ADVERTISEMENT

മങ്ങിയ കാഴ്ചകൾ (കഥ)

കഴിഞ്ഞ അവധിക്കു നാട്ടിൽ ചെന്നതിന്റെ പിറ്റേന്നാണ്‌  കുര്യച്ചനെ അവസാനം കണ്ടത്. രാവിലെ വീട്ടിൽ പാലുകൊണ്ടുവരാമെന്നു പറഞ്ഞയാൾ എത്തിയില്ലന്നു കണ്ടപ്പോഴാണ് എൽസി എന്നെ ഉറക്കച്ചടവോടെ പുറത്തേക്കോടിച്ചത്. അങ്ങനെ മിൽമ തുറക്കാനായി കൈയിൽ പിടിച്ച കവറുമായി കാത്തുനിൽക്കുമ്പോൾ പലരും എന്നെ തിരിച്ചറിഞ്ഞു, കുശലങ്ങൾ ചോദിച്ചു. ഏതൊരാളും ഗൾഫിൽ നിന്നും വരുമ്പോൾ ചോദിക്കുന്ന സ്ഥിരം ചോദ്യങ്ങളായിരുന്നു കൂടുതലും, ‘‘എന്നാ ഇനി തിരിച്ച്? അവിടെങ്ങനാ ചുടാണോ? എന്നതാ കുപ്പിയൊന്നുമില്ലേ?’’ അങ്ങനെ ആൾക്കാരുടെ താത്‌പര്യങ്ങൾക്കനുസരിച്ച് ചോദ്യങ്ങൾ നീണ്ടുപോയികൊണ്ടിരുന്നു.

 

മിൽമ നടത്തുന്ന രഘു കടയുടെ മുന്നിൽ സ്‌കൂട്ടറിൽ സാവധാനം വന്നിറങ്ങി. ആദ്യം ഷട്ടർ തുറന്നു, വരാന്തയിലും മുറ്റത്തും വെള്ളം തളിച്ച്‌ തുരുത്തുവാരി റോഡിലേക്ക്‌ തന്നെയിട്ടു. പതിവുപോലെ നാട്ടുകാരുടെ ശുചിത്വത്തെക്കുറിച്ചും, പരിസരബോധത്തെക്കുറിച്ചും ഓർത്തു ഞാൻ വിളറി ചിരിച്ചത് ആരും ശ്രദ്ധിച്ചില്ല.

രഘുവിന്റെ കച്ചവടം തുടങ്ങുന്നതിനുമുമ്പുള്ള ദൈവങ്ങളുടെ മുന്നിൽ തിരികത്തിക്കുന്ന ചടങ്ങു നടത്തുമ്പോഴാണ് കുര്യച്ചൻ സൈക്കിളിൽ വന്നെത്തിയത്. വയസ്സ് അറുപതോളം ഉണ്ടെങ്കിലും കുര്യച്ചന്റെ സൈക്കിളിനു ചെറുപ്പക്കാരുടെ ചെത്ത് സൈക്കിളിന്റെ സ്റ്റൈലായിരുന്നു.

 

കുര്യച്ചന് പണ്ട് കവലയിൽ ഒരു സൈക്കിൾ കടയുണ്ടായിരുന്നു. സൈക്കിൾ വാടകക്കുകൊടുത്തും പഞ്ചറൊട്ടിച്ചും നാലുവയറുള്ള ഒരു കുടുംബം നടത്തിയിരുന്നു അന്ന് കുര്യച്ചൻ. പലപ്പഴും തനിക്കും കൂട്ടുകാർക്കും ചങ്ങനാശേരിയും കായംകുളത്തും സിനിമാ കാണാൻ ഉണ്ടായിരുന്ന അന്നത്തെ ഏക ഉപാധി കുര്യച്ചന്റെ സൈക്കിളുകൾ ആയിരുന്നുവെന്നു ഇടക്കിടെ സ്നേഹത്തോടെ ഓർക്കാറുണ്ട്.

 

ഇപ്പോൾ സൈക്കിളുകൾ ആരും അധികം ഉപയോഗിക്കാത്തതുകൊണ്ടും മക്കൾ രണ്ടാളും മറ്റെന്തോ ജോലിക്കു പോകുന്നതുകൊണ്ടും, അതിനൊക്കെ ഉപരി കുര്യച്ചന് കടനടത്തിരുന്ന സ്ഥലത്ത് മുൻസിപ്പാലിറ്റി വലിയ കെട്ടിടം പണിതു കാരണം കുര്യച്ചൻ കട നിർത്തിയിട്ടു വർഷങ്ങൾ പത്ത് കഴിഞ്ഞു. എങ്കിലും ആ സ്റ്റയിലൻ സൈക്കിൾ കുര്യചൻ ഉപേഷിച്ചില്ല. സൈക്കിളിനോടുള്ള സ്നേഹമോ ചുറ്റിനും ഉള്ള എല്ലാവരെയും പോലെ ഒരു ബൈക്ക് വാങ്ങൽ പണമില്ലാത്തതു കൊണ്ടോ ആവാം കുര്യച്ചൻ ഇന്നും ആ സൈക്കിളിലാണ് യാത്രകൾ.

 

നോക്കി ചിരിച്ചു പരിചയം പുതുക്കിയതല്ലാതെ കുര്യച്ചൻ ഒന്നും ചോദിച്ചില്ല. രണ്ടു കവർ പാലും വാങ്ങി പുറത്തേക്കിറങ്ങുമ്പോഴും കൈയിൽ പിടിച്ചിരിക്കുന്ന സ്റ്റീലിന്റെ തൂക്കുപാത്രത്തിൽ താളം പിടിക്കുന്ന കുര്യച്ചനെ നോക്കി തലകുലുക്കി ചിരിച്ചു നടന്നതല്ലാതെ ഒന്നും പറഞ്ഞുമില്ല. 

 

വീട്ടിലെത്തി വരാന്തയിൽ പത്രവും വായിച്ച്‌ എൽസിയുടെ ചായയുമായുള്ള വരവിനായി കാത്തിരിക്കുമ്പോഴാണ് മുന്നിലെ ഗെയിറ്റ് കരയുന്ന ശബ്ദം കേട്ടത്. തലയുയത്തിനോക്കിയപ്പോഴേക്കും ഗെയിറ്റും കടന്ന് കുര്യച്ചൻ അകത്തേക്ക് കടന്നിരുന്നു. കൈയിലെ പത്രം മടക്കി കസേരയിൽ തന്നെയിട്ടിട്ട് ഞാൻ പുറത്തേക്കിറങ്ങിചെന്നു.  

 

നേരെത്തെ ചോദിക്കാതെ വിട്ട കുശല ചോദ്യങ്ങൾ ഓരോന്നായി കുര്യച്ചൻ ചോദിച്ചു. മറുപടി പറയുമ്പോൾ ഇതെന്തെ അവിടെവെച്ചു ചോദിക്കാതിരുന്നതെന്നു തുറന്നു ചോദിക്കാതെ മനസ്സിൽ ഞാൻ പല ആവർത്തി ഉരുവിടുന്നതിനിടയിൽ കുര്യച്ചൻ തുടർന്ന് ചോദിച്ചു, ‘‘എനിക്കൊരു ഇരുനൂറു രൂപ വേണമായിരുന്നു. ഒരത്യാവശ്യത്തിനാ”. 

 

പ്രത്യേകിച്ചൊന്നും ചോദിക്കാതെ ഇരുനൂറു രുപയുടെ കാര്യമല്ലേ എന്ന് കരുതി അകത്തേക്ക് നടന്നപ്പോൾ വിദേശത്ത് നിന്ന് അവധിക്കുവരുമ്പോൾ ഏതൊരു നാട്ടുകാരനും സാധാരണ ഉണ്ടാവുന്ന അത്യാവശ്യങ്ങളിൽ ഒന്നാവും കുര്യച്ചന്റെ അത്യാവശ്യവും എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു. അത് ഒട്ടുമുക്കാലും ഒരു ക്വാർട്ടറിൽ, അല്ലങ്കിൽ കൂട്ടിവന്നാൽ ഒരു ഫുള്ളിൽ തീരുന്ന അത്യാവശ്യങ്ങളായിരുന്നു. 

 

നീട്ടിയ പണം വാങ്ങി കുര്യച്ചൻ തിരിച്ചു നടന്നു, ഗേറ്റുവരെ ഞാനും. ഗേറ്റു തുറന്നു പുറത്തേക്കിറങ്ങാനായി തിരിയുന്നതിനിടയിൽ കുര്യച്ചൻ പറഞ്ഞു, ‘‘മോളിക്ക്, ക്യാസറാണ്’’. കൂടുതൽ ഒന്നും പറയാതെ, അല്ലങ്കിൽ കേൾക്കാൻ നിൽക്കാതെ കുര്യച്ചൻ റോഡിലേക്ക് ഇറങ്ങി നടന്നു. കണ്ണിൽ നിന്നും അയാൾ നടന്നു മറയുന്നതു വരെ ഞാൻ നോക്കിനിന്നു.  

 

അയാളോട് ദയതോന്നുമെന്ന് കരുതിയെങ്കിൽ അയാൾക്ക് തെറ്റി. മാത്രമല്ല, ആ മനുഷ്യനോട് അതുവരെ തോന്നിയിരുന്ന സ്നേഹവും, ബഹുമാനവും ഒക്കെ ഒരു നിമിഷം കൊണ്ട് ഇല്ലാതെയായി, പകരം മനസ്സ് നിറയെ അയാളോട് വെറുപ്പ് മാത്രം ബാക്കിയായി. ചോദിച്ചിരുന്നെങ്കിൽ ഇരുനൂറിനു പകരം ആയിരം കൊടുക്കുമായിരുന്നല്ലോ. എന്തിനു വെറും ഇരുനൂറു രൂപക്കുവേണ്ടി സ്വന്തം ഭാര്യക്ക് ക്യാൻസറാണെന്നു അയാൾ പറഞ്ഞു. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ പിന്നെയും. 

 

ചായയുമായി എൽസി വന്നു വിളിച്ചപ്പോഴാണ് മനസ്സൊന്നടങ്ങിയത്. ആ ദേഷ്യത്തിന്റെ കാരണം  അവളോട് പങ്കുവച്ചപ്പോൾ അവൾ ആശ്വസിപ്പിച്ചു, ‘മനുഷ്യൻ പലവിധമല്ലേ, വിട്ടേര്’

 

അവധികഴിഞ്ഞു തിരികെ എത്തിയിട്ടും കുര്യച്ചൻ പലവട്ടവും മനസ്സിൽ കേറിയിറങ്ങി. അത് നിറഞ്ഞു തുളുമ്പി പഴയ കൂട്ടുകാരെ ഫോൺ വിളിച്ചപ്പോൾ പറയാനും മടിച്ചില്ല.

 

പക്ഷേ, ഇന്ന് രാവിലെത്തെ ഒരു വാട്സാപ്പ് മെസ്സജ് കണ്ടപ്പോൾ മനസ്സിലായി അന്ന് കുര്യച്ചനല്ല, എനിക്കാണ് തെറ്റിയതെന്ന്. അത് കുര്യച്ചന്റെ ഭാര്യ മോളിയുടെ മരണവാർത്തയായിരുന്നു. 

 

കാഴ്ചകൾ വ്യക്തമെന്നു തോന്നുന്നവപോലും പലപ്പഴും  ശരിയാവണമെന്നില്ലന്നു മനസ്സ് ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിന്നു, തെളിവുകളടക്കം.  

 

അമ്പത്തിയാറു വയസ്സുള്ള മോളി മരിച്ചത് പലർക്കും ഒരു ഷോക്കായിരുന്നു, കാരണം അവളുടെ അസുഖത്തിന്റെ കാര്യം കുര്യച്ചൻ ആരോടും പറഞ്ഞിരുന്നില്ല. ആരോടും പറയാഞ്ഞതെന്തായിരുന്നുവെന്ന് എനിക്ക് ശരിക്കും ബോധ്യമായി. പറഞ്ഞാലും പലരും വിശ്വസിക്കില്ലല്ലോ, എന്നെപ്പോലെ കാഴ്ചകൾ മങ്ങിയവരല്ലേ നമുക്ക് ചുറ്റിനും.

 

English Summary: Writers Blog - Mangiyakazhchakal, Malayalam Short Story by Reji Kottodiyil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com