ADVERTISEMENT

മിഥ്യ (കഥ)

കഴിഞ്ഞ ജൂൺ മാസത്തിൽ ഞാൻ ഡോക്ടറെ കാണാൻ ക്യാബിനു മുൻപിൽ കാത്തിരിക്കുകയായിരുന്നു. അന്നാണ് ഞാൻ ഹരിയെ ആദ്യമായി കാണുന്നത്. ഹരി എന്റെ അടുത്ത് വന്നിരുന്ന് എന്നോട് സമയം ചോദിച്ചു. ഞാൻ സമയം പറഞ്ഞു കുറേ കഴിഞ്ഞു പിന്നെയും പലതവണ അവൻ എന്നോട് സമയം ചോദിച്ചു. കുറച്ചു കഴിഞ്ഞപ്പോഴാണ് ഞാൻ ഹരിയുടെ കൈയിൽ വാച്ച് കാണുന്നത്… എനിക്ക് നല്ല ദേഷ്യം വന്നു…

 

‘‘ഇയാൾടെ കൈയിൽ വാച്ചുണ്ടല്ലോ അതിൽ നോക്കിയാൽ പോരേ എന്തിനാ മറ്റുള്ളവരെ ശല്യപ്പെടുത്തുന്നെ… ’’

 

‘‘ഈ വാച്ചിൽ സമയം നോക്കാൻ പറ്റുമെങ്കിൽ ഇയാളോട് ചോദിക്കണ്ട കാര്യമില്ലല്ലോ എനിക്ക്… വെറുതെയല്ല ഇവിടെ ഇരിക്കുന്നത്’’

 

‘‘എന്താ…? ’’

 

‘‘ഒന്നുവില്ലേ…’’

 

സംസാരം മുഴുമിപ്പിക്കേണ്ടി വന്നില്ല അപ്പോഴേക്കും എന്റെ ടോക്കൺ വിളിച്ചു… ഞാൻ ഡോക്ടറെ കണ്ടു തിരിച്ചു വന്നപ്പോൾ ഹരി അവടെ ഇല്ലായിരുന്നു… നേരം വൈകിയതുകൊണ്ട് ട്രെയിൻ മിസ്സാകുമോ എന്ന നല്ല പേടിയോയോടെയാണ് ഞാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയത്… ഭാഗ്യത്തിന് ട്രെയിൻ പോയിട്ടില്ലായിരുന്നു… എന്റെ RAC സീറ്റ്‌ ഷെയർ ചെയ്യാനുള്ള ആൾ എത്തിയിരുന്നില്ല. പാതി ആശ്വാസത്തോടെ ഞാൻ ഇരിക്കുമ്പോൾ മെല്ലെ അനങ്ങിത്തുടങ്ങിയ ട്രെയിനിൽ ആരോ ഓടിക്കയറുന്നതു കണ്ടു. ആള് നടന്ന് എന്റെ അടുത്തുവന്നിരുന്നു. സൂക്ഷിച്ചു നോക്കിയപ്പോൾ പിന്നെയും ഹരി… ഞാൻ കാണാത്ത ഭാവത്തിൽ ഇരുന്നു…

 

‘‘ഹാ ഇതു അയാളല്ലേ… നമ്മൾ ഹോസ്പിറ്റലിൽ വെച്ചു… വാച്ച്… സമയം…. ഞാൻ ഹരി… ഓർമയില്ല?’’

 

‘‘ആം… ’’

 

‘‘ഇയാളാണോ RAC 167?’’

 

‘‘മം അതേ… ’’

 

‘‘ഓഹ് അപ്പോൾ നമ്മളാണല്ലേ ഈ സീറ്റ്‌ ഷെയർ ചെയ്യുന്നേ…’’

 

ഞാൻ ഒന്നും മിണ്ടിയില്ല… രാത്രി വരെ നിശബ്ദത തുടർന്നു… രാത്രി എല്ലാരും ലൈറ്റ് അണച്ചു ഉറങ്ങാൻ തുടങ്ങിയപ്പോൾ ഹരി മെല്ലെ എന്റെ അടുത്തു വന്നു…

 

‘‘ അതേ ഇയാൾക്ക് ഉറങ്ങാറായോ?? ’’

 

ഞാൻ ഒന്നും മിണ്ടിയില്ല… ഹരി തുടർന്നു…

 

‘‘എന്റെ ഒരു ഫ്രണ്ട് s6 ഇൽ ഉണ്ട്… ഞാൻ അവന്റെ അടുത്ത് പൊക്കോളാം ഇയാൾ ഇവിടെ കിടന്നു ഉറങ്ങിക്കോളൂ… ’’

 

‘‘ആം ഓക്കേ… ’’

 

ഹരി പോയിക്കഴിഞ്ഞു ഞാൻ അവിടെ കിടന്നുറങ്ങി. കുറെ കഴിഞ്ഞു കണ്ണുതുറന്നു നോക്കുമ്പോൾ സമയം 6. ഞാൻ മെല്ലെ എഴുന്നേറ്റു വാഷ്‌റൂമിലേക്ക് നടന്നു… അവിടെയെത്തിയപ്പോൾ ആരോ ട്രെയിൻ വാതിലിനടുത്ത് നിലത്തു കിടന്നുറങ്ങുന്നു… പരിചയം ഉള്ള മുഖം… സൂക്ഷിച്ചു നോക്കിയപ്പോൾ ഹരി… എനിക്കു സഹതാപം തോന്നി… ഞാൻ അത്ര മാനേഴ്സ് ഇല്ലാതെ പെരുമാറിയെങ്കിലും ഹരി ഇങ്ങനെ ചെയ്തല്ലോ… ഞാൻ തിരിച്ചു എന്റെ സീറ്റിൽ പോയി ഇരുന്നു… കുറച്ചുകൂടി കഴിഞ്ഞപ്പോഴേക്കും ഹരി വന്ന് എന്റെ ഓപ്പോസിറ്റ് ഇരുന്നു.

 

‘‘ഉറക്കം നല്ല സുഖമാരുന്നല്ലേ…’’

 

‘‘ഓഹ്… വാഷ്‌റൂമിന്റെ ഫ്രണ്ടിൽ ഇരുന്നുറങ്ങാൻ അത്രയ്ക്ക് സുഖമാ…? എനിക്ക് അറിയില്ലാട്ടോ… ഇവിടെ കിടന്നുറങ്ങാൻ അത്ര സുഖം ഇല്ലാരുന്നു… ’’

 

ഹരിയുടെ ചമ്മിയ മുഖം കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു. പതിയെ രണ്ടാളും പൊട്ടിച്ചിരിച്ചു… അപ്പോൾ അപ്പുറത്തിരുന്ന ചേച്ചി ഹരിയോട് സമയം ചോദിച്ചു… ഹരി വാച്ചിൽ നോക്കി സമയം പറഞ്ഞു…

 

‘‘ഓഹ് അപ്പൊ ആ വാച്ചിൽ സമയം ഇടക്കൊക്കെ കാണിക്കും അല്ലേ… ’’

 

ഹരിയുടെ മുഖത്ത് വീണ്ടും ആ പഴയ ചമ്മിയ ഭാവം… വീണ്ടും ചിരി…

 

‘‘ഞാൻ സോഫി… ബാംഗ്ലൂർ ടെക്നോപാർക്കിൽ വർക്ക്‌ ചെയുന്നു… ’’ 

ഞാൻ ആദ്യമായി ഹരിക്ക് കൈകൊടുക്കുന്നത് അന്നാണ്.

 

ബാംഗ്ലൂർ എത്തുന്നത് വരെ ഞങ്ങൾ കുറേ സംസാരിച്ചു. എത്തിയതിനു ശേഷവും ഞങ്ങളുടെ സൗഹൃദം തുടരുന്നു. അവധി ദിവസങ്ങളിലും ഒഴിവു സമയങ്ങളിലും നഗരത്തിന്റെ പലയിടങ്ങളിലായി ഞങ്ങൾ കണ്ടുമുട്ടി. ഞാൻ ജീവിതത്തിൽ എറ്റവും കൂടുതൽ സംസാരിച്ചിട്ടുള്ളത് ഹരിയോടാണ്. എന്നെ ഈ ഭൂമിയിൽ ആരെങ്കിലും മനസിലാക്കിയിട്ടുണ്ടെങ്കിൽ അതു അവൻ മാത്രമായിരുന്നു. ഒരിക്കൽ ഞങ്ങൾ സംസാരിക്കുമ്പോൾ ഹരി എന്നോട് ചോദിച്ചു. 

 

‘‘സോഫി നീ ക്രിസ്ത്യൻ അല്ലേ? ’’

 

‘‘ആസ് പെർ റെക്കോർഡ്‌സ് ഞാൻ ക്രിസ്ത്യൻ ആണ്… ബട്ട്‌ എനിക്ക് ഒരു ദൈവത്തിലും വിശ്വാസമില്ല ഹരി ’’

 

‘‘അതെന്താ…? ’’

 

‘‘ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്റെ അമ്മ മരിച്ചു… പപ്പ അധികം താമസിക്കാതെ തന്നെ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു… മാസാമാസം മണിയോഡറായി ഹോസ്റ്റലിൽ എത്തുന്ന പണമായിരുന്നു എനിക്ക് എന്റെ പപ്പയുടെ സ്നേഹം… ഹരിക്കറിയുവോ എനിക്ക് എന്റെ പപ്പയെ കണ്ട ഓർമ കൂടിയില്ല… അമ്മയുടെ ഒരു ഫോട്ടോ പോലും എന്റെ കൈയിൽ ഇല്ല… എന്നെ ഏഴാം വയസ്സിൽ അനാഥയാക്കിയതും, ഒറ്റപ്പെടുത്തിയതും ഒക്കെ നീ ഈ ചോദിച്ച ദൈവമാണെങ്കിൽ എനിക്കാ ദൈവത്തിൽ വിശ്വാസമില്ല… ’’

 

ഞാൻ പൊട്ടിക്കരഞ്ഞുപോയി… ഹരി എന്റെ കണ്ണുകൾ തുടച്ചു…

 

‘‘സോഫി ഒന്നല്ലെങ്കിൽ മറ്റൊരുതരത്തിൽ എല്ലാ മനുഷ്യരും ഒറ്റക്കാണ്… ഞാൻ ജനിച്ചതേ അനാഥനായി… നിന്നെ സാഹചര്യങ്ങൾ അനാഥയാക്കി… ’’

ദിവസങ്ങൾ പിന്നെയും കടന്നുപോയി… ഡിസംബർ മാസമായിരുന്നു… ഹരിയുടെ ബൈക്കിൽ ഞങ്ങൾ നന്ദിഹിൽസിനു മുകളിൽ എത്തി… എന്റെ കൊച്ചു കൊച്ചു മോഹങ്ങളെല്ലാം അവൻ ഞാൻ അറിയാതെ തന്നെ സാധിച്ചു തരികെയായിരുന്നു… ഞങ്ങൾ മലമുകളിൽ കൂടി കൈപിടിച്ചു നടന്നു…

 

‘‘സോഫി…. ’’

 

‘‘ഓഹ്…. ’’

 

‘‘ഞാൻ നിന്നെ കല്യാണം കഴിച്ചോട്ടെ… ’’

 

എനിക്ക് വാക്കുകൾ കിട്ടിയില്ല… എന്റെ വാക്കുകൾ ഇടറി… കണ്ണുകൾ നിറഞ്ഞു… ഹരി ഞാനൊരു ഭ്രാന്തിയാണ്, എന്നു പറഞ്ഞു തീരുന്നതിനു മുൻപേ അവൻ എന്റെ വാ പൊത്തി…

 

‘‘സോഫി ഞാൻ ആദ്യമായി നിന്നെ കാണുന്നത് എന്നാണെന്നു നിനക്ക് ഓർമ്മയുണ്ടോ… അന്ന് നീ മെന്റൽ ഹോസ്പിറ്റലിൽ സൈക്കാട്രിസ്റ്റിനെ  കാണാൻ ഇരിക്കുകയായിരുന്നു… അന്നേ നിന്നെക്കുറിച്ചു എനിക്ക് എല്ലാം അറിയാം കുട്ടീ… ചിലപ്പോൾ നിന്നെ നിനക്കറിയാവുന്നതിലും കൂടുതൽ… ഭ്രാന്തില്ലാത്ത ഒരുമനുഷ്യനെ പോലും, ഞാൻ ഈ ലോകത്തിൽ കണ്ടിട്ടില്ല സോഫി… ’’

 

‘‘ഹരി എനിക്ക് ആരും ഇല്ല… എനിക്ക് മനുഷ്യരോട് അടുക്കാൻ ഭയമായിരുന്നു… എനിക്ക് സ്വന്തമായിരുന്നതെല്ലാം നഷ്ടമായിട്ടേ ഉള്ളു… ഇനിയും ഒരു വേദന കൂടി താങ്ങാൻ എനിക്ക് ആവില്ല… ’’

 

‘‘ഇല്ല കുട്ടീ നിനക്ക് ഞാനില്ലേ… നമ്മളുടെ ലോകം മനോഹരമാണ്… അവിടെ ഞാൻ നിനക്ക് റോസാപ്പൂക്കളുടെ മധ്യത്തിലെ ഒരു കൊച്ചു കുടിൽ പണിതു തരും… അവിടെ ഞാനും നീയും നമ്മളുടെ സ്വപ്നങ്ങളും മാത്രം… ’’

.

.

.

‘‘എന്നിട്ട്… ’’

 

‘‘അടുത്ത മാസം ഞങ്ങളുടെ വിവാഹമാണ് ഡോക്ടർ… ഞങ്ങൾ ആദ്യമായി കണ്ടത് ഇവിടെവെച്ചാണ്… ജൂൺ 19 ന്… ഈ വർഷം അതേ ദിവസമാണ് ഞങ്ങൾ വിവാഹിതരാവാൻ പോകുന്നത്… അതുകൊണ്ടാ ഡോക്ടറിനെ തന്നെ ആദ്യം വിളിക്കാൻ ഞങ്ങൾ തീരുമാനിച്ചത് ’’

 

‘‘ശരി എന്നിട്ട് ഹരിയെവിടെ… ’’

 

‘‘വെളിയിൽ ഉണ്ട് ഡോക്ടർ… ഞാൻ വിളിച്ചിട്ട് വരാം… ’’

 

സോഫി വെളിയിൽ ഇറങ്ങി പോയി, അവൾ തിരിച്ചു കയറി വന്നത് തനിച്ചായിരുന്നു…

 

‘‘ഡോക്ടർ ദാ നോക്ക് ഇതാണ് എന്റെ ഹരി…. ഹരി ഡോക്ടറിനു ഹായ് പറ ’’

.

ഡോക്ടർ  എന്ത് പറയണമെന്നറിയാതെ സ്‌തബ്ധനായി നിന്നു… അവളുടെ കണ്ണുകളിൽ തിളയ്ക്കുന്ന ഭ്രാന്തിന്റെ തിരകളെ എങ്ങനെ അടക്കണമെന്ന് അയാൾക്ക്‌ മനസ്സിലാവുന്നില്ലായിരുന്നു…. !

 

English Summary: Writers Blog - Midhya, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com