ADVERTISEMENT

തൂവൽതൊപ്പി (കഥ)

 

‘‘ഇക്കാ, നാളെ നമുക്ക് ഹോസ്പിറ്റലിൽ ചെക്കപ്പിന് പോകണം. ഓർമയുണ്ടല്ലോ...?’’

 

‘‘പിന്നെ ഓർമിക്കാതെ, നമ്മുടെ ജീവിതത്തിലെ പ്രധാനപെട്ട  നിമിഷമല്ലേ.?.ഇതെന്തായാലും പോസിറ്റീവ് ആകും.’’

 

ഞങ്ങൾ രണ്ടു പേരും ഭാവിസ്വപ്നങ്ങൾ നെയ്‌തുകൊണ്ട് അന്ന് രാത്രി എങ്ങനെയോ കഴിച്ചുകൂട്ടി .

 

രാവിലെ ഹോസ്പിറ്റലിൽ നേരത്തെ തന്നെ എത്തി. ഹസീന  ഡോക്ടറുടെ  റൂമിന്റെ വാതിൽക്കൽ തന്നെ നേഴ്സ് ഏലിയാമ്മ  നിൽപ്പുണ്ടായിരുന്നു. 

 

‘‘ഇന്നെന്തേ വലിയ സന്തോഷത്തിലാണല്ലോ...?’’

 

‘‘അതെ ഏട്ടത്തി ..എനിക്ക് കുളി തെറ്റി...’’

 

‘‘നേരോ...! ദൈവം കാക്കട്ടെ....’’

 

ആദ്യനമ്പർ ഞങ്ങളുടെ തന്നെയായിരുന്നു. അതുകൊണ്ട് അധികനേരം കാത്തുനിൽക്കേണ്ടി വന്നില്ല. 

 

‘‘നമ്മുക്ക് ടെസ്റ്റ് ചെയ്തു നോക്കാലേ’’

ഡോക്ടർ ഞങ്ങളെ കണ്ടതും ചിരിച്ചുകൊണ്ട് ചോദിച്ചു.

 

‘‘അതെ ഡോക്ടർ. ഇപ്രാവശ്യം എന്തായാലും പോസിറ്റീവ് ആകും. അല്ലെ....? അങ്ങിനെയൊരു ഉൾവിളി...’’

 

‘‘ശരിയാകും..നന്നായി പ്രാർത്ഥിച്ചു ടെസ്റ്റിന് പൊയ്ക്കൊള്ളൂ ..’’ ഡോക്ടർ പറഞ്ഞു.

 

ടെസ്റ്റ് കഴിഞ്ഞപ്പോൾ റിസൾട്ട് പോസിറ്റീവ്. ലോകം കീഴടക്കിയ സന്തോഷമായിരുന്നു അന്നെനിക്ക്. ഒരു കുഞ്ഞിക്കാലിനായുള്ള അഞ്ചു വർഷത്തെ കാത്തിരിപ്പിനു വിരാമമായിരിക്കുന്നു.

 

ഡോക്ടർക്കും അതിരില്ലാത്ത സന്തോഷമായിരുന്നു. എങ്കിലും, എല്ലാം ശരിയാണോയെന്ന് ഉറപ്പുവരുത്താൻ സ്കാനിങ്ങിനു തീയ്യതിതന്ന് ഞങ്ങളെ പറഞ്ഞയച്ചു. വളരെയധികം സൂക്ഷിക്കണമെന്നും റസ്റ്റ് എടുക്കണമെന്നും ഒരുവട്ടംകൂടി ഓർമ്മപ്പെടുത്തിയാണ്, നിറഞ്ഞ മനസ്സോടെ ഡോക്ടർ ഹസീന  ഞങ്ങളെ യാത്രയാക്കിയത്..

 

ഹോസ്പിറ്റലിൽ നിന്ന് മടങ്ങുമ്പോൾ ഞങ്ങൾ ഒരു സൂപ്പർ മാർക്കറ്റിൽ കയറി; ഫ്രൂട്സ്, സ്വീറ്റ്സ് അങ്ങനെ കുറെ സാധനങ്ങൾ വാങ്ങാൻ. ‘‘ഇനി എന്നെ മാത്രമല്ലല്ലോ നോക്കാനുള്ളത്. എന്നിൽ ഒരു ജീവൻ കൂടിയില്ലേ? എന്നേക്കാൾ ഉപരി എന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനെ ഇനി നോക്കണ്ടേ...?’’ ആലോചിക്കുന്തോറും എനിക്ക്  എന്തെന്നില്ലാത്ത കൗതുകമായിരുന്നു. അതെ, ഞാനൊരു ഉമ്മയാകാൻ പോകുന്നു. എന്നിലെ മാതൃത്വം വികാരംകൊണ്ടു. 

 

അതുവരെ എന്റെ നെഞ്ചിൽ നോവ് മാത്രം നിറച്ചിരുന്ന കിഡ്സ് സെക്ഷനിലേക്ക്, അന്നാദ്യമായി പുഞ്ചിരിയോടെ ഞാൻ നോക്കി. മുന്നിൽ കളിപ്പാട്ടങ്ങൾ, പാവക്കുട്ടികൾ, കുഞ്ഞുടുപ്പുകൾ, കുഞ്ഞിച്ചെരുപ്പുകൾ അങ്ങനെ പലതും. അവയെല്ലാം എന്നെ മാടിവിളിക്കുന്നതായി തോന്നി. 

 

‘‘കുറച്ച് മാസങ്ങൾ കൂടി കാത്തിരിക്കൂ. നിങ്ങളെ ഞാൻ വാങ്ങിക്കൊണ്ടു പോകാമെ...’’ ഒരു പാവക്കുഞ്ഞിന്റെ തലയിൽ തലോടി ഞാൻ മനസ്സിൽ പറഞ്ഞു. 

 

ബേബിസോപ്പിന്റെ കവറിലെ പൈതങ്ങൾ, ഒരു റാക്കിൽ നിരന്നിരുന്ന് എന്നെ നോക്കി പാൽച്ചിരി തൂകി. അതിൽ ഒന്നെടുത്ത് ഞാൻ മെല്ലെ വാസനിച്ചു. ആ വാസനയുടെ നേർത്ത കംബളത്തിനു താഴെ അതാ എന്റെ വാവ കണ്ണുംപൂട്ടിയുറങ്ങുന്നു.

 

കനവിൽ നിന്ന് ഞെട്ടിയുണർന്ന്, കിഡ്സ് സെക്ഷന് പുറത്തേക്കു വരുമ്പോൾ, എന്റെ ശ്രദ്ധ ഒരു തൂവൽത്തൊപ്പിയിൽ ഉടക്കി. ഒരു സുന്ദരിപ്പൂച്ചയുടെ പടമുള്ള വർണാഭമായ തൊപ്പി. എന്നെ വല്ലാതെയത് ആകർഷിച്ചു.

 

‘‘ഇക്കാ, നമുക്ക് ഇതെടുക്കാം. പിറക്കാൻ പോകുന്ന നമ്മുടെ മോൾക്കു‌ വേണ്ടി ഇത് വാങ്ങിവെക്കാം....?’’

 

‘‘അപ്പോഴേക്കും നീ തീരുമാനിച്ചോ മോളാണെന്ന്....?’’

 

‘‘അതെ.. മോളാകും. ഇക്കാക്ക് മോളെയല്ലേ ഇഷ്ടം....?!’’

 

‘‘ഉവ്വ്. ശരി അത് വാങ്ങിച്ചോളു...’’

 

വീട്ടിൽ വന്നതും ഞാനത് അലമാരയിൽ ഭദ്രമായി വെച്ചു.

 

അന്ന് വൈകിട്ട് എനിക്ക് വല്ലാത്ത വയറുവേദന അനുഭവപ്പെട്ടു. മനസ്സിൽ, ആ തൂവൽത്തൊപ്പിയുടെ തൊങ്ങലും പീലിയും ഒന്നായ് ഊർന്നുവീഴുന്നതുപോലെ....

 

‘‘ഇക്കാ.. വയറു വല്ലാതെ വേദനിക്കുന്നു. എനിക്ക് സഹിക്കാൻ പറ്റുന്നില്ല. നമുക്ക് ഹോസ്പിറ്റലിൽ പോകാം.’’

 

ഞങ്ങൾ അപ്പോൾത്തന്നെ ഹോസ്പിറ്റലിലേക്ക് പോയി.

 

ഭാഗ്യത്തിന് നേഴ്സ് ഏലിയാമ്മ, ഡ്യൂട്ടി കഴിഞ്ഞ് പോയിരുന്നില്ല. എന്റെ അവസ്ഥ കണ്ടതും വേഗം ICU വിലേക്കു മാറ്റി. ഹസീന ഡോക്ടറോട് ഫോണിൽ കാര്യങ്ങൾ പറഞ്ഞു.

 

ഡോക്ടർ വരുമ്പോഴും എനിക്ക് സഹിക്കാൻ പറ്റാത്തത്ര വേദനയാണ്. വേദനയെടുക്കുന്ന ഭാഗം കണ്ടിട്ടു ഡോക്ടർക്കെന്തോ സംശയം. അപ്പോൾ തന്നെ സ്കാൻ ചെയ്യണമെന്ന് പറഞ്ഞു സ്കാനിംഗ് റൂമിലേക്ക് എന്നെ കൊണ്ടുപോയി.

 

സ്കാൻ ചെയ്തുകഴിഞ്ഞിട്ടു ഡോക്ടറുടെ മുഖത്ത് വല്ലാത്ത അസ്വസ്ഥത.

 

ഡോക്ടർ ഹസീന, അവരുടെ ഭർത്താവിനെ വിളിച്ചുവരുത്തി. അദ്ദേഹമാണ് ഹോസ്പിറ്റലിലെ Laparoscopic Surgeon.

 

അവർ രണ്ടുപേരും എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. അതിനിടയിൽ എന്റെ രക്തപരിശോധനയും നടത്തി. എനിക്കെന്തോ പേടി തോന്നി. എന്തായിരിക്കും സംഭവിച്ചിട്ടുള്ളത്..? എന്തായാലും നേരിടുക തന്നെ.

 

കുറച്ചു നേരം കഴിഞ്ഞപ്പോൾ രണ്ടു ഡോക്ടറുമാരും ഞങ്ങളുടെ അടുത്തേക്ക് വന്നു.

 

‘‘ഞങ്ങൾ പറയുന്ന കാര്യങ്ങൾ കേട്ട് നിങ്ങൾ വിഷമിക്കരുത്. നിങ്ങൾ ഗർഭിണിയാണ്. പക്ഷേ ഗർഭം ധരിച്ചിരിക്കുന്നത് Fallopian tube ഇൽ ആണ് uterus ഇൽ അല്ല. സാങ്കേതികമായി ഇതിനെ Ectopic pregnancy എന്ന് പറയും. വലതുവശത്തെ ട്യൂബിലാണ് ഗർഭം ധരിച്ചിട്ടുള്ളത്. അത് മുറിച്ചു കളയണം. അല്ലെങ്കിൽ വീണ്ടും അതിൽ ഗർഭം ധരിക്കും. കാരണം ആ ട്യൂബിൽ ബ്ലോക്ക്‌ ഉണ്ട്.’’

 

ഞങ്ങളുടെ കണ്ണുകൾ നിറയുന്നതുകണ്ട് ഹസീന ഡോക്ടർ തുടർന്നു: ‘‘ഒന്നുകൊണ്ടും പേടിക്കേണ്ട. ഗർഭം ധരിക്കാൻ ഒരു ട്യൂബ് മതി. ആ ഒരു ട്യൂബ് നല്ല ആരോഗ്യമുള്ളതാണെങ്കിൽ നിങ്ങൾക്ക് എത്ര വേണമെങ്കിലും പ്രസവിക്കാം. അതുകൊണ്ട്  വിഷമിക്കരുത്. നമുക്ക് എമർജൻസി സർജറി ചെയ്യണം അല്ലെങ്കിൽ ട്യൂബ് പൊട്ടിയാൽ തനിക്ക് മരണം പോലും സംഭവിക്കാം .അതുകൊണ്ട് പ്രോസസ്സ് വൈകിപ്പിച്ചുകൂടാ...’’

 

ഡോക്ടർ പറയുന്നത് ഞങ്ങൾ രണ്ടുപേരും ഒരു ജീവച്ഛവങ്ങളെപ്പോലെ പോലെ കേട്ടിരുന്നു 

 

അന്ന് രാത്രി തന്നെ സർജറി ചെയ്തു.

 

എന്റെ രക്തത്തിൽ പിറന്ന കുഞ്ഞുമാലാഖയെ ഗ്ലാസ് ജാറിലാക്കി പിറ്റേ ദിവസം മെഡിക്കൽ കോളേജ് ലാബിലേക്ക് മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനത്തിനായി കൊണ്ടുപോയി. അതിനു മുൻപ് ഡോക്ടർ ആ മാലാഖയെ അവളുടെ പിതാവിന് കാണിച്ചു കൊടുത്തു. എന്റെ ഭർത്താവ്  ഏങ്ങിയേങ്ങി കരഞ്ഞു; ഞാൻ അപ്പോഴേക്കും കരച്ചിലിന്റെ തീരങ്ങൾക്ക് അപ്പുറം എത്തിയിരുന്നു.

 

‘‘പടച്ചവൻ  നിങ്ങളെ അനുഗ്രഹിക്കും...’’ ആശ്വാസവാക്കായി ഡോക്ടർ പറഞ്ഞു.

 

ഒരാഴ്ചയോളം എന്നെ drips കയറ്റി ഹോസ്പിറ്റലിൽ കിടത്തി. ശരീരത്തിലെ  മുറിവടയാളങ്ങളിൽ മായ്ക്കാൻ മരുന്നെന്ന ലേപനം ധാരാളം; മനസ്സിലെ കാണാമുറിവുകൾ പക്ഷേ അങ്ങനെ മായില്ലല്ലോ.!

 

ഒരാഴ്ച കഴിഞ്ഞു ഞങ്ങൾ വീട്ടിലേക്കു പോന്നു.

 

അലമാര തുറക്കവേ ആ തൂവൽത്തൊപ്പി, എന്റെ മാലാഖക്കായി കരുതിവെച്ച ആ തൊപ്പി. അതിനു താഴെ ഒരു പിഞ്ചുമുഖം എന്നെനോക്കി പുഞ്ചിരിക്കും പോലെ.... മുൻപ് മനസ്സിൽ തെളിഞ്ഞ, അതേ കുഞ്ഞുമുഖം എന്നോടിങ്ങനെ മിണ്ടി:

 

‘‘ഉമ്മാ... കരയരുത്.... എനിക്കുവേണ്ടി കരുതിവെച്ച ഈ സമ്മാനം,  ഇനി പിറക്കാൻ പോകുന്ന എന്റെ അനുജനോ അനുജത്തിക്കോ, എന്റെ സമ്മാനമായി കൊടുക്കണം. അവരോട്, മെഡിക്കൽ ലാബിലിരിക്കുന്ന ഈ കുഞ്ഞു ഇത്താത്തയെപ്പറ്റി പറയണം. ഈ ജന്മത്തിൽ ഉമ്മയുടെയും ഉപ്പയുടെയും മകളായി കൂടെ ഇല്ലെങ്കിലും, അടുത്ത ജന്മത്തിൽ ഞാൻ തീർച്ചയായും ഈ ഉമ്മയുടെയും ഉപ്പയുടെയും കൂടെ ഉണ്ടാകും...’’

 

വാക്കുകൾ കൂട്ടിപ്പെറുക്കി, എന്റെ കാണാ കുഞ്ഞുകണ്മണി അത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും, ഞാൻ മുഖത്തോട് അടുക്കിപ്പിടിച്ചിരുന്ന തൂവൽതൊപ്പി നനഞ്ഞു കഴിഞ്ഞിരുന്നു.

 

English Summary: Thoovalthoppi, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com