ADVERTISEMENT

ഐക്യകേരളം രൂപീകൃതമായ കാലഘട്ടം. അതായത് 1950 കളുടെ അവസാനപാദം. സുറിയാനി ക്രൈസ്തവരുടെ ഒരു പരിച്ഛേദം മധ്യതിരുവിതാംകൂറില്‍നിന്നു മലബാറിലെത്തി വേരുറപ്പിച്ച സമയം. കൃഷി മാത്രം ഉപജീവനമാര്‍ഗ്ഗമാക്കിയ കുടുംബങ്ങളിലെ പെണ്‍കുട്ടികളില്‍ ചിലര്‍ കേരളത്തിന് പുറത്തുപോയി നഴ്സിങ് പഠിച്ചു. പലരും അത്ര കനപ്പെട്ട ഡിഗ്രിയൊന്നുമല്ല പഠിച്ചത്; ഓക്സിലറി നഴ്സ് മിഡ്‌വൈഫ് (എഎൻഎം) എന്ന അടിസ്ഥാന കോഴ്സ്. പക്ഷേ, അന്ന് ലോകത്തിന്‍റെ ഏതറ്റം വരെയും ‘വിളക്കേന്തിയ വനിത’യെ - ഫ്ലോറന്‍സ് നൈറ്റിംഗേലിനെ - അനുഗമിക്കാന്‍ അതു മതിയായിരുന്നു.

സഭയുടെ പിന്തുണകൂടി ലഭിച്ചതോടെ മലയാളത്തിന്‍റെ മാലാഖമാര്‍ അന്ന് കടല്‍ കടന്നു. ചിലര്‍ ഇറ്റലി അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ എത്തപ്പെട്ടു. മറ്റു ചിലര്‍ അറബിപ്പൊന്നുവിളയുന്ന മധ്യപൂര്‍വദേശത്ത് പ്രവാസത്തിനു പോയി. അപൂര്‍വം ചിലര്‍ ഇസ്രയേലില്‍ ആതുര സേവനത്തിനു തയാറായി. മലയാളിപ്പെണ്ണിന്‍റെ പ്രവാസ സംസ്കാരം ആരംഭിക്കുന്നത് ഇങ്ങനെയാണോ എന്നു ചോദിച്ചാല്‍ തീര്‍ച്ചയായും ഇങ്ങനെയല്ല. പെനാംഗിലും മലയയിലും കൊളമ്പിലും ലിബിയയിലും ഇതിനും എത്രയോ മുന്‍പുതന്നെ പുതുമോടിയോടെ അവള്‍ കപ്പല്‍ കയറി പോയിട്ടുണ്ട്. അന്നാടുകളില്‍ ഒക്കെ അവള്‍ എത്രയെത്ര കാലം കഞ്ഞിയും കറിയും വച്ചിട്ടുണ്ട്. ഒക്കെ ശരിയാണ്. പക്ഷേ, പെണ്ണിന്റെ പ്രവാസത്തെക്കുറിച്ചു പറയുമ്പോള്‍, ആണൊരുത്തന്‍ പുടവ കൊടുത്തു കൊണ്ടുപോകുന്ന ചരിത്രം മുതല്‍ ഉദ്ധരിക്കാന്‍ തോന്നുന്നില്ല. പെണ്ണ് പഠിച്ച് ഒറ്റയ്ക്കു കടല്‍ കടന്നതു മുതലാണ് പെണ്മയുടെ പ്രവാസഗാഥ കേരളത്തിനു സ്വന്തമായത്.

പെണ്‍പ്രവാസം ആഗോളതലത്തില്‍

പലായനം, കുടിയേറ്റം, അധിനിവേശം, പ്രവാസം.... ഇങ്ങനെ മനുഷ്യന്‍ കടല്‍ കടക്കുന്നതിനുള്ള കാരണം എന്തുതന്നെയാണെങ്കിലും അതില്‍ ചില ആണ്‍-പെണ്‍ വ്യത്യാസങ്ങള്‍ ഉണ്ട്. ആദ്യകാലങ്ങളിൽ ആണിന്‍റെ ദേശാന്തര യാത്രകള്‍ മുറിക്കാന്‍ ആയിരുന്നെങ്കില്‍, പില്‍ക്കാലത്ത് പെണ്ണ് ആദ്യം നാടുകടന്നത് മുറിവു കെട്ടാനാണ്. ക്രീമിയന്‍ യുദ്ധത്തിലടക്കം അതാണു സംഭവിച്ചത്. ഏത് അധിനിവേശവും ഏതെങ്കിലും ഘട്ടത്തില്‍ തദ്ദേശീയരോട് അല്പം മൃദുസമീപനം സ്വീകരിച്ചിട്ടുണ്ടെങ്കില്‍, അതിനു കാരണം അവിടുത്തെ പെണ്‍സാന്നിധ്യമാണെന്നും ചരിത്രം നമ്മോടു പറയുന്നു. ലാറ്റിനമേരിക്കയില്‍നിന്ന് യുഎസിലേക്ക് വീട്ടുജോലിക്കായി പണ്ട് പുറപ്പെട്ടിരുന്ന സ്ത്രീകളും ഏതു നാട്ടിലും ഏത് പ്രതിസന്ധിയിലും പുഞ്ചിരിക്കാന്‍ മറക്കാത്ത ഫിലിപ്പിനോ യുവതികളും അഭയം തേടി പലായനം ചെയ്ത ശ്രീലങ്കന്‍ തമിഴ് വനിതകളും ഒപ്പം മലയാളമണ്ണിന്‍റെ പെണ്‍പ്രവാസികളും ഒരർഥത്തില്‍ തങ്ങളുടെ നാടിന്‍റെ സാമ്പത്തിക സുരക്ഷയാണ് ഉറപ്പുവരുത്തുന്നത്. അങ്ങനെ നോക്കുമ്പോള്‍ ആഗോള തലത്തില്‍ സംഭവിക്കുന്ന ഏറ്റവും വലിയ നവോത്ഥാന മുന്നേറ്റമായി പെണ്‍പ്രവാസത്തെ കണക്കാക്കാം.

essay-pravasi-women-skilled-workers-nurse-profile-image
Representative Image. Photo Credit : Spaskov / Shutterstock.com

പെണ്‍പ്രവാസത്തിന്‍റെ വര്‍ത്തമാനം

ഏറ്റവും ഒടുവില്‍ കേരള സര്‍ക്കാര്‍ നടത്തിയ പ്രവാസി സെന്‍സസ് പ്രകാരം 16 ലക്ഷത്തിലധികം കേരളീയര്‍ പ്രവാസികളാണ്. അവരില്‍ സ്ത്രീകളുടെ ശതമാനം അത്ര വലുതല്ല. ജോലിയുള്ള പ്രവാസികളില്‍ 7 ശതമാനം മാത്രമാണ് സ്ത്രീകള്‍. എന്നാല്‍ രസം അതല്ല. ഈ 7 ശതമാനം സ്ത്രീകളുടെ വാര്‍ഷിക വരുമാനം പുരുഷന്മാരുടെ സമ്പാദ്യത്തെ കവച്ചുവയ്ക്കുന്നതാണ്. 1:10 ആണ് അതിന്‍റെ അനുപാതമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഗള്‍ഫിലും യൂറോപ്പിലും സാധാരണ ജോലികള്‍ ചെയ്യുന്ന മലയാളി പുരുഷന്മാര്‍ക്കു ലഭിക്കുന്ന ശമ്പളത്തിന്‍റെ പത്തിരട്ടിയെങ്കിലും പാരാമെഡിക്കല്‍ രംഗത്തും മറ്റും തൊഴിലെടുക്കുന്ന പെണ്‍കുട്ടികള്‍ക്കു ലഭിക്കുന്നുണ്ട്. 

സെന്‍സസ് പ്രകാരം, മലയാളികളായ പ്രവാസി വനിതകളില്‍ 59 ശതമാനം പേരും നഴ്സുമാരാണ്. ലോകത്ത് കുടിയേറ്റം സാധ്യമായ ഏതാണ്ട് എല്ലാ രാജ്യങ്ങളിലും കേരളത്തിന്‍റെ അനൗദ്യോഗിക അംബാസഡര്‍മാരായി ഇവരുണ്ട്. ലിബിയ, യമന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലെ സംഘര്‍ഷവേളയില്‍ മലയാളി നഴ്സുമാരെ എയര്‍ലിഫ്റ്റ് ചെയ്ത ഇന്ത്യാ സര്‍ക്കാരിന്‍റെ നടപടി ഇതിന് അടിവരയിടുന്നു. കേരളത്തില്‍ വിദേശ മിഷനറിമാരുടെ പ്രവര്‍ത്തനഘട്ടത്തിലൂടെ ആരംഭിച്ച നഴ്സിങ് സംസ്കാരം, ക്രിസ്ത്യന്‍ സഭകളിലെ സന്യാസിനിമാരുടെ വിദേശവാസത്തോടെ പ്രവാസത്തിലേക്കുള്ള പ്രവേശികയായി മാറിയെങ്കില്‍, വര്‍ത്തമാനകാലത്ത് സാഹചര്യം അതല്ല. ഇപ്പോള്‍ ഐടി അടക്കം നിരവധി പ്രഫഷനുകളില്‍ കേരള വനിതകള്‍ വിദേശത്തു ജോലി ചെയ്യുന്നു. മാത്രമല്ല, +2 കഴിയുമ്പോള്‍ത്തന്നെ ഉപരിപഠനത്തിനായി വിദേശത്തു പോകുന്ന പെണ്‍കുട്ടികളും നാട്ടില്‍ ഏറെയാണ്. നഴ്സുമാര്‍ കഴിഞ്ഞാൽ പുതിയ കാലത്ത് ഏറ്റവുമധികം പെണ്‍പ്രവാസികള്‍ ഉള്ള മേഖല അധ്യാപനമാണ്. ഇസ്രയേല്‍ അടക്കമുള്ള രാജ്യങ്ങളില്‍ കെയര്‍ ടേക്കര്‍ ആയി ജോലി ചെയ്യുന്നവര്‍ക്കിടയിലും മലയാളി സ്ത്രീകള്‍ നിരവധിയാണ്. 

മറുനാട്ടിലെ മലയാളിപ്പെണ്‍പെരുമ

രാജ്യാന്തര സമൂഹത്തിന് ‘മലയാളിപ്പെണ്ണ്’ എന്ന സ്വത്വത്തെ വലിയ മതിപ്പാണ്. ആതുര സേവനമടക്കം ഏതു രംഗത്തും ആത്മാര്‍പ്പണത്തിന്‍റെ പ്രതീകങ്ങളായാണ് പെണ്‍പ്രവാസികളെ അവര്‍ കാണുന്നത്.  ന്യൂസീലൻ‌ഡ് മന്ത്രിസഭയിലെ മലയാളി അംഗം പ്രിയങ്ക രാധാകൃഷ്ണനെപ്പോലെ ചിലര്‍, പെണ്‍പ്രവാസത്തിന്‍റെ അഭിമാനസ്തംഭങ്ങളായും ഇക്കാലത്തിനിടയില്‍ മാറി.

മലയാളിപ്പെണ്ണ് എന്ന സ്വത്വം

പുതിയകാലത്ത് പ്രവാസം തിരഞ്ഞെടുക്കുക എന്ന ലക്ഷ്യത്തോടെതന്നെ, നിരവധി പെണ്‍കുട്ടികള്‍ പ്രഫഷനല്‍ വിദ്യാഭ്യാസം ചെയ്യുന്നുണ്ട്. ഏറെയും ഇടത്തരം കുടുംബങ്ങളിലെ കുട്ടികളാണ്. 2000 നു ശേഷം, ഒട്ടേറെ വിദ്യാർഥികള്‍ വായ്പയെടുത്തു നഴ്സിങ്ങും മറ്റും പഠിക്കുകയുണ്ടായി. അവരില്‍ നല്ലൊരു ശതമാനം പെണ്‍കുട്ടികളും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ പ്രവാസികളാണ്. അവർ തുച്ഛമായ ശമ്പളത്തില്‍ ജോലിചെയ്യുന്നു. ആ ശമ്പളം ലോണിന്‍റെ മാസത്തവണ ഒടുക്കാന്‍ പോലും തികയുന്നതുമില്ല. പലരും ജീവിതം ഒന്നു പച്ചപിടിച്ചിട്ട് വിവാഹം കഴിക്കാം എന്നു തീരുമാനിക്കുമ്പോള്‍, പ്രായവും കടന്നുപോകുന്നു. പിന്നെ ഏകാന്തതയാണ് പലര്‍ക്കും കൂട്ട്.

കുറച്ചു പേരൊക്കെ ഭാഷാപ്രാവീണ്യം തെളിയിക്കുന്നതിനുള്ള പരീക്ഷകള്‍ പാസായി കാനഡയിലും ന്യൂസീലൻഡിലും ഇംഗ്ലണ്ടിലും എത്തുന്നുണ്ട്. എന്നാല്‍ ചില രാജ്യങ്ങളെങ്കിലും കരാര്‍ ജോലികള്‍ പ്രോത്സാഹിപ്പിക്കുന്ന നയം തുടര്‍ന്നാല്‍, പഴയ കാലത്തേതു പോലെ ഒരു കുടിയേറ്റം വ്യാപകമായ രീതിയില്‍ ഇനി നടക്കണമെന്നില്ല. എങ്കിലും പ്രവാസ ജീവിതം വരുംകാലത്ത് കൂടുതൽ സജീവമാകുമെന്നുതന്നെ പ്രതീക്ഷിക്കാം.

essay-pravasi-women-skilled-workers-nurse
Representative Image. Photo Credit : Rawpixel.com / Shutterstock.com

പണം കായ്ക്കുന്ന പെണ്‍മരങ്ങള്‍

പെണ്‍പ്രവാസികളില്‍ ‘പണം കായ്ക്കുന്ന മര’മാകുവാനോ ‘പൊന്മുട്ട ഇടുന്ന താറാവ്’ ആകുവാനോ വിധിക്കപ്പെട്ട ഒരു കൂട്ടം നിര്‍ഭാഗ്യവതികളുണ്ട്. ഏറെയും അടിസ്ഥാന തൊഴിലുകള്‍ ചെയ്യുന്നവരാണ്. ഗള്‍ഫ് മേഖലയില്‍ ഇത്തരക്കാരെ ധാരാളം കാണാം. സ്വന്തം കുടുംബത്തിനുവേണ്ടി എല്ലാ സുഖങ്ങളും ത്യജിച്ച്, വീട്ടുവേല ചെയ്യാന്‍ മറ്റു രാജ്യങ്ങളിലെത്തുന്ന സ്ത്രീകള്‍ ചിലവേള ചൂഷണങ്ങള്‍ക്ക് ഇരകളായിത്തീരാറുണ്ട്. അവരുടെ അവകാശങ്ങള്‍ക്കും സുരക്ഷയ്ക്കുമായി നയതന്ത്ര കാര്യാലയങ്ങളും നോര്‍ക്ക പോലെയുള്ള സംവിധാനങ്ങളും ഇപ്പോള്‍ ഇടപെടുന്നത് സ്വാഗതാര്‍ഹമാണ്. പ്രവാസി സെന്‍സസ് പ്രകാരം, അവിദഗ്ധ തൊഴിലുകള്‍ ചെയ്യുന്നവരില്‍ ചെറിയൊരു ശതമാനം  മാത്രമാണ് സ്ത്രീകള്‍. പക്ഷേ, പുരുഷന്മാരെ അപേക്ഷിച്ച് ഈ സ്ത്രീകള്‍ക്ക് നീതിയും ന്യായവും നിഷേധിക്കപ്പെടുന്നതായി മുന്‍പ് നിരവധി സംഭവങ്ങള്‍ തെളിയിച്ചതാണ്.

പെണ്‍പ്രവാസവും കുടുബജീവിതവും

പ്രവാസമെന്നത് ഒരു സാംസ്കാരികവൃത്തി കൂടിയാണ്. മറുനാട്ടിലും മലയാളത്തിന്‍റെ മഹത്വവും കൈരളിയുടെ പെരുമയും ഉദ്ഘോഷിക്കുന്നവരാണ് പ്രവാസികള്‍. സ്ത്രീപ്രവാസികളെ സംബന്ധിച്ച് സാംസ്കാരികമായ ചില ധര്‍മസങ്കടങ്ങള്‍ കടന്നുവരാറുണ്ട്. പലപ്പോഴും പാശ്ചാത്യ മേഖലയില്‍ പ്രവാസത്തിനെത്തുന്നവര്‍ക്ക് ഈ അനുഭവം കൂടുതലായിരിക്കും. ഭക്ഷണം, വസ്ത്രം, ശീലം എന്നിവയില്‍ ചില ഒത്തുതീര്‍പ്പുകള്‍ക്ക് പെണ്‍പ്രവാസത്തില്‍ സാധ്യതയുണ്ട്. നാട്ടിലുള്ള അമ്മയോട് ഫോണ്‍ ചെയ്യുമ്പോള്‍ നാട്ടിന്‍പുറത്തെ മലയാളം പറയുന്ന ആള്‍ തൊട്ടടുത്ത നിമിഷം കനേഡിയന്‍ ഇംഗ്ലിഷില്‍ 10 വയസ്സുകാരന്‍ മകനെ ശകാരിക്കുന്നതു കേട്ടാല്‍, സാംസ്കാരിക തുടര്‍ച്ച എന്ന വാക്കുതന്നെ മിഥ്യയാണെന്ന് തോന്നും. ഇത് പ്രവാസികളായ പുരുഷന്മാരെ അത്രകണ്ട് അസ്വസ്ഥരാക്കണമെന്നില്ല. ഓരോ പ്രവാസവും കുടിയേറ്റമായി പരിണമിക്കുമ്പോള്‍, അവിടെ ഒരു വേരറുക്കല്‍ സംഭവിക്കുന്നുണ്ട്. ഒന്നോ രണ്ടോ തലമുറ കഴിയുമ്പോള്‍ നാടുമായി അവര്‍ക്ക് കാര്യമായ ബന്ധം ഉണ്ടാകണമെന്നില്ല.

മലേഷ്യ നല്ലൊരു ഉദാഹരണമായി നമുക്ക് മുന്നിലുണ്ട്. ഒരു നൂറ്റാണ്ട് മുന്‍പ് കുടിയേറിയ മലേഷ്യന്‍ മലയാളി സമൂഹം, ഇന്ന് രണ്ടു ലക്ഷത്തിനു മുകളില്‍ അംഗസംഖ്യയുള്ള ജനവിഭാഗമാണ്. പക്ഷേ പറഞ്ഞിട്ടെന്തു കാര്യം, പുതിയ തലമുറയ്ക്ക് കേരള സംസ്കാരം പരിചിതമല്ല. മലയാളം നന്നായി വഴങ്ങുകയുമില്ല. ആ അവസ്ഥ ഇന്നല്ലെങ്കില്‍ നാളെ യൂറോപ്പിലെയും കാനഡയിലെയും അമേരിക്കയിലെയും മലയാളികളുടെ പിന്‍ഗാമികള്‍ക്ക് ഉണ്ടാകുമോ എന്ന ചിന്ത മനസ്സില്‍ ഒരു വിങ്ങല്‍ സൃഷ്ടിക്കുന്നു.

ചില ബദലുകള്‍

എന്തിനും മലയാളിക്ക് ഒരു ആള്‍ട്ടര്‍നേറ്റ് സംവിധാനം കാണുമല്ലോ. പെണ്‍പ്രവാസത്തിലും അത്തരം ചില അനുഭവങ്ങള്‍ ഉണ്ട്. സാമ്പാറിലും അവിയലിലും നാട്ടില്‍ കിട്ടാത്ത പച്ചക്കറികള്‍ അരിഞ്ഞു ചേര്‍ക്കുന്നതാണ് ഒരു കാര്യം. മക്കളെ പള്ളിപ്പാട്ടുകള്‍ മുതല്‍ സിനിമാപ്പാട്ടുകള്‍ വരെ പഠിപ്പിക്കാന്‍ ട്രാന്‍സ്ലിറ്ററേഷന്‍ മെഥേഡ് ഉപയോഗിക്കുന്ന അമ്മമാരും കുറവല്ല. തങ്ങളെകൊണ്ട് കഴിയുംവിധം നാടിനെ തിരികെ പിടിക്കാന്‍ ശ്രമിക്കുന്നവരാണ് പെണ്‍പ്രവാസികള്‍.

കുന്നായ്മകളില്ലാത്ത കൂട്ടായ്മകള്‍

ആറ് മലയാളിക്ക് നൂറ് സംഘടന എന്ന ചൊല്ല് പെണ്‍പ്രവാസത്തിലും ബാധകമാണ്. പള്ളി, സമുദായം, അലൂമ്നി, പഞ്ചായത്ത്, ജില്ല, കുടുംബപ്പേര് തുടങ്ങി വിവിധ ഘടകങ്ങള്‍ക്കു കീഴില്‍ പ്രവാസലോകത്ത് സംഘടനകള്‍ ഉള്ളത് പ്രസിദ്ധമാണല്ലോ. ഇത്തരം സംഘടനകള്‍ക്കെല്ലാം വിമെന്‍സ് വിങ് വേണമെന്നാണ് അലിഖിത നിയമം. ആയതിനാല്‍ കൂട്ടായ്മകളുടെ കാര്യത്തില്‍ പെണ്‍പ്രവാസം തികച്ചും സജീവമാണ്. നാട്ടിലെ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ഇടപെടുന്നതു മുതല്‍ വാരാന്ത്യത്തില്‍ ഇത്തിരി സൊറ പറഞ്ഞിരിക്കുന്നതു വരെ, ഇത്തരം സംഘടനകളുടെ പേരിലാണ്. പലപ്പോഴും ഓര്‍മകളിലേക്കുള്ള മടക്കയാത്രയായി പ്രവാസലോകത്തെ പെണ്‍ കൂട്ടായ്മകള്‍ മാറുന്നു എന്നതാണ് യാഥാർഥ്യം.

പ്രവാസിയായ ഓരോ മലയാളിപ്പെണ്ണും സ്ത്രീത്വത്തിന്‍റെ അഭിമാനരത്നങ്ങളാണ്. സ്വന്തം അധ്വാനത്തിലൂടെ അവര്‍ കെട്ടിപ്പടുക്കുന്നത് തങ്ങളുടെ കുടുംബങ്ങളെ മാത്രമല്ല; കേരള നാടിനെക്കൂടിയാണ്. പുരുഷകേന്ദ്രീകൃതമായ പഠനങ്ങളിലും നിഗമനങ്ങളിലും പെണ്‍പ്രവാസം വേണ്ടത്ര അടയാളപ്പെടുത്തപ്പെട്ടില്ല. പക്ഷേ, ഇനിയെങ്കിലും അതു മാറണം. കാരണം, പെണ്‍പ്രവാസം വേറിട്ടൊരു കഥയാണ്. പെണ്ണിനുമാത്രം അറിയാവുന്ന ജീവനത്തിന്‍റെയും അതിജീവനത്തിന്‍റെയും കഥ.

English Summary : Writers Blog - Essay on Expatriate Worker by Bindhumol Raju

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com