ADVERTISEMENT

ഉമിത്തീ (കഥ)

ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട സംജ്ഞ അതിവേഗം വന്ന് വാതില്‍ തുറന്നെങ്കിലും ഗിരീഷ് ഗേറ്റിനരികില്‍ തന്നെ നിന്ന് സംസാരിക്കുകയായിരുന്നു. ഏറെ പതിഞ്ഞ മൂളലുകള്‍ കലര്‍ന്ന ഭാഷണം. നീണ്ടുനിന്ന കാത്തിരിപ്പ് അവളുടെ നെറ്റിയില്‍ ആദ്യം വരകളും പിന്നെ ചുളിവുകളും വീഴ്ത്തി. അടുത്തെത്തിയപ്പോള്‍ അവന്‍റെ മുഖം നിറയെ കാര്‍മേഘങ്ങള്‍. നിറനിലാച്ചിരിയാല്‍ അവള്‍ എതിരേറ്റെങ്കിലും ആ കാര്‍മേഘങ്ങള്‍ തെല്ലും അകന്ന് മാറിയില്ല.

 

ഗിരീഷ് വേഗം കുളിമുറിയില്‍ കയറി ഷവറിന് ചുവടെ നിശ്ചേഷ്ടനായി നിന്നു.  ധാരാളം വെള്ളത്തുള്ളികള്‍ അവന്‍റെ ശരീരത്തെ കഴുകി വൃത്തിയാക്കി ഒഴുകിപ്പോയെങ്കിലും എത്ര നനഞ്ഞാലും തണുക്കാത്ത ശിലപോല്‍ അവന് ഉള്ളം പൊള്ളുകയായിരുന്നു.

 

കുളി കഴിഞ്ഞെത്തിയപ്പോള്‍ മേശപ്പുറത്ത്, പാത്രത്തിലേക്ക് വലിച്ചടുപ്പിക്കുന്ന സുഗന്ധവും രുചിയുമുള്ള ആവി പറക്കുന്ന ഭക്ഷണം നിരന്നു. എന്നിട്ടും ഗിരീഷ് അല്പം കഴിച്ചെന്നുവരുത്തി ഒന്നുമുരിയാടാതെ എണീറ്റു. ഒന്നമ്പരന്ന സംജ്ഞ എന്തുപറ്റിയെന്ന് ചോദിക്കാനാഞ്ഞെങ്കിലും അത് വേണ്ടെന്ന് വെച്ചു. അവന്‍ ബ്രഷ് ചെയ്ത് ഉറക്കറയില്‍ ചെന്ന് ചാഞ്ഞു. അടുക്കള, വേലക്കാരിയെ ഏല്‍പ്പിച്ച് സംജ്ഞ പിന്നാലെയെത്തി വാതിലടച്ചു. കണ്ണടച്ച് കിടക്കുന്നഅവനെ അല്പനേരം നോക്കിനിന്ന ശേഷം ജനലടയ്ക്കാന്‍ ചെന്നു. അപ്പോള്‍ പുറത്ത് വശ്യമായ സൗന്ദര്യത്തോടെ പതഞ്ഞൊഴുക്കുന്ന കുളിര്‍ നിലാവ്. പൂത്ത്നില്‍ക്കുന്ന ഇലഞ്ഞിമരത്തെ തഴുകി കടന്ന് വരുന്ന സുഗന്ധവാഹിയായ ഇളംകാറ്റ്. അവള്‍ ആവേശഭരിതയായി. സിരകളില്‍ ഊഷ്മളമായ വന്യത പത്തിവിടര്‍ത്തി. അവള്‍ ഗിരീഷിലേക്ക് ചാഞ്ഞു.

‘‘എന്തുപറ്റി, ന്‍റെ കുട്ടന്, മുഖം വാടാന്‍’’

‘‘വയ്യ. നീ ലൈറ്റണയ്ക്ക്. ഉറക്കം വരുന്നു’’

‘‘ന്നാലും’’

‘‘ഉറക്കം വരുന്നു. നല്ല ക്ഷീണം. പ്ലീസ് ’’

 

ലൈറ്റണഞ്ഞു. ഒന്ന് ദീര്‍ഘമായി ശ്വസിച്ചുകൊണ്ട് അവള്‍ മലര്‍ന്നു. വിശന്ന കുട്ടിയെപ്പോലെ തിരിഞ്ഞും മറിഞ്ഞും മറിഞ്ഞും തിരിഞ്ഞും കിടന്ന അവള്‍ക്ക് അവസാനം സുഷുപ്തി കൂട്ടിനെത്തി. മണിക്കൂറുകള്‍ കടന്നുപോയിട്ടും അവന്‍ കിടന്ന കിടപ്പില്‍ തന്നെ. ആ നെഞ്ചില്‍ ആശാന്തിയുടെ തിറയാട്ടം നടക്കുകയായിരുന്നു.  അറുത്തിട്ടതെല്ലാം കുടിച്ചേരും പോലെ.......

എന്തിനവര്‍ തന്നെ കാണാന്‍ വരുന്നു ?

എന്ത് പറയും ? 

വയ്യ....

 

*******    ********     *******     ********

 

ഏറെ വൈകിയ രാത്രിയില്‍ കൊട്ടാരസദൃശ്യമായ ആ വീട് അവിടവിടെ തുളകള്‍ വീണ, ഒരു കറുത്ത കരിമ്പടം പുതച്ച കൂടാരം പോലെ തോന്നിച്ചു. ആ വീടിന്‍റെ മുകളിലത്തെ നിലയിലെ ഒരു മുറിയില്‍, ചാരു കസേരയില്‍, കൈയില്‍ എരിഞ്ഞു തീര്‍ന്ന ഒരു സിഗരറ്റുമായി, ഉള്ളിലെ വെളിച്ചത്തിന്‍റെ അവസാനനാമ്പും എരിഞ്ഞു തീര്‍ന്ന ഒരു മനുഷ്യന്‍ ഇരുട്ടത്തിരിക്കുന്നു, മൂസകുട്ടി. അടുത്ത് വച്ചിരിക്കുന്ന ആഷ്ട്രേയില്‍ സിഗരറ്റ് കുറ്റികള്‍ നിറഞ്ഞ് പുറത്തേക്ക് വീണുകിടക്കുന്നു. ചുമരില്‍ തൂക്കിയിരിക്കുന്ന മകന്‍ അബുവിന്‍റെ ഫോട്ടോയിലേക്ക്, സിഗരറ്റ് എരിയുമ്പോള്‍ തെളിയുന്ന ചെറിയ വെളിച്ചത്തില്‍ അയാള്‍ ഇമവെട്ടാതെ നോക്കി നിന്നു. ആ ഇരിപ്പില്‍ ഉള്ളിലെ നീറ്റല്‍ താങ്ങാനാവാതെ അയാളൊന്ന് വിങ്ങിപ്പൊട്ടി. അപ്പോള്‍ താഴത്തെ മുറിയില്‍ നിന്നും നിശ്ശബ്ദതയെ കീറി മുറിച്ചുകൊണ്ട്, അബുവിന്‍റെ ഉമ്മയുടെ നിലവിളി ചീളുകള്‍ പോലെ ചെവിയില്‍ വന്നു തറച്ചു.

 

‘‘ന്‍റെ പടച്ചോനേ, ഞാന്തെങ്ങനെ സഹിയ്ക്കും, നിയ്ക്ക് വയ്യേ’’  ശേഷം ഉറക്കെയുള്ള കരച്ചില്‍. അത് തളര്‍ന്ന് തളര്‍ന്നില്ലാതായി. പിന്നെയും ഇടമുറിഞ്ഞ് ‘‘ഞാനെത്രയോ പറഞ്ഞതാ അവനെ ശ്രദ്ധിക്കണേ, ശ്രദ്ധിക്കണേന്ന്. ആരും കേട്ടില്ല. അള്ളാ. ന്‍റെ കുട്ടി.  അള്ളാ, ഇതൊക്കെ കാണാന്‍ ന്നെ എന്തിന് ബാക്കി വെച്ചു.’’

 

അപ്പോള്‍ താഴത്തെ മുറികളില്‍ നിന്നും മുളചീന്തും പോല്‍ ആരംഭിച്ച കരച്ചില്‍ കാട്ടുതീയില്‍പ്പെട്ട പക്ഷികളുടെ കൂട്ടക്കരച്ചില്‍ പോലെ പരിണമിച്ചു.

മൂസക്കുട്ടി മിഴികള്‍ പൂട്ടിയിരുന്നു. മനസ്സൊന്ന് തെന്നി. മീന്‍വിറ്റ് നടന്ന കാലം.  പരിമിതമായ ആവശ്യങ്ങള്‍. സ്വസ്ഥതമായ, ക്രമമുള്ള ജീവിതം. ഒരു വിസകിട്ടി ഗള്‍ഫിലെത്തിയത്തോടെ പണത്തിന്‍റെ ചാകര. പണം രാജാവായി. ഗ്രഹണി പിടിച്ചവന് ചക്കകൂട്ടാന്‍ കിട്ടിയ അവസ്ഥ. ജീവിതം പൂരപ്പറമ്പിലെ വെടിക്കെട്ടായി. മക്കളുടെ അരുതായ്കകള്‍ കണ്ടില്ലെന്ന് നടിച്ചു. അവരെ മറ്റുള്ളവര്‍ ശാസിക്കുന്നതും ഉപദേശിക്കുന്നത് പോലും വെറിപിടിപ്പിച്ചു. പണത്തിന്‍റെ ഹുങ്കില്‍ അവനെ തിരുത്താനൊരുങ്ങിയ അധ്യാപകനെ ജയിലിലാക്കുന്നിടം വരെ അതെത്തി.

പക്ഷേ........

അടയ്ക്ക കവുങ്ങായപ്പോള്‍ പിഴച്ചു.

രാജാവായ പണം യാചകനായി

യാചകന്‍ ആട്ടിയിറക്കപ്പെട്ടു

 

******    ******     ******    ******* 

 

അബുവിന് ഉറക്കം വന്നില്ല. പാറാവുകാരന്‍ ഇടയ്ക്കിടെ നടന്നു നീങ്ങുമ്പോള്‍ അകത്തേക്ക് നീളുന്ന നിഴല്‍ അവന് ചുറ്റും ഭീതിയുടെ നാളങ്ങള്‍ ജ്വലിപ്പിച്ചു. അവന്‍ നിരാശ്രയനായി മലര്‍ന്ന് കിടന്ന് തന്‍റെ ഒരു കൈ മറുകൈ കൊണ്ട് പിടിച്ച്നോക്കി.  വീണ്ടും വീണ്ടും പിടിച്ച് നോക്കി. എന്തുമാത്രം കരുത്തായിരുന്നു ഈ കൈകള്‍ക്ക്. എത്ര പേരാണ് ആ കരുത്തറിഞ്ഞിട്ടുള്ളത്. എത്ര സ്ത്രീകള്‍ ഈ ഉടലറിയാന്‍ വന്നു.  അതിലേറെ പേരെ കീഴടക്കി. അവരില്‍ ചിലര്‍ പിന്നെ ക്ഷണിച്ചു. പക്ഷേ റസിയ....

അവിടെ പിഴച്ചു.

ഒടുക്കത്തെ പിഴ.

 

തന്നേക്കാള്‍ പ്രായമുള്ളവരോടൊപ്പം കൂട്ടുകൂടി നടക്കുമ്പോള്‍ അതൊരു ഗമയായിരുന്നു. ആനപ്പുറത്ത് കയറിയ ഗമ. അക്കാലത്ത് എത്രയോ നീലച്ചിത്രങ്ങള്‍ കണ്ട് രാവുകള്‍ വെളുപ്പിച്ചു. അവയിലെ കരുത്തുറ്റ ആണുടലുകള്‍ ആഗ്രഹവും ആവേശവുമായി. അതിനായി ജിമ്മില്‍ വിയര്‍ത്തൊലിച്ചത് മണിക്കൂറുകള്‍ !

 

ഒരു ദിവസം സ്കൂളില്‍ വെച്ച് ഒരു പെന്‍ഡ്രൈവ് ഗീരിഷ് മാഷ് പിടിച്ചു. മാഷ് അതിന് മുമ്പ് എത്രയോ തവണ സ്നേഹപൂര്‍വ്വം ഉപദേശിക്കുകയും ശാസിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ തന്‍റെ മനസ്സ് അപ്പോഴെല്ലാം ഒരു ചേമ്പിന്‍ താളായിരുന്നു. അന്ന് ആരോ ഒറ്റിയതായിരുന്നു. മാഷ് തികഞ്ഞ ഗൗരവത്തില്‍. പെന്‍ഡ്രൈവ് കമ്പ്യൂട്ടറിലിട്ട് പരിശോധിച്ചു- നീലചിത്രങ്ങള്‍.

 

ഉപ്പ നാട്ടിലുള്ള കാലം. മാഷ് ഉടനെ ഉപ്പായെ ഫോണില്‍ വിളിച്ചുവരുത്തി. ‘‘ഇവന്‍ സ്വയം നശിക്കുക മാത്രമല്ല. മറ്റുള്ളവരെക്കൂടി വഴിതെറ്റിക്കുന്നു. നിങ്ങള്‍ക്ക് ഇവന്‍റെ  കാര്യത്തില്‍ യാതൊരു ഉത്തരവാദിത്തവുമില്ലേ? കുട്ടി ആരോടൊക്കെ കൂട്ടുകൂടുന്നു, എന്തൊക്കെ ചെയ്യുന്നു എന്നെല്ലാം രക്ഷിതാവ് അറിഞ്ഞിരിക്കണം. ഇവന്‍റെ ഉമ്മ ഇവിടെ വന്നാല്‍ ഇവനെ ശ്രദ്ധിക്കണമെന്ന് പറയും. അവരെ അനുസരിക്കുന്നില്ല. സ്കൂള്‍ വിട്ട് വന്നാല്‍ ഇവനെ ആരാശ്രദ്ധിക്കേണ്ടത് ? ’’

 

മാഷിന്‍റെ കണ്ണുകളില്‍ അതുവരെ കാണാത്ത രോഷം. ഉപ്പയ്ക്ക് ഒരു കുലുക്കവുമില്ല.  മേശപ്പുറത്ത് കിടക്കുന്ന പെന്‍ഡ്രൈവെടുത്ത് പോക്കറ്റിലിട്ടു.

‘‘മാഷേ ഇതിലെന്താണിത്ര വലിയ കാര്യം. ഇന്നത്തെ കുട്ടികള്‍ക്ക് ഇതെല്ലാം അറിയുന്നതല്ലേ?’’

ഇത്രയും പറഞ്ഞ് കോട്ടിയ പുച്ഛം മുഖത്ത് ചേര്‍ത്ത് ഉപ്പയിറങ്ങി.

‘‘നിങ്ങളാണീ പയ്യനെ നശിപ്പിക്കുന്നത്. ഓര്‍ത്തോ, നിങ്ങള്‍ സങ്കടം കൊയ്യും.’’

ആ വാക്കുകള്‍ ശിലാലിഖിതങ്ങള്‍ പോലെയായി.

 

താന്‍ ഇങ്ങനെയാവാന്‍ ഉപ്പയാണ്.

ഉപ്പ....

ജീവിതക്കടലില്‍  വഴിതെറ്റാതെ നയിക്കുന്ന സത്യതാരകം-ഗുരു.

ഗുരുവിനെ ഇരുട്ടില്‍ തളയ്ക്കാന്‍ ശ്രമിച്ച ദുര്‍മന്ത്രവാദിയായി-ഉപ്പ.

രക്തത്തിളപ്പിന്‍റെ പ്രായവും ബുദ്ധിശുന്യതയും പാലു വെള്ളവുംപോലെ ചേര്‍ന്നപ്പോള്‍ താന്‍ ഉപ്പയ്ക്ക് ഒത്ത മകനായി.

ആ ഗുരുശാപമാവാം ഉമിത്തീ പോലെ തനിയ്ക്ക് ചുറ്റും എരിയുന്നത്.

 

******    *******     ********     ******

 

മകള്‍ ശബ്ദമുണ്ടാകിയത് കേട്ട് റസിയ ഞെട്ടിയുണര്‍ന്നു. കുഞ്ഞിനെ മെല്ലെ തട്ടിതടവിയുറക്കി. മകളുടെ ശരീരത്തില്‍ നിന്നും പുറത്തേക്ക് വന്ന കൈ അറിയാതെ വലത് വശം തടവിയപ്പോള്‍ ശോകം ഒരു പെരുമ്പാമ്പായി അവളെ ചുറ്റി വരിഞ്ഞു.  അവള്‍ സ്വയം മറന്ന് തേങ്ങി. അശ്രു ഇരുചെവിയിലേക്കും ചാലിട്ടൊഴുകി.

 

ആ ദുഷ്ടന്‍....

എന്നിട്ടും അവന്‍റെ ഉപ്പ വന്നിരിക്കുന്നു, യാചിക്കാന്‍.

അവളുടെ ഉള്ളില്‍ കോപം പടര്‍ന്ന് കത്തി.

അനുഭവിക്കണം........

 

മാമിയുടെ വീട്ടില്‍ വെച്ച് അവനെ ആദ്യം കണ്ട സംഭവം തന്നെ എങ്ങനെ മറക്കും. അന്ന് മാമിയുടെ വായ പൊത്തിപ്പിടിച്ച് വലിച്ച് കൊണ്ടുപോയി കിടത്തി. പേടിച്ച് വിറച്ച് വേഗം വാതിലിന് പിന്നിലേക്ക് മറഞ്ഞു. ആരെയെങ്കിലും വിളിക്കാമെന്ന് കരുതി വീട്ടിലേക്കോടിയപ്പോള്‍ പെട്ടെന്ന് മനസ്സ് പിടിച്ചുനിര്‍ത്തി. സമൂഹത്തിന്‍റെ ചൂണ്ടു വിരല്‍ മാമിയ്ക്ക് നേരെ നീണ്ടാല്‍? ആ ചോദ്യത്തിന് മുന്നില്‍ പകച്ച് എല്ലാം ഉള്ളിലൊതുക്കി വീട്ടിലേക്ക് തന്നെ പോന്നു.

 

പിന്നെയും പല തവണ അവനെക്കണ്ടു. നാട്ടില്‍ വൃക്ഷങ്ങള്‍ കുറഞ്ഞുവരികയും വീടുകള്‍ വര്‍ദ്ധിച്ച് വരികയും ചെയ്തു. വളര്‍ന്ന് തുടങ്ങിയ തന്നെ കാണുമ്പോള്‍ അവന്‍റെ കണ്ണില്‍ നാളങ്ങളുയരുന്നത് മാമി ശ്രദ്ധിച്ചു.

‘‘സൂക്ഷിച്ചോ. അവന്‍റെ കെണിയില്‍ പെടേണ്ട ’’

 

അവന്‍ അടവുകള്‍ പലതും പയറ്റിയെങ്കിലും വിദഗ്ധമായി ഒഴിഞ്ഞുമാറി. ഒരിക്കലവന്‍ പറഞ്ഞു. ‘‘നീ നോക്കിക്കോ, ഒരു ദിവസം നിന്നെ ഞാന്‍......’’

 

വിവാഹം കഴിഞ്ഞ് സമീര്‍ക്കായുടെ കൂടെ ഗള്‍ഫിലെത്തിയപ്പോള്‍ മനസ്സ് നിറയെ മധുവൂറുന്ന പൂക്കള്‍ വിരിഞ്ഞു. രണ്ട് ചെറിയ പെരുന്നാളുകള്‍ കഴിഞ്ഞു. ഒരു ദിവസം ഷോപ്പിങ്മാളിലൂടെ നീങ്ങുമ്പോള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ ഒരു മുഖം ഉള്‍ക്കിടിലത്തോടെ കണ്ടു. അതവനായിരുന്നു. സമീര്‍ക്കായോടൊപ്പം ധൃതിയില്‍ അവിടെ നിന്ന് പോന്നെങ്കിലും സ്വന്തം മുറിയിലെ ബാത്ത്റൂമില്‍ നെറ്റിയ്ക്ക് കൈകൊടുത്ത് ചുമരിനോട് ചാരി ഏറെ നേരം നില്‍ക്കേണ്ടി വന്നു കിതപ്പൊന്നടങ്ങാന്‍. പിന്നീടൊരിക്കല്‍ താമസിക്കുന്ന അപ്പാര്‍ട്ട്മെന്‍റിന്‍റെ താഴെയും അവനെ കണ്ടു. അതേ അപ്പാര്‍ട്ട്മെന്‍റില്‍ തന്നെയാണ് അവനും താമസിക്കുന്നതെന്നറിഞ്ഞപ്പോള്‍ ഭയം ഒരു നിഴലായി.

 

അതില്‍ പിന്നെ വാതില്‍ തുറക്കല്‍ സമീര്‍ക്കാ ഉള്ളപ്പോള്‍ മാത്രമായി. ഒരു ദിവസം ഇക്ക ലീവിലായിരുന്നു. തമാശയും കളിചിരിയും കുഞ്ഞിനെ ലാളിക്കലുമൊക്കെയായി നേരം പോയി. ഇക്ക കുളിക്കാന്‍ കയറി. ബെല്ലടിഞ്ഞു. നല്ല സന്തോഷത്തിലായിരുന്നതിനാല്‍ ഒന്നുമോര്‍ക്കാതെ വാതില്‍ തുറന്നു. മുന്നില്‍ അവന്‍..... കാലില്‍ നിന്നും മുകളിലേക്ക് ഒരു തരിപ്പ് അരിച്ചുകയറി. മരണത്തെ മുന്നില്‍ കണ്ട അവസ്ഥ. തൊണ്ട വരണ്ടു. എന്തെങ്കിലും ഒരു ശബ്ദം പുറപ്പെടുവിക്കാന്‍ കഴിയും മുമ്പ് അവന്‍ വായ പൊത്തിപ്പിടിച്ച് വലിച്ചിഴച്ചു. കുതറാന്‍ നോക്കിയെങ്കിലും ആ കരുത്തിന് മുമ്പില്‍ തരിമ്പും അനങ്ങാനായില്ല. ഈ കാഴ്ച കണ്ട്കൊണ്ട് ബാത്ത്റൂമില്‍ നിന്ന് ഇറങ്ങി വന്ന ഇക്ക അവനെ അടിച്ചു വീഴ്ത്തി. പോലീസിനെ വിളിക്കാന്‍ പറഞ്ഞു. അവന്‍ പുറത്തേക്കോടാനൊരുങ്ങി. തടയാന്‍ ഇക്കായും. അടിയും പിടിയുമായി. അപ്പോള്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുന്ന തന്‍റെ കാഴ്ചയെ മറച്ചുകൊണ്ട് 

മുക്കിയൊഴിച്ചപോലെ ചുടുചോര മുഖത്തേക്ക് തെറിച്ചു. 

ഞെട്ടലോടെ മുഖം തുടച്ച് കാഴ്ച വീണ്ടെടുത്തപ്പോള്‍....

ശരീരം തളര്‍ന്ന്.... ബോധം മങ്ങി....

പോലീസ് വന്ന് വെള്ളം തളിച്ചുണര്‍ത്തുമ്പോള്‍ കണ്ട കാഴ്ച എങ്ങനെ മറക്കും.

മുറി മുഴുവന്‍ പരന്നൊഴുകിയ രക്തഭൂപടത്തിന്‍റെ നടുക്ക്...

പ്രിയപ്പെട്ട സമീര്‍ക്കാ...

ചേതനയറ്റ്.............

ഇല്ല.

ആ ദുഷ്ടന് മാപ്പില്ല.

അറിയണം......

അവന്‍ അനുഭവിക്കണം.

നിമിഷങ്ങളിലൂടെ നീറണം.

 

********     ********     ********      *******

 

സംജ്ഞ ശാന്തമായുറങ്ങുന്നു. നിദ്രാവിഹീനനായ ഗിരീഷിന്‍റെ മനസ്സില്‍ പത്താം ക്ലാസ്സുകാരനായ അബുമാത്രമായിരുന്നു. മീനാക്ഷി പൊട്ടിയ ചുണ്ടുമായി സ്റ്റാഫ് റൂമിലേക്ക് ഓടിവന്ന് തന്നോട് ചേര്‍ന്ന് നിന്ന് മുഖം കോട്ടി വിതുമ്പി വിതുമ്പി കരഞ്ഞത് ഓര്‍മ്മയുടെ താളുകളില്‍ തെളിഞ്ഞ് വന്നു. ഒരു വേട്ടമൃഗത്തില്‍ നിന്നും ഓടിരക്ഷപ്പെട്ട മുയലിനെപ്പോലെ അവള്‍ കിതയ്ക്കുന്നുണ്ടായിരുന്നു. 

 

എന്തു പറ്റിയെന്ന് എത്രചോദിച്ചിട്ടും പ്രതികരിക്കാന്‍ കഴിയാത്ത വിധം അവളുടെ ചുണ്ടുകളും കൈകളും വിറകൊള്ളുകയായിരുന്നു. ‘‘അബു’’ എന്ന് പറഞ്ഞ് ചുണ്ടിലേക്ക് വിരല്‍ ചേര്‍ത്തപ്പോള്‍ ക്ഷമിക്കാനായില്ല. അവനെ പിടിച്ച് വലിച്ച് സ്റ്റാഫ് റൂമിലെത്തിച്ചു. ചെയ്ത തെറ്റില്‍ കുറ്റബോധമില്ലെന്ന് മാത്രമല്ല ധിക്കാരം നിറഞ്ഞതായിരുന്നു പ്രതികരണങ്ങള്‍. അപൂര്‍വ്വമായി മാത്രം പുറത്തെടുക്കാറുള്ള ചൂരല്‍ മൂന്ന് തവണ അവന്‍റെ ചന്തിയില്‍ ആഞ്ഞ് പതിച്ചു. ഒരു അടി അല്പമൊന്ന് പാളി തുടയില്‍ അടയാളം വീണു.

 

അവന്‍റെ വീട്ടിലേക്ക് വിളിച്ചു. ഉമ്മ വന്നു. വിവരങ്ങളറിഞ്ഞ് വാപൊളിച്ച് നിന്നുപോയ അവര്‍ കരഞ്ഞുകൊണ്ട്  ഇറങ്ങിയോടി. മീനാക്ഷിയുടെ രക്ഷിതാവ് അന്നു തന്നെ വന്ന് ടി. സി. വാങ്ങി.

 

പിറ്റേന്നാണ് തന്‍റെ ജീവിതത്തെ പിടിച്ചുകുലുക്കിയ സംഭവമുണ്ടായത്. സ്ഥലം എസ്. ഐ. സ്കൂളിലെത്തി. അബുവിനെ തല്ലിയതിന് മൂസക്കുട്ടി പരാതികൊടുത്തിരിക്കുന്നു. നിരാശയും സങ്കടവും രോഷവും മാറി മാറി വന്നു. പരാതി പിന്‍വലിപ്പിക്കാന്‍ സഹപ്രവര്‍ത്തകരും നേരത്തെ പഠിച്ചിറങ്ങിയവരും പൗരപ്രമുഖരും ആകാവുന്നത്ര ശ്രമിച്ചുനോക്കി. ആര്‍ക്കും പിടികൊടുക്കാതെ ദൂരെ എവിടെയോ മാറിനിന്ന് മൂസക്കുട്ടി മേലധികാരികളില്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരുന്നു. അവസാനം പോലീസ് സ്റ്റേഷന്‍, കോടതി, ജയില്‍.

 

മൂന്ന് അവധി ദിവസങ്ങള്‍ക്ക് ശേഷം ജാമ്യം. സ്കൂളിലെത്തിയപ്പോള്‍ നാട്ടുകാരും സഹപ്രവര്‍ത്തകരും ശിഷ്യന്മാരും പൊതിഞ്ഞു. മൂസക്കുട്ടിയോടുള്ള രോഷം അവരുടെ വാക്കുകളിലും മുഖത്തും പ്രകടമായിരുന്നു. സംജ്ഞ തനിയ്ക്ക് നേരെ ഒരു പേപ്പര്‍ നീട്ടി. ‘‘ഒപ്പിട് ’’. വാങ്ങി വായിച്ചുനോക്കി - രാജിക്കത്ത്. ഏറെ അധ്വാനിച്ച് കിട്ടിയ സര്‍ക്കാര്‍ ജോലികളില്‍ അവസാനത്തേതാണ്. അതാണ് ഉപേക്ഷിക്കാന്‍ പറയുന്നത്. അന്ധാളിപ്പോടെ മറ്റുള്ളവരോടൊപ്പം താനും നോക്കിയെങ്കിലും ‘‘ഇത്രയും കാലം സേവിച്ചില്ലേ. പ്രതിഫലവും കിട്ടി. ഇനി മതിയാക്കാം.’’

 

സഹപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദത്തിന് മുന്നില്‍ അവള്‍ പാറയായി. എന്നെന്നേക്കുമായി പടിയിറങ്ങുമ്പോള്‍ ഒന്ന് തിരിഞ്ഞുനോക്കി. അടക്കാനായില്ല. മിഴികള്‍ തുളുമ്പിപ്പോയി. അവള്‍ പിടിച്ച് നടത്തി. ഒട്ടും പതറാതെ.

 

പക്ഷേ....

കാലം കാത്ത് വെച്ചത് വിതച്ചതിനേക്കാള്‍ വലിയ ക്രൂരത.

ഗിരീഷ് പിടിച്ച് നിര്‍ത്തിയ വിങ്ങല്‍ ഉടഞ്ഞു. സംജ്ഞ ഞെട്ടിയുണര്‍ന്ന് ലൈറ്റിട്ടു. 

‘‘എന്തുപറ്റി ഗിരിയേട്ടാ, എന്തിനാ കരയുന്നത് ? അവന്‍ അവളുടെ അരയ്ക്ക് ചുറ്റിപ്പിടിച്ച് മടിയില്‍ തലവെച്ച് തേങ്ങി.

‘‘എന്തുപറ്റി ’’

‘‘അബു......’’

‘‘അബുവോ, ഏത് അബു ?’’

‘‘പണ്ടത്തെ അബു. അവന്‍ ഗള്‍ഫില്‍ ജയിലിലാണ്. ദിവസങ്ങള്‍ എണ്ണി’’

അവളെല്ലാം കേട്ടിരുന്നു.

‘‘നന്നാക്കാന്‍ ശ്രമിച്ചതല്ലേ. എന്നിട്ടും.......’’

 

സംജ്ഞ അവനെ ചേര്‍ത്ത് പിടിച്ച് മിഴികള്‍ തുടച്ച് ശിരസ്സില്‍ മെല്ലെ മെല്ലെ തടവി.

ആ സ്നേഹത്തണലില്‍ അവന് കൂട്ടായി നിദ്രയെത്തി. നേരം പുലര്‍ന്നു. എട്ടുമണിയോടെ ഒരു കാര്‍ വീട്ടുമുറ്റത്തെത്തി. അതില്‍ നിന്ന് ദിലീപ് മാഷും മറ്റ് മൂന്ന് പേരും പുറത്തിറങ്ങി. ഗിരീഷ് അവരെ സ്വീകരിച്ചിരുത്തി. ആരും ആരും ഒന്നും ഉരിയാടുന്നില്ല. മൂസക്കുട്ടിയെ കണ്ടിട്ട് മനസ്സിലാകുന്നേയില്ല. ആകെ മെലിഞ്ഞ്, കവിളത്തെ എല്ലുകള്‍ ഉന്തി, കരഞ്ഞ് കരഞ്ഞ് കണ്‍പോളകള്‍ തടിച്ച്, താടിയും മുടിയും നീണ്ട ഒരു മനുഷ്യക്കോലം. സംജ്ഞ അവര്‍ക്ക് ഓരോ ഗ്ലാസ് ചായ കൊടുത്തു. 

ദിലീപ് മാഷ് ഗിരീഷിന്‍റെ കൈ പിടിച്ച് അകത്തേക്ക് കയറി.

‘‘എന്താ വരവിന്‍റെ ഉദ്ദേശ്യം ?’’

‘‘അവര് നാളെ ഗള്‍ഫിലേക്ക് പോവ്വാണ്. ഇനി രണ്ട് ദിവസമേയുള്ളു. നിന്നെ വന്ന് കാണണമെന്ന് അബുപറഞ്ഞിട്ടാണ് ഈ വരവ്’’

‘‘കഷ്ടം’’

അവര്‍ തിരിച്ച് സിറ്റൗട്ടിലെത്തി. മൂസക്കുട്ടി മെല്ലെ എണീറ്റു.

 

‘‘അബൂനെ നന്നാക്കാന്‍ മാഷ് ഒരുപാട് ശ്രമിച്ചു. ഞാനത് മനസ്സിലാക്കിയില്ല. ദ്രോഹിക്ക്യേം ചെയ്തു. പൊറുക്കണം. അവന് വേണ്ടി പ്രാര്‍ത്ഥിക്കണം.’’

ഇത്രയും പറഞ്ഞ് കടപുഴകിയ മരംപോലെ വീഴാന്‍ പോയ മൂസക്കുട്ടിയെ മറ്റുള്ളവര്‍ മെല്ലെ താങ്ങിയിരുത്തി. അദ്ദേഹം മെല്ലെ പൂര്‍വ്വസ്ഥിതി പ്രാപിച്ചു.

 

‘‘അവന്‍റെ അവസാനത്തെ ആഗ്രഹമായിരുന്നു മാഷെ ഒന്ന് കാണണംന്ന്, ഇനി നിക്കുന്നില്ല. ഞങ്ങളിറങ്ങ്ആ. അവന് വേണ്ടി പ്രാര്‍ത്ഥിക്കണം’’

അവരുടെ കാറ് അകന്നകന്ന് വിദൂരതയില്‍ മറഞ്ഞു. ഗിരീഷിന്‍റെ കണ്ണുകള്‍ ഈറനണിഞ്ഞു. അപ്പോള്‍ മകള്‍ അടുത്തെത്തി - ‘‘അച്ഛനെന്തിനാ കരയ്ണേ’’

ഗിരീഷ് മകളെ ചേര്‍ത്ത് പിടിച്ച് മൂര്‍ദ്ധാവില്‍ ചുംബിച്ചു. 

 

English Summary: Writers Blog - Umithee, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com