‘ചെറിയ കുട്ടികളെ പോലും വെറുതെ വിടാത്ത നരാധമന്മാർക്ക് ഒരു പെൺകുട്ടി കൊടുത്ത ശിക്ഷ’

young-girl-window-silhouette
Representative Image. Photo Credit : Bruce Stanfield / Shutterstock.com
SHARE

കരിമ്പിൻപൂവ്... (കഥ)

ഹൈവേയിൽ നിന്ന് ലക്ഷ്മിപുരത്തേക്കുള്ള  റോഡിലേക്ക് കാർ ഓടിച്ചിറക്കുന്ന സമയം ധനുഷിന്റെ  ചിന്തകൾ മുഴുവൻ റോഡിന്റെ  ഇരുസൈഡിലും  പൂത്തുനിൽക്കുന്ന ആ കരിമ്പിൻപാടങ്ങളെ പറ്റി ആയിരുന്നു, പൂത്തു നിൽക്കുന്ന ഈ കരിമ്പിൻപാടങ്ങൾക്ക് ഇടയിൽ വച്ചാണ് മൂന്നു വർഷം മുൻപൊരു രാത്രിയിൽ അവളെ താൻ കണ്ടു മുട്ടിയത്,, കയ്യിൽ ചോരയൊലിക്കുന്നൊരു വാളുമേന്തി നിൽക്കുന്ന  ചിലപ്പതികാരത്തിലെ കണ്ണകിയെ പോലെയൊരു  സ്ത്രീരൂപം.

ലക്ഷ്മിപുരത്തിനു സമീപമുള്ള വില്ലുപുരം എന്ന  ഊരിലെ ജമീന്താറായിരുന്ന രാജപാണ്ടി കൗണ്ടറുടെയും കുമുദവല്ലിയുടെയും മകൻ ധനുഷ് വിദേശത്തുനിന്നും  പഠനം പൂർത്തിയാക്കി ഊരിലേക്ക് തിരിച്ചു വന്ന വഴിയിലാണ് ആ കണ്ണകിയെ അവിചാരിതമായി കണ്ടു മുട്ടിയത്.

കാർ നിർത്തണോ വേണ്ടയോ എന്ന് ആദ്യമൊന്നു ഞാൻ സംശയിച്ചിരുന്നു, അവളെ കടന്നു മുന്നോട്ട് പോയ എന്റെ  കാറിനു നേരെ താഴെകിടന്ന മണ്ണ് വാരിയെറിഞ്ഞു ശാപവാക്കുകൾ ഉരുവിടുന്ന ആ പെണ്ണിനോട് എന്തോ എനിക്കൊരു ഒരു ദയ തോന്നി ,  അറിയാതെ എന്റെ കാൽ ബ്രേക്കിലമർന്നു. കാർ നടുറോഡിൽ തന്നെ നിർത്തി ഞാൻ അവൾക്ക് അരികിലേക്ക്  ഓടിച്ചെന്നു..  

അവൾ ആകെ പരിഭ്രമിച്ചിരുന്നു, എന്താണ് കാര്യമെന്ന്  ഞാൻ അവളോട് അന്വേഷിച്ചു. അവൾ മറുപടി ഒന്നും പറയാതെ കയ്യിലിരുന്ന വാൾ നിലത്തേക്ക് ഇട്ട് ശേഷം എന്റെ കൈകൾ കൂട്ടിപിടിച്ചു കൊണ്ട് ഉറക്കെ പൊട്ടിക്കരഞ്ഞു. എന്താണ് കാര്യമെന്ന് ഞാൻ പലതവണ അവളോട് ചോദിക്കുന്നുണ്ടായിരുന്നു, പെട്ടന്ന് അവൾ എന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് ആ കരിമ്പിൻ പാടത്തിന്റെ അകത്തേക്ക് ഓടാൻ തുടങ്ങി, എനിക്ക് ചെറുതായി ഒരു ഭയം തോന്നി.

‘‘ആൺകുട്ടികൾ ഭയക്കരുത് അയ്യനാരെ പോലെ  വാളേന്തിയ വീരന്മാർ ആകണമെന്ന് അയ്യാ എപ്പോഴും പറയുമായിരുന്നു. ആ വാക്കുകൾ കേട്ടു വളർന്നിട്ടും കടൽ കടന്നു പുറം രാജ്യത്ത് പോയി പഠിച്ചിട്ടു വന്നിട്ടും  താൻ ഭയപെടുന്നതോർത്ത് അവന് ചെറിയൊരു ചമ്മൽ  വന്നു, ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട് വേഗത്തിൽ  പായുന്ന ഈ പെണ്ണിന്റെ  ഉശിരു പോലും എനിക്കില്ലേ എന്ന് ആലോചിച്ചു കൊണ്ട് അവളുടെ ഒപ്പം വേഗത്തിൽ ഓടി ഞാൻ ചെന്നു നിന്നത് വിളവെടുത്തു ശൂന്യമായ  ഒരു ചോളപാടത്തിന്റെ നടുവിലായിരുന്നു. 

അവിടെ കണ്ട കാഴ്ച എന്നെയൊന്നു ഞെട്ടിച്ചു. നാലു പുരുഷന്മാർ അരയ്ക്ക് താഴേക്ക് രക്‌തത്തിൽ കുളിച്ചു കിടന്നു പിടയുന്നു. അവർക്കു അരികിലായി പത്തു വയസ്സുള്ള ഒരു ചെറിയ പെൺകുട്ടി പേടിച്ചരണ്ടു തേങ്ങി കരയുന്നു. എനിക്കെന്താണ് അവിടെ സംഭവിച്ചതെന്ന് മനസിലായില്ല.. ഞാൻ സംശയത്തോടെ അവൾക്ക് നേരെ എന്റെ മിഴികൾ ഉയർത്തി. ആ ഇരുട്ടിൽ  പാറിപ്പറക്കുന്ന മിന്നാമിന്നികളെക്കാൾ തിളക്കവും മൂർച്ചയും അവളുടെ കണ്ണുകൾക്ക് ഉണ്ടെന്നു എനിക്ക് തോന്നി. 

‘‘ചിന്നപൊണ്ണ്, അത് കൂടെ പാക്കാമെ ഇന്ത പടു പാവിങ്ക.. പാത്തിക്കിട്ടു സുമ്മാ സില മാതിരിയാ ഇരിക്ക മുടിയും? ഇനിമേ എന്ത പൊണ്ണേ പത്താലും തിരുമ്പി പാക്കവേ മാട്ടാങ്ക്, ഉപ്പ് സെർത്തു താൻ നാൻ മൂന്നുവേള സാപ്പിടറത്. എന്നാലേ മുടിയിലായ്, അതിനാലേ  മുടിച്ചിട്ടെൻ.. പൊണ്ണ് നാ കൂടെ പടുക്കറുതുക്കും പുള്ള പെത്തെടുക്കറതക്കും  മട്ടുമാ,,?,,  തിരുത്ത മുടിയാത് സാർ ഇന്ത ഉലകത്തയെയും , ഇവങ്കളെയും   തിരുത്തവേ മുടിയാത്, തിരുന്തവേ മാട്ടാങ്ക സാർ,,, 

അവൾ വിങ്ങിപ്പൊട്ടിക്കൊണ്ടാണ് പറഞ്ഞു തീർത്തത്. കണ്ണകി ആ നിമിഷം ഒരു പെണ്ണായി മാറിയെന്ന് എനിക്ക്  മനസ്സിലായി. അവൾ  കാര്യങ്ങൾ ഏകദേശം എനിക്ക് മനസ്സിലാക്കി തന്നു. റോഡിലൂടെ നടന്നു പോകുന്ന  പെൺകുട്ടികളെയോ സ്ത്രീകളെയോ വസ്ത്രമുരിഞ്ഞ് കാണിക്കുന്ന  ചില ഞരമ്പ് രോഗികൾ ഉണ്ട്, അവരുടെ ലക്ഷ്യം ശാരീരികവും മാനസികവുമായ സംതൃപ്തി തന്നെയാണ്. പലപ്പോഴും ഇത്തരം നഗ്നതാപ്രദർശനങ്ങൾ മറ്റു പലതിലേക്കും അതിരു കടക്കുകയും ചെയ്യുന്നു. ചെറിയ കുട്ടികളെ പോലും വെറുതെ വിടില്ല ആ നരാധമന്മാർ. 

പൊട്ടിക്കരയുന്ന ആ കൊച്ചു പെൺകുട്ടിയെയും  അവളെയും എന്റെ ഇരുകൈകളിലായി ചേർത്തു പിടിച്ചു ഞാൻ കാറിനരുകിലേക്ക് നടന്നു. അയ്യാ പറഞ്ഞു തന്നത് പോലെ ഞാൻ ഇന്ന് ഈ നിമിഷം എന്റെ കുലദൈവമായ അയ്യനാർ ആയി മാറി. കുറച്ചു ദൂരെ  ടൗണിൽ ഉള്ള ചെറിയൊരു ക്ലിനിക്കിലേക്ക് അവളെയും  ആ പെൺകുട്ടിയെയും ഞാൻ കൊണ്ടുപോയി. 

കാര്യങ്ങൾ പൊലീസിൽ വിളിച്ചറിയിച്ചു, അവർ ആ കാമവെറിയൻമാരെ നഗരത്തിലെ പ്രമുഖമായൊരു  ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. അടുത്ത ഊരിലെ സമ്പന്നരായ ജെമീന്താർമാരുടെ മക്കൾ ആയിരുന്നു ആ നാലുപേരും. ഈ ഊരിന്റെ ഭംഗി കാണാൻ ഇറങ്ങി ഈ മണ്ണിലെ പെണ്ണിന്റെ കൈക്കരുത്തറിഞ്ഞു ഇപ്പോൾ അത്യാസന്ന നിലയിൽ കിടക്കേണ്ടി വന്നു നാലുപേർക്കും.  

കാശും അധികാരവും അരങ്ങു തകർത്ത് ആടിയപ്പോൾ  ആ കണ്ണകിയുടെ ജീവിതം അഴികൾക്ക് ഉള്ളിലായി പോയി അടുത്ത മൂന്ന് വർഷത്തേക്ക്. പലപ്പോളും അവളെ കാണാൻ ജയിലിലേക്ക് പോകണം  എന്നുണ്ടായിരുന്നു. പക്ഷേ എന്തോ തോന്നിയില്ല, പോയിട്ട് എന്ത്‌ പറയും, ഞാൻ അവൾക്ക് ആരാണ്  എന്ന ചോദ്യം അവൾ ഉയർത്തിയാൽ എന്ത്‌ മറുപടി  നൽകും? അറിയില്ല. അയ്യാ പറഞ്ഞത് പോലെ അയ്യനാരാകാൻ  ഞാൻ ഒരുപാട് പഠിക്കേണ്ടിയിരിക്കുന്നു. 

മൂന്ന് വർഷം ഈ ഊര് മാറിപ്പോയി, ഞാൻ മാറിപ്പോയി, സാഹചര്യങ്ങൾ മാറിപ്പോയി, സമൂഹം മാത്രം മാറിയില്ല,, അവളോ? അതും അറിയില്ല. 

ഓർമകൾക്ക്  വല്ലാത്ത സുഗന്ധം തന്നെയാണെന്നു  ധനുഷ് ഓർത്തു. കരിമ്പിൻ പാടങ്ങൾ പിന്നിട്ടു കൊണ്ട്  കാർ മുന്നോട്ട് കുതിക്കവേ പൊടുന്നനെ ആരോ കുറേ കരിമ്പിൻപൂവുകൾ ചേർത്തു പിടിച്ചു കൊണ്ട് തന്റെ കാറിന് നേരെ കൈകാണിക്കുന്നത് അവൻ കണ്ടു. 

ധനുഷിന്റെ കാൽ ഒരിക്കൽ കൂടി പഴയത് പോലെ  അവിചാരിതമായി ബ്രേക്കിലമർന്നു. വർഷങ്ങൾക്ക് മുൻപ് താൻ കാർ നിർത്തിയ അതേ സ്ഥലത്ത് അവൻ കാർ തുറന്നു പുറത്തേക്ക് ഇറങ്ങി. കരിമ്പിൻപൂക്കൾ കൊണ്ട് തന്റെ മുഖം മറച്ചു നിൽക്കുന്ന അവളെ അവൻ വീണ്ടും കണ്ടു, ഇന്നവൾ കണ്ണകി അല്ല മുതൽ മര്യദയിലെ കുയിൽ ആണെന്ന് തോന്നി. എന്റെ സാന്നിധ്യം  മനസ്സിലായിട്ടും അറിഞ്ഞ ഭാവം പോലും കാണിക്കാതെ അവൾ അരികിൽ കാണുന്ന കരിമ്പിൻ പാടത്തിനകത്തേക്ക് ഓടി കയറിപ്പോയി.

തിരികെ കയ്യിൽ മൂന്നാലു കരിമ്പുമായി  അവൾ കാറിനരുകിൽ ചാരി നിന്ന എന്റെ അരികിലേക്ക്  വന്നു നിന്നു മറുത്തൊന്നും ചോദിക്കാതെ ഞാൻ കാറിന്റെ  പിൻസീറ്റിലെ ഡോർ തുറന്നു, അവളുടെ കയ്യിൽ നിന്നും ആ കരിമ്പു വാങ്ങി സീറ്റിന്റെ താഴേക്ക് വച്ചു ഡോർ അടച്ചു. തിരിച്ചു ഫ്രണ്ട് ഡോർ തുറന്നു അകത്തേക്ക്  കയറിയ ശേഷം എന്റെ അരികിലെ ഡോർ കയ്യെത്തി  അവൾക്ക് നേരെ തുറന്നു നീട്ടി, എന്റെ  കണ്ണുകളാൽ  അകത്തേക്ക് കയറി ഇരിക്കാൻ  അവൾക്ക് നേരെ  ആംഗ്യം കാണിച്ചു. ആദ്യമൊന്നു മടിച്ചെങ്കിലും അവൾ  ഓടി വന്നു കാറിൽ കയറി ഡോർ വലിയ ശബ്ദത്തിൽ ആഞ്ഞടച്ചു. ഒന്നും മിണ്ടാതെ ഞാൻ  കാർ സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ട് പതിയെ ഡ്രൈവ് ചെയ്തു.  

എന്റെ അരികിൽ ഇരിക്കുന്ന അവൾ വളരെ  സന്തോഷവതി ആണെന്ന് എനിക്ക് തോന്നി കാരണം ആ കരിമ്പിൻ പാടങ്ങൾ എല്ലാം തന്നെ ആദ്യമായി കാണുന്നത് പോലെ തന്റെ തല ഡോറിന്റെ സൈഡിലേക്ക് ചായ്ച്ചു വച്ചു അവൾ പുറത്തെ  കാഴ്ചകൾ കണ്ടു കൊണ്ടിരിക്കുക ആയിരുന്നു , അവളുടെ സന്തോഷം കണ്ടപ്പോൾ എനിക്ക് എന്തോ വല്ലാത്ത സംതൃപ്തി തോന്നി. 

കാറിന്റെ റൂഫ് വിൻഡോ ഓപ്പൺ ആക്കിയശേഷം   ഞാൻ  അവളേ തട്ടി വിളിച്ചു എന്റെ ചൂണ്ടു വിരൽ മുകളിലേക്ക് ഉയർത്തിക്കാണിച്ചു. അവൾ അത്ഭുതത്തോടെ മുകളിലേക്ക് ആദ്യം ഒന്ന് നോക്കി. പിന്നീട് എന്റെ കൈകളിൽ പിടിച്ചുയർന്നു മുകളിലേക്ക്  ചെന്നു ഉറക്കെ ഒച്ച വയ്ക്കാൻ തുടങ്ങി, 

തെരുവിലൂടെ പോകുന്ന ആളുകളോട് എല്ലാം അവൾ  എന്തൊക്കെയോ ഉറക്കെ കാര്യങ്ങൾ വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു. അവരുടെ ചോദ്യങ്ങൾക്ക് തിരിച്ചു മറുപടി പറയുന്നുമുണ്ടായിരുന്നു. പാതയുടെ ഇരുവശത്തുമായ നിന്ന ആളുകളുടെ നോട്ടം കാറിനകത്തിരിക്കുന്ന എന്റെ മേലേക്ക് നീളുന്നത് ഞാൻ  ചിരിയോടെ നോക്കിയിരുന്നു. ചെറിയ ചാറ്റൽ മഴ വീണതും അവൾ എന്റെ ചുമലിൽ പിടിച്ചു കൊണ്ട് താഴേക്കു ഊർന്നിറങ്ങി സീറ്റിലേക്ക്  ഇരുന്നു, ഞാൻ റൂഫ് വിൻഡോ ക്ലോസ് ചെയ്തു.. എന്നെ തന്നെ നോക്കിയിരുന്ന ആ കണ്ണകിയോട് ഞാൻ മെല്ലെ  ചോദിച്ചു.. 

‘‘ഉൻ പേർ എന്ന??’’ 

‘‘അയ്യോ അയ്യാ ഉങ്കളുക്ക് എൻ പേരെ തെരിയാതോ?’’ 

ഞാൻ ഇല്ല എന്നർത്ഥത്തിൽ എന്റെ തലകുലുക്കി. അവൾ സീറ്റിന് താഴെ കിടന്നിരുന്ന കരിമ്പിൻപൂവ്  കുനിഞ്ഞു എടുത്തു കൊണ്ട് അകലെ കാണുന്ന  ജമന്തിപൂക്കളുടെ കൃഷിയിടത്തിലേക്ക് നോക്കി കൊണ്ട് പറഞ്ഞു.. 

‘‘പൂങ്കൊടി..’’  

എന്റെ നോട്ടം കണ്ടാണോ അതോ ചിരി കണ്ടോ എന്തോ അവളുടെ മുഖം നാണത്താൽ ചുവന്നു തുടുത്തു. ഏതൊരു പെണ്ണിലും ഒരു കണ്ണകിയും മാധവിയും ഒളിഞ്ഞിരിപ്പുണ്ടെന്നു എനിക്കന്നു മനസ്സിലായി. അവളുടെ അനുവാദം ചോദിക്കാതെ  ഞാൻ കാർ വില്ലുപുരത്തിലേക്ക് തിരിയുന്ന  വഴിയിലേക്ക് തിരിച്ചു.... 

ഇന്നു തൈപൊങ്കൽ ആണ്, ദ്രാവിഡരുടെ വിളവെടുപ്പുത്സവമാണ് പൊങ്കൽ. മാർകഴിയുടെ അവസാന ദിവസം തുടങ്ങി തൈമാസം മൂന്നാം തിയതിയാണ് പൊങ്കൽ അവസാനിക്കുന്നത്. രണ്ടാം ദിവസമാണ് തൈപ്പൊങ്കൽ. 

വർണ്ണാഭമായൊരു കോലം അവൾ എന്റെ വീടിന്റെ  മുറ്റത്തൊരുക്കുന്നുണ്ടായിരുന്നു... അരി പാലിൽ ചേർത്ത് വേവിക്കാനായി എന്റെ വീടിന് മുറ്റത്ത് അടുപ്പു കൂട്ടാൻ ഞാൻ അവളെ സഹായിച്ചിരുന്നു. അവൾ അരിപൊടിയാൽ കോലം വരയ്ക്കുക ആയിരുന്നു ആ സമയത്ത്. കോലം  വരച്ചു കഴിഞ്ഞു  അവൾ ഒരു പാത്രത്തിൽ മഞ്ഞൾച്ചെടി കെട്ടി വയ്ക്കാൻ തുടങ്ങി.  

അരി, കരിമ്പ്, പഴം, നാളികേരം എന്നിവ സൂര്യന് സമർപ്പിക്കാനായി ഒരു തളികയിലാക്കി എന്റെ അമ്മ  അവൾക്ക് കൊണ്ട് വന്നു കൊടുത്തു. വിവാഹം കഴിഞ്ഞ് ഒരുവർഷം തികഞ്ഞ വധുവിന്റെ വീട്ടുകാർക്ക് പൊങ്കൽപാത്രം, അരി, ശർക്കര, പുതുവസ്ത്രം എന്നിവ നൽകുന്നൊരു ചടങ്ങ് ഉണ്ടായിരുന്നു എന്റെ ഊരിൽ. പക്ഷേ പൂങ്കൊടിക്ക് ഞാൻ മാത്രമാണ്  ഇപ്പോൾ സ്വന്തമായുള്ളത്. അവളുടെ രക്ഷിതാക്കളായി എന്റെ അയ്യാവും അമ്മയും. 

അവൾക്ക് അരികിൽ നിന്ന് കരിമ്പിന്റെ  തുണ്ട്  കടിച്ചുറഞ്ചുന്ന എന്നെ നോക്കിക്കൊണ്ട്  കഴുത്തിൽ  മഞ്ഞച്ചരടിൽ ഞാൻ  കെട്ടികൊടുത്ത താലിയിൽ തന്റെ വിരൽ കോർത്തു കൊണ്ട് പൂങ്കൊടി  എന്നെ നോക്കിയൊന്നു ചിരിച്ചു. ആ ചിരി കണ്ടതും ഞാൻ അവൾക്ക് അരികിലേക്ക്  ചെന്നു നിന്ന്  ഞാൻ കടിച്ചു കൊണ്ടിരുന്ന ആ  കരിമ്പിൻ തുണ്ട് അവൾക്ക് നേരെ  നീട്ടി.

എന്നാൽ അവൾ എന്റെ അരികിലേക്ക് നീങ്ങി വന്നു  എന്റെ കൈയ്യിൽ പിടിച്ചു വലിച്ചു കൊണ്ട്  അടുപ്പിൽ തിളച്ചു പൊന്തുന്ന അരിക്കലത്തിന്റെ അരികിലേക്ക് കൊണ്ട് വന്നു നിർത്തി. വിളവെടുപ്പ് കഴിഞ്ഞതിനാൽ അകലെ കരിമ്പിൻ പാടത്തു പൂക്കളൊന്നും കാണാൻ ഇല്ലായിരുന്നു. പക്ഷേ എന്റെ അരികിൽ ഒരു കരിമ്പ്    പൂത്തു വിരിഞ്ഞു നിൽപ്പുണ്ടായിരുന്നു എന്നെ  അയ്യനാർ ആക്കിയ പൂങ്കൊടി എന്ന കരിമ്പിൻപൂവ്.

English Summary: Writers Blog - Karimbinpoovu, Malayalam Short Story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;