ADVERTISEMENT

നഷ്ടപ്പെട്ട പെൺവസന്തങ്ങൾ (കഥ)

 

മക്കളുടെ കൈപിടിച്ച് കോടതി വരാന്തയിലൂടെ നടന്നു നീങ്ങുന്ന നീനയെ നോക്കിയപ്പോൾ ജെയിംസിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. തല ചുറ്റുന്നത്പോലെ തോന്നിയപ്പോൾ കോടതി വരാന്തയിൽ കിടന്നിരുന്ന ബെഞ്ചിൽ ഇരുന്ന് തൂണിൽ മുറുകെ പിടിച്ചു.

 

‘എന്ത് പറ്റി ജെയിംസ് സാറെ, കൂടെ ഉണ്ടായിരുന്ന തോമസ് പെട്ടെന്ന് അടുത്തു വന്നു.’

              

രണ്ടുപേരും ഒരേ സ്കൂളിലെ അധ്യാപകർ ആണ്. ജെയിംസ് സംഗീതവും തോമസ് സ്പോർട്സും പഠിപ്പിക്കുന്നു.

‘ഒന്നുമില്ല തോമസ് സാറെ, പെട്ടെന്ന് എന്തോ പോലെ..’

 

നിറഞ്ഞൊഴുകുന്ന കണ്ണുനീർ മറച്ചുപിടിക്കാൻ ശ്രമിക്കാതെ വീണ്ടും പുറത്തേയ്ക്ക് നോക്കി.

 

നീന, മോന്റെയും മോളുടെയും കയ്യിൽ പിടിച്ചിരിക്കുന്നു. മോൾ ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നുണ്ട്. അവൾക്കിപ്പോൾ 11 വയസ് ആയി. മോന് 8 വയസ്സ് ആയിട്ടേയുള്ളു. അവനിപ്പോഴും കാര്യമായിട്ടൊന്നും മനസിലായിട്ടില്ല എന്ന് തോന്നുന്നു.

 

മോൾ വീണ്ടും തിരിഞ്ഞു നോക്കിയപ്പോൾ ജെയിംസിന്റെ നെഞ്ചിൽ എന്തോ കുത്തികയറുന്നപോലെ തോന്നി. ഒരിക്കൽ പോലും തിരിഞ്ഞു നോക്കാതെ നീന കുട്ടികളെയും കൊണ്ട് കാറിൽ കയറി. കാർ മെല്ലെ നീങ്ങി തുടങ്ങിയപ്പോൾ യാത്ര ആക്കാൻ എന്നവണ്ണം ജെയിംസ് പതിയെ എഴുന്നേറ്റു. പക്ഷേ കണ്ണുകൾ മൂടി കാഴ്ച്ച മങ്ങിയിരുന്നത് കൊണ്ട് ഒന്നും കാണാൻ കഴിഞ്ഞില്ല.

 

‘‘ദൈവമേ, എന്റെ മക്കൾ’’ ജെയിംസ് ആരോടെന്നില്ലാതെ പിറുപിറുത്തു.

 

ജെയിംസ് സാറെ, നമുക്കും ഇറങ്ങാം.

 

തോമസ് പറഞ്ഞപ്പോൾ പതിയെ തലയാട്ടി. സഹപ്രവർത്തകൻ എന്നതിലുപരി എപ്പോഴും ഒരു ആശ്വാസമായി കൂടെയുള്ള ആളാണ്. ഇന്ന് തങ്ങൾ വേർപിരിയുന്ന ദിനം ഒറ്റയ്ക്ക് വരാൻ ധൈര്യം ഇല്ലായിരുന്നു. അതിനാണ് തോമസ് സാറിനെ കൂടെ കൂട്ടിയത്. സാറിന് എല്ലാം അറിയാം.

 

തോമസ് സാറെ, സാർ വണ്ടിയെടുത്തോ,  എനിക്ക് വയ്യ.

 

താക്കോൽ തോമസിന്റെ കയ്യിൽ കൊടുത്തു.

കാറിൽ ഇരിക്കുമ്പോഴും ജെയിംസ് മൗനമായിരുന്നു. ഇത്രയും നാൾ തോന്നാത്ത ഒരു ഒറ്റപ്പെടൽ ഉള്ളിൽ എവിടെയോ കുത്തി വേദനിപ്പിക്കുന്നു.

കുറച്ചു നാളുകൾ ആയി അകന്നു കഴിഞ്ഞാലും, ഇങ്ങനെ ഒരു ദിവസം ഉണ്ടാകും എന്ന് അറിഞ്ഞിട്ടും, ഇപ്പോൾ പിടിച്ചു നിൽക്കാൻ ആകാത്ത സങ്കടം. അവസാനനിമിഷം എങ്കിലും തന്റെ നീന തന്നോടൊപ്പം പോരും എന്ന് ഇന്ന് രാവിലെ വരെ ചെറുതായിട്ടെങ്കിലും പ്രതീക്ഷിച്ചിരുന്നു. പക്ഷേ.. മക്കളെയും കൊണ്ട് തന്റെ ജീവിതത്തിൽനിന്നും ഇറങ്ങിപോയപ്പോൾ തകർന്നു പോയി.

    

സാറെന്താ ആലോചിക്കുന്നത്? മുഖം ഒക്കെ വല്ലാതെ, എന്തെങ്കിലും വയ്യാഴിക ഉണ്ടോ.

     

തോമസ് സാർ ചോദിച്ചപ്പോഴാണ് കൂടെ ഒരാൾ ഉണ്ടെന്നു പോലും ഓർക്കുന്നത്.

‘സർ, ഇനിയും വിഷമിച്ചിട്ടു എന്ത് കാര്യം. ഇതൊക്കെ പ്രതീക്ഷിച്ചാണ് നമ്മൾ വന്നത്.’

   

ശരിയാണ് ഇനി ഓർത്തിട്ട് എന്ത് കാര്യം.. എന്നാലും ജീവിതത്തിൽ നിന്നും അവർ അടർന്നു പോയപ്പോൾ ആകെ തകർന്നു പോകുന്നപോലെ. തന്റെ മക്കൾ, അവർ ഇല്ലാതെ എങ്ങനെ? എത്ര സന്തോഷം ആയി കഴിഞ്ഞിരുന്ന കുടുംബം ആയിരുന്നു. നീനയും കുട്ടികളും താനും കൂടെ കൂടിയാൽ ഒരുപാട് സന്തോഷം ആയിരുന്നു. ചിരിയും കളിയും ആദ്യക്ഷരിയും സിനിമപേരും ഒക്കെയായി ബഹളം ആയിരുന്നു.

പിന്നെ എവിടാണ് പിഴച്ചത്.

 

പെണ്ണുകാണാൻ പോയപ്പോൾ അന്ന് തന്നെ നീനയെ കൂട്ടികൊണ്ട് പോരാൻ തോന്നിയതാണ്. വിടർന്നു നീണ്ട കണ്ണുകളും നല്ല സംസാരവും സുന്ദരമായ വട്ടമുഖവും ഒരുപാട് ഇഷ്ടപ്പെട്ടു.

കല്യാണം വരെ കാണാതിരിക്കാൻ ആകുമായിരുന്നില്ല.

 

ആദ്യകാഴ്ചയിലെ അവൾ തന്റെ ഹൃദയത്തിൽ അത്രമേൽ ഇടംനേടിയിരുന്നു.

മണിക്കൂറുകൾ അവളോട് സംസാരിച്ചിരുന്നു. അപ്പോഴൊക്കെ എത്ര സംസാരിച്ചാലും കൊതി തീരാത്തപോലെ..

 

എങ്ങനെ എങ്കിലും കല്യാണം ഒന്ന് നടന്നാൽ മതി എന്നായിരുന്നു.

കല്യാണം കഴിഞ്ഞും സ്ഥിതിക്ക് മാറ്റം വന്നില്ല. കൂടുതൽ സമയവും അവളോടൊപ്പം ചിലവഴിക്കാൻ ആയിരുന്നു ഇഷ്ടം. ലോകത്തിൽ ഇതിനു മുൻപ് ആരും കല്യാണം കഴിച്ചിട്ടില്ല എന്ന് തോന്നുമായിരുന്നു അന്നൊക്കെ തന്റെ ഭാവം കണ്ടാൽ. കാറുണ്ടായിട്ടും അവളെയും കൊണ്ട് ചുവന്ന ബൈക്കിൽ ചുറ്റിയടിക്കാൻ,  മറ്റുള്ളവരുടെ മുൻപിലൂടെ അവളുടെ കൈപിടിച്ച് നടക്കാൻ ഒക്കെ ഭയങ്കര ഇഷ്ടം ആയിരുന്നു. അവളെ ഓരോരുത്തർക്കും പരിചയപെടുത്തുമ്പോൾ ചെറുതല്ലാത്ത ഒരു അഹങ്കാരം തനിക്ക് ഉണ്ടായിരുന്നു.

 

സത്യത്തിൽ അവളോട് പ്രണയം ആയിരുന്നോ അതോ സൗന്ദര്യത്തോടുള്ള ഭ്രമം ആയിരുന്നോ.? അല്ല അവളെ താൻ ഒരുപാട് സ്നേഹിച്ചിരുന്നു..

 

സർ, സത്യത്തിൽ നിങ്ങൾ തമ്മിൽ പിരിയാൻ മാത്രം പ്രശ്നം ഉണ്ടായിരുന്നു എന്ന് എനിക്ക് തോന്നുന്നില്ല. ഞാൻ കാണുമ്പോഴൊക്കെ രണ്ടുപേരും നല്ല സ്നേഹത്തിൽ ആയിരുന്നു. ഇപ്പോൾ കഴിഞ്ഞ മൂന്നു നാല് വർഷം ആയി എന്തൊക്കെയോ സ്വരച്ചേർച്ച ഉണ്ട്. സാറും നീനയും എല്ലാം തുറന്നു പറഞ്ഞിട്ടുമില്ല. പലപ്പോഴും സാർ കഴിക്കുന്നതിനു മുൻപ് ഒരുവാ നീനയ്ക്ക് കൊടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. പിന്നെ എന്താണ് പറ്റിയത്.

 

 

തോമസ് ചോദിച്ചപ്പോൾ ജെയിംസ് ഓർത്തു.

ശരിയാണ് പലപ്പോഴും അവൾക്ക് ഒരുവാ ഭക്ഷണം കൊടുത്തിട്ട് ആണ് താൻ കഴിച്ചിരുന്നത്. അവൾക്ക് ഇഷ്ടം ഉള്ളത് ഒക്കെ വാങ്ങി കൊടുത്തിരുന്നു താനും. പക്ഷേ ഇടയ്ക്ക് അതിനൊക്കെ മാറ്റം വന്നുപോയി. തന്റെ തെറ്റാണ്.

 

എന്റെ തെറ്റാണ് തോമസ് സാറെ. പാട്ടിന്റെ ലോകത്ത് അറിയപ്പെട്ടു തുടങ്ങിയപ്പോൾ മുതൽ ഞാൻ മാറിപ്പോയിരുന്നു. അവളെ ശ്രദ്ധിക്കാനോ സ്നേഹിക്കാനോ എനിക്ക് പറ്റിയിരുന്നില്ല. ആദ്യനാളുകൾ മുതൽ അങ്ങനെ ആയിരുന്നുഎങ്കിൽ ഒരുപക്ഷേ അവൾക്ക് ഇത്രയും വിഷമം തോന്നുമായിരുന്നില്ല.

 

അന്ന് ഞാൻ അവളുടെ ലോകത്ത് മാത്രം ഒതുങ്ങികൂടി. പിന്നെ അവൾക്ക് എന്നെക്കൂടാതെ ജീവിക്കാൻ ഉള്ള വരുമാനമാർഗം ഉണ്ട്‌ താനും. പിന്നെ എന്തിനു എന്നെ സഹിക്കണം. അവൾ എല്ലാം സഹിക്കാൻ ആദ്യം തയ്യാർ ആയിരുന്നു സാറെ. പക്ഷേ മദ്യം.. അത് അവളെ മടുപ്പിച്ചു കാണും.

 

ശരിയാണ് ജെയിംസ് സാറെ.. ഇടക്കാലത്തു സർ വല്ലാതെ മദ്യപിക്കുന്നുണ്ട് അത് ഒഴിവാക്കണം എന്ന് ഞങ്ങൾ എല്ലാവരും സാറിനെ ഉപദേശിച്ചതാണ്. പക്ഷേ സ്കൂൾ കഴിഞ്ഞാൽ സാറിന്റെ ലോകം വേറെ ആയിരുന്നല്ലോ.

 

തോമസ് കുറ്റപ്പെടുത്തുന്ന വിധം പറഞ്ഞു.

 

ശരിയാണ്.. സിനിമ എന്ന മായാലോകത്തു എത്തിപ്പെട്ടപ്പോൾ ഞാൻ എന്നെ മറന്നു. ഞാൻ ആരൊക്കെയോ ആണെന്നുള്ള തോന്നൽ. ഒന്ന് രണ്ടു പാട്ടുകൾ ഹിറ്റ്‌ ആയതോടുകൂടി ഞാൻ എന്നെ മറന്നു.

 

വീണ്ടും മൗനം ഇരുവർക്കുമിടയിൽ വിലങ്ങുതീർത്തപ്പോൾ ജെയിംസ് ഓർത്തു. പേരും പ്രശസ്തിയും ആയപ്പോൾ ഒരു പിന്നണിഗായകൻ എന്ന് അറിയപ്പെട്ടു തുടങ്ങിയപ്പോൾ ഒരു ഗാനമേള ട്രൂപ് തുടങ്ങി. സത്യത്തിൽ തന്റെ കഷ്ടകാലം ആരംഭിച്ചത് അവിടെ നിന്നുമാണ്. മിക്കപ്പോഴും പ്രോഗ്രാം ഉണ്ടാകും. അല്ലെങ്കിൽ റിഹേഴ്സൽ. എന്ത് തന്നെയായാലും പലപ്പോഴും രാത്രി ഏറെ വൈകി മദ്യപിച്ചു ലക്ക് കെട്ടാവും വീട്ടിൽ എത്തുന്നത്. ചിലപ്പോഴൊക്കെ വെളിവ് നശിച്ചു അവിടെ കിടന്നു ഉറങ്ങിപോകും.

 

അങ്ങനെ താൻ നീനയെ ശ്രദ്ധിക്കാതെയായി. കുട്ടികളോട് മിണ്ടാൻ സമയം കിട്ടാതെ ആയി. ആലോചിച്ചിരുന്നു വീടെത്തിയത് അറിഞ്ഞില്ല.

 

സാർ.. ഞാൻ കേറുന്നില്ല. സാർ കുറച്ചു നേരം കിടക്ക്. ഇനി എന്ത് എന്ന് നമുക്ക് നാളെ ആലോചിക്കാം.

 

അതും പറഞ്ഞു തോമസ് വണ്ടിയിൽ നിന്നും ഇറങ്ങി. തോമസിന്റെ ബൈക്ക് അവിടെ ഇരിപ്പുണ്ടായിരുന്നു. തോമസ് പോയി കഴിഞ്ഞപ്പോൾ ജെയിംസ് അകത്തേയ്ക്ക് കടന്നു. ഉള്ളിൽ ഭയങ്കര ഭാരം. ഫ്രിഡ്ജ് തുറന്നു കുറച്ചു തണുത്ത വെള്ളം കുടിച്ചു. ഇന്നലെ വരെയും താൻ ഈ വീട്ടിൽ ഒറ്റയ്ക്ക് ആയിരുന്നു. കഴിഞ്ഞ ഒന്നര വർഷം ആയി താൻ ഒറ്റയ്ക്കാണ്. അപ്പോഴൊന്നും തോന്നാത്ത ഒരു വീർപ്പുമുട്ടൽ തോന്നി ജെയിംസിന്.

 

ഗാനമേള ട്രൂപ്പിൽ കൂടെ ഉണ്ടായിരുന്ന ഒരാളെ പോലും ഇന്ന് കണ്ടില്ല. സർ ഞാൻ കൂടെ വരണോ എന്ന് ആരും ചോദിച്ചില്ല. അവർക്ക് തന്റെ പണവും മദ്യവും മതി എന്ന് അറിയാഞ്ഞിട്ടല്ല. പക്ഷേ പാട്ടിനോടുള്ള കമ്പം കൊണ്ട് ഇപ്പോഴും ട്രൂപ് തുടരുന്നു എന്ന് മാത്രം.

 

അന്നൊക്കെ താൻ ചെല്ലുന്നതും നോക്കി കൂട്ടുകാർ ഓഫീസിൽ ഉണ്ടാകും.. സ്കൂളിൽ നിന്നും നേരെ തന്റെ ട്രൂപ്പിന്റ ഓഫീസിൽ എത്തും. ഗായികമാർ എല്ലാ ദിവസവും ഉണ്ടാകാറില്ല. അങ്ങനെ ഉള്ള ദിവസങ്ങൾ മുഴുവൻ ആഘോഷം ആണ്. അല്ലാത്തപ്പോൾ അവർ പോയി കഴിഞ്ഞും. ചിലപ്പോൾ ബോധം കെട്ട് അവിടെ കിടക്കും.

 

അങ്ങനെ നീനയുടെ ജീവിതം മുരടിച്ചു തുടങ്ങിയപ്പോഴാകും അവൾ സ്വന്തമായൊരു വരുമാനത്തെകുറിച്ച് ചിന്തിച്ചു തുടങ്ങിയത്.

പക്ഷേ തനിക്ക് ദുരഭിമാനം, തന്റെ ഭാര്യ ജോലിക്ക് പോയി കിട്ടുന്ന വരുമാനം വേണ്ട, കുഞ്ഞുങ്ങളെ നോക്കി വീട്ടിൽ ഇരുന്നാൽ മതിയെന്നു താൻ വാശിപിടിച്ചു. നീന അത് കേൾക്കാൻ കൂട്ടാക്കിയില്ല.

 

കുട്ടികൾ പഠിക്കുന്ന സ്കൂളിൽ തന്നെ അവൾക്ക് ജോലി ലഭിച്ചു. അതോടെ അവളോട് വല്ലാത്ത ദേഷ്യം.

 

‘‘പുരുഷൻ പറയുന്നത് കേട്ടു നിൽക്കുന്ന ആളാകണം പെണ്ണ്’’ എന്ന് മനസ്സിൽ താൻ പറഞ്ഞുകൊണ്ടിരുന്നു. പുര കത്തുമ്പോൾ വാഴ വെട്ടാൻ ആളുണ്ടാവുമല്ലോ.

 

‘‘സാറിനെ ധിക്കരിച്ചു ജോലിക്ക് പോയത് തെറ്റ് തന്നെയാ.’’

 

കൂട്ടുകാർ സപ്പോർട്ട് ചെയ്യുക കൂടി ചെയ്തപ്പോൾ വാശിയായി. തന്റെയും നീനയുടെയും വീട്ടുകാർ ശ്രമിച്ചു, തങ്ങളെ നന്നാക്കാൻ.

താൻ പിടിച്ച മുയലിനു കൊമ്പ്....

രണ്ടുപേരും അവരുടെ തീരുമാനത്തിൽ ഉറച്ചു നിന്നു.

മക്കൾ, സത്യത്തിൽ അവരാണ് ആ സമയത്ത് ഏറ്റവും അധികം വിഷമിച്ചത്. മോൾക്ക് തന്നെ ജീവൻ ആയിരുന്നു. മോൻ കുഞ്ഞായിരിക്കുമ്പോൾ തന്നെ അച്ഛന്റെ സ്വഭാവം നല്ലതായായിരുന്നത്കൊണ്ട് അവൻ അങ്ങനെ അടുക്കുന്നുണ്ടായിരുന്നില്ല.

 

ഓരോ ദിവസവും പ്രശ്നങ്ങൾ കൂടി വന്നു. പെണ്ണുകാണാൻ പോയിട്ട് അന്ന് തന്നെ കൂട്ടിച്ചോണ്ട് വരാൻ കൊതിച്ച തന്റെ പാതിയെ കാണുന്നതേ കലി ആയി. ലോകം മുഴുവൻ എഴുന്നെളിച്ചോണ്ട് നടക്കാൻ കൊതിച്ച അവളെ അടുത്ത് കണ്ടാൽ ഇടയ്ക്ക് ഓരോന്ന് കൊടുത്ത് തുടങ്ങി. സത്യത്തിൽ  അവളോട് തനിക്കു ഇഷ്ടം കുറഞ്ഞു കുറഞ്ഞു വന്നു. ഒരു രക്ഷയും ഇല്ലാതെ ഒരുനാൾ അവൾ കുട്ടികളെയും കൊണ്ട് വീടുവിട്ടിറങ്ങി.

 

തന്നെ പോയവൾ തന്നെ വരട്ടെ എന്ന വാശി തനിക്കും കൂട്ടുകാർക്കും ഒരുപോലെ ആയിരുന്നു. അല്ലേലും അവർ ആയിരുന്നല്ലോ തന്റെ കാര്യങ്ങൾ തീരുമാനിച്ചിരുന്നത്.

ആയുധം വെച്ചു കീഴടങ്ങി ക്ഷമിക്കണേ ചേട്ടാ എന്നൊക്കെ പറഞ്ഞു തിരിച്ചു വരും എന്ന് കരുതിയിരുന്ന തന്റെ കയ്യിൽ ഒരുനാൾ പോസ്റ്റുമാൻ ഒരു കവർ കൊണ്ടുതന്നു.

 

വക്കീൽ നോട്ടീസ്,

 

വിവാഹമോചനത്തിനായി നീന അയച്ചത്.

താൻ എന്ന പുരുഷൻ ഒരുമാത്ര തീരെ ചെറുതായി പോയപോലെ. എന്നും തന്റെ കാൽകീഴിൽ ഭാര്യ ഉണ്ടാകുമെന്ന പുരുഷന്റെ അഹന്തയ്ക്ക് മേലെ ഒരു ഷോക്ക് ആയി അത്. ഒട്ടും പ്രതീക്ഷിക്കാത്തത്.

ദൈവമേ എന്റെ കുഞ്ഞുങ്ങൾ.. അവരെ കാണാതെ താൻ എങ്ങനെ. തന്റെ നെഞ്ചിന്റെ ചൂട് അറിഞ്ഞു വളർന്ന കുഞ്ഞുങ്ങൾ. തന്നെ ജീവനെപ്പോലെ സ്നേഹിച്ചവൾ, അവരില്ലാതെ താൻ എങ്ങനെ ജീവിക്കും.

 

പല ഒത്തുതീർപ്പ് ചർച്ചകളും നടത്തി, കുടി നിർത്തി എന്ന് ഉറപ്പിച്ചു പറഞ്ഞു..

പക്ഷേ അവളുടെ ഹൃദയത്തിൽ തന്നോടുള്ള വിശ്വാസം പോയി എന്ന് അവൾ പറഞ്ഞു. ഒരിക്കൽ നഷ്ടപെട്ട വിശ്വാസം ഇനി തിരിച്ചുകിട്ടുവോ.

ഓരോന്ന് ആലോചിച്ചു കിടന്നു മയങ്ങിപ്പോയി.

 

 

‘‘ജയ്, എഴുനേൽക്ക്.. എന്തൊരു ഉറക്കം ആണിത്..’’

ആരോ വിളിക്കുന്നപോലെ തോന്നി ജെയിംസ്ന്. കണ്ണ് തുറക്കാൻ നോക്കിയിട്ട് പറ്റുന്നില്ല. 

 

‘‘ജയ്, എഴുനേല്ക്ക്.. ആനിയാ വിളിക്കുന്നെ. എന്തിനാ ഇങ്ങനെ ഒറ്റയ്ക്ക് ഇരുന്ന് വിഷമിക്കുന്നെ. എന്റെ കൂടെ പോരെ.’’

 

‘‘ആനി, ’’

 

ജെയിംസ് വല്ലാതെ വിയർത്തു.. അയാൾക്ക് ഉറക്കെ നിലവിളിക്കാൻ തോന്നി. ശബ്‌ദം പുറത്തേയ്ക്ക് വരാത്തപോലെ. മുമ്പിൽ തൂങ്ങിയാടുന്ന രണ്ടു കാലുകൾ..

അമ്മേ.. അയാൾ ചാടിയെഴുന്നേറ്റു, ദേഹം വല്ലാതെ വിയർക്കുന്നു. അടുത്തിരുന്ന വെള്ളം എടുത്തു കുടിച്ചു.

 

ദൈവമേ ആനി.. അവൾ ഇപ്പോഴും തന്റെ പിന്നാലെ ഉണ്ടോ. 18വർഷം ആയിട്ടും അവൾ പോയില്ലേ. കുറെ നാളുകൾ മുൻപ് ഓർത്തിരുന്നു.. അവളുടെ ശാപം ആയിരിക്കാം തന്റെ കുടുംബം തകർന്നത് എന്ന്. പിന്നെ ആനിക്ക് തന്നെ ശപിക്കാൻ ആകില്ല എന്ന് തന്നെ വിശ്വസിച്ചു.

 

പക്ഷേ ഇപ്പോൾ.. കുറെയധികം വെള്ളം കുടിച്ചിട്ട് അയാൾ വീണ്ടും ചാരികിടന്നു.

 

ആനി..ഒരിക്കൽ തന്റെ പ്രാണൻ ആയിരുന്നവൾ. തന്റെ കളിക്കൂട്ടുകാരി, തന്റെ  ജൂനിയർ ആയി പഠിച്ചവൾ. ഒരേ നാട്ടുകാർ ആയിരുന്നത് കൊണ്ട് കോളേജിൽ പോക്കും വരവും മിക്കപ്പോഴും ഒന്നിച്ചാകും. അങ്ങനെ ആ സൗഹൃദം ഒരു പ്രണയമായി. അവൾക്ക് മാത്രം താൻ ‘ജയ്’ ആയിരുന്നു. ഒഴിവു ദിവസങ്ങളിൽ അവളുടെ വീടിന്റെ അപ്പുറത്തുള്ള കുന്നിൽചരിവിലെ വാകമരച്ചുവട്ടിൽ മണിക്കൂറുകൾ, എത്ര പറഞ്ഞാലും തീരാത്ത കഥകൾ.

 

അവൾ പ്രീഡിഗ്രിയോടെ പഠനം നിർത്തി. അന്ന് പെൺകുട്ടികൾ കൂടുതലും പ്രീഡിഗ്രി കഴിഞ്ഞു തയ്യലോ ടൈപ്പിങ്ങോ ഒക്കെ പഠിക്കുന്ന കാലം ആയിരുന്നു.

 

ഡിഗ്രിക്ക് കോളേജിൽ പോകുന്ന തന്നോട് അവൾ പറയും.

 

ദേ, ജയ്,. അവിടെ വല്യവിട്ടിലെ കുട്ടികളും വല്യ ഫാഷൻകാരും ഒക്കെ കാണും കേട്ടോ. അവരോട് കൂടുതൽ വർത്താനം ഒന്നും പറയണ്ട. എനിക്ക് പേടിയാ,  ജയ് എന്നെ മറന്നു പോയാലോ.

       

അവളെ ചൊടിപ്പിക്കാൻ താൻ പറയും.

പിന്നെ..

 

നീ പറഞ്ഞാൽ ഞാൻ മിണ്ടാതെ ഇരിക്കുവോ. നല്ല ആരേലും ഒത്തു വന്നാൽ ഞാൻ ആ വഴി പോകും. നിന്നെ പോലെ ഒരു പോത്തിനെ ആർക്കു വേണം.

 

അത് കേൾക്കുമ്പോൾ അവൾക്ക് കലി കേറും. തന്റെ കയ്യിൽ മാന്തി പറിക്കും. കൈ വിരൽ പിടിച്ചു കടിക്കും. എന്നിട്ട് തോളിൽ ചാരി ഇരിക്കും..

 

‘‘ജയ്.. നീ എന്നെ മറന്നാൽ പിന്നെ ഞാൻ കാണില്ല. എനിക്ക് പറ്റില്ല എന്റെ ജയ് കൂടെയില്ലാതെ..’’

 

അപ്പോൾ അവളെ ചേർത്ത് പിടിക്കുംതാൻ. എന്നിട്ട് പതിയെ പറയും.

 

എടി പോത്തേ, എവിടെ പോയാലും എന്റെ മനസ്സിൽ നീ ഇല്ലാതെ വരുവോ. മരണം വരെ എനിക്ക് നീ കൂടെ വേണം..

 

അവളുടെ മടിയിൽ കിടന്നു ആകാശത്തേയ്ക്ക് നോക്കി കിടക്കാൻ ഭയങ്കര ഇഷ്ടം ആയിരുന്നു തനിക്ക്. അപ്പോൾ അവളുടെ കൈവിരലുകൾ തന്നെ തഴുകും. തന്റെ തലയിൽ അവൾ തലോടുമ്പോൾ എന്തെന്നില്ലാത്ത ഒരു സുഖം ആയിരുന്നു.. പ്രണയം  നെഞ്ചിൽ പടർന്നു കയറിയിരുന്ന നാളുകൾ.

 

അവൾ തന്നെ ജീവനേക്കാൾ ഏറെ സ്നേഹിച്ചു. അവളുടെ കണ്ണിൽ ദൈവം എന്നത്പോലും തന്റെ രൂപം ആയിരുന്നു. ഇടയ്ക്ക് അവൾ ചോദിക്കും..

 

‘‘ജയ്ക്ക് ജോലി ഒക്കെ കിട്ടുമ്പോൾ അതുപോലെ ഒരു ജോലിക്കാരിയെ കല്യാണം കഴിക്കാൻ തോന്നില്ലേ.’’

   

അത് ചോദിക്കുമ്പോൾ പോലും അവളുടെ ഉള്ള് പിടയ്ക്കുന്നത് തനിക്കു അറിയാം.

 

എന്റെപൊന്നു, നീ കൂടെ ഇല്ലാതെ എനിക്ക് പറ്റുവോ. ഓർമ്മവെച്ച നാൾ മുതൽ നീ കൂടെയുണ്ട്. എന്റെ ജീവിതത്തിൽ നിന്നെ മാറ്റിനിർത്തി ഞാൻ വേറെ ഒരു വിവാഹം കഴിക്കും എന്ന് തോന്നുണ്ടോ നിനക്ക്.

 

ഇല്ല ജയ്.. എന്നാലും നീ അങ്ങനെ പറയുമ്പോൾ മനസിന്‌ ഒരു ധൈര്യം.

 

ഡിഗ്രി അവസാന വർഷം ഒക്കെ ആയപ്പോൾ പഴയപ്പോലെ അവളെ കാണാൻ സമയം കിട്ടാതെ ആയി. ആ കൂടെ പാട്ട് കൂടുതൽ ശ്രദ്ധിക്കാനും തുടങ്ങി. കോളേജ് പ്രോഗ്രാം, പള്ളിയിൽ അങ്ങനെ ഓരോ പരിപാടികളുടെ പ്രാക്ടീസ് ഒക്കെ ആയി മുഴുവൻ തിരക്കായി മാറി. എല്ലാ ദിവസവും അവളെ കാണുന്നത് കുറഞ്ഞു.

ഞായർ മാത്രം ആയി കാഴ്ച. അപ്പോഴും എന്തെങ്കിലും തിരക്ക് കാണും.

പിന്നെ പതിയെ പതിയെ കാണാൻ പോകാതെ ആയി.

കരഞ്ഞു കലങ്ങിയ അവളുടെ മുഖം കാണുമ്പോൾ ദേഷ്യം ആയി.

   

എപ്പോഴും നിനക്ക് കൂട്ടിരിക്കാൻ പറ്റുവോ. ഞാൻ ഒരാണല്ലേ. എനിക്ക് എന്റേതായ കാര്യങ്ങൾ ഇല്ലേ. നിനക്ക് എന്നും പതിനേഴുകാരി ആയി നടന്നാൽ മതി. ഈ അളിഞ്ഞ പ്രേമം കാണുമ്പോൾ എനിക്ക് അറപ്പ് തോന്നുവാ.

 

എന്നും പറഞ്ഞു താൻ ദേഷ്യപ്പെടുമ്പോൾ അവൾക്ക് സഹിക്കാൻ പറ്റുമായിരുന്നില്ല. ചങ്ക് പൊട്ടിയുള്ള കരച്ചിൽ കാണുമ്പോൾ താൻ പറയും.

‘തുടങ്ങി, പൂങ്കണ്ണീർ എനിക്ക് ഇത് കാണുമ്പോൾ ദേഷ്യം....’

 

ജയ്, നിനക്ക് എങ്ങനെ ഇങ്ങനെ മാറാൻ പറ്റി. നിന്റെ മനസ്സിൽ മറ്റാരെങ്കിലും ഉണ്ടോ..

 

തുടങ്ങി, അടുത്തത്. എനിക്ക് എപ്പഴും നിന്റെ പാവാടച്ചരടിൽ തൂങ്ങാൻ വയ്യ. എനിക്ക് എന്റേതായ കാര്യങ്ങൾ ഉണ്ട്.

 

തനിക്കു വേണ്ടി ജീവൻ വേണേലും തരും എന്ന് പൂർണ്ണ ഉറപ്പുണ്ടായിട്ടും, എന്തോ അവളെ അകറ്റി നിർത്തി..

അവൾ ആദ്യമേ പറഞ്ഞപോലെ തനിക്കു ജോലി ഒക്കെ ആയാൽ ഇവൾ പോരാ എന്ന തോന്നൽ, കുറച്ചു കൂടി പരിഷ്കാരി ആയ പെൺകുട്ടികളെ കണ്ടപ്പോൾ എന്തോ ഒരു അകൽച്ച.

 

പിന്നെ വീട്ടിൽ ചെറിയ ഒരു സംശയം തോന്നിയതെ അമ്മയുടെ വക വഴക്ക്. ചാച്ചൻ അറിഞ്ഞാൽ ശരിയാക്കും എന്ന് ഭീഷണി. പക്ഷേ അവളെ ഉപേക്ഷിക്കാനും മടി.

പരമാവധി ഒഴിവാക്കി ശീലിച്ചു. എല്ലാദിവസവും കാണുമായിരുന്നത് ആഴ്ചയിൽ ഒന്ന്, ഇത്തിരി നേരം ആക്കി.

 

പിന്നെ പതിയെ കാണാതെ ആയി. പള്ളിയിൽ വെച്ചു കണ്ടപ്പോഴൊക്കെ അവളുടെ മുഖം വാടിയിരിക്കുന്നത് കണ്ടില്ല എന്ന് നടിച്ചു. ഇടയ്ക്കിടെ അവൾ പള്ളിയിലും വരവ് കുറച്ചു. ഡിഗ്രിക്ക് ശേഷം സംഗീതം പഠിക്കാൻ പോയ തന്റെ മനസ്സിൽ അവൾ ഉണ്ടായിരുന്നില്ല. പിരിഞ്ഞിട്ട് ഏതാണ്ട് ഒന്നര വർഷം ആയി കാണും അപ്പോൾ.

 

ഒരുദിവസം രാവിലെ അമ്മ വന്നു വിളിച്ചുണർത്തി. ഡാ, എഴുനേല്ക്ക്, നെല്ലിമൂട്ടിലെ ആ കൊച്ച് മരിച്ചു എന്ന്.

നെല്ലുമൂട്ടിലെ ആര്?. ഒരു നിമിഷം പകച്ചു പോയി. ആനിക്ക് ഒരു അനിയത്തി കൂടെയുണ്ട്. ആരാണോ

 

‘ആരാ അമ്മേ.. എന്ത് പറ്റിതാ.’

 

ആ ആനി ഇല്ലേ, കുറച്ചു കാലം നിന്റെ പുറകെ നടന്ന ആ പെണ്ണ്.

 

എന്നും പെണ്ണിന് ആണല്ലോ കുറ്റം. 

 

ആനിക്ക് എന്ത് പറ്റിതാ അമ്മേ..

 

അവൾ ദേ, അവരുടെ താഴെ ഏതോ മരക്കൊമ്പിൽ തൂങ്ങിന്നു.

 

നീ ഇനി അതിന്റ പുറകെ പോകാനും കാണാനും ഒന്നും നിൽക്കണ്ട. വേഗം പോകാൻ നോക്ക്. തന്നെ ചത്തത് അല്ലേ.. ഇനി പോലീസും കേസും ഒക്കെ കാണും.

 

ദൈവമേ അവൾ..

പോലീസും കേസും.. അമ്മ പറഞ്ഞപ്പോൾ പേടി.

താൻ കാരണം ആണോ. ഏയ് അങ്ങനെ ആരുന്നെങ്കിൽ നേരത്തെ ചെയ്യില്ലേ. ഇതിപ്പോൾ വേറെ എന്തെങ്കിലും ആയിരിക്കും. എന്നാലും ഒരു വല്ലായ്മ. പോലിസ് തന്നെ തിരക്കി വരുവോ. ഉള്ളിൽ പേടി ഉണ്ടായിരുന്നിട്ടും വേഗം എഴുന്നേറ്റ് ഓടി.

കുറച്ചകലെവെച്ചേ കണ്ടു... തങ്ങളുടെ പ്രേമസല്ലാപങ്ങളുടെ കൂടാരത്തിന്റെ ശിഖരത്തിൽ, ആ വാകമരത്തിന്റെ ചില്ലയിൽ പിങ്കിൽ കസവുള്ള സാരിയുടുത്തു അവൾ. ദൈവമേ..

 

ഈ സാരി?

 

താൻ രണ്ടു വർഷം മുൻപ് അവളുടെ പിറന്നാളിന് വാങ്ങി കൊടുത്തത് ആണ്. പിറ്റേ പെരുന്നാളിന് ആ സാരിയുടുത്ത് അവൾ തന്റെ കൂടെ ചേർന്ന് നിന്നു ഇടയ്ക്ക്. പിന്നെ എപ്പഴോ അവൾ പറഞ്ഞു..

 

‘‘ജയ്, എന്നെ കല്യാണം കഴിക്കുന്നതിനു മുൻപ് ഞാൻ മരിച്ചെങ്ങാനും പോയാൽ മന്ത്രകോടി പുതപ്പിക്കുന്നപോലെ എന്നെ ആ സാരി പുതപ്പിക്കണം’’ എന്ന്.

 

പിന്നെ അവിടെ നിൽക്കാൻ തനിക്ക് ആകുമായിരുന്നില്ല. ഒന്ന് നെഞ്ചു പൊട്ടിക്കരയാൻ കൊതിച്ചു. പോലീസ് വരണമെങ്കിൽ കുറച്ചു താമസം എടുക്കും. ആളുകൾ അവിടവിടെ മാറി നിൽക്കുന്നുണ്ട്. തന്റെ ശരീരം തളരുന്ന പോലെ തോന്നി. അവൾ എത്രമാത്രം തന്നെ സ്നേഹിച്ചിരുന്നു. തനിക്കം അത് അറിയാമായിരുന്നിട്ടും താൻ അവളെ ഉപേക്ഷിച്ചു. അവളെകൊന്നത് താൻ ആണ്.

ആ വേദനയിലും ഉള്ളിൽ ഒരു പേടി.. മരിക്കുന്നതിന് മുൻപ് അവൾ എന്തെങ്കിലും എഴുതി വെച്ചു കാണുവോ.. ദൈവമേ ഇനി എന്തൊക്കെയാവും..

 

അവളുടെ വീട്ടിൽ ഒന്ന് ചെന്നു നോക്കിയാലോ. ആള് കൂടുന്നതിനു മുൻപ് എന്തെങ്കിലും ഉണ്ടോന്ന് അറിയാല്ലോ.

 

അവളുടെ വീട്ടിൽചെന്നപ്പോൾ അവളുടെ അമ്മ ഒന്നൂടെ ഉച്ചത്തിൽകരയാൻ തുടങ്ങി.

 

എടാ മോനെ നീ കണ്ടോ അവളെ.. നീയും അവളും കൂട്ടല്ലാരുന്നോ. അവൾ എന്തിനാടാ ഇങ്ങനെ ചെയ്തേ.. താൻ അവിടെ വീണു ചത്തുപോകും എന്ന് തോന്നി. പതിയെ മുറ്റത്തേയ്ക്ക് ഇറങ്ങിയപ്പോൾ പുറകിൽ നിന്നും ഒരു വിളി.

 

ജെയിംസ് ചേട്ടാ..

 

റിനിമോളാണ്.. ആനിടെ അനിയത്തി..

ദൈവമേ.. എന്താണോ.. ഒരു നിമിഷം ഉള്ള് പിടഞ്ഞു. ഇവൾക്ക് അറിയാമായിരുന്നു ഞങ്ങളുടെ ഇഷ്ടം.. ഇടയ്ക്ക് ഹംസത്തിന്റെ റോളും അവൾക്ക് ആയിരുന്നു.

 

എന്താ മോളെ.. ആനി എന്തിനാ ഇങ്ങനെ.. നിന്നോട് എന്തെങ്കിലും പറഞ്ഞിരുന്നോ.

 

പറഞ്ഞിരുന്നു.. ചേച്ചിക്ക് നിങ്ങളെ മറക്കാൻ ആകുമായിരുന്നില്ല.  ചേച്ചിക്ക് വേറെ കല്യാണം ഒക്കെ ആലോചിച്ചു തുടങ്ങിയപ്പോഴേ എന്നോട് പറഞ്ഞിരുന്നു.. ചേച്ചിടെ ജയ് ടെ കൂടെ അല്ലാതെ ചേച്ചിക്ക് ജീവിക്കാൻ ആകില്ല എന്ന്. അത്രമാത്രം ഇഷ്ടം ആയിരുന്നു എന്റെ ചേച്ചിക്ക് നിങ്ങളോട്. പിന്നെ എന്തിനാ എന്റെ ചേച്ചിയെ ചതിച്ചേ.. അവൾ നിങ്ങളെ ജീവനേക്കാൾ ഏറെ സ്നേഹിച്ചിരുന്നു.. പക്ഷേ ഞാൻ ആരോടും ഒന്നും പറയില്ല ജെയിംസ് ചേട്ടാ.

 

കാരണം എന്റെ ചേച്ചി എന്നും നിങ്ങൾക്ക് നല്ലത് വരാൻ മാത്രം പ്രാർത്ഥിച്ചിരുന്നു. അത്ര അധികം ചേച്ചി നിങ്ങളെ സ്നേഹിച്ചിരുന്നു എന്ന് അറിയാവുന്ന ഞാൻ ഒരിക്കലും നിങ്ങളെ ഉപദ്രവിക്കില്ല.

 

പക്ഷേ ഒരു അപേക്ഷ മാത്രം. താൻ നിറഞ്ഞു തുളുമ്പിയ കണ്ണുയർത്തി അവളെ നോക്കി..

 

അവൾ തന്റെ നേരെ കൈകൂപ്പി..

 

ഇനി ആരെയും ഇങ്ങനെ ചതിക്കല്ലേ. നിറവേറ്റാൻ പറ്റാത്ത മോഹങ്ങൾ ഒന്നും കൊടുക്കല്ലേ. സ്നേഹം നടിച്ചു കൊല്ലല്ലേ.

 

അതും പറഞ്ഞു അവൾ വിതുമ്പി. ആരൊക്കെയോ അവിടേയ്ക്ക് നടന്നു വരുന്ന കണ്ട അവൾ പെട്ടെന്ന് അകത്തേയ്ക്ക് പോയി.

അവിടെ പിടഞ്ഞു വീണു മരിച്ചു പോയെങ്കിൽ എന്ന് ആശിച്ചു പോയ നിമിഷങ്ങൾ. ആരും ഇല്ലാത്ത സ്ഥലം നോക്കി കുന്നിൻചരിവിലെ പുൽതകിടിയ്ക്ക് മേളിൽ കിടന്നു നെഞ്ച് പൊട്ടി കരഞ്ഞു.

 

പിന്നെ ഏതാണ്ട് രണ്ട് വർഷം.. അത് ഒരു വേദന ആയി ഉള്ളിൽ ഉണ്ടായിരുന്നു. പതിയെ എല്ലാം സാധാരണ പോലെ ആയി. പിന്നെയും രണ്ടു വർഷം കഴിഞ്ഞാണ് വിവാഹം കഴിച്ചത്. അപ്പോൾ അതൊന്നും മനസ്സിൽ ഉണ്ടായിരുന്നില്ല.

പിന്നീട് വഴക്ക് പതിവായപ്പോൾ ഇടയ്ക്ക് ഓർത്തിരുന്നു.. അവളുടെ കണ്ണീരാകും ഇതിനെല്ലാം കാരണം എന്ന്.

 

ജെയിംസ് കുറച്ചു കൂടി വെള്ളമെടുത്തു കുടിച്ചു. ഇപ്പോൾ ആനി എന്തിനാകും തന്നെ തിരക്കി വന്നത്. ഇപ്പോഴും അവൾ തന്റെ കൂടെയുണ്ടെന്നല്ലേ അതിനർത്ഥം.

തന്റെ സങ്കടം കാണാൻ അവൾക്ക് ഇപ്പോഴും കഴിയുന്നില്ല, അതാകും കൂടെ ചെല്ലാൻ വിളിച്ചേ.

 

ഒരുനിമിഷം ജെയിംസ്ന്റെ ചിന്ത വഴിമാറി.

ശരിയാണ്.. താൻ ഇനി എന്തിനു ജീവിക്കണം. എത്ര അകന്നു നിന്നാലും മക്കൾ തന്നെ വിട്ടു പോകില്ല എന്ന് കരുതുമായിരുന്നു.

 

കോടതി മുറിയിൽ അവർക്ക് അമ്മയ്‌ക്കൊപ്പം പോകണം എന്ന് പറഞ്ഞപ്പോൾ താൻ ഒറ്റപെട്ടുപോയി. ഇനി ആർക്കുവേണ്ടി ജീവിക്കണം. ഒരുപക്ഷെ ആനി ആയിരുന്നു കൂടെയെങ്കിൽ തന്റെ തോന്നിവാസങ്ങൾ എല്ലാം പൊറുത്തു സ്നേഹത്തോടെ തന്റെ ഒപ്പം കാണുമായിരുന്നു. അവളെ താൻ കൊന്നതാണ്.

അന്ന് റിനി മോൾ ആരോടും ഒന്നും പറയാഞ്ഞത് കൊണ്ട് താൻ രക്ഷപെട്ടു. വേണ്ട.. അങ്ങനെ രക്ഷപെടേണ്ട. ഈ ലോകത്ത് തന്നെ മനസിലാക്കാൻ, തന്റെ കൂടെ നിൽക്കാൻ ആരുമില്ല.

 

ജെയിംസ് പതിയെ എഴുന്നേറ്റു.. അലമാര തുറന്നു.. അതിൽ നിന്നും ഒരു കുപ്പിയെടുത്തു. ഉറക്കം ഇല്ലാത്തതിന് ഡോക്ടർ കൊടുത്ത ഉറക്കഗുളിക.. അത് കഴിച്ചുറങ്ങാൻ മടിയായിരുന്നു.

 

ഒരുദിവസം കഴിച്ചപ്പോൾ രാവിലെ വല്ലാത്ത ക്ഷീണം. അതുകൊണ്ട് കിട്ടിയപടി ഇരിപ്പുണ്ട്. ജെയിംസ് ആ ഗുളികകൾ എടുത്തു..ആരും ഇല്ലാതെ ജീവിക്കുന്നതിലും നല്ലത് മരണം ആണ്. അത് ഓർമ്മിപ്പിക്കാൻ ആകും ആനി ഇന്ന് തന്നെ വന്നത്..

 

എടുത്തു വെച്ചിരുന്ന വെള്ളം മുഴുവൻ തീർന്നു. ഫ്രിഡ്ജിൽ ഉണ്ടോ ഇല്ലയോ.. അയാൾ എഴുന്നേറ്റ് ഫ്രിഡ്ജിനടുത്തേയ്ക്ക് നടന്നു. പെട്ടെന്ന് അയാളുടെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി.

 

തോമസ് സാർ ആകും.. താൻ എന്തിയേന്ന് അറിയാൻ. കാൾ എടുക്കണ്ട. തന്റെ പിടിവിട്ടു പോകും.

 

ജെയിംസ് വെള്ളമെടുത്തു തിരിച്ചു വന്നു. ഗുളിക എടുത്തു കയ്യിൽ പിടിച്ചു. എവിടെയോ ഒരു പേടി. മരിക്കാൻ അല്ലേലും ആർക്കാ പേടിയില്ലാത്തത്. പക്ഷേ അങ്ങനെ പേടിച്ചാൽ എങ്ങനെ..

 

അപ്പോഴേയ്ക്കും വീണ്ടും ബെൽ അടിച്ചു തുടങ്ങി. ഫോൺ ഓഫാക്കി വെയ്ക്കാം. അല്ലെങ്കിൽ ആരെങ്കിലും വിളിച്ചാലോ. അയാൾ ഫോൺ എടുത്തുനോക്കി.

ദൈവമേ... നീനയുടെ നമ്പർ..

 

ജെയിംസ് വിറയാർന്ന കൈകൾ കൊണ്ട് ഫോൺ എടുത്തു.

ഹെലോ...

അയാൾക്ക് സ്വരം ഇടറി.

‘‘അച്ഛാ, ഞാനാ.. നിമിഷ.’’

 

മോളെ... മോൾ ഇപ്പോൾ.. അമ്മ കണ്ടില്ലേ..

 

കണ്ടു അച്ഛാ.. ഒന്നും പറഞ്ഞില്ല..

 

മുറിയിൽ നിന്നും ഇറങ്ങിപ്പോയി.

 

മോളെ.. മോൾ അമ്മയ്ക്കൊപ്പം പോയാൽ മതീന്ന് പറഞ്ഞപ്പോൾ അച്ഛൻ ഓർത്തു.. ഇനി മോൾ അച്ചനെ വിളിക്കില്ല എന്ന്.

അത്.. അച്ഛാ. ഞാൻ അച്ഛനൊപ്പം പോന്നാൽ അമ്മ എന്ത് ചെയ്യും. അനിയൻ കുട്ടൻ എന്ത് ചെയ്യും. ഞാൻ വരും അച്ഛാ. എനിക്ക് അച്ഛനെ വേണം.

മോളെ...

അയാൾ പൊട്ടികരഞ്ഞു പോയി.

അച്ഛാ.. അച്ഛൻ ചീത്ത ആകാതെ ഇരിക്കണം. കുടി നിർത്തണം. കുറച്ചു നാൾ കഴിഞ്ഞു അമ്മയെം കൂട്ടി വരാം ഞാൻ.

അതുവരെ അച്ഛൻ നല്ല കുട്ടി ആയിട്ടിരിക്കണം കേട്ടോ..

ഉവ്വ് മോളെ.. അച്ഛൻ ഇനി ചീത്തയാകില്ല.. ഒരിക്കലും. ഇനി അച്ഛൻ ആരോടുംവഴക്കിടില്ല..

ഓക്കേ അച്ഛാ..

അവൾ ഫോൺ വെച്ചു.

അയാൾ കയ്യിലിരുന്ന ആ ഗുളികകളിലേയ്ക്ക് നോക്കി..

ജീവിക്കണോ.. മരിക്കണോ..

ഒരുനിമിഷം.

 

ഞാൻ വരും അച്ഛാ.. മോളുടെ സ്വരം..

ജയ്.. എന്തിനാ ഇങ്ങനെ വിഷമിക്കുന്നെ..

ആനിടെ സ്വരം..

ദൈവമേ...

 

അയാൾ.. ഒരിക്കൽ കൂടി കൈവെള്ളയിലേയ്ക്ക് നോക്കി.

ആ ഗുളികകൾക്ക് മേലെ മോളുടെ ചിരിക്കുന്ന മുഖം പോലെ..

ജെയിംസ് ആ ഗുളികകൾ ഉയർത്തി.. ജനൽപാളികൾക്കിടയിലൂടെ അവ മുറ്റത്തു ചിതറി വീണു.

ജെയിംസ് കണ്ണുകൾ അടച്ചു..മോളുടെ ചിരി, മോന്റെ കുസൃതികൾ.. നീന.. അവൾ അതൊക്കെ കണ്ടുകൊണ്ട് തന്റെ ഒപ്പം...

അതെ... അവർ വരും..

 

ഇനിയും തന്റെ ജീവിതത്തിൽ വസന്തം വരും..

ക്ഷമിക്ക് ആനി.. വീണ്ടും ഞാൻ നിന്നെ ഒറ്റയ്ക്ക് വിടുവാ.. എന്റെ മക്കൾ.. അവർക്ക് അവരുടെ അപ്പൻ വേണ്ടേ..

 

മുറിവേറ്റ നിന്റെ ഹൃദയം ശപിക്കില്ല എന്ന് അറിയാം.. എങ്കിലും ആനി.. മാപ്പ്..

 

English Summary: Nashtappetta Penvasanthangal Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com