ADVERTISEMENT

പുസ്തകത്താളിലെ പെൺകുട്ടി (കഥ)

 

മദ്രാസിലെ മൂർ മാർക്കറ്റിൽ അച്ഛനേയും അമ്മയേയും ഒഴിച്ച് ബാക്കിയെല്ലാം വാങ്ങാൻ കിട്ടുമെന്നാണ് പറയാറ്. ഇടയ്ക്കിടെ വരാറുള്ളതാണ്. ഇന്നിപ്പോൾ പുസ്തകങ്ങൾ വാങ്ങാൻ കച്ചകെട്ടി ഇറങ്ങിയതാണ്.

 

ഞാൻ സെക്കന്റ് ഹാൻഡ് പുസ്തകങ്ങൾ വിൽക്കുന്ന കടയിൽ എത്തി. അടുക്കും ചിട്ടയും ഒന്നുമില്ലാതെയാണ് പുസ്തകങ്ങൾ കൂട്ടി വച്ചിരിക്കുന്നത്. നമുക്ക് വേണ്ടത് തപ്പിയെടുക്കുകയെ നിവൃത്തിയുള്ളു. കടയുടെ മുന്നിൽ തന്നെ പുതിയതായി വന്ന പഴയ നോവലുകളാണ്. ഇംഗ്ലീഷ് നോവലുകൾ ധാരാളം ഉണ്ട്. ഇവരിതെല്ലാം എങ്ങനെ സംഘടിപ്പിക്കുന്നു എന്നോർക്കുമ്പോൾ അത്ഭുതം തോന്നും. ചിലപ്പോൾ വായിച്ച് കഴിഞ്ഞ് ഉടമസ്ഥർ തന്നെ ഇവിടെ കൊണ്ട് കൊടുക്കുന്നതാവാം. അല്ലെങ്കിൽ പിന്നെ ആക്രിക്കാരുടെ കരവിരുതാവും.

 

മിക്ക പുസ്തകങ്ങളിലും അതിന്റെ പഴയ ഉടമസ്ഥരുടെ പേരോ ഒപ്പോ കാണും. അതൊന്നും നോക്കാൻ മിനക്കെടാറില്ല. ആരുപയോഗിച്ചതായിരുന്നെങ്കിലെന്താ, നമുക്ക് വേണ്ട കഥകൾ തെരഞ്ഞെടുക്കണമെന്നല്ലേയുള്ളു. ആർതർ ഹെയ്​ലിയുടേയും ഹാരോൾഡ് റോബിൻസിന്റേയും ജെയിംസ് ഹാഡ്​ലി ചേസിന്റേയും ഒക്കെ നോവലുകൾ കിട്ടി. അവരുടെ മിക്കവാറും നോവലുകളെല്ലാം വായിച്ചിട്ടുള്ളതാണ്. എങ്കിലും  വായിക്കാത്ത പത്ത് പുസ്തകങ്ങൾ. ഇവരെല്ലാം ധാരാളം നോവലുകൾ എഴുതിയിട്ടുള്ളത് എന്റെ ഭാഗ്യം. ഇനി ഒരു മാസത്തേയ്ക്ക് വായിക്കാൻ ധാരാളമായി. 

 

പുസ്തകങ്ങൾ കൈയിൽ കിട്ടിയാൽ പിന്നെ ഹോസ്റ്റൽ മുറിയിലെത്താൻ ധൃതിയാണ്. വായന തുടങ്ങാനുള്ള ഔത്സുക്യം. മൂർ മാർക്കറ്റിൽ നിന്നും നേരെ അടയാറിലേയ്ക്കുള്ള ബസ് പിടിച്ചു.

 

ഐഐടിയിൽ എംടെക്കിന്റെ രണ്ടാം വർഷ വിദ്യാർത്ഥിയാണ് ഈ നോവൽ വാങ്ങി കൂട്ടുന്ന ഞാൻ. പഠിക്കുവാൻ ധാരാളം ഉണ്ടെങ്കിലും നോവൽ വായന മുടക്കാറില്ല. മലയാളം പുസ്തകങ്ങളേക്കാൾ ഇംഗ്ലീഷ് നോവലുകൾ വായിക്കാനായിരുന്നു എനിയ്ക്കിഷ്ടം. എന്നിരുന്നാലും കൊച്ചിലെ മലയാളത്തിലെ ഡിറ്റക്ടീവ് നോവലുകൾ വായിച്ചതിന്റെ ആവേശം മനസ്സിന്റെ കോണുകളിലെവിടേയൊ തങ്ങി നിൽക്കുന്നിണ്ടിപ്പോഴും. മിക്കവാറും മൂർ മാർക്കറ്റിൽ നിന്നും പഴയ പുസ്തകങ്ങളാണ് വാങ്ങാറുള്ളതെങ്കിലും ചിലപ്പോൾ മൗണ്ട് റോഡിലെ ഹിഗ്ഗിൻബോതംസിൽ നിന്നും പുതിയതും വാങ്ങാറുണ്ട്. പക്ഷേ, അത് അപൂർവ്വമായി മാത്രം. ഒരു പുതിയ പുസ്തകത്തിന്റെ വിലയ്ക്ക് മൂന്നും നാലും പുസ്തകങ്ങൾ മൂർ മാർക്കറ്റിൽ നിന്നും കിട്ടും.

 

ഹോസ്റ്റലിൽ തിരിച്ചെത്തി ഞാൻ നേരെ എന്റെ മുറിയിലേയ്ക്കാണ് പോയത്. ഇന്നിനി കൂട്ടുകാരുടെ കൂടെ വാചകം അടിച്ചിരിക്കാനുള്ള മൂഡില്ല. കൈയിൽ കിട്ടിയ പുതിയ പുസ്തകങ്ങളുടെ ഭംഗിയും മണവും ആസ്വദിക്കണം. പുത്തൻ പുസ്തകത്തിന്റെ മണം പഴകിയ ഈ പുസ്തകങ്ങൾക്കില്ലെങ്കിലും അവ ഓരോന്നും അതിന്റെ ഉടമസ്ഥന്റെ മണവും പേറിയാണിരിക്കുന്നത്. പുസ്തകം തുറന്നു കഴിയുമ്പോഴാണ് അത് നമുക്ക് അറിയാൻ കഴിയുന്നത്. അതിന്റെ ഉള്ളിലെ താളുകളിൽ അവരുടെ ഓർമ്മകളും അതിനോടനുബന്ധിച്ച ഒരു പ്രത്യേക  മണവും തങ്ങി നിറഞ്ഞ് നിൽക്കുന്നുണ്ടാവും. അവയ്ക്ക് അവരുടേതായ കഥകളും പറയാനുണ്ടാവും. വായനക്കാരന് അതും കൂടി കേൾക്കാനുള്ള ഒരു മനസ്സുണ്ടാവണമെന്ന് മാത്രം.

 

ഞാൻ മുറിയിലെത്തി. പുസ്തകസഞ്ചി മേശപ്പുറത്ത് വച്ചു. അതിൽ നിന്നും ആർതർ ഹെയ്ലിയുടെ ആദ്യത്തെ നോവൽ “ഫ്ലൈറ്റ് ഇൻടു ഡേഞ്ചർ” പുറത്തെടുത്തു വച്ചു. കുറേ നാളായി ഈ പുസ്തകം തപ്പി നടക്കുന്നു. ഞാൻ ജനിക്കുന്നതിന് മുമ്പ് അയാൾ എഴുതിയതാണ്. സിനിമ ഒരു ‘ഹിറ്റ്’ ആയിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ഒരു ഫ്ലൈറ്റിലെ പൈലറ്റുൾപ്പടെ പല യാത്രക്കാർക്കും ഭക്ഷ്യവിഷബാധയേൽക്കുന്നതാണ്  കഥ. സംഭ്രമജനകമായ വിധത്തിൽ അത് ആവിഷ്ക്കരിച്ചുവെന്നതാണ് ആ കഥയുടേയും സിനിമയുടേയും വിജയ രഹസ്യം.

 

ജോൺ കാസിലും ആർതർ ഹേയ്​ലിയും ചേർന്നെഴുതിയ ആ പുസ്തകത്തിന്റെ പുറം ചട്ട വായിച്ചതിന് ശേഷം ഞാനതിന്റെ മുൻവശം തുറന്നു. രണ്ടാമത്തെ പേജിൽ ഉടമസ്ഥന്റെ പേര് എഴുതിയിട്ടുണ്ട്. അമ്പിളി സി., 6th std., പത്മശേഷാദ്രി, ടി. നഗർ. ആറാം ക്ലാസ്സിൽ പഠിക്കുന്ന അല്ലെങ്കിൽ പഠിച്ചിരുന്ന ഒരു മിടുക്കി കുട്ടിയുടേതായിരുന്നു അത്. ഇത്ര ചെറുപ്പത്തിലെ ഇംഗ്ലീഷ് നോവൽ വായിച്ചു തുടങ്ങിയ കുട്ടി. അമ്പിളി ആകുമ്പോൾ പെൺകുട്ടിയാവാനാണ് സാദ്ധ്യത. ചിലപ്പോൾ ആൺകുട്ടിയായിക്കൂടെന്നില്ല. ജഗതിയെ വിളിക്കുന്നത് അമ്പിളി എന്നാണല്ലോ. ആരെങ്കിലുമാവട്ടെ. ഇനിയിതിന്റെ ഉടമസ്ഥാവകാശം എന്റേത് മാത്രം. 

 

ഞാൻ മെസ്സ് ഹാളിൽ പോയി, വേഗം അത്താഴം കഴിച്ച് മടങ്ങിയെത്തി. അവിടെ കണ്ട കൂട്ടുകാരോടൊക്കെ പഠിക്കാനുണ്ടെന്ന് പറഞ്ഞ് തടിതപ്പി. അവരുടെ കൂട്ടത്തിൽ പെട്ട് പോയാൽ പിന്നെ ഊരാൻ പാടാണ്.

 

പിറ്റേന്നേയ്ക്കുള്ളതെല്ലാം പഠിച്ച് കഴിഞ്ഞ് ഞാൻ എന്റെ ആർതർ ഹേയ്ലിയുമായി കട്ടിലിൽ കിടന്നു. വായിക്കുന്നതിനിടയിലും ഇടയ്ക്ക് ‘ഈ അമ്പിളിയെന്തിനാ ഇത്രയും രസമുള്ള കഥാപുസ്തകം സൂക്ഷിച്ച് വയ്ക്കാതെ ആക്രിയ്ക്ക് കൊടുത്തത്’ എന്ന് ആലോചിക്കാതിരുന്നില്ല.

 

വായിച്ച് വായിച്ച് എപ്പോഴോ ഉറങ്ങിപ്പോയിട്ടുണ്ടാകണം.

 

‘‘ചേട്ടൻ പ്ലെയിനിൽ കേറീട്ടുണ്ടോ?’’ ചെവിക്കുള്ളിൽ ആരോ പറയുന്നത് കേട്ടിട്ടാണ് ഞാൻ കണ്ണ് തുറന്നത്. ആരുമില്ല. എന്റെ നെഞ്ചത്ത് പുസ്തകം കമഴ്ത്തി വച്ചിട്ടുണ്ട്. ഞാൻ എഴുന്നേറ്റ് പുസ്തകം മേശപ്പുറത്ത് വച്ചിട്ട് ലൈറ്റ് അണച്ച് വീണ്ടും വന്ന് കിടന്നു. ഉടനെ തന്നെ ഉറങ്ങുകയും ചെയ്തു.

 

കാലത്ത് ക്ലാസ്സിൽ പോകുന്നതിന് മുമ്പ് ‘ഫ്ലൈറ്റ് ഇൻടു ഡേഞ്ചർ’ ഒന്ന് തൊട്ട് നോക്കി. അന്നുച്ചയ്ക്ക് ക്ലാസ്സുകളൊന്നുമില്ലാത്തതുകൊണ്ട് ലഞ്ചിന് വന്നാൽ പിന്നെ പുസ്തകം വായിക്കാം. ഹോസ്റ്റലിൽ നിന്നും കൂട്ടുകാരുടെ കൂടെ നടന്ന് ക്ലാസ്സ് മുറിയിലേയ്ക്ക് പോയി. 

 

രണ്ടാമത്തെ പീരിയഡ് തെർമോഡയനമിക്സ്. സാധാരണ രസമുള്ള വിഷയം തന്നെ. പക്ഷേ, അന്നെന്തോ എന്റെ മനസ്സ് സാറ് പറയുന്നതിൽ ഉറയ്ക്കുന്നില്ലെന്ന് തോന്നി. ഇന്നലെ ആരോ എന്നോട് എന്തോ കാര്യമായിട്ട് സംസാരിച്ചിരുന്നതായി ഒരു തോന്നൽ. ആരാണെന്ന് ഓർത്തെടുക്കാൻ പറ്റുന്നില്ല.

 

ഒരു പെൺകുട്ടിയുടെ ശബ്ദം ചെവിയിൽ മുഴങ്ങുന്ന പോലെ. പെട്ടെന്ന് ആ ചോദ്യം ഓർമ്മയിലെത്തി. ‘‘ചേട്ടൻ പ്ലെയിനിൽ കേറീട്ടുണ്ടോ?’’

 

സ്വപ്നം കണ്ടതാവാനാണ് വഴി. ഫ്ലൈറ്റിനെ പറ്റി വായിച്ചതോണ്ടാവും പ്ലെയിനിന്റെ ചോദ്യം തലയിൽ കയറി വന്നത്. എന്നാലും ഇംഗ്ലീഷ് നോവൽ വായിക്കുമ്പോൾ മലയാളത്തിൽ ഒരു ചോദ്യം മനസ്സിലുദിക്കുന്നത് അസ്വാഭാവികം. ചെറിയ ഒരു പെൺകുട്ടിയുടെ ശബ്ദമാണ് ഓർമ്മയിൽ തങ്ങിനിൽക്കുന്നത്.

 

‘‘സ്വപ്നം കാണാതെ ക്ലാസ്സിൽ ശ്രദ്ധിക്കടേ.’’ അടുത്തിരുന്ന അജയ് പക്കിന് തോണ്ടി. അതോടെ ഞാൻ ആ പെൺകുട്ടിയെ മറന്നു.

 

പിന്നെ കൂട്ടുകാരോടൊപ്പം തമാശ പറഞ്ഞ് നടക്കുന്നതിനിടയിൽ മനസ്സ് ശാന്തമായി. 

 

ഉച്ചഭക്ഷണത്തിന് മെസ്സ് ഹാളിൽ എത്തിയപ്പോൾ ആകെ ബഹളമയം. മിക്കവാറും എല്ലാവരുടേയും ലഞ്ച് സമയം ഒന്നിച്ചായതുകൊണ്ടാണാ ശബ്ദകോലാഹലം. ഊണ് കഴിഞ്ഞ് റീഡിംഗ് റൂമിൽ കുറേ നേരം വാചകമടിച്ചിരുന്നതിന് ശേഷം മുറിയിൽ തിരിച്ചെത്തി. 

 

ഞാൻ വായിച്ചിരുന്ന നോവൽ മേശപ്പുറത്ത് തന്നെ വച്ചിട്ടാണ് പോയത്. അതിന്റെ രണ്ടാമത്തെ പേജിലേയ്ക്ക് തുറന്നിരിക്കുന്നു. ഞാൻ അത് അടച്ച് വച്ച് പോയതായിട്ടായിരുന്നു എന്റെ ഓർമ്മ. ഞാൻ അമ്പിളിയുടെ പേരും അഡ്രസ്സും ഒന്ന് കൂടി വായിച്ചു. അമ്പിളി – നല്ല പേര്. ഭംഗിയുള്ള മിടുക്കി കുട്ടി ആയിരിക്കണം. അവളുടെ ചേട്ടന്റെ ഭാഗ്യം അങ്ങനെയുള്ളൊരു അനിയത്തിക്കുട്ടിയെ കിട്ടിയത്.

 

ഞാനെന്തിനാണ് ഈ അമ്പിളിയെ പറ്റി ആലോചിക്കുന്നത്. വട്ട് തന്നെ. ഷൂസൂരി വച്ച് ലുങ്കിയെടുത്തുടുത്ത് ഞാൻ പുസ്തകവുമായി കിടക്കയിൽ കിടന്നു. ഉച്ചയ്ക്കുറങ്ങുന്ന പതിവില്ലാത്തതുകൊണ്ട് വൈകുന്നേരമായപ്പോഴേയ്ക്കും ആ പുസ്തകത്തിന്റെ മുക്കാൽ ഭാഗവും വായിച്ച് തീർത്തിരുന്നു. അപ്പോഴാണ് വേളാച്ചേരിയിൽ പോയി ചായ കുടിക്കാനുള്ള ക്ഷണവുമായി സർദാർജി എത്തിയത്.

 

“ഒരു ചായ കുടിച്ചുണ്ടോ?” എന്നുള്ള സർദാറിന്റെ ചോദ്യം നിരസിക്കാൻ തോന്നില്ല. ഹോസ്റ്റലിൽ നിന്നിറങ്ങി ഇടത്തോട്ട് നടന്നാൽ വേളാച്ചേരി ഗ്രാമമാണ്. അടുത്തടുത്ത വീടുകൾ. മിക്ക വീടുകളിലും പശുവിനെ വളർത്തുന്നുണ്ട്. അതിൽ ആദ്യത്തെ വീട്ടുകാരൻ ഒരു ചായക്കടയും നടത്തുന്നുണ്ട്. അവിടെ നിന്നും കിട്ടുന്ന ചായയ്ക്ക് ഒരു പ്രത്യേക രുചി തന്നെയാണ്. വെള്ളം ചേർക്കാതെ എപ്പോഴും തിളച്ചുകൊണ്ടിരിക്കുന്ന പാലിൽ എടുക്കുന്ന ചായയുടെ ഗുണമാകണം.

 

ചായക്കടക്കാരൻ മുരുകന്റെ മകൾ വീടിന്റെ ഉമ്മറത്തിരുന്ന് പഠിക്കുന്നുണ്ട്. ഇംഗ്ലീഷ് ടെക്സ്റ്റ് പുസ്തകമാണ് ഉറക്കെ വായിച്ച് പഠിക്കുന്നത്. ഞാനറിയാതെ ആ കുട്ടിയെ ശ്രദ്ധിച്ചു. “കുളന്തൈ ഏത് ക്ലാസ്സിലെ പഠിക്കിറാൾ?” എനിയ്ക്കറിയാവുന്ന തമിഴിൽ ഞാൻ മുരുകനോട് ചോദിച്ചു. ഇതിന് മുമ്പ് ആ കുട്ടിയെ അവിടെ കണ്ടിട്ടുണ്ടെങ്കിലും ഇതുവരെ അങ്ങനെയൊരു സംശയം എനിയ്ക്ക് തോന്നിയിട്ടില്ലായിരുന്നു.

 

“ആറില് താൻ സാർ. പഠിക്കറുതുക്ക് രൊമ്പ ഇന്ററസ്റ്റ്.” മുരുകന്റെ വാക്കുകളിൽ തന്റെ മകളെ കുറിച്ചുള്ള അഭിമാനം നിഴലിച്ചു. 

 

ആറാം ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടി. എന്റെ മനസ്സിൽ അമ്പിളിയാണ് ഓടിയെത്തിയത്. “ചേട്ടൻ പ്ലെയിനിൽ കേറീട്ടുണ്ടോ?” ആ ചോദ്യം എന്റെ ചെവിയിൽ വീണ്ടും മുഴങ്ങി. പിന്നെ അവിടെയിരിക്കാൻ എനിയ്ക്ക് താല്പര്യമില്ലാതെയായി. മുറിയിൽ തിരിച്ചെത്തി നോവൽ വായിച്ച് തീർക്കാൻ ധൃതിയായി.

 

അവിടെ നിന്നും അപ്പോൾ തന്നെ തിരിച്ചെങ്കിലും സർദാർജിയുടെ വാ തോരാതെയുള്ള വാചകമടിയിൽ നിന്നും രക്ഷപ്പെടാൻ സാധിച്ചില്ല. പത്ത് കൊല്ലമായിട്ട് മാത്തമാറ്റിക്സിൽ പിഎച്ച്ഡി ചെയ്യുന്ന അയാളുടെ പ്രൊഫസറുടെ വീരകഥകളായിരുന്നു വിഷയം. അദ്ദേഹത്തിന്റെ പ്രൊബേബിലിറ്റി തിയറി ഉപയോഗിച്ചാൽ നെഗറ്റീവ് പ്രൊബേബിലിറ്റിയാണ് കിട്ടുന്നതെന്നിരിക്കെ താനെങ്ങനെ തന്റെ പിഎച്ച്ഡി മുഴുമിപ്പിക്കും എന്നായിരുന്നു സർദാർജിയുടെ സങ്കടം. ഇദ്ദേഹത്തിന്റ കൂടെ കൂടിയാൽ ചിരിക്കാനുള്ള വക ധാരാളം കിട്ടും.

 

പിന്നെ അത്താഴവും കഴിഞ്ഞിട്ടേ മുറിയിൽ തിരിച്ചെത്തിയുള്ളു. പിറ്റേന്ന് ക്ലാസ്സില്ലാത്തത് കൊണ്ട് ഞാൻ നേരെ ആർതർ ഹേയ്ലിയുടെ കൂടെ ഫ്ലൈറ്റിൽ കയറാൻ തീരുമാനിച്ചു.     

 

രസകരമായ കഥ. പണ്ടെങ്ങോ വിമാനം പറത്തിയിട്ടുള്ള നായകൻ ഗ്രൗണ്ട് കൺട്രോളിൽ നിന്നുള്ള നിർദ്ദേശപ്രകാരം ഒടുവിൽ വിമാനം താഴെയിറക്കുന്നു. വളരെ ഉദ്വേഗജനകമായ രംഗങ്ങളിൽ കൂടിയാണ് കഥാകൃത്ത് നമ്മളെ കൊണ്ടുപോകുന്നത്. നല്ലൊരു പുസ്തകം വായിച്ചതിന്റെ കൃതാർത്ഥത!

 

പുസ്തകം വായിച്ച് തീർത്തിട്ട് ഞാൻ രണ്ടാമത്തെ പേജിൽ തിരിച്ചെത്തി. ആറാം ക്ലാസ്സിൽ പഠിച്ചിരുന്ന അമ്പിളി. മുരുകന്റെ മകളേയും അമ്പിളിയേയും പറ്റി ചിന്തിക്കുന്നതിനിടയിൽ എപ്പോഴോ ഞാൻ പാതി മയക്കത്തിലേയ്ക്ക് വഴുതി വീണിട്ടുണ്ടാകണം.

 

“ചേട്ടൻ പ്ലെയിനിൽ കേറീട്ടുണ്ടോ?” ആ പെൺകുട്ടിയുടെ ശബ്ദം. കുറച്ച് നേരത്തെ നിശ്ശബ്ദതയ്ക്ക് ശേഷം ആ കുട്ടി തുടർന്നു. “വിമാനത്തിൽ കയറണമെന്ന് എനിയ്ക്ക് ഭയങ്കര ആഗ്രഹമായിരുന്നു. ഒരു പ്രാവശ്യമെങ്കിലും കയറി ഒരു സാഹസിക യാത്ര ചെയ്യണമെന്നും ഉണ്ടായിരുന്നു മനസ്സിൽ. പ്ലെയിനിൽ കയറാനുള്ള എന്റെ ആഗ്രഹം ചേച്ചി സാധിച്ച് തന്നു. മദ്രാസിൽ നിന്ന് ബോംബെയ്ക്ക് സിനിമ ഷൂട്ടിംഗിന് പോകുമ്പോൾ എന്നെ കൂടെ കൊണ്ടുപോയി. നല്ല രസമായിരുന്നു. ഞാൻ വായിച്ച ഇംഗ്ലീഷ് നോവലിലെ പോലെ സംഭവിച്ചാൽ ഭയങ്കര ത്രില്ലായിരിക്കുമെന്ന് തോന്നി.”

 

ആ പെൺകുട്ടി സംസാരം നിർത്തി. ഞാനെന്താണ് പറയുന്നതെന്ന് കേൾക്കാൻ കാക്കുന്ന പോലെ. “എന്നിട്ട് അങ്ങനെ യാത്ര ത്രില്ലാക്കിയോ?” കളിയാക്കുന്ന രീതിയിലായിരുന്നു എന്റെ ശബ്ദമെന്ന് തോന്നുന്നു.

 

“പോകുമ്പോൾ ഒന്നും സംഭവിച്ചില്ല. പക്ഷേ, ബോംബെയിൽ നിന്ന് തിരിച്ച് മദ്രാസിലേയ്ക്ക് വരുമ്പോൾ.” ആ കുട്ടിയുടെ ശബ്ദം തേങ്ങലായോ എന്നെനിയ്ക്ക് സംശയമായി. നേരത്തെ കളിയാക്കിയതിൽ ഒരു കുറ്റ ബോധം മനസ്സിൽ അലയടിച്ചു.

 

“ആദ്യം ഞങ്ങൾ കയറിയിരുന്ന വിമാനം യന്ത്രത്തകരാറെന്ന് പറഞ്ഞ് മാറ്റി. കുറെ കഴിഞ്ഞ് ഞങ്ങളെ മറ്റൊരു പ്ലെയിനിൽ കയറ്റിയിരുത്തി.”

 

ആ കുട്ടിയുടെ വിറയാർന്ന ശബ്ദം എന്റെ ഹൃദയത്തിലേയ്ക്കാഴ്ന്നിറങ്ങി. നോവൽ വായിച്ചപ്പോൾ അനുഭവപ്പെട്ട ഉദ്വേഗം മനസ്സിൽ വീണ്ടും അലയടിക്കാൻ തുടങ്ങി. കുട്ടികൾ ഇങ്ങനെയൊക്കെ അഗ്രഹിച്ചാൽ ...! ആ വിമാനത്തിന് ഒന്നും സംഭവിച്ചിട്ടുണ്ടാകല്ലെ എന്ന് എന്റെ മനസ്സ് ആശിച്ചു. ഈ പാവം പെൺകുട്ടി. അനിയത്തിക്കുട്ടി.

 

“വിമാനം മാറ്റിയതുകൊണ്ടൊന്നും കാര്യമില്ല. സംഭവിക്കാനുള്ളത് സംഭവിച്ചിരിക്കും.” ആ പെൺകുട്ടിയുടെ ശബ്ദം വീണ്ടും എന്റെ കാതിൽ മുഴങ്ങി. “അത് ഞാൻ പറഞ്ഞതല്ലാട്ടോ, ചേട്ടാ. എന്റെ സീറ്റിന്റെ അപ്പുറത്തെ സീറ്റിലിരുന്നിരുന്ന ഒരാളാണ് അത് പറഞ്ഞത്. എന്നിട്ട് എന്റെ നേരെ നോക്കി എന്നെ കളിയാക്കുന്ന പോലെ ചിരിച്ചു. അത് കേട്ടപ്പോൾ എനിയ്ക്ക് ശരിയ്ക്കും പേടിയായി. ആർതർ ഹെയ്​ലിയൊന്നും ആവണ്ടാന്ന് ഞാൻ മനസ്സിൽ പലവട്ടം പറഞ്ഞു. പക്ഷേ, എന്ത് കാര്യം!”

 

“എന്നിട്ട് ... എന്നിട്ട് ...” ഞാൻ പുലമ്പിക്കൊണ്ടിരുന്നു. 

 

ഭയവിഹ്വലനായി കിടക്കയിൽ നിന്നും ചാടിയെഴുന്നേറ്റപ്പോൾ എന്റെ ദേഹമാസകലം വിയർത്ത് കുളിച്ചിരുന്നു. ടേബിൾ ഫാൻ കറങ്ങുന്നുണ്ട്. തുറന്നിട്ട ജാലകത്തിൽ കൂടി ഒക്ടോബർ മാസത്തിലെ ചെറിയൊരു തണുപ്പുമായി കാറ്റ് വീശുന്നുമുണ്ട്. എന്നിട്ടും ഞാൻ വിയർക്കുകയായിരുന്നു. എന്തൊക്കെയായിരുന്നു ഞാൻ സ്വപ്നത്തിൽ കണ്ടത്!

 

സ്വപ്നമായിരുന്നു എന്ന് വിശ്വസിക്കാൻ പ്രയാസം. അത്രയ്ക്ക് യാഥാർത്ഥ്യമായി തോന്നുന്നു. ഞാനെഴുന്നേറ്റ് മേശപ്പുറത്ത് വച്ചിരുന്ന കുപ്പിയിൽ നിന്നും വെള്ളമെടുത്ത് കുടിച്ചു. എന്റെ കണ്ണുകൾ അവിടെ വച്ചിരുന്ന പുസ്തകത്തിൽ ഉടക്കിനിന്നു. അടച്ചാണ് വച്ചിരുന്നതെന്ന് എനിയ്ക്ക് തീർച്ചയായിരുന്നു. അതാ വീണ്ടും അമ്പിളി എന്നെഴുതിയ താളിലേയ്ക്ക് പുസ്തകം തുറന്നിരിക്കുന്നു.

 

ഞാൻ കണ്ട, അല്ല അനുഭവിച്ചറിഞ്ഞ സ്വപ്നത്തിലെ പെൺകുട്ടി. ആ കുട്ടിയ്ക്ക് എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാകുക? എന്തെങ്കിലും ആകട്ടെ. ഞാൻ അതാലോചിച്ചിരുന്നാൽ പിന്നെ ഉറങ്ങാൻ ബുദ്ധിമുട്ടാകും. ഇനി ഉറങ്ങണമെങ്കിൽ മറ്റൊരു പുസ്തകമെടുക്കുന്നതാകും ഉചിതം. 

 

ഇന്നലെ മൂർ മാർക്കറ്റിൽ നിന്നും കൊണ്ടുവന്ന സഞ്ചിയിൽ കൈയിട്ട് ഞാൻ ഒരു പുസ്തകം വലിച്ചെടുത്ത് കിടക്കയിലേയ്ക്ക് മറിഞ്ഞു. കൈയിലുള്ള പുസ്തകത്തിന്റെ പുറം ചട്ട നോക്കി. ജെയിംസ് ഹാഡ്ലി ചേസിന്റെ ‘ടൈഗർ ബൈ ദി ടെയിൽ’. എന്റെ അപ്പോഴത്തെ അവസ്ഥയ്ക്ക് പറ്റിയ ശീർഷകം! 

 

പിറ്റേന്ന് ഞായറാഴ്ച. ഒഴിവ് ദിവസം. എല്ലാം സാവധാനം ചെയ്യാമെന്ന് വിചാരിച്ചാൽ ബ്രേക്ക് ഫാസ്റ്റ് കിട്ടുകയില്ല. അത് തീരുന്നതിന് മുമ്പേ മെസ്സ് ഹാളിൽ എത്തി. മുരളി, ബാല, തമ്പി എല്ലാവരും മുറ പോലെ എത്തിയിട്ടുണ്ട്. ഇവരോടൊക്കെ വർത്തമാനം പറഞ്ഞിരുന്നാൽ ലോകത്തെ എല്ലാ സങ്കടങ്ങളും മറക്കും. അത്ര രസികന്മാരാണെല്ലാവരും. നാട് വിട്ട് വന്നാൽ പിന്നെ എന്റെ ലോകം ഇവരെ ചുറ്റിപ്പറ്റിക്കറങ്ങുന്നു.

 

ആഹാരം കഴിച്ച് കഴിഞ്ഞ് പതിവ് പോലെ റീഡിംഗ് റൂമിലെത്തി. പത്രം വായനയും മാസിക വായനയുമൊക്കെ അവിടെയാണ്. ഇംഗ്ലീഷ് പത്രം ദിനേശ് നട്ടാറിന്റെ കൈയിൽ തന്നെ. അതിലെ ക്രോസ് വേർഡ് ചെയ്ത് തീർത്തിട്ടെ അയാൾ പത്രം താഴെ വയ്ക്കുകയുള്ളു. മലയാളം പത്രം ആർക്കും വേണ്ടാതെ അനാഥനായി കിടപ്പുണ്ട്. ഞാനതെടുത്തു. 12 ഒക്റ്റോബർ 1980 – ഇന്നത്തെ പത്രം തന്നെ.

 

മുൻപേജിലെ ഉദ്വേഗജനകമെന്ന് പത്രക്കാർക്ക് മാത്രം തോന്നുന്ന വാർത്തകളൊക്കെ ഓടിച്ച് നോക്കിയിട്ട് ഞാൻ താള് മറിച്ചു. മൂന്നാം പേജിലെ വാർത്ത കണ്ട് ഞാൻ സ്തബ്ധനായി. എന്റെ മേലാസകലം ഒരു മിന്നൽപ്പിണർ പായുന്നത് പോലെ. കാൽവിരൽത്തുമ്പിൽ നിന്നും ഒരു തരിപ്പ് മുകളിലേയ്ക്ക് പാഞ്ഞ് കയറി. തലയ്ക്കകത്തെ വിങ്ങൽ ചിന്തകളെ മരവിപ്പിക്കുന്നു.

 

“മലയാളത്തിന്റെ പ്രിയനായിക റാണിചന്ദ്ര നമ്മളെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് നാല് വർഷം തികയുന്നു.”

 

അതിനടിയിൽ ചെറിയ അക്ഷരത്തിൽ, “അമ്മയും മൂന്ന് ചെറിയ സഹോദരിമാരുമാണ് നടിയോടൊപ്പം അന്ന് ബോംബെയിൽ നടന്ന വിമാനാപകടത്തിൽ മരണമടഞ്ഞത്.” അവരുടെ പേരുകളും അവിടെ ചേർത്തിട്ടുണ്ടായിരുന്നു.

 

“ചേട്ടൻ പ്ലെയിനിൽ കേറീട്ടുണ്ടോ?” എന്റെ കാതുകളിൽ ആ ശബ്ദം മുഴങ്ങി!

 

English Summary: Writers Blog - Pusthakathaline Penkutty, Malayalam Short Story by Santhosh Gangadharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com