃത്തികേടാക്കി ഇട്ടിരിക്കുകയാണല്ലോ എന്നും പറഞ്ഞു കൂടു തുറന്നത്. 

 

കൂടു തുറന്ന ഉടനെ പുറത്തിറങ്ങി അമ്മുമോൾ എവിടെ എന്നു നോക്കാൻ തുടങ്ങി.സുധിയെട്ടന്റെ അടുത്തും അമ്മയുടെ അടുത്തും നോക്കി അവിടെ ഒന്നും കാണുന്നില്ല. പുറക് വശത്തു പോയി അമ്മുമോളുടെ റൂമിലേക്ക് ജനലിൽ മുൻകാലുകൾ എടുത്തുവെച്ചു എത്തി നോക്കി. സാധാരണ അമ്മു ഉറങ്ങുന്ന സമയത്തു താൻ വന്നു അങ്ങിനെ നോക്കാറുണ്ട്. ഇപ്പൊ അവിടെ അഞ്ജുചേച്ചി കിടക്കുന്നുണ്ട് കരയുക ആണല്ലോ. തന്നെ കണ്ടു കരഞ്ഞുകൊണ്ട് ജനലിനു അടുത്തേക്ക് വന്നു. ‘‘മിലി അമ്മു മോളെ കാണുന്നില്ലെടി’’ എന്നു പറഞ്ഞപ്പോഴേക്കും അവർ ഉച്ചത്തിൽ കരഞ്ഞു പോയി.

 

അവിടെ അൽപസമയം വാലാട്ടി നിന്നതിനു ശേഷം വീടിനു ചുറ്റും നടക്കാൻ തുടങ്ങി. പലസ്ഥലത്തും അമ്മുമോളുടെ മണം കിട്ടുന്നുണ്ട്. പറമ്പിൽ എവിടെയെങ്കിലും കളിക്കാൻ പോയിട്ടുണ്ടാവുമോ. ഏതായാലും മണം പിടിച്ചു വീടിനു ചുറ്റും മൂന്നു നാലു പ്രാവശ്യം ഓടി. പിറക് വശത്തോടെ പുറത്തോട്ടുള്ള വഴിക്ക് മോളുടെ മണം കിട്ടുന്നുണ്ട് നിറയെ വെള്ളം ഒഴുകുന്ന തോട് വരെ. ഈശ്വര മോൾ ഈ വെള്ളത്തിൽ വീണിട്ടുണ്ടാകുമോ. മിലി വീണ്ടും ഒന്നു രണ്ടു പ്രാവശ്യം തൊടുവരെ പോയി മടങ്ങി വന്നു. പക്ഷേ വഴിയുടെ പകുതി വരെയേ മോളുടെ മണം കിട്ടുന്നുള്ളൂ. തോടിൽ വീഴണമെങ്കിൽ തോടിന്റെ അരികുവരെ വരണ്ടേതല്ലേ. പക്ഷേ അവിടെ മോളുടെ മണം അവസാനം കിട്ടിയ സ്ഥലത്ത് പുതിയ ഒരു മണം കൂടെ കിട്ടുന്നുണ്ട്. ആ മണം പിടിച്ചു മുന്നോട്ടു പോയി. തോടിനു കുറുകെ ഉള്ള പാലം കടന്നു ആ മണം മുന്നോട്ടു പോവുക ആണ് പോയി പോയി ആളൊഴിഞ്ഞ ഒരു പറമ്പിൽ കയറി അല്പം ഉള്ളിലേക്ക് കയറിയ മിലിക്ക് അവിടെ പുല്ലു നിറഞ്ഞ നിലത്ത് അമ്മുമോളുടെയും മണം  കിട്ടി. 

 

പക്ഷേ അമ്മുമോളുടെ മണം വീണ്ടും അവിടെ അവസാനിക്കുക ആയിരുന്നു. മറ്റേ മണം പിന്തുടർന്ന് മുന്നോട്ടു പോയ മിലി പാടവരമ്പുകൾ കടന്ന് തോടിന്റെ കരയിൽ മണൽ നിറഞ്ഞു കിടക്കുന്ന പറമ്പിൽ എത്തി. ഇവിടെ വീണ്ടും മോളുടെ മണം കിട്ടാൻ തുടങ്ങിയിരിക്കുന്നു. ഉണ്ട് ഇവിടെ മോളുണ്ട്. മണ്ണിനു കീഴിൽ മോളുണ്ട്. മിലി തന്റെ കൈകൾ കൊണ്ടു മണ്ണ് നീക്കാൻ നോക്കി. മോളുടെ മണം കൂടുതൽ കിട്ടികൊണ്ടിരിക്കുന്നു. പക്ഷേ എത്ര നീക്കിയിട്ടും മണ്ണ് തീരുന്നില്ല. മിലി തിരിച്ചു ഓടി വീട്ടിൽ എത്തി. സുധിയേട്ടൻ എങ്ങോട്ടോ പോകാനായി പുറത്തേക്ക് ഇറങ്ങുക ആയിരുന്നു. മിലി പതിവില്ലാതെ മുന്നിൽ വന്നു കുരക്കുന്നത് കണ്ട സുധിക്ക് അത്ഭുദം തോന്നി. അവൾ വീണ്ടും കുരച്ചു കൊണ്ടു അവന്റെ പാന്റിൽ കടിച്ചു വലിച്ചു .കളിക്കാനൊന്നും സമയം ഇല്ല മിലി എന്നു പറഞ്ഞു കാറിൽ കയറാൻ തുടങ്ങിയ സുധിയുടെ പാന്റിൽ കടിച്ചു വീണ്ടും മുന്നോട്ടു വലിച്ചു. 

 

മിലിയുടെ അസാധാരണ പെരുമാറ്റത്തിൽ പകച്ച സുധിയോട് സുമ പറഞ്ഞു അവൾ ഏട്ടനെ എങ്ങോട്ടോ വിളിക്കുക ആണെന്ന് തോന്നുന്നു. വീണ്ടും പാന്റിൽ കടിച്ചു മുന്നോട്ടു നടന്ന മിലിയെ പൂന്തുടർന്നു സുധിയും നടന്നു. അമ്മുമോളുടെ മണം കിട്ടിയ സ്ഥലം വരെ അവളുടെ ഓട്ടം തുടർന്നു. പിറകെ വന്ന സുധി മിലി കൈകൊണ്ടു മണ്ണ് മാന്തി നീക്കുന്ന സ്ഥലത്ത് എത്തി അമ്മുക്കുട്ടി എന്ന അലർച്ചയോടെ തളർന്നു വീണു. 

 

പിറകെ ആരൊക്കെയോ ഓടിവരുന്നുണ്ടായിരുന്നു. അപ്പോഴേക്കും ആർത്തലച്ചു മഴയും പെയ്തു. അപ്പോഴും മണ്ണ് മാന്തികൊണ്ടിരുന്ന മിലിയെ സുധി കരച്ചിലിനിടയിലും പിടിച്ചു മാറ്റി. പിന്നീട് പൊലീസുകാർ ഒക്കെ വന്നു മണ്ണ് നീക്കി മോളെ പുറത്തെടുത്തു. പക്ഷേ പുറത്തു വന്നിട്ടും മോള് തന്നെ നോക്കുന്നില്ലല്ലോ മിലിക്ക് സങ്കടം തോന്നി. അവൾ തങ്ങൾ സംസാരിക്കുന്ന ഭാഷയിൽ അവളെ പലവട്ടം വിളിച്ചു നോക്കി. പക്ഷേ അപ്പോഴേക്കും പൊലീസുകാർ അവളെ ഒരു വണ്ടിയിൽ കയറ്റി അവിടെ നിന്നും പോയിരുന്നു. ആർത്തലച്ചു പെയ്യുന്ന മഴയിൽ അവിടെ ഒക്കെ വെള്ളം കുത്തി ഒഴുകാൻ തുടങ്ങിയിരുന്നു അപ്പോഴേക്കും.

 

പിന്നീട് അമ്മുമോളെ കണ്ടതെ ഇല്ല. വീട്ടിൽ എല്ലാവരും കരച്ചിൽ തന്നെ ആയിരുന്നു കുറെ ദിവസം. അതിനിടയിൽ ആരെങ്കിലും തനിക്കുള്ള ഭക്ഷണം പാത്രത്തിൽ കൊണ്ടു വെക്കും. മിലിക്ക് വിശപ്പെ തോന്നിയില്ല. പിന്നീട് വീട്ടിൽ ആളുകൾ ഒഴിയാൻ തുടങ്ങി. അഞ്ജുചേച്ചിയും അമ്മയും ഒക്കെ പുറത്തിറങ്ങാൻ തുടങ്ങി. തന്റെ കൂടിനടുത്തു വന്ന അഞ്ജുചേച്ചി പൊട്ടിക്കരഞ്ഞു കൊണ്ടു പറഞ്ഞു നിന്നെ കൂട്ടിലിടച്ചത് കൊണ്ടാ മിലി നമ്മുടെ അമ്മുമോൾ പോയത്. അല്ലെങ്കിൽ നീ കാണാതെ അവൾ പുറത്തു പോകില്ലയിരുന്നു. എന്നും പറഞ്ഞ് അവർ കൂടു തുറന്നു. ഇനി നിന്നെ പൂട്ടി ഇടുകയെ ഇല്ല എന്നും പറഞ്ഞു കൊണ്ട്. 

 

അന്ന് രാത്രി സുധിയേട്ടൻ കുളത്തിന്റെ പടവിൽ പോയി ഇരിക്കുന്നത് കണ്ട മിലി അടുത്തു പൊയി ഇരുന്നു. അവൾക്കറിയാം വിഷമം വരുമ്പോൾ സുധിയേട്ടൻ ഒറ്റക്ക് കുളത്തിന്റെ പടവുകളിൽ പോയിരുന്നു ആരും കാണാതെ കരായറുണ്ട് എന്നു. അവൾ പിറകെ പോയി അടുത്തു ചേർന്നിരുന്നു. കരയല്ലേ സുധിയേട്ടാ ഞാൻ കൂടെ ഇല്ലേ എന്ന ഭാവത്തിൽ.

 

താൻ ഈ വീട്ടിലേക്ക് വന്ന ദിവസം അവൾ ഓർത്തു. ആരോ ഒരു ചാക്കിൽ കെട്ടി പാടത്ത് ഇട്ടു പോയത് ആയിരുന്നു അവളെയും മൂന്ന് സഹോദരന്മാരെയും. കണ്ണു മിഴിഞ്ഞിട്ടും കൂടി ഉണ്ടായിരുന്നില്ല അപ്പോൾ. ആൺകുട്ടികളെ ആരൊക്കെയോ കൊണ്ടു പോയി. താൻ മാത്രം ബാക്കി ആയി. വിശപ്പ് കഠിനമായ വിശപ്പ് മാത്രം. അതിനിടക്ക് ശരീരം മുഴുവൻ ഉറുമ്പ് കയറി കടിക്കാൻ തുടങ്ങി. ദീന രോദനം കേട്ട് ആരോ വന്നു എടുത്തു നോക്കി. വേണ്ട സുധി പട്ടിക്കുട്ടി ആണ്. അതും നാടൻ എന്ന് ആരൊക്കെയോ വിലക്കുന്നത് കേട്ടു. സാരമില്ല പാവം എന്നു പറഞ്ഞു വീട്ടിൽ കൊണ്ടുവന്നു. 

 

ശരീരം മുഴുവൻ കഴുകി. പാൽ ഒരു പാത്രത്തിൽ വെച്ചു തന്നു. അതു തനിക്ക് നക്കി കുടിക്കാൻ കഴിയില്ല എന്നു മനസിലായപ്പോൾ ഫീഡിങ് ബോട്ടിലിൽ പാല് നിറച്ചു കുടിപ്പിച്ചു. അന്ന് മുതൽ ഈ വീട്ടിലെ ഒരു അംഗം ആയി മാറി താനും. കോളേജിൽ പഠിക്കുന്ന സുധിയേട്ടനും സ്കൂളിൽ പഠിക്കുന്ന സുമചേച്ചിയും തന്റെ കൂടെ കളിക്കാൻ സമയം കണ്ടെത്തിയിരുന്നു.പിന്നെ ദേവിക ചേച്ചിയും. ദേവിക ചേച്ചിയെ ഓർത്താൽ ഇപ്പോഴും സങ്കടം വരും. സുധിയേട്ടന്റെ അമ്മാവന്റെ മകൾ ആയിരുന്നു ദേവിക ചേച്ചി. അവരുടെ പ്രണയത്തിന്റെ മൂക സാക്ഷി ആയിരുന്നു താൻ. അവർക്ക് പരസ്പരം എത്ര ഇഷ്ടമായിരുന്നു എന്നോ. 

 

പക്ഷേ ഒരു ദിവസം സുധിയെട്ടന്റെ ബൈക്കിൽ കയറി പോയ ദേവിക ചേച്ചിയെ പിന്നീട്‌ കണ്ടിട്ടേ ഇല്ല. കുറെ ദിവസത്തിന് ശേഷം വന്ന സുധിയേട്ടൻ  വീട്ടിൽ കിടപ്പിൽ ആയിരുന്നു കാലിലും തലയിലും ഒക്കെ കെട്ടുകളും ആയി. ആയിടക്കു ഒരു ദിവസം രാത്രി ചോറു തന്നു സംസാരിക്കുന്നതിനിടയിൽ സുധിയേട്ടന്റെ അച്ഛൻ പറഞ്ഞിരുന്നു മിലി സുധി പുറത്തൊട്ടിറങ്ങുമ്പോൾ നീയും കൂടെ ഉണ്ടാവണം. പാവം എന്റെ മോൻ ഏതു നേരവും വിഷമിച്ചു ഇരിക്കുക ആണ് എന്ന്. ശരിയായിരുന്നു മിക്കവാറും സമയം സുധിയേട്ടൻ കുളത്തിന്റെ പടവുകളിൽ ഇരുന്ന് കരയാറുണ്ടായിരുന്നു അപ്പോഴൊക്കെ താൻ കൂടെ ഇതേ പോലെ വന്നിരിക്കും.

 

അച്ഛനും അമ്മയും ഇടക്കിടക്ക് പറയാറുണ്ടായിരുന്നു മിലി വീട്ടിലെ ഒരാളാണ്. അല്ല ശരിക്കും പറഞ്ഞാൽ ഞങ്ങളുടെ മകളെ പോലെ തന്നെ ആണെന്ന്. പിന്നീട് രണ്ടു മൂന്നു കൊല്ലം കഴിഞ്ഞിട്ടാണ് അഞ്ജുചേച്ചി വന്നത്. അതിനു മുൻപേ സുമ ചേച്ചി വീട്ടിൽ നിന്നും പോയിരുന്നു. പിന്നീട് വല്ലപ്പോഴും മാത്രമേ വീട്ടിൽ വരാറുള്ളൂ. അഞ്ജുചേച്ചി വന്നത് മുതൽ വീണ്ടും വീട് ഉണരുക ആയിരുന്നു. പിന്നീട് അധികം വൈകാതെ അമ്മു മോളും വന്നു.

 

അടുത്ത് ഇരിക്കുന്ന തന്റെ തലയിൽ തലോടിക്കൊണ്ടു സുധിയേട്ടൻ പറഞ്ഞു. നമ്മുടെ അമ്മു മോളു പോയി മിലി. എന്നാലും ആരായിരിക്കും അവളെ ഇത്ര ക്രൂരമായി കൊന്നത്. മൂന്നു വയസ്സ് മാത്രം പ്രായമുള്ള എന്റെ മോളെ ക്രൂരമായി പീഡിപ്പിച്ചു കൊന്ന ക്രൂരമൃഗം ആരാണെന്ന് അറിയാൻ കാത്തിരിക്കുക ആണ് ഞാൻ. ആളെ അറിഞ്ഞാൽ  അവനെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല മിലി. പാവം അഞ്ജുവിനെയും അമ്മയെയും ഓർത്താണ് എനിക്ക് വിഷമം. അവൻ പറയുന്നത് ഒക്കെ മനസ്സിലായി എന്ന ഭാവത്തിൽ അവൾ അയാളുടെ കയ്യിൽ നക്കി കൊണ്ടിരുന്നു സ്നേഹത്തോടെ..

 

കുറച്ചു ദിവസങ്ങൾക്കു ശേഷം ഒരു രാത്രി വീട്ടിൽ കയറിയ ഒരു പൂച്ചയുടെ പിറകെ ഓടി പുറത്തെത്തിയ മിലി പെട്ടന്ന് കാറ്റിൽ വന്ന മണം ശ്രദ്ധിച്ചു മുന്നോട്ടു നടന്നു. അന്ന് അമ്മുമോളുടെ കൂടെ കിട്ടിയ മണം. അവൾ സുഷ്മതയോടെ ഓരോ അടിയും മുന്നോട്ടു വെച്ചു. അവിടെ തോട്ടുവരമ്പിലൂടെ ഒരാൾ മുന്നോട്ടു പോകുന്നു. അതു നരേന്ദ്രൻ മാഷല്ലേ. അടുത്തുള്ള എൽ പി സ്കൂളിലെ മാഷ്. ഇടക്ക് ഒരു തവണ വീട്ടിലും വന്നിട്ടുണ്ട്. തന്നെ കണ്ടതോടെ അയാൾ നടത്തത്തിന്റെ വേഗത കൂട്ടിയല്ലോ. ഏതായാലും കൂടെ പോയി നോക്കുക തന്നെ. അയാൾ നിലത്തു നിന്ന് കല്ലുകൾ എടുത്തു തന്നെ എന്തിനാണ് എറിയുന്നത്. അതാ അയാൾ ഓടാൻ തുടങ്ങുന്നു. മിലിയും പിറകെ ഓടി. ഇയാൾ എന്തിനാണ് തന്നെ ഇങ്ങനെ ഭയപ്പെടുന്നത്. സുധിയേട്ടൻ ഇയാളെ കുറിച്ചായിരുന്നോ പറഞ്ഞത്‌. അടുത്തു എത്തിയ മിലി ഒരു മുരൾച്ചയോടെ അയാളുടെ കാലിൽ കടിച്ചു. അയാൾ മടിക്കുത്തിൽ നിന്നും ഒരു കത്തിയെടുത്തു അവളുടെ നേരേ വീശി. ഒഴിഞ്ഞുമാറിയ മിലി വീണ്ടും അയാളെ ആക്രമിച്ചു.

 

പെട്ടന്നുള്ള ആക്രമണത്തിൽ വേച്ചുപോയ അയാൾ അടിതെറ്റി നിലത്തു വീണു. പക്ഷേ കിടന്ന കിടപ്പിൽ തന്നെ അയാൾ കത്തി അവളുടെ ശരീരത്തിൽ ആഴത്തിൽ കുത്തിയിറക്കി.തന്റെ കണ്ണുകൾ ഇരുട്ടടക്കുന്നത് മിലി അറിഞ്ഞു. ഇയാളെ സുധിയേട്ടനു കാണിച്ചു കൊടുക്കുന്നതിനു മുൻപ് തന്റെ ജീവൻ പിടഞ്ഞു തീരും എന്നു അവൾക്കു തോന്നി. ഇതിനിടയിൽ തന്നെ തട്ടി നീക്കി എഴുന്നേറ്റിരുന്ന അയാളുടെ കഴുത്തു ലക്ഷ്യമാക്കി അവൾ അവസാനത്തെ ചാട്ടം ചാടി നോക്കി. തന്റെ ജീവന്റെ അവസാനത്തെ നിശ്വാസവും വിട്ടു പോകുന്നതിനു മുൻപ് തന്റെ ശത്രുവിന്റെ കഴുത്തിൽ നിന്നും ജീവന്റെ അവസാന തുടിപ്പും ചീറ്റിയൊഴുകിയ ചോരയുടെ കൂടെ അവസാനിക്കുന്നത് അവൾ ഉറപ്പു വരുത്തി...

 

English Summary: Writers Blog - Mili, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com