നാസയും, കുക്കറും, പിന്നെ ഞങ്ങളും!

cooker
Representative Image. Photo Credit : Narender Sanwariya / Shutterstock.com
SHARE

പ്രധാന വാർത്തകൾ... ‘‘നാസയുടെ പെര്‍സെവറൻസ് പര്യവേഷണ പേടകം വിജയകരമായി ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങി. ഏഴു മിനിട്ടോളം നീണ്ട സൂക്ഷ്മമായ നീക്കങ്ങള്‍ക്കൊടുവിലാണ് പേടകം കേടുപാടുകളില്ലാതെ ചൊവ്വയുടെ മണ്ണിൽ ലാൻഡ് ചെയ്തത്.’’

‘‘എന്താ അല്ലേ? ശാസ്ത്രത്തിന്റെ ഒരു പുരോഗതി? ആ..ഇങ്ങനെ പോയാൽ മനുഷ്യൻ ചൊവ്വയിലും ശൂന്യകാശത്തും ചന്ദ്രനിലും മറ്റും ജീവിക്കാൻ അധികം കാല താമസം വരില്ല”.. അടുക്കളയിൽ പാത്രം കഴുകുന്ന തിരക്കിൽ ടിവി യില് വാർത്തകൾ കേട്ട് ഞാൻ മനസ്സിൽ പറഞ്ഞു.. 

ഭാവിയിൽ ചൊവ്വയിൽ എങ്ങാനും താമസം തുടങ്ങേണ്ടതായി വന്നാൽ ഞങ്ങൾക്ക് ഒഴിച്ചു കൂടാനാവാത്ത ബീഫ് ഫ്രൈ എങ്ങനെ ഉണ്ടാക്കും എന്ന് ചിന്തിച്ചു  ഉറങ്ങാൻ കിടക്കുമ്പോഴാണ് പഴയ ഒരു കുക്കറിനേ കുറിച്ച് ഉപബോധ മനസ്സിൽ മയങ്ങി കിടന്ന ഓർമകൾ നിമിഷ നേരം കൊണ്ട് സട കുടഞ്ഞു എണീറ്റത്.

നല്ല കുരുമുളകും ചേർത്ത് വെളുത്തുള്ളി ചതച്ചിട്ട് വെളിച്ചെണ്ണയിൽ കറപ്പിച്ച് ഉലർത്തി എടുക്കുന്ന ബീഫും, ഇത്തിരി മോരുകറിയും, ലേശം അച്ചിങ്ങ മെഴുക്കു പുരട്ടിയും, നല്ല ചെമ്പാവരി ചോറും.. ആഹാ.. ചൊവ്വയല്ല, സാക്ഷാൽ ശനിയിൽ ചെന്ന് പെട്ടാൽ കൂടി നുമ്മ ഹാപ്പി.. എന്റമ്മേ, ഇനി ചൊവ്വയിൽ കൂടി ബീഫ് നിരോധനം വരാതിരുന്നാൽ മതിയായിരുന്നു. എന്തായാലും നാസക്ക് നന്ദി; ഏകദേശം നാല് പതിറ്റാണ്ട് മനസ്സിന്റെ ഉള്ളറകളിൽ നിദ്ര പൂണ്ടിരുന്ന ആ ഓർമകളെ തൊട്ടുണർത്തിയതിന്..

എന്താ അല്ലേ? ഒരു വനിത ചൊവ്വയെ പറ്റി ഗവേഷണം നടത്തുമ്പോൾ ഇവിടെ വേറൊരു സ്ത്രീ രത്നം അവിടെ പോയി ബീഫ്  ഫ്രൈ എങ്ങനെ ഉണ്ടാക്കും എന്ന് ചിന്തിച്ചു നേരം കളയുന്നു. എന്തൊരു വിരോധാഭാസം? ആ, ചൊവ്വ യൊക്കെ അവിടെ നിക്കട്ടെ.. നമുക്ക് തിരിച്ചു ഭൂമിയിലേക്ക് തന്നെ വരാം..

ശാന്ത മനോഹരമായ ഞങ്ങളുടെ കൊച്ചു ഗ്രാമം. കുന്നും മലയും പാടവും തോടും കാവും കോവിലും പള്ളിയും പള്ളിക്കൂടവും കവലയും ചന്തയും എല്ലാം നിറഞ്ഞ ഞങ്ങളുടെ സ്വന്തം മാഞ്ഞൂർ. ഇടിവെട്ടി പെയ്യുന്ന ഇടവപ്പാതിയിലും, ചന്നം പിന്നം പൊഴിയുന്ന തുലാ മഴയിലും വെയിലേറ്റ് വാടുന്ന മീനച്ചൂടിലും പഞ്ഞ കർക്കിടകത്തിലും പൊന്നിൻ ചിങ്ങത്തിലുമൊക്കെ ഞങ്ങൾ മാഞ്ഞൂർ കാർ കൊണ്ടും കൊടുത്തും കഴിഞ്ഞു വന്നു.

അങ്ങിനെ, വലിയ അവധിയിലേ ഒരു ഞായറാഴ്ച ദിവസം ..

അന്നും പതിവ് പോലെ കോഴി കൂവി.. ആ കൂവൽ കേട്ടിട്ടെന്ന പോലെ കതിരവന്റെ ഉദയ രശ്മികൾ ചക്രവാളത്തിൽ പതിച്ച് തുടങ്ങി. വന്ദേമാതരം... ആകാശവാണിയിൽ പരിപാടികൾ ആരംഭിച്ചു. വലിയ അവധി ആയതിനാൽ ഞായറാഴ്ച ആണെങ്കിലും വേദപാഠം ഇല്ല. അത് കൊണ്ട് രാവിലെ തന്നെ പള്ളിയിൽ പ്പോകണം. ‘‘മക്കളെ എണീറ്റ് പള്ളിയിൽ പോകാൻ നോക്ക്.” ഇതും പറഞ്ഞ് അപ്പ പള്ളിയിലേക്ക് നടന്നു. ആറുമണി പോലും ആയിട്ടില്ല. ‘‘അപ്പ എന്തിനാണോ ഇത്രയും നേരത്തെ പോകുന്നെ? ഇന്ന് ഏഴുമണിക്കല്ലെ  കുർബാന.” ഇങ്ങനെ മനസ്സിൽ വിചാരിച്ച് പുതപ്പ് ഒന്ന് കൂടി വലിച്ച് കൊണ്ട് പിന്നെയും ഉറക്കത്തിലേക്ക്.. “എടി മോളേ എണീറ്റേ, പള്ളിയിൽ പോകണ്ടേ? മണി ആറര ആയി.” ആകാശവാണിയിൽ പ്രഭാത ഭേരി മുഴങ്ങി തുടങ്ങി.  ഉമിക്കരി കൊണ്ട് ദന്തധാവനം നടത്തി നടുവേ കീറി മുറിച്ച് വച്ചിരിക്കുന്ന  ഈർക്കിലി കൊണ്ട് നാക്കും വടിച്ച് മുഖവും കഴുകി, ഒരു തൊട്ടി വെള്ളത്തിൽ മേലൊന്ന് കഴുകി എന്ന് വരുത്തി റെഡി ആയി പള്ളിയിലേക്ക്.. 

പള്ളിയിൽ നിന്നും തിരിച്ചു വന്ന് വികാരി അച്ചൻ പ്രസംഗത്തിനിടെ പറഞ്ഞ കഥയുടെ വിശകലനവും നടത്തിക്കൊണ്ട് പച്ച കപ്പ ചേച്ചിമാർ കൂടി അടുപ്പിൽ വച്ചു.. ‘പത്രോസ് വല വീശിയപ്പോൾ ഒരു പൂഞ്ഞാൻ പോലും കിട്ടിയില്ല’. അച്ഛന്റെ ഇന്നത്തെ പ്രസംഗം. “അത് എന്ത് മീനാ അമ്മേ?” നാലാം ക്ലാസ്സ് കാരിയുടെ ജിജ്ഞാസ.. “എന്റെ കൊച്ചെ എനിക്കറിയില്ല, നീ ഈ ഉള്ളി ഒന്ന് പൊളിച്ചെ”... നിമിഷ നേരം കൊണ്ട് അമ്മ ഉണക്ക ചെമ്മീൻ ചമ്മന്തി ഉണ്ടാക്കി കപ്പയും വിളമ്പി എല്ലാവരും കൂടി കഴിച്ചു.

“മക്കളെ, അമ്മ നെല്ല് പുഴുങ്ങാൻ അടുപ്പ് കൂട്ടട്ടെ. എന്റെ മക്കൾ, ഇത്തിരി ചോറും വച്ച് പയർ പൊളിച്ചു തോരനും വെക്കണം”.  ഇങ്ങനെ ചേച്ചിമാർക്കു നിർദേശം നൽകി കൊണ്ട് പത്തായത്തിൽ നിന്ന് അമ്മയും ചെറിയെട്ടനും കൂടി നെല്ല് പുഴുങ്ങാൻ എടുക്കുമ്പോൾ അടുക്കള വശത്ത് നിന്നും ഒരു വിളി.. “അമ്മേ, അമ്മേ” 

“അമ്മ പത്തായത്തിൽ നിന്ന് നെല്ല് എടുക്കുവ കൊച്ചാച്ച”. 

‘‘ഇതെന്താ, കൊച്ചച്ചൻ്റെ കയ്യിൽ ഒരു വലിയ കടലാസ് പെട്ടി..? ഇതിലെന്താ ചേട്ടായി?”  ഞാനും ചേച്ചിമാരും കുഞ്ഞങ്ങളയും ഈ പെട്ടിയെ വളരെ കൗതുകത്തോടെ നോക്കിക്കൊണ്ട് ചോദിച്ചു തുടങ്ങി. “നിങ്ങൾ അമ്മയെ വിളിച്ചിട്ട് വാ. ഇത് അമ്മക്ക് വേണ്ടിയുള്ള സമ്മാനം ആണ്.” “അമ്മേ, അമ്മേ വേഗം വാ, ചേട്ടായി എന്തോ കൊണ്ട് വന്നിരിക്കുന്നു”.‘‘ആദ്യം ഈ നെല്ല് എടുത്ത് തീർക്കട്ടെ”.. “അല്ലമ്മെ, അതൊക്കെ പിന്നെ ചെയ്യാം, വേഗം വാ.” “ചെറിയെട്ടാ, പത്തായത്തിൽ നിന്ന് പെട്ടെന്ന് ഇറങ്ങി വാ, കൊച്ചച്ചൻ എന്തോ വല്യ സാധനം കൊണ്ട് വന്നിരിക്കുന്നു”. പണ്ടൊക്കെ ഗൾഫിൽ നിന്നും വരുന്ന പ്രവാസികളുടെ  പെട്ടി പൊട്ടിക്കുന്ന ചടങ്ങ് പോലെ ഞങൾ എല്ലാവരും ഇതൊന്ന് തുറക്കുന്നത് കാണാൻ ആകാംഷ പൂർവ്വം നോക്കി നിന്നു. 

കൊച്ചച്ചൻ മെല്ലെ കടലാസ് പെട്ടി തുറന്ന്, പുറത്തെടുത്ത സാധനം എന്താണ് എന്ന് എനിക്ക്  മാത്രമല്ല അമ്മക്കും മനസ്സിലായില്ല. “ഇതെന്താ മോനെ ഇത്?” “അമ്മച്ചി, ഇത് കുക്കർ ആണെന്ന് തോന്നുന്നു. പ്രഷർ കുക്കർ” . ചേച്ചിമാരിൽ ഒരാൾ പറഞ്ഞു. ഞങ്ങളുടെ നാട്ടിൽ അത്ര സാധാരണമല്ല അന്ന് ഈ സാധനം.  “ഇതെന്തിനാ മോനെ”? “അമ്മേ, ഇതിൽ ഭക്ഷണം വേഗം പാകം ചെയ്യാൻ കഴിയും”. “പക്ഷേ, മോനെ ഇത്രയും നല്ല പാത്രം അടുപ്പിൽ വച്ചാൽ, അത് കരിയും പുകയും മറ്റും പിടിക്കില്ലേ?” ‘‘ആ അതൊന്നും  സാരമില്ല..അമ്മ ഇതിൽ എന്തെങ്കിലും ഉണ്ടാക്കാൻ നോക്ക്.” ചേട്ടായി പറഞ്ഞു.. ‘‘മക്കളെ , അരി അടുപ്പത്തിട്ടോ?’’ “ഇല്ലമ്മെ’’ ചേച്ചിമാർ ഒരേ സ്വരത്തിൽ പറഞ്ഞു. ‘‘എങ്കിൽ നമുക്ക് ഇതിൽ ചോറ് വക്കാം.. അല്ലേ?’’. അമ്മ അരി കഴുകി  അരിയുടെ മേളിൽ ഒരു കുരിശും വരച്ച് “നന്മ നിറഞ്ഞ മറിയമേ കലം നിറച്ച് തരണേ” എന്ന് പതിവ് പോലെ പ്രാർത്ഥിച്ചു കൊണ്ട് അരി കുക്കറിൽ ഇട്ടു. 

“അമ്മേ കലം അല്ല കുക്കർ നിറച്ച് തരണേ എന്ന് പറ,” കുഞ്ഞാങ്ങള തിരുത്തി.. “മിണ്ടാതിരിക്കട.”. “അതിൽ വെള്ളം ഒഴിക്കണം അമ്മേ.” ചേട്ടായിയുടെ നിർദ്ദേശ പ്രകാരം ആവശ്യത്തിന് ഉള്ള വെള്ളവും ഒഴിച്ചു. ചേട്ടായി കുക്കർ അടച്ച് അടുപ്പത്ത് വച്ചു. “ഇത് എങ്ങിനെയാ വെന്തോ എന്നറിയുക? ഇത് തിളച്ച് തൂവുമോ ?” അമ്മയുടെയും ഞങ്ങൾ എല്ലാവരുടെയും ന്യായമായ സംശയം..

“അമ്മേ, ചോറ് വെന്ത് കഴിയുമ്പോൾ ഇതിൽ ഒരു വിസിൽ വരും”. “അതിപ്പോ എത്ര വിസിൽ വരും മോനെ? ഒന്നു വിസിൽ അടിച്ചാൽ ചോറ് വെന്ത് എന്ന് എങ്ങനെ മനസ്സിലാവും? പിന്നെ ചോറ് ഇതിൽ എങ്ങിനെ വാർക്കും? നമ്മുടെ അടച്ച് വാറ ഇതിന് ചേരത്തില്ലല്ലോ?”(ചോറ് ഊറ്റാൻ ഉപയോഗിക്കുന്ന തടി കൊണ്ട് നിർമിക്കപ്പെട്ട ഒരു പ്രത്യേക തരം അടപ്പാണ് അടച്ചുവാറ.) അമ്മയുടെ സംശയങ്ങൾക്ക് മറുപടി നൽകാൻ കുക്കർ വാങ്ങി വന്ന കൊച്ചാചനും അതിനെ പറ്റി അത്ര നല്ല ഒരു ധാരണ ഇല്ലെന്ന്  തട്ടീം മുട്ടീമുള്ള ഉത്തരത്തിൽ നിന്നും ഞങ്ങൾക്ക് മനസ്സിലായി. “നമുക്കു നോക്കാം അമ്മേ”ചേട്ടായി അത്രയും പറഞ്ഞു പുറത്തേക്ക് പോയി. ഞങ്ങൾ ബാക്കി എല്ലാവരും കുക്കർ കൂവുന്നത് കേൾക്കാൻ കാത് കൂർപ്പിചിരുന്നു. .

“ശൂ...” പെട്ടെന്നാണ് വിസിൽ അടിച്ചത്. കാതോർത്തിരുന്ന ശബ്ദം ആയിരുന്നെങ്കിൽ കൂടി ഞങ്ങൾ എല്ലാവരും ഇരിക്കുന്നിടത്ത് നിന്നും  ചാടി എണീറ്റു. എന്റെ മക്കളെ അതിന്റെ അടുത്തേക്ക് പോകണ്ട.. അമ്മ ഭയത്തോടെ പറഞ്ഞു. അപ്പോഴതാ അടുത്ത വിസിൽ.. ഞങ്ങളുടെ നെഞ്ചിടിപ്പ് കൂടി വന്നു. ഓരോരുത്തരായി പതുക്കെ കുക്കറിന്റെ സമീപത്ത് നിന്ന് മാറി പോകുമ്പോൾ ദേ വരുന്നു പിന്നെയും പിന്നെയും വിസിൽ... Seven minutes of terror!! എന്ന് അക്ഷരാർത്ഥത്തിൽ പറയാം.. എന്തും സംഭവിക്കാം.. “കൊച്ചെ, മോനെ ഒടിവാടാ”. “എറന്റെ യൗസേപ്പിതാവെ, ഞങ്ങളെ കാതോണെ”.അമ്മയുടെ ഉച്ചത്തിലുള്ള വിളി കേട്ട് കൊണ്ട് കരോട്ടെ പറമ്പിൽ നിന്നും കൊച്ചച്ചൻ ഓടി വന്നു. കുക്കറിൽ നിന്നും വീണ്ടും വീണ്ടും വിസിൽ ശബ്ദം മുഴങ്ങി കൊണ്ടിരുന്നു.. 

“അത് അടുപ്പിൽ നിന്നും മാറ്റാം അമ്മേ” . കൊച്ചച്ചൻ കുക്കർ മെല്ലെ അടുപ്പിൽ നിന്നും എടുത്തു.അപ്പോഴതാ അടുത്ത വിസിൽ. “യ്യോ’’ അല്പമൊന്ന് ഭയന്നെങ്കിലും ചേട്ടായി കുക്കറിന്റെ പിടി വിട്ടില്ല. “അതാ മേശപ്പുറത്തോട്ട് വക്ക്.” അമ്മ പറയുന്നത് കേട്ട് ചേട്ടായി അത് ഊണ് മുറിയുടെ മേശ മേൽ പതിയെ വച്ചു.. ഇനി ഇതെങ്ങനെ തുറക്കും.. കുക്കർ പാക്കറ്റിൽ ഉണ്ടായിരുന്ന ലഘു ലേഖ വായിച്ച് ചേട്ടായി പറഞ്ഞു , “അത് ആവി മുഴുവൻ പോയി തണുക്കുമ്പോൾ വേണം തുറക്കാൻ “ഓ ഇത് എത്ര സമയം ആവുമോ? ചോറ് നല്ലത് ആയിരിക്കുമോ ?” അമ്മയ്ക്ക് പിന്നെയും സംശയം ബാക്കി.. “മോളെ, ഒരു തവി’’ പറഞ്ഞു തീരുന്നതിനു മുമ്പ് തന്നെ ഞാൻ ഒരു ചിരട്ട തവി ചെട്ടായിക്കു നൽകി. 

ഇനിയും കാത്തിരിക്കാൻ ക്ഷമ ഇല്ലാതെ ചേട്ടായി, തവിയുടെ പിടി കൊണ്ട് കുക്കറിന്റെ വെയ്റ്റ് മെല്ലെ പൊക്കി.. പിന്നീട് സംഭവിച്ചത്... ഓർക്കുമ്പോൾ ഇപ്പോ മുഖത്ത് ചിരി വിടരും, പക്ഷേ അന്ന്... പേടിച്ച്.. വിറച്ച് ഒന്നും പറയണ്ട ... വെയ്റ്റ്  പൊങ്ങിയപ്പോൾ  വലിയ ഉച്ചത്തിൽ ആവി മുകളിലേക്ക് ഉയർന്നു. വെയ്റ്റ് തെറിച്ച് താഴെ വീണു.. സ്കൈ ലാബ് തകർന്ന് വീണത് പോലെ. കുക്കർ തുറക്കുന്നത് കാണാൻ നിന്ന ഞങ്ങൾ എല്ലാവരും പെട്ടെന്ന് രണ്ടടി പുറകോട്ട് മാറി. കറുപ്പു നിറമായിരുന്ന ഊണ് മുറിയുടെ മച്ചിൻ പുറത്തിൻ്റെ കുറച്ച് ഭാഗം നിമിഷ നേരം കൊണ്ട് വെള്ള നിറമായി. ആവി ഉയർന്ന് പൊന്തിയപ്പോൾ ചോറിന്റെ നേർത്ത തരികൾ പതിച്ചതാണ്.. പിന്നീട് എത്രയോ വർഷങ്ങളോളം ആ വെള്ളപ്പാട് ഞങ്ങളുടെ മച്ചിൻ മുകളിൽ ഉണ്ടായിരുന്നു. അൽപ സമയം കഴിഞ്ഞു ആവി നീങ്ങിയപ്പോൾ കൊച്ചാച്ചൻ മെല്ലെ കുക്കർ തുറന്നു..

“യ്യോ, ചോറ് മുഴുവനും വെന്ത് നല്ല അപ്പം പോലെ ആയല്ലോ. ഇനി ഇത് എന്താ ചെയ്യുക?’’ ‘‘ആ ഇത് മക്കളെ നമ്മുടെ കലത്തിൽ ഒഴിച്ച് ഒന്നൂടെ തിളപ്പിക്കാം, എന്നിട്ട് കഞ്ഞി ആയി കുടിക്കാം, അപ്പക്ക് ഇത്തിരി ചോറ് വേറെ വെക്കാം”. ആദ്യമായി വച്ച ചോറ് ശരിയാകാഞ്ഞതിലുള്ള ദുഃഖം ചേട്ടായിയുടെ മുഖത്ത് നിഴലിച്ചിരുന്നു. 

അമ്മ ചേട്ടായിയോടായി പറഞ്ഞു.. ‘‘മോനെ ആ  ടീച്ചറിൻ്റെ വീട്ടിൽ ഈ സാധനം ഉണ്ടെന്ന് തോന്നുന്നു.”. “അമ്മേ, അത് ശരിയാ. പാല് കൊടുക്കാൻ അവിടെ പോകുമ്പോൾ അവരുടെ അടുക്കള വശത്ത് കഴുകി വച്ചിരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്..’’ (അമ്മിണി പശുവിന് കറവ ഉള്ളപ്പോൾ അയൽപക്കത്തെ വീടുകളിൽ പാൽ കൊടുക്കും. ഞാനും ചേച്ചിയും കൂടി ആണ് പാൽ വിതരണത്തിന് ഇറങ്ങുക. തിരികെ വരുമ്പോൾ പാത്രങ്ങൾ നിറച്ചു സാധനങ്ങൾ കാണും. മേരി ചേടത്തി സ്നേഹപൂർവ്വം തന്ന് വിടുന്ന ഞാവൽ പഴങ്ങളും , ആത്തചക്കയും, ടീച്ചറിന്റെ പറമ്പിലെ ഇലഞ്ഞി പൂക്കളും, ഇരുമ്പൻ പുളിയും, കുറ്റിക്കാട്ടിൽ വളരുന്ന ഞാറപ്പഴം ,പൂച്ചപ്പഴം എന്നിങ്ങനെ ) “എങ്കിൽ പിന്നെ ടീച്ചറോട് ചോദിച്ച് ഇതിന്റെ ഗുട്ടൻസ് മനസ്സിലാക്കാം”.. ചേട്ടായി പറഞ്ഞു.  

“എടി മക്കളെ, അതൊന്ന് ശരി യായ് കഴുകി വെക്കണം കേട്ടോ” “ചാരവും ഇത്തിരി മണലും കൂടി ചകിരിയില് വച്ച് നന്നായി കഴുകണം, എങ്കിലേ കരിയൊക്കെ പോകൂ..” ഓ, ഇത് വലിയ പണിയായല്ലോ ചേച്ചിമാർ പരസ്പരം പറഞ്ഞു. (വിം, ഡിഷ് വാഷ്,  scrubber എന്നിത്യാദി സാധനങ്ങൾ ഒന്നും തന്നെ അന്ന് ഉണ്ടായിരുന്നില്ല.. പിന്നെ ആകെയുള്ള 501 ബാർ സോപ്പ് ചകിരിയിൽ വച്ച് ചാരവും മണലും കൂട്ടി കഴുകിയാണ് കരിപാത്രങ്ങൾ വെളുപ്പിച്ചെടുക്കുന്നത്..)

വൈകുന്നേരം ആയപ്പോൾ അമ്മയുടെ കുക്കർ വിവരണത്തിന്റെ ഭംഗിയാൽ  ഭവാനി അമ്മയും മറിയാമ്മ ചെടത്തിയും എന്തിന് അക്കരെ നിന്ന് കാത്തു പണിക്കത്തി വരെ വീട്ടിൽ കുക്കർ കാണാൻ വന്നു. അന്നൊക്കെ അങ്ങനെയാണ്.. ഒരു വീട്ടിൽ എന്തെങ്കിലും ഉണ്ടെങ്കിൽ അയൽപക്കത്തെ എല്ലാവർക്കും അറിയാം.. 

ഒരാഴ്ച കഴിഞ്ഞു.. ചേട്ടായി, ടീച്ചറോട് ചോദിച്ചു കുക്കറിന്റെ സാങ്കേതിക വിദ്യകൾ മനസ്സിലാക്കി. അടുത്ത ഞായറാഴ്ച  ചേട്ടായി പള്ളിയിൽ നിന്നും വന്നത് കവലയിൽ നിന്നും പോത്തിറച്ചിയും വാങ്ങിയാണ്.. കുക്കറിൽ വക്കാൻ.. എന്തായാലും ഇത്തവണ കുക്കർ വിസിൽ അടിച്ചപ്പോൾ ഞങ്ങളാരും പേടിച്ചില്ല, തന്നെയുമല്ല പോത്ത് നല്ല ഭംഗിയായി വെന്ത് വരികയും ചെയ്തു. ഉച്ചക്ക് സന്തോഷ പൂർവ്വം എല്ലാവരും പോത്ത് കറി കൂട്ടി ചോറുണ്ടു.. അത് കൊണ്ട് തന്നെ കുക്കർ കഴുകാൻ ഞങ്ങൾക്ക് മടിയുണ്ടായില്ല..

ദിവസങ്ങൾ മാസങ്ങളും വർഷങ്ങളും ആയി. അന്നത്തെ കുക്കർ പിന്നീട് വേറെ കുക്കറുകൾക്ക് വഴി മാറി. മച്ചിൽ പറ്റിയ വെള്ളപ്പാടും കാലക്രമേണ മാറി വന്നു.. വർഷങ്ങൾക്കിപ്പുറം ആ തറവാട് തന്നെ ഇല്ലാതായി.. എങ്കിലും ഓർമകൾക്ക്  ഇന്നും ആ പഴയ വർണങ്ങൾ തന്നെ.. ചൊവ്വയിൽ പോയാലും ഇതൊക്കെ എങ്ങിനെ മറക്കും?

ഒരു ചെറിയ സംശയം ബാക്കി.. ചൊവ്വയിൽ എത്തി ബീഫ് വെക്കുമ്പോൾ കുക്കർ കൂവിയില്ലെങ്കിൽ..???

വാൽകഷ്ണം:  പണ്ട് മുതലേ, നാസയുമായി ഞങ്ങളുടെ നാടിന് അനിഷേധ്യ ബന്ധമാണ്. സ്കൈ ലാബ് തകർന്നപ്പോൾ ഞങ്ങളുടെ നല്ലവരായ നാട്ടുകാർ അത് ലോകാവസാനം ആണെന്ന് പറഞ്ഞ് പരത്തി.. നാട്ടുകാരെ അവിശ്വസിക്കാതെ സ്നേഹ നിധിയായ ഞങ്ങളുടെ ഒരു വലിയമ്മ പൊരുന്ന വക്കാനായി എടുത്ത് വച്ചിരുന്ന കോഴിമുട്ടകൾ പൊരിച്ച് വലിയപ്പനും മക്കൾക്കും അത്താഴം കൊടുത്തു. ശേഷിപ്പ്‌ സ്വയം ഭക്ഷിച്ച്, ചെയ്‌തു പോയ തെറ്റ്‌കുറ്റങ്ങൾക്ക് കർത്താവിനോടു ക്ഷമ ചോദിച്ച്, സ്വർഗ്ഗരാജ്യം സ്വപ്‌നം കണ്ടുറങ്ങി. പിറ്റെന്ന്, ‘‘ഇത്തിരി തേയില വെള്ളം കിട്ടൂവ്വോടീയ്യേ” എന്ന പതിവ് ചോദ്യം കേട്ട് എണീറ്റ വലിയമ്മ സ്വയം ആശ്വസിച്ചു. “ആ, കോഴി ഇനിയും മുട്ട ഇടും!’’

English Summary: ‘Nasayum cookerum pinne njangalum’, Story written by Molamma Mathew

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;