ADVERTISEMENT

ആ പുഞ്ചിരിയുടെ ഓർമ്മയ്ക്കായ്... (കഥ)

 

ഇറങ്ങേണ്ട സ്റ്റേഷൻ എത്താൻ ഒരു മിനിറ്റ് കൂടെ വൈകിയാൽ ലോക്കൽ ട്രെയിനിലെ ആ തിരക്കിൽ പെട്ട് ശ്വാസം കിട്ടാതെ ഞാൻ മരിച്ചു വീഴുമെന്നെനിക്ക് തോന്നി. മുൻപിൽ നിൽക്കുന്ന സ്ത്രീയുടെ പിറകോട്ട് കെട്ടി വച്ച മുടിയിൽ വട്ടത്തിൽ പിൻ ചെയ്തു വച്ച മുല്ലപ്പൂവിന്റെ ഇതളുകൾ കണ്ണിൽ കൊള്ളാതിരിക്കാനായി സ്റ്റേഷൻ എത്തുന്നവരെ ഞാൻ കണ്ണുകൾ മുറുക്കി അടച്ചു. ട്രെയിൻ കുർള സ്റ്റേഷനിലെത്തിയപ്പോഴേക്കും ആരൊക്കെയോ ചേർന്നെന്നെ തള്ളി പുറത്തിട്ടു. കയറാനും ഇറങ്ങാനും നമ്മളായിട്ട് ഒരു പരിശ്രമവും നടത്തേണ്ടതില്ല എന്നതാണ് മുംബൈ ലോക്കൽ ട്രെയിനുകളുടെ പ്രത്യേകത. അതുപോലെ മിനിട്ടുകൾക്ക് ജീവിതത്തിൽ എത്രത്തോളം വിലയുണ്ടെന്നതും ഈ യാത്രകൾ നമ്മെ പഠിപ്പിക്കും. 

 

ട്രെയിനിനുള്ളിലെ തിരക്കിനേക്കാൾ കഷ്ടമാണ് ഇടക്ക് പ്ലാറ്റ്ഫോമിലെ അവസ്ഥ. ജീവിതത്തെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള പെടാപാടിൽ നാലുപാടും ഓടിക്കൊണ്ടിരിക്കുന്ന ഇവിടുത്തെ മനുഷ്യർക്ക് ലക്ഷ്യം മാത്രമാണ് പ്രധാനം. കുറച്ചു നേരം എവിടെയെങ്കിലും ഇരിക്കാതെ പുറത്തേക്കുള്ള കോണിപ്പടികൾ കയറിയെത്തുക അസാധ്യമെന്നു ബോധ്യപ്പെട്ടപ്പോൾ പ്ലാറ്റ്ഫോമിന് സൈഡിലായി കിടന്ന ആളൊഴിഞ്ഞ ഒരു സ്റ്റീൽ കസേരയിലേക്ക്  ഞാൻ ഏന്തി വലിഞ്ഞു നടന്നു. സമയം ഒൻപതിനോടടുക്കുന്നു ഇനിയും വൈകിയാൽ റിക്ഷക്കുവേണ്ടി നീണ്ട വരിയിൽ വെയിലത്ത് ഒരു അരമണിക്കൂറെങ്കിലും നിൽക്കേണ്ടി വരും ഓഫീസിലേക്ക് ഇവിടുന്ന് ഒരു പതിനഞ്ചു മിനിറ്റ് യാത്ര മതിയെങ്കിലും രാവിലത്തെ ട്രാഫിക് ബ്ലോക്കും റിക്ഷക്കാരുടെ അടിപിടിയും എല്ലാം കഴിഞ്ഞു ഓഫീസിലെത്താൻ അരമണിക്കൂറിൽ കൂടുതലെടുക്കും. 

 

പക്ഷേ ഇരുന്നിടത്തു നിന്ന് ഒരടിപോലും അനങ്ങാൻ എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല. ശ്വാസമെടുക്കാൻ കഴിയുന്നുണ്ടെങ്കിൽ പോലും ശരീരമാകെ തളരുന്ന പോലെ. പിരിയഡ്‌സിന്റെ രണ്ടാം ദിവസമാണ് അടിവയറ്റിൽ നിന്നുള്ള  അസഹനീയമായ വേദനക്കൊപ്പം ട്രെയിനിലെ ഉന്തും തള്ളും കൂടി താങ്ങാനുള്ള കെൽപ്പ് ശരീരത്തിനുണ്ടായിരുന്നിരിക്കില്ല. രാവിലെ ഭക്ഷണം കഴിക്കാൻ വിളിച്ച സാക്ഷിയോട് വെറുതെ ദേഷ്യപ്പെടാതെ വല്ലതും കഴിച്ചിരുന്നെങ്കിൽ എന്ന് തോന്നി. എത്രനേരം ഉള്ളംകയ്യിൽ തല വച്ച് അവിടെ ഇരുന്നെന്നോ അതിനിടക്ക് എത്ര ട്രെയിനുകൾ, ആളുകൾ തിരക്കിട്ട് എന്നെ കടന്നു പോയെന്നോ എനിക്ക് നിശ്ചയമില്ല. 

 

തണുപ്പുള്ള ഒരു കുഞ്ഞി കൈ ‘‘ദീദി ദീദിയെന്നു’’ വിളിച്ചു തട്ടി ഉണർത്തിയപ്പോഴാണ് കണ്ണുതുറന്നത്. ട്രെയിനിലും പ്ലാറ്റ്ഫോമിലുമായി പൂവും കമ്മലുമെല്ലാം വിൽക്കാൻ നടക്കുന്ന കുട്ടികളിലൊരാളാണ്. ഇടതു കയ്യിൽ നിറയെ കമ്പിയിൽ തൂക്കി പിടിച്ചിരിക്കുന്ന കമ്മലുകളുണ്ട്. എണ്ണയിടാത്ത തലമുടി കണ്ണുവരെ മൂടി അലക്ഷ്യമായി പാറിക്കിടക്കുന്നു. കുട്ടി നിക്കറും കയ്യില്ലാത്ത ബനിയനുമിട്ട കക്ഷിക്ക് ഒരു അഞ്ചാറു വയസ്സ് പ്രായം വരും കണ്ണുതുറന്ന് അവനെ തുറിച്ചു നോക്കി കൊണ്ടിരുന്ന എനിക്ക് നേരെ കമ്മൽ കൂട്ടം നീട്ടി അവൻ കച്ചവടം ആരംഭിച്ചു. 

 

ഈ ഇരിപ്പിരിക്കാൻ തുടങ്ങിയിട്ട് നേരം കുറെയാണെന്ന വെളിപാടുണ്ടായപ്പോഴേക്കും ഞാൻ ചാടി എണീറ്റ് നടക്കാനൊരുങ്ങി. ഒരടി വച്ചപ്പോഴേക്കും തലകറങ്ങിയ എന്നെ അവൻ താങ്ങി നിർത്താൻ ശ്രമിച്ചത് മാത്രം ഓർമയുണ്ട്. കണ്ണുതുറന്നപ്പോൾ മുന്നിൽ കൈക്കുഞ്ഞുമായി ഒരു നാടോടി സ്ത്രീയും അവന്റെ അതെ പ്രായം തോന്നിക്കുന്ന അഞ്ചാറുപേരുമുണ്ട്. സമയം പത്തുമണി കഴിഞ്ഞിരിക്കുന്നു സ്റ്റേഷനിലെ തിരക്ക് കുറച്ചൊക്കെ ഒഴിഞ്ഞു. മുന്നിൽ നിൽക്കുന്ന ഇവരൊഴികെ സ്റ്റേഷനിലുള്ള ബാക്കിയെല്ലാവരും ഞാൻ നേരത്തെ പറഞ്ഞ ഓട്ടത്തിലാണ്. എനിക്കുനേരെ ആ സ്ത്രീ നീട്ടിയ മിനറൽ വാട്ടറിന്റെ കുപ്പി വാങ്ങണോ വേണ്ടയോ എന്നാലോചിച്ചു ഞാൻ ഒരു നിമിഷം പകച്ചു നിന്നു. ‘‘വേഗം ഈ വെള്ളം കുടിക്ക് ഭക്ഷണം വേണോ’’ എന്നൊക്കെ അവർ ഹന്ദിയിൽ ചോദിച്ചു കൊണ്ടിരുന്നു. ആളുകളെ മയക്കി സാധനങ്ങൾ മോഷ്ടിച്ച് കൊണ്ടുപോകുന്ന നാടോടികളെ കുറിച്ചുള്ള പേടിപ്പിക്കുന്ന കഥകളൊന്നും അപ്പോൾ മനസ്സിൽ വന്നില്ല. കിട്ടിയ വെള്ളം ഒറ്റ വലിക്കു കുടിച്ചു അവർക്കൊരു വിളറിയ ചിരി സമ്മാനിച്ച് ഞാൻ ഓടി കോണിപ്പടി കയറി. 

 

ഓഫീസിൽ വൈകി ചെന്നാലും വലിയ കുഴപ്പൊന്നും സംഭവിക്കാനിടയില്ല എന്നത് കൊണ്ട് ഞാൻ ഓട്ടോ പിടിച്ചു. വയറുവേദനക്ക് വലിയ മാറ്റമൊന്നുമില്ലെങ്കിലും തലചുറ്റലിനു ആശ്വാസമുണ്ട്. എങ്കിലും എനിക്ക് കരച്ചിൽ വന്നു പെട്ടന്ന് ഞാൻ ഒറ്റക്കായപോലെ. ഓട്ടോയിലിരിക്കുന്ന മറ്റു രണ്ടുപേരും ഫോണിൽ മുഴുകിയിരിക്കുകയാണ്. എവിടെനിന്നു ഞാൻ ആർത്തു കരഞ്ഞാലും ആരും കേൾക്കില്ലെന്നെനിക്ക് തോന്നി. 

 

 

ഓട്ടോക്കാരുടെ ഉച്ചത്തിലുള്ള ഹോൺ വിളിയിൽ നിന്നും മറാത്തിയിലുള്ള സംസാരങ്ങളിൽ നിന്നും ഓടി എനിക്ക് നാട്ടിലെ അമ്പലകുളത്തിലെ ഇളം ചൂടുള്ള വെള്ളത്തിൽ കാലിട്ടിരുന്നു, ചെമ്പകപ്പൂ വീണ ഇടവഴിയിലെ മതിൽ പച്ച പറിച്ചു കറികളുണ്ടാക്കി, വിശക്കുമ്പോൾ മാമന്റെ വീട്ടിലേക്കോടി പലഹാരപെട്ടി തുറന്നു ഒടുവിൽ കളിച്ചു തകരുമ്പോൾ തറവാട്ടിലെ കാവിയിട്ട ചാരുതിണ്ണയിൽ ക്ഷീണിച്ചുറങ്ങണമെന്നു തോന്നി. 

 

എന്തിനാണ് അതെല്ലാം വേണ്ടെന്നു വച്ചു ഞാൻ ഇവിടേക്ക് വന്നത്? പഠിച്ച ജോലി നാട്ടിൽ കിട്ടാത്തത് കൊണ്ടാണോ? ഒരിക്കലും അല്ല എന്തിനോടൊക്കെയോ ഉള്ള എന്റെ വാശിയായിരുന്നു. സാധിക്കില്ല എന്നു പലരും വിധിയെഴുതിയതൊക്കെ എത്തിപ്പിടിക്കണമെന്ന അടങ്ങാത്ത മോഹമായിരുന്നു. ആരുമില്ലാത്തൊരിടത്തു നീ ഒറ്റക്കിങ്ങനെ എന്തിനാണ് കഷ്ടപ്പെടുന്നതെന്ന അമ്മയുടെ ആകുലതകളെ അതെല്ലാം എന്റെ ഇഷ്ടങ്ങളെന്നു പറഞ്ഞു തള്ളി കളഞ്ഞതിനോട് എനിക്കന്നാദ്യമായി കുറ്റബോധം തോന്നി. അല്ലെങ്കിലും ശരീരത്തിന് ആരോഗ്യമുള്ളവരെ എനിക്കാരും വേണ്ട എല്ലാം ഒറ്റക്ക് സാധിക്കുമെന്ന അഹങ്കാരം നമ്മൾക്കെല്ലാവർക്കുമുണ്ട്. ഒന്നു തകർന്നു പോകുമ്പോഴാണ് നാം പലപ്പോഴും പ്രിയപ്പെട്ടവരെ കുറിച്ചോർക്കുന്നത്. 

 

ഓരോന്നോർത്ത് നിയന്ത്രിക്കാനാവാതെ പുറത്തുവന്ന കണ്ണുനീർ ഷോൾഡർ കൊണ്ടു തുടച്ചു ഞാൻ ഫോണെടുത്തു. അമ്മയുടെ മിസ്സ്‌കോളുണ്ട് രാവിലെ പത്തുമണിക്കുള്ള വിളി മുടങ്ങിയത്തിന്റെ കാരണം അന്വേക്ഷിച്ചാവാം. ഫോണെടുത്തു എനിക്ക് വയ്യെന്ന് പറയാൻ തോന്നിയില്ല അല്ലെങ്കിലും മറ്റൊരാളെ കൂടി വേദനിപ്പിക്കുന്ന നമ്മുടെ വിഷമങ്ങൾ പങ്കുവെക്കാത്തത് ആണ് നല്ലത്. ഞാൻ തിരഞ്ഞെടുത്ത ജീവിതത്തിലെ വിഷമങ്ങൾ എല്ലാം എന്റേത് മാത്രമാവട്ടെ. 

 

ഓഫീസിലെത്തി ഭക്ഷണം കഴിച്ചു കുറച്ചു നേരം വിശ്രമിച്ചപ്പോഴേക്കും മുഖത്തൊരു ചിരി പരത്താൻ മനസ്സും, ലാപ്ടോപ്പിന് മുന്നിൽ കുത്തി ഇരിക്കാൻ ശരീരവും തയ്യാറായി. ഓഫീസിലെ തിരക്കുള്ള ജോലികൾ കഴിഞ്ഞപ്പോഴാണ് രാവിലെ പ്ലാറ്റ്ഫോമിൽ നിന്നും എന്നെ തട്ടി ഉണർത്തിയ ആ കുഞ്ഞി കൈകളെ കുറിച്ചു വീണ്ടും ഓർമിച്ചത്. ഞാനെത്ര സ്വാർഥയാണ് ഒരു നന്ദി പോലും പറയാതെ എന്തുകൊണ്ടാണ് ഞാൻ ഓടി വന്നത്. ജീവനെ കുറിച്ചും ജീവിതത്തെ കുറിച്ചും സോഷ്യൽ മീഡിയയിൽ വാതോരാതെ സംസാരിക്കുന്ന അത്രയും പേരവിടെ ഉണ്ടായിട്ടും കുറച്ചു വെള്ളം തരാൻ നാം എന്നും മുഖം തിരിക്കുന്ന അവർ മാത്രമേ ഉണ്ടായുള്ളൂ. 

 

കുറ്റബോധം കൊണ്ടു എനിക്ക് ഓഫീസിൽ ഇരിപ്പുറച്ചില്ല വയ്യെന്ന് പറഞ്ഞു മൂന്നു മണിയായപ്പോൾ ഓഫീസിൽ നിന്നുമിറങ്ങി അവരെ തേടിയിറങ്ങി. ഇറങ്ങാൻ നേരം ഓഫീസിലെ കബോർഡിൽ ഉണ്ടായിരുന്ന ചോക്ലേറ്റും സ്നാക്ക്‌സുകളുമെല്ലാം വാരി ബാഗിലിട്ടു. എന്നും കിട്ടുന്നത് കൊണ്ടു വെറുതെ കൂട്ടി വയ്ക്കുന്ന ഒരുപാട് ഭക്ഷണ സാധനങ്ങൾ ഇതുപോലെ ഓഫീസിലെ എല്ലാവരുടെ കബോർഡിലും കാണും. അഡ്മിൻ ഓഫീസിൽ പോയി ഒരു വലിയ കവർ വാങ്ങി ചുറ്റുമിരുന്ന എല്ലാവരുടെ സ്നാക്ക്‌സും വാരിക്കൂട്ടി ഞാൻ പ്ലാറ്റ്ഫോമിലെത്തി. മണിക്കൂറുകളോളം പ്ലാറ്റ്ഫോം മുഴുവൻ തിരഞ്ഞിട്ടും എനിക്കവരെ കണ്ടെത്താനായില്ല. ഒരുപാട് വൈകിയാൽ ട്രെയിനിലെ വീണ്ടുമൊരു മൽപിടുത്തത്തിനു കൂടി ശരീരം നിന്നുതരില്ലെന്നു ഉറപ്പുള്ളതിനാൽ ഞാൻ അധികം വൈകാതെ ഹോസ്റ്റലിലേക്കുള്ള ട്രെയിൻ പിടിച്ചു. വാതിൽപടിയിൽ ചാരിനിന്നു നിരാശയോടെ അവരെ കുറിച്ചോർക്കുമ്പോഴാണ് കയ്യിൽ നിറയെ വിൽക്കാനുള്ള കറുത്ത ചരടുകളും പാദസരങ്ങളുമായി കുറച്ചു കുട്ടികൾ ട്രെയിനിൽ കയറിയത്. എന്റെ കയ്യിലുള്ള കവറിലെ തിളങ്ങുന്ന മിട്ടായി കടലാസിലേക്ക് സൂക്ഷിച്ചു നോക്കിയ കൂട്ടത്തിലെ പെൺകുട്ടിയെ അടുത്തു വിളിച്ചു ഞാൻ ആ കവർ കയ്യിൽ വച്ചു കൊടുത്തു.  വിശ്വസിക്കാനാവാതെ അവൾക്കു ചുറ്റും കൂടിയ കുട്ടികൾക്കു മുന്നിൽ മുട്ടു കുത്തിയിരുന്നു ബാഗിൽ നിറച്ച മിട്ടായികൾ ഞാൻ നിലത്തു ചൊരിഞ്ഞു. അതു വാരി പെറുക്കി സന്തോഷം കൊണ്ട് അവർ ഹിന്ദിയിലും മാറാത്തിയിലുമായി എന്നോടെന്തൊക്കെയോ പറഞ്ഞു. അവരുടെ കണ്ണുകളിലെ സന്തോഷത്തിന്റെ തിളക്കം പക്ഷേ എന്റെ കണ്ണുകളിൽ വീണ്ടും നനവ് പടർത്തി . 

ഇറങ്ങാനുള്ള സ്റ്റേഷൻ എത്തിയപ്പോൾ കൂട്ടത്തിലൊരാൾ കയ്യിലുണ്ടായിരുന്ന സാധനങ്ങളിൽ നിന്നും വെള്ള മുത്തു വച്ച ഒരു കറുത്ത ചരട് എനിക്ക് നേരെ നീട്ടി. പൈസ കൊടുക്കാൻ തുടങ്ങിയപ്പോൾ ഇത് ഞങ്ങളുടെ സമ്മാനമാണെന്നു പറഞ്ഞവൻ വിലക്കി. ട്രെയിൻ കണ്ണിൽ നിന്നു മറയുന്നവരെ മിട്ടായി കഴിക്കുന്ന തിരക്കിലും വാതിൽപടിയിൽ നിന്നും അവരെനിക്ക് കൈവീശി യാത്ര പറഞ്ഞു . എനിക്കപ്പോഴും വയറു വേദനിക്കുണ്ടായിരുന്നു പക്ഷേ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു സന്തോഷം മനസ്സിൽ നിറഞ്ഞു നിന്നതിനാൽ ആ വേദന കുറെയൊക്കെ ഞാൻ അറിയതെപോയി. കാലിൽ ഞാൻ ഇപ്പോഴുമൊരു കറുത്ത ചരട് സൂക്ഷിക്കുന്നുണ്ട്. ഞാൻ കണ്ട നല്ല മനസ്സുകളുടെ മനോഹരമായ ചിരിയുടെ  ഓർമപ്പെടുത്തലിനായി.

 

English Summary:  Writers Blog - Aa Punchiriyude Ormakkayi, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com