ADVERTISEMENT

കൂടൊഴിഞ്ഞ പക്ഷി (കഥ)

കണ്ണുകൾ മുറുക്കെ അടച്ചു പിടിച്ച് അവൾ കിടന്നു. അവളുടെ കൺപോളകൾ അപ്പോഴും ചലിക്കുന്നുണ്ടായിരുന്നു, കൺപീലികൾ വിറയ്ക്കുന്നുണ്ടായിരുന്നു. ഉറങ്ങാനുള്ള നിരന്തരമായ ശ്രമത്തെ ഉപേക്ഷിച്ച് അവൾ കണ്ണ് തുറന്നു. തലയ്ക്കു മുകളിൽ അതിവേഗം കറങ്ങി കൊണ്ടിരിക്കുന്ന സീലിങ്‌ ഫാനിൽ നോക്കിക്കൊണ്ട് അല്പ നേരം കിടന്നു. 

പെട്ടന്നവൾക്കു നല്ല തണുപ്പ് അനുഭവപെട്ടു. ഫാൻ നിർത്താൻ വേണ്ടി അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റു. ദേഹമാസകലം വല്ലാത്തൊരു വേദന പോലെ, പേശികളൊക്കെ വലിഞ്ഞു മുറുകുന്ന മാതിരി വേദനിക്കുന്നു. എത്ര ദിവസമായി ഇങ്ങനെ ഈ മുറിയിൽ ഒന്നും ചെയ്യാതെ വെറുതെ കിടന്നുറങ്ങി തള്ളി നീക്കുന്നു.. അവൾ ഫാൻ ഓഫ് ചെയ്തു.. 

മെല്ലെ ജനാലയ്ക്കരികിലേക്കു ചെന്നു. ഇളം നീല കർട്ടൻ വകഞ്ഞു മാറ്റി അവൾ ആ ചില്ലു ജനാലയ്ക്കു അഭിമുഖമായി നിന്നു. ജനാലയിൽ ഈർപ്പം നിറഞ്ഞു നിൽക്കുന്നു. കുറച്ചു മുൻപേ പെയ്തൊഴിഞ്ഞ മഴയുടെ നിശ്വാസമാവാം. അവൾ ജനാലയിലെ ഈർപ്പത്തെ മെല്ലെ തുടച്ചു മാറ്റി. പുറത്തു പ്രകൃതി മഴയ്ക്ക് ശേഷമുള്ള ആലസ്യത്തിലാണ്. മണ്ണും മരവും നനഞ്ഞു കുതിർന്നിരിക്കുന്നു. അവൾ കൊളുത്തു നീക്കി ജനാല തുറന്നു.

മുറ്റത്തെ പൂന്തോട്ടത്തിലെ പൂവുകൾ ചിലതു തണ്ടൊടിഞ്ഞു കാണപ്പെട്ടു. മഴ ആഞ്ഞു പെയ്തപ്പോൾ അവർക്കു ചിലപ്പോൾ പിടിച്ചു നിൽക്കാൻ കഴിഞ്ഞു കാണില്ല. ഇതളുകൾ നഷ്ട്ടപെട്ട ആ മഞ്ഞ റോസാപ്പൂവിന് ഇപ്പോൾ ആ പഴയ ചന്തമില്ല. 

പക്ഷേ മഴയെ അതിജീവിച്ചു നിൽക്കുന്നത് ഓർക്കിഡ് പുഷ്പങ്ങളാണ്. അവ അവളുടെ അമ്മയുടെ ഓമനകളാണ്. പൂന്തോട്ടത്തിൽ ഓർക്കിഡ് പുഷപങ്ങളുടെ ഒരു വലിയ ശേഖരണം തന്നെയുണ്ട്.  ലോക്‌ഡൗൺ കാലത്ത് അമ്മയുടെ പ്രധാന വിനോദം പൂന്തോട്ടം വിപുലപ്പെടുത്തുക എന്നതായിരുന്നു. എത്ര നേരമാണ് അമ്മ ഈ ഓർക്കിഡ് പുഷ്പങ്ങളെ പരിപാലിക്കാൻ വേണ്ടി ചിലവാക്കുന്നത് അവൾ ഓർത്തു. അവൾക്ക് ഓർക്കിഡ് ഇഷ്ട്ടമല്ല. വല്ലാത്തൊരു മണമാണ് ആ പൂവുകൾക്ക്. അവളുടെ അമ്മ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നവയെ അവൾ ഏറ്റവും കൂടുതൽ വെറുക്കുന്നു. അവൾ ഓർക്കിഡ് പുഷ്പങ്ങളെ തന്നെ നോക്കി നിൽക്കുകയാണ് , മഴ നനഞ്ഞു നിൽക്കുന്ന അവയുടെ മേൽ തണുത്തൊരു കാറ്റ് വീശിയപ്പോൾ അവയ്ക്കു കുളിർന്നിട്ടുണ്ടാകാം  ഇതളുകൾ ഒതുക്കി അവർ പുളകം കൊള്ളുന്നത് പോലെ അവൾക്ക് തോന്നി. തുറന്നിട്ട ജനാലയിലൂടെ അവളുടെ ശരീരത്തിലേക്ക് പടർന്നു കയറാനും ആ മന്ദമാരുതൻ മറന്നില്ല. കാറ്റിന്റെ തലോടൽ അവളെ ഇക്കിളിപെടുത്തി. അവളുടെ ചുണ്ടിൽ ഒരു നറു മന്ദഹാസം വിടർന്നു . ആഹാ..!  അവളെത്ര സുന്ദരിയാണ്..

തലേന്ന് വാരികെട്ടിയ മുടിച്ചുരുളുകൾ ഏകദേശം അഴിഞ്ഞ് അവളുടെ തോളത്തു വീണു കിടപ്പുണ്ട്,  മുഖത്തെ ഉറക്കച്ചടവും കൺപോളകളിലെ ആലസ്യവും അവൾക്കൊരു മാദകത്വം പകർന്നു നൽകിയതു പോലെ.. അവൾ ചിരിക്കുകയാണ് .. പിന്നീട് അത് ഒരു പൊട്ടിച്ചിരിയായി . എന്തിനാണ് അവൾ ഇങ്ങനെ ചിരിക്കുന്നത് ?? 

പുറത്തു മഴയുടെ നിഴൽ മാറി തുടങ്ങിയിരിക്കുന്നു. ഇളം വെയിൽ ജനാലയിലൂടെ അവളുടെ മുഖത്തേക്ക് അടിച്ചു കയറി. മുറ്റത്തെ വാക മരത്തിലെ കിളി കുഞ്ഞുങ്ങൾ കീ കീ ശബ്ദമുണ്ടാക്കി കരയുന്നു. അമ്മക്കിളി ഇരയുമായെത്തി അവയുടെ കുഞ്ഞു ചുണ്ടുകളിൽ അത് പകുത്തു കൊടുക്കുന്നത് വരെ അവറ്റകൾ ഇങ്ങനെ കരഞ്ഞു കൊണ്ടേയിരിക്കും . 

അവ പറക്ക മുറ്റാറായോ? ചിലപ്പോൾ കുറച്ചു ദിവസങ്ങൾ കൂടി കഴിഞ്ഞാൽ അവപറന്നു പോയേക്കാം .. ഇനി നാളെ തന്നെ പറന്നു പോയാലോ ..ഇന്ന് പോയാലോ.. അവൾ ജനാല വലിച്ചടച്ചു 

കഴിഞ്ഞ രണ്ടു ആഴ്ചകളിലായി അവൾ ഈ മുറിയിൽ ഏകാന്ത വാസത്തിലാണ്. ആറാം സെമസ്റ്റർ തുടങ്ങിയതിനു ശേഷം അവൾ കോളേജിലേക്ക് പോയിട്ടേയില്ല. ഇനി പഠിക്കുന്നില്ല എന്നവൾ തീരുമാനിച്ചിരിക്കുന്നു ഈ സെമസ്റ്റർ കൂടി ഒന്ന് കഴിഞ്ഞാൽ അവളുടെ പഠനം പൂർത്തിയാകും  അവളൊരു ബിരുദധാരിയാകും ഈ കാര്യം അവളെ പറഞ്ഞു മനസിലാക്കാൻ കൂട്ടുകാർ എപ്പോഴും വിളിക്കും, വിളികൾ ശല്യമായപ്പോൾ അവൾ ഫോൺ ഓഫ് ചെയ്തു വെച്ചു. കോളേജിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും  മുൻപ് തന്നെ അവൾ ലീവ് ചെയ്തിരുന്നു. 

അവൾ കട്ടിലിൽ വന്നിരുന്നു 

മുറിയുടെ മൂലയിൽ ചുരുട്ടി കൂട്ടിയെറിഞ്ഞ കടലാസു കഷണങ്ങൾ ചിതറി കിടക്കുന്നു.  എന്താണവൾ എഴുതാൻ ശ്രമിച്ചത് , എന്താണെങ്കിലുംഅവൾക്കത് പൂർണമാക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല. അവൾ കട്ടിലിൽ നിന്നെഴുന്നേറ്റ് തന്റെ മേശയ്ക്കരികിലേക്കു നടന്നു. കസേരയിൽ ഇരുന്നു. മേശയുടെ ഡ്രോയർ തുറന്നു പുറത്തെടുത്തത് അവളുടെ ഡയറിയാണ്.  പെട്ടന്നവൾ ഓർത്തു അമ്മ നാളെ വരും. 

പരീക്ഷ ഡ്യൂട്ടി കഴിഞ്ഞു അമ്മ കണ്ണൂരിൽ നിന്നും നാളെ എത്തും ഫോൺ വിളിച്ചാൽ എടുക്കാത്തതിന്റെ പരിഭവത്തിലായിരിക്കും അമ്മ വരിക. ആൻസി ആന്റിയുടെ ഫോണിൽ അമ്മ വിളിച്ചിട്ടും സംസാരിക്കാൻ അവൾ കൂട്ടാക്കിയിരുന്നില്ല. ശരിക്കും അമ്മയ്ക്ക് പരിഭവം ആയിരിക്കില്ല, ദേഷ്യം ആയിരിക്കും. അമ്മയത് പുറത്തു കാണിക്കാതെ പരിഭവത്തിൽ ഒതുക്കുമെന്ന് മാത്രം. 

ഡയറിയിലൊന്നും എഴുതാനുള്ള ശ്രമം അവൾ നടത്തി കണ്ടില്ല . പിന്നെയവൾ ചെയ്തത് വളരെ വിചിത്രമായ ഒരു പ്രവർത്തിയായിരുന്നു. ചിന്തയൊന്നും കൂടാതെ ഷെൽഫിൽ നിന്നൊരു തീപ്പട്ടിയെടുത്തു അവൾ ആ ഡയറി അഗ്നിക്കിരയാക്കി. മൂലയിൽ ചിതറി കിടന്ന കടലാസുതുണ്ടുകൾക്കിടയിലേക്ക് ആ ഡയറി വലിച്ചെറിഞ്ഞു തീനാളനങ്ങൾ ആർത്തിയോടെ പേപ്പർ തുണ്ടുകൾ വാരിത്തിന്നു. ആ ചാരക്കൂമ്പാരത്തിലേക്കു നോക്കി അവൾ അപ്പോഴും ചിരിക്കുകയായിരുന്നു 

പുതിയൊരു പ്രഭാതം പൊട്ടിവിരിഞ്ഞു. കാലത്തേ ബസ്സിന്‌ തന്നെ അവളുടെ അമ്മ തിരികെയെത്തി. ഓട്ടോയിലാണ്bഅവർ വന്നിറങ്ങിയത്. റെയിൽവേ സ്റ്റേഷന്റെ പരിസരത്തുനിന്നും വിളിച്ച ഓട്ടോയാവാം. ഗേറ്റ് തുറന്നു അവർ അകത്തു കയറി. പൂന്തോട്ടത്തിലെ തന്റെ പ്രിയപ്പെട്ട ഓർക്കിഡ് പൂവുകളെ നോക്കാൻ അവർ മറന്നില്ല. ആൻസിയാണ് വാതിൽ തുറന്നത്‌. ട്രാവൽ ബാഗ് സോഫയിൽ വെച്ച് ജാറിൽ നിന്നും കുറച്ചു വെള്ളം അവർ കുടിച്ചു 

‘‘ചായ എടുക്കട്ടേ ചേച്ചി’’ ആൻസി ചോദിച്ചു

‘‘കട്ടൻ മതി’’ അവർ പറഞ്ഞു. ആൻസി അടുക്കളയിലേക്കു പോയി അവർ നേരെ അവളുടെ മുറിയിലേക്ക് പോയി. വാതിൽ അടച്ചിട്ടിരിക്കുകയാണ്.  

‘‘അനൂ...’’ അവർ കതകിൽ തട്ടിവിളിച്ചു. വാതിൽ തുറന്നില്ല 

‘‘അനൂ, കതക് തുറക്ക്.’’ അവർ വീണ്ടും ഉറക്കെ വിളിച്ചു. 

പിന്നെയും പിന്നെയും ആ വിളിയങ്ങനെ കേൾക്കുന്നുണ്ടായിരുന്നു.. വാകമരത്തിലെ കിളികുഞ്ഞുങ്ങൾ കൂടു വിട്ടു പറന്നു പോയിരുന്നു.

English Summary: Koodozhinja Pakshi, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com