ADVERTISEMENT

സ്ത്രീശാക്തീകരണം (കഥ)

അന്നൊരു ഞായറാഴ്ച ആയിരുന്നു. മകരമാസത്തിലെ മരം കോച്ചുന്ന തണുപ്പ്. ഞായറാഴ്ചയുടെ ആലസ്യം വിട്ടൊഴിയുന്നില്ല. ഒന്നുകൂടി പുതച്ചുമൂടി കിടന്നു. മകൾ അടുക്കളയിൽ പ്രാതൽ ഒരുക്കുന്ന തിരക്കിലാണ്. പുറത്തു നല്ല മഞ്ഞുണ്ട്. മുറ്റത്തു നിൽക്കുന്ന മൂവാണ്ടൻ മാവിൽ നിന്നും വീണുകിടക്കുന്ന കണ്ണിമാങ്ങകൾ പറക്കാൻ അടുത്ത വീട്ടിലെ പിള്ളേർ വന്നു കലപില കൂടുന്ന ശബ്ദം കേൾക്കാം.  

കുറച്ചുനേരംകൂടി കിടന്നു. പിന്നെ മനസില്ലാമനസോടെ എഴുന്നേറ്റു. മകൾ കൊണ്ടുവന്നു കൊടുത്ത ആവി പറക്കുന്ന കട്ടങ്കാപ്പി പതുക്കെ ഊതിയൂതി  കുടിച്ചു. പ്രഭാത കൃത്യങ്ങളൊക്കെ കഴിഞ്ഞു മുൻവശത്തെ സെറ്റിയിൽ വന്നിരുന്നു പത്രം എടുത്തു. വൈകിട്ടു പല പ്രഗത്ഭരും പങ്കെടുക്കുന്ന ‘സ്ത്രീ  ശാക്തീകരണം സ്ത്രീകളുടെ ഉന്നമനത്തിന്’ എന്ന വിഷയത്തെകുറിച്ചുള്ള ഒരു സെമിനാറിൽ പങ്കെടുക്കാനുള്ളതിനാൽ മനസ്സിൽ അതിനുള്ള തയാറെടുപ്പിലായിരുന്നു. 

 

കാപ്പിയും കുടിച്ചു, പത്രം വായിച്ചുകൊണ്ടിരുന്നപ്പോളാണ് പെട്ടെന്ന് ചരമകോളത്തിൽ കണ്ണുടക്കിയത്. ഇത് നളിനിയേടത്തിയാണല്ലോ. ഞാൻ വീണ്ടും വീണ്ടും നോക്കി. അതെ. അവർ തന്നെ. ഉള്ളിൽ പെട്ടെന്നൊരു കൊള്ളിയാൻ മിന്നുന്ന പോലെ. ആരും ഒന്നും പറഞ്ഞുകേട്ടില്ലല്ലോ, എങ്ങനെയായിരുന്നു ആവോ അന്ത്യം. കുറച്ചുനേരം അനക്കമറ്റതുപോലെ ഇരുന്നു. ഈ ഭൂമിയിൽ പിറന്നുവീണു എങ്ങിനെയൊക്കെയോ ജീവിച്ചുതീർന്നു കാലയവനികക്കുള്ളിൽ മറഞ്ഞ കോടാനുകോടി ആത്മാക്കളോടൊപ്പം എന്റെ നളിനിയേടത്തിയും. ഒരു നിമിഷം മനസ്സ് തപ്തമായി. ഓർമകളിലേക്ക് മനസ്സ് ചിറകടിച്ചുയർന്നു. തന്റെ തറവാട് വീടിന്റെ അടുത്ത് താമസിച്ചിരുന്ന ബന്ധുവായ കൃഷ്ണേട്ടന്റെ ഭാര്യ. സുന്ദരിയും സുശീലയുമായ അവരുടെ മിഴികൾ എന്നും ആർദ്രമായിരുന്നു. 

 

5 മക്കളിൽ മൂത്തതായിരുന്നു കൃഷ്ണേട്ടൻ. കോളേജിലൊക്കെ പഠിച്ചിട്ടുണ്ടെങ്കിലും കടുത്ത അന്ധവിശ്വാസിയായിരുന്നു. ആരെയും വിശ്വാസമില്ല. വീടുവിട്ടൊരു ലോകവുമില്ല. മിണ്ടുമ്പോൾ ദേഷ്യമാണ്.  അവിടെ വഴക്കും ബഹളവും കേൾക്കുമ്പോൾ അമ്മ പറഞ്ഞു കേട്ടിരുന്നതാണിതൊക്കെ. ഒരു പ്രൈവറ്റ് കമ്പനിയിലായിരുന്നു ജോലി. മൂത്ത പെങ്ങളുടെ കല്യാണം കഴിഞ്ഞ ഉടനെ കൃഷ്ണേട്ടനും കല്യാണം ആലോചിച്ചു. ബഹളത്തെക്കുറിച്ച് ഏട്ടന്റെ അമ്മയോട് ചോദിച്ചാൽ, അവൻ ഉദയത്തിനാണു ജനിച്ചത്, അതാണ് ദേഷ്യം. മക്കൾ പ്രായമായാൽ കല്യാണം നടത്തണ്ടേ ? മനസ്സിന്റെ പക്വതക്കുറവ് അവർ കണ്ടില്ലെന്നു നടിച്ചു. കല്യാണം നടന്നു. 

 

സ്വതവേ സ്വാർത്ഥനായ കൃഷ്ണേട്ടൻ തന്നിഷ്ടങ്ങളും സ്വാർത്ഥ താല്പര്യങ്ങളും ആ സ്ത്രീയിൽ  അടിച്ചേൽപ്പിച്ചുകൊണ്ടിരുന്നു. എന്നും വഴക്കും ബഹളവും. ഇതിനിടയിൽ ആ അച്ഛനും അമ്മയും വീർപ്പുമുട്ടി. ഭർത്താവിന്റെ പീഡനവും ഒറ്റപ്പെടുത്തലും സഹിച്ചു മറ്റുള്ളവരുടെ മുൻപിൽ ചിരിക്കാൻ ശ്രമിച്ചു, ആ സ്വാധി. അതോ കഴിവുകേടോ?.സർവ്വംസഹയായ അവരുടെ സംസാരം അമ്മയ്ക്കും എനിക്കും വളരെ ഇഷ്ടമായിരുന്നു.  അവർ ഇടയ്ക്കു വീട്ടിൽ വരുമ്പോൾ ഞാൻ ഓടിച്ചെന്ന് അമ്മയോടൊപ്പം നിൽക്കും. അമ്മയോട് മാത്രമേ അവർ വല്ലപ്പോഴും മനസ്സ് തുറക്കാറുള്ളു. 

 

ഒരിക്കൽ ഏടത്തി പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു. കൃഷ്ണേട്ടൻ പറഞ്ഞൂത്രേ ! ‘എനിക്ക് ഈ കല്യാണം വേണ്ടായിരുന്നു അച്ഛൻ  പറഞ്ഞതുകൊണ്ടാണ് കെട്ടിയതെന്ന്’. ഭർത്താവിന്റെ പെരുമാറ്റ വൈകല്യങ്ങളെക്കുറിച്ചും, വീട്ടുകാരെ ആരെയും വിഷമിപ്പിക്കാതിരിക്കാൻ എല്ലാം ഉള്ളിലൊതുക്കുന്നതും അമ്മയോട് പറയുന്നത് പലപ്പോഴും കേട്ടിട്ടുണ്ട്. നിസ്സാര കാര്യങ്ങൾക്കു പോലും വഴക്കുണ്ടാക്കുകയും അടികൂടി സ്വയം കരയുകയും ചെയ്യുന്ന ഏട്ടനോട് അച്ഛനും അമ്മയ്ക്കും ഒന്നും പറയാനാകില്ലായിരുന്നു. അവർ ഏടത്തിയെ കുറ്റപ്പെടുത്തും. പലപ്പോഴും വീട്ടിലേക്കു തിരിച്ചു പോയിട്ടുണ്ടെങ്കിലും ഏട്ടൻ പോയി വഴക്കുണ്ടാക്കി തിരിച്ചുവിളിച്ചുകൊണ്ടുവരും. 

 

ഒരു ദിവസം കോളേജ് വിട്ടു വന്നപ്പോൾ അടുക്കള വരാന്തയിൽ ഏങ്ങലും  അടക്കിപിടിച്ചുള്ള സംസാരവും. ഏടത്തിയാണ്. ഏട്ടൻ നന്നായി ‘പെരുമാറി’ യിട്ടുണ്ടാവും. എന്റെ അമ്മ വളരെ സ്നേഹമയിയാണ് മറ്റുള്ളവരുടെ വിഷമം കണ്ടാൽ പെട്ടെന്ന് മനസ്സലിയും. ഒരാശ്വാസത്തിനു ഓടി വന്നതായിരിക്കും. ‘അമ്മ ശാസിച്ചു പറയുന്നത് കേൾക്കാം’ നളിനി നീ നിന്ന് മോങ്ങിയിട്ടു കാര്യമൊന്നുമില്ല.  നീ പിള്ളേരേം കൊണ്ട് വീട്ടിലേക്കു പോ. കഴിഞ്ഞുകൂടാനുള്ള മാർഗമില്ലേ? എന്തിനാ ഇങ്ങനത്തെ ഒരു ജീവിതം. അവർ നന്നാവൂല്ലാ. കുറ്റബോധം ഇല്ലാത്തോളം കാലം ഒരു മാറ്റവും ഉണ്ടാവൂല്ല’. ‘പോയിട്ടെന്താ കാര്യം അമ്മായി, അവിടേം വന്നു ബഹളം കൂട്ടൂല്ലേ അവിടേം നാറ്റിക്കണ്ട എന്ന് വിചാരിച്ചിട്ടാ’. ഏടത്തി നിന്ന് വിതുമ്പുന്നു. അമ്മ എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിച്ചു. അവർ തിരിച്ചുപോയി. എന്തൊരു നിസ്സഹായാവസ്ഥ. 

 

ഇതിനിടയിൽ അവർക്കു 3 കുട്ടികളും ഉണ്ടായി. അവരെ ഏട്ടൻ ശ്രദ്ധയോടെ നോക്കി. അച്ഛനും അമ്മയും ലാളിച്ചു. കുട്ടികൾ ആ വീട്ടിൽ മാത്രമായി അങ്ങനെ വളർന്നു. എങ്കിലും നളിനിയേടത്തിയോട് അതുപോലെ തന്നെ. പിന്നീട് തന്റെ വിവാഹവും ജോലിയുമൊക്കെയായി തറവാട് വിട്ടു. പിന്നീട് വര്ഷങ്ങള്ക്കു ശേഷം നാട്ടിലെത്തിയപ്പോൾ ഞാൻ അമ്മയോട് ഏടത്തിയെയും കുട്ടികളെയും പറ്റി അന്വേഷിച്ചു. അപ്പോൾ അമ്മ പറയുകയാണ് ‘അവനിപ്പോഴും പഴയതുപോലെ  തന്നെ, നളിനി ഇപ്പോഴാണ് കൂടുതൽ വേവലാതിപെട്ട് കാണുന്നെ. കൃഷ്ണന്റെ സ്വഭാവം പിള്ളേരേം ബാധിച്ചാലോ എന്ന്’. 

 

കോളേജ് അധ്യാപികയായ താൻ പല സെമിനാറുകളിൽ പങ്കെടുത്തിട്ടുള്ളതുകൊണ്ടു പലരുടെയും അനുഭവം അറിയാം. ഞാൻ ചോദിച്ചു, ഏട്ടന്റെ മറ്റു സഹോദരങ്ങൾക്ക് ഈ പ്രകൃതം മനസ്സിലാക്കാനുള്ള അറിവില്ലേ. അവരൊന്നും ശ്രദ്ധിക്കില്ലേ?.'അമ്മ ഒന്ന് ഇരുത്തി മൂളി .അതെങ്ങനാ, കൃഷ്ണന്റെ ഈ സ്വഭാവത്തിന്റെ ഗുണം അവർക്കല്ലേ ? നളിനി വിഷമിച്ചാ അവർക്കെന്താ?.ശരിയാണ്, ബഹളക്കാരനെങ്കിലും സ്വന്തം കുടുംബത്തെ ജീവനുതുല്യം സ്നേഹിക്കുന്ന, എന്നാൽ മറ്റാരെയും സ്നേഹിക്കാത്ത ഏട്ടൻ. മനഃസാക്ഷിസൂക്ഷിപ്പു വീട്ടുകാർ തന്നെ. അമ്മ വീണ്ടും പറഞ്ഞു. നളിനിയോട് ഞാൻ പലവട്ടം പറഞ്ഞതാ, ‘എത്രയെന്നുവെച്ച നീ സഹിക്കാൻ, ആരോടെങ്കിലും പറഞ്ഞു ഒരു പരിഹാരമുണ്ടാക്കികൂടെ’ എന്ന്. പക്ഷേ അവൾക്കു വല്യ നാണക്കേട്. പറഞ്ഞിട്ടും കാര്യല്ല, ഈ മനുഷ്യരുടെ കൂടെ ജീവിച്ചുപോണ്ടേ?. 

 

നളിനിയേടത്തിയെ കുറിച്ച് അങ്ങനെ ഓരോന്ന് ചിന്തിച്ചുകൊണ്ടിരിക്കുമ്പോളാണ്‌ പെട്ടെന്നു സമയം നീങ്ങുന്ന കാര്യം ഓർമ്മ വന്നത്. പത്രത്തിലെ പടത്തിലേക്കു ഒന്നുകൂടി നോക്കി. ഒരു നെടുവീർപ്പിട്ടു. ഏതോ ഒരു സെമിനാറിൽ ഒരു സയ്‌ക്കോപ്പാത്തിന്റെ കൂടെ ജീവിച്ചു തളർന്ന സ്ത്രീയുടെ നിസ്സഹായാവസ്ഥ ആരോ അവതരിപ്പിച്ചത് ഓർമവന്നു. അവരുടെ മക്കൾ എന്തെടുക്കുന്നു ആവോ? തറവാട്ടിലേക്ക് ഇപ്പോൾ പോകാറില്ല. ഒന്നും അറിയാറുമില്ല. തന്റെ തറവാടിന്റെ ഓര്മകളോട് കൂട്ടിവായിക്കുന്ന ഒരാളുടെ വേർപാട്. മനസ്സിൽ വല്ലാത്തൊരു അസ്വസ്ഥത. സ്ത്രീയുടെ അഭിമാനബോധത്തിനു മുൻപിൽ നിയമങ്ങൾ പലപ്പോഴും അപ്രസക്തമാണ് എന്ന് മനസ്സിൽ നൊമ്പരത്തോടെ കുറിച്ചിട്ടു.. അപ്പോഴേക്കും മകൾ പ്രഭാത ഭക്ഷണം കഴിക്കാൻ വിളിച്ചു. സെറ്റിയിൽ നിന്നും സാവധാനം എഴുന്നേറ്റു അകത്തേക്ക് പോയി.

 

English Summary : Sthreesakthikaranam, Malayalam short story by Renuka Kunnathu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com