ADVERTISEMENT

ഭൂമിയുടെ മറ്റേ അറ്റത്ത്

 

‘‘There was the anxiety that one day would not follow the next, combined with the certainty that it would.’’

The Lowland, Jhumpa Lahiri

 

ഏതാനും വർഷങ്ങൾക്കു മുൻപ് ഞങ്ങളുടെ അപാർട്മെന്റിൽ നിന്ന് വീടും നാടും മാറി പുറംദേശത്ത് താമസിക്കുന്ന ഒരു കൂട്ടുകാരിയുമായി ഇന്നലെ സംസാരിച്ചിരുന്നു. അവളുടെ അടുക്കളയിൽ നിന്ന് അല്ലെങ്കിൽ എന്റെ അടുക്കളയിൽ നിന്ന് പാചകം ചെയ്തു കൊണ്ട് സംസാരിക്കുന്നതു പോലെ! 

 

ഒരിക്കൽ അവളുടെ വിരലുകൾ മിക്സിയുടെ ബ്ലേഡിനിടയിൽ പെട്ട് മുറിഞ്ഞു. ഒരാൾക്ക് എങ്ങിനെ അതു സാധിക്കും എന്ന് അന്ന് ഞാൻ അതിശയിച്ചിരുന്നു. 

അവൾ കൈ മുറിഞ്ഞ് നിലവിളിക്കുന്ന സമയത്ത് അവളുടെ കുസൃതിയായ മകൻ കളിപ്പാട്ടം എവിടെയോ എറിഞ്ഞുടയ്ക്കുകയും ചെയ്തിരുന്നു. അവൻ നീളം വെച്ച് സൗമ്യനായ ഒരു കൗമാരക്കാരൻ ആയിരിക്കുന്നു, ഇപ്പോൾ. കൂടെ കളിക്കാൻ കൂട്ടുകാരോ, കൂടെ നില്ക്കാൻ പ്രകൃതിയോ ഇല്ലങ്കിലും ഒരു കൂസലുമില്ലാതെ മഴ നനഞ്ഞു കൊണ്ട് ഒറ്റയ്ക്ക് ബാസ്ക്കറ്റ് ബാൾ കളിക്കുന്ന ഒരാൾ. അവളുടെ ഭർത്താവ് അങ്ങിനെ ഒരാളായിരുന്നു. 

 

രാവിലെ ഞങ്ങൾ കട്ടൻ കാപ്പി കുടിക്കുന്ന സമയത്ത് തന്റെ സ്പോർട്സ് സൈക്കിളിൽ തനിച്ച് അയാൾ പുറത്തു പോവുന്നത് കാണാം, എന്നും. നിരവധി ഹളളികളിലൂടെ സൈക്കിൾ ചവിട്ടി തിരിച്ചു വീട്ടിൽ കയറുമ്പോൾ അയാളുടെ ചുണ്ടിൽ ഏതെങ്കിലും ഒരു പാട്ടിന്റെ വരികൾ അല്ലെങ്കിൽ ഈണം കാണും. അത് കോണിപ്പടികൾ കയറി ഞങ്ങളുടെ സ്വീകരണമുറിയിലെത്തുമ്പോൾ പണ്ടു കൗമാരത്തിലെവിടെയോ ഹോസ്റ്റൽ മുറിയിലോ മെസ് ഹാളിലോ അനുഭവിച്ച പുലരിയിലെ തണുപ്പ് പുരണ്ട ഏകാന്തത വീണ്ടും കയറി വരുന്നതു പോലെ എനിക്ക് തോന്നിയിരുന്നു. കാർപ്പറ്റു പതിച്ച കോണിപ്പടികളിലൂടെ സൈക്കിൾ ഒരു കൈയ്യിൽ തൂക്കിയെടുത്ത് കയറുമ്പോൾ ഞങ്ങളുടെ തുറന്നിട്ട വാതിലിൽ അയാൾ അല്പ നേരം നില്ക്കും. എന്നിട്ടു ചോദിക്കും, ‘‘ഇന്നും ദോശയാണല്ലേ!’’ ഞാൻ ആണെന്നോ അല്ലെന്നോ പറയാറില്ല. അടുക്കളയുടെ കൊച്ചു ബാൽക്കണി തുറന്ന് പുറത്തേക്ക് നിന്നാൽ സമ്മിശ്ര രുചി ഗന്ധങ്ങൾ വരുന്നത് അന്ന് പതിവായിരുന്നു. പുളിയോദരയുടേയും രസവടയുടേയും നെയ് ദോശയുടേയും ഗന്ധങ്ങൾ ബാൽക്കണിയിൽ കൂടിക്കുഴയും. 

 

വീടു വിട്ടു പോവുമ്പോൾ അവളുടെ അമ്മ സങ്കടപ്പെട്ടിരുന്നു, ഇനിയെന്നു കാണുമെന്ന്. കുടുംബങ്ങൾ ചലിച്ചു കൊണ്ടെയിരിക്കുന്ന ഒരു സമൂഹത്തിലാണ് ഞങ്ങൾ. എത്രയോ കുടുംബങ്ങൾ ഇവിടെ വന്നു പോയിരിക്കുന്നു. ഇതിനു മുൻപ് ഞങ്ങൾ തന്നെ പല വീടുകൾ മാറിയിരിക്കുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ എത്രയോ സൗഹൃദങ്ങൾ സ്ഥലം മാറി പോയിരിക്കുന്നു! പിന്നീട് ഇടയ്ക്കുള്ള ഒരു ഫോൺ കാളിലോ വാട്സാപ്പ് മെസേജിലോ മറന്നു പോവാതെ ചിലത് തിരികെ പിടിച്ചുവെന്ന് നടിക്കുന്നു! ഇതിനിടയിൽ വളർന്നു കഴിഞ്ഞ കുട്ടികളുടെ ചിത്രങ്ങൾ കണ്ട് അതിശയിക്കുന്നു! അച്ഛനെ കൊണ്ട് രണ്ട് ലോലി പോപ്പ് വാങ്ങിപ്പിച്ച് അതും നീട്ടി കൊണ്ട് ഞങ്ങളുടെ വാതിൽക്കൽ വന്നു നിന്നു ചിരിക്കുന്ന ഒരു നാലു വയസ്സുകാരി എന്റെ മകനു കൂട്ടായി അന്നുണ്ടായിരുന്നു. സ്ഥലം മാറി അകന്നു പോയ മറ്റൊരു സൗഹൃദം. മറ്റൊരു കാലം.

 

ഞാൻ സ്വീകരണ മുറിയിൽ ഉലാത്തിക്കൊണ്ട് അവളോട് സംസാരം തുടർന്നു. കോവിഡിന്റെ രണ്ടാം തിരയാണെന്നും, മക്കളും ഭർത്താവും താനും ഫ്ലാറ്റിന്റെ ചുവരുകൾക്കുള്ളിൽ നിന്നു പുറത്തിറങ്ങാതെ അവരവരുടെ കമ്പ്യൂട്ടറുകളിൽ ജോലി ചെയ്യുകയാണ് എന്നും അവൾ പറഞ്ഞപ്പോൾ എന്റെ ചിന്തകൾ അവളുടെ ഇപ്പോഴത്തെ രാജ്യത്തേയ്ക്ക് സഞ്ചരിച്ചു. അവിടത്തെ പോലെ തന്നെ ഇവിടെയും കോവിഡ് ചെയ്തത് ഒന്നു തന്നെ. തൊഴിലിടങ്ങൾ, അവിടെയ്ക്കുള്ള കൊച്ചു യാത്രകൾ എന്നിങ്ങനെയുള്ള സ്വകാര്യ സ്പെയ്സ് നഷ്ടപ്പെടുകയും വീടും വീട്ടുകാരും ഇടവേളകൾ തരാതെ സ്ഥിരപ്പെടുകയും ചെയ്യുമ്പോഴുള്ള നിശ്ചലത. ഇതിലും ബുദ്ധിമുട്ടുന്ന എത്രയോ മനുഷ്യരുണ്ടെന്നും പരാതിപ്പെടാൻ അർഹതയില്ലെന്നും സ്വയം പറഞ്ഞത് എപ്പോഴും സജീവമായ അടുക്കളയിലൂടെയും സൂം കാളുകളിലൂടെയും സഞ്ചാരം. 

 

ഇതിനിടയ്ക്ക് ഒരു ദിവസം എന്തൊക്കെയാണ് നഷ്ടപ്പെടുന്നത് എന്ന് ഞാൻ ഒരു കണക്കെടുപ്പു നടത്തിയിരുന്നു -

ഓഫീസിലെ മടുപ്പിക്കുന്ന ദിവസങ്ങളിൽ ജനലിലെ വെനീഷ്യൻ ബ്ലൈൻഡ് തുറന്ന് പുറത്തേക്കു നോക്കുമ്പോൾ കാണുന്ന ഗുൽമോഹറിന്റെ പൂക്കൾ, അതിന്റെ ചില്ലകളിൽ തത്തിക്കളിക്കുന്ന വിവിധയിനം പക്ഷികൾ, മറ്റു ചില ദിവസങ്ങളിൽ ഞാൻ തേടിച്ചെല്ലാറുള്ള പഴക്കം ചെന്ന ആൽമരച്ചുവട്, അണ്ണാറക്കണ്ണൻമാരുടെയും കിളികളുടെയും കലപില ശബ്ദം, മരബഞ്ചിലെ ചില ശാന്തി നിമിഷങ്ങൾ. മരങ്ങൾക്കിടയിലൂടെയുള്ള നടപ്പാതകൾ, തണൽ സ്ഥലികൾക്കപ്പുറത്ത് ഇലകളുടെ നിഴലുകൾ തീർക്കുന്ന വെളിച്ചത്തിന്റെ പാവക്കൂത്ത്, തൊട്ടു തൊടാതെ പറന്നു കളിച്ച കാററ്, കൂടെ പറന്നകന്ന വാക്കുകൾ... 

അങ്ങിനെ എന്തെല്ലാം നഷ്ടങ്ങളുടെ പട്ടികയിൽ...!

 

അവൾ അവിടത്തെ മാറ്റങ്ങളെ കുറിച്ച് സംസാരിക്കാൻ തുടങ്ങി. കുടിയേറ്റക്കാർ ഏറെയും പ്രത്യാശയോടെ നോക്കിയിരുന്ന അവളുടെ രാജ്യത്തെ ഭരണമാറ്റം. ഞാൻ എന്റെ പഴയ സഹപ്രവത്തകരെ ഓർത്തു. മെക്സിക്കോക്കാരനായ റിക്കാർഡോ രാവിരേസ് വംശവെറിയുടെ അദൃശ്യമായ ചുവരുകൾ, മതിലുകൾ കെട്ടി പൊക്കി ദൃഢമാക്കുന്നതിനെ കുറിച്ചു അരിശപ്പെട്ടത് കഴിഞ്ഞ കൊല്ലത്തെ ഒരു വെബ് മീറ്റിംഗിൽ ആയിരുന്നു. വാട്സാപ്പ് സ്റ്റാറ്റസിൽ ഇപ്പോഴും അയാൾ ചിലപ്പോഴൊക്കെ മിന്നി മറയാറുണ്ട്. Inclusion, diversity എന്നിവയൊക്കെ കമ്പനി പോളിസികളിൽ കൊണ്ടു വരുന്നുണ്ടെങ്കിലും ആന്തരികവത്കരിച്ചിട്ടുള്ള ചില ബോധങ്ങളുണ്ട്, ഇഴപിരിച്ച് വേർതിരിക്കാൻ കഴിയാത്തവ. മതം, ജാതി, രാഷ്ട്രീയത, ലിംഗം, സാമ്പത്തികം തുടങ്ങി ഈ ഗണത്തിൽ പെടുത്താവുന്നവ. ഏതു രാജ്യത്തിലായാലും മനുഷ്യൻ ഇതിൽ നിന്നും സ്വതന്ത്രരല്ല എന്നു ചിന്തിച്ച് ഇരുന്നപ്പോഴാണ് കാലുകൾക്കിടയിൽ ഒരു ചിറകടി ശബ്ദം കേട്ടത്. തറയിലെ വെളുത്ത മാർബിൾ ടൈലുകൾ പിളർന്നാണ് ടിങ് ടാങ് ചിറകടിച്ചുയർന്നത്. 

ടിങ് ടാങ് എന്റെ മറ്റൊരു സഹപ്രവർത്തകനായിരുന്നു. അയാൾ ഭൂമിയുടെ മറ്റേ അററത്ത് അയാൾക്ക് പോലും പരിചയമില്ലാത്ത മറ്റൊരു സമയ ദേശത്തിലായിരുന്നു. ഞാനാവട്ടെ എന്റെ രാജ്യത്തെ തലയിണയാക്കി കെട്ടിപ്പിടിച്ച് ഉറങ്ങുകയും. അയാളെ ഞാൻ കണ്ടിട്ടില്ല തന്നെ. പക്ഷേ അയാൾക്ക് ഒരു പക്ഷിയുടെ മുഖമായിരുന്നു, ഗന്ധവും.

 

‘‘നീ ഇരിക്കുന്നയിടത്തു നിന്ന് നേരെ ഒരു കുഴി കുഴിച്ചാൽ മതി. എന്റെ പാദങ്ങളെ അതിലൂടെ കൈ നീട്ടി സ്പർശിക്കാം’’ - ഞാൻ ഒരിക്കൽ വെറുതെ പറഞ്ഞതാണ്.

അയാൾ തുരങ്കത്തിലൂടെ പതുങ്ങി വരുമെന്ന് പ്രതീക്ഷിച്ചതേയില്ല. 

‘‘നിനക്ക് ഏത് ടൈം സോണിൽ ജോലി ചെയ്യാനാണിഷ്ടം? ഇന്ത്യ? കാലിഫോർണിയ?’’ അയാളുടെ പക്ഷിക്കൊക്കുകൾ എന്നോട് ചോദിച്ചു.

‘‘എനിക്ക് രണ്ടു സോണിലും ഉറങ്ങാനാണ് ഇഷ്ടം. നിതാന്തമായ ഉറക്കം.’’ ഇതു പറഞ്ഞ് ഞാൻ ചിരിച്ചു. അയാളും.

 

നാട്ടിലേക്ക് വരാൻ തോന്നുന്നുവെന്ന് എന്റെ കൂട്ടുകാരി സങ്കടപ്പെട്ടപ്പോൾ, അതിലൊന്നും ഒരു കാര്യവും ഇല്ലെന്ന് ഞാൻ പെട്ടെന്നു പറഞ്ഞു. ദേശം വെറും ദേശം മാത്രമാണ്. അതുമായി അത്ര അറ്റാച്ച്ഡ് ആവേണ്ട കാര്യമേ ഇല്ല. വീടുകൾ മാറുമ്പോൾ, ദേശങ്ങൾ മാറുമ്പോൾ കൂടെ കൊണ്ടു പോയ ഓർമകളുമായി തിരിച്ചു വരുമ്പോൾ സ്ഥലം തന്നെ അപ്പാടെ മാറിക്കാണും. ഓർമകളെ പോലെ നിന്നിടത്തു തന്നെ നില്ക്കാൻ കാലത്തിനും സമൂഹത്തിനും ആവില്ലല്ലോ! തിരിച്ചു വരുമ്പോൾ അത് മറ്റൊരു പ്രവാസം തന്നെ ആവാനും മതി. 

ഞാൻ പെട്ടെന്ന് ഗൗരിയെ ഓർത്തു. ടോളി ഗഞ്ചിലേക്കുള്ള ഗൗരിയുടെ അവസാനത്തെ സന്ദർശനം ഓർത്തു പോയി. 

 

എന്റെ പ്രിയപ്പെട്ട എഴുത്തുകാരി ജുമ്പ ലാഹിരിയുടെ ‘‘The Low land’’ എന്ന നോവലിലെ പ്രതി നായികയാണ് ഗൗരി മിത്ര. ഇന്ത്യയിൽ വേരുകൾ ഉള്ള അമേരിക്കൻ നാഷണാലിറ്റിയുള്ള ഇറ്റലിയിൽ താമസിക്കുന്ന ഇംഗ്ലീഷിലും ഇറ്റാലിയനിലും എഴുതുന്ന ജുമ്പ ലാഹിരി സ്വപ്നം കാണുന്നത് ഏതു ഭാഷയിലായിരിക്കും എന്ന് ഒരിക്കൽ ഞാൻ കൗതുകപ്പെട്ടിരുന്നു. ഒരു ഭാഷയിൽ ഉറങ്ങുമ്പോഴും സ്വപ്നം കാണുമ്പോഴും മറ്റു ഭാഷകളിൽ നിന്നും ഓർമകളിൽ നിന്നും എത്രയെത്ര കഥകളാണ്, സാധ്യതകളാണ് ഇവർ അടർത്തിയെടുത്തു കൊണ്ടു വന്നത്! ദേശവും ഭാഷയും ഇവരുടെ കൂടെ തന്നെ പാർത്തിരിക്കണം. കൽക്കത്തയിൽ നക്സലേറ്റ് മുന്നേറ്റത്തിൽ ഭർത്താവ് ഉദയൻ കൊല്ലപ്പെട്ടതിനു ശേഷം ഭർത്തൃസഹോദരനായ സുഭാഷിനെ വിവാഹം ചെയ്ത് അമേരിക്കയിലേക്ക് ചേക്കേറുമ്പോൾ ഗൗരിയുടെ ഉള്ളിൽ ഉദയന്റെ രക്തത്തിലുള്ള കുഞ്ഞു ജീവൻ തുടിക്കുന്നുണ്ടായിരുന്നു. 

 

സ്ത്രീയുടെ ജീവിതത്തിൽ ഓരോ പറിച്ചു നടലും മറ്റൊരു ജന്മം പോലെയാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്. പക്ഷേ, ഉദയൻ കൊല്ലപ്പെട്ട നിമിഷത്തിൽ നിന്ന് മുന്നോട്ട് നീങ്ങി മറ്റൊരു ജന്മത്തിലേക്ക് നടക്കാൻ ഗൗരിക്ക് സാധിച്ചിട്ടില്ല. സുഭാഷുമായും മകൾ ബേലയുമായും മാനസികമായി പൊരുത്തപ്പെടാതെ ഗൗരി സ്വന്തം ഇഷ്ടങ്ങൾക്കും തീരുമാനങ്ങൾക്കും കൂടെ സഞ്ചരിച്ചു. വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ഗൗരി മകൾ ബേലയെ കാണാനെത്തുമ്പോൾ, തന്റെ അമ്മ മരിച്ചു എന്നവൾ പ്രഖ്യാപിക്കുന്നു. അതിനും ശേഷം കൽക്കത്തയിലെ ടോളി ഗഞ്ചിലേയ്ക്കുള്ള ഗൗരിയുടെ സന്ദർശന യാത്രയിൽ അവർ മനസ്സിലാക്കുന്നുണ്ട്, താനും ഉദയനെ പോലെ തന്നെ മരിച്ചിരിക്കുന്നു എന്ന്. ഒരു പക്ഷെ, അയാൾ കൊല്ലപ്പെട്ട ആ നിമിഷത്തിൽ തന്നെ. അവർ ഓർമകളിൽ പുന:സൃഷ്ടിച്ചു കൊണ്ടിരുന്ന അയാളുടെ മരണം പോലെ തന്നെ.തൻ്റെ ബൗദ്ധിക സ്വാതന്ത്ര്യത്തിനും ഏകാകിതയ്ക്കും മറ്റെന്തിനേക്കാളും സ്വാർത്ഥമായ മുൻതൂക്കം കൊടുക്കുന്ന ഗൗരി എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതിൽ ജുംപാ ലാഹിരിയോട് എനിക്കു അസൂയ തോന്നിയിരുന്നു. ഓരോ സ്ത്രീയുടെ ഉള്ളിലും പുറത്തു വരാതെ ഒളിച്ചിരിക്കുന്ന ഒരു ‘ഗൗരി’ തീർച്ചയായും ഉണ്ട്. മനുഷ്യരും ദേശങ്ങളും ബന്ധങ്ങളും തുമ്പികളെ പോലെ അവർക്കു ചുറ്റും പറക്കുന്നു. 

കുറേ നേരത്തെ സംഭാഷണത്തിനു ശേഷം, അല്പം ആശ്വാസമായി എന്നു പറഞ്ഞു കൂട്ടുകാരി ഫോൺ വെച്ചപ്പോൾ ഞാൻ അവളുടെ അമ്മയെ ഓർത്തു. നല്ല വിശപ്പുള്ള ഒരു ഗർഭ കാലത്ത് അവർ ഉണ്ടാക്കി തന്ന സ്വാദിഷ്ടമായ ഇടിയപ്പത്തിന്റെ ആവി മണം ഓർത്തു. ഞാൻ പാതി ഉറക്കത്തിൽ ഒഴിഞ്ഞ വയർ തടവി… 

 

ഉണർന്നപ്പോൾ ഞാൻ അവളെ വീണ്ടുമോർത്തു. ഏതാനും ആഴ്ചകൾക്കു മുൻപ് അവൾ അയച്ച പഴയ മെസെജുകൾ വായിച്ചു. എടുക്കാൻ പറ്റാതെ പോയ അവളുടെ ഫോൺ വിളികളുടെ ഒരു നീണ്ട നിര ഒന്നു കൂടെ നോക്കി.  ഓരോ തവണയും തിരിച്ചു വിളിക്കാം എന്ന് ഞാൻ കൊടുത്ത മറുപടി കുറിപ്പുകളുടെ മറ്റൊരു നിരയും വെറുതെ നോക്കി കിടന്നു.

 

രാപ്പകലുകളുടെ സമയ വ്യത്യാസം കൊണ്ട് ഏറെ കാലമായി നീട്ടി വെച്ചു കൊണ്ടിരുന്ന ആ വിളി ഇന്നെങ്കിലും നടത്തണം എന്നുറപ്പിച്ചു.

 

English Summary: Writers Blog - Bhoomiyude Matte Attath, Story written by Savitha N

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com