ADVERTISEMENT

പൂതൻ കാവ് (കഥ)

 

‘‘മൂവന്തിക്ക് കാവ് കടക്കണ്ട കുട്ടിയേയ്...

പൂതൻ കുളിക്കണ നേരാണ്....

കണ്ടേച്ചാല് ആയുസ്സ് അറം ചൊല്ലും’’

 

പടി കടക്കണ നേരത്ത് നീലിത്തള്ള എറുമൻ ചെക്കനെ ഓർമ്മിപ്പിച്ചു...

 

എറുമൻ നിന്നില്ല... പോകാതെ വയ്യ, ആകെയൊള്ള പണിയാണ് രാത്രി തീവണ്ടിക്കു വിളക്ക് കാണിക്കല്... ആരും ഏതുമില്ലാത്ത സ്റ്റേഷനാണ് പോയില്ലേലും കുഴപ്പമില്ല പക്ഷേ അന്നം കിട്ടണ പണിയോടൊരു കൂറ് അത് കൊണ്ട് മുടക്കാൻ വയ്യ...

 

പഴങ്കുത്തരി കഞ്ഞിയും കാന്താരി പൊട്ടിച്ചതും കൊള്ളിപ്പുഴുക്കും കൂട്ടി വയറു നിറച്ചു... പഴയ കരിമ്പടം പൊതിഞ്ഞെടുത്തു... മുറുക്കാൻ കെട്ടെടുത് അരയിൽ തിരുകി

 

രാത്രി മൂക്കുമ്പോൾ തണുപ്പ് കേറും അസ്ഥിയിൽ ഇറങ്ങണ സൂചിത്തണുപ്പാണ്‌...

കണ്ണൊന്നു മയങ്ങിയാൽ വണ്ടി തെറ്റും... ഒരിക്കലും ഇറങ്ങാത്ത യാത്രക്കാർക്കായി വെളിച്ചം കൊണ്ട് സലാം കൊടുത്ത്

വെളുപ്പെത്തുമ്പോൾ എറുമൻ മടങ്ങും...

 

മാസത്തിൽ നാല് തവണയേ വണ്ടിയുള്ളു... അത് വന്നാലും വന്നില്ലെങ്കിലും

മാസക്കൂലി 10 അണ. കൈമേൽ കിട്ടും...

അത് കൊണ്ട് കല്ല് മുളപ്പിച്ച റേഷനും നീലിത്തള്ളക്കുള്ള കൊഴമ്പും ഒക്കെയായി കാര്യങ്ങൾ ഒപ്പിക്കും പിന്നെ റേഷൻ ലുബ്‌ദിച്ചും 

മുണ്ട് മുറുക്കി കെട്ടിയും എങ്ങനൊക്കെയോ എറുമൻ മാസം കഴിക്കും..

 

പക്ഷേ ഇന്ന് മറ്റ് ദിവസങ്ങൾ പോലെയല്ല വർഷത്തിലെ അമാവാസിയാണ്...

അതാണ് തള്ളക്ക് ഈ ആധി. ഇന്ന് അക്കരെ കാവിലെ ഉത്സവം നടക്കണ ദിവസമാണ്, രാത്രിക്കു രാത്രി കൂത്തും പാട്ടുമൊക്കെയുണ്ട്...

 

ഇന്നേ ദിവസം കാവിനു മുന്നിലൂടെ ചെറുമർക്ക് വഴിനടപ്പു പാടില്ല. കണ്ടാൽ തമ്പ്രാക്കന്മാര് തല്ലി പൊറം പൊളിക്കും... കാലം അങ്ങനെയും കുറെ വൈകൃതങ്ങൾ സൃഷ്ടിച്ചു വച്ചിട്ടുണ്ടല്ലോ...

 

അത് കൊണ്ട് വർഷത്തിൽ ഇന്നെക്കൊരു ദിവസം സ്റ്റേഷനിലേക്കുള്ള യാത്രയ്ക്ക് അക്കരക്കാവ് ഒഴിവാക്കി കിഴക്കേ പാടം കടന്ന് പൂതൻ കാവ് വഴിയെ നടക്കൂ... സ്റ്റേഷനിൽ പണി കിട്ടിയ ശേഷം എറുമൻ ആദ്യമായാണ് ഈ ദിവസം പോകുന്നതും

 

പൂതൻ കാവ് വഴി ആൾ സഞ്ചാരം പകല് തന്നെ നന്നേ കുറവാണ്...

അതിനൊരു കഥയുമുണ്ട് ...

 

‘‘ദേശക്കാര് മുറയും കുരുതിയും തെറ്റിച്ചപ്പോൾ അങ്ങേക്കാവിലെ ഭഗോതി തെറ്റിപ്പിരിഞ്ഞഅ ചുടല പൂണ്ട് വന്നിരുന്ന സ്ഥലാണിത്..

പിന്നീട് കൊറേ ഹോമവും കർമ്മവും കഴിച്ച് തെറ്റ് വച്ചു ദേശക്കാര് ഭഗോതിയെ തിരിച്ചു കൊണ്ടൊയെങ്കിലും ചുടല വേഷം ഇപ്പോഴും ബാക്കിയാണ് അത് പിന്നീട് പൂതൻ കാവായി മാറി... ഇപ്പോളും മൂവന്തി കഴിഞ്ഞാൽ 

കാവിൽ ചെമ്പട്ടിന്റെ തിളക്കവും ചിലമ്പിന്റെ മുഴക്കവും കേട്ടവരുണ്ട്...

ചുടല രാത്രിക്കുളിക്കു ഇറങ്ങണ നേരത്ത് വരമ്പ് മുറിച്ചു കടന്നവരുടെ തല പോയ കഥകൾ വേറെ...’’

 

അമാവാസി നാളിൽ ചുടലക്കു കോപം കൂടും... തടസ്സം മറഞ്ഞാൽ കുലം തന്നെ മുടിച്ചു കളയും എന്നാണ് ദേശവിശ്വാസം...

 

ഇതൊക്കെക്കൊണ്ട് നീലിത്തള്ളക്ക് പേരച്ചെറുക്കനെ ഈ വഴിക്ക് അയക്കാൻ ഉള്ള് കാളണ ഭയമാണ് അവനൊട്ടു പോകാറുമില്ലായിരുന്നു... പക്ഷേ ഇത്തവണ വെള്ളിടി വെട്ടിയ പോലെയാണ് കമ്പി വന്നത് 

 

പുതിയ സ്റ്റേഷൻ മാസ്റ്ററുടെ വരവോണ്ട്... കൂട്ടാൻ ചെല്ലണം എന്നും അറിയിച്ച്... ഒടുങ്ങാനേ കൊണ്ട് അതും അമാവാസിക്ക് തന്നെ....

 

പോയില്ലാച്ചാൽ പണി പോകും... പോകാതെ വയ്യ...

ഒടുവിൽ ജീവൻ പോയാലും വേണ്ടില്ല ഏറുമൻ പോകാനുറപ്പിച്ചു

 

‘‘ചുടല രക്തം കുടിക്കട്ടെ... പണി ഇല്ലാതെ പട്ടിണി കിടന്ന് മരിക്കണതിലും ഭേദം അതാണ്‌...’’

 

നീലത്തള്ള കരഞ്ഞു പറഞ്ഞു എറുമൻ ചെവി കേട്ടില്ല...

 

തള്ള അക്കരെക്കാവിൽ വിളക്കിന് നേർന്നു... ദേശപ്പറമ്പിലെ മായൻ ഒടിയനെ കണ്ട് ഉപ്പ് കല്ലും ചരടും ജപിച്ചു കെട്ടിക്കൊടുത്തു....

 

എന്നിട്ടും എറുമൻ പോകാനിറങ്ങിയപ്പോൾ ഉള്ള് കാളിത്തുടങ്ങി...

 

‘‘ഏന്റെ മകനെ കാക്കളെ കാളിമുത്തേ...

തെറ്റ് ചൊല്ലി മുറുക്കാൻ വച്ചോളം മുത്തിയേയ്..

ഏന്റെ ചെക്കനെ കാക്കളെ

ഏന്റെ ഒടുക്കത്തെ കുലമാണ് മുത്തേയ്

കാക്കളെ ദേവേയ് ’’

 

തള്ള തല തല്ലി കരച്ചിൽ തുടങ്ങി. 

 

എറുമൻ ഒന്നും കേട്ടില്ലെന്നു വരുത്തി ഇറങ്ങി നടന്നു. നിലാവ് മറഞ്ഞു രാത്രി കറുത്ത് കിടക്കുന്നു. മുണ്ടകൻ പാടത്തിന്റെ അതിരിൽ നിന്നെവിടുന്നോ പാതിരാ കോഴിയുടെ കൂവൽ കേൾക്കാം. കരിമ്പന മറവിൽ അണലി പഴുത്ത മണം. ചേറിൽ പുതയുന്ന ഇണപിരിച്ചിൽ ഗന്ധം...

 

പൂതൻ കാവ് അടുത്ത് തുടങ്ങി...

മെല്ലെ മെല്ലെ എറുമനിൽ എവിടെയോ ഭയത്തിന്റെ തണുപ്പ് അരിച്ചു തുടങ്ങി...

അതുവരെ പിടിച്ചു നിർത്തിയിരുന്ന ഭയം തലപൊക്കി തുടങ്ങി 

പാല പടർന്നു കയറിയ കാവൊരു കരിമ്പടം പോലെ മുന്നിൽ നിലകൊള്ളുന്നു..

 

അവൻ തല തിരിച്ചു നോക്കിയില്ല.. നോക്കാൻ ഭയമായിരുന്നു പക്ഷേ ആരോ അങ്ങോട്ട്‌ വലിച്ചടുപ്പിക്കുന്നുണ്ട്. കാലുകൾ കാവിലേക്കു വഴി തെളിക്കുന്ന പോലെ. ദേഹം വരമ്പിലേക്കു തിരിയുന്നില്ല. കണ്ണുകൾ വിറച്ചു തുടങ്ങി

ഏറുമൻ അറിയാതെ തന്നെ കാവ് കേറി തുടങ്ങി. വെപ്രാളത്തിൽ എപ്പോളോ കക്ഷത്തിലെ മുറുക്കാൻ കെട്ട് നിലത്തെവിടെയോ വീണു...

 

അശോകം പത്തി വിരിച്ച കാവിന്റെ ഉള്ളകവും മഞ്ഞൾ ഗന്ധവും എറുമനെ എതിരേറ്റു തുടങ്ങി...

 

ഇരുട്ട് മറച്ച കണ്ണിലും അവൻ മുന്നിലെ കാഴ്ച്ച കണ്ടു...

 

മുന്നിലേ പടിക്കെട്ടു തറയിൽ ഇരിക്കുന്ന എണ്ണ മിനുക്കുന്ന പെണ്ണിന്റെ പുറം...

ആകെ തിളങ്ങുന്ന മേനിയുടെ എണ്ണക്കറുപ്പ്. അഴിഞ്ഞു വീണ സർപ്പം പിണഞ്ഞ കേശഭാരം. വിരിഞ്ഞ അരക്കെട്ട്. അരയിൽ അരമണി. ചെമ്പട്ട് ചുറ്റിയിട്ടുണ്ട്...

 

ഏറുമന് വെള്ളമിറങ്ങുന്നില്ല. കാഴ്ച്ച കണ്ട് തരിച്ചു നിൽപ്പാണ്...

 

പെണ്ണ് തിരിഞ്ഞു എറുമനെ നോക്കി. കരിങ്കൂവളത്തിന് ദാസ്യം പറഞ്ഞ വിടർന്ന കണ്ണുകൾ അവനെ കൊത്തി വലിച്ചു. മാറിൽ ഉയർന്നമരുന്ന മുലക്കനം

അവനു ദാഹം കൊടുത്തു തുടങ്ങി...

 

എരുമന്റെ തൊണ്ട മുറിച്ച് ശബ്ദം എങ്ങനെയോ പുറത്ത് വന്നു...

 

‘‘ചുടല’’

 

രാത്രിയുടെ മൗനം ഭഞ്ജിച്ച് കടവാവലുകൾ എങ്ങൊക്കെയോ ചിതറിപ്പറന്നു...

 

ചുടലപ്പെണ്ണ് എറുമനെ വലിച്ചു മാറോടു ചേർത്തു...

മുറുക്കാൻ ചുവപ്പിച്ച കനത്ത ചുണ്ടുകൾ ഏറുമനിൽ പരതി തുടങ്ങി...

 

കാവ് തറയിലെ മഞ്ഞളും പഴുത്തിലയും ദേഹം പറ്റി ഞെരിഞ്ഞമർന്നുകൊണ്ടിരുന്നു...

 

ഒടുവിൽ മൂർച്ചയിൽ എവിടെയോ ചുടല അട്ടഹസിച്ചു പുലമ്പി...

 

‘‘മോക്ഷം....

ഏന്റെ മോക്ഷം...

ആഹ്.....ഹ്... ഹ്..’’

 

രാവണഞ്ഞു...

 

പിറ്റേന്ന് കിഴക്ക് വെള്ള കീറിത്തുടങ്ങി. വെളിച്ചം മടിച്ച് മടിച്ച് തലയെത്തി

നോക്കി തുടങ്ങുന്നുണ്ട്. രാവിലെ തന്നെ  കുടിക്ക് നേരെ കരഞ്ഞു കലങ്ങി ഓടി വരണ കരുമാണ്ടിപ്പറയനെ കണ്ടപ്പോൾ നീലി തള്ളക്കു ഉള്ള് പിടച്ചു തുടങ്ങി...

 

‘‘ദേവേയ്... ഏന്റെ ചെക്കൻ...’’

 

കരുമാണ്ടി നിന്ന് കിതച്ചു.. ഇടയ്ക്ക് എപ്പോഴോ ശബ്ദം പുറത്തേക്കു വന്നപ്പോൾ അവൻ പറഞ്ഞ് ഒപ്പിച്ചു...

 

‘‘ഓനെ ഓനെ... മ്മടെ എറുമനെ തല്ലിക്കൊന്ന്...’’

 

അക്കരെ കാവിലെ കോവിലിന് ഉള്ളിൽ കെടന്ന് ഒറങ്ങിയതിന് തബ്രാൻ തല്ലി തയ്ച്ച് കൊന്ന് തള്ളച്ചിയേയ്...

 

നീലിക്ക് ഒന്നും തിരിഞ്ഞില്ല... ചെക്കൻ പോയ തരിപ്പ് തള്ളയെ അടിമുടി തളർത്തിക്കളഞ്ഞു... പക്ഷേ ഉള്ളിൽ എവിടെയോ ഒരു ചോദ്യം കെടന്ന് തുള്ളുന്നുണ്ടായിരുന്നു

 

പൂതൻ വഴി പോയ ഓൻ ഏന്തിനു പാതിരായ്ക്ക് അക്കരെ കാവ് തീണ്ടിന്റെ ദേവേയ് ?

 

താഴ്‌വരയുടെ മറവിൽ നിന്ന് കരിമ്പന കാറ്റ് വീശി തുടങ്ങി കരച്ചിലും നീറ്റലും അലിയിക്കണ വടക്കൻ കാറ്റ്...

 

അതിലെവിടെയോ... ഒരു മുഴക്കം ബാക്കി നിന്നിരുന്നു...

 

‘‘മോക്ഷം... ഏന്റെ മോക്ഷം...’’

 

English Summary: Writers Blog - Poothankavu, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com