ADVERTISEMENT

ഓപ്പറേഷൻ മിയാമി (കഥ)

ഈ ലോകത്ത് വെച്ച് എറ്റവും വലിയ ഭാഗ്യവാൻ ഐസ്കാരനാണെന്ന് വിശ്വസിച്ചിരുന്ന ഒരു ബാല്ല്യമുണ്ടായിരുന്നു. തോന്നുമ്പോൾ ഐസ് തിന്നാൻ പറ്റുന്ന ആളെക്കാൾ വലിയ മഹത്വമുള്ള ആളെയൊന്നും ആ പ്രായത്തിൽ ഞാൻ കണ്ടിട്ടില്ല.

 

ചമ്പൽകാടുകളിലെ കൊള്ളക്കാരെ പറ്റി ഉപ്പ പറഞ്ഞ് തന്നിട്ടുണ്ട്, അത്‌ പോലെ തന്നെ കൊങ്കൺ തുരങ്കം വഴി ബോംബെയിലേക്ക് ട്രെയിൻ പോകുമ്പോൾ കൂരാ കൂരിരുട്ടിലും, മറ്റിടങ്ങളിലും പതുങ്ങിയിരുന്ന് തക്കതായ പ്ലാനോട് കൂടെ വിക്രസുകൾ ഒപ്പിക്കുന്ന കള്ളന്മാരുടെ ദുർചെയ്തികളെ പറ്റി.

 

അന്ന് രാത്രി ഞാനൊരു സ്വപ്നം കണ്ടു, കൊങ്കൺ പാളത്തിലൂടെ  കോടാനുകോടി ബോഗികളിൽ നിറയെ കോലയ്സുകൾ കുത്തിനിറച്ച് കൊണ്ട് നീങ്ങുന്ന ട്രെയിൻ.

 

മുൻഭാഗത്ത് സൈക്കിളിന്റെ ഹാൻഡിലും ഉടനീളം സൈക്കിളിന്റെ ചക്രവുമുള്ള ഇന്നേ വരെ കണ്ടിട്ടില്ലാത്ത അമാനുഷിക കോലത്തിലുള്ള ചൂളം വിളിച്ച് പായുന്ന ആ ട്രെയിനുള്ള ഐസ് വില്പനക്കാരൻ.

 

കോലയ്‌സിലെ അലിഞ്ഞിറ്റുന്ന വെള്ളം കണക്കെ രാത്രി പകലിലേക്ക് അലിഞ്ഞ് ചേർന്നു.

 

ഉള്ളിലെ കാട്ടിൽ വമ്പൻ പ്ലാൻ നടക്കുകയാണ്, കോടികൾ വിലമതിക്കുന്ന വിവിധയിനം ഐസുകളുള്ള ആ മോഹന വാഹനത്തെ റാഞ്ചിയെടുത്ത് ഡ്രൈവറെ കിഡ്നാപ് ചെയ്ത് ഐസ് മൊത്തം കൈക്കലാക്കി തിന്ന് മുടിപ്പിക്കാനുള്ള പദ്ധതി.

 

വട്ടത്തിലിരുന്ന് തീ കാഞ്ഞ് കൊണ്ട്, സിപ് അപ്പ്‌ ഐസ് തിന്ന് ചർച്ച കൊഴുപ്പിക്കുന്ന, ആ കുട്ടിക്കൊള്ളപ്പടയുടെ നടുക്ക് തലവനായി ഇരുന്ന് കാര്യങ്ങൾ തീരുമാനിക്കുന്നത് ഈ ഞാൻ.

 

അതിന് മുമ്പേ ചീറ്റിപ്പോയ ഏതോ ഐസ് പദ്ധതിയിൽ നിന്നും ലഭിച്ച ഗുണപാഠങ്ങളും ചർച്ചക്ക് വെച്ചിട്ടുണ്ട്.

 

‘ദി മിയാമി ഐസ് എക്സ്പ്രസ്സ്‌’ എന്ന ട്രെയിനിന്റെ നെയിം ബോർഡ്‌ കണ്ണിലേക്ക് തെളിഞ്ഞ് വരുമ്പോൾ ഞെട്ടി ഉണരുന്നതായിരുന്നു സ്വപ്നം.

 

ഞാനാകെ വിയർത്തിരുന്നത് കൊണ്ട് ശരിക്കും പെട്ടിയിൽ നിന്നും പുറത്തേക്ക് വെച്ച ഐസിനെ ഞാനപ്പോൾ ഓർമ്മിച്ചു.

 

കറന്റ്‌ പോയിരുന്നത് കൊണ്ട് വീടിന്റെ ചുറ്റുമുള്ള നിശബ്ദമായ ചെറു ശബ്ദങ്ങൾ വരെ കൊള്ളക്കാരുടെ കാലടിയൊച്ചകളെ അനുസ്മരിപ്പിച്ചു കൊണ്ട് വീടിനകത്തേക്ക് ഇഴഞ്ഞു കയറി. അതോടൊപ്പം ഞാൻ ഉമ്മാടെ നെഞ്ചത്തേക്കും.

 

ശൈത്താൻ വരാതിരിക്കാനുള്ള ദുആ ചൊല്ലാത്തോണ്ടാണെന്ന് ഉമ്മ പതിവ് പോലെ എന്നെ ശകാരിച്ചു.

 

‘ശൈത്താനല്ല ഉമ്മ കള്ളന്മാരാ’ എന്ന് ഞാനെന്റെ മനസ്സിൽ പലയാവർത്തി പറഞ്ഞു പിന്നെ എപ്പോളോ ഉറങ്ങിപ്പോയി.

 

പിറ്റേന്ന് എന്റെ വീടിന്റെ മുമ്പിൽ ശരിക്കും എന്നെ ഞെട്ടിച്ചു കൊണ്ട് ഒരു സംഭവമുണ്ടായി.

 

വീടിന്റെ അകത്ത് പാൽപ്പൊടി കലക്കി ഫ്രിഡ്ജിൽ വെച്ച് ഐസ് ആക്കി തിന്നാൻ ആലോചിച്ച് കൊണ്ടിരിക്കുന്ന എന്നെ ശല്യപ്പെടുത്തിക്കൊണ്ട് ഒരാൾ വന്ന് വീടിന്റെ കാളിങ് ബെൽ അടിച്ചു.

 

ഞാൻ ഉമ്മറത്തേക്ക് കർട്ടന്റെ വിടവിലൂടെ പതിയെ എത്തിച്ചു നോക്കി.

 

സ്വപ്നത്തിലെ ബാക്കി ഭാഗം എനിക്കപ്പോൾ ഓർമ്മ വന്നു, ദെ നമ്മുടെ മിയാമി എക്സ്പ്രസിന്റെ ലോക്കോ പൈലറ്റ് അതെ, അതെ രൂപം ഇതയാൾ തന്നെ.

 

ഞാൻ പേടിച്ച് വാതിലിന് പിന്നിലേക്ക് മറഞ്ഞ് നിന്നു. ‘‘ആരാ അവിടെ’’ എന്ന് ചോദിച്ച് വന്ന എന്റെ ഉമ്മ പെട്ടെന്ന് തന്നെ അകത്തേക്ക് പോണത് കണ്ടു, പിന്നെ ദെ വീണ്ടും അയാളുടെ മുമ്പിലേക്ക് ഓടി പോകുന്നു.

 

എന്തോ പ്രശ്നമുണ്ട് ഞാൻ പലതും ആലോചിച്ചു, പെട്ടെന്ന് വാതിലിന്റ മറവിലേക്ക് ഒരു സ്റ്റീൽ പാത്രം നീണ്ടു വന്നു.

 

‘ടാ കൊതിയാ തിന്ന്’ ഐസ് കൊതിയന്റെ മുമ്പിൽ തന്നെ വന്നു വീണല്ലോ ആ പാവം മനുഷ്യൻ എന്ന് അതോട് കൂടെയുള്ള ഉമ്മയുടെ രോധനവും.

 

എന്റെ വീടിന്റെ മുമ്പിൽ ഒരു ഐസ് കച്ചവടക്കാരൻ സൈക്കിളിൽ നിന്നും മുതുക് തല്ലി വീണിരിക്കുന്നു.

 

ഉള്ള സന്തോഷത്തെ ഹൃദയത്തിന്റെ വിടവിലെവിടെയോ കുത്തിത്തിരുക്കി ഞാൻ ഇല്ലാത്ത സങ്കടത്തെ പുറത്തേക്ക് അഭിനയിച്ച് ഫലിപ്പിക്കാൻ കഷ്ടപ്പെട്ടു.

 

പിന്നീടൊക്കെ അത്രക്കധികം ഐസ് തിന്ന് കൂട്ടിയ ബാല്ല്യം തണുത്ത് വിറച്ച് പെട്ടെന്ന് മരിച്ചു പോയെന്ന് ഞാൻ ഐസ്കാരെ കാണുമ്പോഴെല്ലാം ചുമ്മാ ഓർക്കും.

 

പണ്ട് ഐസ് വാങ്ങുമ്പോൾ മിണ്ടലും മിണ്ടാട്ടവുമില്ല ഐസിന്റെ പേര് പറയുന്നു, കിട്ടിയ കോലയ്സ് നക്കിക്കൊണ്ട് പൈസ നിലത്തോ.. അതോ അയാളുടെ കയ്യിലേക്കോ എവിടേക്കേലും വലിച്ചെറിഞ്ഞ് അലിഞ്ഞില്ലാതാവുന്നതിന് മുന്നേ നുണഞ്ഞിറക്കണം എന്ന ഒറ്റപ്പൂതിയും, അറ്റം കൊതിയുമുള്ള തെറിച്ച ബാല്ല്യവുമായി അലമ്പനായി ജീവിച്ചു പോന്നു.

 

ഓർമ്മകൾ നിലനിൽക്കുന്ന കാലത്തോളം ലോകോത്തര ബ്രാൻഡ് നെയിം കണ്ടതിനേക്കാൾ ആകാംക്ഷയോടെ മേലും കീഴും നോക്കാതെ ബ്രേക്കിടുന്നത് ബാല്ല്യം ഒലിക്കുന്ന ബ്രാൻഡ് നെയിം .

അത്‌ മിയാമി തന്നെ.

 

പക്ഷേ ട്വിസ്റ്റ്‌ കിടക്കുന്നത് അവിടെയല്ല, ഞാൻ ഐസിനെ കൊതിക്കുന്ന പ്രായത്തിനേക്കാൾ കുറച്ച് മൂപ്പിൽ തുടങ്ങിയ മിയാമിക്കാരന്റെ ഐസ് കച്ചവടത്തെ പറ്റി ഇന്നറിഞ്ഞപ്പോഴാണ്.

 

ഏത് കാലത്തിലും, ഏത് പ്രായത്തിലുമാണ് അയാൾ ഐസുമായി ജീവിതം അലിയിച്ചു തുടങ്ങിയതെന്ന നിമിഷം അറിഞ്ഞത് മുതലാണ്. ഇരുപത്തഞ്ച് പൈസക്കാണ് അയാൾ ആദ്യമായി ഐസ് വിറ്റതെന്ന ഞെട്ടിക്കുന്ന സത്യം അറിഞ്ഞത് മുതൽക്കാണ്. ഇളം മൊട്ടു പ്രായത്തിൽ ഐസിന്റെ തണുപ്പും പേറി ജീവിതത്തിന്റെ ചൂടാറ്റി കഷ്ടപ്പെട്ടിരുന്നെന്ന് കേട്ടിരുന്നപ്പോഴാണ്.

 

പണ്ടത്തെ മിയാമി കമ്പനി പൂട്ടിപ്പോയെന്നും അപ്പോൾ എന്റെ ജീവന്റെ അറ്റം പിടിച്ച ആ പേരിനെ ന്യൂ മിയാമിയാക്കി മാറ്റി വീണ്ടും കാലെടുത്തു കുത്തി എന്ന് എന്റെ ചെവിക്കപ്പിലേക്ക് വാക്കിന്റെ ഐസ്ക്രീം കോരിയൊഴിച്ചപ്പോഴാണ് 

 

ഒരു ഐസ് പോലും ചിലവാവാതിരുന്ന ദിവസങ്ങളുണ്ടായിരുന്നെന്നും,

ഐസ് അധികം പോവാത്ത മഴക്കാലങ്ങൾ ഉണ്ടായിരുന്നെന്നും അയാളിൽ നിന്നും പൊള്ളലോടെ കേട്ടപ്പോഴാണ്.

 

എല്ലാം പറയുമ്പോളും അത്ര കാലം വിറ്റ് തീർത്ത പാലയ്സിന്റെ നിറമുണ്ടായിരുന്നു അയാളുടെ ചിരികൾക്കും എല്ലാ വാക്കുകൾക്കും .

 

എങ്കിലും അപ്പോളല്ല., ഇപ്പോളെങ്കിലും അയാൾ ഒരു ഐസ് എങ്കിലും ആസ്വദിച്ച് തിന്നിട്ടുണ്ടാവുമോ..? എന്ന എന്റെ ചിന്തയുടെ തണുത്ത് വിറക്കലിലാണ്. ഞാൻ അപ്പോൾ തിന്ന് കൊണ്ടിരുന്ന ഐസ് മൊത്തം ഉരുകിയൊലിച്ചത്.

 

English Summary: Operation miami, Malayalam short story                                              

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com