എന്നെയോർത്ത് എനിക്കുതന്നെ അഭിമാനം തോന്നിയ ആ അവസാന യാത്ര

died
Representative Image. Photo Credit : Skyward Kick Productions / Shutterstock.com
SHARE

അവസാന യാത്ര (കഥ)

കൈകൾക്ക് വല്ലാത്തൊരു വിറയൽ അനുഭവപെട്ടു. ദേഹമാസകലം പെട്ടെന്ന് ഒരു ചൂടും. ഞരമ്പുകൾ പലതും കൂടുതൽ വ്യക്തമായി തെളിഞ്ഞുവരുന്നു. വിയർപ്പുതുള്ളികൾ നന്നായി പൊടിക്കുന്നുമുണ്ട്. അതെ ഞാൻ മരിക്കാൻ പോകുന്നു. എന്റെ അന്ത്യനിമിഷങ്ങൾ ഇതുതന്നെ.

കണ്ണുകൾ ഇറുക്കിയടച്ചുകൊണ്ട് മറിയാമ്മ ചേടത്തി പറയുന്നുണ്ട്. നല്ലൊരു മനുഷ്യനായിരുന്നുവെന്ന്. ചുറ്റും ഉള്ള നിറങ്ങൾ ഒക്കെ തന്നെ വെള്ളയും കറുപ്പും ഒക്കെയായി മാറുന്നുണ്ട്. ഞാൻ മരിച്ചതിൽ ആർക്കൊക്കെയോ സമാധാനം കിട്ടിയതിന്റെ ഭാഗമായുള്ള വെള്ളയും, ആർക്കൊക്കെയോ ദുഃഖം പരത്തിയതിന്റെ കറുപ്പും ആയി അതെനിക്ക് തോന്നി.

ചുറ്റും തടിച്ചുകൂടിയിരുന്നവരുടെ എല്ലാം കണ്ണുകൾ എന്തൊക്കെയോ മൂകമായി സംസാരിക്കുന്നുണ്ടായിരുന്നു. എല്ലാരേയും ശ്രദ്ധിക്കാൻ സമയം കിട്ടിയില്ല. ഉടൻ തന്നെ എന്നെ ആശുപത്രിയിലിലേയ്ക്ക് കൊണ്ടുപോയി. അവിടെയും സ്വീകരണത്തിന് കുറവ് ഒന്നും തന്നെയില്ലായിരുന്നു. വാങ്ങിക്കൊടുത്ത നല്ല ഉടുപ്പുകൾ എന്നെ അണിയിച്ച അവർ മരണം സ്ഥിരീകരിക്കാൻ എന്ന വണ്ണം മൂക്കിൽ കുറച്ചു പഞ്ഞിയും തിരുകി കയറ്റി. അവിടുന്ന് തിരിച്ച് എസിയിൽ ആയിരുന്നു യാത്ര. തണുപ്പിന്റെ അളവ് ലേശം കൂടുതൽ ആയിരുന്നു എങ്കിലും ആരും അത് ഗൗനിച്ചില്ല.

തിരികെയെത്തിയപ്പോഴേക്കും വീട് മനോഹരം ആക്കിയിരുന്നു, പോയതുപോലെയല്ല. തിരക്ക് കുറച്ചു കൂടിയിട്ടുണ്ട്. എല്ലാവരും എന്നെ എടുത്തുകൊണ്ടുതന്നെ വീണ്ടും ഉള്ളിലേക്ക് പോയി. ആ സമയം മുതൽ വിരുന്നുകാരുടെ തിരക്കായിരുന്നു. എന്നോട് വിശേഷങ്ങൾ ഒന്നും ചോദിക്കാതെ അവർ എന്റെ മുൻപിൽ വന്നു നിശബ്ദരായി നിന്നതേ ഉള്ളു.

അർധരാത്രിയോട് അടുത്തപ്പോൾ തിരക്ക് കുറഞ്ഞുവന്നു. കൂട്ടായി ഉണർന്നിരുന്നത് കത്തിയെരിഞ്ഞുകൊണ്ടിരുന്ന മെഴുകുതിരിയും, സുഗന്ധം നിറച്ച സാംബ്രാണിയും മാത്രമായിരുന്നു. ഇടക്ക് രണ്ട് പേർ വന്നെന്റെ അളവ് എടുത്തുകൊണ്ടുപോയി. എനിക്ക് പുതിയ കുപ്പായം തയ്യിക്കുവാൻ ആയിരിക്കും അത് എന്നെനിക്ക് തോന്നി.

തൊട്ടപ്പുറത്തെ വീട്ടിൽ നിന്നും സാമ്പാറിന്റെ മണം ഉയിർന്നുപൊങ്ങുന്നുണ്ട്. വരുന്ന ആളുകൾക്ക് ഒക്കെ നല്ല ഭക്ഷണം അവിടെ കൊടുക്കുന്നുണ്ട് എന്ന് തോന്നുന്നു. എങ്കിലും എന്നോട് ആരും വിശക്കുന്നുണ്ടോ എന്ന് പോലും ചോദിച്ചില്ല.

ഉച്ചക്കുശേഷം എന്നെ എസിയിൽ നിന്നിറക്കി പുറത്തേയ്ക്ക് കൊണ്ടുപോയി. മനോഹരമായി അലങ്കരിച്ചിരുന്ന അവിടെ വീണ്ടും എല്ലാവരുടെയും നടുവിലായി എന്നെ കിടത്തി. ഇടവകയിലെ വികാരിയച്ചൻ എന്നെ പ്രശംസിച്ചുകൊണ്ടുള്ള ഒരു ഗംഭീര പ്രസംഗം നടത്തിയെങ്കിലും ആളുകൾ ആരും തന്നെ അത് കേട്ട് കൈയടിക്കുന്നില്ല എന്നുള്ളത് എന്നെ വിഷമിപ്പിച്ചു. ഒരു ദിവസം കൊണ്ട് ഞാൻ വല്ലാതെ ആൾ ആയിപോയെന്ന് തോന്നി. കാരണം ,രാവിലെ ആദ്യമായി പത്രത്തിൽ എന്റെ പടം വരുന്നു, വരുന്നവർ എല്ലാം എന്റെ ചിത്രം പോക്കറ്റിൽ കുത്തിയിരിക്കുന്നു. ഇതെല്ലാം കണ്ടപ്പോൾ എനിക്ക് എന്നോട് തന്നെ അഭിമാനം തോന്നി.

തുറന്ന വണ്ടിയിൽ ഞാൻ നടന്നുപോയ വഴികളിൽ കൂടി ഞാൻ കിടന്നു കാഴ്ചകൾ കൊണ്ടുപോയി. പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം ആളുകൾ ഒക്കെ വന്നു എനിക്ക് ചുംബനം നൽകുന്നുണ്ട്. കുപ്പായം തുന്നാൻ അളവെടുത്തതായിരിക്കും എന്ന് ഞാൻ തെറ്റിധരിച്ചതായിരുന്നു. അവർ എനിക്കായി ഒരു മൂടിയുള്ള കട്ടിൽ പണിതതായിരുന്നു. ആരോ വാങ്ങി തന്ന ആ കൊത്തുപണിചെയ്ത കട്ടിലിൽ ഞാൻ സുഖമായി കിടന്നു. കണ്ണിലെ പ്രകാശം ഇരുട്ടാക്കികൊണ്ട് അവർ ആ കട്ടിലിന്റെ മൂടിയും അടച്ചു. അതെ. 

അപ്പോൾ ഞാൻ മരിച്ചുകഴിഞ്ഞിരിക്കുന്നു!   

English Summary: Avasana Yathra, Malayalam short story by Joby Jose

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;