ADVERTISEMENT

മരുമകൾ (കഥ) 

അസഹിഷ്ണതയുടെ മൂർദ്ധാവിൽ നിൽക്കുമ്പോളാണ് മകൻ ഒരു കല്യാണം കഴിച്ചത്. അതോടെ എന്തിനും ഏതിനും വായിട്ടലക്കാൻ ഒരാളായി നളിനിക്ക്.

 

മരുമകൾ ഉണ്ടാക്കുന്ന കറികൾക്ക് ഉപ്പില്ല എന്നതായിരുന്നു നളിനിയുടെ ആദ്യത്തെ പരാതി. ഉപ്പു ചേർക്കുന്നതിൽ ശ്രദ്ധകൊടുത്തു മരുമകൾ അത് പരിഹരിച്ചു.

 

ഷുഗർ രോഗിയായ തനിക്കു പഞ്ചസാര ചേർത്ത ചായ തരുന്നു എന്നതായിരുന്നു അടുത്ത പരാതി..

 

പരിഭവം പുറത്തുകാണിക്കാതെ മരുമകൾ മധുരമില്ലാത്ത ചായ നളിനിക്ക് നൽകി പരാതി ഒഴിവാക്കാൻ ശ്രമിച്ചു. മധുരം ഒളിപ്പിച്ചു കൈക്കുന്ന ചായ തനിക്കു മരുമോൾ തരുന്നു എന്നതായി അടുത്തത്...

ദിനങ്ങൾ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു. ഒപ്പം പരാതികളുടെ പ്രളയ മഴയും. താമസിച്ചു ഉണരുന്നു, വെടിപ്പായി പാത്രങ്ങൾ കഴുകുന്നില്ല,

മുറ്റമടിച്ചാലും കരിയിലകൾ അവിടവിടെ ശേഷിക്കുന്നു...

സന്ധ്യനാമം ജപിക്കുമ്പോൾ രാഗവും താളവും ഇല്ല...

കഴിഞ്ഞ ദിവസം കറിക്കു മഞ്ഞൾപ്പൊടി ചേർത്തത് കൂടിപ്പോയി ...

ദുർബലമായ എതിർപ്പുകൾ വകവെക്കാതെ എതിരില്ലാത്ത പോരുകോഴിയെപ്പോലെ നളിനി…

 

ഒടുങ്ങാത്ത പരാതികളുടെ പെരുമഴയിൽ തിമിർക്കുമ്പോഴാണ് ഇളയ മകളും ഭർത്താവും എത്തിയത്... രഹസ്യങ്ങൾ... അടക്കം പറച്ചിലുകൾ...

നാത്തൂൻ ഇടതടവില്ലാതെ പറയുന്നത് സ്വന്തം ഭർത്താവിന്റെ അമ്മയെകുറിച്ചാണെന്ന് അവൾക്കറിയാമായിരുന്നു.

 

നളിനി സ്വന്തം മകളോട് സ്വന്തം അമ്മായിയമ്മയെ നിലക്ക് നിർത്തേണ്ടതെങ്ങനെയെന്നു ക്ലാസെടുക്കുന്നതു കേട്ട് കേട്ട് അവൾ ഉള്ളിൽ ചിരിച്ചു. രണ്ടുദിവസം കഴിഞ്ഞു മകൾ പുതിയ യുദ്ധ തന്ത്രവുമായി തിരികെപ്പോയപ്പോൾ കൂടുതൽ കുറ്റങ്ങൾ കണ്ടെത്താനുള്ള സമയം ലഭിച്ചു. പനങ്കുലപോലുള്ള മുടിയിലായി അടുത്ത കുറ്റം.

 

മുടി കൊഴിഞ്ഞു മുറിയിൽ വീഴുന്നു ...!

 

നിരന്തര പരാതി പരിഹാരമായി മരുമകൾ ഒരു ഉപായം കണ്ടെത്തി..

ഭർത്താവിനൊപ്പം ടൗണിൽ നിന്നും മടങ്ങിയെത്തിയത് മുണ്ഡനം ചെയ്ത തലയുമായാണ്... വരാന്തയിലേക്ക് കാലെടുത്തു കുത്തിയതും സീരിയൽ കണ്ടു കൊണ്ടിരുന്ന നളിനി ചാടിയെണീറ്റു..

 

‘‘ഈ മൊട്ടച്ചിയാണ് എന്റെ മരുമോൾ എന്ന് ഇനി ഞാൻ എങ്ങനെ ആളുകളോട് പറയും എന്റെ ഈശ്വരാ....’’- ഹൃദയം പൊട്ടുന്ന വേദനയുമായി മരുമകൾ അകത്തേക്ക്… പുതിയ പരാതികളുടെ തീരം തേടി നളിനിയും

 

English Summary: Marumakal Malayalam short story by Vinaya Kumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com