ADVERTISEMENT

അജ്ഞാത മനുഷ്യൻ (കഥ)  

യൂണിവേഴ്സിറ്റി കോളജ് ഡബ്ലിനിലെ എന്റെ ആദ്യദിനം ഡയറിയിലേക്ക് ആവാഹിക്കാൻ തിടുക്കപ്പെട്ട് ആണ് ഞാൻ പഠന മേശയ്ക്ക് മുന്നിൽ ഇരുന്നത്. അത് ആർക്കും പ്രവചിക്കുവാൻ കഴിയാതിരുന്ന ഒരു ദിനമായിരുന്നു. ഒരുപാട് കാലങ്ങളായുള്ള സ്വപ്നത്തിലേക്ക് നടന്നടുത്തതിന്റെ ആവേശം അവളുടെ കണ്ണുകളിൽ ഉണ്ടായിരുന്നു. പടർന്നുപന്തലിച്ച കിടന്ന ആ വൻകൽമതിലിനുള്ളിലെ നിഗൂഢര്തനങ്ങളൊക്കെയും ഒന്നൊന്നായി അഴിച്ചെടുക്കുവാനുള്ള വ്യഗ്രത കുന്നോളം ഉണ്ടായിരുന്നു. 

 

സെക്യൂരിറ്റി ഗേറ്റിൽ എത്തി അഡ്മിഷൻ കാർഡ് കാണിച്ച് മരങ്ങൾ അതിരിട്ട ആ കോൺക്രീറ്റ് പാതയിലൂടെ കൺവെൻഷൻ ഹാൾ ലക്ഷ്യമാക്കി നടക്കവേയാണ് അവൾ നീനുവിനെ കണ്ടത്. അവളും അതെ ആവേശത്തിലാണ്. തോളിൽ തൂക്കിയിട്ടിരുന്ന വെള്ളയും കറുപ്പും ഇടകലർന്ന ബാഗ് ഒന്നുകൂടി തോളിലേക്ക് എടുത്തിട്ട് ഇളം തവിട്ടുനിറത്തിലുള്ള നീല ജാക്കറ്റിന്റെ ബെൽറ്റ് ഊരി കൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു. അപ്പോൾ അതാ പിന്നിൽ നിന്ന് ഒരു വിളി. ‘‘അനാ…ക്കലി’’. അവളുടെ മുഖം ചുവന്നു വന്നു. അവൾ ഇംഗ്ലിഷിൽ സ്‌റ്റെഫനിയോട് കയർത്തു.‘‘നിന്നോട് ഞാൻ എത്ര തവണ പറഞ്ഞിരിക്കുന്നു അനാ..ക്കലി എന്ന് വിളിക്കരുതെന്ന്. ഒന്നില്ലേൽ അന്നാ എന്ന് വിളിക്കണം അല്ലേൽ അനാർക്കലി എന്ന് വിളിക്കണം. അനാർക്കലി.. അതാ എന്റെ പേര്. ഇന്ത്യയിലെ ഏറ്റവും സുന്ദരിയായ സ്ത്രീയുടെ പേരാണ് മനസ്സിലായോ?’’ അവൾ അഴിഞ്ഞു വീണ മുടി പിന്നിലേക്കൊതുക്കി ‘മനസിലായോ’ എന്ന അർത്ഥത്തിൽ സ്‌റ്റെഫനിയെ നോക്കി. ‘‘In the ancient world’’. കണ്ണുകൾ രണ്ടും മുകളിലേക്കെറിഞ്ഞ് നീനു കൂട്ടിച്ചേർത്തു. സ്‌റ്റെഫനിയും നീനുവും ആർത്തുചിരിച്ചു. പെയ്യാൻ മടിച്ചു നിന്ന ശിശിരം മഴ ചന്നംപിന്നം പെയ്തു തുടങ്ങിയതും പരിഭവം മറന്ന് അവർ കൺവെൻഷൻ ഹാളിനെ ലക്ഷ്യംവെച്ച് ഓടി.

 

കൺവെൻഷൻ ഹാളിന്റെ അകത്ത് ഒരു വൻ ജനക്കൂട്ടം ഉണ്ട്. ഈ രാജ്യത്തെ തന്നെ ഏറ്റവും മികച്ച വിദ്യാർഥികളുടെ കൂട്ടം. രജിസ്ട്രേഷൻ കൗണ്ടറിൽ പേര് രജിസ്റ്റർ ചെയ്ത് അവിടെ മേശപ്പുറത്ത് വച്ചിരുന്ന സ്നാക്ക്സിൽ നിന്നും ഒരു ചീസ് സാൻവിച്ചും കയ്യിൽ ഒരു cappuccino യുമായി അവർ തിരക്കിൽ നിന്ന് ഒഴിഞ്ഞു ഒരു ഗ്ലാസ് വിൻഡോയുടെ അടുത്തേക്ക് മാറിനിന്നു. ആ ഭാഗം മുഴുവൻ ഗ്ലാസ് ആണ്. അതിലൂടെ നോക്കിയാൽ മനോഹരമായ പുൽത്തകിടി കാണാം. അതിനോട് ചേർന്ന് ഒരു കുഞ്ഞു lake ഉം ഉണ്ട്‌.  അവിടെ വെള്ള അരയന്നങ്ങളെ കാണാം. “എന്തൊരു ഭംഗിയാണ് ഈ ക്യാമ്പസ്”. ‘‘ഞാനൊരു കവി ആയിരുന്നെങ്കിൽ ആ മനോഹരങ്ങളായ അരയന്നങ്ങളുടെ നിശബ്ദ സഞ്ചാരങ്ങൾ കുറിച്ച് ഒരു കവിത എഴുതിയേനെ’’ അനാർക്കലി പറഞ്ഞു. 

 

‘‘ഞാൻ ഒരു ചിത്രകാരി ആയിരുന്നെങ്കിൽ ഈ സുന്ദര നിമിഷം എന്റെ മനോഹരമായ ക്യാൻവാസിൽ വരച്ചിട്ടേനെ’’. നീനു  കൂട്ടിചേർത്തു. അവരുടെ സ്വപ്നങ്ങൾക്കുമേൽ  അർധവിരാമം ഇട്ട് പെട്ടെന്നാണ് “സ്റ്റെഫാനി” എന്ന വിളി കേട്ടിടത്തേക്ക് അവർ തിരിഞ്ഞു നോക്കിയത്. പിറകിൽ സ്റ്റെഫാനിയുടെ ആങ്ങള ലൂക്ക്. ‘‘നിങ്ങൾ ഇവിടെ നിൽക്കുകയാണോ? നിങ്ങളെ ഞാൻ എവിടെയെല്ലാം അന്വേഷിച്ചു. ഇന്ന് ക്ലാസ്സ് ഉണ്ടാവില്ല. ഈ ഫംഗ്ഷൻ കഴിഞ്ഞ നിങ്ങൾക്ക് തിരിച്ചു പോകാം.’’ “അതെന്താ ക്ലാസ്സ് ഇല്ലാത്തെ?” അന്നയാണ് ചോദിച്ചത്. ഈ ക്യാമ്പസിൽ ഒരു ‘മിസ്റ്ററി മാൻ’ ഉണ്ടായിരുന്നു. അദ്ദേഹം ഇന്ന് രാവിലെ സെക്യൂരിറ്റി നോക്കിയപ്പോൾ മരിച്ചുകിടക്കുന്നു. ബോഡി ഇപ്പോൾ റിമൂവ് ചെയ്തതേ ഉള്ളൂ. അതുകൊണ്ട് ഇന്ന് ക്യാമ്പസിന് അവധിയാണ്. അത് കണ്ടോ? ‘‘അതാണ് അഡ്മിൻ ഓഫീസ്. അതിനു മുകളിലെ കൊടി പകുതി താഴ്ത്തിക്കെട്ടി ഇരിക്കുന്നത് കണ്ടോ?’’. ലൂക്ക് ചില്ലു ഗ്ലാസിലൂടെ ദൂരേക്ക്‌ കൈ നീട്ടി. ‘‘ലൂക്ക് അയാളെ കണ്ടിട്ടുണ്ടോ?’’. നീനു ചോദിച്ചു. മറുപടി പറഞ്ഞത് സ്റ്റെഫാനി ആണ് . 

 

‘‘അയ്യോ അത് സങ്കടം ആയല്ലോ. ലൂക്ക് പറഞ്ഞു വീട്ടിൽ ഞങ്ങൾക്കെല്ലാവർക്കും മിസ്റ്ററി മാനേ അറിയാം.’’ ‘‘അതെ’’. ലൂക്ക് കൂട്ടിച്ചേർത്തു. ‘‘ഞാനിവിടെ വന്നിട്ട് രണ്ടു വർഷമായി. അത്ഭുതമായിരുന്നു ആ മനുഷ്യൻ. ഓരോ വർഷവും ആയിരക്കണക്കിന് വിദ്യാർഥിനി വിദ്യാർഥികൾ വരികയും പോവുകയും ചെയ്ത ഈ ക്യാമ്പസിന് സ്വന്തമായി ഉണ്ടായിരുന്ന കൂട്ടുകാരൻ. അദ്ദേഹത്തെ എല്ലാർക്കും അറിയാം ആർക്കും ഒരു ഉപദ്രവവും ഇല്ല. നീണ്ട കൊലുന്നനെയുള്ള ഒരു ക്ലാസിക് മനുഷ്യൻ. നീണ്ട താടിയും, മുഖവും, വിടർന്ന കണ്ണുകളും ഉള്ള ഒരു സുന്ദരൻ. നിങ്ങൾ ബസ്സിറങ്ങി വന്നപ്പോൾ ഒരു ലോൻഡിസ് കണ്ടില്ലേ? അവരാണ് മിക്കപ്പോഴും അയാൾക്ക് ഭക്ഷണം കൊടുത്തത്. ചിലർ വസ്ത്രങ്ങൾ കൊടുത്തു. ഈ ക്യാമ്പസ് ആണ് അദ്ദേഹത്തെ നോക്കിയത്. പക്ഷേ അപ്പോഴും ഈ ക്യാമ്പസും ആയുള്ള അദ്ദേഹത്തിന്റെ ബന്ധം എന്തെന്ന് ആർക്കും അറിയില്ല. അയാൾ അത് പറഞ്ഞതുമില്ല. 

 

അദ്ദേഹത്തെ മാറ്റിപാർപ്പിക്കാൻ പലരും ശ്രമിച്ചു. മികച്ച സൗകര്യങ്ങൾ നൽകാൻ ശ്രമിച്ചു. എന്നിട്ടും അയാൾ പോയില്ല. ഈ ക്യാമ്പസ്സിന്റെ ഏകാന്തതയിലും വന്യതയിലും കഴിയാൻ അയാൾ ആഗ്രഹിച്ചു. അവിടെ കിടന്ന് മരിക്കാനും. ആരും അയാളെ തടഞ്ഞില്ല. വീടില്ലാത്ത അനാഥനായ അഭയാർത്ഥിയെ ഈ ക്യാമ്പസ് ദത്തെടുത്തു. ഇന്ന് അദ്ദേഹം ഒരു മൃതശരീരം ആയി ഈ ക്യാമ്പസ്സിന്റെ പടിയിറങ്ങുമ്പോൾ കണ്ടില്ലേ പ്രകൃതിപോലും കരയുകയാണ്’’. 

 

മേഘാവൃതം ആയിരുന്ന ക്യാമ്പസ്സിൽ മഴ ആർത്തലച്ചു പെയ്യുന്നത് കണ്ടു ലൂക്ക് പറഞ്ഞു. ആരുമില്ലാത്ത അജ്ഞാത മനുഷ്യനോടുള്ള ആദരസൂചകമായി ഇന്ന് ക്യാമ്പസ് അടച്ചിട്ടു. ക്യാമ്പസിലെ കൊടി താഴ്ത്തി കെട്ടി. അങ്ങനെയാണ് നമ്മൾ അയാളോടുള്ള ആദരം കാണിക്കുന്നത്. ഞങ്ങൾക്ക് “ഓൾ ദി ബെസ്റ്റ്” പറഞ്ഞ് ലുക്ക് മടങ്ങി. ആ വെൽക്കം സെഷനിൽ ഉടനീളം ആ ‘മിസ്റ്ററി മാൻ’ നിറഞ്ഞ് നിന്നു. അത് കഴിഞ്ഞ് അവിടെ നിന്നിറങ്ങുമ്പോൾ ഞങ്ങളുടെ മനസ്സിലും. എൻട്രൻസിൽ ഒട്ടിച്ച അയാളുടെ ഫോട്ടോയ്ക്ക് താഴെ ഒരു ബോക്സിൽ റോസാപ്പൂക്കൾ കൂട്ടി ഇട്ടിരുന്നു. കുട്ടികൾ അവയിൽ ഓരോന്ന് എടുത്ത് അയാൾ മരിച്ചു കിടന്ന സ്ഥലത്ത് കൊണ്ടുപോയി വച്ചു. അവിടെ കുമിഞ്ഞുകൂടിയ റോസാപ്പൂക്കൾ കൊണ്ട് അവർ ആ അജ്ഞാത സുഹൃത്തിന് യാത്ര മൊഴി നൽകി. ആ സ്ഥലത്ത് ഒരു പൂവ് വെയ്ക്കവെ മനസ്സും കണ്ണും നിറഞ്ഞു ആർത്തലച്ചു പെയ്യുന്ന മഴയ്‌ക്കൊപ്പം അലിഞ്ഞുചേർന്നു. അന്ന് നേരത്തെ ക്യാമ്പസിൽ നിന്ന് ഇറങ്ങുമ്പോൾ മനസ്സിൽ ആ നിഗൂഢമനുഷ്യൻ നിറച്ച വിങ്ങലുകൾ ബാക്കി ആവുകയായിരുന്നു.

 

English Summary: Writers Blog- Anjatha Manushyan, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com