ADVERTISEMENT

ക്രിസ്തുമസ് രാവ് (കഥ)

കഷ്ടപ്പെട്ട് ഉറക്കത്തെ ഒന്ന് പിടിച്ചുകെട്ടാൻ തുടങ്ങുമ്പോഴാണ് കേട്ടത്... വാതിലില് ആ മുട്ട്... ആരായിരിക്കാം?

 

ക്രിസ്മസ് രാവ് എന്നുകരുതി പ്രത്യേകിച്ച് ഒരു മാറ്റം ഇല്ലായിരുന്നു. പതിവ് ദിനം പോലെ ഏകാന്തതയുടെ മടുപ്പ് അകറ്റാൻ ഏതോ ഒരു ബുക്കിനകത്ത് ഊളിയിട്ടു മയങ്ങി വരുമ്പോഴാണ് ആണ് ആ മുട്ട് ഒന്നുകൂടി കേട്ടത്. അല്ലേലും  ഉറക്കങ്ങൾ എല്ലാം ഇപ്പോൾ മയക്കങ്ങൾ മാത്രമാണ്. ഗാഢനിദ്ര ഒരു സ്വപ്നവും..

 

തൊട്ടപ്പുറത്തെ പള്ളിമേടയിൽ മണിമുഴങ്ങുന്നു.. പുലരുന്നതുവരെ വരെ പ്രാർത്ഥനകളും ഹോളിമാസ്സ് കരോളുകളും കാണും.. അതുകൊണ്ടുതന്നെ റോഡിൽ എപ്പോഴും ആൾ തിരക്കാണ്. പേടിക്കാൻ ഒരു കാര്യവുമില്ല ഇല്ല. എന്നിട്ടും എന്തേ പേടി തോന്നാൻ

ഇനി തോന്നിയതാണോ? അല്ല, വീണ്ടും കതകിൽ തട്ട്.. വിരുന്നുകാരൊന്നും കയറിവരാൻ ഇല്ലാത്തതുകൊണ്ട് ഞെക്ക് വിളി മണി എന്നേ നിശ്ചലമായി കഴിഞ്ഞു. ക്രിസ്മസ് അറിയിച്ചുകൊണ്ടുള്ള  പുൽക്കൂടും നക്ഷത്രങ്ങളും ഒന്നും ഇല്ല. കുട്ടി കരോൾ സംഘങ്ങളുടെ ശല്യം ഒഴിവാക്കാനായി ഉമ്മറത്ത് ലൈറ്റും അണച്ചിരുന്നു എന്നിട്ടും ആരാണ് കതകിന് തട്ടാൻ ? തുറക്കാതെ ഇരുന്നാലോ?

 

വീണ്ടും കതകിൽ തട്ടുന്നു.. തുറക്കുക തന്നെ. നോക്കിയപ്പോൾ ഒന്നും കാണാൻ വയ്യ. ഇരുട്ട് കൊണ്ടല്ല.. വെളിച്ചം കാരണം.  മുറ്റത്താകെ വെളിച്ചം. ഒരുകൂട്ടം നക്ഷത്രങ്ങൾ മണ്ണിലേക്കിറങ്ങി വന്നിരിക്കുന്നു. വിവിധ രൂപത്തിലും കോലത്തിലും ഉള്ളവ, അമ്മ നക്ഷത്രങ്ങളും കുഞ്ഞു നക്ഷത്രങ്ങളും അമ്പരപ്പിക്കുന്ന കാഴ്ച കണ്ടിട്ടാവണം ഭീതി എങ്ങോ പോയി,

 

മുറ്റത്തേക്ക് തന്നെ ഇമവെട്ടാതെ നോക്കി...

അതാ ആ നക്ഷത്രങ്ങൾക്കിടയിൽ നിന്ന് ഒരു രൂപം അനങ്ങുന്നു .ചുവന്ന ഉടുപ്പിട്ട ഒരു കുഞ്ഞു മനുഷ്യൻ. വെള്ള താടിയും ചുവന്ന തൊപ്പിയും. കയ്യിൽ ഒരു ഭാണ്ഡക്കെട്ട്, ഒരു ചുവന്ന ഭാണ്ഡം  ഇതാരാ? ആരാ സാന്റാ..

ക്രിസ്തുമസ് പപ്പാ...

 

അവളുടെ ചുണ്ടുകളിൽ കാലങ്ങളായ് കെട്ടി കിടന്ന പുഞ്ചിരി അണപൊട്ടി...

ഓർമ്മവെച്ച കാലത്തും ഓരോരോ ക്രിസ്മസ് രാവുകളിലും ആകാംഷയോടെ കാത്തിരുന്ന പപ്പാ... ചിമ്മിനിയിൽ കൂടി ഇറങ്ങി വന്നു നമ്മൾക്കാവശ്യമുള്ളതെല്ലാം ആരുമറിയാതെ,  ക്രിസ്തുമസ് മരത്തിന്റെ കീഴിൽ കൊണ്ടു വെച്ചു പോകുന്ന നമ്മുടെ സ്വന്തം പപ്പാ. ഓരോ ക്രിസ്മസ് രാവിലും എഴുതി കൂട്ടിയ ആഗ്രഹതുണ്ടുകൾക്ക് പിറ്റേന്നത്തെ കുപ്പത്തൊട്ടിയിൽ ചേക്കേറാനേ വിധി ഉണ്ടായിരുന്നുള്ളൂ. ഒരിക്കൽപോലും ആഗ്രഹിച്ചതൊന്നും തന്നെ നേടിയിട്ടില്ല. പ്രാരാബ്ധങ്ങളും ഉത്തരവാദിത്വങ്ങളും തലയിൽ വച്ച് കെട്ടുന്നതിന് മുന്നെ  കണ്ട അനേകം സ്വപ്നങ്ങളിൽ  ഒരെണ്ണം മാത്രം... ക്രിസ്മസ് പപ്പാ..

ഒരു ക്രിസ്മസ് രാവ് ആയിട്ട് ഒറ്റയ്ക്ക് ഇരിക്കുകയാണോ കൊച്ചരിപ്പല്ലുകൾ കാട്ടി അദ്ദേഹം ചിരിച്ചു.. കുറെ പൊതികൾ പുറത്തേക്കെടുത്തു. ഭംഗിയായി പൊതിഞ്ഞ് പല വർണ്ണങ്ങളിലുള്ള ഉള്ള സമ്മാനപ്പൊതികൾ....

 

പുലരും വരെ സമയമുണ്ട് കെട്ടോ? ഓരോന്നായി തുറന്നു നോക്കിക്കോളൂ...ഇനിയും ഒരുപാട് സ്ഥലത്ത് പോകാനുണ്ട് ഉണ്ട്.. ഞാൻ വേണ്ടേ എല്ലായിടത്തും എത്താൻ?

പപ്പാ ഭാണ്ഡക്കെട്ട് തോളിലേക്കെറിഞ്ഞു ഒരു ഫ്ലൈയിങ് കിസ്സും തന്ന് കയ്യും വീശി പെട്ടെന്ന് അപ്രത്യക്ഷമായി ..

 

നക്ഷത്രങ്ങളുടെ വെള്ളിവെളിച്ചം അവിടമാകെ പരക്കുന്നുണ്ടായിരുന്നു .ഇളം മഞ്ഞു പൊഴിയുന്ന  നനുത്ത തണുപ്പിന് എന്തൊരു സുഖമായിരുന്നു... എവിടെനിന്നോ വന്ന തെന്നൽ കുന്തിരിക്ക മണം പേറി....

ഹാ എന്തൊര് സുഗന്ധം...

അവൾ സമ്മാനപൊതികൾ ഒന്നോന്നായി അഴിക്കാൻ തുടങ്ങി...

 

വർണ്ണ ബലൂണിൽ തൂങ്ങിയാടുന്ന കുഞ്ഞു സ്വപ്നങ്ങളുടെയും ആഗ്രഹങ്ങളുടെയും നെടുവീർപ്പായിരുന്നു ആദ്യത്തേതിൽ... കൗമാരത്തിന്റെ നിശ്വാസങ്ങൾ ഏറ്റ് വിടർന്ന പൂക്കളുടെ വസന്തമായിരുന്നു അടുത്തതിൽ. കാല്പനികതയുടെ കണ്ണഞ്ചപ്പിക്കുന്ന യൗവനമുത്തുമണികളായിരുന്നു പിന്നത്തേതിൽ....

അടുത്തത്....

വേണ്ട അത് തുറക്കണ്ട...

വാർദ്ധക്യത്തിനതീതമായ പട്ട്കിനാക്കൾ നെയ്യാൻ തുടങ്ങുകയായിരുന്നു..

ഏതെല്ലാം കാലത്തിന് വിട്ട് കൊടുക്കേണ്ടി വരുമെന്നറിയാതെ...

നഷ്ട്ടപെടാൻ പോകുന്നവ എന്തെന്ന് കാലേകൂട്ടി അറിഞ്ഞിട്ടെന്ത് പ്രയോജനം?

അവൾ ആ പൊതി മാറോട് ചേർത്തു...

എന്തെന്നില്ലാതെ ഒരാത്മ നിർവൃതി...

ഉറക്കം തൂങ്ങിയ കൺപോളകൾ അവളെ ഗാഢനിദ്രയിലേക്കാനയച്ചു... ബലൂണുകളും, പൂക്കളും, മുത്തുകളും, നക്ഷത്രങ്ങൾക്കൊപ്പം കുന്തിരിക്ക കാറ്റിന്റെ തോളിലേറി ആനന്ദ നിർത്തമാടി...

 

രാവിലെ മുറ്റം അടിച്ചു വാരാൻ വന്ന ചേച്ചിയാണ് തണുത്ത് മരവിച്ച് പോയ അവളെ കുറിച്ച് മറ്റുള്ളവരെ അറിയിക്കുന്നത്. അവർക്കാകട്ടെ അമ്പരപ്പും....

മാറോടണച്ച പെട്ടിയിൽ ശൂന്യത മാത്രമായിരുന്നു...

അവിടെ പാറി നടന്ന വർണ്ണ കടലാസുകളിൽ വചനങ്ങളും...

‘മരണം ഗാഢനിദ്ര പോലെയാണ്’

അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തുതി...

ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം..

 

English Summary: Christmas Ravu, Malayalam short story by Lasin

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com