ഈശ്വരന്റെ സാക്ഷ്യപത്രമുള്ള നുണ (കഥ)
മെഡിക്കൽ കോളജിലെ കാഷ്വാലിറ്റിയിൽ കയറി നിൽക്കാൻ തുടങ്ങിയിട്ട് മണിക്കൂർ 4 കഴിഞ്ഞു. മുത്തശ്ശിയേയും കൊണ്ട് വന്നതാണ് ഞങ്ങൾ. ഒരാഴ്ച നാട്ടിലെ പ്രമുഖ ഹോസ്പിറ്റലിൽ കിടന്നപ്പോൾ; നടന്നു ഹോസ്പിറ്റലിൽ പോയ മുത്തശ്ശിക്ക് എണീറ്റിരിക്കാൻ പറ്റാത്ത അവസ്ഥ ആയി. അങ്ങനെ ആണ് മെഡിക്കൽ കോളജിലേക്ക് കൊണ്ട് വന്നത്. അവിടെ വന്നവരെ വച്ച് നോക്കുമ്പോൾ മുത്തശ്ശിക്കത്ര കുഴപ്പം ഇല്ല. എന്നാലും ഡോക്ടർമാർ ആ ടെസ്റ്റ്, ഈ ടെസ്റ്റ് എന്ന് പറഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കുക ആണ്. ഓടി ഓടി 2 മണിക്കൂറിനുള്ളിൽ തന്നെ അവിടെ ഉള്ളവർക്ക് ഓരോ ടെസ്റ്റിനുള്ള മുറികളും കാണിച്ചു കൊടുക്കാനുള്ള പ്രാപ്തിയും ഞങ്ങൾക്കു കൈവന്നു. 4 മണിക്കൂർ കൊണ്ട് പന്ത്രണ്ടു ടെസ്റ്റുകൾ അവർ ചെയ്യിപ്പിച്ചു. ഓരോ ടെസ്റ്റ് കഴിഞ്ഞു വരുമ്പോളും വേറെ വേറെ ഡ്യൂട്ടി ഡോക്ടറെ ആവും കാണുക , അപ്പോൾ അവർ അവരുടെ മനോധർമ്മം അനുസരിച്ചു വേറെ ടെസ്റ്റിനെഴുതും. അവസാനം ബ്ലഡ് കൾച്ചർ ടെസ്റ്റിനെഴുതി, ബ്ലഡ് എടുത്തു കഴിഞ്ഞു മുത്തശ്ശിയെ ഒബ്സെർവഷൻ റൂമിലേക്കാക്കി ഞങ്ങൾ കാഷ്വാലിറ്റിയുടെ വരാന്തയിൽ ഒന്ന് ഇരിക്കുമ്പോളേക്കും മണി രാത്രി ഒൻപത്.
ഇടതടവില്ലാതെ ആംബുലൻസുകൾ വരുന്നുണ്ട്. പണ്ടേ ആംബുലൻസുകളോടും അതിലെ ഡ്രൈവറുമാരോടും മനസ്സിൽ ഒരു ബഹുമാനം ഉണ്ട്. മെഡിക്കൽ കോളജിൽ ഒന്നേകാൽ മണിക്കൂർ കൊണ്ട് പറന്ന് എത്തുന്നത് അവരുടെ ജീവൻ തന്നെ പണയം വച്ച് ഒരാളെങ്കിലും രക്ഷപെടട്ടെ എന്നുള്ള ഒറ്റ വിചാരത്തിന്റെ മുകളിൽ ആണ്. ചിറ്റമാരെ കാഷ്വാലിറ്റിയുടെ വരാന്തയിൽ ഇരുത്തി ഇളയച്ഛനും, മാമനും ഞാനും കൂടെ പുറത്തേക്കിറങ്ങി .
കുറച്ചു നേരമേ അവിടെ വെറുതെ നോക്കി നിൽക്കാൻ കഴിഞ്ഞുള്ളു. ആക്സിഡന്റ് പറ്റി കൊണ്ട് വരുന്നവരെയും മറ്റും ഇറക്കുന്ന ബാക്കി ആൾകാർക്കിടയിൽ ഒരു നോക്കുകുത്തി ആയി നിൽക്കാൻ അവിടെ നിൽക്കുന്ന ആർക്കും കഴിയില്ല. ഞങ്ങളും അതിലൊരു ഭാഗഭാക്കായി മാറി. ആക്സിഡന്റ് പറ്റി നാല് ആംബുലൻസുകളിൽ ആയി കൊണ്ട് വന്ന 4 പേരിൽ 2 പേരും മരിച്ചു എന്നറിഞ്ഞപ്പോൾ എന്തോ മനസ്സിലൊരു വിങ്ങൽ. അവിടെ കിടക്കുന്ന ഓരോ സ്‌ട്രെച്ചറിനും പറയാനുണ്ടാകും നിരവധി മരണങ്ങളുടെ ഞെട്ടലുകൾ. മരണം എന്ന രംഗബോധമില്ലാത്ത കോമാളി അവിടെ നിന്ന് പൊട്ടിച്ചിരിക്കുന്ന പോലെ തോന്നി. വീണ്ടും ഓരോരോ വണ്ടികൾ വന്നു കൊണ്ടേ ഇരുന്നു കാഷ്വാലിറ്റിയുടെ മുമ്പിൽ നിൽക്കുന്ന എല്ലാവരുടെയും മുഖത്തു വായിക്കാം അവരുടെ ഉത്കണ്ഠകൾ, ഉറ്റവരുടെ ആരോഗ്യത്തിനായി, അല്ല ജീവന് വേണ്ടി തന്നെ പ്രാർത്ഥിക്കുന്ന ഒട്ടനവധി മുഖങ്ങൾ.
കാഷ്വാലിറ്റിയുടെ മുമ്പിൽ കിടന്നിരുന്ന ആംബുലൻസുകളുടെ പുറകിൽ ആയി ഒരു കാർ കൊണ്ടുവന്നു നിർത്തി, ഡ്രൈവർ സീറ്റിൽ നിന്നിറങ്ങിയ ആൾ ആൾക്കൂട്ടത്തിലേക്കു നോക്കി കൈ കൊണ്ട് അങ്ങോട്ട് ചെല്ലാൻ വിളിക്കുന്നു, ഓടിച്ചെന്നവർ അതിൽ നിന്നും താങ്ങി പിടിച്ച് ഒരാളെ സ്ട്രച്ചറിലേക്കു കിടത്തി. ആക്സിഡന്റ് അല്ല, ഏകദേശം ഒരു 35 വയസ്സ് പ്രായം തോന്നിക്കും. കാർ അവിടെ ഇട്ടു സ്‌ട്രെച്ചറിന്റെ പുറകെ അയാളും ഇറങ്ങി ഓടി, കൂടെ കരഞ്ഞു കൊണ്ട് ഒരു സ്ത്രീയും. രണ്ടു പേരും വീട്ടിൽ ഇടുന്ന വേഷത്തിലാണ്. എന്താണെന്ന് അവിടെ നിന്നവർക്കും മനസിലായില്ല. കാഷ്വാലിറ്റിയുടെ ഉള്ളിലേക്ക് പോയ ആ സ്ത്രീയോട് സെക്യൂരിറ്റി പുറത്തേക്കു പോകാൻ പറഞ്ഞു. അവർ അപ്പോളും ആർത്തു നിലവിളിക്കുന്നുണ്ട് കാഷ്വാലിറ്റിയുടെ വരാന്തയിൽ ചിറ്റയുടെ അടുത്തേക്കാണ് അവർ വന്നിരുന്നത്. ചിറ്റയുടെ കൈയും പിടിച്ച് അവർ കരഞ്ഞു കൊണ്ടേ ഇരുന്നു .
കൂട്ടത്തിൽ വന്നത് അവരുടെ ആങ്ങള ആണത്രേ, സ്ട്രക്ച്ചറിൽ കൊണ്ട് വന്നത് അവരുടെ ഭർത്താവിനെയും. തൂങ്ങി മരിക്കാൻ ശ്രമിച്ചുവെന്നും കയർ അറുത്തെടുത്തു നേരെ മെഡിക്കൽ കോളേജിലേക്ക് കൊണ്ട് വന്നതാണെന്നുമൊക്കെ പറഞ്ഞ് അവർ ഏങ്ങലടിക്കുകയാണ്. രതീശേട്ടന് (അതാണ് ആളുടെ പേര്) എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ജീവനോടെ താൻ വീട്ടിൽ പോകില്ല എന്നുമൊക്കെ പറഞ്ഞു ചിറ്റയുടെ ചുമലിലേക്ക് കിടന്നു. പിന്നെ ഞെട്ടി എണീറ്റ് ഒന്നുപോയി നോക്കാമോ ‘ജീവനുണ്ടോ എന്ന്’ എന്നു പറഞ്ഞു ഞങ്ങളെ നോക്കി, അവരുടെ മുഖം കണ്ടാൽ പറ്റില്ല എന്ന് പറയാൻ ആർക്കും കഴിയില്ലായിരുന്നു. കാഷ്വാലിറ്റിയിലേക്കു കേറാൻ ചെന്ന ഞങ്ങളെ ഇതൊക്കെ കണ്ടുനിന്ന സെക്യൂരിറ്റി കണ്ണടച്ച് കാണിച്ചു ‘ആള് പോയി’ എന്നും അതാണ് അവരെ അകത്തേക്ക് കടത്തി വിടാതിരുന്നതെന്നും അടക്കത്തിൽ പറഞ്ഞു.
കാഷ്വാലിറ്റിയിൽ ഒരു വശത്തേക്ക് മാറ്റി കിടത്തിയിരിക്കുന്നു ആളുടെ ബോഡി, തൊട്ടടുത്ത് നിന്ന് വിങ്ങി പൊട്ടുക ആണ് ആ അളിയൻ. ബോഡി ബ്ലാക്ക് ഏരിയയിലേക്ക് മാറ്റണം എന്ന് ഡോക്ടർ പറഞ്ഞതനുസരിച്ചു ജീവനക്കാർ കൊണ്ട് പോകാൻ തുടങ്ങുന്നു ഇതാണ് ഞങ്ങൾക്ക് ഉള്ളിൽ കാണാൻ കഴിഞ്ഞത്. പുറത്തേക്കു വന്നപ്പോൾ ആകാംഷയോടെ ഞങ്ങളുടെ മുഖത്തേക്ക് നോക്കുന്ന അവരുടെ കണ്ണുകളെ ആണ് കണ്ടത് .
മരിച്ചെന്നു പറഞ്ഞാൽ ചിലപ്പോൾ രണ്ടു ശവങ്ങൾ വീട്ടിലേക്കു കൊണ്ട് പോകേണ്ടി വരും. മുഖത്ത് ഒരു ചിരി വരുത്തി ഞങ്ങൾ മൂന്നുപേരും ഒരേ സ്വരത്തിൽ പറഞ്ഞു ‘ഭാഗ്യം ഒന്നും പറ്റിയില്ല ICU വിൽ ആണ്, ജീവനുണ്ട്’ . അപ്പോളേക്കും അവരുടെ ആങ്ങളയും ഇറങ്ങി വന്നു. ഒന്നും പറ്റിയില്ല എന്ന് അദ്ദേഹവും പറഞ്ഞതോടെ അവർക്കു ചെറിയൊരു ആശ്വാസം ആയി. മൂന്നും അഞ്ചും വയസ്സുള്ള രണ്ടു കുട്ടികൾ ആണ് അവർക്ക്. രതീഷ് ദുബായിൽ ആയിരുന്നെന്നും ജോലിക്കെന്തോ കുഴപ്പം പറ്റി നാട്ടിലേക്ക് പോന്നുവെന്നും, വീട്ടിലിരുന്നു മദ്യപിച്ചപ്പോൾ ആ സ്ത്രീ വിഷമം കൊണ്ടെന്തോ പറഞ്ഞു അതിനാണ് ഇങ്ങനെ ചെയ്തത് എന്നുമൊക്കെ പറഞ്ഞു അവർ വിതുമ്പി കൊണ്ടേ ഇരുന്നു. ഒരു ചുമരിന്റെ അപ്പുറം രതീഷിന്റെ ചലനമറ്റ ശരീരം ഉണ്ടായിട്ടും അപ്പോൾ അവിടെ നിന്നവരിൽ രതീഷ് മരിച്ചു എന്ന് അറിയാത്ത ആൾ ആ സ്ത്രീ മാത്രമേ ഉണ്ടായിരുന്നുള്ളു.
പക്ഷേ എല്ലാവരും അയാൾ ജീവനോടെ ഉണ്ട്, ഇപ്പോൾ കയറി നോക്കിയതാണ് എന്നൊക്കെ പറഞ്ഞു അവരെ ആശ്വസിപ്പിച്ചു കൊണ്ടേ ഇരുന്നു. ‘രതീഷിന്റെ കൂടെ ഉള്ളവർ ആരെങ്കിലും ഉണ്ടെങ്കിൽ ബ്ലാക്ക് ഏരിയയിലേക്ക് വരണം’ എന്ന് ഒരു ജീവനക്കാരൻ വന്നു പറഞ്ഞതോടെ അവരുടെ നിയന്ത്രണം വിട്ടു. കാരണം, അവർക്കറിയാമായിരുന്നു ‘ബ്ലാക്ക് ഏരിയ’ എന്താണെന്ന്. രതീഷേട്ടൻ മരിച്ചു അല്ലേ എന്നുള്ള അവരുടെ ചോദ്യത്തിന് ആദ്യം ഒന്ന് അമ്പരന്നെങ്കിലും അവിടെ കൂടിയവർ രതീഷ് എന്ന് അയാൾ തെറ്റായി പറഞ്ഞതാണെന്നും വേറെ ആക്സിഡന്റ് ആയി വന്ന ആളാണ് മരിച്ചതെന്നുമൊക്കെ പറഞ്ഞു പിന്നെയും അവരെ ആശ്വസിപ്പിച്ചു. കാഷ്വാലിറ്റിയുടെ ഉള്ളിൽ കേറിയിട്ടു പിന്നെയും വന്ന് ICU വിൽ ആണെന്നും ഇപ്പോൾ വെള്ളം കുടിച്ചെന്നുമൊക്കെ അവരോടു ഓരോ നുണകൾ ഞങ്ങൾ പറഞ്ഞു കൊണ്ടേ ഇരുന്നു. അവരുടെ ആളുകളെ വിളിച്ചറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ വന്ന് അവരെ ബലം ആയി വീട്ടിലേക്കു കൂട്ടി കൊണ്ട് പോയി. അപ്പോളും അവർ മരണവാർത്ത അറിഞ്ഞിരുന്നില്ല. കർക്കശക്കാരനായി ആ പാവം സെക്യൂരിറ്റി തന്റെ ഭാഗവും ഗംഭീരമായി അഭിനയിച്ചു. അവിടെ നിന്ന ഓരോരുത്തരും അഭിനയിക്കുക ആയിരുന്നു മരണം എന്ന ആ സത്യത്തെ മറച്ചു വെക്കാൻ .
പിറ്റേ ദിവസം ചരമ കോളത്തിൽ കണ്ട വിവരങ്ങൾ വച്ച് വെറുതെ ഫേസ് ബുക്കിൽ തിരഞ്ഞു ആ പേരിൽ ഒരാൾ മാത്രം. രണ്ടു കുഞ്ഞുങ്ങളുടെ കുറെ അധികം ഫോട്ടോകൾ ആ പ്രൊഫൈലിൽ കണ്ടു. കൂട്ടത്തിൽ അവരുടെ കല്യാണം മുതൽ ഈ കഴിഞ്ഞ ദിവസം വരെ എടുത്ത ഫോട്ടോകളും. ഒരു നിമിഷത്തെ മനസ്സിന്റെ ചാഞ്ചാട്ടം ആവാം രതീഷിനെ കൊണ്ട് ഇങ്ങനെ ഒരു കടുംകൈ ചെയ്യിപ്പിച്ചത്. ഇനിയും നീണ്ടു കിടക്കുന്ന ജീവിതത്തെ കുറിച്ച് ഒരു നിമിഷം അദ്ദേഹം ഓർത്തു കാണില്ല. ആത്മഹത്യ വെറുമൊരു ഒളിച്ചോട്ടം മാത്രം ആണ്, ചിലപ്പോൾ മനസ്സിന്റെ എടുത്തു ചാട്ടവും. ഒരു പക്ഷേ നല്ല കുറച്ചു സുഹൃത്തുക്കൾ ഉണ്ടായിരുന്നെകിൽ രതീഷ് അങ്ങിനെ ചെയ്യില്ലായിരുന്നു.
എന്നെങ്കിലും ചിറ്റയേയും കൂട്ടി ആ വീട്ടിൽ ഒന്ന് പോകണം എന്നുണ്ട്, ഒരുപക്ഷേ ഞങ്ങളെ അവർ തിരിച്ചറിഞ്ഞേക്കില്ല. പക്ഷേ അവരുടെ മുഖം ഈ ജന്മം ഞങ്ങളുടെ മനസ്സിൽ നിന്നും മായില്ല. ജീവിതത്തിൽ ആദ്യം ആയി കണ്ട അവരോടു പറഞ്ഞ നൂറു നുണകൾ, ഇന്നും അതിനൊരു കുറ്റബോധം തോന്നുന്നില്ല കാരണം ചില നുണകൾക്ക് ഈശ്വരന്റെ സാക്ഷ്യപത്രവും ഉണ്ടാകും . അറിഞ്ഞോ അറിയാതെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് സോദരി മാപ്പ്…
English Summary: Eeswarante sakshyapathramulla nuna, Malayalam short story