ADVERTISEMENT

സ്വപ്ന കാഴ്ചകൾ (കഥ)

ഇന്നും ഒരുപാട് ജോലി ഉണ്ടായിരുന്നു. ശരീരത്തിനാകെ ഒരു തളര്‍ച്ച പോലെ. പ്രിയങ്ക കൂടുതൽ ആധിപത്യം സ്ഥാപിക്കുന്നതായി ഒരു തോന്നൽ... ഭക്ഷണം വിളമ്പുമ്പോഴും വിവേകിനെ നോക്കി. എന്നെ കണ്ടില്ലെന്ന് തോന്നുന്നു. അതോ കാണാത്തതായി നടിച്ചതോ. അറിയില്ല... വിവേകിന്റെ ഒരു നോട്ടം മാത്രം മതിയായിരുന്നു ഒരാശ്വാസത്തിന്... തനിച്ചല്ല എന്ന് തോന്നാൻ... അതും ഉണ്ടായില്ല. പേരെടുത്തു വിളിക്കാറില്ല. അഞ്ച് വയസ്സോളം മൂത്തതാണ്. ഏട്ടാ... എന്നും വിളിച്ചിട്ടില്ല. താലി നല്‍കിയ സ്ഥാനം മുറുകെ പിടിച്ച് ഒരഭയാര്‍ത്ഥിയെ പോലെ ഈ സര്‍ക്കസ് കൂടാരത്തിൽ കഴിയുമ്പോൾ എന്ത് അവകാശത്തിലാണ് ഞാൻ അദ്ദേഹത്തെ വിളിക്കേണ്ടത്? സ്ഥാനമാനങ്ങളെല്ലാം വിവേക് എന്നോ മറന്നിരിക്കുന്നു. 

 

കണ്ണുകൾ പാതി അടഞ്ഞു തുടങ്ങിയിരുന്നു. എഴുതികൊണ്ടിരുന്ന ഡയറി അടച്ചു വെച്ച് അവൾ ഉറങ്ങാൻ കിടന്നു. ഉറക്കത്തിൽ കാണുന്ന സ്വപ്നങ്ങളെങ്കിലും സന്തോഷം പകരണേ എന്നവൾ പ്രാര്‍ത്ഥിച്ചു. 

 

കൂട് അടിച്ചു വാരാനാണ് ഉള്ളിലേക്ക് കയറിയത്. വാതിൽ അടഞ്ഞു പോയിരിക്കുന്നു. അതോ ആരോ അടച്ചതോ. കുറെ ശ്രമിച്ചെങ്കിലും തുറക്കാന് പറ്റിയില്ല. കുറെ വിളിച്ചു നോക്കിയെങ്കിലും ആരും വന്നില്ല പെട്ടെന്നാണ് ആരോ വന്നു കൂട് തുറന്നത്. പ്രിയങ്കയാണെന്ന് തോന്നുന്നു. പുറത്ത് കടക്കാൻ ശ്രമിച്ചു. കഴിഞ്ഞില്ല... ട്രയിനർ ഓടിച്ചു വിട്ട പുള്ളിപ്പുലി കൂട്ടിലേക്ക് പാഞ്ഞടുത്തു. ഒന്നുറക്കെ കരയാൻ പോലുമാകാതെ ശബ്ദം തൊണ്ടയിൽ കുടുങ്ങി. 

 

നാല് മണിയുടെ അലാറം നിര്‍ത്താതെ അടിച്ചു കൊണ്ടിരുന്നു. അവൾ കണ്ണുകൾ തുറന്നു ചുറ്റും നോക്കി. ഇല്ല.. പുള്ളിപ്പുലി ഇല്ല.... ടെന്റ് നിശബ്ദം.. ഇതും സ്വപ്നം... ഇപ്പോൾ പതിവായി കാണാറുള്ള സ്വപ്നങ്ങൾ എല്ലാം അവള്‍ക്ക് വേദന മാത്രമേ കൊടുക്കാറുള്ളൂ. അരുതാത്തത് എന്തോ സംഭവിക്കാൻ പോകുന്നു എന്ന് അവള്‍ക്ക് തോന്നി. അഴിഞ്ഞു കിടന്ന മുടി വാരി കെട്ടി അവൾ പതിവ് ജോലികളിലേക്ക് തിരിഞ്ഞു. 

 

പത്ത് മണി ആയപ്പോഴേക്കും അന്നത്തെ ഷോ തുടങ്ങിയിരുന്നു. അന്ന് നല്ല തിരക്കുള്ള ദിവസമായി അവള്‍ക്ക് തോന്നി. ആര്‍പ്പുവിളികളും കൂവലുകളും ഒച്ചത്തിൽ കേള്‍ക്കാമായിരുന്നു. പിന്നാമ്പുറത്തെ കര്‍ട്ടന്റെ ഇടയിലൂടെ അവൾ സ്റ്റേജിലേക്ക് നോക്കി. 

 

ആന കുട്ടിസൈക്കിൾ ഓടിക്കുകയാണ്. അത് കണ്ടാണ് ആളുകൾ പൊട്ടിച്ചിരിക്കുന്നതും കൂവുന്നതും. എത്ര വേദനിപ്പിച്ചാണ് അതിനെ കൊണ്ട് ഇതൊക്കെ പഠിപ്പിച്ചെടുത്തത് എന്ന് ഈ കാണാൻ വന്നവർക്ക് അറിയില്ലല്ലോ. പണം കൊടുത്ത് ഒരു ജീവിയുടെ വേദന കണ്ടു സന്തോഷിക്കുകയാണല്ലോ ഈ ജനക്കൂട്ടം എന്ന് അവള്‍ക്ക് തോന്നി. 

പുതുമയല്ലാ കാഴ്ചകളിൽ നിന്നും കണ്ണെടുത്ത് തിരിച്ച് നടക്കുമ്പോൾ പ്രിയങ്കയെ ആണ് മുന്നില് കണ്ടത്. കൈയിൽ ഉണ്ടായിരുന്ന വടി നീട്ടി പിടിച്ച് പ്രിയങ്ക അവളുടെ വഴിയില് തടസ്സം നിന്നു. പ്രിയങ്കയുടെ മുഖത്ത് നോക്കാതെ അവൾ തല കുനിച്ച് നിന്നു. പ്രിയങ്ക അവള്‍ക്ക് ചുറ്റും വലയം വെച്ചു കൊണ്ട് എന്തൊക്കെയൊ പറയാൻ തുടങ്ങി. 

 

‘‘ഇവിടുത്തെ മൃഗങ്ങളെ ഓരോ അഭ്യാസങ്ങൾ ട്രെയിൻ ചെയ്യിപ്പിക്കാൻ യൂസ് ചെയ്യുന്ന വടിയാ ഇത്.. ഇത് കൊണ്ട് മനുഷ്യൻമാരെയും ട്രെയിൻ ചെയ്യിക്കാം അല്ലേ മാസ്റ്റർ...’’

 

ഇതും പറഞ്ഞ് പ്രിയങ്ക അവളെ നോക്കി കളിയാക്കി ചിരിച്ചു. മാസ്റ്റർ ഉള്‍പ്പടെ അവിടെ ഉണ്ടായിരുന്നവരെല്ലാം ചിരിക്കുന്നുണ്ട്. 

 

ഒരിക്കൽ മോളേന്ന് വിളിച്ച് സ്നേഹം കൊണ്ട് പൊതിഞ്ഞവര്... അവളുടെ അച്ഛന്റെ കീഴിൽ ജോലി ചെയ്തിരുന്നവര്... ഇന്ന് ആ അച്ഛന്റെ മകളെ പരിഹസിക്കുന്നു. അവൾ കരച്ചിൽ അടക്കി പിടിച്ചു നില്‍ക്കാൻ ശ്രമിച്ചു. അപ്പോഴും അവളുടെ കണ്ണുകൾ ദയനീയമായി വിവേകിനെ ഒന്ന് നോക്കി. ആ ചിരിയിൽ പങ്കു ചേരുന്നുണ്ടായിരുന്നില്ല. അയാൾ എന്തോ എഴുതി കൂട്ടുകയായിരുന്നു. എന്തൊക്കെയോ കണക്കുകൾ ആയിരിക്കാം എന്ന് അവള്‍ക്ക് തോന്നി. സര്‍ക്കസ് കമ്പനിയുടെ അക്കൗണ്ട് സെക്ഷൻ കൈകാര്യം ചെയ്തിരുന്നത് വിവേക് ആയിരുന്നു. 

 

ഒന്നും മിണ്ടാതെ അവൾ അവിടെ നിന്നും പോയി. അപ്പോഴും പ്രിയങ്ക പറഞ്ഞത് അവളുടെ ചെവിയിൽ പ്രതിധ്വനിക്കുന്നുണ്ടായിരുന്നു. പുലര്‍ച്ചെ അവൾ കണ്ട സ്വപ്നത്തെ ഓര്‍മപ്പെടുത്തുന്ന പോലെ ആയിരുന്നു എല്ലാം. സ്വപ്നവും യാഥാർത്ഥ്യവും തമ്മിൽ അധികം ദൂരം ഉണ്ടായിരുന്നില്ല. 

 

വിവേക് ചിരിക്കാത്തതിൽ അവള്‍ക്ക് ഒരല്‍പ്പം ആശ്വാസം തോന്നി. എന്നാലും ഭാര്യയെ പരിഹസിക്കുമ്പോൾ അദ്ദേഹത്തിന് എങ്ങനെ നിശബ്ദനാവാൻ കഴിഞ്ഞു... ഇനി വിവേകിനും പ്രിയങ്കയെ പേടിയാണോ.... അവൾ ചിന്തിച്ചു. 

 

ആദ്യമായി പ്രിയങ്കയെ തനിക്കും ടെന്റിൽ ഉള്ളവര്‍ക്കും പരിചയപ്പെടുത്തി കൊടുത്തത് വിവേക് ആയിരുന്നു. അച്ഛന്റെ പാർട്നറുടെ മകള് ആണെന്ന് പറഞ്ഞാണ് പ്രിയങ്ക വന്നത്. സര്‍ക്കസ് കമ്പനിയുടെ പകുതി ഷെയർ പ്രിയങ്കയുടെ പേരിൽ ആണെന്നും അറിയിച്ചു. മരിക്കുംവരെ ഇങ്ങനൊരു പാർട്നറെ കുറിച്ച് അച്ഛൻ പറഞ്ഞിട്ടില്ല. 

സത്യത്തിൽ പ്രിയങ്കയ്ക്ക് ഒരവകാശവും ഇല്ലേ... അവള്‍ക്ക് സംശയം തോന്നി. പ്രിയങ്ക കാണിച്ച ഡോക്യുമെന്റ് പരിശോധിച്ചത് വിവേക് ആയിരുന്നു. പത്താം ക്ലാസില് പഠിപ്പ് നിർത്തി ആ സര്‍ക്കസ് കൂടാരത്തിൽ ഒതുങ്ങികൂടിയ അവള്‍ക്ക് അതേ കുറിച്ചൊന്നും അറിയില്ലായിരുന്നു. പിന്നീട് പ്രിയങ്ക ഇവിടെ സ്ഥിരം ആയി. കമ്പനി കാര്യങ്ങളിൽ ഇടപെട്ട് തുടങ്ങി. കമ്പനി നഷ്ടത്തിലാണ് എന്ന് പറഞ്ഞു... കടം ഉണ്ടായിരിക്കുന്നത്രെ... പ്രിയങ്ക ലക്ഷങ്ങൾ മുടക്കി... നഷ്ടങ്ങൾ പരിഹരിച്ചു. സര്‍ക്കസ് കമ്പനിയുടെ ഭൂരിഭാഗം ഷെയറും ഇന്ന് പ്രിയങ്കക്ക് അവകാശപ്പെട്ടത് ആണ്. 

 

ആദ്യം ചെറിയ കാര്യങ്ങളിൽ ജോലിക്കാരെ സഹായിച്ചു തുടങ്ങി. സഹായങ്ങൾ പതിയെ തന്റെ ജോലിയും ഉത്തരവാദിത്തവുമായി മാറി. പഴയ കമ്പനി ഉടമസ്ഥയുടെ മകള് ഇന്ന് വെറുമൊരു ജോലിക്കാരി മാത്രം. അധികാരങ്ങൾ ഇല്ല.... അവകാശങ്ങൾ ഇല്ല..... 

 

സത്യത്തിൽ കമ്പനി നഷ്ടത്തില് ആയിരുന്നോ? പ്രിയ പണം മുടക്കിയോ...? 

പഴയ ഓരോ കാര്യങ്ങൾ ആലോചിച്ചു നോക്കിയപ്പോൾ ഉത്തരമില്ലാത്തൊരു നൂറു ചോദ്യങ്ങൾ അവളുടെ മനസ്സിൽ മിന്നി മറഞ്ഞു. 

വിവേകിനെ കുറിച്ചും അവളിൽ സംശയങ്ങള് ഉണ്ടായി. വിവേക് പ്രിയങ്കയെ അനുസരിക്കുക മാത്രമാണോ... അതോ ഈ ചതിയിൽ അദേഹത്തിന് പങ്കുണ്ടോ... അറിയില്ല... 

 

എന്തോ വിവേകിനെ അവിശ്വസിക്കാൻ അവള്‍ക്ക് തോന്നിയില്ല. പതിനെട്ടാം വയസ്സിൽ കഴുത്തിൽ വീണ താലിയുടെ സ്വാധീനം കൊണ്ടാവാം അയാളെ അവിശ്വസിക്കാൻ അവള്‍ക്ക് കഴിയാത്തത്. അവളുടെ വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിലായിരുന്നു അച്ഛന്റെ മരണം. ആ മരണം സ്വാഭാവികമായിരുന്നോ എന്ന് പോലുമവൾ ചിന്തിച്ചു. പിന്നീടുള്ള പ്രിയങ്കയുടെ വരവും.. എല്ലാ മാറ്റങ്ങളും വളരെ പെട്ടെന്നായിരുന്നു. ഒരു വര്‍ഷത്തിനുള്ളിൽ ഉണ്ടായ മാറ്റങ്ങളൊന്നും ചെറുതായിരുന്നില്ല. അന്നേ ദിവസം പ്രിയങ്കയുടെ മുന്നിൽ പെടാതെ നടക്കാൻ ശ്രദ്ധിച്ചു. തന്റെ മനസ്സിലെ സംശയങ്ങൾ ഡയറിയില് കുറിച്ചിട്ട് അവൾ ഉറങ്ങാൻ കിടന്നു. 

 

കാർമേഘം മൂടിയ ആകാശം പതിയെ തെളിഞ്ഞു. ആകാശത്ത് നീല മഷി പടരാൻ തുടങ്ങി. ആ മഷി കടലിലും ഇറ്റിറ്റു വീണു. ആകാശത്ത് കറുത്ത കുത്തുകൾ പ്രത്യക്ഷപെട്ടു. അത് പറവകളായി മാറി. അവ ചിറകടിച്ചു പറന്നകന്നു. തിരയടിക്കുന്ന കടലിൽ അവ്യക്തമായി എന്തോ കാണുന്നു. അത് അടുക്കുന്തോറും വലുതായി കൊണ്ടിരുന്നു. അതേ... അക്കരെ നിന്ന് ഒരു രാജകുമാരൻ കപ്പലേറി വരികയാണ്. 

 

അന്ന് രാവിലെ ഉറക്കമുണർന്നപ്പോൾ അവൾ സന്തോഷവതിയായിരുന്നു. കാരണം ആ സ്വപ്നം തന്നെ. അതൊരു നല്ല സൂചനയായി അവള്‍ക്ക് തോന്നി. ഈ ദുരിതകയത്തിൽ നിന്നും തന്നെ രക്ഷിക്കാനാണ് ആ രാജകുമാരൻ വരുന്നതെന്ന് അവൾ സങ്കല്പിച്ചു. വീണ്ടും സ്വപ്നം ഓർത്തെടുക്കാൻ അവൾ ശ്രമിച്ചു. 

‘‘അതെ... ആ രാജകുമാരന് വിവേകിന്റെ മുഖമായിരുന്നു....’’ അവൾ മനസ്സിൽ പറഞ്ഞു. 

 

അന്ന് വളരെ ഉത്സാഹത്തോടെ അവൾ പുറത്തേക്ക് നടന്നു. ആ സ്വപ്നം അത്രമേൽ അവളെ സ്വാധീനിച്ചിരുന്നു. മുന്നോട്ട് ജീവിക്കാൻ എന്തൊക്കെയോ പ്രതീക്ഷകൾ കിട്ടിയ പോലെ അവള്‍ക്ക് തോന്നി. രാവിലെ ചായയുമായി അവൾ വിവേകിന്റെ അടുത്ത് ചെന്നു. ഒരു പുഞ്ചിരിയോടെയാണ് അയാൾ ചായ കപ്പ് വാങ്ങിയത്. താൻ ഇതുവരെ സ്വപ്നത്തില് നിന്ന് പുറത്ത് കടന്നില്ലേ... എന്ന് അവള്‍ക്ക് സംശയമായി. അവൾ കണ്ണ് തിരുമ്മി വീണ്ടും നോക്കി. അത് യാഥാര്‍ത്ഥ്യമായിരുന്നു. വിവേക് അവളെ നോക്കി തന്നെയാണ് നില്‍ക്കുന്നത്. 

 

‘‘നീ പോയി റെ‍ഡി ആയി വാ.... നമുക്ക് ഒന്ന് പുറത്ത് പോകാം.’’ വിവേക് അവളോട് പറഞ്ഞു. 

ഉള്ളതിൽ വെച്ച് ഏറ്റവും നല്ല സാരി അവൾ എടുത്തണിഞ്ഞു. കണ്ണുകളിൽ കൺമഷിയെഴുതി. ഒരു വര്‍ഷത്തിനു ശേഷം അന്നാണ് അവൾ ആ കൂടാരത്തിന് പുറത്തേക്ക് പോകുന്നത്. വിവേകിന്റെ ബൈക്കിന് പിന്നിലിരുന്ന് പോകുമ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു അവള്‍ക്ക്. 

 

ഒരു സര്‍ക്കാർ ഓഫീസിന് മുന്നിലാണ് വണ്ടി നിർത്തിയത്. അവർ ഓഫീസിലേക്ക് കയറി. അവിടെ പ്രിയങ്കയും ഉണ്ടായിരുന്നു. അവൾ ചോദ്യഭാവത്തിൽ വിവേകിനെ ഒന്ന് നോക്കി. 

 

‘‘കമ്പനി ആവശ്യത്തിന് കുറച്ച് പേപ്പർ സൈന് ചെയ്യാൻ ഉണ്ട്.’’

 

‘‘ഞാനോ... ഞാൻ എന്തിനാ ഒപ്പിടുന്നെ.. ഇതൊക്കെ എന്തിനാണ്...’’

 

‘‘ഞാൻ പറയാം... നമ്മൾ ഒരു എഗ്രിമെന്റ് എഴുതുകയാണ്. ഇനി മുതൽ നിനക്കും വിവേകിനും കമ്പനിയിൽ ഷെയർ ഉണ്ടാകും. ആരുടെ അവകാശങ്ങളും ഞാൻ തട്ടിയെടുക്കുന്നില്ല പ്രിയങ്കയായിരുന്നു അത് പറഞ്ഞത്. 

അവള്‍ക്ക് വിശ്വസിക്കാനായില്ല അവൾ വിവേകിനെ നോക്കി. എല്ലാ ശരിയാണെന്ന അര്‍ത്ഥത്തില്ൽ അയാൾ തലയാട്ടി. ഒപ്പിടാനും ആവശ്യപ്പെട്ടു. അവൾ എല്ലാം ഒപ്പിട്ട് കൊടുത്തു. 

 

തിരിച്ച് സര്‍ക്കസ് കൂടാരത്തിലേക്ക് വരുമ്പോൾ അവൾ തികച്ചും ആശ്വാസത്തിൽ ആയിരുന്നു. പഴയകാലം തിരിച്ച് വരികയാണ് എന്നവള്‍ക്ക് തോന്നി. താൻ കണ്ട സ്വപ്നം സത്യമാവുകയാണെന്ന് ചിന്തിച്ചു. 

 

അന്ന് രാത്രി ഭക്ഷണം വിളമ്പുമ്പോൾ വിവേക് അവളെ തന്നെ നോക്കുന്നുണ്ടായിരുന്നു. തന്നോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാന് അയാൾ ആവശ്യപ്പെട്ടു. മടിച്ച് നിന്ന അവളെ വിവേക് തന്റെ അടുത്ത് ഉണ്ടായിരുന്ന കസേരയില് പിടിച്ചിരുത്തി. തന്റെ കൈ കൊണ്ട് വിളമ്പി വിവേക് തന്നെ അവള്‍ക്ക് ഭക്ഷണം വാരി കൊടുത്തു. 

 

അത് കഴിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഇതുവരെ അന്യമായിരുന്ന വിവേകിന്റെ സ്നേഹം അവളെ ഒരുപാട് സന്തോഷിപ്പിച്ചു. 

ഭക്ഷണം കഴിച്ച ശേഷം വിവേക് അവളോട് കുറെ സംസാരിച്ചു. അത് അവള്‍ക്ക് ആദ്യത്തെ അനുഭവം ആയിരുന്നു. 

 

‘‘എനിക്ക് പരാതി ഇല്ല... അച്ഛന്റെ കമ്പനിയില് ജോലിയെടുക്കുന്നതിൽ എന്താ തെറ്റ്... പക്ഷേ ഞാൻ ഒറ്റപ്പെട്ടതുപോലെ തോന്നിയിരുന്നു. പോരാത്തതിന് കുറെ ദുസ്വപ്നങ്ങളും... സമാധാനത്തോടെ ഒന്നുറങ്ങിയിട്ട് എത്ര നാളായെന്നറിയോ? ഇപ്പൊ എനിക്ക് ആശ്വാസമായി... ഞാൻ ഒറ്റയ്ക്കല്ലല്ലോ... ഇന്നലെ ഞാൻ നല്ലൊരു സ്വപ്നം കണ്ടു. അതാ ഇന്നത്തെ ദിവസം എനിക്ക് സന്തോഷം കൊണ്ട് തന്നത്. ഇനിയുള്ള രാത്രികള് നല്ലതായിരിക്കും എന്ന് എന്റെ മനസ്സ് പറയുന്നു...’’

 

‘‘ശരിയാണ്... ഇനിയുള്ള രാത്രികള് നിനക്ക് നല്ലതായിരിക്കും. ദുസ്വപ്നങ്ങൾ ഇനി നിന്നെ അലട്ടില്ല..... നീയിനി സ്വപ്നങ്ങൾ കാണില്ല... എന്നന്നേക്കുമായി ഒരു സുഖനിദ്ര’’ 

English Summary: Writers Blog - Swapnakazhchakal, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com