ADVERTISEMENT

കാലാന്തരങ്ങൾ (കഥ)

ഈയിടെയായി തുടങ്ങിയ ശീലമാണ്, രാത്രിയിലെ  ഭക്ഷണ ശേഷം കുറച്ചു നേരം ടെറസ്സിൽ നടക്കുകയെന്നത്.  കൊറോണ കാലം ആയതിനാൽ ഫ്ലാറ്റിനു പുറത്തു പോവുക എന്നത് പൂർണമായും ഒഴിവാക്കിയിരിക്കുന്നു.  പക്ഷേ, ഈ മേയ് ജൂൺ  മാസത്തിലെ ചൂട് !!

ചെന്നൈയിൽ താമസം തുടങ്ങിയിട്ട് ഒരുപാടു വർഷങ്ങൾ  ആയിട്ട് കൂടി ഈ ചൂട് ഇപ്പോഴും അസഹനീയം  തന്നെ.  എന്നിരുന്നാലും, പകൽ എത്ര ചുട്ടു പഴുത്താലും, രാത്രിനേരങ്ങളിൽ വീശുന്ന  തണുത്ത  കാറ്റ്, ഈ നഗരത്തിന്റെ  മാത്രം പ്രത്യേകതയാണ്.  പക്ഷേ, ഈ വർഷം കാലാവസ്ഥക്കെല്ലാം ചെറിയ മാറ്റങ്ങൾ വന്നു തുടങ്ങിയിരിക്കുന്നു.  രാത്രികാലങ്ങളിൽ ഇടയ്ക്കിടെ മഴ പെയ്യുന്നു.  ഒരുപക്ഷേ വളരെ കാലം നീണ്ടു നിന്ന ലോക്ഡൗൺ മൂലം അന്തരീക്ഷത്തിലെ മലിനീകരണ തോത് കുറഞ്ഞതിനാലായിരിക്കാം. 

ഇന്നും ആകാശത്തു നക്ഷത്രങ്ങൾ കുറവാണ്‌.  അങ്ങിങ്ങു പെയ്യാൻ വെമ്പുന്ന മഴ  മേഘങ്ങൾ ഉണ്ടോ ? ഓരോന്ന് ആലോചിച്ചങ്ങനെ നടക്കുമ്പോൾ മൊബൈൽ ഫോൺ റിങ് ചെയ്തു.  തിടുക്കത്തിൽ എടുത്തുനോക്കിയപ്പോൾ അച്ഛന്റെ നമ്പർ.  നാട്ടിൽനിന്നും രാത്രികാലങ്ങളിൽ കോളുകൾ വരുമ്പോൾ വല്ലാത്തൊരു ഭയമാണ് ഉള്ളിൽ.  അവിടെ വയസായ അച്ഛനും അമ്മയും തനിച്ചാണല്ലോ താമസം !. 

‘എന്താ അച്ഛാ’? അയാൾ പരിഭ്രമത്തോടെ ചോദിച്ചു

‘ഏയ് ഒന്നുമില്ല .  കൊറോണയെല്ലാം എങ്ങനെയുണ്ടവിടെ’?

‘ഇവിടെ കുഴപ്പമൊന്നും ഇല്ലല്ലോ’ ?

‘ഫ്ലാറ്റിൽനിന്നു പുറത്തേക്കിറങ്ങരുത്.  ടി വി യിൽ ചെന്നൈയിലെ വാർത്തകൾ കാണുമ്പോൾ വല്ലാത്ത പേടി തോന്നുന്നു.  മക്കളെയൊന്നും പുറത്തു കളിയ്ക്കാൻ വിടരുത് ‘

‘ഇല്ല അച്ഛാ . . അവർ അകത്തു തന്നെയാ എപ്പോഴും’ അയാൾ പറഞ്ഞു. 

‘പിന്നെ, നിന്നെയിന്ന് ഗൾഫിൽ നിന്നും ആരെങ്കിലും വിളിച്ചിരുന്നോ’?

‘ഇല്ല അച്ഛാ . . എന്തേ ‘?

‘അല്ല, നിനക്ക് ഓർമ്മയുണ്ടോ  ശ്രീധരേട്ടനെ ,. .  നമ്മുടെ ദുബായ് ശ്രീധരേട്ടനെ’

ശ്രീധരേട്ടനെ അയാൾക്കങ്ങനെ  മറക്കാൻ പറ്റുമോ ?

അച്ഛന്റെ പഴയ കൂട്ടുകാരൻ, പ്രായഭേദമന്യേ നാട്ടുകാർക്കെല്ലാവർക്കും പ്രിയപ്പെട്ടവൻ ആയിരുന്നു ശ്രീധരേട്ടൻ.  ആരും തന്നെ ശ്രീധരേട്ടനെ ‌ശ്രീധരൻ എന്ന പേര് വിളിക്കുന്നത് അയാൾ കേട്ടിട്ടില്ല. അത്രക്കും ബഹുമാന്യൻ ആയിരുന്നു നാട്ടുകാർക്കിടയിൽ ശ്രീധരേട്ടൻ. നാട്ടിൽ നിന്നും ആദ്യമായി ഉരുവിൽ ഗൾഫിൽ പോയി  കഷ്ട്ടപെട്ട് ഒരുപാടു സമ്പാദിച്ചവരിൽ മുൻപൻ. ഒരുകാലത്ത് നാട്ടിലെ ഗൾഫ് സമ്പന്നതയുടെ പര്യായം ആയിരുന്നല്ലോ ശ്രീധരേട്ടൻ. 

‘എന്തുപറ്റി ശ്രീധരേട്ടന് . . ശ്രീധരേട്ടൻ ഇപ്പോഴും ദുബായിൽ തന്നെയല്ലേ’? അയാൾ ഉത്കണ്ഠയോടെ ചോദിച്ചു. 

‘ദുബായിൽ തന്നെയാണ് , പക്ഷേ…’ അച്ഛൻ അർധോക്തിയിൽ നിർത്തി

‘എല്ലാം അവസാനിപ്പിച്ചു  കഴിഞ്ഞ വർഷം നാട്ടിൽ വന്നതായിരുന്നു ശ്രീധരേട്ടൻ.  പക്ഷേ ധനികന്റെ മകൻ ധാരാളി ആകും എന്നല്ലേ പറയുക.  ഗൾഫിലെ പൊരിവെയിലിൽ കഷ്ട്ടപ്പെടുമ്പോൾ ഇവിടെ നാട്ടിൽ എല്ലാം നശിപ്പിക്കാൻ ഒരു മകൻ ഉണ്ടായിപ്പോയല്ലോ ശ്രീധരേട്ടന്?.  പ്രദീപ് . . നിന്റെ കൂടെ അല്ലെ അവൻ ഏഴാം ക്ലാസ്സു വരെ പഠിച്ചത്.  കഴിഞ്ഞ തവണ ശ്രീധരേട്ടൻ നാട്ടിൽ  വന്നപ്പോൾ അച്ഛനും മകനും വഴക്കായി . .  അവസാനം സഹികെട്ട് അധ്വാനിച്ചുണ്ടാക്കിയ  സ്വത്തെല്ലാം മകന് എഴുതി കൊടുത്ത്‌ വീണ്ടും ഗൾഫിലേക്ക് തിരിച്ചു പോയിരുന്നു പാവം. ’

‘എന്നിട്ട്’? ആകാംക്ഷയോടെ അയാൾ ചോദിച്ചു. 

‘എന്നിട്ടെന്താ, കഷ്ടകാലം കൊണ്ടേ പോകൂ എന്നല്ലേ.  ഗൾഫും ഇപ്പോൾ കൊറോണയുടെ ഭീതിയിൽ ആണല്ലോ? ഇന്ന് രാവിലെ ഗൾഫിൽ നിന്നും  ശ്രീധരേട്ടൻ എന്നെ വിളിച്ചിരുന്നു.  ആരുടെയൊക്കെയോ കയ്യും കാലും പിടിച്ചു  നാട്ടിലേക്കൊരു ടിക്കറ്റ് ശരിപ്പെടുത്തിയിട്ടുണ്ടെത്രേ. . നാളെ വൈകിട്ട് വരും നാട്ടിൽ. ’ അച്ഛൻ വീണ്ടും സംസാരം അർധോക്തിയിൽ നിർത്തി. 

‘അതിനെന്താ ശ്രീധരേട്ടൻ നാട്ടിൽ വരട്ടെ’ അയാൾ പറഞ്ഞു. 

‘പക്ഷേ…. ‘ അച്ഛന് വാക്കുകൾ മുഴുമിക്കാനാകുന്നില്ല. 

‘അതിനെന്താ അച്ഛാ’ അയാളിലും ഉത്ക്കണ്ഠ വർധിച്ചു. 

‘വളരെ സങ്കടപെട്ടാ  ശ്രീധരേട്ടൻ എന്നെ വിളിച്ചത്.  എന്നെ വിളിക്കും മുൻപ്  ശ്രീധരേട്ടൻ  വീട്ടിലേക്കു വിളിച്ചിരുന്നെത്രേ.  മകൻ പ്രദീപിനെ.  ഇവിടെ നാട്ടിൽ വന്നാൽ 28 ദിവസം ക്വാറന്റീനിൽ താമസിക്കേണ്ടേ.  അവിടെ വീടിന്റെ അപ്പ്സ്റ്റയറിൽ താമസിച്ചോട്ടെ എന്ന് ചോദിച്ചപ്പോൾ അവൻ സമ്മതിച്ചില്ല.  അത് മാത്രമല്ല നാട്ടിലേക്കു ഇനി വന്നേക്കരുത് എന്ന് കൂടി പറഞ്ഞത്രേ.  സർക്കാരിന്റെ പെയ്ഡ് ക്വാറന്റീനിൽ പോകാൻ കയ്യിൽ കാശുമില്ല.  ടിക്കറ്റ് തന്നെ ആരുടെ ഒക്കെയോ കരുണ കൊണ്ട് കിട്ടിയതാ.  ഈ യാത്ര നടന്നില്ലെങ്കിൽ ഇനി നാട്ടിലേക്കു ഇല്ലെന്നും അവിടെ എവിടെയെങ്കിലും കിടന്നു മരിച്ചോളാം എന്നും പറഞ്ഞു ആ പാവം. . ’ ഇത്രയൂം പറഞ്ഞപ്പോഴേ അച്ഛന്റെ തൊണ്ട ഇടറുന്നതായി അയാൾക്ക്‌ മനസിലായി. 

kalantharangal-malayalam-short-story-by-sathyan-mullassery-article-image-two
Representative Image. Photo Credit : Dew Drops Images / Shutterstock.com

‘അതിനു നമുക്കെന്തു ചെയ്യാനാകും അച്ഛാ . . പ്രദീപിനെ കൊണ്ട് പറഞ്ഞു സമ്മതിപ്പിക്കാൻ ഞാൻ വിചാരിച്ചാൽ ഒന്നും നടക്കില്ലല്ലോ’ അയാൾ തന്റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി. 

‘ശരിയാണ്, മൂന്നു നേരവും കള്ള് കുടിച്ചു നടക്കുന്ന  പ്രദീപിനെ  പറഞ്ഞു മനസിലാക്കിപ്പിക്കാൻ എളുപ്പം സാധിക്കുന്ന കാര്യമല്ല’.  തന്നെയുമല്ല ശ്രീധരേട്ടന്റെ ഫ്ലൈറ്റ് നാളെ രാവിലെയും ആണ്. 

‘ഇനി ഇപ്പോൾ എന്ത് ചെയ്യും’ ?   അയാൾ തന്റെ സംശയം പറഞ്ഞു. 

‘പക്ഷേ ഞാനൊരു വഴി കണ്ടിട്ടുണ്ട്.  ശ്രീധരേട്ടൻ നാളെ നാട്ടിൽ വരും, ഇവിടെ തന്നെ താമസിക്കുകയും ചെയ്യും. ’

‘എവിടെ ‘?

‘ഒഴിഞ്ഞു കിടക്കുന്ന ടൗണിലെ നിന്റെ വീട്ടിൽ’

ശരിയാണ്, ചെന്നൈയിലേക്ക് ട്രാൻസ്ഫർ ആയതിനു ശേഷം ആ വീട് അടഞ്ഞു കിടക്കുകയാണ്. സമ്മർ വെക്കേഷന് ലീവിൽ വരുമ്പോൾ മാത്രമാണ് അവിടെ താമസിക്കുന്നത്, കൊറോണ കാരണം ഇപ്രാവശ്യം ആ യാത്രയും നടന്നില്ല. 

‘എന്താ നീ ഒന്നും മിണ്ടാത്തത്’? അച്ഛന്റെ ചോദ്യം

‘പക്ഷേ 28 ദിവസത്തെ ക്വാറന്റീന് ശേഷം എന്ത് ചെയ്യും ‘

‘അത് അപ്പോഴല്ലേ. .  അത് നമുക്ക് അപ്പോൾ നോക്കാം, ആദ്യം ശ്രീധരേട്ടൻ നാട്ടിൽ  വരട്ടെ. ’ അച്ഛന്റെ ഉറച്ച തീരുമാനം. 

‘ഞാനും അമ്മയും ഇന്ന് ഉച്ചക്ക് ശേഷം അവിടെ പോയിരുന്നു.  അവിടെ എല്ലാം അടിച്ചു തുടച്ചു വൃത്തിയാക്കി,  ശ്രീധരേട്ടന് അത്യാവശ്യം വേണ്ടതെല്ലാം വാങ്ങി വച്ചിട്ടു താക്കോൽ അടുത്ത വീട്ടിൽ ഏൽപ്പിച്ചാണ് പോന്നത്’. 

സത്യത്തിൽ അച്ഛന്റെ ആ തീരുമാനത്തിൽ അയാൾക്ക്‌ അഭിമാനം തോന്നി. 

‘അച്ഛൻ ചെയ്തത് വളരെ നന്നായി, ബാക്കി എല്ലാം നമുക്ക് വരുന്നിടത്തു വെച്ച് കാണാം’ അയാൾ മറുപടി പറഞ്ഞു. 

‘നിന്റെ നമ്പർ ഞാൻ ശ്രീധരേട്ടന് കൊടുത്തിട്ടുണ്ട് നിന്നെ വിളിക്കും. ’

‘അതിന്റെ ഒന്നും ആവശ്യം ഇല്ലല്ലോ അച്ഛാ . . ശ്രീധരേട്ടൻ നാട്ടിൽ വരട്ടെ’ ഒരു ദീർഘ നിശ്വാസത്തോടെ അയാൾ പറഞ്ഞു നിർത്തി. 

സത്യത്തിൽ ആരാണീ ശ്രീധരേട്ടൻ ?

തന്റെ കുടുംബത്തിനുവേണ്ടി ഒരായുസ്സ് മുഴുവൻ മണലാരണ്യത്തിൽ വിയർപ്പൊഴുക്കി, ഒടുവിൽ വിഡ്ഢിയായി പോയ ഒരു പാവം മനുഷ്യൻ.  തന്റെ യൗവന കാലത്ത്  ജീവിതത്തോട് പടവെട്ടി പൊരുതി ജീവിച്ച ആ മനുഷ്യൻ, ജീവിത സായാഹ്നത്തിൽ  നിസ്സഹായനായി പോയല്ലോ എന്നോർത്തപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞു. ശ്രീധരേട്ടനെ ഇങ്ങനെയൊരവസ്ഥയിൽ കാണാൻ അയാൾക്കെന്നല്ല, അയാളുടെ നാട്ടുകാരിൽ ആരും തന്നെ ആഗ്രഹിക്കില്ല . 

തിളങ്ങുന്ന ഫോറിൻ  ലുങ്കിയും, കയ്യില്ലാത്ത ബനിയനും, കഴുത്തിൽ നല്ല കനത്തിൽ സ്വർണമാലയും, കൈയിൽ  555  ന്റെ സിഗരറ്റ് പാക്കറ്റും !

ആരുടെ മുൻപിലും തല കുനിക്കാതെ നെഞ്ച് വിരിച്ചു, പ്രസരിപ്പോടെ നടന്നിരുന്ന ശ്രീധരേട്ടൻ.  

അയാൾ ഓർത്തു.    

സെന്റ് ജോസഫ് യു പി സ്കൂളിൽ  ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ്  തിളങ്ങുന്ന വർണക്കടലാസിൽ പൊതിഞ്ഞ ഒരു ഫോറിൻ മിഠായി ആദ്യമായി കണ്ടതും കഴിച്ചതും.  അച്ഛൻ ദുബായിൽനിന്നു വന്നെന്നു പറഞ്ഞു പ്രദീപ് ക്ലാസ്സിൽ കൊണ്ടു വന്നതായിരുന്നു അത്.  എന്തൊരു ഗമ ആയിരുന്നു അന്ന് പ്രദീപിന്. 

ശ്രീധരേട്ടനെ ആദ്യമായി കണ്ടത് എന്നാണ് ?

ഏഴാം ക്ലാസ്സിലെ സ്കൂൾ ആനിവേഴ്സറി ദിവസം. ഇന്നത്തെ പോലെ  കാശുള്ളവന് കോൺവെന്റ് സ്കൂളിലെ ആനിവേഴ്സറി വേദിയിൽ  ഒരു സീറ്റ് അന്നും ഉണ്ടായിരുന്നു. വെളുത്ത ളോഹക്കുള്ളിലെ അച്ചന്മാർക്കും കന്യാസ്ത്രീകൾക്കും  ഇടയിൽ തിളങ്ങുന്ന ഷർട്ടും ബെൽ ബോട്ടം പാന്റ്സും ഇട്ട പുത്തൻ പണക്കാരൻ. അന്ന് ഏഴാം ക്ലാസ്സിലെ ഒന്നാമനായ തനിക്ക് സമ്മാനം നൽകിയത് ശ്രീധരേട്ടൻ ആയിരുന്നല്ലോ ? സമ്മാനം വാങ്ങിക്കാൻ  വേദിയിലേക്ക് കയറിയപ്പോൾ തന്നെ ചേർത്ത്   നിർത്തി ശ്രീധരേട്ടൻ പറഞ്ഞത് ഇന്നും കാതിൽ ഉണ്ട് . 

‘നല്ല പോലെ പഠിച്ചു മിടുക്കനാകണം, നല്ല ഒരു ജോലി നേടണം.  ഇനിയുള്ള കാലത്തു പഠിപ്പുള്ളവനെ  ഭാവി ഉള്ളൂ’

സമ്മാന ദാന ചടങ്ങു കഴിഞ്ഞു വേദിയിൽ നിന്നും താഴേക്കിറങ്ങി വന്ന് തന്റെ പോക്കറ്റിൽ ഇരുന്നിരുന്ന ഹീറോ പേന എടുത്തു കൈകളിൽ വച്ച് തന്ന്  കൂടെയുള്ള അച്ഛനോട് ശ്രീധരേട്ടൻ പറഞ്ഞു. 

‘ഇവനെ നല്ല പോലെ പഠിപ്പിക്കണം, ഇവൻ മിടുക്കനാകും’

പോകാൻ നേരം തന്നിലെ ദുബായ്ക്കാരനെ പുറത്തു കാണിക്കും  വിധം ശ്രീധരേട്ടൻ പറഞ്ഞു. 

‘പിന്നെ വെക്കേഷൻ അല്ലെ വരുന്നത്, എന്റെ വീട്ടിലേക്കു വന്നോളൂ, ഇത്തവണ ദുബായിൽനിന്നു വന്നപ്പോൾ കളർ ടീവിയും വി സി ആറും കൊണ്ട് വന്നിട്ടുണ്ട്.  നല്ല നല്ല സിനിമകളൊക്കെ കാണാം. ’

അടുത്ത ഞായറാഴ്ച ടി വി കാണാൻ പാടത്തിന്റെ അക്കരെയുള്ള ശ്രീധരേട്ടന്റെ വീട്ടിലേക്കു ചെന്നപ്പോൾ ഒരു  സിനിമ തീയറ്ററിലേതു പോലെ ആയിരുന്നു അവിടം.  നിറയെ ആളുകളും കുട്ടികളും. വരാന്തയുടെ മൂലയിൽ തൂണും ചാരി നിന്നിരുന്ന തന്നെ കൂട്ടത്തിൽ നിന്നും എത്ര പെട്ടെന്നാണ്  ശ്രീധരേട്ടൻ തിരിച്ചറിഞ്ഞത്. 

‘വാ വാ… മിടുക്കൻ കുട്ടി ഇങ്ങു വാ ‘വാത്സല്യത്തോടെ ശ്രീധരേട്ടൻ വിളിച്ചു. 

പിന്നീട് ഹാളിലെ പതുപതുത്ത സോഫയിൽ ശ്രീധരേട്ടന്റെ അരുകിൽ തന്നെ  ചേർത്തിരുത്തി ശ്രീധരേട്ടൻ പറഞ്ഞു. 

‘പഠിക്കുന്ന കുട്ടി ഇനിമുതൽ ഇവിടെ ഇരുന്നു വേണം സിനിമ കാണാൻ’

kalantharangal-malayalam-short-story-by-sathyan-mullassery-article-image-one
Representative Image. Photo Credit : Dew Drops Images / Shutterstock.com

കൂട്ടുകാരെല്ലാം താഴെ തറയിൽ ഇരുന്നു സിനിമ കാണുമ്പോൾ തനിക്കു മാത്രം സോഫയിൽ സീറ്റ്. പഠനം കൊണ്ട് ലോകത്തിലെ ഏത് സീറ്റും നേടിയെടുക്കാൻ സാധിക്കുമെന്ന  തിരിച്ചറിവ് നൽകിയ  ആദ്യ  സംഭവം ആയിരുന്നു അത്. തന്റെ ജീവിതത്തിലെ ഓരോ നേട്ടങ്ങൾക്കും പ്രചോദനമായത്  കൂട്ടുകാർക്കിടയിൽ അന്ന് തനിക്കു ശ്രീധരേട്ടൻ നൽകിയ ആ അംഗീകാരം ആയിരുന്നല്ലോ ?

ഓർമകളുടെ ലോകത്തു നിന്നും പുറത്തു വന്ന അയാൾ മൊബൈൽ ഓപ്പൺ ചെയ്തു കോൺടാക്ട് ലിസ്റ്റ് മുഴുവൻ എന്തോ പരതാൻ തുടങ്ങി. 

ഇല്ല, ആ നമ്പർ തന്റെ കയ്യിൽ ഇല്ല, ചിലപ്പോൾ അച്ഛന്റെ കൈവശം ഉണ്ടായിരിക്കാം.  അയാൾ ഫോണെടുത്ത്അച്ഛന്റെ നമ്പർ ഡയൽ ചെയ്തു. 

‘എന്ത് പറ്റി, നീ കിടന്നില്ലേ’ അച്ഛന്റെ ചോദ്യം. 

‘ഇല്ല അച്ഛാ. . .  അച്ഛന്റെ കൈയിൽ നമ്മുടെ സിറ്റി കേബിൾകാരുടെ നമ്പർ ഉണ്ടോ’?

‘ഉണ്ടല്ലോ’ അച്ഛന്റെ മറുപടി. 

‘എങ്കിൽ നാളെ രാവിലെ അച്ഛൻ അവരെ വിളിച്ചു ശ്രീധരേട്ടൻ വരുന്നതിനു മുൻപ് വീട്ടിലെ കേബിൾ കണക്ഷൻ റീ കണക്ട് ചെയ്യാൻ പറയണം.  സെറ്റ് ഓഫ് ബോക്സും ടിവിയും അവിടെ ഉണ്ടല്ലോ , ശ്രീധരേട്ടന് നാളെ മുതൽ ടി വി കാണേണ്ടേ’?

താൻ വെച്ച തന്റെ പുത്തൻ വീട്ടിലെ  പതുപതുത്ത സോഫയിൽ കയ്യിൽ എരിയുന്ന 555 സിഗരറ്റ് പിടിച്ചിരുന്നു ടി വി കാണുന്ന ശ്രീധരേട്ടന്റെ ചിത്രം അയാളുടെ മനസ്സിൽ തെളിഞ്ഞു. അന്നേരം ആകാശത്തിൽ പെയ്യാൻ വെമ്പി നിന്ന മേഘങ്ങൾ പതിയെ പെയ്തു തുടങ്ങിയിരുന്നു. മഴയുടെ നനുത്ത തലോടൽ ഏറ്റുവാങ്ങി അയാൾ സംതൃപ്തിയോടെ അങ്ങനെ നിന്നു. 

English Summary : Kalanthrangal -  Malayalam Short Story by Sathyan Mullassery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com