ADVERTISEMENT

അകന്നു പോയ തിരകൾ (കഥ)

‘െഎ ഹാഡ് എ പ്ലാൻ ടു പ്രപ്പോസ് യു....’ അവളുടെ മുഖത്തു നോക്കാതെ അവൻ പതുക്കെ പറഞ്ഞു.

പെട്ടെന്ന്, മുഖമുയർത്തി അവൾ അവനെയൊന്നു നോക്കി, പിന്നെ ഒന്നും പറയാതെ പുറത്തേക്കു നോക്കിയിരുന്നു.

‘പക്ഷെ...നീ എങ്ങിനെ പ്രതികരിക്കും എന്നുറപ്പില്ലാത്ത കൊണ്ടും, പറഞ്ഞു കഴിഞ്ഞാൽ നമ്മുടെ അന്നത്തെ സൗഹൃദം പോലും നഷ്ടപ്പെടുമോ എന്ന ഭയത്താലും എനിക്കത് നിന്നോട് തുറന്നു പറയാൻ ധൈര്യമുണ്ടായിരുന്നില്ല...’അവൻ പറഞ്ഞു

ഒരു വേനൽ മഴ ചാറിപ്പെയ്തൊഴിഞ്ഞതേയുള്ളൂ..ഭക്ഷണശാലയുടെ വരാന്തയോട് ചേർന്നുള്ള ചെടിത്തോട്ടത്തിലെ ബദാം മരത്തിൽ നിന്ന് താഴെയുള്ള ഇലപ്പടർപ്പിലേക്കു മഴത്തുള്ളികൾ ചിതറി വീണു..ചിതറി വീണ ജലകണങ്ങൾ അവളുടെ കൈത്തണ്ടയിലെ നേർത്ത രോമങ്ങളിൽ വിരലുകളിലെ മോതിരക്കല്ലുകൾ പോലെ കുഞ്ഞുമുത്തുകളായി തിളങ്ങി. .കൈത്തണ്ടയിൽ ഇറുകിക്കിടന്ന പീച്ച് നിറത്തിലുള്ള ഉടുപ്പിൽ കുഞ്ഞു കുഞ്ഞു കളങ്ങൾ മെല്ലെ തെളിഞ്ഞു വന്നു.

മഴയൊഴിയാൻ എതിരെയുള്ള പാർക്കിങ്ങ് ഷെഡിൽ കയറിനിന്നവർ വണ്ടിയെടുത്തു ഇറങ്ങിത്തുടങ്ങി..നനഞ്ഞ മേൽമണ്ണ് വണ്ടികളുടെ ടയറുകളിൽ പറ്റിപ്പിടിച്ച്‌, നാട പോലെയുള്ള ചാലുകൾ അവർക്കു പുറകിൽ തീർത്തു.

ഏറെ നേരത്തെ മൗനത്തിനു ശേഷം അവൾ പറഞ്ഞു.

 

‘ഇത് പോലൊരു വേനൽമഴയായിരുന്നു അന്നും. അത് പക്ഷെ ഇതിലും  ശക്തമായ കോരിച്ചൊരിയുന്ന മഴയായിരിന്നു. അന്ന് നമ്മൾ ആ മഴയത്തു ഇതു പോലെ കയറി നിന്നത് നിനക്കോർമയുണ്ടോ?1’

അതേ...വര്‍ഷങ്ങള്‍ക്കു മുമ്പ് ആദ്യമായി തന്റേയിഷ്ടം അവളെ അറിയിക്കാൻ ശ്രമിച്ചത് അവനിപ്പോഴും ഓർക്കുന്നുണ്ട്.

ഇത് പോലെ പെട്ടെന്ന് പൊട്ടി വീണ ഒരു മഴയത്താണ്, ലാബിൽ നിന്നും വരികയായിരുന്ന അവൾ, പാർക്കിങ്ങിൽ ഇരിക്കുകയായിരുന്ന അവന്റെഅടുത്തേക്ക് ഓടിക്കയറി വന്നത്.

മഴ നോക്കിയിരിക്കുന്നതിനിടയിൽ അവളോട് അവൻ ചോദിച്ചു..

‘മഴയും മഞ്ഞും ഇത്രമേൽ റൊമാൻറിക് ആയതെന്താണന്നറിയോ..’

പുസ്തകചട്ടയിൽ വീണ മഴത്തുള്ളികൾ ചുരിദാറിന്റെ ഷാൾ കൊണ്ട് ഒപ്പിയെടുക്കുന്നതിനിടയിൽ തലയല്പം ചെരിച്ചു അവനെ നോക്കിക്കൊണ്ട്, ചെറിയൊരു നാണം കലർന്ന ചിരിയോടെ അവൾ പറഞ്ഞു...  

‘എനിക്കറിയില്ല്യ....നീ പറയ്...’

 ആർത്തലച്ചുപെയ്യുന്ന മഴയിലേക്ക് കൈനീട്ടി അവൻ പറഞ്ഞു – ‘പ്രിയമുള്ളൊരാൾ കൂടെയുണ്ടാകണമെന്നു നാം ഒരുപാടൊരുപാട്  മോഹിക്കുന്നതപ്പോഴാണ്...’

അവളുടെ മുഖം തുടുക്കുന്നത് അവൻ കണ്ടു...

‘ആഹാ..ഇന്നെന്താ പൈങ്കിളി സാഹിത്യമൊക്കെ ആയിട്ടാണല്ലോ....!’ – ചിരിക്കുന്നതിനിടയിൽ അവൾ പറഞ്ഞു

അവൻ പതുക്കെ ചിരിക്കുക മാത്രം ചെയ്തു.

മഴ കുറഞ്ഞു ക്ലാസ്സിലേക്ക് പോകുന്നത് വരെ പിന്നെ രണ്ടു പേരും ഒന്നും സംസാരിച്ചില്ല. നടന്നു പോകുന്ന അവളുടെ മേൽ മരം പെയ്യുന്ന വാകമരത്തിൽ നിന്ന് ഒരു ചുവന്ന പൂവിതൾ മഴത്തുള്ളികൾക്കൊപ്പം പൊഴിഞ്ഞു വീഴുന്നതും, കുറച്ചു മുന്നോട്ട്  നടന്ന അവൾ അവനെയൊന്നു തിരിഞ്ഞു നോക്കി പുഞ്ചിരിച്ചതും ഇപ്പോഴും അവന്റെ കണ്ണുകളിലുണ്ട്.

പറയാനുള്ളത് പിന്നെയും അവന്റെ ഉള്ളിൽ ബാക്കി കിടന്നു.

കോളേജ് കഴിഞ്ഞു, വർഷങ്ങൾക്കു ശേഷം ഇന്ന് വളരെ അവിചാരിതമായിട്ടാണ് കടൽത്തീരത്തെ ഈ ഭക്ഷണശാലയിൽ വെച്ച് അവർ വീണ്ടും കാണുന്നത്.

അവളൊറ്റക്കായിരുന്നു...അവനും. വിശേഷങ്ങളൊക്കെ പങ്കുവച്ചു പഴയകാല ഓർമകളെ കുറിച്ച് പറയുന്നതിനിടയിലാണ് വർഷങ്ങളായി അവൻ കാത്തു വെച്ചിരുന്ന ആ ഇഷ്ടത്തെക്കുറിച്ച് അവളോട് പറഞ്ഞത്.

അവളുടെ ചോദ്യത്തിനുള്ള മറുപടി വൈകുന്നത് കണ്ട അവൾ പറഞ്ഞു 

ബാഗിൽ നിന്ന് പൈസയെടുത്ത് ലെതർ ചട്ടക്കുള്ളിലെ ബില്ലിനോടൊപ്പം വെക്കുന്നതിനിടയിൽ അവൾ ചോദിച്ചു – ‘നമുക്കല്പം നടന്നാലോ..?!’

ഇത്തവണ അവന്റെ മറുപടിക്കു കാത്തു നിൽക്കാതെ അവൾ കസേരയിൽ നിന്നെണീറ്റു തിടുക്കത്തിൽ അവൾക്കൊപ്പമെത്തി കടൽ തീരത്തിന് സമാന്തരമായുള്ള റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ, അവനറിയാതെ പുറകിലേക്ക് നീട്ടിയ അവന്റെ കയ്യിലെ ചുരുട്ടിപ്പിടിച്ച പത്രത്തിന്റെ തുമ്പിലേക്ക് അവളും അറിയാതെ കൈ നീട്ടി. റോഡിനപ്പുറം തീരത്തേക്ക് നീണ്ടു കിടക്കുന്ന പൂഴി നിറഞ്ഞ വീതിയുള്ള വഴിക്കിരുപുറവും വഴിവാണിഭക്കാരുടെ ഒന്ന് മറ്റൊന്നിനോട് ചേർന്ന് നിൽക്കുന്ന കളിപ്പാട്ടങ്ങളും മറ്റും തിങ്ങി നിറഞ്ഞ കൊച്ചുകൊച്ചു ഷെഡുകൾ നിരന്നു നിന്നു. ഷെഡുകൾക്ക് പുറകിൽ മേൽക്കൂരയിലെ ഷീറ്റിനു കീഴിലൂടെ മുളംകമ്പുകൾ പുറത്തേക്ക് അലക്ഷ്യമായി തെറിച്ചു നിൽക്കുന്നുണ്ടാകുമെന്നും...അതിനു താഴെ കളിപ്പാട്ടങ്ങൾ കൊണ്ടുവന്ന കാലിയായ കടലാസു പെട്ടികൾ കൂടിക്കിടക്കുന്നുണ്ടാകുമെന്നും അവൻ വെറുതെ ഊഹിച്ചു.

കടകളിൽ പൊതുവെ തിരക്ക് കുറവായിരുന്നു. ചില കടകളുടെ മുന്നിലെ ബൾബുകൾ പ്രകാശിച്ചു തുടങ്ങിയിരുന്നു. മഴപെയ്തതിന്റെ അധികം ലക്ഷണങ്ങളൊന്നും തീരത്തുണ്ടായിരുന്നില്ല. ചാറ്റൽ മഴ പെയ്ത് ഈറനണിഞ്ഞിരുന്ന മണ്ണു പോലും ഉണങ്ങിത്തുടങ്ങിയിരുന്നു.

!നിനക്കെന്താ കടലിനോടിത്ര പ്രിയം..?...’  തീരത്തു നിന്നു വെള്ളത്തിലേക്ക് പതിയെ കാലെടുത്തുവെക്കുന്നതിനിടയിൽ പുറകിലേക്ക് തിരിഞ്ഞു കൊണ്ട് അവൾ ചോദിച്ചു.

‘അകന്നു പോയതെല്ലാം തിരിച്ചു വരുമെന്ന് എന്നെ പഠിപ്പിച്ചത് ഈ കടലും തിരകളുമാണ്.. ഒന്നും ശാശ്വതമല്ലെങ്കിലും...പിന്നെ തിരകളുടെ ഈ  ദുരൂഹമായ പ്രണയം..’

കരയോടാണോ കാറ്റിനോടാണോ തിരകൾക്ക് പ്രണയം...? – അവൻ ചോദിച്ചു...

തെല്ലിട ആലോചിച്ച ശേഷം അവൾ പറഞ്ഞു – കരയോടായിരിക്കും...കരയല്ലെ എപ്പോഴും കൂടെയുള്ളത്.

അവൻ മെല്ലെ ചിരിക്കുക മാത്രം ചെയ്തു. 

തിരകൾ അവന്റെ കാലുകളെ മെല്ലെ തഴുകിപ്പോയി. തീരത്തു കൂടെ കുറച്ചു ദൂരം നടന്ന് തിരക്ക് കുറഞ്ഞ ഒരിടത്ത് എത്തിയപ്പോൾ രണ്ടാളും മണലിൽ തന്നെ അവൾ ഇരുന്നു. 

കൈയിലെ പത്രക്കടലാസ് നിലത്ത് വിരിച്ച് അവളുടെ വലതു വശത്തു അല്പം പുറകിലായി അവനും.

കടൽത്തിരകളേക്കാൾ  ആവേശത്തിലായിരുന്നു അവന്റെ മനസ്. സൂര്യനപ്പോഴും  കടലിനു മുകളിൽ കുങ്കുമപ്പൊട്ടായി മാറുന്നതെ ഉണ്ടായിരുന്നുള്ളൂ. കടലിലേക്കൊലിച്ചു തുടങ്ങിയ ചെഞ്ചായം അവളുടെ മുഖത്ത് സ്വർണവർണമേകി. കോളജ് ദിനങ്ങളിലെ പ്രഭാതങ്ങളിൽ മരങ്ങൾക്കും മഞ്ഞിനും ഇടയിലൂടെ ഒഴുകിയെത്തുന്ന പുലർകാലകിരണങ്ങൾക്കിടയിലൂടെ കണ്ട അതേ ശോഭയിൽ. വർഷങ്ങൾക്കുശേഷം ആ മുഖം തൊട്ടടുത്ത് കണ്ട ആവേശത്തിലായിരുന്നു അവൻ. അവളുടെ മുടികളിൽ തഴുകിയെത്തിയ കാറ്റിന് സ്വർഗ്ഗത്തിന്റെ മണമായിരുന്നു..അവന്റെ സ്വപ്നങ്ങളുടെയും. തഴുകാൻ കൊതിച്ച വിരലുകളെ അവൻ പൂഴിമണ്ണിൽ അലയാൻ വിട്ടു.

അവന്റെ ചിന്തകൾ അറിഞ്ഞിട്ടെന്ന പോലെ അവൾ പറഞ്ഞു – ‘നമ്മുടെ ആ കാലമൊക്കെ കഴിഞ്ഞില്ലേ...’

കാറ്റിൽ പറന്ന മുടിയിഴകൾ കൈകൊണ്ട് ഒതുക്കി അവനു മുഖം കൊടുക്കാതെ അവൾ തുടർന്നു.

‘പിന്നീട് പലപ്പോഴും നിന്നിൽ നിന്ന് ഇങ്ങിനെ ഒരു വാക്ക് കേൾക്കാൻ ഞാൻ ഒരുപാട് കൊതിച്ചിരുന്നു. ഞാൻ നിന്നെ ആഗ്രഹിച്ച പോലെ, നീ എന്നെയും ആഗ്രഹിച്ചിരുന്നുവെന്ന് എനിക്കറിയാമായിരുന്നു..എന്തിന് എന്റെ വിവാഹത്തിന് തൊട്ടു മുൻപ് നീ വരുമെന്നും എന്നെ കൂട്ടിക്കൊണ്ടു പോകുമെന്ന് പോലും ഞാൻ വെറുതെ മോഹിച്ചിരുന്നു. പക്ഷേ..ഇനിയതൊക്കെ വെറും നടക്കാത്ത സ്വപ്‌നങ്ങൾ മാത്രം..ഇപ്പോൾ നമ്മൾ ഇങ്ങനെ ചിന്തിക്കുന്നത് പോലും തെറ്റാണെന്ന് എനിക്ക് തോന്നുന്നു ’ –  പറഞ്ഞു നിർത്തി നിസ്സഹായതയോടെ അവൾ അവനെ നോക്കി.

അവന്റെ പുഞ്ചിരിക്കുന്ന മമുഖം അവളെ സ്തബ്ധയാക്കി

മണൽത്തരികൾ ചിതറിവീണ പത്രത്താളിൽ അച്ചടിച്ച് വെച്ച അവന്റെ ആ ചിരിക്കുന്ന മുഖത്തിനു താഴെ തെളിഞ്ഞു നിന്ന രണ്ട് തീയതിക്കിടയിൽ ഒരു ജീവിതം മരവിച്ചു കിടന്നു.

അവളുടെ കണ്ണുകളിലെ സൂര്യൻ പൊടുന്നനെ ഇരമ്പിയെത്തിയ തിരമാലയിൽ മുങ്ങിപ്പോയി ചെമ്മാനം പോലെ കലങ്ങിയ കണ്ണുകളിൽ ഇരുട്ട് മാത്രമായി..നീലാകാശം ഇരുണ്ടുകൂടിയ കറുത്ത ഇരുട്ട്. പെയ്തിറങ്ങിയ മഴയോടൊപ്പം ഒരു ചെമ്പൂവ് കടലിലേക്ക് ഉതിർന്നു വീണു. അകന്നു പോയ തിരകൾ തീരത്തടുക്കാൻ മടിച്ചു നിന്നു.

English Summary : Akannu Poya Thirakal - Malayalam Short Story by Manou Shah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com