വക്കീലിനോട് അല്പസമയം സംസാരിച്ചിരുന്നതിന് സംശയ ദൃഷ്ടിയോടെ ഏകമകൾ, അതിരു കടന്ന കരുതലാണോ?

malayalam-short-story-vazhiyil-kalanju-poya-kurup-by-p-k-prakashan
Representative Image. Photo Credit : Dubova / Shutterstock.com
SHARE

മാർച്ച് ഏപ്രിലിനോട് അടുത്തുകൊണ്ടിരിക്കുന്ന കാലം. വേനൽ പകലുകൾക്ക് തീപ്പിടിച്ചു തുടങ്ങിയ ഒരു ദിവസം പെട്ടെന്നാണ് മഴ പുറത്തു ചാടിയത്. ഉഷ്ണം മുഴുവൻ ഒലിച്ചുപോകാൻ വിവസ്ത്രയായി മഴയത്ത് ഇറങ്ങിനടക്കുവാൻ അവൾ മോഹിച്ചു. അരപ്പട്ട കെട്ടിയ മോഹങ്ങളെ കാൽച്ചങ്ങലകൾ കൊണ്ട് തളച്ചിട്ട് കാലമെത്രയായി. ഇന്നലെ വില്പത്രം തയ്യാറാക്കാൻ വന്ന വക്കീലിനോട് അല്പസമയം കൂടുതൽ സംസാരിച്ചിരുന്നതിന് ഏകമകൾ സംശയ ദൃഷ്ടിയോടെയാണ് നോക്കിയത്.യൗവ്വനം നശിക്കാത്ത വിധവയായ അമ്മയോടുള്ള അതിരു കടന്ന കരുതലാണോ. അല്ല. അവളുടെ വെറുപ്പിന്റെ ഉള്ളാളങ്ങളിൽ നിന്നുയരുന്ന   ദീർഘനിശ്വാസങ്ങളുടെ അസ്സഹനീയതയുമായിട്ടാണ് ഓരോ ദിനവും ഉറങ്ങി ഉണരുന്നത്.

മഴയോടൊപ്പം ഇടിയുമുണ്ട്. മഴയ്ക്ക് എന്തു സുഗന്ധം. പുറത്തെ ഇരുട്ടിനെ വകവയ്ക്കാതെ ആ ഗന്ധം ആസ്വദിച്ചു   വരാന്തയിൽ തന്നെയിരിക്കാൻ വസുമതി തീരുമാനിച്ചു. കുഞ്ഞിനെ കാണുവാൻ ഭാഗ്യമില്ലാതെ  ഭർത്താവ്  അമ്പതിലധികം യാത്രക്കാരുമായി   തകർന്നുവീണ വിമാനത്തോടൊപ്പം കടലിൽ ആണ്ടുപോയി. വൈധവ്യം പേറിയ ദുഖത്തിന്റെ  ആദ്യ നാളുകളിൽ  വേദന  അതികഠിനമായിരുന്നു. 

പിന്നെ കുഞ്ഞിന്റെ കളിചിരികളിൽ അലിഞ്ഞ് അതെല്ലാം ഇല്ലാതെയായി.

വീണ്ടും ഏകാന്തത അനുഭവിച്ചു തുടങ്ങിയത് മകളെ ഹോസ്റ്റലിലേക്ക് ഉപരി പഠനത്തിന് അയച്ചപ്പോഴായിരുന്നു. അതിനോടകം ആഗ്രഹങ്ങളും അഭിലാഷങ്ങളുമെല്ലാം അടിച്ചമർത്തപ്പെട്ടുകഴിഞ്ഞിരുന്നു. വൈധവ്യത്തിന് അവഗണന എന്നൊരു പര്യായം കൂടി ഉണ്ടെന്ന് അന്നാണ് മനസ്സിലായത് .തന്റെ ജീവിതത്തിലെ ഇരുൾമൂടിയ ദിനങ്ങൾ എന്നു മുതലാണ് തുടക്കമായത് എന്ന് വാസുമതി ഓർമ്മകളിൽ തിരഞ്ഞു. തന്നിൽ ഒരു കുഞ്ഞ് രൂപപ്പെടുവാനുള്ള നാളുകളുടെ ദൈർഘ്യം മാത്രമേ തനിക്കും ഭർത്താവിനും ഒരുമിച്ച് ജീവിതമുണ്ടായുള്ളു. അദ്ദേഹത്തിന് ഉടനെ വിദേശത്തേക്ക് പോകേണ്ടതുണ്ടായിരുന്നു. തിരിച്ചെത്താമെന്ന വാക്ക് പാലിച്ചപ്പോഴാണ് അയാൾ തകർന്ന വിമാനത്തിൽ അകപ്പെട്ട് കടലിലാണ്ടുപോയത്.

ഉപരിപഠനം കഴിഞ് തിരിച്ചത്തിയ മകൾ കൂടുതൽ ധൈര്യവതിയായതിലും ജീവിതത്തെ കുറിച്ചു കൂടുതൽ ദീർഘ വീക്ഷണം ഉള്ളവളായി മാറിയതിലും താൻ അഭിമാനിച്ചതിൽ തെറ്റു പറ്റി എന്ന് മനസ്സിലായത് വൈകിപ്പോയി . അവൾ പ്രാക്ടിക്കൽ ലൈഫിനെ കുറിച്ചു മാത്രം സംസാരിച്ചുകൊണ്ടിരുന്നു. അവൾക്ക് താനൊരു തടസ്സമാകുന്നു എന്ന യാഥാർഥ്യം തിരിച്ചറിഞ്ഞപ്പോഴാണ് അവളിൽ നിന്നും മനുഷ്യത്വത്തിന്റെ കാണികകൾ നശിച്ചു പോയത് മനസ്സിലായത്. അവളുടെ ഭർത്താവും വാദമുഖങ്ങളിൽ അവളോടൊപ്പം നിന്നു.

മകൾ..... അവളൊരു സ്ത്രീയല്ലേ?...... എന്നിട്ടും എന്തേ മറ്റൊരു സ്ത്രീയായ അമ്മയെ അവൾ മനസ്സിലാക്കിയില്ല?. പാരമ്പര്യമായി തന്നിലെത്തിച്ചേർന്ന അ ളവറ്റ സ്വത്തിന ഏക അവകാശി അവളല്ലേ. പിന്നെന്തിന് അതെല്ലാം ഇപ്പോൾ തന്നെ അവളുടെ പേരിലാക്കണമെന്ന് വാശിപിടിച്ചു? ഭൗതിക സമ്പാദ്യങ്ങളൊന്നും മനുഷ്യ ബന്ധങ്ങളുടെ അളവുകോലിൽ പെട്ട് വിള്ളലുകൾ രൂപപെടാതിരിക്കാൻ അതെല്ലാം താൻ ഇന്നലെ അവളുടെ പേരിൽ എഴുതിക്കൊടുത്തു.

മുറ്റത്തെ അത്തിമരത്തിന്റെ കമ്പ് ഒടിഞ്ഞുവീണു. ശക്തമായ കാറ്റ്. അടുത്ത ഇടിമുഴക്കത്തോടൊപ്പം വൈദ്യുതി ബന്ധവും നഷ്ട്ടപെട്ടു.വരാന്തയിലും പുറത്തും കൂരിരുട്ട്. മഴയുടെ തണുപ്പ്. ഇൻവെർട്ടർ ബന്ധങ്ങളിൽപ്പെട്ട അകത്തെ മുറികളിൽ വെളിച്ചമുണ്ട്."അമ്മേ" എന്ന വിളി മുറിക്കുള്ളിൽ എവിടെ നിന്നെങ്കിലും ഉയരുന്നുണ്ടോ. കാതുകളുടെ അന്വേഷണം വെറുതെയായി. പിന്നിലെ വെളിച്ചത്തി ന്റെ ഒരു കണികപോലും തന്നിലേക്കടുക്കില്ലെന്നവൾക്കറിയാം. അതിനേക്കാൾ സുഖം മുന്നിലെ ഇരുട്ടും വീശിയടിക്കുന്ന കാറ്റും പെയ്തിറങ്ങുന്ന മഴയും കറുത്ത ആകാശം കീറിമുറിച്ചു വരുന്ന കൊള്ളിയാനുമാണ്.

ഓർമ്മകളിൽ നിന്നും ഞെട്ടിയുണർന്നത് ശക്തമായി വാതിലടയുന്ന ശബ്ദം കേട്ടാണ്. കാറ്റിലടഞ്ഞതാകാം. അതോ കൊട്ടിയടച്ചതോ.

മരങ്ങളെ തലകുത്തി ഉലച്ചുകൊണ്ട് കാറ്റ് വീണ്ടും ആഞ്ഞു വീശിക്കൊണ്ടിരുന്നു. വാതിൽ തുറക്കാനുള്ള ശ്രമം വിഫലമായി. വാതിലുകൾ അകത്തു നിന്നും ബന്ധിക്കപ്പെട്ടിരിക്കുന്നു.അലറിക്കരായാനാണ് തോന്നിയത്. കേണപേക്ഷിച്ചാൽ തുറക്കപ്പെട്ടേക്കാം. പക്ഷെ ആ വാതിലുകൾക്കപ്പുറം മുറിയുടെ ഏതെങ്കിലുമൊരു കോണിൽ ജീവിതം തളയ്ക്കപ്പെടും.

ആരോടും പരിഭവമില്ലാതെ അവൾ ഇരുട്ടിലേക്ക് നടന്നു. ആരും കുറ്റപെടുത്താനില്ലാത്തതുകൊണ്ട് അവൾ വസ്ത്രങ്ങൾ വലിച്ചെറിഞ്ഞു. മനസ്സിന്റെ ശ്മശാന ഭൂമിയിൽ അടിച്ചർത്തപ്പെട്ട ആശാഭിലാഷങ്ങൾ ഉടലിലൂടെ കുത്തിയൊലിച്ചിറങ്ങിയ മഴയുടെ കുളിരിൽ അലിഞ്ഞില്ലാതെയാവുന്നതവൾ അറിഞ്ഞു. തന്നെ ആലിംഗനം ചെയ്ത മര ക്കൊമ്പുകളിൽ നഷ്ടപ്പെട്ട കാമുകനെ തിരിച്ചറിഞ്ഞു. നൂറുകണക്കിന് ആലിംഗനങ്ങളുടെ ചില്ലകൾ അവൾക്ക് മേൽ പതിച്ചുകൊണ്ടിരുന്നു. വരിഞ്ഞുമുറുകിയ സ്നേഹാലിംഗനങ്ങളുടെ ഭാരത്താൽ അവൾ ഉന്മാദിനിയായി. പിന്നീടെപ്പോഴോ ആനന്ദ ത്തിന്റെ മൂർദ്ധന്യത്തിൽ അവളുടെ ശ്വാസം നിലച്ചു. ലോകം അവളിൽ നിശ്ചലമായി.

English Summary : Vazhiyil Ninum Kalajukittiya Mazhayil Kuthirnna Kurippu - Malayalam Short Story by P. K. Prakasan

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;