ഒരേ ഒരു ചോദ്യം.! (കവിത)
വെന്തുമരിച്ച ഉറുമ്പുകളെ
ഭക്ഷിച്ചു കൊണ്ട്
കൃമികീടങ്ങൾ അരുളി,
ഈ ഇടം
ഞങ്ങളുടെ മാത്രമാണ്.
അതിന് മുമ്പോ..?
ആവോ...!
ഈയാംപാറ്റയുടെ
ചിറക് തിന്ന ഉറുമ്പിന്റെ
ആധിപത്യമായിരുന്നു.
അതിനും മുൻപ്
അവിടെ വെളിച്ചത്താൽ
വിശപ്പടക്കിയ ഈയ്യാംപാറ്റയും
അവയെ തിന്ന
പല്ലിയുടേയും.
സത്യം പറയുമ്പോൾ
കൊഞ്ഞനം കുത്താൻ
അവർക്കായി മതിൽ പണിഞ്ഞ
ബീരാന് ദേഷ്യം വന്നു.
ഈ പൊട്ടിപ്പൊളിഞ്ഞ
കൊട്ടാരം എന്റെയാണ്.
അതിനും മുൻപ് സ്ഥലം വിറ്റ്
പ്രമാണി രാമുവും
അതിനും മുൻപ്
വിറ്റുതിന്ന നസ്രാണി റീനുവും
വെറുതെ ഇരിക്കുമോ...
തർക്കം ഒരിടവും എത്താതെ കടന്നു.
ജൂതനും ബുദ്ധനും
കൂടെ വെള്ളക്കാരും
പറങ്കിയും ഡച്ചുമൊക്കെ
വന്നു പോയി.
തുടർന്ന്
കലഹം എത്തിനിന്നതോ
ഭാഷയറിയാതെ,മതമറിയാതെ
ജാതിയറിയാതെ
വർണ്ണവുമറിയാതെ
അന്ന്
വിശപ്പിനോട് കലഹിച്ച
ഒരുപറ്റം മനുഷ്യനിലേക്ക്.
വിഖ്യാതമായ കുടിയേറ്റക്കാർ.!
എന്നാൽ അതിനും മുമ്പോ.?
ചോദ്യം തുടരുന്നു
ഉത്തരവും....
English Summary: Ore oru chodhyam, Malayalm poem