ADVERTISEMENT

അങ്ങനെ ഞാനും മോഡേൺ ആയി (അനുഭവക്കുറിപ്പ്)

‘അവരും അറിയട്ടെ നമ്മളും മോഡേൺ ആണെന്ന്’ പണ്ടത്തെ ഒരു പാഡിന്റെ പരസ്യ വാചകമാണ്. എന്റെ കുട്ടിക്കാലത്തു ടിവിയിൽ വന്നിരുന്ന പരസ്യം. വിവാഹം കഴിഞ്ഞു ഭർതൃഗൃഹത്തിലേക്ക് പോകുന്ന പെൺകുട്ടിയുടെ പെട്ടിയിൽ സാനിറ്ററി പാഡ് വച്ചിട്ട് ബന്ധു പറയുന്ന വാചകം. പണ്ട് തുണി ആയിരുന്നു ആർത്തവ സമയത്തു ഉപയോഗിച്ചിരുന്നത്. അതിൽനിന്നു പാഡിലേക്കുള്ള മാറ്റം ആവണം പാഡ് കമ്പനി പരസ്യം കൊണ്ട് ഉദ്ദേശിച്ചത്! ആർത്തവക്കാലത്ത് തുണി ഉപയോഗിക്കുന്നത് ഒരു വലിയ പണി തന്നെ ആയിരുന്നു. പഴയ കോട്ടൺ തുണി മുറിച്ചു വൃത്തിയിൽ കഴുകി ഡെറ്റോൾ മുക്കി ഉണക്കിയെടുക്കണം. പ്രത്യേക രീതിയിൽ പല മടക്കുകൾ മടക്കി ഒരുക്കി വേണം ഉപയോഗിക്കാൻ. ലീക്, സ്‌റ്റൈൻ ഒക്കെ ഉള്ള ഭയം കാരണം ഇടവേളകളിൽ ബാത്‌റൂമിൽ പോയി പരിശോധിച്ച് ഉറപ്പുവരുത്തണം.. ക്ലാസിൽ ഇരിക്കുമ്പോൾ യൂണിഫോം സ്കർട് പരിശോധിക്കേണ്ടതെല്ലാം വലിയ തലവേദനയായിരുന്നു. ചുരുക്കി പറഞ്ഞാൽ ആർത്തവ ദിനങ്ങൾ ആകെ മുൾമുനയിലാണ്. സ്കൂളിൽ പോകുമ്പോൾ ആവശ്യത്തിന് തുണി കരുതണം. അമിതമായി ആർത്തവമുള്ള ദിവസങ്ങളിൽ 4 - 5 പ്രാവശ്യം തുണി മാറ്റുകയും വേണം. 

സാനിറ്ററി നാപ്കിനുകളുടെ വരവോടെ കാര്യങ്ങൾ വളരെ സൗകര്യപ്രദമായി. പാഡ് ഉപയോഗം തുണിയെ അപേക്ഷിച്ച് എളുപ്പമാണെങ്കിലും ഡിസ്പോസൽ ചില സമയങ്ങളിൽ പണിയാണ്. വേണ്ടത്ര മാലിന്യനി‍ർമാർജന സൗകര്യങ്ങൾ ഇല്ലാത്തയിടങ്ങളിൽ, ഉപയോഗിച്ച സാനിറ്ററി പാഡുകൾ പരിസ്ഥിതിക്കു ദോഷമില്ലാതെ എങ്ങനെ ഉപേക്ഷിക്കുമെന്ന് ആലോചിച്ചപ്പോഴാണ് മെൻസ്ട്രൽ കപ്പിനെക്കുറിച്ചു കേൾക്കുന്നത്. 

കോവിഡ് വ്യാപന സമയത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ കൂടുതൽ സമയം ഇന്റർനെറ്റിൽ ചെലവഴിക്കേണ്ട സാഹചര്യം വന്നു. അങ്ങനെ ലോക്ഡൗണിലെ ആരോഗ്യശീലങ്ങളെക്കുറിച്ച് തിരഞ്ഞപ്പോഴാണ് മെൻസ്ട്രൽ കപ്പിന്റെ വിവിധ ഗുണങ്ങളെക്കുറിച്ച് അറിയുന്നത്. മെൻസ്റ്ററൽ കപ്പ് എന്നെ വീഴ്ത്തിയ കാരണം കേട്ടാൽ ആരും ഉള്ളിൽ ഒന്ന് ചിരിക്കും. വെള്ളത്തിൽ കളിക്കാൻ എനിക്ക് പണ്ടേ ഇഷ്ടമാണ്. ബീച്ച്, അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ സ്വിമ്മിങ് പൂൾ എന്നിവിടങ്ങളിൽ വെള്ളം കണ്ടാൽ ഒന്ന് നീന്താൻ തോന്നും. ഒരു കൊച്ചു തോട്ടിലെ വെള്ളം ആയാലും എനിക്ക് ബഹുസന്തോഷം. ആർത്തവദിനങ്ങളിൽ പാഡ് ധരിച്ച് വെള്ളത്തിലിറങ്ങുന്നത് അത്ര സുഖമുള്ള പരിപാടിയല്ല. മെൻസ്ട്രൽ കപ്പാണെങ്കിൽ ഇൗ വക തലവേദനയില്ല. 

ഞാൻ ധൈര്യം സംഭരിച്ച് ഒരു കൈ നോക്കാൻ തീരുമാനിച്ചു.ഓൺലൈൻ ആയി കപ്പ് ഓർഡർ ചെയ്തു. 2  കൊല്ലമായി കപ്പ് വാങ്ങി അലമാരയിൽ വച്ചിരിക്കുന്ന ഒരു സുഹൃത്തുണ്ട് എനിക്ക്, ആൾക്ക് ഇതു വരെ ഉപയോഗിക്കാൻ ധൈര്യം കിട്ടിയിട്ടില്ല. അത് മനസ്സിൽ ഉള്ളതുകൊണ്ട് ഞാൻ സമയം പാഴാക്കാതെ പീരിയഡ്‌സിന് മുൻപുതന്നെ കപ്പ് ഇൻസെർഷൻ ഒക്കെ പഠിച്ചു, ട്രയൽ നോക്കി പേടി മാറ്റി. പിന്നെ പീരിയഡ്‌സ് വന്നപ്പോൾ യൂസ് ചെയ്തു. മെൻസ്ട്രൽ കപ്പ് ഉപയോഗിച്ചതു മുതൽ ഉള്ള സ്വാതന്ത്ര്യം വാക്കുകളിൽ ഒതുങ്ങില്ല. പീരിയഡ്‌സ് സമയത്തു പാഡ് മാറ്റേണ്ട ടെൻഷൻ ഇല്ല, പാഡ് പൊതിഞ്ഞു കളയാൻ നടക്കേണ്ട, വസ്ത്രത്തിൽ സ്‌റ്റൈൻ ആവില്ല, എല്ലാത്തിലും ഉപരി വെള്ളത്തിൽ കളിക്കാം!   തുണിയിൽനിന്ന് പാഡിലേക്കു മാറാൻ പഠിച്ച പോലെ പാഡിൽനിന്ന് മെൻസ്ട്രൽ കപ്പിലേക്ക് ഒരു പ്രമോഷൻ. അങ്ങനെ, കഴിഞ്ഞ വനിതാ ദിനത്തിൽ മെൻസ്ട്രൽ കപ്പിനോട് കൂട്ടുകൂടി ഞാനും മോഡേണായി ! 

English Summary : Angane Njanum Modern Ayi - Malayalam Short Story by Rosmy Jose Valavi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com