സ്നേഹിച്ചിരുന്ന പെൺകുട്ടി ആത്മഹത്യ ചെയ്യും മുൻപ് എഴുതിയ ആ കുറിപ്പ്...

sad-girl
Representative Image. Photo Credit : Evgeny Atamanenko / Shutterstock.com
SHARE

നാഗചരിത്രം (കഥ)

ഒരു നാഗം ഗൗതമനെന്ന മനുഷ്യനെ പിൻതുടരുകയാണ്. ഓടി ഒളിക്കാൻ ഇടമില്ലാതായിരിക്കുന്നു. പാമ്പ് മറഞ്ഞിരിക്കുന്ന ഇടങ്ങളിലേയ്ക്ക് അയാളുടെ കണ്ണുകൾ യാന്ത്രികമായി സഞ്ചരിക്കുകയാണ്. ഒരു നാട്ടിൽ നിന്ന് ഓടി ഒളിച്ചിട്ടും അത് തനിക്ക് പിൻപേ ഇഴയുന്നു. എന്തും കേൾക്കാൻ തയാറായി ഹൃദയം തുറന്നിട്ട് തന്റെ മുന്നിലിരിക്കുന്ന ഡോക്ടറെ ഗൗതമൻ തളർന്ന കണ്ണുകൾ കൊണ്ട് ഒന്ന് നോക്കി. ഡോക്ടർ ഗൗതമനെ നോക്കി ശാന്തമായൊന്ന് ചിരിച്ചു. അതോടെ അയാൾ നാഗചരിത്രത്തിന്റെ കെട്ടഴിച്ചു.

രാത്രിയിൽ നിലാവിനെ തടഞ്ഞ വൃക്ഷം മണ്ണിൽ നിഴലായ് വീണുകിടക്കുന്നു. പാലക്കാടൻ കാറ്റും മകരമഞ്ഞും അന്തരീക്ഷത്തെ പൊതിയുകയാണ്. മുറ്റത്തങ്ങനെ ഉലാത്തുമ്പോഴാണ് ചരൽ മണലിൽ വീണുകിടക്കുന്ന ഒരു വള്ളിയിൽ കണ്ണുടക്കിയത്. കാറ്റിൽ ചലിക്കാതെ അത് നിശ്ചലമായി കിടക്കുന്നു. ഉള്ളിലുണർന്ന സന്ദേഹം തീർക്കാനാണ് വലം കാൽ കൊണ്ട് മണ്ണിലൊന്ന് ചവിട്ടി ശബ്ദമുണ്ടാക്കിയത്. പൊടുന്നനെ ഉടൽ വളവുകൾ ചലിച്ചു തുടങ്ങി. മെല്ലെ തല ഉയർത്തി അത് പിന്നിലേയ്ക്ക് ഇഴയുന്നു. കൊല്ലാനോ പിൻതുടരാനോ തോന്നിയില്ല. മെല്ലെ, മെല്ലെയിഴഞ്ഞ് അത് ഏതോ കൽവിടവിൽ ഒളിച്ചു കഴിഞ്ഞു. അതൊരു കാഴ്ചയായിരുന്നു അല്ലെങ്കിൽ ഒരു തുടക്കമായിരുന്നു. നിഗൂഢമായ ചില കാഴ്ചകൾ പിന്നെയും ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കും.

സർക്കാരാപ്പീസിലെ ജോലിത്തിരക്കിൽ ചിന്തകൾ മയങ്ങിക്കിടക്കുകയും വാടക വീടിന്റെ ഏകാന്തതയിൽ പതിന്മടങ്ങ് ശക്തിയോടെ അവ പുനർജനിക്കുകയും ചെയ്യും. ആറ് മാസം മുൻപ് വിവാഹിതനായിട്ടും ഭാര്യയെ തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടെ ജോലി സ്ഥലത്തേയ്ക്ക് കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. നല്ലൊരു വാടക വീട് തരപ്പെടണം. ചിന്തകളുടെ അവസാനവും ഉറക്കത്തിന്റെ തുടക്കവും തമ്മിൽ അതിരുകൾ അദൃശ്യമായി പങ്കിടുന്നു. 

പുലരിയുടെ പാതി വെളിച്ചത്തിലേയ്ക്ക് ഉറക്കച്ചടവോടെ അയാൾ കണ്ണ് തുറന്നു. തലയ്ക്ക് മീതെ ഫാനിന്റെ ഇതളിൽ നിന്ന് താഴേയ്ക്ക് തൂങ്ങി നിൽക്കുന്ന പാമ്പിന്റെ നേർക്കാണ് ദൃഷ്ടി പതിഞ്ഞത്. തന്റെ ശരീരത്തിലേയ്ക്ക് അത് ഊർന്ന് വീഴാൻ തുടങ്ങുകയാണ്. പാതി ബോധത്തിലൂടെ ഒരു മിന്നൽ പാഞ്ഞു പോയി. പിന്നെ അയാൾ കിടക്കയിൽ നിന്ന് താഴേയ്ക്ക് തെറിച്ചു. നിമിഷവേഗത്തിൽ നാഗം മുറിയുടെ മറവിലൊളിഞ്ഞു. നിലത്തിരുന്ന് അയാൾ കിതച്ചു. പുലരിമഞ്ഞിന്റെ കുളിരിലും തന്റെ ശരീരത്തിൽ വിയർപ്പ് തുള്ളികൾ പൊടിയുകയാണ്. ഭയം നിറയ്ക്കുന്ന കാഴ്ചകളിൽ ഏത് മനുഷ്യനും നിലതെറ്റി വീണു പോകും ഗൗതമൻ അമാനുഷിക ശക്തിയില്ലാത്ത ഒരു സർക്കാരുദ്യോഗസ്ഥനായിരുന്നു.

രണ്ടാമതും പാമ്പിനെ കണ്ടതോടെ വാടക വീടൊഴിയാൻ തീരുമാനിച്ചു. പുതിയ വീട് നോക്കാൻ അതൊരു നിമിത്തമായി. വാടക വീടൊഴിഞ്ഞ് പുതിയ ഒരിടം കണ്ടെത്തിയപ്പോൾ മനസ്സൊന്ന് തണുത്തു. നഗരത്തോട് ചേർന്ന ഒരു കുഞ്ഞു വീടായിരുന്നു അത്. കരിയിലകൾ കുന്നു കൂടാത്ത, പുൽ നാമ്പുകൾ മുളയ്ക്കാത്ത ഒരിടം. പക്ഷേ പുതിയ വീട്ടിലെ കാഴ്ചകൾ മെല്ലെ മാറുകയായിരുന്നു. കണക്കുകൂട്ടലുകൾ തെറ്റിച്ച് അവൻ അവിടെയും പ്രത്യക്ഷപ്പെട്ടു. പളുങ്ക് കണ്ണുകളും തിളങ്ങുന്ന ഉടലും ആദ്യം പ്രത്യക്ഷപ്പെട്ടത് എയർ ഹോളിന്റെ വിടവിലാണ്. നാഗം നിശബ്ദനായി തനിക്ക് പിൻപേ ഇഴഞ്ഞു കൊണ്ടിരുന്നു. സ്വസ്ഥതയുടെ അതിർ വരമ്പിലിരുന്ന് അവൻ മുറി നാവ് നീട്ടി. ജനലഴി മറയിൽ നിന്ന് പുറത്തേയ്ക്ക് നീണ്ട പളുങ്ക് കണ്ണുകൾ തിളങ്ങുന്നു. അതാ അവിടെ അവന്റെ ശരീരം പതിയിരിക്കുന്നു. അടുക്കള പാത്രങ്ങൾക്ക് പിന്നിലൂടെ ഒരു ചെറുതിളക്കം ഇഴഞ്ഞ് മാറുന്നു. കാഴ്ചകൾ വീണ്ടും ഗൗതമന്റെ ജീവതാളത്തെ മുറിവേൽപ്പിക്കുന്നു. ഗതികേടിന്റെ രണ്ടാമധ്യായം അടച്ചു വച്ച് നീണ്ട അവധിയിൽ പ്രവേശിച്ച് ഗൗതമൻ തിരുവനന്തപുരത്തേയ്ക്ക് മടങ്ങി.

വീടിന്റെ വരാന്തയിൽ ഗായത്രി കാത്തു നിന്നു. നാഗചരിത്രത്തിന്റെ മൂന്നാം അധ്യായം തന്റെ സ്വന്തം വസതിയിൽ തുടങ്ങുകയായിരുന്നു. എവിടെ തിരിഞ്ഞാലും ഒരേ കാഴ്ച. വളയുകയും നിവരുകയും ചെയ്യുന്ന പാമ്പുടലുകൾ. ഗൗതമൻ പറഞ്ഞവസാനിപ്പിച്ച് ദൃഷ്ടി മുകളിലേയ്ക്ക് ഉയർത്തി. ചുണ്ടിൽ പ്രാർത്ഥനകൾ നിശബ്ദമായി സഞ്ചരിക്കുന്നു. ഡോക്ടർ ശാന്തനായിരുന്നു. ഗൗതമന്റെ കണ്ണുകൾ നിറയുകയാണ്. ഗായത്രി അയാളുടെ കൈയ്യിൽ മുറുകെ പിടിച്ചു. ഞാനുണ്ട് കൂടെ എന്ന ഓർമ്മപ്പെടുത്തൽ. ഗായത്രി ഡോക്ടറുടെ നിർദ്ദേശപ്രകാരം പാതി മനസ്സുമായി പുറത്തേക്കിറങ്ങി. ഗൗതമന്റെ കണ്ണുകൾ മുറിയിലാകെ പരതി നടന്നു. എവിടെയോ അവൻ ഒളിച്ചിരിക്കുകയാണ്.  

ഡോക്ടർ ഗൗതമന് ധൈര്യം പകർന്നു. ആശുപത്രിയിലെ അസ്വസ്ഥതകളിൽ നിന്നൊഴിയാനാണ് സുഹൃത്തിന്റെ ബന്ധുവായ ഗൗതമനെ ഡോക്ടർ വീട്ടിലേയ്ക്ക് ക്ഷണിച്ചത്. മനസ്സൊന്ന് മുറിപ്പെടാതെ അയാളെ ജീവിതത്തിലേയ്ക്ക് മടക്കിയേ പറ്റൂ. ഗൗതമനൊളിക്കുന്ന സത്യങ്ങളെ ചൂഴ്ന്നെടുക്കാൻ ഡോക്ടർ ശ്രമിച്ചു കൊണ്ടേയിരുന്നു. നാഗചിന്തയുടെ വഴിയളന്ന് ഡോക്ടർ ദൂർഘ ദൂരം സഞ്ചരിച്ചു. ഗൗതമന്റെ കൃഷ്ണമണികളിലെ ചലനങ്ങളിൽ അദ്ദേഹം ശ്രദ്ധയൂന്നി. തന്റെ മനസ്സ് ഡോക്ടർ ചൂഴ്ന്നെടുക്കുകയാണെന്ന് ഗൗതമന് തോന്നി. ആ നോട്ടം കൃഷ്ണമണിയിലൂടെ കടന്ന് ഹൃദയ ഭിത്തികൾ തുരന്ന് സർവ്വ സത്യങ്ങളേയും പുറത്തേയ്ക്ക് എത്തിക്കുമെന്നത് തീർച്ചയാണ്. ഉള്ളിലൊളിപ്പിച്ച രഹസ്യങ്ങൾ പുറത്തേയ്ക്ക് പായാൻ വെമ്പൽ കൊള്ളുന്നു. ഒരു മാന്ത്രിക ദണ്ഡിന്റെ പിൻപേ പറക്കുന്ന തൂവലുകൾ പോലെ സത്യങ്ങൾ കൈവിട്ടു പോകാനൊരുങ്ങുന്നു. ഒളിക്കുന്തോറും ചിലത് വെളിപ്പെട്ടുകൊണ്ടിരിക്കും.  

മനുഷ്യ മനസ്സിൽ കുരുങ്ങിക്കിടക്കുന്ന ചിന്തകൾ സൃഷ്ടിക്കുന്ന ചില മായ കാഴ്ചകളുണ്ട്. മനസ്സിന്റെ ചില കളികൾ. ‘‘പറയൂ ഗൗതമാ ഇവിടെ നിങ്ങൾ പറയുന്ന എന്ത് കാര്യവും സുരക്ഷിതമായിരിക്കും എന്നെ വിശ്വസിക്കാം’’ ഗൗതമന്റെ മുഖത്ത് ചെറിയൊരു വെളിച്ചം പ്രത്യക്ഷപ്പെട്ടു. ഗൗതമന്റെ മനസ്സിലിഴയുന്ന നാഗവിചാരത്തിന്റെ തുടക്കത്തിലേയ്ക്ക് എത്താനുള്ള വഴികൾ മെല്ലെ തുറക്കുകയാണ്. ‘‘പറയൂ ഗൗതമാ, ഭാരം സ്വയം ചുമക്കാൻ കഴിയുന്നതാവണം. അല്ലെങ്കിൽ കാലിടറും മുൻപ് മനസ്സിടറും. എന്താണെങ്കിലും എന്നോട് പറയൂ. ഞാനുണ്ട് കൂടെ’’ അതൊരു ഉറപ്പായി ഗൗതമന് തോന്നി. ചില വാക്കുകൾ തകർന്നു നിൽക്കുന്നവന് മുന്നിൽ പ്രതീക്ഷയുടെ വിത്തിടുന്നു. ബാഗിൽ കിടന്ന പേപ്പറെടുത്ത് ഡോക്ടർക്ക് നേരെ നീട്ടുമ്പോൾ ആ വിരലുകൾ വിറ കൊണ്ടു. 

‘‘ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം ഉത്തരമിതിലുണ്ട്, മരിക്കും മുൻപ് അവൾ എനിക്കെഴുതിയ കത്താണിത്.’’ ഗൗതമൻ സ്നേഹിച്ചിരുന്ന പെൺകുട്ടി ആത്മഹത്യ ചെയ്യും മുൻപ് തയ്യാറാക്കിയ കത്തിലൂടെ ഡോക്ടറുടെ കണ്ണുകൾ ക്ഷമയോടെ കടന്നുപോയി. മനസ്സും ശരീരവും ഒടുവിൽ ജീവിതവും ഗൗതമന് സമർപ്പിച്ചവളുടെ കണ്ണുനീരിന്റെ നനവും പ്രണയത്തിന്റെ നോവും അക്ഷരങ്ങളിൽ തെളിഞ്ഞു കൊണ്ടിരുന്നു. ചുവന്ന പൂക്കൾ ചിതറിയ കലാലയ വഴിയിലാണ് ആദ്യമായി അവർ കണ്ടുമുട്ടിയത്. പിന്നീട് പ്രണയം തേര് തെളിച്ച് പല വഴികളിലൂടെ കടന്നുപോയി. കാത്തിരുന്നും കഥ പറഞ്ഞും കൊഴിഞ്ഞു പോയ നാളുകളിലാണ് ഗൗതമൻ ജോലിക്കാരനായത്. 

ഇരുകരകളിൽ നിന്ന് ഒരു കരയിലേയ്ക്കുള്ള യാത്രയ്ക്ക് ഒരുങ്ങുമ്പോഴാണ് ഒരു വാഹനാപകടത്തിൽ അവളുടെ വലം കൈപ്പത്തി നഷ്ടപ്പെടുന്നത്. ഒരു കൈയ്യില്ലാത്തവളുടെ സങ്കടം മറയ്ക്കാൻ ഇരുകൈയ്യില്ലാത്തവരുടെ ജീവിതം അവൾ നേരിൽ കണ്ടു. ജീവിതം തിരിച്ച് കിട്ടിയ സന്തോഷത്തോടെ അവൾ മടങ്ങിയെത്തി. അപ്പോഴാണ് അവൾ ആ യാഥാർഥ്യം തിരിച്ചറിഞ്ഞത്. തന്റെ നഷ്ടപ്പെട്ട കൈപ്പത്തിയിലുരുന്നു ഗൗതമൻ മുറുകെ പിടിച്ചിരുന്നത്. ഗൗതമന്റെ ചിന്തകളറിഞ്ഞ അവൾ സ്വയം പിന്നോട്ട് മാറി നിന്നു. അപ്പോഴും തന്നെ ചേർത്ത് പിടിക്കാൻ അയാൾ വരുമെന്ന് ഉള്ളിലൊരു പ്രതീക്ഷയുണ്ടായിരുന്നു. എല്ലാം നിന്റെ സമ്മതത്തോടെ എന്ന ഭാവത്തിൽ അയാൾ സ്വയമൊഴിയാൻ വെമ്പൽ കൊണ്ടു. 

വിവാഹം ക്ഷണിക്കാൻ വിളിച്ച ഗൗതമന്റെ ശബ്ദം കേട്ട് അവൾ നിശ്ചലയായി നിന്നു. തമ്മിൽ പിരിയുമ്പോൾ അവളുടെ കണ്ണുകളിൽ ഒരു കടൽ കലങ്ങിമറിയുകയായിരുന്നു ‘‘എന്നും നല്ലത് വരട്ടെ എന്നേ ഞാൻ പ്രാർത്ഥിക്കൂ’’ ഗൗതമൻ നേരിൽ കേട്ട അവളുടെ അവസാന ശബ്ദം. അയാൾ വിവാഹിതനായി മൂന്ന് മാസങ്ങൾക്ക് ശേഷമാണ് അവൾ മരണത്തിലേയ്ക്ക് നടന്നു പോയത്. 

‘‘അവളുടെ അപകർഷതയായിരുന്നു പ്രശ്നം. പിന്നെ പരിമിതികൾ ....’’ വാക്കുകൾ പകുതിയിൽ അവസാനിപ്പിച്ച ഗൗതമന്റെ കണ്ണുകളിൽ കുറ്റബോധത്തിന്റെ നിഴലുകൾ പടരുന്നുണ്ടോ. ഇല്ല , അങ്ങനെയൊന്ന് അയാളെ ബാധിച്ചിട്ടേയില്ല. കണ്ണിലാകെ ഭയമാണ്. ഓരോ ചലനത്തിലും അയാൾ അവനെ പ്രതീക്ഷിക്കുന്നു. വിഷപ്പല്ലുകളുമായി തന്നിലേയ്ക്ക് വരുന്ന മരണമാണ് ഗൗതമനെ അസ്വസ്ഥനാക്കുന്നത്.  ഡോക്ടർ ശാന്ത ഭാവത്തിൽ തുടരുകയാണ്. എന്ത് മറുപടിയാണ് തനിക്ക് ഗൗതമനോട് പറയാനാവുക. കത്തിലൂടെ വീണ്ടും കണ്ണുകൾ സഞ്ചരിച്ചു കൊണ്ടിരുന്നു. അതിന്റെ അവസാനം ഡോക്ടർ ഒന്നു കൂടി മനസ്സിരുത്തി വായിച്ചു ‘‘നിന്റെ വിവാഹം കഴിയാൻ ഞാൻ കാത്തു നിൽക്കുകയായിരുന്നു. ഞാൻ ഇല്ലാതായല്ലോ എന്ന വേദനയോടെ നീ ഗായത്രിയെ വിവാഹം കഴിക്കാൻ പാടില്ലെന്ന് ഞാൻ വെറുതെ ആഗ്രഹിച്ചു. നിന്നെ എനിക്ക് ജീവനായിരുന്നു. നീയില്ലാതെ ജീവിക്കാൻ ശ്രമിച്ച് ഞാൻ പരാജയപ്പെട്ടിരിക്കുന്നു. ഒരാളുമറിയാതെ ഞാനങ്ങ് പൊയ്ക്കോട്ടെ. നീയും ഞാനും മാത്രമറിഞ്ഞ ഈ സ്നേഹം ഇവിടെ അവസാനിക്കുന്നില്ല. ഒരു കുഞ്ഞു നാഗമായ്  നിനക്ക് ചുറ്റും നീയറിയാതെ ഞാൻ പതിയിരിക്കും. നിന്നെ അങ്ങനെ നോക്കിയിരിക്കും.’’ കത്ത് വായിച്ച് തീർത്ത് ഡോക്ടർ ഗൗതമന്റെ തളർന്ന മുഖത്തേയ്ക്ക് നോക്കി. ആ കണ്ണുകൾ നിറയുന്നുണ്ട് ‘‘ഞാൻ ഒരു മനോരോഗിയല്ല. എനിക്കറിയാം എന്റെ കാഴ്ചകൾ സത്യമാണ്. മരണം അടുത്തു വരുന്നത് ഞാനറിയുന്നുണ്ട് ഡോക്ടർ’’  മരണത്തെ കാത്തിരിക്കുന്നവന്റെ മുഖമായിരുന്നു ഗൗതമന്.

ഡോക്ടർ ഒരു നിമിഷം ചിന്തയിലാണ്ടു. ‘‘ഒരാളെ കൊല്ലാൻ ഒരു പാമ്പിന് എത്ര സമയം വേണ്ടി വരും’’

‘‘കൊല്ലാനായിരുന്നെങ്കിൽ അത് എന്നേ നടന്നേനെ, ഇത്രയേറെ നിങ്ങളെ സ്നേഹിക്കുന്ന ഒരുവൾക്ക് നിങ്ങളെ കൊല്ലാനാവുമോ, അവൾ ഗൗതമനെ ഒന്നു നോക്കിയിരിക്കുക മാത്രമാണ് ചെയ്യുന്നത്. അതെങ്കിലും അവൾക്ക് അനുവദിച്ചു കൊടുക്കരുതോ’’

ഡോക്ടർ അത് പറയുമ്പോഴും അയാൾ തനിക്ക് ചുറ്റും മരണത്തെ തിരയുകയായിരുന്നു.

‘‘ഒരിക്കൽ പോലും പാമ്പ് ഗൗതമനെ ഉപദ്രവിക്കാൻ ശ്രമിച്ചിട്ടുണ്ടോ, ഒഴിഞ്ഞ് പോകുകയല്ലാതെ അത് പത്തി വിരിച്ച് നിന്നിട്ടുണ്ടോ’’ ഡോക്ടറുടെ ശാന്തമായ ചോദ്യത്തിന് അയാൾ ഇല്ലെന്ന് തലയാട്ടി.

ഗൗതമന്റെ ഉപബോധത്തിൽ പുതിയ ചിന്തകൾ പകർന്ന് ഡോക്ടർ അയാളെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. ‘‘ഒന്നും സംഭവിക്കില്ല. നാഗം ഗൗതമനെ നോക്കിയിരിക്കട്ടെ. സ്നേഹത്തെ അത്ര വേഗം ഒഴിവാക്കുന്നതെന്തിന്. ഒരാഴ്ച കഴിഞ്ഞ് നമുക്ക് വീണ്ടും കാണാം.’’ ഗൗതമന്റെ കരം കവരാൻ പുറത്ത് ഗായത്രി കാത്ത് നിന്നു. അവർ നടന്നുനീങ്ങുന്നത് ഡോക്ടർ ജനാലയിലൂടെ നോക്കിയിരുന്നു. ഡോക്ടർ തന്റെ ഭാര്യയെ  ഉറക്കെ വിളിച്ചു. ഒരു വീൽ ചെയർ മുറിയിലേയ്ക്ക് കടന്നുവന്നു. പിൻപേ എത്തിയ ചിരി ഒരു ചെറു തെന്നൽ പോലെ മുറിയിൽ നിറഞ്ഞു. അവളുടെ കാലുകൾക്ക് ചലനം നൽകാൻ സൃഷ്ടിയുടെ നേരം ദൈവം മറന്നു പോയിരുന്നു. മറവിക്ക് പരിഹാരമായി ഡോക്ടറെപ്പോലെ ചില മനുഷ്യരെ ദൈവം അവർക്കായ് കരുതിവയ്ക്കുന്നു. മുറിയിൽ നിന്ന് വീണ്ടും ചിരി ഉയരുകയാണ്.

English Summary: Nagacharithram, Malayalam short story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചിരിയുടെ കാൽനൂറ്റാണ്ട് | Salim Kumar | 25 Years of Acting

MORE VIDEOS
FROM ONMANORAMA
;