ADVERTISEMENT

പാപത്തുലാസ്സിലെ നേർമുഖങ്ങൾ (കഥ)

പ്രധാനപാത രണ്ടായി പിരിയുന്നിടത്ത് ആൽഫി തന്റെ കാർ ഒതുക്കി നിർത്തി. ഫോണിലെ മെസ്സേജിലേക്ക് നോക്കി വഴി അത് തന്നെയാണെന്ന് തിട്ടപ്പെടുത്തി അയാൾ പുറത്തേക്കിറങ്ങി. ഇടതുവശത്ത് കണ്ട മൺപാതയിലൂടെ അഞ്ച് കിലോമീറ്റർ ദൂരം അയാൾ നടന്നു. മൺപാതയുടെ ഇരുവശങ്ങളും കാടുപിടിച്ച് കിടക്കുകയാണ്. മൺപാത അവസാനിക്കുന്നിടത്ത് കണ്ട വിണ്ടുകീറിയ തരിശുനിലത്തിന്റെ വരമ്പിലൂടെ അയാൾ യാത്ര തുടർന്നു. വരമ്പ് ചെന്നിറങ്ങുന്നത് താഴ്ചയേറിയ ഒരു ഊട് വഴിയിലേക്കാണ്. വഴിയുടെ അറ്റത്ത് നിറം മങ്ങിയ ഒരു ഒറ്റവീട്. ആ വീടിനെ ലക്ഷ്യമാക്കി ചുവട് വയ്ക്കുമ്പോൾ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു സ്ഥലത്തെത്തിച്ചേർന്ന പോലെ അയാൾക്ക് തോന്നി. തീർത്തും വിജനമായൊരന്തരീക്ഷം!

 

ആ വീടിന്റെ കതകിൽ മുട്ടുമ്പോൾ ആൽഫിയുടെ കൈ വിറച്ചിരുന്നു. ഈ സന്ദർഭം കഴിഞ്ഞ രണ്ടു വർഷങ്ങൾക്കിടയിൽ പല ആവർത്തി മനസ്സിനെ പരിശീലിപ്പിച്ചതാണ്. കാര്യമുണ്ടായില്ല. 

വിളറി വെളുത്തൊരാൺരൂപം കതക് തുറന്ന് പുറത്തേക്ക് വന്നു. അത് ജോർജ്ജി തന്നെയാണോയെന്ന് ഒരുമാത്ര ആൽഫി സംശയിച്ചു. തന്റെ കൈയിലുണ്ടായിരുന്ന കടലാസ്സുചുരുൾ നെഞ്ചോട് ചേർത്തു കൊണ്ടയാൾ ജോർജ്ജിയെ നോക്കിനിന്നു.

 

ആ ചെറുപ്പക്കാരൻ ഒരുപാട് മാറിയിരിക്കുന്നു. ചെറുപ്രായത്തിൽ തന്നെ വെള്ള വീണ മുടിയിഴകൾ, കുഴിഞ്ഞ് തിളക്കം നഷ്ടപ്പെട്ട കണ്ണുകൾ, പിന്നെ ജീർണ്ണിച്ച ശരീരവും. ദുരിതങ്ങളുടെ ഇരുമ്പഴിയ്ക്കുള്ളിൽ അയാൾ ഉരുകിത്തീർത്ത ഖിന്നതയുടെ വർഷങ്ങൾ സമ്മാനിച്ചതാണീ മാറ്റം.

 

‘യുവ അധ്യാപകൻ പീഢന കേസിൽ അറസ്റ്റിലായി. ചിത്രകലാധ്യാപകനായ ഇയാൾ  ആർട്ട്ലാബിലേക്ക് പെൺകുട്ടിയെ ഒറ്റയ്ക്ക് ക്ഷണിച്ചു വരുത്തി അശ്ലീല ചുവയോടെ പെരുമാറുകയായിരുന്നു. പെൺകുട്ടിയുടെ കഴുത്തിന് താഴെ ഇയാളുടെ നഖം കൊണ്ട് മുറിഞ്ഞിട്ടുമുണ്ട്. പീഢനത്തിനിരയായ കുട്ടിയുടെ പ്രായം കണക്കിലെടുത്ത് പോക്സോ കുറ്റവും ചുമത്തപ്പെട്ടു.’ ഇന്നലെ എന്ന പോലെ ആൽഫി ആ വാർത്തയോർത്തു. വിദ്യാർത്ഥികളിലും, അധ്യാപകരിലും, രക്ഷാകർത്താക്കളിലും ഒരുപോലെ ഞെട്ടലുളവാക്കിയ സന്ദർഭമായിരുന്നു അത്. ഏവർക്കും പ്രിയങ്കരനായ, സ്നേഹനിധിയായ ജോർജ്ജി മാഷിന്റെ മുഖംമൂടി അന്ന് ഊർന്നു വീണു.

 

ജോർജ്ജി സാറിനെ നാട്ടുകാർ തല്ലുന്നതും, പിന്നീട് പൊലീസുകാർ കൈ വിലങ്ങണിയിച്ചു കൊണ്ടു പോകുന്നതും കണ്ട് വാവിട്ടു കരയുന്ന തന്റെ ഹന്നയുടെ മുഖം അയാളുടെ മനസ്സിൽ തെളിഞ്ഞു. 

‘‘കയറിയിരിക്കാം.’’ പതിഞ്ഞ സ്വരത്തിലെ ജോർജ്ജിയുടെ വാക്കുകൾ ആൽഫിയെ വർത്തമാനകാലത്തിലെത്തിച്ചു.

 

ആൽഫി സ്വീകരണ മുറിയിലൂടെ കണ്ണോടിച്ചു. കറുത്തമഷി കൊണ്ടു കോറിയിട്ട പലവിധ മുഖഭാവങ്ങളുള്ള ചുമർച്ചിത്രങ്ങൾ അയാളുടെ ശ്രദ്ധയിൽപ്പെട്ടു. ഒറ്റപ്പെടലിന്റെ, ഭയത്തിന്റെ, വിഷാദത്തിന്റെ, ക്രോധത്തിന്റെ, നിസ്സഹായതയുടെ മുഖഭാവങ്ങൾ!

‘ഹൈലി ഡിസ്ലെക്സിക്’ എന്ന് മുദ്രകുത്തപ്പെട്ടതിനാൽ വിരക്തതയുടെ ആവരണത്തിനുള്ളിൽ ജീവിക്കാൻ വിധിക്കപ്പെട്ട തന്റെ മകൾ ഹന്ന. പന്ത്രണ്ടു വയസ്സിന് വേണ്ടുന്ന ബുദ്ധിയും, പക്വതയും അവൾക്കുണ്ടായിരുന്നു. എന്നിട്ടും ആളുകൾ അവൾക്ക് ‘ഊമ’യെന്നും, ‘മന്ദബുദ്ധി’യെന്നും പേരുകുത്തി. ലോകരുടെ കുത്തുവാക്ക് കേട്ട് നിശബ്ദമായി തേങ്ങിയിട്ടുണ്ട് താനും ഭാര്യയും. അവ്യക്തമായ സംസാരം, എഴുത്തിനോടുള്ള അവഗണന, ചലനശേഷിയിലെ വ്യത്യാസം. ഹന്നയിലെ പോരായ്മകളെ നേരെയാക്കാൻ പല ഉപായങ്ങളും പരീക്ഷിച്ചതാണ്. ഒന്നും വിജയിച്ചില്ല. 

 

തെളിമയറ്റ അവളുടെ ലോകത്ത് വർണ്ണങ്ങൾ വിടർന്നു തുടങ്ങിയത് ജോർജ്ജി മാഷിന്റെ വരവോട് കൂടിയാണ്. ഹന്നയുടെ കൈകളിൽ നിറംമുക്കി പുസ്തകത്തിൽ ചിത്രശലഭം വരയ്ക്കാൻ പഠിപ്പിച്ചു ജോ സാർ. അതായിരുന്നു ആദ്യപാഠം. പിന്നീട്  ആവേശത്തോടെ  കൈകളിൽ ചായം മുക്കി വീട്ടിലെ ചുമരിൽ അവൾ പല രൂപങ്ങളുണ്ടാക്കി. കാപ്പിക്കോപ്പ പിടിക്കുമ്പോൾ പോലും വിറച്ചിരുന്ന അവളുടെ കൈകൾ തന്മയത്ത്വത്തോടെ ചിത്രങ്ങൾ വരച്ചു തുടങ്ങി. ജോർജ്ജിയും ഹന്നയും ചിത്രങ്ങളിലൂടെ സംസാരിച്ചു. അപ്പനെന്നും അമ്മയെന്നും വിളിക്കാൻ പ്രയാസപ്പെട്ടിരുന്ന അവൾ ‘ജോസാറെ’ന്ന് അനായാസം വിളിച്ചു. സ്കൂളിൽ മറ്റുകുട്ടികളോടും അധ്യാപകരോടും സംസാരിക്കാൻ മടിച്ചിരുന്ന അവൾ, ജോർജ്ജിയുടെ ക്ലാസ്സിൽ യാതൊരു അപകർഷതയുമില്ലാതെ സംസാരിച്ചു തുടങ്ങി. അവളുടെ അവ്യക്തമായ സംസാരം മറ്റാരേക്കോളും നന്നായി അയാളും മനസ്സിലാക്കി. അയാൾ അവളിൽ  ആത്മവിശ്വാസത്തിന്റെ കരുത്തു നിറച്ചു.  

 

ആ കാലം അസ്തമിച്ചിരിക്കുന്നു. നിറങ്ങളുടെ ലോകത്തേക്ക് ഹന്നയെ കൈപ്പിടിച്ചുയർത്തിയ ജോർജ്ജിയുടെ ജീവിതത്തിൽ ഇപ്പോഴവ അന്യപ്പെട്ടിരിക്കുന്നു, കറുപ്പൊഴികെ! ആൽഫിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. നോവോർമ്മകൾക്ക് താത്ക്കാലിക വിരാമമിട്ടുകൊണ്ട് ആൽഫി, ജോർജ്ജിയുമായുള്ള സംഭാഷണമാരംഭിച്ചു.

 

‘‘കഴിഞ്ഞ രണ്ട് വർഷമായി ഞാൻ ജോർജ്ജിയെ തിരയുകയായിരുന്നു. താൻ..’’ അയാൾ അൽപമൊന്നു നിർത്തിയിട്ട് തുടർന്നു. ‘‘താൻ വിമോചിതനായ ശേഷം എങ്ങോട്ടാണ് പോയതെന്ന് ആർക്കുമറിയില്ലായിരുന്നു.’’

ഉള്ളിലെ സങ്കടക്കടൽ ജോർജ്ജി പോലുമറിയാതെ തിരയിളക്കി. അഹം ഒരു ശ്രോതാവിനെ കൊതിച്ചിട്ടുണ്ടാവാം.

 

‘‘മരവിപ്പിന്റെ ഏഴ് കാരാഗ്രഹ വർഷങ്ങൾ ജീവിച്ചുതീർത്ത് പുറത്തിറങ്ങിയ ദിവസം. അന്നുതന്നെ സദാചാരക്കാർ ഉപദ്രവിച്ചു തുടങ്ങി. വീട്ടുകാർക്കും എന്നെ വേണ്ടായിരുന്നു. ഞാൻ ജയിലിലേക്ക് പോകുന്നതുവരെ എന്റെ മാറത്ത് കിടന്നുറങ്ങിയിരുന്ന ചേച്ചീടെ മകൾ എന്നെക്കണ്ടതും പേടിച്ച് വീട്ടിനകത്തേക്ക് ഓടിക്കയറി. വർഷം ഏഴു കഴിഞ്ഞിരുന്നല്ലോ. അമ്മാവൻ, വിദ്യാർത്ഥിനിയുടെ നെഞ്ചത്ത് കൈവച്ചപോലെ അവളെയും എന്തെങ്കിലും ചെയ്താലോ എന്ന് ..’’ ജോർജ്ജിയുടെ വാക്കുകൾ മുറിഞ്ഞ് പോയി. വികാരങ്ങളെ വീണ്ടും തടവിലാക്കി അയാൾ തുടർന്നു. ‘‘പെണ്ണിനെ, അതും പെൺകുട്ടിയെ പീഡിപ്പിച്ചവൻ കൊലപാതകിയേക്കാൾ നീചനല്ലേ? അപ്പോൾ പിന്നെ ഈ പ്രതികരണം സ്വഭാവികം.’’

സ്മൃതിപഥത്തിലെ മുറിപ്പാടുകളെ മന:പൂർവ്വം മാറ്റിനിർത്തി, ജോർജ്ജി ഹന്നയെക്കുറിച്ചന്വേഷിച്ചു.

 

‘‘ഹന്നമോൾക്ക് സുഖമാണോ സാറേ? എന്നെ അന്വേഷിക്കാറുണ്ടോ? എന്റെ അധ്യാപക ജീവതത്തെ അർത്ഥവത്താക്കിയത് അവളാണ്. വിരലുകൾക്ക് വരയ്ക്കാനാവാത്ത ചിത്രങ്ങൾ, കണ്ണുകൾകൊണ്ടാദ്യം വരയ്ക്കണം എന്നെന്റെ അധ്യാപകർ പറയുമായിരുന്നു. ബോർഡിൽ ഞാൻ വരച്ചിടുന്ന ചിത്രങ്ങൾ അതേപടി പകർത്തുന്ന കുട്ടികൾക്ക് നടുവിൽ വിറയാർന്ന വിരലുകളെ തോൽപ്പിച്ചു കൊണ്ട്, അവളുടെ കണ്ണുകൾ വരയ്ക്കുന്ന ചിത്രങ്ങൾ എന്നെ അമ്പരപ്പെടുത്തിയിട്ടുണ്ട്. അവളുടെ കഴിവിനെ എനിക്കു തിരിച്ചറിയാനാവുന്നുണ്ടെന്നത് അവളിൽ ഊർജ്ജം നിറച്ചു. ഞങ്ങൾ ഒന്നിച്ചു പൊരുതി. കണ്ണുകൾ വരച്ചിരുന്ന ചിത്രങ്ങൾ കൈകൾ പകർത്താൻ തുടങ്ങിയപ്പോൾ അവളുടെ മുഖത്തുണ്ടായ സന്തോഷം!  മരവിച്ച ഈ പാഴ്ജീവിതം  ജീവിച്ചു തീർക്കാൻ ആ കൊച്ചുമുഹൂർത്തത്തിന്റെ  ഓർമ മാത്രം മതിയെനിക്ക്.’’

ഹന്നയെക്കുറിച്ചുള്ള സംഭാഷണം അയാളെ ഉൻമേഷചിത്തനാക്കി. അയാൾ തുടർന്നു.

 

‘‘എന്റെ  ചിത്രം വരച്ചു നൽകാമെന്നു ഹന്ന മോൾ വാക്കു തന്നിരുന്നു. സാറെന്നെ തിരഞ്ഞു വന്നതു കൊണ്ടും, സാറിന്റെ കൈയിലെ കടലാസ്സുചുരുൾ കണ്ടതു കൊണ്ടുമുണ്ടായ ആത്മവിശ്വാസത്തിൽ ചോദിച്ചോട്ടെ? അവളെന്നെ ഭയക്കുന്നില്ല അല്ലേ?’’

എല്ലാ ചോദ്യങ്ങൾക്കും മറുപടിയായി ആൽഫി അത്രയും നേരം തന്റെ നെഞ്ചോട് ചേർത്ത കടലാസ്സുചുരുൾ ജോർജ്‌ജിക്ക് നേരെ നീട്ടി.

 

ജോർജ്ജി ആവേശത്തോടെ കടലാസ്സുചുരുൾ നിവർത്തി. ആർട്ട്ലാബിൽ വച്ച്, ജോർജ്‌ജിയെ കെട്ടിപ്പിടിക്കാൻ ശ്രമിക്കുന്ന പെൺകുട്ടിയുടേയും, അവളെ ശക്തമായി അടർത്തി മാറ്റുന്ന അയാളുടേയും ചിത്രം ക്യാമറയിൽ എന്ന പോലെ ഹന്ന വരകളിലൂടെ പകർത്തിയിരിക്കുന്നു!

നടുക്കത്തോടെ നിൽക്കുന്ന ജോർജ്ജിയുടെ നേർക്ക് ഇരുകരങ്ങളും കൂപ്പി ആൽഫി നിന്നു.

‘‘അവൾ എല്ലാം കണ്ടിരുന്നു ജോർജ്ജി. താങ്കൾ നിരപരാധിയാണെന്ന് തെളിയിക്കാൻ അവളുടെ മൊഴി മതിയാവുമായിരുന്നു. പക്ഷേ ഞാൻ..’’ വാക്യം മുഴുമിക്കാൻ പ്രയാസപ്പെടുകയായിരുന്ന ആൽഫിയുടെ കരങ്ങളെ തന്റെ കരങ്ങളിലാക്കിക്കൊണ്ട് തെല്ലുപോലും പതറാത്ത ശബ്ദത്തിൽ ജോർജ്ജി സംസാരിച്ചു.

 

‘‘സാറിനോട് എനിക്ക് യാതൊരു   പരിഭവുമില്ല. എന്റെ പ്രശ്നത്തിലേക്ക് അവളെ വലിച്ചിഴയ്ക്കാതിരുന്നതിൽ സന്തോഷമേ ഉള്ളൂ. എന്നെ സഹായിക്കാൻ ശ്രമിച്ച് ഹന്നമോളും കൂടി വിഷമത്തിലായിരുന്നങ്കിൽ എനിക്കത് താങ്ങാനാകുമായിരുന്നില്ല.’’ ജോർജ്ജിക്ക് ഹന്നയോടുള്ള സ്നേഹത്തിന്റെ ആഴം ആൽഫി മനസ്സിലാക്കിയത് അപ്പോൾ മാത്രമാണ്.

ഹന്നയെ ഒരുവട്ടം കാണാൻ ജോർജ്ജി കൊതിച്ചു. ‘‘സാറിന് വിരോധമില്ലെങ്കിൽ ഒരു തവണ ഹന്നയേയും കൂട്ടി വരാമോ? അവളിപ്പോൾ ഒത്തിരി വളർന്നു കാണുമല്ലേ?’’ ജോർജ്ജിയുടെ കുഴിവീണ കണ്ണുകളിൽ വീണ്ടും ആ പഴയ തിളക്കം കാണാൻ സാധിച്ചു.

 

‘‘പോയി.... താൻ ജയിലിലായതിന്റെ അടുത്ത വർഷം വിഷാദം അവളെ കൊണ്ടു പോയി. തന്റെ അസാന്നിധ്യം അവളിൽ ഉണ്ടാക്കിയ ശൂന്യത തിരിച്ചറിയാൻ വൈകിപ്പോയി. അവൾ വരച്ച അവസാന ചിത്രമാടോ ഞാൻ തനിക്ക് നൽകിയത്.’’

ആൽഫി വിങ്ങുകയായിരുന്നു. കേട്ടതു ഗ്രഹിക്കാനാവാതെ ഒരൽപനേരം പ്രതിമ കണക്കേ ജോർജ്ജി നിന്നു. നെഞ്ചിലെ പിടച്ചിൽ പിന്നീട് രോഷമായി മാറി.

 

‘‘പറയേണ്ടായിരുന്നു സാറേ.. ഒന്നും. ആ ഒരു  ദയവെങ്കിലും എന്നോട് കാട്ടാമായിരുന്നില്ലേ? വിധി സമ്മാനിച്ച ഈ ഏകാന്തതയിലും കുറ്റമറ്റവനെന്ന സ്വബോധമുണ്ടായിരുന്നു. ഇന്നിപ്പോൾ താങ്കളുടെ ഏറ്റു പറച്ചിലിലൂടെ എന്നെ കർമ്മഫലം കൊണ്ട് പാപിയും ആക്കിയില്ലേ?’’ അലറലിൽ തുടങ്ങിയ ആ ശബ്ദം ദുർബലമായ തേങ്ങലായ് മാറി.

പാപഭാരമിറക്കി വച്ച്, ശൂന്യതയിലേക്ക് ജോർജ്ജിയെ തള്ളിവിട്ട് ഒറ്റയ്ക്ക് തിരിച്ചു പോകാൻ ആൽഫിക്കായില്ല.

‘‘സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴി നടത്തും’’ - യോഹന്നാൻ എഴുതിയ സുവിശേഷം പതിനാറാം അധ്യായം, പതിമൂന്നാം വാക്യം.

 

English Summary: Papathulassile nermughangal, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com