ADVERTISEMENT

മീര സാധനങ്ങൾ എല്ലാം പായ്ക്ക് ചെയ്ത് പുറപ്പെട്ടപ്പോഴേക്കും  അരമണിക്കൂറോളം വൈകിയിരുന്നു. അമ്മുവിനെ പിക്ക് ചെയ്യാൻ വൈകിയല്ലോ എന്നോർത്ത് ധൃതിയിൽ കാറോടിച്ചു പോകുമ്പോഴാണ് ആമിയുടെ കോൾ വരുന്നത്. മീര കാറിന്റെ സ്പീഡ് കുറച്ചതിനുശേഷം ഫോൺ അറ്റൻഡ്  ചെയ്തു.

‘ഹലോ... ആമീ ഞാൻ ദേ ഇപ്പോൾ എത്തും. ബാഗ് ഒക്കെ പായ്ക്ക് ചെയ്തു വന്നപ്പോഴേക്കും കുറച്ച് ലേറ്റ് ആയി..’

‘എനിക്ക് തോന്നിയിരുന്നു നീ ലേറ്റ് ആയെന്ന്. നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞ് അമ്മു  വിളിച്ചിരുന്നു. അവരുടെ സെമിനാർ കഴിഞ്ഞു, ഹോട്ടലിന്റെ മുൻപിൽ വെയിറ്റ് ചെയ്യുന്നുണ്ടെന്നാ പറഞ്ഞത്..’

‘ഞാൻ ദേ എത്താറായടീ, അവളെ പിക്ക് ചെയ്തിട്ട് ഞാൻ നിന്നെ വിളിക്കാം കേട്ടോ’

‘അയ്യോ വെക്കല്ലേ, ഒരു കാര്യം കൂടി പറയാനുണ്ട്, നീ മറ്റേ കാര്യം അവളോട് ചോദിച്ചോ..’

‘ഇല്ല ഞാൻ നേരിട്ട് കാണുമ്പോൾ ചോദിക്കാം എന്നോർത്തു... എയർപോർട്ടിലേക്ക് പോകുന്ന വഴിക്ക് സമയം ഉണ്ടല്ലോ,  അപ്പോൾ ചോദിക്കാം’

‘നീ എങ്ങനെയാ ചോദിക്കാൻ പോകുന്നേ... ഞാൻ പറഞ്ഞിട്ടാണെന്ന്  അവൾക്ക് സംശയം തോന്നാത്ത രീതിയിൽ ചോദിക്കണേ’

‘അത് ഞാൻ എങ്ങനെയെങ്കിലും ചോദിച്ചോളാം... നീ ഫോൺ വെച്ചേ ഞാൻ പോട്ടെ,  അവൾ കുറെ നേരമായില്ലേ  വെയിറ്റ് ചെയ്യുന്നു’

‘ശരി നീ അവളെ പിക് ചെയ്തിട്ട് എന്നെ വിളിക്കണം കേട്ടോ..’

‘ഓക്കേ... ബൈ...’

മീര വേഗം കാറോടിച്ചു അമ്മുവിനു സെമിനാർ നടക്കുന്ന ഹോട്ടലിനു മുന്നിൽ എത്തി,  റോഡിനരികിലായി കാർ പാർക്ക് ചെയ്തു. അമ്മു അവിടെ കാത്തു നിൽപ്പുണ്ടായിരുന്നു. അവൾ ഓടി മീരയുടെ അടുത്തെത്തി. കാറിന്റെ  പിന്നിലത്തെ വാതിൽ തുറന്ന് ബാഗ് അവിടെ വച്ചതിനു ശേഷം അവൾ മുൻപിൽ കയറി മീരയെ കെട്ടിപ്പിടിച്ചു  ഒരു ഉമ്മ കൊടുത്തു. 

‘അമ്മൂസേ... നിന്നെ കണ്ടിട്ട് എത്ര നാളായി...’

‘അതെങ്ങനാ... മീരാന്റിക്ക് ഭയങ്കര തിരക്കല്ലേ... മുംബൈക്ക് വരാൻ സമയം ഇല്ലല്ലോ...’

‘എന്താണേലും നിന്റെ അമ്മേടത്ര  തിരക്കില്ലാട്ടോ...’

‘ഉയ്യോ... അതുപിന്നെ പറയണോ... ഡാൻസ് പഠിപ്പിച്ചു കഴിഞ്ഞു വീട്ടിലേക്ക് വരാൻ പോലും അമ്മക്ക് ഇപ്പൊ സമയം ഇല്ല’

‘അത് അടുത്ത മാസം യുഎസ്സിൽ  കുറെ പ്രോഗ്രാംസ് ഉള്ളത് കൊണ്ടല്ലേ..അതവിടെ നിൽക്കട്ടെ സെമിനാർ എങ്ങനെ ഉണ്ടായിരുന്നു?’

‘അടിപൊളി... എത്രയും പെട്ടന്ന് ജേർണലിസ്റ്റ്  ആവാൻ തോന്നി.അത്രക്ക് അടിപൊളി ആയിരുന്നു... പിന്നെ മീരാന്റിക്ക് ഒരു കാര്യം കേൾക്കണോ,  എനിക്ക് സെമിനാറെടുത്ത സാറടക്കം അവിടെ ഉണ്ടായിരുന്ന എല്ലാവരും മീരാന്റിയുടെ ഫാൻസ് ആയിരുന്നു... ആ കൂട്ടത്തിൽ ' ആഴി ' വായിക്കാത്തവരായി ആരുംതന്നെ ഇല്ലായിരുന്നു..’

‘ശരിക്കും? ഞാൻ വിചാരിച്ചത് നിന്റെ ജനറേഷനിലെ കുട്ടികൾക്ക് വായനാശീലം കുറവാണെന്നാ..’

‘എന്നാലേ അങ്ങനെയല്ല... അവരൊക്കെ  മീരാന്റിയെ മീറ്റ് ചെയ്യണമെന്നുപറഞ്ഞു നിന്നതാ,  ഞാൻ ഒരു വിധത്തിലാ അവരെ ഒക്കെ ഒഴിവാക്കി വിട്ടത്...’

‘അതേതായാലും നന്നായി... എനിക്ക് ക്രൗഡ് പണ്ടുതൊട്ടേ പേടിയാ’

‘അതെന്താ അങ്ങനെ..’

‘അറിയില്ലടോ... എന്നാപ്പിന്നെ ലേറ്റ് ആക്കണ്ട... നമുക്ക് പോയേക്കാം... നിനക്ക് വിശക്കുന്നുണ്ടോ? എന്തേലും കഴിക്കണോ?’

‘വേണ്ട മീരാന്റി... ഇപ്പോ വിശപ്പില്ല... വേണേൽ എയർപോർട്ടിൽ നിന്നും എന്തെങ്കിലും  കഴിക്കാം... നല്ല മഴക്കാറല്ലേ ... നമുക്ക് പെട്ടന്ന് പോയേക്കാം’

മീര കാർ സ്റ്റാർട്ട്‌ ചെയ്തു. ആകാശത്തിന്റെ നീലിമ മാറി കറുപ്പ് കയറി തുടങ്ങിയിരുന്നു.

‘ഒത്തിരി നേരമായോ അമ്മു നീ വെയിറ്റ് ചെയ്യുന്നു...’

‘ഇല്ല ആൻറി, ഒരു 10 മിനിറ്റ് ആയതേയുള്ളൂ...’

‘ഞാൻ ബാഗ് ഒക്കെ പാക്ക് ചെയ്തു ഇറങ്ങിയപ്പോഴേയ്ക്കും ഇച്ചിരി  വൈകിപ്പോയി’

‘അമ്മ പറഞ്ഞായിരുന്നു മീരാന്റി എന്നാണേലും ലേറ്റ് ആകുമെന്ന്... അതുകൊണ്ട് ഞാൻ എക്സ്പെക്ട്  ചെയ്തിരുന്നു...’

‘ഹഹാ... അവൾക്കറിയാം... പണ്ടുതൊട്ടേ അങ്ങനെയാ... കോളേജിൽ എന്നും ഏറ്റവും അവസാനം വരുന്നത് ഞാൻ ആയിരുന്നു....’

‘മം... അമ്മ പറഞ്ഞു കേട്ടിട്ടുള്ള കഥകളിൽ അതും ഉണ്ട്...’

‘നിന്നെ  ഡാൻസ് പഠിപ്പിക്കാനുള്ള ആമീടെ ശ്രമം ഒന്നും നടന്നില്ല അല്ലേ...’

‘എനിക്ക് ഡാൻസ് ഒന്നും വരില്ലന്നേ... പ്രസവിച്ചത് ആമി ആന്നെ ഉള്ളൂ... ജീൻ എല്ലാം പപ്പേടെ ആന്നാ തോന്നുന്നെ...’

‘അല്ലമ്മൂ... നിനക്ക് ആമീടെ കുറെ ട്രെയിറ്റ്സ് ഉണ്ട്... നിനക്ക് അത്  അറിയാഞ്ഞിട്ടാ...’

‘ശരിക്കും ആണോ... ഞാൻ കൊച്ചിലെ ഒക്കെ അമ്മയെ പോലെ ആവാൻ ഷാൾ ഒക്കെ കൊണ്ട് സാരി ഒക്കെ ഉടുത്തു ഡാൻസ് ഒക്കെ കളിക്കുവായിരുന്നു... കോമഡി ആയി രുന്നു... പത്തിരുപത് വയസ്സായെങ്കിലും ഇപ്പഴും ആ  ആരാധന ചെറുതായിട്ടൊക്കെ ഉണ്ട് കേട്ടോ...’

‘അതുപിന്നെ ആമിയോട് ആർക്കാ ആരാധന തോന്നാത്തെ... ബൈ ദി വേ, പപ്പ വിളിക്കാറുണ്ടോ?’

‘അമ്മയെ വിളിക്കാറെ ഇല്ല... എന്നെ വല്ലപ്പോഴും വിളിക്കും, കോളേജിലെ കാര്യം ഒക്കെ ചോദിക്കും, ഡൽഹിക്ക് വരാൻ പറയും... ഹി ഹാസ് എ ഫാമിലി  ദെയർ, ദെൻ വൈ ഷുഡ്  ഐ ഗോ... യൂ നോ വാട്ട്‌, ഞാനും അമ്മേം മാത്രം ഉള്ള ലോകം ഭയങ്കര ബ്യൂട്ടിഫുൾ ആ... ഞങ്ങൾക്ക് അത് മതി...’

‘ലീവ് ഇറ്റ്... നിങ്ങൾ ഹാപ്പി അല്ലേ അതുമതി...’

‘അതെ അതാണ്... ഞാനൊരു കാര്യം ചോദിക്കട്ടെ, മീരാന്റി എന്താ കല്യാണം കഴിക്കാത്തെ...’

‘അതെന്താ അമ്മൂ കല്യാണം കഴിക്കാതെ ഒറ്റയ്ക്ക് ജീവിക്കാൻ പാടില്ലേ?’

‘നമ്മളൊക്കെ ഏജ് ജോവർ ആയിപ്പോയില്ലേ അമ്മു... ഇനിയെന്ത് കല്യാണം കഴിക്കാനാണ്...’

‘വിവാഹത്തിന് പ്രായം ഒരു മാനദണ്ഡമാണെന്നുള്ള മറുപടി ഒരു എഴുത്തുകാരിയിൽ നിന്നും ഞാൻ  പ്രതീക്ഷിച്ചില്ല...’

‘ഹഹ... നിനക്കെന്താ അറിയണ്ടേ... മതി ജേർണലിസ്റ്റും എഴുത്തുകാരിയും കളി... നമുക്ക് ആന്റിയും മോളും ആയിട്ട് സംസാരിക്കാം...’

‘എനിക്ക് ജേർണലിസ്റ്റ് ആയിട്ടും മകളായിട്ടും സംസാരിക്കണം... ഐ വാണ്ട്‌  യു  ടു കം  ആൻഡ്  സ്റ്റേ വിത്ത്‌  അസ്’

‘എന്താ അമ്മൂസേ നീ പറയുന്നേ...’

‘എനിക്കൊന്നും മനസ്സിലാവുന്നില്ല എന്നാണോ നിങ്ങൾ വിചാരിച്ചത്?  അമ്മക്ക് മീരാന്റിയെയും മീരാന്റിക്ക് അമ്മയെയും  ഇഷ്ടമാണെന്ന് എനിക്കറിയാം. നിങ്ങളുടെ ചെറുപ്പത്തിൽ സമൂഹത്തിൽ ഇതൊക്കെ തെറ്റായിരുന്നിരിക്കാം. പക്ഷേ ഇപ്പോൾ അങ്ങനെയല്ല.എവെരിത്തിങ് ചേൻജ്ഡ്.സമൂഹത്തിന്റെ സന്തോഷത്തിനുവേണ്ടി നിങ്ങൾ ആവശ്യത്തിൽ കൂടുതൽ സാക്രിഫൈസ് ഓൾറെഡി  ചെയ്തിട്ടുണ്ട്... ഇനി മതി’

‘അമ്മു... അത് നീ വിചാരിക്കുന്ന പോലെ അല്ല...’

‘മീരാന്റി കള്ളം കണ്ടുപിടിക്കാൻ കഷ്ടപ്പെടണ്ട... എന്നോട് ഇനി ഒന്നും പറയുകയും വേണ്ട’

 അപ്പോഴേക്കും ആകാശം രുദ്രതാണ്ഡവമാടാൻ തുടങ്ങിയിരുന്നു. അവർക്കിടയിൽ മൗനം മഴയായി പെയ്തിറങ്ങി. എയർപോർട്ടിൽ ചെക്ക് ഇൻ ചെയ്തതിനു ശേഷം അവർ ഫ്ലൈറ്റ് അനൗൺസ്മെന്റിനായി  വെയിറ്റ് ചെയ്യുകയായിരുന്നു. തങ്ങൾക്കിടയിലെ  സീറ്റിൽ ഉണ്ടായിരുന്ന ബാഗ് എടുത്ത് സൈഡിലേക്ക് മാറ്റിയതിനുശേഷം അമ്മു മീരയുടെ അടുത്തായിരുന്നു, അവളുടെ കൈകളിൽ പിടിച്ചു.

‘മീരാന്റി എന്തിനാ പേടിക്കുന്നേ?  ആരെയാ പേടിക്കുന്നേ?  നിങ്ങൾക്ക് രണ്ടാൾക്കും എന്നെ മാത്രം അല്ലേ  കൺവീൻസ് ചെയ്യേണ്ടതുള്ളൂ?  എനിക്ക് നിങ്ങൾ  രണ്ടും ഒന്നിച്ച് കഴിയുന്നതാ സന്തോഷം..’

‘അമ്മു ഞാൻ നിന്നോട് നേരത്തെ പറഞ്ഞില്ലേ എനിക്ക് ക്രൗഡ് പേടിയാന്ന്,  അതെന്തുകൊണ്ടാണെന്ന് അറിയോ?  എന്റെ ഉള്ളിൽ എപ്പോഴും ഒരു കുറ്റബോധമുണ്ട്, എനിക്ക് സമൂഹത്തിനുമുന്നിൽ എന്റെ  ഐഡന്റിറ്റി വെളിപ്പെടുത്താൻ പറ്റുന്നില്ലല്ലോ എന്നുള്ള കുറ്റബോധം...ഞാൻ എന്താണെന്ന് അറിഞ്ഞു കഴിയുമ്പോൾ ആളുകൾ എന്നെ വെറുത്തു തുടങ്ങുമോ എന്നുള്ള ഭയത്തിലാണ് ഞാൻ ഓരോ നിമിഷവും ജീവിച്ചു കൊണ്ടിരുന്നത്. ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്ന ഫീലിംഗ്സ് ഞങ്ങൾ പരസ്പരം തിരിച്ചറിയുന്നതിന് മുന്നേ ആമിയുടെ കല്യാണം നടന്നു. ഞങ്ങൾ ആഗ്രഹിച്ച പോലെ ജീവിക്കാൻ ഞങ്ങൾക്ക് ഒരിക്കലും സാധിക്കുമെന്ന്  ഞങ്ങൾ സ്വപ്നത്തിൽ പോലും കണ്ടിട്ടില്ല. നീ  ഇങ്ങനെയൊക്കെ പറയുമ്പോൾ നിന്നോട് എന്താ പറയേണ്ടതെന്ന്  എനിക്കറിയില്ല അമ്മു,,,’

‘ഒന്നും പറയണ്ട, ഞാൻ പറയുന്നത് കേട്ടാൽ മതി..ഞാൻ നേരത്തെ പറഞ്ഞില്ലേ ഞാനും അമ്മയും മാത്രമുള്ള ലോകം ഭയങ്കര ബ്യൂട്ടിഫുൾ ആണെന്ന്..ആ ലോകത്തിലോട്ടു  മീരാന്റി കൂടെ വന്നാൽ കുറച്ചുകൂടെ ബ്യൂട്ടിഫുൾ ആവും’

കുറച്ചു സമയത്തിന് ശേഷം ആ വിമാനത്താവളത്തിൽനിന്നും മുംബൈ ലക്ഷ്യമാക്കി ഒരു വിമാനം പുറപ്പെട്ടു. ഭയത്തിന്റെയും  പൊതുധാരണകളുടെയും  വൻമതിലുകൾ തകർത്ത് സ്നേഹത്തിന്റെ അതിർവരമ്പുകൾ തേടിയുള്ള ആ യാത്ര ഒരിടത്തും  അവസാനിക്കാതെ തുടർന്നുകൊണ്ടേയിരുന്നു.

English Summary : Meera Malayalam Short Story by Sandhra Biju

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com