ADVERTISEMENT

‘ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നു

ഇന്ദ്രിയങ്ങളിൽ അത് പടരുന്നു

പകൽക്കിനാവിൻ പനിനീർമഴയിൽ

പണ്ടു നിൻ മുഖം പകർന്ന ഗന്ധം.’ 

വാടിക്കരിഞ്ഞാലും ഇലഞ്ഞിപ്പൂവിന്റെ സുഗന്ധം പോവില്ല. പ്രണയിനിയുടെ ഗന്ധത്തെ ഇതിനേക്കാൾ മനോഹരമായി ഉപമിക്കാൻ കഴിയുമോ. 1976 ൽ ഐ.വി. ശശിയുടെ സംവിധാനത്തിൽ പുറത്തുവന്ന അയൽക്കാരി എന്ന ചിത്രത്തിനു വേണ്ടി ശ്രീകുമാരൻതമ്പി എഴുതിയ അതിമനോഹരങ്ങളായ വരികളാണത്. 

കേവലം ഇരുപതാം വയസ്സിൽ ആദ്യത്തെ കവിതാസമാഹാരം പ്രസിദ്ധപ്പെടുത്തിയ ശ്രീകുമാരൻതമ്പി എൻജിനീയറിങ് മേഖലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെ കഥകളും കവിതകളും രചിക്കുകയും അധികം വൈകാതെ ഉദ്യോഗം രാജിവച്ച് പൂർണ്ണമായും കലാസാഹിത്യരംഗത്തു മുഴുകുകയും ചെയ്തത് മലയാളത്തിന്റെ മഹാഭാഗ്യമാണ്. 

മുപ്പതോളം സിനിമകൾ സംവിധാനം ചെയ്യുകയും എൺപതിൽപരം സിനിമകൾക്ക് തിരക്കഥയെഴുതുകയും ഇരുപത്തിയഞ്ചോളം സിനിമകൾ നിർമിക്കുകയും ഇരുന്നൂറ്റി എഴുപതോളം ചിത്രങ്ങൾക്കു വേണ്ടി പാട്ടെഴുതുകയും ചെയ്ത അദ്ദേഹം മലയാള ചലച്ചിത്ര രംഗത്തിനു നൽകിയ സംഭാവനകൾ താരതമ്യങ്ങളില്ലാത്തതാണെന്ന് ഉറപ്പിച്ചു പറയാം.

കവി, ഗാനരചയിതാവ്, ചലച്ചിത്ര സംവിധായകൻ, നിർമാതാവ്, സംഗീതസംവിധായകൻ, നോവലിസ്റ്റ് എന്നിങ്ങനെ പടർന്നു കിടക്കുന്ന ആ മഹാപ്രതിഭയെ ഗാനരചയിതാവ് എന്ന വീക്ഷണകോണിലൂടെ നോക്കുന്നതാവും മലയാളിക്ക് ഏറ്റവും പ്രിയം. കാരണം കഴിഞ്ഞുപോയ അഞ്ചു പതിറ്റാണ്ടുകളിൽ മലയാളിയുടെ പ്രണയസങ്കല്പത്തിന്മേൽ തന്റെ വശ്യസുന്ദരമായ വരികൾ കൊണ്ട് നിറവും സുഗന്ധവും നൽകിയ ഇന്ദ്രജാലക്കാരനായിരുന്നു ശ്രീകുമാരൻ തമ്പി. 

അദ്ദേഹം സൃഷ്ടിച്ച നിത്യഹരിത ഗാനങ്ങളിൽ ഒന്നെങ്കിലും മൂളാത്ത മലയാളിയുണ്ടാവില്ലന്ന് ഉറപ്പാണ്. ശ്രോതാക്കളുടെ ഹൃദയങ്ങളിൽ ഉന്മാദം സൃഷ്ടിച്ച ആ പാട്ടെഴുത്തുകാരനെയാവും ആസ്വാദകർക്ക് ഏറ്റവും ഇഷ്ടം. 

പാട്ടുകൾക്ക് സിനിമയിൽ മറ്റെന്തിനേക്കാളും പ്രാധാന്യമുള്ള കാലങ്ങളിൽ അതിമനോഹരമായ തന്റെ രചനകൾ കൊണ്ട് വസന്തം തീർത്ത സർഗധനനായിരുന്നു അദ്ദേഹം. 

Sreekumaran-thampi

അതികായരായ വയലാറും ഭാസ്കരൻമാഷുമൊക്കെ മലയാള ചലച്ചിത്രഗാനരംഗം അടക്കി ഭരിക്കുമ്പോഴാണ് 1966 ൽ കാട്ടുമല്ലിക എന്ന ചിത്രത്തിലൂടെ ശ്രീകുമാരൻതമ്പി വരുന്നത്. ബാബുരാജിന്റെ സംഗീതസംവിധാനത്തിൽ കാട്ടുമല്ലികയിലെ പത്തു ഗാനങ്ങളാണ് അദ്ദേഹം രചിച്ചത്. തൊട്ടടുത്ത വർഷം ഇറങ്ങിയ ചിത്രമേള എന്ന ചിത്രത്തിന്റെ ഗാനരചനയ്ക്ക് പുറമെ അതിന്റെ കഥയും സംഭാഷണവും ശ്രീകുമാരൻ തമ്പിയുടേതായിരുന്നു. ദേവരാജ സംഗീതത്തിൽ യേശുദാസ് പാടി അനശ്വരമാക്കിയ ‘നീയെവിടെ നിൻ നിഴലെവിടെ’ എന്ന ഗാനം ശ്രോതാക്കളുടെ ഹൃദയം കവർന്നു. 

അതേവർഷം എം. കൃഷ്‌ണൻനായർ സംവിധാനം ചെയ്ത പാടുന്ന പുഴ എന്ന ചിത്രം പുറത്തിറങ്ങിയതോടെ വയലാറിനും ഭാസ്കരൻമാഷിനുമൊപ്പം ശ്രീകുമാരൻ തമ്പി എന്ന പേരും സുവർണ്ണലിപികളാൽ എഴുതിച്ചേർക്കപ്പെട്ടു. പാടുന്ന പുഴയിലെ ‘ഹൃദയസരസ്സിലെ പ്രണയപുഷ്പമേ’ എന്ന  പ്രണയഗാനം മലയാളക്കരയുടെ മനം കവർന്നു. മലയാളത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച രചനകളിലൊന്നായി ആ ഗാനം ഇന്നും ആസ്വാദകഹൃദയങ്ങളെ കോരിത്തരിപ്പിക്കുന്നു. 

അവിടുന്നങ്ങോട്ട് എത്രയെത്ര മനോഹരഗാനങ്ങൾ. എംഎസ്‌വിയും ദേവരാജൻമാഷും ബാബുക്കയും സലിൽദയും ദക്ഷിണാമൂർത്തിസ്വാമിയും രാഘവൻമാഷും പുകഴേന്തിയും വിദ്യാധരൻമാഷും അർജ്ജുനൻമാഷും രവീന്ദ്രൻമാഷും ഇളയരാജയുമൊക്കെ ഈണം പകർന്ന, പകരം വയ്ക്കാനില്ലാത്ത അഭൗമസുന്ദരഗാനങ്ങൾ. 

എഴുതിവച്ച ഓരോ ഗാനവും ഒന്നിനൊന്ന് മികച്ചുനിന്നു. പ്രണയം അത്രമേൽ മനോഹരമായി വരികളിലൂടെ അവതരിപ്പിച്ച മറ്റൊരാൾ മലയാളസംഗീത ശാഖയിൽ ഉണ്ടോയെന്ന് സംശയമാണ്. കാവ്യകല്പനകൾ നിറഞ്ഞ ലളിതസുന്ദരമായ വരികളായിരുന്നു അദ്ദേഹത്തിന്റെ ഓരോ രചനയും. ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ എന്ന  ഗാനത്തിന്റെ ചരണത്തിൽ ശ്രീകുമാരൻതമ്പി എഴുതിയ വരികൾ നോക്കൂ. അതിലും സുന്ദരമായ ഭാവനയുണ്ടോ. ചിത്രകാരനായ നായകൻ പാടുന്ന രംഗത്തിന് ഏറ്റവും അനുയോജ്യമായ വരികൾ. 

‘എത്ര സന്ധ്യകള്‍ ചാലിച്ചു ചാർത്തീ

ഇത്രയും അരുണിമ നിൻകവിളില്‍ 

എത്ര സമുദ്രഹൃദന്തം ചാർത്തി

ഇത്രയും നീലിമ നിന്റെ കണ്ണില്‍’

പിക്നിക് എന്ന ചിത്രത്തിനു വേണ്ടി അദ്ദേഹം എഴുതിയ ഗാനത്തിന് ഇന്നും കസ്തൂരിയുടെ സുഗന്ധമാണ്. തന്നെ തഴുകി കടന്നുപോകുന്ന കാറ്റിനോട് നായകൻ ചോദിക്കുകയാണ്.. 

‘കസ്തൂരി മണക്കുന്നല്ലോ കാറ്റേ..

നീ വരുമ്പോൾ.. കണ്മണിയേ കണ്ടുവോ നീ

കവിളിണ തഴുകിയോ നീ..’

ഇതിലും പ്രണയാർദ്രമായി സ്വന്തം പ്രണയിനിയെക്കുറിച്ച് ചിന്തിക്കാൻ കഴിയില്ല. 

പ്രേതങ്ങളുടെ താഴ്‌വര എന്ന ചിത്രത്തിന് വേണ്ടി ദേവരാജസംഗീതത്തിൽ അദ്ദേഹമൊരുക്കിയ ഗാനം  ലളിതസുന്ദരമാണ്. 

‘മലയാളഭാഷ തൻ മാദക ഭംഗി നിൻ

മലർ മന്ദഹാസമായ് വിരിയുന്നു

കിളികൊഞ്ചും നാടിന്റെ ഗ്രാമീണ ശൈലി നിൻ 

പുളിയിലക്കര മുണ്ടിൽ തെളിയുന്നു’

ദക്ഷിണാമൂർത്തി സ്വാമിയുടെ സംഗീതം ധന്യമാക്കിയ ‘മനോഹരി നിൻ മനോരഥത്തിൽ’ എന്ന മനോഹരഗാനത്തിൽ പ്രിയപ്പെട്ടവൾക്ക് നൽകുന്ന ചുംബനത്തെ എത്ര കാവ്യാത്മകമായാണ് ശ്രീകുമാരൻതമ്പി പറയുന്നത്. 

‘അധരദളപുടം നീ വിടർത്തിടുമ്പോൾ

അതിലൊരു ശലഭമായ് ഞാന്‍ അമരും’

സ്ത്രീഹൃദയത്തിനെ അത്രമേൽ ഉയരത്തിൽ പ്രതിഷ്ഠിച്ച ഗാനങ്ങളായിരുന്നു കൂടുതലും ആ തൂലികയിൽ നിന്ന് പുറത്തുവന്നത്. കേൾക്കുന്നവനും പ്രണയിച്ചുപോകുമെന്ന അവസ്ഥ.. 

സ്വർണ്ണഗോപുര നർത്തകി ശിൽപ്പം, ഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു, കസ്തൂരി മണക്കുന്നല്ലോ കാറ്റേ, മനോഹരി നിൻ മനോരഥത്തിൽ, ഹൃദയസരസ്സിലെ പ്രണയപുഷ്പമേ, നിൻ മണിയറയിലെ, നീലനിശീഥിനീ, എൻ മന്ദഹാസം, മല്ലികപ്പൂവിൻ മധുരഗന്ധം, ആ നിമിഷത്തിന്റെ നിർവൃതിയിൽ, താരകരൂപിണി, മലയാളിപ്പെണ്ണേ നിന്റെ മനസ്സ്.. എല്ലാം അവൾക്കു വേണ്ടി അല്ലെങ്കിൽ അവളോടു പറയുന്നത് എന്ന് തോന്നിപ്പിക്കുന്ന സുന്ദര ഗാനങ്ങൾ. 

അവൾ ചിരിച്ചാൽ മുത്ത് ചിതറുമെന്നും ആ മുത്ത് നക്ഷത്രമാകുമെന്നും എഴുതിയ ഭാവനയെ എന്ത് പേരിട്ട് വിളിക്കണം. അവളുടെ നെടുവീർപ്പിൽ വരെ മധുരസംഗീതം കേട്ടുവെന്ന് അദ്ദേഹം എഴുതി. മധ്യമാവതി രാഗത്തിൽ ദേവരാജൻ മാഷ് ഈണവും ഭാവഗായകന്റെ ആലാപനവും കൂടിയായപ്പോൾ അതൊരു ഉത്തമസൃഷ്ടിയായി. 

‘ഹൃദയേശ്വരീ നിൻ നെടുവീർപ്പിൽ

ഞാനൊരു മധുരസംഗീതം കേട്ടു...

പ്രണയത്തിൻ രാഗാലാപനമായാ

സുഗമസംഗീതം കേട്ടു..’ 

മറ്റൊരു ഗാനത്തിലൂടെ പ്രണയിനിക്ക് സമാനതകളില്ലാത്ത ഭാവന നിറഞ്ഞ ഉറപ്പും അദ്ദേഹം നൽകുന്നു. 

‘താരകരൂപിണീ നീയെന്നുമെന്നുടെ

ഭാവന രോമാഞ്ചമായിരിക്കും

ഏകാന്ത ചിന്തതൻ‍ ചില്ലയിൽ പൂവിടും

എഴിലം പാലപ്പൂവായിരിക്കും’

 

കതിർമണ്ഡപത്തിലെത്തിയാലും അവിടെയും അനുരാഗത്തിന് അദ്ദേഹം സ്ഥാനം നൽകുന്നു. അതൊരു  അനുരാഗമണ്ഡപമാണെന്ന് അദ്ദേഹം പറയുന്നു. 

‘കതിർമണ്ഡപം സ്വപ്ന സ്വരമണ്ഡപം

കതിർചൂടുമനുരാഗ ശ്രുതിമണ്ഡപം..

ഇവിടെ നാം കൊളുത്തുന്ന കൈത്തിരിയല്ലോ 

ഇരുഹൃദയങ്ങളെ നയിക്കും തൂവെളിച്ചം" 

 

കേൾക്കുമ്പോൾ ഉള്ള് കുളിർക്കുന്ന പ്രണയഗാനങ്ങൾ പോലെ,  മനസ്സിനെ ആർദ്രമാക്കുന്ന ദുഃഖസാന്ദ്രമായ ഗാനങ്ങളും ആ തൂലിക സൃഷ്ടിച്ചു. നഷ്ടസ്വപ്നങ്ങളുടെ ഓർമകൾ വേട്ടയാടുന്ന, മനോനില തെറ്റിയ നായകന് വേണ്ടി അദ്ദേഹം എഴുതിയ വരികൾ ഹൃദയത്തെ വല്ലാതെ നൊമ്പരപ്പെടുത്തും. 

‘നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങളെനിക്കൊരു

ദുഃഖസിംഹാസനം നൽകി

തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന

ഭഗ്നസിംഹാസനം നൽകീ’ 

ഇന്നുമെന്റെ കണ്ണുനീരിൽ നിന്നോർമ പുഞ്ചിരിച്ചെന്നും ഈറൻമുകിൽമാലകളിൽ ഇന്ദ്രധനുസ്സെന്നപോലെയെന്നുമൊക്കെ

അദ്ദേഹം എഴുതിയപ്പോൾ അതെല്ലാം ഹൃദയത്തിൽ ഒരു നനുത്ത നോവായി. 

ഇന്നത്തെ തലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന അപ്പൂപ്പന്റെയും കൊച്ചുമകന്റെയും ഉള്ളുലയ്ക്കുന്ന സ്നേഹത്തിന്റെ കഥ പറഞ്ഞ പത്മരാജന്റെ

മൂന്നാംപക്കത്തിന് വേണ്ടി ശ്രീകുമാരൻ തമ്പി എഴുതിയ വരികൾ ആരുടെ മനസ്സിനെയാണ് വികാരഭരിതമാക്കാത്തത്. 

‘ഉണരുമീ ഗാനം ഉരുകുമെന്നുള്ളം..

ഈ സ്നേഹലാളനം നീ നീന്തും സാഗരം’

അതുപോലെതന്നെയാണ് പുഷ്പാഞ്ജലി എന്ന ചിത്രത്തിന് വേണ്ടി അദ്ദേഹം എഴുതിയ ‘ദുഃഖമേ നിനക്കു പുലർകാല വന്ദനം’ എന്ന ദുഃഖസാന്ദ്രമായ ഗാനവും. 

നഷ്ടപ്രണയത്തിന്റെ തീവ്രദുഃഖത്തെ 

‘നിന്റെ ഏകാന്തമാം ഓർമതൻ വീഥിയിൽ 

എന്നെയെന്നെങ്കിലും കാണും’ എന്ന് വയലാർ എഴുതിയിട്ടുണ്ട്. പ്രണയത്തിന്റെ നഷ്ടവും അതിന്റെ സാഫല്യവും ജീവിതത്തിൽ അനുഭവിച്ചയാളായിരുന്നു താനെന്ന് ഒരിക്കൽ തമ്പിസാർ എവിടെയോ പറഞ്ഞതോർക്കുന്നു. സഹപാഠിയായ ഒരു പെൺകുട്ടിയുമായി ആറ് വർഷത്തോളം നീണ്ടുനിന്ന പ്രണയം വീട്ടുകാരുടെ എതിർപ്പിനാൽ തകർന്ന് പോയ ദുഃഖം ഹൃദയം ഒരു ക്ഷേത്രം എന്ന സിനിമക്ക് വേണ്ടി പാട്ടെഴുതുമ്പോൾ കവിയുടെ മനസ്സിൽ ഉണ്ടായിരിക്കണം. പ്രണയനഷ്ടത്തിന്റെ തീവ്രദുഃഖത്തിലും പ്രിയപ്പെട്ടവൾക്ക് അദ്ദേഹം വിവാഹ മംഗളാശംസകൾ നേരുകയാണ്. 

‘മംഗളം നേരുന്നു ഞാൻ

മനസ്വിനീ മംഗളം നേരുന്നു ഞാൻ

അലിഞ്ഞു ചേർന്നതിന്‍ ശേഷമെന്‍ ജീവനെ

പിരിഞ്ഞുപോയ്‌ നീ എങ്കിലും ഇന്നും..’

നഷ്ടപ്രണയത്തിന്റെ വേദനയോടൊപ്പം  പ്രണയസാഫല്യത്തിന്റെ സുഖമുള്ള അനുഭൂതിയും ജീവിതത്തിൽ അനുഭവിച്ചിട്ടുണ്ടെന്ന് പറഞ്ഞ കവി ആ പ്രണയസാഫല്യത്തിന്റെ ഓർമകളിലാവണം ഇന്നും ആസ്വാദകർ മൂളുന്ന പ്രണയസുന്ദരഗാനങ്ങൾ സൃഷ്ടിച്ചത്. 

"ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം 

നിൻ ചിരിയിലലിയുന്നെൻ ജീവരാഗം" 

എന്നതും

‘പാലരുവിക്കരയിൽ പഞ്ചമിവിടരും പടവിൽ

പറന്നു വരൂ വരൂ പനിനീരുതിരും രാവിൽ’ 

എന്നതുമൊക്കെ വായിക്കുമ്പോൾ ആരുടെ മനസ്സിലാണ് പ്രണയം പൂവിടാത്തത്. 

ശ്രീകുമാരൻ തമ്പി എന്ന മഹാപ്രതിഭയുടെ സൃഷ്ടികൾ എല്ലാം ഇന്നും എന്റെ നിമിഷങ്ങൾ അപഹരിക്കുന്നുണ്ട്.ആ നിത്യഹരിതഗാനങ്ങളിൽ എനിക്കേറ്റവും പ്രിയങ്കരമായ ഒരു പാട്ടുണ്ട്. അദ്ദേഹം തന്നെ സംവിധാനം ചെയ്ത ചന്ദ്രകാന്തം എന്ന ചിത്രത്തിന് വേണ്ടി എം.എസ്.വിയുടെ സംഗീതം ധന്യമാക്കിയ, യേശുദാസും ജാനകിയമ്മയും പാടി അനശ്വരമാക്കിയ ‘ആ നിമിഷത്തിന്റെ നിർവൃതിയിൽ ഞാനൊരാവണിത്തെന്നലായ് മാറി’ എന്ന ഗാനം. 

ആ ഗാനം പോലെ പ്രണയം തുടിച്ചു നിൽക്കുന്ന മറ്റൊരു ഗാനം ഞാൻ കേട്ടിട്ടില്ല ഇതുവരെ. സമാനതകളില്ലാത്ത ആ സുന്ദരഗാനത്തിന്റെ അനുപല്ലവിയും ചരണവുമൊക്കെ കേൾക്കുമ്പോൾ ഉള്ളിൽ നിറയുന്ന അനുഭൂതിയെ വാക്കുകളാൽ വിവരിക്കാൻ കഴിയില്ല. 

"താഴ്‌വരയില്‍ നിന്റെ പുഷ്‌പതൽപ്പങ്ങളിൽ

താരാട്ടു പാട്ടായ്‌ ഒഴുകീ

ആ ഹൃദയത്തിന്റെ സ്പന്ദനങ്ങൾക്കെന്റെ

താളം പകർന്നു ഞാന്‍ നൽ‌കീ..

താളം പകർന്നു ഞാന്‍ നൽ‌കീ..

അറിയാതെ...നീയറിയാതെ..." 

ഗിരീഷ് പുത്തഞ്ചേരി ഒരിക്കൽ പറഞ്ഞപോലെ, പാലിൽ കൽക്കണ്ടം പൊടിച്ചിട്ടപോലെയാണ് ആ വരികളുടെ മധുരം. 

നിത്യസുന്ദരപ്രണയഗാനങ്ങൾ പോലെ ശ്രോതാക്കളുടെ മനസ്സിൽ ആരവമുണർത്തിയ ഉത്സവഗാനങ്ങളും ആ തൂലിക സൃഷ്ടിച്ചു. പൂക്കളം കാണുന്ന പൂമരം പോലെ എന്ന ഗാനവും പൂവിളി പൂവിളി പൊന്നോണമായ് എന്ന ഗാനവും ഉത്രാടപൂനിലാവേ വാ എന്ന ഗാനവുമൊക്കെ മലയാളി ഇന്നും കേട്ടാസ്വദിക്കുന്നു. 

കേരളം എന്ന പേര് കേൾക്കുമ്പോൾ മനസ്സിൽ ഓടി വരുന്നതും അദ്ദേഹത്തിന്റെ വരികളാണ്. 

"കേരളം..കേരളം..

കേളികൊട്ടുയരുന്ന കേരളം..

കേളീകദംബം പൂക്കും കേരളം

കേരകേളീസദനമാം എൻ ‍കേരളം.." 

അനശ്വരഗാനങ്ങളുടെ രാജശില്പിയായി വയലാറും പാട്ടെഴുത്തിലെ സൂര്യതേജസ്സായി ഭാസ്കരൻമാഷും കാവ്യാത്മകത നിറഞ്ഞ മനോഹരവരികളുമായി ഒഎൻവിയും  വസന്തം സൃഷ്ടിച്ച കാലഘട്ടത്തിൽ അവരോടൊപ്പം ചേർന്ന് ഇലഞ്ഞിപ്പൂമണമുള്ള വരികളിലൂടെ ആസ്വാദകഹൃദയങ്ങളിൽ ആ പ്രതിഭാധനൻ അനുഭൂതി നിറച്ചു. 

അദ്ദേഹമെഴുതിയ ഗാനങ്ങളെകുറിച്ച് എഴുതാൻ തുടങ്ങിയാൽ കടലോളം എഴുതേണ്ടി വരും. ഒഴുകി വരുന്ന ഇലഞ്ഞിപ്പൂമണത്തിനെയും അശോകപൂർണിമ വിടരും വാനത്തിനെയും ചെമ്പകത്തൈകൾ പൂത്ത മാനത്തിനെയും അംബരം പൂകുന്ന മേഘത്തിനെയും അകലെയുള്ള നീലാകാശത്തിനെയും പാടി വരുന്ന നദിയെയും കാറ്റിനെയും പാരിജാത മലരിനെയുമെല്ലാംപറ്റി പറഞ്ഞുതന്ന് മനസ്സിൽ അനുഭൂതി നിറച്ചതിന് ശ്രീകുമാരൻതമ്പി എന്ന പാട്ടെഴുത്തുകാരനോട് ഒരു ഗാനാസ്വാദകനെന്ന നിലയിൽ ഞാൻ കടപ്പെട്ടിരിക്കുന്നു. ആ പാട്ടുകളെല്ലാം കേൾക്കുമ്പോൾ ആ നിർവൃതിയിൽ ഞാനൊരാവണി തെന്നലായ് മാറുന്നു.. 

ആ പാദങ്ങളിൽ സാഷ്ടാംഗപ്രണാമമർപ്പിച്ചുകൊണ്ട് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു.

English Summary : Lyricist Sreekumaran Thampi turns 81 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com