ADVERTISEMENT

ആശകളും ആശയടക്കങ്ങളും

നമ്മൾ ഒരുപാടു കേട്ടിട്ടുള്ള ഒരു വാചകം ആണ് ആഗ്രഹിക്കുന്ന ഒരു കാര്യത്തിന് വേണ്ടി ആത്മാർഥമായി ശ്രമിച്ചാൽ ഈ ലോകം തന്നെ കൂടെ നിൽക്കും എന്ന്. അത് വളരെ സത്യമായ ഒരു കാര്യം തന്നെ ആണ്. പക്ഷേ, ജീവിതത്തിലെ പല സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും മറ്റുള്ളവർക്ക് വേണ്ടി ഒരു ചെറു നൊമ്പരത്തോടെ അല്ലെങ്കിൽ സന്തോഷത്തോടെ തന്നെ വേണ്ടെന്നു വയ്ക്കുന്ന ഒരുപാടു മനുഷ്യർ ഉണ്ട്. അവരെ നമുക്ക് നമ്മിൽ തന്നെയും നമ്മുടെ കുടുംബത്തിലും സുഹൃത്തുക്കൾക്ക് ഇടയിലും എല്ലാം കാണാൻ കഴിയും. ഞാൻ ഒരു ഫെമിനിസ്റ്റ് അല്ല. എന്നാലും പറയട്ടെ ഇങ്ങനെയുള്ളവരിൽ ഏറെയും സ്ത്രീകൾ ആണ്. സ്വന്തം മാതാപിതാക്കൾക്ക് വേണ്ടി, സഹോദരങ്ങൾക്ക് വേണ്ടി, ഭർത്താവിന് വേണ്ടി, മക്കൾക്ക് വേണ്ടി, ഭർതൃ വീട്ടുകാർക്ക് വേണ്ടി എന്തിനു ഈ സമൂഹത്തിനു വേണ്ടി സ്വന്തം ആഗ്രഹങ്ങളെ കുഴിച്ചു മൂടേണ്ടി വരുന്നുണ്ട്.

 

കുട്ടിക്കാലത്തു ടൂർ പോകണം എന്നോ സിനിമക്ക് പോകണം എന്നോ പറയുമ്പോൾ കല്യാണം കഴിഞ്ഞ് ഭർത്താവിന്റെ കൂടെ പോയ്ക്കൊള്ളൂ എന്നുള്ള മറുപടിയിൽ തുടങ്ങുന്നതാണ് ആഗ്രഹങ്ങളെ മൂടി വയ്ക്കാനുള്ള പ്രാക്ടീസ്. ഏതേലും കല പഠിക്കണം എന്ന ആഗ്രഹം ഉണ്ടായിട്ടും വീട്ടിലെ സാമ്പത്തിക സ്ഥിതി ആലോചിച്ചിട്ട് അത് പിന്നീട് ആകാം എന്ന് സ്വന്തം മനസിനെ പഠിപ്പിച്ചിട്ട് ആ ആഗ്രഹത്തെ വലിച്ചെറിയുന്നു. എന്നാൽ പഠിച്ചു കഷ്ടപ്പെട്ട് ഒരു ജോലി നേടിയാൽ പോലും ഇത് സാഷാത്കരിക്കാൻ പറ്റാത്ത ആളുകളെ അറിയാം. ഓരോ മാസവും ബാങ്കുകാർക്ക് കാശ് അടച്ചു തീർക്കാൻ ഉള്ള നെട്ടോട്ടത്തിൽ സ്വപ്നം ഒക്കെ ബാങ്ക് ലോക്കറിൽ തന്നെ വച്ച് പൂട്ടേണ്ടി വരുന്നു.

 

പിന്നീട് വിവാഹ ശേഷം സംഭവിക്കുന്നതും ഇതിന്റെ എല്ലാം ഒരു തുടർകഥ തന്നെ ആണ്. സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന കാര്യത്തിൽ പോലും ഭർത്താവിനെ ബോധിപ്പിച്ചു ജീവിക്കേണ്ടി വരുമ്പോൾ ആഗ്രഹ സഫലീകരണത്തിന് എവിടെ ആണ് സ്ഥാനം? സ്വന്തം ശമ്പളത്തിൽ നിന്ന് സ്വന്തമായി എന്തേലും ചെയ്യണം എങ്കിൽ പോലും ഭർത്താവിന്റെ അനുവാദം കിട്ടുക എന്നത് ഒരു ബാലികേറാമല ആണ്. ജീവിതത്തിൽ സ്വന്തം ആയി എന്തേലും ഒക്കെ ക്രീയേറ്റീവ് ചെയ്യണം എന്ന് ആഗ്രഹിക്കാത്തവർ കുറവാണ്. പക്ഷേ അവരിൽ പലരും തന്നെ മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്കും ഇഷ്ടങ്ങൾക്കും അനുസരിച്ച് സ്വന്തം ഇഷ്ടങ്ങളെ തൊട്ടാവാടി ഇലകൾ പോലെ മടക്കി തന്നിലോട്ട് തന്നെ ചേർത്തുവച്ചു ജീവിക്കേണ്ടി വരുന്നു. 

 

മധ്യവയസ്കയായ ഒരു സ്ത്രീക്ക് ഒരു മോഡേൺ വസ്ത്രം ധരിക്കണം എങ്കിലോ പുതിയതായി എന്തെങ്കിലും പഠിക്കണം എങ്കിലോ ആദ്യം ചിന്തിക്കുന്നത് ഭർത്താവ് അല്ലെങ്കിൽ മക്കൾ സമ്മതിക്കുമോ എന്നാണ്. ചില വീട്ടുകാർ, അവർ നിഷ്‍കളങ്കർ ആണെന്ന് കാണിക്കാൻ വേണ്ടി പറയും എനിക്ക് സമ്മതം ആണ്, പക്ഷേ ആളുകൾ എന്തേലും ഒക്കെ പറയും. ഈ വക ഡയലോഗുകൾ കേൾക്കുമ്പോൾ ഏത് ജാൻസി റാണിയും പിൻവാങ്ങും. ഇങ്ങനെ നീളുന്നു ആശകളും ആശയടക്കങ്ങളും .

 

English Summary: Giving up your dreams and ambitions for others

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com