ADVERTISEMENT

അവൾ (കഥ)

പുതുമണവാട്ടിയായി അവന്റെ ഒപ്പം ആദ്യമായി ആ വീട്ടിലേക്ക് കാലെടുത്തു വെച്ചപ്പോൾ തോന്നിയ അപരിചിതത്വം ഓരോ ദിവസം ചെല്ലുന്തോറും കൂടികൂടി വന്നു. തന്നെ എന്തോ നിരീക്ഷണങ്ങൾക്കായി കൂട്ടിലടച്ചതുപോലെയാണ് അവൾക്ക് തോന്നിയത്. താൻ ചെയ്യുന്ന ഓരോ കാര്യവും ഏട്ടന്റെ അമ്മയും അച്ഛനും പെങ്ങളും വിലയിരിത്തികൊണ്ടിരുന്നു. അത് അങ്ങനെയല്ല. ഇവിടെ ഇങ്ങനെയാണ്. ഇനി മുതൽ ഇങ്ങനെ ചെയ്താൽ മതി കെട്ടോ... തന്റെ 24 വർഷത്തെ ജീവിതവും ശീലങ്ങളുമെല്ലാം ഒറ്റദിവസം കൊണ്ട് അവർ മാറ്റാൻ ശ്രമിക്കും പോലെ.

 

രണ്ടാമത്തെ ദിവസം ആഹാരം വിളമ്പിവെച്ച് എല്ലാവർക്കുമൊപ്പം കഴിക്കാൻ ഇരുന്നപ്പോൾ അമ്മപറഞ്ഞു. നമ്മുക്ക് എല്ലാവരും എഴുന്നേറ്റിട്ടിരിക്കാം. ഇവർക്കൊക്കെ വിളമ്പി കൊടുക്കേണ്ടതല്ലേ... അവളുടെ വീട്ടിൽ എല്ലാവരും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കാറുള്ളത്. മേശപ്പുറത്ത് വിളിമ്പി വെച്ചിരിക്കുന്നവയിൽ നിന്ന് അവനവന് ആവശ്യമുള്ളവ എടുത്തുകഴിക്കാറാണ് പതിവ്. അങ്ങനെ അങ്ങനെ ഓരോ ദിവസം ചെല്ലും തോറും അതുവരെ ഉണ്ടായിരുന്ന അവളെ അവൾക്ക് നഷ്ടപ്പെട്ടിരുന്നു. അവളങ്ങനെ പതിയെ പതിയെ മറ്റൊരാളായി. കണ്ണിൽ തിളക്കവും കുസൃതി ചിരിയുമായി നടക്കുന്ന പെൺകുട്ടികൾ കുടുംമ്പിനി ആകുന്നത് ഇങ്ങനെയാവും എന്നവൾ കരുതി. പിന്നെയുള്ള ജീവതം ഒക്കെയും ഒരു അഡ്ജസ്റ്റ്മെന്റായിരുന്നു. ഇന്നലെ രാത്രി ഉറങ്ങുന്നതു വരെ...

 

പക്ഷേ ഇന്ന്, ഇന്ന് ഒരു ദിവസത്തേയ്ക്ക് മാത്രം അവൾ പഴയപെൺകുട്ടിയായി. ഇന്ന് എന്നു പറയുമ്പോൾ കല്ല്യാണം കഴിഞ്ഞ് പന്ത്രണ്ടര വർഷങ്ങൾക്ക് ശേഷമുള്ള ഇന്ന്. ഏട്ടനും മക്കൾക്കുമൊപ്പം ഇന്നവൾ ടൗണിലാണ് താമസിക്കുന്നത്. നാലുമണിക്ക് അലാറം അടിച്ചെങ്കിലും ഇന്ന് മാത്രം രാവിലെ അവൾ കട്ടിലിൽ നിന്ന് എഴുന്നേറ്റില്ല. തണുപ്പത്ത് പുതപ്പും വലിച്ച് ഒന്നുകൂടിമൂടിപുതച്ച് അവൾ കണ്ണടച്ചു കിടന്നു. പതിവുപോലെ ഏഴുമണിക്ക് എഴുന്നേറ്റ ഭർത്താവ് കട്ടിലിൽ അവളെകണ്ട് ഞെട്ടി. നീ ഇതുവരെ എഴുന്നേറ്റില്ലേ. എനിക്ക് ഒഫീസിൽ പോകാൻ നേരം പോകില്ലേ? അവൻ അലറി. കുട്ടികൾക്ക് സ്കൂളിൽ പോകണ്ടേ... എഴുന്നേക്ക്... 

 

എനിക്ക് നല്ല സുഖമില്ല. വയ്യ. അവൾ തിരിഞ്ഞു കിടന്നു. 

 

ഏത് വയ്യായ്മകളിലും അതൊക്കെ സഹിച്ച് ഇന്നലെവരേയും ഒരു യന്ത്രം കണക്കെ അടുക്കളയിലേയ്ക്ക് ഓടിക്കൊണ്ടിരുന്നവളാണ്. 

 

ഭർത്താവ് നെറ്റിയിൽ കൈവെച്ചു നോക്കി. ചൂടില്ല.

 

പനിക്കുന്നില്ലല്ലോ? നിനക്ക് തല വേദനയുണ്ടോ?

 

ഇല്ല

 

ദേഹത്ത് വേദന ഉണ്ടോ?

 

ഇല്ല

 

എങ്കിൽ എഴുന്നേക്ക്, നേരം പോയി...

 

ഇല്ല, ഞാൻ കുറച്ചുകൂടി ഉറങ്ങട്ടെ...

 

അയാൾക്ക് ദേഷ്യം വന്നു.  അയാൾ അടുക്കളയിലോട്ട് നടന്നു. അന്ന് അയാളുടെ കൈ കത്തികൊണ്ട് മുറിഞ്ഞു. ഇസ്തിരി ഇടാൻ ശ്രമിക്കുന്നതിനിടയിൽ രണ്ടു വട്ടം പൊള്ളി. പാചകം വേണ്ട പുറത്ത് നിന്ന് എന്തെങ്കിലും പിള്ളേർക്കും വാങ്ങി കടുത്ത് കഴിച്ചിട്ട് അവരെ സ്കൂളിൽ വിട്ട് ഒഫീസിൽ പോകാമെന്ന് വെച്ചിട്ടും പിള്ളേർ സ്കൂളിലും പോയില്ല. അയാൾ ഒഫീസിലും പോയില്ല. മൂത്തകുട്ടിയുടെ ടൈയ്യും ഷൂസും കണ്ടില്ല. ഇളയവൻ പൂർത്തിയാക്കാത്ത ഹോംവർക്കുമായി നിന്ന് കരയാൻ തുടങ്ങി. അന്ന് പതിനൊന്ന് മണിക്ക് ശേഷമാണ് ഒരു ഫുഡ് ഡെലിവറി ബോയ് ആദ്യമായി ആ വീടിന്റെ ഗേറ്റ് കടന്നത്.

 

അപ്പോൾ മാത്രമാണ് അവൾ ഒരു ചെറുചിരിയോടെ അന്നത്തെ പ്രഭാതത്തിലേക്ക് കണ്ണുതിരുമ്മി എഴുന്നേറ്റത്..

 

Englih Summary: Aval, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com