ADVERTISEMENT

ഇൻഷാ അല്ലാഹ് (കഥ)

 

ഉപ്പാടെ കക്ഷം മണത്ത് കിടക്കുന്നൊരു ദിവസമാണ് ഞാൻ സ്കൂളിൽ നിന്നും വാട്ടർ തീം പാർക്കിലേക്ക് വിനോദ യാത്ര പോകുന്നതിനെ പറ്റി പറയുന്നത്.

 

ഉപ്പ മലർന്നാണ് ഉറങ്ങാൻ കിടക്കാറ്, കുപ്പായം അഴിച്ച് വെച്ചിട്ടുണ്ടാവും രണ്ട് കൈകളാണ് തലയിണ കൈ രണ്ടും മടക്കി, കൈപ്പത്തി തലക്കടിയിലേക്ക് തിരുകിയിട്ടുണ്ടാകും കക്ഷം എന്റെ മൂക്കിൻ തുമ്പത്ത് വരും പോലെ കാതിനോടടുപ്പിച്ചാണ് ഞാൻ ഉണ്ടാവുക. ഞാൻ മെല്ലേ വന്ന് ഉപ്പാടെ അടുത്ത് ഉച്ചമയക്ക നേരത്ത് കയറിക്കിടക്കുന്നതാണ് 

 

ഞാൻ ഉറങ്ങാനായിരിക്കില്ല ഉറങ്ങുന്ന പോലെ നടിച്ച് ഉപ്പാടെ കണ്ണിന്റെ പടിപ്പുര വാതിൽ തുറക്കുന്നതും നോക്കി പാതി ചാരിയ എന്റെ കൺവാതിലിലൂടെ നോട്ടം തൊട്ടിലാട്ടി കിടക്കും.

 

ഉപ്പാക്ക് ഉറക്കത്തിനിടയ്ക്ക് ഒരു ചുമയുണ്ട് ചുമക്കുമ്പോൾ ഉപ്പ പാതി ഉണരും, ആ നേരം നോക്കിയാണ് എന്റെ നീക്കങ്ങളുടെ കച്ചിത്തുരുമ്പ് ഞാൻ പുറത്തെടുക്കാറ്. ഞാൻ അടുത്ത് കിടക്കുന്നുണ്ട് എന്ന് അറിയിക്കാൻ, ഞാൻ ആദ്യം ഉറക്കത്തിലെന്ന പോലെ ശ്വാസത്തെ ഒന്ന് കുടഞ്ഞ് വലിക്കും. വീണ്ടും എട്ടുകാലി നീക്കങ്ങൾ കണ്ണ് നടത്തും.

 

ഉപ്പ വലയിൽ കുടുങ്ങിയോ എന്നറിയാൻ ‘ഉപ്പാ’ എന്നൊന്ന് ഉറക്കം വിട്ടൊഴിയാത്ത, പിച്ചും പേയും പറയുന്ന തരത്തിൽ ചെവിയിലേക്ക് വാക്ക് കൊണ്ട് വലനാരുകൾ ചുറ്റും. നാല് വട്ടം അത്തരത്തിൽ ആവർത്തിച്ചാലാണ്, വല മുറുക്കാൻ പറ്റുക. പിന്നെ ഉപ്പ മിണ്ടി തുടങ്ങും.

 

സംഗതി അവതരിപ്പിക്കുമ്പോൾ ഉപ്പ സീരിയസ് ആവാതിരിക്കാൻ, ഉപ്പാടെ കക്ഷത്ത് ഇക്കിളി കൊണ്ട് താളം മുറുക്കും ചിരിക്കിടയിൽ ഉപ്പ അവസാനം പറയും ‘‘ഇൻഷാ അല്ലാഹ്...’’

 

‘‘അങ്ങനെ പറയരുത് ഉപ്പാ പ്ലീസ്’’ എനിക്ക് പ്രാന്ത് കയറും..

 

‘‘ഉറപ്പ് പറ’’ ഉപ്പ ചിരിക്കും എന്നിട്ട് പറയും ‘‘ഇതന്നല്ലേടാ ഉറപ്പ്‌ വേറെ എന്തുറപ്പ്’’

 

എന്ത്‌ പറഞ്ഞാലും ഇതന്നെ എപ്പോളും ‘‘ഇൻഷാ അല്ലാഹ് ഇൻഷാ അല്ലാഹ്’’

 

‘‘അതെന്ത് സാധനാ ഉപ്പ എന്തിനാ അതെപ്പോളും പറയുന്നേ അത്‌ പറയുമ്പോളൊക്കെ എല്ലാ കാര്യവും എനിക്ക് നേരം വൈകിയാണ് ഉപ്പ നടത്തി തരാറ്’’

 

‘‘അതെ അത്‌ തന്നെയാണ് അതിന്റെ അർത്ഥം അല്ലാഹു വിചാരിച്ചാൽ’’ അത്‌ പറഞ്ഞിട്ട് ഉപ്പ ചിരിക്കും. 

 

പടച്ചവനും ഉപ്പയും കൂടെ നടത്തിയ ഗൂഢാലോചനകളിൽ എന്റെ കുറേ ആഗ്രഹങ്ങൾ നിറവേറി. പിന്നെ പിന്നെ ഞാനും പടച്ചവനും തമ്മിൽ സംഭാഷണം തുടങ്ങിയൊരു കാലത്ത് ഉപ്പ പെറ്റ് സ്കാൻ റൂമിനു പുറത്ത് കാത്തിരിക്കുകയായിരുന്നു. ഉപ്പ ആ അത്ഭുത ലോകത്ത് എന്റെ കണ്ണുകളിലേക്ക് നോക്കി,

 

ഉപ്പയറിയാത്ത ഒരു വാട്ടർ തീം പാർക്കിന് ഉപ്പാട് മിണ്ടാതെ ഞാൻ എന്റെ ഉള്ളിൽ തറക്കല്ലിട്ടു.

 

തിരയടിച്ച് തുടങ്ങിയ ഒരു വേവ് പൂളിന്റെ ഇരമ്പൽ ഞാൻ മാത്രം കേട്ടു, ഉപ്പയെ അപ്പോൾ ആശുപത്രി നേഴ്സ് അകത്തെ റേഡിയേഷൻ ഗുഹയിലേക്ക് സാഹസിക യാത്രക്കായി ക്ഷണിച്ചു.

ഉച്ച മയക്കത്തിലേക്കെന്ന പോലെ ഉപ്പ അതിനുള്ളിൽ തലയിണക്ക് പകരം കൈ രണ്ടും തലയ്ക്കടിയിലേക്ക് തിരുകി. എന്റെ മൂക്ക് വിടർന്നു., ആശുപത്രിയിൽ നിറയെ ഉപ്പാടെ കക്ഷത്തിന്റെ മണം… നേരം തെറ്റിയ ഈ നേരത്തുള്ള യാത്ര വിലക്കണേയെന്ന് ഞാൻ പടച്ചവനോട് ആയിരം തവണ പറഞ്ഞു.

 

അപ്പോൾ ഞാനൊരു ‘‘ഇൻഷാ അല്ലാഹ്’’ കേട്ടു അത്‌ പടച്ചവൻ തന്നെ പറഞ്ഞതായിരിക്കണം. എല്ലാം പടച്ചവൻ വിചാരിക്കട്ടെ എന്ന് ഞാൻ അപ്പോൾ പുഞ്ചിരിച്ചു.

 

English Summary: Insha Allah, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com